മഴമുകിൽ: ഭാഗം 17

മഴമുകിൽ: ഭാഗം 17

എഴുത്തുകാരി: അമ്മു അമ്മൂസ്

ഉറങ്ങി കിടക്കുന്ന അല്ലു മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ദേവ…. എടുക്കുന്ന തീരുമാനത്തിലെ ശെരിയും തെറ്റും ഇപ്പോഴും അറിയില്ല… കൈകൾ പതിയെ നെഞ്ചിന്റെ മുകളിലായുള്ള ആ മുറിപ്പാടിലേക്ക് ചെന്നു…. ഇപ്പോഴും അതിൽ നിന്ന് രക്തം കിനിയുന്നുണ്ട് എന്ന് തോന്നി…. ആ വേദന ശരീരമാകെ വ്യാപിക്കും പോലെ… മെല്ലെ ആ മുറിപ്പാടിൽ ഒന്ന് തൊട്ടു… ഒരു തലയണ എടുത്ത് മോളുടെ അടുക്കലേക്ക് വച്ചിട്ട് പതിയെ എഴുന്നേറ്റു… ലൈറ്റ് ഓൺ ആക്കി കണ്ണാടിയുടെ മുൻപിലേക്ക് ചെന്നു നിന്നു. സ്വന്തം രൂപം കണ്ടിട്ട് അവൾക്ക് തന്നെ വല്ലാത്ത അതിശയം തോന്നി… കണ്ണുകൾ രണ്ടും ചുവന്നു കലങ്ങിയിരുന്നു.. ആ ചുവപ്പ് മുഖമാകെ വ്യാപിച്ചു എന്ന് തോന്നി.. സാരിത്തലപ്പ് തോളിൽ നിന്ന് എടുത്തു മാറ്റി…

ഇന്നൊരു പാട് മാത്രമായി അവശേഷിക്കുന്ന ആ മുറിപ്പാടിലേക്ക് മെല്ലെ തൊട്ടു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു… അന്നത്തെ ദിവസം വീണ്ടും മനസ്സിലേക്ക് ഇരച്ചെത്തും പോലെ…. കാൽമുട്ടിലേക്ക് മുഖമമർത്തി നിലത്തേക്ക് തളർന്നിരിക്കുമ്പോൾ ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിനെ വെണ്ണീറാക്കാനുള്ള ശക്തി സംഭരിക്കുകയായിരുന്നു.. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ കുളിച്ചിട്ട് തല തോർത്തി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കട്ടിലിൽ ദീപുവേട്ടൻ ഇരിക്കുന്നത് കണ്ടത്… രണ്ടു കൈകളും തലയിൽ ഊന്നി കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു… സന്ധ്യ ആയപ്പോഴായിരുന്നു ഏട്ടത്തിയുടെ അനിയന്റെ കല്യാണ നിശ്ചയം കഴിഞ്ഞു എത്തിയത്… കുറേ നാളുകൾ കൂടി ബന്ധുക്കളെ എല്ലാവരെയും കണ്ടതിനാൽ കുറച്ചു കൂടുതൽ സംസാരിച്ചു നിൽക്കുകയും ചെയ്തു…

സമയം വൈകുന്തോറും ദീപുവേട്ടന്റെ മുഖത്ത് ദേഷ്യം നിറയുന്നത് കണ്ടിട്ടാണ് വേഗം ഇറങ്ങിയത്…. തന്നെയും മോളെയും മുറ്റത്തേക്ക് ഇറക്കിയിട്ട് വണ്ടിയും എടുത്ത് ഒരു പോക്കായിരുന്നു… എപ്പോഴാണോ ആവോ വന്നത്… അവൾക്കവനെ വിളിക്കാൻ വല്ലാത്ത പേടി തോന്നി… പക്ഷേ വിളിക്കാതെ ഇരുന്നാൽ പിന്നെ അതിനാകുമോ ഇന്നത്തെ വഴക്ക് എന്ന പേടിയിൽ വിളിക്കാതിരിക്കാനും കഴിയുമായിരുന്നില്ല.. “”ദീ…… ദീപുവേട്ട….””. പേടിച്ചു പേടിച്ചു പതുക്കെ വിളിച്ചു.. കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് കൈകൾ തട്ടി എറിഞ്ഞു ദേഷ്യത്തോടെ എന്തോ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോകുന്നത് കണ്ടു… മൂക്കിലേക്ക് അടിച്ചു കയറിയ മദ്യത്തിന്റെ ഗന്ധത്തിൽ നിന്നും ഇന്ന് രാത്രിയും എന്താണ് ഉണ്ടാകുക എന്ന് മനസ്സിലായിരുന്നു… അവൾക്ക് വല്ലാത്ത പേടി തോന്നി….

അല്ലുമോള് നല്ല മയക്കത്തിലായിരുന്നു… വെറുതേ കുഞ്ഞിന്റെ അടുത്തേക്ക് കിടന്നു… ഇടക്കിടക്ക് കണ്ണുകൾ ഭയത്തോടെ വാതിലിന് നേരെ ചെന്നുകൊണ്ടിരുന്നു… അറിയാതെ എപ്പോഴോ മയക്കം തഴുകി…. ശരീരത്തിൽ എന്തോ ഭാരം അമരും പോലെ തോന്നിയപ്പോഴാണ് ഞെട്ടലോടെ കണ്ണ് തുറക്കുന്നത്… ശരീരത്തിലേക്ക് ചാഞ്ഞു അരികിൽ കിടക്കുകയായിരുന്നു ദീപുവേട്ടൻ…. “”നീ എന്റെയാ…. എന്റെ മാത്രം… “”ഒരു മന്ത്രം പോലെ അവൻ പറയുന്നുണ്ടായിരുന്നു… അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഭയം തോന്നി… അവന്റെ കൈയിൽ ഇരിക്കുന്ന കത്തി കണ്ടപ്പോൾ ഉള്ളിൽ ഭയം വരിഞ്ഞു മുറുക്കി… പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്ക് രണ്ടു കൈയിലും പിടിച്ചു വരിഞ്ഞു മുറുക്കി അവൻ തടഞ്ഞു വച്ചിരുന്നു…. “”നിന്നോട് പറഞ്ഞതല്ലേ ഞാൻ…..

നീന്നെ മറ്റാരും നോക്കുന്നത് എനിക്കിഷ്ടമല്ലെന്ന്… നിനക്കെന്താ ദേവ എന്നേ അനുസരിച്ചാൽ… നിനക്ക് ഞാൻ മാത്രം മതി..””. ഭ്രാന്തമായ ഒരാവേശമായിരുന്നു അവനിലപ്പോൾ… “”പക്ഷേ… പക്ഷേ നീ അത് തെറ്റിച്ചു… അതിനുള്ള ശിക്ഷ നിനക്ക് വേണ്ടേ… “” ബലം പ്രയോഗിച്ചു തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും മോളുടെ കാലിൽ പിടിച്ചു പൊക്കി എടുത്തപ്പോൾ പേടിയോടെ സമ്മതിച്ചിരുന്നു.. പിടിച്ചതിന്റെ വേദനയിൽ മോള് അലറി അലറി കരയുന്നുണ്ടായിരുന്നു….. കത്തി അടുത്തേക്ക് വരുന്നത് കണ്ടു ഉമിനീര് പോലും ഇറക്കാൻ കഴിയാതെ പേടിയോടെ വിറച്ചുകൊണ്ട് അവൾ കിടന്നു.. ഒറ്റ നിമിഷം കൊണ്ട് സാരിത്തലപ്പ് പിടിച്ചു മാറ്റി കഴുത്തിനും മാറിനും ഇടയിലായി അവൻ കത്തികൊണ്ട് മുറിവേൽപ്പിച്ചിരുന്നു… അലറി വിളിച്ചു കരയുന്നത് കേട്ടപ്പോൾ വീണ്ടും അതേ ലഹരിയോടെ കത്തിയുമായി കഴുത്തിനു നേരെ വരുന്ന അവനെ പ്രാണഭയത്താൽ സർവ്വ ശക്തിയും ഉപയോഗിച്ച് തള്ളി മാറ്റിയിരുന്നു..

മദ്യലഹരിയിൽ ആയതിനാൽ കുഴഞ്ഞു നിലത്തേക്ക് വീണു എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന അവനെ ഒന്ന് നോക്കി മോളെ വാരി എടുത്തു പുറത്തേക്ക് ഓടി… ഹാളിൽ ആരും ഉണ്ടായിരുന്നില്ല… ജീവൻ പോകുന്ന വേദന തോന്നിയെങ്കിലും അതും സഹിച്ചു അമ്മയുടെ മുറിയുടെ വാതിലിൽ പോയി ആഞ്ഞടിച്ചു വിളിച്ചുകൊണ്ടിരുന്നു.. കുറച്ചു നേരമായിട്ടും വാതിൽ തുറക്കാതെ അയാളുടെ ചുവടുകൾ അടുത്ത് വരും പോലെ തോന്നിയപ്പോളാണ് മോളെയും കൊണ്ട് മഴയത്തേക്ക് ഓടി ഇറങ്ങുന്നത്… ഉടുത്തിരുന്ന സാരി രക്തത്തിൽ കുതിർന്നു തുടങ്ങിയിരുന്നു… ഗേറ്റ് കടന്നപ്പോഴേക്കും വേദന കൊണ്ട് ബോധം മറയാൻ തുടങ്ങിയിരുന്നു.

ഒടുവിൽ കണ്ണുകൾ അടഞ്ഞു താഴേക്ക് വീഴുമ്പോൾ ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു അരികിലേക്ക്.. “”മ്മാ….. മ്മാ…””. അല്ലു മോള്‌ ഉറക്കത്തിൽ ചിണുങ്ങി കരയുന്നത് കേട്ടപ്പോൾ നിലത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റ് മോളുടെ അടുത്തേക്ക് ചെന്നു.. അടുത്ത് കിടക്കാഞ്ഞിട്ടാകും വാശിയോട് തല വെട്ടിച്ചു കരയുന്നുണ്ട്.. “”അമ്മ ഇവിടുണ്ടെടാ…. “”പയ്യെ എടുത്ത് ദേഹത്തേക്ക് എടുത്തു കിടത്തി…. അപ്പോഴേക്കും കരച്ചിൽ നിർത്തി കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ എഴുന്നേറ്റപ്പോൾ അല്ലു മോള്‌ അടുത്തില്ലായിരുന്നു. സൈക്കിളിന്റെ അടുത്താകും എന്ന് ഉറപ്പായിരുന്നു. ഇന്നലേ രാത്രി കുറേ കഷ്ടപ്പെട്ടിട്ടാണ് അതിന്റെ അടുത്ത് നിന്നും പിടിച്ചോണ്ട് വന്നു ഉറക്കിയത്.. പാലിൽ ബൂസ്റ്റ്‌ കലക്കി പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ആള് സൈക്കിളിന്റെ മോളിൽ ഇരിപ്പുണ്ട്… ഇന്ന് അച്ഛനുമായിട്ടാണ് യുദ്ധം…

അച്ഛനെ കൊണ്ട് സൈക്കിൾ ഉരുട്ടിച്ചു നടക്കുന്നുണ്ട് മുറ്റം മുഴുവൻ… ചവിട്ടാൻ ഉള്ള പെടലിൽ ഒരു കാല് പോലും വച്ചിട്ടില്ല… രണ്ടു കാലും പൊക്കി മുന്നിലേക്ക് നീട്ടി വായുവിൽ വച്ചിട്ടുണ്ട്… സ്പീഡ് ഒന്ന് കുറയുമ്പോൾ പിന്നിലേക്ക്‌ നോക്കി പേടിപ്പിക്കുന്നുണ്ട്.. “”ബേം പോ അപ്പൂപ്പ…. പോലീഷ് ബേം പോവല്ലോ… “”ചുണ്ട് പിളർത്തി പരിഭവം പറയുന്നുണ്ട്… “”പാല് കുടിക്ക് മോളെ…. “”അടുത്തോട്ടു വിളിച്ചിട്ടും അനങ്ങിയില്ല.. ഒടുവിൽ വേറെ വഴി ഇല്ലാതെ സൈക്കിളിൽ വച്ചു തന്നെ കൊടുക്കേണ്ടി വന്നു.. പാല് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഋഷി വരുന്നത് കണ്ടത്. അവനെ കണ്ട ഉടനേ പകുതി കുടിച്ച പാൽ ഗ്ലാസ്‌ ദേവക്ക്‌ നേരെ നീട്ടി.. “”ടാറ്റാ പോവാം പോലീഷേ… “”കൈയാട്ടി സന്തോഷത്തോടെ അവനെ വിളിക്കുന്നത് കേട്ടു… “”പോലീഷ് ജോലിക്ക് പോവാടാ കണ്ണാ… വൈകുന്നേരം അല്ലു മോളുടെ കൂടെ കളിക്കാല്ലോ…. ഹ്മ്മ്… “”

കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞു. ആ മുഖത്ത് സങ്കടം വന്നു നിറയുന്നത് കണ്ടു.. തല കുനിച്ചു ഇരിക്കുന്ന മോളെ കെട്ടിപ്പിടിച്ചു കവിളിലേക്ക് ഉമ്മവച്ചു… “”ഇപ്പൊ അല്ലൂന്റെ ശങ്കടം മാറിയെ….”” മൂക്കിന്റെ തുമ്പിൽ ഒന്ന് തട്ടി കളിയായി പറഞ്ഞു.. “”ഉമ്മ വച്ചാൽ ശങ്കടം പോവോ… “”നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ തലയാട്ടി ഒരുമ്മ കൂടി കൊടുത്തു.. “”പോവൂല്ലോ… “” “”അമ്മയ്ക്കും ഉമ്മ കൊടുക്കോ പോലീഷേ… അമ്മയ്ക്കും ശങ്കടമാണല്ലോ…”” ചുണ്ട് പിളർത്തി പറയുന്ന അല്ലു മോളെ കണ്ടപ്പോൾ ഋഷി പൊട്ടിച്ചിരിച്ചു പോയി… ദേവയെ നോക്കിയപ്പോൾ മുഖം തരാതെ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടു.. “”അമ്മക്കെ പോലീഷ് പിന്നെ ഉമ്മ കൊടുക്കാം.. ഇപ്പൊ എന്റെ അല്ലൂസിന് മാത്രം….”” അവൻ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു…

മുറിയിൽ ചെന്ന് തളർച്ചയോടെ ഇരുന്നു. അപ്പോഴേക്കും ഏട്ടത്തി റൂമിലേക്ക് വന്നിരുന്നു.. “”ദേവ… മോളെ ഏട്ടത്തി പറയുന്നത് മോള് കേൾക്കണം…. നീ ഈ വിവാഹത്തിന് സമ്മതിക്കണം… ‘”” തല കുനിച്ചു ഇരുന്നതേയുള്ളു ദേവ… “”ദാ നോക്ക്… അല്ലു മോൾക്ക് വേണ്ടിയാ ഏട്ടത്തി ഈ പറയുന്നേ… നീ ആ കുഞ്ഞിനെ നോക്ക്…. ഋഷി വന്നതിന് ശേഷമാണ് മോൾക്ക് ഇത്രയും മാറ്റം… എത്രയൊക്കെ നീ നിക്ഷേധിക്കാൻ നീ ശ്രമിച്ചാലും ഋഷിയിൽ എപ്പോഴൊക്കെയോ ഒരച്ഛന്റെ സാമീപ്യം മോൾക്ക് തോന്നുന്നുണ്ട്… അല്ലു മോൾക്ക് വേണ്ടി നീ ഈ കല്യാണത്തിന് സമ്മതിക്കണം മോളെ…. “” ലച്ചു പറഞ്ഞവസാനിപ്പിച്ചു പുറത്തേക്ക് പോകുമ്പോൾ ദേവയുടെ മനസ്സിൽ തെളിഞ്ഞു നിന്നത് അല്ലു മോളും ഋഷിയും കൂടെയുള്ള കളിചിരികൾ മാത്രമായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ശ്രീ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് അഭിയും വേറെ ഒരു ചെക്കനും കൂടി സംസാരിച്ചു നിൽക്കുന്നത് കണ്ടത്… അഭിയെ ബൈക്കിൽ കേറാൻ അവൻ നിർബന്ധിക്കുന്നതും അവൾ ചിരിച്ചോണ്ട് വേണ്ടെന്ന് പറയുന്നതും കണ്ടു . നേരെ മുന്നിൽ കൊണ്ട് നിർത്തി. പെട്ടെന്ന് ശ്രീയെ അവിടെ കണ്ടപ്പോൾ അഭി ഒന്ന് ഞെട്ടി… അവളുടേ മുഖത്തുള്ള പേടി കണ്ടില്ല എന്ന് നടിച്ചു ശ്രീ ബൈക്കിൽ നിന്നിറങ്ങി… അവന്റ യൂണിഫോം കണ്ടപ്പോൾ ആ ചെക്കനും ഒന്ന് വിരണ്ടു എന്ന് തോന്നി… “”എന്താടാ നിന്റെ പേര്… “”മുഖത്ത് നിന്ന് കണ്ണാടി ഊരിക്കൊണ്ട് ശ്രീ ചോദിച്ചു. “”വി… വിനു.. “” അവൻ പറയുന്നത് കേട്ടപ്പോൾ ഇന്നലേ അവൾ പറഞ്ഞതാണ് ഓർമ്മ വന്നത്.. “”വിനുവേട്ടൻ വാങ്ങി തന്ന ചോക്ലേറ്റ് ആ അമ്മേ…. “‘ ശ്രീ പല്ലും കടിച്ചു വിനുവിനെ നോക്കി..

“”നിന്റെ ലൈസൻസ് എവിടെടാ…. “” അവൻ പെട്ടെന്ന് തന്നെ ലൈസൻസ് എടുത്തു കൊടുത്തു. “”ബുക്കും പേപ്പറും… “” ലൈസൻസ് ഇൽ ഒന്ന് നോക്കി ശ്രീ വീണ്ടും ചോദിച്ചു… “”അത്…. സർ വീട്ടിലാണ്…. ഇന്നലേ വണ്ടി കഴുകുമ്പോൾ എടുത്ത് വച്ചതാ….”” വിനു പേടിയോടെ പറഞ്ഞു.. “”അത് കൊണ്ട് വന്നിട്ട് നീ ഇനി ഇവിടുന്ന് ബൈക്ക് എടുത്താൽ മതി. “”താക്കോൽ ഊരി എടുക്കുമ്പോൾ ശ്രീയുടെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു… അഭിയെ നോക്കിയപ്പോൾ കണ്ണും തള്ളി നിൽപ്പുണ്ട്… “”ബസ് വരുന്നത് കണ്ടില്ലേ…. മര്യാദക്ക് കോളേജിൽ പോടീ…. “”അവളെ നോക്കി മീശ നന്നായി ഒന്ന് പിരിച്ചു വച്ചുകൊണ്ട് ശ്രീ പറഞ്ഞു..

തുടരും ഈ കഥയിലെ ദേവയുടെ past ആയി പറഞ്ഞത് ശെരിക്കും നടന്നതാണ്….. എനിക്ക് നേരിട്ടറിയാവുന്ന ഒരു ചേച്ചിയുടെ ജീവിതത്തിൽ 💔💔 അപ്പൊ എല്ലാരും വായിച്ചിട്ട് അഭിപ്രായങ്ങൾ പറഞ്ഞോളൂ ഞാനിവിടെ കാത്തിരിക്കുന്നു… ഇന്നലെ എല്ലാർക്കും റിപ്ലൈ തരാൻ പറ്റിയില്ല… കമന്റ്‌ ബ്ലോക്ക്‌ ആകുന്നതിന്റെ ഭീഷണിയിൽ ആയിരുന്നു… ഇനി തരാമെ ❤❤

മഴമുകിൽ: ഭാഗം 16

Share this story