മഴയേ : ഭാഗം 20

മഴയേ : ഭാഗം 20

എഴുത്തുകാരി: ശക്തി കല ജി

ശിക്ഷിച്ച ദിവസം അവൻ്റെ അമ്മയേയും കൂട്ടി ഈ തറവാട്ടിൽ നിന്ന് ഇറങ്ങി പോയതാണ്….” ” രുദ്രൻ അവൻ മന്ത്രതന്ത്രങ്ങൾ പഠിച്ചവനാണ്… അത് കൊണ്ട് നമ്മൾ കരുതിയിരിക്കണം…” എന്ന് മുത്തശ്ശൻ പറഞ്ഞു…. ഗൗതമിൻ്റെ മിഴികൾ ഉത്തരയിൽ മാത്രം തങ്ങി നിന്നു………. അവളുടെ മിഴികൾ തൻ്റെ മുന്നിൽ ഹോമകുണ്ഡത്തിലെ ആളികത്തുന്ന അഗ്നിയിലായിരുന്നു….. പ്രതികാരത്തിൻ്റെ അഗ്നി അവളുടെ മിഴികളിൽ തെളിഞ്ഞു… ” ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം…

ബാക്കി സമയങ്ങളിൽ ഫലങ്ങൾ ഭക്ഷിക്കാം… ” ഇന്ന് വ്രതം തുടങ്ങിയ ദിവസം തന്നെ കുടുംബതറവാട്ടിലും പോയി തൊഴുത് വരണം… ‘ഇപ്പോൾ രാവിലെ തന്നെ പുറപ്പെട്ടോളു.. ” എന്ന് മുത്തശ്ശൻ പറഞ്ഞു… അവർ മൂന്നു പേരും മുത്തശ്ശനെ തൊഴുതു കൊണ്ട് നിലവറയിൽ നിന്ന് പുറത്തേക്കിറങ്ങി… മുറ്റത്തെത്തിയതും ഗൗതം ഒന്ന് നിന്നു തിരിഞ്ഞ് നോക്കി… രാഗിണിയമ്മ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. “അമ്മേ ഞങ്ങൾ വരും വരെ നിവേദയെ ശ്രദ്ധിച്ചോണം…. വൈകിട്ട് ആഹാരം കഴിച്ചിട്ടില്ല…

രാവിലെ എഴുന്നേറ്റോ എന്ന് നോക്കണം” എന്ന് മാത്രം പറഞ്ഞ് കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു…. ഉത്തരയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു… തന്നെ കൊല്ലാൻ നോക്കിയവളോട് ഗൗതമേട്ടന് എന്ത് സ്നേഹമാണ്….. അവൾ ഒന്നും മിണ്ടാതെ കാറിൻ്റെ പിൻസീറ്റിൽ കയറി ഇരുന്നു… ഉണ്ണി ഗൗതമിൻ്റെ കൂടെ മുൻപിൽ കയറി ഇരുന്നു… ഗൗതം വണ്ടി സ്റ്റാർട്ട് ചെയ്തു…. വണ്ടി മുൻപോട്ട് പോകുമ്പോഴും മിററിലൂടെ ആ മിഴികൾ എന്നെ തേടി വരുന്നത് ഞാൻ കണ്ടു…. എൻ്റെ ഹൃദയം അനുസരണയില്ലാതെ സ്പന്ദനം കൂടി..

പ്രണയമെന്ന വികാരം എൻ്റെ ഹൃദയത്തിൽ നിറഞ്ഞു… എൻ്റെ മുഖത്തത് പ്രകടമാകുമോ എന്ന് ഞാൻ ഭയന്നു… മിഴികളിലെ നോട്ടം മാറ്റി പുറത്തെ കാഴ്ച്ചകൾ നോക്കിയിരുന്നെങ്കിലുo മിഴികൾ എൻ്റെ നിയന്ത്രത്തിൽ നിന്നും വഴിമാറിപ്പോയിരുന്നു… ആ മിഴികളിൽ എൻ്റെ നോട്ടം കുരുങ്ങി പോയി…. പ്രതികാര അഗ്നിയിൽ എൻ്റെ പ്രണയം ഹോമിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെട്ടു തുടങ്ങിയപ്പോൾ എൻ്റെ മിഴികൾ നിറഞ്ഞു… മിഴിനീർ കണങ്ങൾ എൻ്റെ കൈകളിൽ പതിച്ചു തുടങ്ങിപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്… ഉണ്ണിയും ഗൗതമേട്ടനും എന്തോ ഗൗരവമായ ചർച്ചയിലാണ്…

അതൊന്നും എൻ്റെ കാതുകളിലും മനസ്സിലും പതിയുന്നുണ്ടായിരുന്നില്ല.. എൻ്റെ മനസ്സ് മുഴുവൻ ഗൗതമേട്ടനായിരുന്നു… നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പ്രണയിക്കാതിരിക്കാൻ മനസ്സിന് കഴിയുന്നില്ല .. അവർ കാണാതിരിക്കാൻ ചുവന്ന ദാവണി തുമ്പ് കൊണ്ട് കണ്ണു തുടച്ചു മുഖമുയർത്തി നോക്കിയപ്പോൾ മിററിലൂടെ എന്നെ നോക്കിയിരിക്കുന്ന ഗൗതമേട്ടൻ്റെ മിഴികളും നിറഞ്ഞിരിക്കുന്നത് കണ്ടു…. കുറച്ച് മുൻപ് വാക്കുകൾ കൊണ്ട് ഞാൻ വേദനിപ്പിച്ചതോർത്തപ്പോൾ കുറ്റബോധം കൊണ്ട് എൻ്റെ മുഖം കുനിഞ്ഞ് പോയി..

അങ്ങനെ പറയേണ്ടിയിരുന്നില്ല…. മുഖമുയർത്തി നോക്കാൻ ധൈര്യം കിട്ടിയില്ല.. വണ്ടി നിർത്തിയപ്പോഴാണ് മുഖമുയർത്തി നോക്കിയത്… തറവാട്ടിൻ്റെ പടിപ്പുരയിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലായി…. ഞാൻ അവരുടെ അനുവാദം കാക്കാതെ ഡോർ തുറന്നു പുറത്തിറങ്ങി…. മുൻപോട്ട് നടന്നു തുടങ്ങി… ഗൗതമേട്ടനും ഉണ്ണിയും എന്നെ പുറകിൽ നിന്നും ഉച്ചത്തിൽ വിളിക്കുന്നുണ്ടെങ്കിലും തിരിഞ്ഞ് നോക്കാൻ കഴിയുന്നില്ല….. ആരോ എന്നെ ചുറ്റിവരിഞ്ഞത് പോലെ തോന്നി … പെട്ടെന്ന് അന്തരീക്ഷം ഇരുണ്ടത് പോലെ കാണപ്പെട്ടു… ശക്തമായ കാറ്റു വീശി…..

പൊടിപടലങ്ങൾ കാറ്റിൽ ഉയർന്നുപൊങ്ങി…. കാറ്റിൽ മരത്തിൽ നിന്നും ഇലകളും പൂക്കളും ശക്തമായി ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു…. ഞാൻ ഗേറ്റ് ഒരു വിധത്തിൽ തള്ളി തുറക്കാൻ ശ്രമിച്ചതും അത് തനിയേ തുറന്നു… ഗേറ്റ് തനിയേ തുറക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.. പെട്ടെന്നാണ് ആകാശത്തു നിന്നും ഒരു മിന്നൽ പിണർ എനിക്ക് നേരെ വരുന്നത് കണ്ടത്… ഒഴിഞ്ഞ് മാറാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ശരീരം നിന്നിടത്തു നിന്നും അനക്കാൻ കഴിയുന്നുല്ല… എൻ്റെ പാദങ്ങൾ മണ്ണിൽ ഉറച്ച് പോയത് പോലെ തോന്നി… ഞാൻ ഭയം കൊണ്ട് കണ്ണടച്ചു നിന്നു…

ആരോ എൻ്റെ ദാവണിയഴിച്ച് വയറിൽ കെട്ടി ചുറ്റിപിടിക്കുന്നതും എങ്ങോ തെറിച്ച് വിഴുന്നതും ഞാനറിഞ്ഞു…. കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാൻ ഗൗതമേട്ടൻ്റെ കൈയ്യിലാണ്… ദാവണി കൊണ്ട് ഗൗതമേട്ടൻ്റെ ശരീരത്തിൽ എന്നെയും ചേർത്ത് കെട്ടിയിരിക്കുകയാണ്… ഞാൻ ദാവണിയുടെ കെട്ടഴിച്ചു… ഒറ്റ നോട്ടത്തിൽ ഇത് തറവാട്ടിലെ കാവ് ആണ് എന്ന് മനസ്സിലായി… ഞാൻ വേഗം ഞെട്ടിപിടഞ്ഞ് ഏഴുന്നേൽക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു… ഗൗതമേട്ടൻ ഒരു വിധത്തിൽ എന്നെ നേരെയിരുത്തി…

മിഴികളിലെ നോട്ടം എന്നിൽ ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു… സ്വയം മറന്ന് ആ മിഴികളിൽ നോക്കിയിരുന്നു പോയി.. ” പറയാതെയെന്തിനാ ഇറങ്ങി നടന്നത്.. അതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് “ഗൗതo ശാസനയോടെ പറഞ്ഞപ്പോഴാണ് ബോധത്തിലേക്ക് വന്നത്… അവൻ്റെ മിഴികളുടെ ചലനം തൻ്റെ മുഖത്ത് നിന്ന് മാറി കഴുത്തിലേക്ക് മാറിയതും ഞെട്ടലോടെ അവൾ ഇരു കൈകൾ കൊണ്ട് മാറുമറച്ചു തിരിഞ്ഞു നിന്നു… വിയർപ്പുകണങ്ങൾ അവളിലെ പരിഭ്രമം എടുത്തുകാട്ടി…. ” ക്ഷമിക്കണം ഞാൻ അപ്പോൾ ആ മിന്നൽ പിണർ ഉത്തരയുടെ നേരെ വന്നപ്പോൾ ഇങ്ങനെ ചെയ്യാനാ തോന്നിയത്…

ദാവണി ഇതാ” ഗൗതം കണ്ണടച്ചു ദാവണി അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു… അവൾ വെപ്രാളത്തോടെ ദാവണി വാങ്ങി ചുറ്റി… ഉണ്ണിയപ്പോഴേക്ക് ഓടി വന്നു… “ഒന്നു പറ്റിയില്ലല്ലോ ചേച്ചി… ” എന്ന് ഉണ്ണി പരിഭ്രമത്തോടെ പറഞ്ഞു… ഇനിയെന്ത് പറ്റാനാണ് എന്ന് അവൾ മനസ്സിൽ പറഞ്ഞു… അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി.. ഉണ്ണിയുടെ വലത് കൈയ്യിൽ മുറുക്കി പിടിച്ചു.. ” ഉണ്ണി വേഗം അടുത്ത ആക്രമണം ഉണ്ടാവുന്നതിന് മുന്നേ കാവിലെ വിഗ്രത്തിൽ ഉത്തരയോട് ദീപം തെളിയിക്കാൻ പറയു… അല്ലെങ്കിൽ നമ്മുക്ക് തറവാട്ടിലേക്ക് പ്രവേശിക്കാനാവില്ല ” ഗൗതം ഓർമ്മിപ്പിച്ചു.. ഉണ്ണി ഉത്തരയെ അവിടെ കിടന്ന ഒരു കല്ലിൽ ഇരുത്തി… ഗൗതം ഉത്തരയുടെ അരികിൽ വന്നു നിന്നു…

ഉത്തരയുടെ ശരീരത്തിലെ വിറയൽ കൂടിയതേയുള്ളു… ഉണ്ണി കാവിലെ നാഗത്താൻ പ്രതിഷ്ഠകൾക്കിടയിൽ നിന്നും ഒളിപ്പിച്ചു വച്ചിരുന്ന വിഗ്രഹം എടുത്തതും വീണ്ടും കാറ്റിന് ശക്തി കൂടി… കാവിനുള്ളിലെ കുറ്റൻ മരങ്ങൾ ശക്തമായ കാറ്റിൽ ഇളകിയാടി..മഴത്തുള്ളികൾ പതിക്കാൻ തുടങ്ങിയതും മിന്നൽ പിണരുകൾ അതൊടൊപ്പം ഭൂമിയിലേക്കു വന്നു… ഉത്തര ഭയന്നു എഴുന്നേറ്റു… വീഴാൻ ഭാവിച്ചതും ഗൗതം അവളെ ഇരുകരങ്ങൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഉച്ചത്തിൽ മന്ത്രം ജപിച്ചു… മന്ത്ര ജപം ഉച്ചത്തിലായതും അന്തരീക്ഷം ശാന്തമായി… അപ്പോഴേക്ക് ഉണ്ണി വിളക്ക് ഒരുക്കി വച്ചിരുന്നു.. ഗൗതം ഉത്തരയെ അവൻ്റെ കരങ്ങളിൽ നിന്നും മോചിപ്പിച്ചു….

ഉത്തരയുടെ കവിളുകളിലെ ചുവപ്പ് ഗൗതം കൗതുകത്തോടെ നോക്കി നിന്നു.. “ഉത്തരേച്ചി വാ വേഗം.., ദീപം തെളിയിക്കു.. ” ഉണ്ണി പറഞ്ഞു.. ഗൗതം അവളുടെ കൈപിടിച്ചു ഉണ്ണിയുടെ ഒരുക്കി വച്ച വിളക്കിനരുകിലെത്തിച്ചു.. അവൾ വിളക്കിന് തൊട്ടു പുറകിൽ ഇരിക്കുന്ന ദേവി വിഗ്രഹത്തിലേക്ക് ഒന്നേ നോക്കിയുള്ളു. വിഗ്രഹത്തിലെ ദേവിയുടെ രൗദ്രഭാവം അവളെ ഭയപ്പെടുത്തി.. അവൾ ഗൗതമിൻ്റെ വലത് കൈയ്യിൽ മുറുകെ പിടിച്ചു.. “പേടിക്കണ്ട.. ധൈര്യമായി വിളക്ക് തെളിയിക്കു.. ഞങ്ങളുണ്ട് കൂടെ ” ഗൗതമിൻ്റെ വാക്കുകൾ അവൾക്ക് ആശ്വാസമേകി.. ഉണ്ണി കത്തിച്ച തിരി ഉത്തരയുടെ കൈയ്യിൽ കൊടുത്തു..

അവൾ ദീപം തെളിയിച്ചു… കണ്ണടച്ച് കൈകൂപ്പി തൊഴുതു.. കുറച്ച് നിമിഷങ്ങൾക്ക് ശേഷം കണ്ണു തുറന്ന് വിഗ്രഹത്തിലേക്ക് നോക്കി…. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു…. ദേവിയുടെ വിഗ്രഹത്തിലെ രൗദ്രഭാവം മാറി പുഞ്ചിരി നിറഞ്ഞിരിക്കുന്നു… ചുറ്റും തിങ്ങി നിൽക്കുന്ന മരങ്ങളിൽ പടർന്ന് കിടക്കുന്ന മുല്ലവള്ളിയിൽ നിന്നും പൂക്കൾ അവരുടെ മേലെ വർഷിക്കുന്നുണ്ടായിരുന്നു.. അവർ മൂന്നു പേരും ഒന്നൂടി കൈകൂപ്പി തൊഴുതു.. ” കാറിൽ തന്നെ കയറിക്കോളു.. വണ്ടി തറവാട്ടുമുറ്റം വരെ ചെല്ലും ” ഗൗതം പറഞ്ഞു… അവർ മൂന്ന് പേരും കാറിൽ കയറി…

വണ്ടി ഗേറ്റും കടന്ന് മുൻപോട്ട് പോയി… അപ്പോൾ കാവിൽ വെള്ളി നിറത്തിലുള്ള നാഗം ആകാശം മുട്ടെ വളർന്നു.. അതൊടൊപ്പം കുഞ്ഞു ദേവിയും പ്രത്യക്ഷപ്പെട്ടു… അനുഗ്രഹങ്ങൾ ചൊരിഞ്ഞു.. കുറച്ച് നിമിഷങ്ങൾക്കകം രണ്ട് ദിവ്യ തേജസ്സായി മാറി.. വെള്ളി നിറത്തിലുള്ള നാഗത്തിൻ്റെ തേജസ്സ് കാവിലെ വിഗ്രഹത്തിലേക്ക് മടങ്ങി… കുഞ്ഞു ദേവി ചൈതന്യം ഉത്തരയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന ലോക്കറ്റിനുള്ളിൽ മറഞ്ഞു.. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വല്യ തറവാട്ടു മുറ്റത്താണ് ചെന്ന് നിൽക്കുന്നത്… കുറച്ച് മുൻപത്തെ സംഭവങ്ങൾ ഒന്നൂടി മനസ്സിൽ തെളിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി.

തന്നെ ഒരു പ്രതികാരത്തിന് ഇറങ്ങി പുറപ്പെടുന്നത് അപകടമാണ് എന്നവൾക്ക് തോന്നി…ഗൗതമേട്ടൻ്റെ സഹായമില്ലതെ ഒരു പ്രതികാരവും നടക്കില്ല എന്നെനിക്ക് മനസ്സിലായി… … ഉണ്ണിയും ഗൗതമും വണ്ടിയിൽ നിന്നിറങ്ങി.. എന്നിട്ടും ഉത്തരയിറങ്ങിയില്ല…. ഗൗതം പുറകിലത്തെ ഡോർ തുറന്നു… അവളുടെ ഇരിപ്പുകണ്ടപ്പോൾ ചിരി വന്നു.. പാവം പേടിച്ചിരിക്കയാണ്…. ഇന്നത്തെ സംഭവത്തോടെ പേടിച്ചെങ്കിൽ പിന്നെ പ്രതികാരം വീട്ടാൻ പോകുന്നതെങ്ങനെയാണ്… അവൻ അവളുടെ ഇടത് കൈയ്യിൽ പിടിച്ചു വണ്ടിയിൽ നിന്നിറക്കി… അവൾ ഗൗതമിൻ്റെ മുഖത്ത് നോക്കാതെ അവൻ്റെ കൈയ്യും പിടിച്ച് മുൻപോട്ട് നടന്നു.. ഉണ്ണി ഉത്തരയുടെയും ഗൗതമിൻ്റെയും പുറകിലായ് നടന്നു…. ” കയറി വരു .. ” എന്ന് പറയുന്ന ശബ്ദം കേട്ടാണ് മുഖമുയർത്തി നോക്കിയത്…

അന്ന് തറവാട്ടിൽ വന്ന മാധവേട്ടൻ … തൊട്ടു പുറകിലായി മീര…. പിന്നെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാളും സെറ്റുസാരിയുടുത്ത സ്ത്രീയും…. ഉത്തരയുടെ മിഴികൾ വിടർന്നു… “മാധവും മീരയും നിങ്ങളുടെ സഹോദരങ്ങളാണ് അതായത് അച്ഛൻ്റെ ജ്യേഷ്ഠൻ്റെ മക്കൾ… ഇനിയും ഒരാൾ കൂടിയുണ്ട് അയാളെ നേരിട്ട് കണ്ടാൽ മതി…. പിന്നെ തൊട്ടു അപ്പുറത്ത് നിൽക്കുന്നതാണ് നിങ്ങളുടെ അച്ഛൻ്റെ ജ്യേഷ്ഠനും ഭാര്യയും” ഗൗതം അവരെ പരിചയപ്പെടുത്തി… ഉത്തരയുടെ മനസ്സിൽ ആശ്വാസം നിറഞ്ഞു… ഒരിക്കൽ മാത്രം കുഞ്ഞിലെ ദൂരെ നിന്നു കണ്ടിട്ടുണ്ട്.. മാധവേട്ടൻ്റെ മുഖത്ത് വാത്സല്യം നിറഞ്ഞു… മുൻപോട്ട് വന്നു എൻ്റെ കൈ പിടിച്ചു തറവാടിനകത്തേക്ക് കൂട്ടികൊണ്ട് പോയി… “എൻ്റെ അനിയൻകുട്ടനും അനിയത്തിക്കുട്ടിക്കും ഭർത്താവിനും സ്വാഗതം ” എന്ന് പറഞ്ഞു കൊണ്ട് ഹാളിലെ സെറ്റിയിൽ ഇരുത്തി…

തൊട്ടരുകിലായി ഗൗതമേട്ടനെ പിടിച്ചിരുത്തി… ” മുത്തശ്ശൻ ഇപ്പോൾ വിളിച്ചിരുന്നു… ഇന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യമായി ഇവിടെ വന്നതല്ലേ അതുകൊണ്ട് ഉണ്ണി മാത്രം തിരിച്ച് ചെന്നാൽ മതിയെന്ന്.. . ” രാവിലെ ഭക്ഷണം കഴിച്ചിട്ട് ഉടനെ തിരിക്കണം എന്ന് പറഞ്ഞു ,” എന്ന് വല്യച്ഛൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടലോടെ ഗൗതമേട്ടനെയും ഉണ്ണിയേയും നോക്കി… അവരുടെ മുഖത്ത് യാതൊരു ഭാവഭേതവും കാണാത്തത് കണ്ടപ്പോൾ അവർ ഇത് നേരത്തെ അറിഞ്ഞതാണ് എന്ന് മനസ്സിലായി…. മനസ്സ് വല്ലാതെ പിടയ്ക്കുകയായിരുന്നു.. കൈ വെള്ള വിയർത്തു നനവ് പടർന്നു.. ഒരു ധൈര്യത്തിന് ദാവണി തുമ്പ് ഇരുകൈവെള്ളയിലും ഒതുക്കി പിടിച്ചു… അവളുടെ നെറ്റിയിൽ തിളങ്ങുന്ന വിയർപ്പുകണങ്ങൾ അവൻ്റെ മിഴികൾ നോക്കി കണ്ടതും അവൻ്റെ ചുണ്ടിൽ ചിരി വിടർന്നു… ”

ഇല്ല എനിക്ക് ഉണ്ണിയുടെ കൂടെ തിരിച്ച് പോണം ”ഞാൻ ഉറക്കെ പറഞ്ഞു… “എന്താ കുട്ടി ഞങ്ങൾ അന്യരൊന്നുമല്ലല്ലോ…” എന്ന് വല്യച്ഛൻ പറഞ്ഞപ്പോൾ ഞാൻ എന്ത് പറയണമെന്നറിയാതെ ഇരുന്നു…. “ഉത്തരയ്ക്ക് കുറച്ച് സമയം വേണം എല്ലാരെയും ഉൾക്കൊള്ളാൻ “… ഞങ്ങൾ വേറൊരു ദിവസം വരാം… അല്ലെങ്കിൽ തന്നെ ദിവസവും രാവിലെ ഇവിടെ വന്നു കാവിലും നിലവറയിലും വന്നു തൊഴണമല്ലോ… പതുക്കെ പരിചയമായിക്കോളും.. ” ഗൗതം പറഞ്ഞു…. മീര എൻ്റെ അരുകിൽ വന്നിരുന്നു… “സാരമില്ല ഉത്തരേച്ചി… ഞങ്ങൾ അവിടെ വന്നു നിന്നോളാം” എന്ന് മീര പറഞ്ഞു… അത് കേട്ടപ്പോഴാണ് എനിക്ക് സമാധാനമായത്.. “എന്നാൽ വരു നിലവറയിൽ പോയി തൊഴാം” എന്ന് ഉണ്ണി പറഞ്ഞു.. വല്യച്ഛൻ്റെ മുഖത്ത് വല്യ തെളിച്ചമില്ല.. ഇന്നിവിടെ നിൽക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാവും… അയാളുടെ മിഴികൾ ഉത്തരയുടെ കഴുത്തിൽ കിടക്കുന്ന മാലയുടെ കുഞ്ഞു ദേവിയുടെ രൂപം കൊത്തിയ ലോക്കറ്റിലേക്കായിരുന്നു…

അതു മനസ്സിലാക്കിയതും ഉണ്ണി ഉത്തരയുടെ മുൻപിൽ കയറി നിന്നു.. “നിലവറയെവിടെയാണ് എന്ന് പറഞ്ഞാൽ ഞങ്ങൾ പോയി തൊഴുതോളാം” ഉണ്ണി സ്വരം കടുപ്പിച്ചു പറഞ്ഞു… ” ഞങ്ങളുടെ ഇളയ മകൻ ഒരു ആക്സിഡൻ്റിൽപ്പെട്ട് കിടപ്പിലാണ്… അവന് നടക്കാനും സംസാരിക്കാനും കഴിയില്ല… ഉത്തര അവന് ഭസ്മം തൊട്ട് കൊടുക്കണം.. ദേവിയുടെ അനുഗ്രഹം കിട്ടിയാൽ അവൻ പഴയത് പോലെയാകും എന്ന് എനിക്ക് ഉറപ്പുണ്ട്…” എന്ന് വല്യച്ഛൻ പറഞ്ഞു.. “ശരി വല്യച്ഛ”ഉത്തരയാണ് മറുപടി പറഞ്ഞത്… അവരെ മാധവ് നിലവറയിലേക്ക് വിളിച്ചു കൊണ്ടുപോയി.. ഉത്തരയുടെ കൈ പിടിച്ച് മീരയും മുന്നിൽ നടന്നു.. തൊട്ടു പുറകിലായ് ഗൗതമും ഉണ്ണിയും നടന്നു… മാധവ് നിലവറ തുറന്നു…. ഉണ്ണിക്ക് തിരി തെളിയിക്കാനായി വിളക്ക് ഒരുക്കി വച്ചിരുന്നു-.. ഉണ്ണി തെളിയിച്ചു…. പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തി -… ഉത്തരയുടെ മിഴികൾ നിലവറയിലെ വിഗ്രഹങ്ങളിലായിരുന്നു.. ദേവനും ദേവിയും…

ഉത്തരയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മാല പോലത്തെ മാല ദേവി വിഗ്രഹത്തിലും കണ്ടു…. തൊട്ടരികിലായി കുഞ്ഞു ദേവി വിഗ്രഹം കണ്ടു… ആ വിഗ്രത്തിൽ കഴുത്തിൽ മാലയൊഴികെ ബാക്കി ആഭരണങ്ങൾ മുഴുവൻ ഉണ്ട്… കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ നിന്നാവും അച്ഛൻ മാല എടുത്ത് കൊണ്ട് വന്നത്…. കുഞ്ഞു ദേവി വിഗ്രഹത്തിലെ മിഴികൾ ചിമ്മുന്നത് അവൾ കണ്ടു… അവൾ കൈകൂപ്പി തൊഴുതു…. “ഇരുപത്തിയൊന്നു ദിവസത്തെ വ്രതം പൂർത്തിയാക്കി കുഞ്ഞു ദേവിയുടെ വിഗ്രഹത്തിലാണ് ഉത്തരയുടെ കഴുത്തിലെ മാല ചാർത്തേണ്ടത്…” മാധവ് ചിരിയോടെ പറഞ്ഞു…. ഉത്തര സമ്മതമെന്ന ഭാവത്തിൽ ചിരിച്ചു…. ഉത്തരവിളക്കിന് മുന്നിൽ നിന്നും ഒരു നുള്ള് ഭസ്മം എടുത്തു…. “അനിയൻ്റെ മുറി കാണിച്ചു കൊടുക്കു മീര “മാധവ് പറഞ്ഞു….

മീര എൻ്റെ ഇടത് കൈയ്യിൽ കോർത്തു പിടിച്ചു…. നിലവറയിൽ നിന്നിറങ്ങി ഹാളിലെത്തി…. ഹാളിൻ്റെ അങ്ങേയറ്റത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി…. മീര കതക് തുറന്നു മുറിയിലെ ലൈറ്റിട്ടു… ലൈറ്റ് തെളിഞ്ഞതും കട്ടിലിൽ കിടന്ന രൂപം ഒന്ന് ഞരങ്ങി…. അവൾ കട്ടിലിനരുകിലേക്ക് നടന്നു….. കട്ടിലിൽ കിടക്കുന്നയാളെ കണ്ടതും അവൾ ഞെട്ടി…. തനിക്ക് ചുറ്റുമുളളവർ ചതിക്കുകയാണോ എന്നവൾ ഓർത്തു പോയി…. . “കിരൺ “. അവളുടെ അധരങ്ങൾ മന്ത്രിച്ചു…… തുടരും

മഴയേ : ഭാഗം 19

Share this story