ഋതുസംക്രമം : ഭാഗം 8

ഋതുസംക്രമം : ഭാഗം 8

എഴുത്തുകാരി: അമൃത അജയൻ

കബോർഡിൽ തിരഞ്ഞു ഒരു ബ്ലാക് ചുരിദാർ എടുത്ത് മൈത്രി ബെഡിൽ വച്ചു .. ഫുൾ നെറ്റ് സ്ലീവുള്ള അംബർലാ കട്ട് മോഡൽ ഡ്രസാണ് . കൈയിലെ അടിയുടെ തിണർത്ത പാടുകൾ മറയ്ക്കുക എന്നൊരുദ്ദേശവും ആ ചുരിദാർ തിരഞ്ഞെടുക്കുമ്പോൾ അവൾക്കുണ്ടായിരുന്നു . കുളി കഴിഞ്ഞ് മുടിയിൽ കെട്ടിവച്ചിരുന്ന ടവൽ അഴിച്ചുമാറ്റി ചീകിയിട്ടിട്ട് അയൺ ബോക്സ് എടുത്തു കൊണ്ട് അവൾ ചുരിദാർ അയൺ ചെയ്തു . വാലിട്ട് കണ്ണെഴുതുമ്പോഴും പൊട്ട് വയ്ക്കുമ്പോഴുമെല്ലാം അഞ്ജന കൊടുത്ത മൊബൈൽ ഫോൺ മൈത്രിയുടെ ടേബിളിൽ അനാഥമായി കിടന്നു . ****** **

ഒന്നേകാലായി നിരഞ്ജൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ . ഫോണെടുത്ത് ഉണ്ണിയെ വിളിച്ച് താനിറങ്ങുകയാണെന്ന് അറിയിച്ചു . കണ്ണിലേക്ക് ഇരച്ചു കയറിയ ഉച്ചവെയിലിനെ വക വയ്ക്കാതെ അവൻ ബൈക്ക് വിട്ടു . ഉണ്ണിയോട് മറച്ചു വച്ചിട്ട് ഒന്നും നടക്കില്ലെന്ന് അവന് ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു . രണ്ടര മണി കഴിഞ്ഞിരുന്നു നിരഞ്ജൻ ഉണ്ണിയുടെ അച്ഛൻ കിടക്കുന്ന ഹോസ്പിറ്റലിൽ എത്തിയപ്പോൾ . ബൈക്ക് പാർക്കിംഗിൽ വച്ചിട്ട് , ലിഫ്റ്റ് കയറി നാലാം നിലയിലെത്തി റൂം കണ്ടു പിടിച്ച് ചെന്നു . ഉണ്ണിയുടെയൊപ്പം അവൻ്റെ അമ്മാവനും അമ്മയും ഉണ്ടായിരുന്നു . ചന്ദ്രനെ കണ്ടിട്ട് നിരഞ്ജൻ പുറത്തിറങ്ങി നിന്നു . ഉണ്ണി വീട്ടുകാർക്ക് നിർദ്ദേശങ്ങൾ കൊടുത്തിട്ട് പുറത്തിറങ്ങി .

” നമുക്ക് വീട്ടിൽ പോയിട്ട് പോകാം .. എനിക്ക് കുളിച്ച് ഫ്രഷാകണം . ” ” ഒക്കെ . പോകാം .. ” ഉണ്ണിയ്ക്കൊപ്പം നടക്കുമ്പോൾ നിരഞ്ജൻ ആലോചനയിൽ മുഴുകി . എങ്ങനെയാണ് ഉണ്ണിയോട് പറഞ്ഞു തുടങ്ങേണ്ടത് . ” അന്നാ തോട്ടിൽ വീണ കുട്ടിയില്ലേ അതിനെ ഞാൻ കഴിഞ്ഞ ദിവസം കണ്ടു ..? ” എങ്ങനെയെങ്കിലും തുടങ്ങണമല്ലോ എന്നു കരുതി അവൻ പറഞ്ഞു . ഉണ്ണി അത്ഭുതത്തിൽ നോക്കി .. ” ആര് മൈത്രിയോ .. അവളെ നീയെങ്ങനെ കണ്ടു . ” ” ഇവിടെ വന്നിട്ട് തിരിച്ചു പോയപ്പോൾ . കോളേജിൻ്റെ മുന്നിൽ വച്ച് .” ” ഓ .” പാർക്കിംഗിൽ വന്ന് ബൈക്കിൽ കയറുമ്പോഴേക്കും ഉണ്ണി സംസാരിച്ചു വന്ന വിഷയം വിട്ട് മറ്റൊന്നിലേക്ക് തിരിഞ്ഞിരുന്നു . വീടെത്താൻ പത്ത് മിനിറ്റേ എടുത്തുള്ളു .

” നിൻ്റെ സിസ്റ്റർ എവിടെ പോയി .?” . ” അവള് അമ്മാവൻ്റെ വീട്ടിൽ പോയി . അടുത്തയാഴ്ച എന്തോ എക്സാം ഉണ്ട് . ഹോസ്പിറ്റലിൽ നിന്നാൽ പഠിക്കാൻ പറ്റില്ല .” നിരഞ്ജൻ ഉണ്ണിയ്ക്കൊപ്പം ചെന്നു . നിരഞ്ജനെ റൂമിലിരുത്തി ഉണ്ണി ബാത്ത്റൂമിൽ കയറിപ്പോയി . തിരിച്ചിറങ്ങുമ്പോൾ നിരഞ്ജൻ ജനാലയിലൂടെ പുറത്തെ മാന്തോപ്പിലേക്ക് നോക്കി നിൽപ്പാണ് . ” നീയെന്താ ആലോചിക്കുന്നേ .” ” ഞാനാ കുട്ടിയോടന്നു സംസാരിച്ചിരുന്നു . ഒരു പാവം കുട്ടി .” ഇത്തവണ ഉണ്ണിയവനെ ശ്രദ്ധിച്ചു . തല തുവർത്തിയ ടർക്കി ഹാങ്ങറിലേക്കിട്ടിട്ട് അവൻ വന്ന് നിരഞ്ജൻ്റെ തോളിൽ കൈവച്ചു . ” എന്താണ് മോനേ . ആകപ്പാടെയൊരു പരിഭ്രമം ..

ചുറ്റിക്കളി വല്ലോം തുടങ്ങാനുള്ള പ്ലാനാണോ ?” ആണെന്നോ അല്ലെന്നോ അവൻ പറഞ്ഞില്ല . അവൻ്റെ മൗനം ഉണ്ണിയെ കൂടുതൽ സംശയത്തിലാഴ്ത്തി . ” ഡാ .. മോനേ . പറയെടാ .. ” അവൻ നിരഞ്ജനെ വലിച്ച് മുന്നിലേക്ക് നിർത്തി . അവൻ്റെ ചുണ്ടത്തെ നേർത്ത ചിരി മതിയായിരുന്നു ഉണ്ണിക്കെല്ലാം മനസിലാക്കാൻ ” ഇനി നീയൊന്നും പറയണ്ട . കേട്ടോ .” ഉണ്ണിയവൻ്റെ തോളത്ത് ശക്തിയായി ഇടിച്ചു . ” അതു പോട്ടെ എന്താണ് മോട്ടീവ് . അന്ന് രക്ഷിച്ചതോ ..” ” അതിനു മുൻപേ ഞാനവളെ കണ്ടിരുന്നു . ” ” എപ്പോ . എവിടെ വച്ച് .” ഉണ്ണിക്ക് ആകാംഷയായി . ” പ്രഭാതത്തിൽ . മഞ്ഞുപാടകൾ വിട്ടൊഴിയാത്ത പ്രഭാതത്തിൽ ബാൽക്കണിയുടെ കിളിവാതിലിൽ വച്ചു ഞാനവളെ കണ്ടു ആദ്യമായി .. ” ” ശ്ശെടാ .. സാഹിത്യോ ..”

ഉണ്ണി ചിരിക്കാൻ തുടങ്ങി . ” ഞാൻ നിൻ്റെ ബിപി ചെക്ക് ചെയ്യട്ടെ .. ” നിരഞ്ജനവനെ രൂക്ഷമായി നോക്കി . ” ഈ പ്രേമം മൂക്കുമ്പോ ബിപി കൂടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അതൊന്ന് കൺഫേം ചെയ്യാനാ .” നിരഞ്ജൻ മുഖം തിരിച്ച് നിന്നു . ഉണ്ണി അവനെ തന്നെ നോക്കിക്കൊണ്ട് സാവധാനം ഷർട്ടെടുത്തിട്ടു . ഒട്ടും തമാശയല്ലെന്ന് അവൻ്റെ നിൽപ്പ് കണ്ട് ഉണ്ണി മനസിലാക്കി . ” നിരഞ്ജാ .. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടിട്ടേ നീയൊരു തീരുമാനമെടുക്കാവൂ . ” ഉണ്ണിയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു . നിരഞ്ജൻ അവൻ്റെ മുഖത്തേക്ക് നോക്കി . എന്തൊക്കെയോ ആശങ്കകൾ അവൻ്റെ കണ്ണിലവൻ ദർശിച്ചു . ” നിൻ്റെ കാര്യങ്ങൾ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ടു കൂടിയാണ് ഞാൻ പറയുന്നത് .

നീ നന്നായി അലോചിക്കണം . ഇതൊരു സ്റ്റാർട്ടിംഗ് പോയിൻ്റിലല്ലേ . വേണമെന്ന് തോന്നിയത് പോലെ തന്നെ വേണ്ട എന്ന് വയ്ക്കാനും ഇപ്പോഴാണ് എളുപ്പം .” ” നീ ടെൻഷനടിപ്പിക്കാതെ കാര്യം പറയ് .. ” ” അവളുടെ ജീവിതത്തിലേക്കുള്ള പ്രവേശനം നിനക്കൊട്ടും എളുപ്പമല്ല നിരഞ്ജാ ..” നിരഞ്ജൻ്റെ മുഖം വാടി .. ” വലിയ വീട്ടിലെ കുട്ടിയാണെന്ന് ആദ്യമേ മനസിലായിരുന്നു . അക്കാരണം കൊണ്ടൊന്നുമല്ല എനിക്കവളോട് ഇഷ്ടം തോന്നിയത് . അന്നാദ്യമായി അവളെ കണ്ടതൊരു കുടിലിൻ്റെ മുറ്റത്ത് വച്ചാണെങ്കിലും എനിക്കിതൊക്കെ തന്നെയേ തോന്നുമായിരുന്നുള്ളു .. ” ” അതല്ലെടാ.. നീ പറഞ്ഞു വരുന്നത് എനിക്ക് മനസിലായി .. ഒരു പണച്ചാക്ക് ഫാമിലി എതിർപ്പുമായി വരുന്ന പ്രശ്നം മാത്രമാണെങ്കിൽ അത് സോൾവ് ചെയ്യാൻ നമുക്കൊരുപാട് വഴികളുണ്ട് . ഇതങ്ങനെയല്ല .

ആ ഫാമിലിയെ ചുറ്റിപ്പറ്റി ഒരുപാട് നിഗൂഢതകളുണ്ട് . അങ്ങനെ കൃത്യമായിട്ട് ഒന്നും പറയാൻ എനിക്കറിയില്ല . പലരും പലതും പറഞ്ഞു കേട്ടിട്ടുണ്ട് . ” ” നീ തെളിച്ചു പറയ് .” ” പത്മ ഗ്രൂപ്പ്സ് . ഇവിടുത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പാണ് . അവരുമായി കൂട്ടു ബിസിനസ് നടത്തിയാണ് ഇവിടെ മറ്റ് പലരും വ്യവസായ പ്രമുഖരായത് . അപ്പോ തന്നെ ഊഹിക്കാല്ലോ അവരുടെ റേഞ്ച് . അതല്ല വിഷയം , അവളുടെ അമ്മ പത്മതീർത്ഥത്തിൽ അഞ്ജന ദേവി , അവരാണ് അതിൻ്റെയൊക്കെ തലപ്പത്ത് . ” ” അച്ഛനില്ലേ ആ കുട്ടിയ്ക്ക് ..?” ” ഉണ്ട് . പത്മരാജൻ . അൾ കിടപ്പാണ് . എൻ്റെ ഓർമ ശരിയാണെങ്കിൽ ആറേഴ് വർഷത്തിന് മുകളിലാവും അയാൾ കിടപ്പായിട്ട് .ഗൾഫിൽ വച്ചുണ്ടായ ആക്സിഡൻ്റിൽ സംഭവിച്ചതാണ് . ” ” അപ്പോ പത്മ ഗ്രൂപ്പ്സ് , പത്മരാജൻ്റെ ..” ” യെസ് .. ആ അങ്കിളിൻ്റെ ഫാദർ തുടങ്ങി വച്ചതാണ് .

ഇടയ്ക്കൊരു ഫെയ്ലുവർ വന്നപ്പോ ഈ അങ്കിളാണത് തിരിച്ചു കര കയറ്റിയത് .. ” ” എന്താണ് ന്യൂറോളജിക്കൽ പ്രോബ്ലം വല്ലതുമാണോ . ലോങ്ങ് ടൈം ബെഡ്രിഡനാകാൻ .” ” ഡീറ്റെയിൽസ് അറിയില്ല . ലോകത്തിൻ്റെ ഏത് കോണിൽ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാൻ കഴിവുള്ളവരുടെ വീട്ടിൽ അധികം പ്രായമില്ലാത്ത ഒരു മനുഷ്യൻ കിടപ്പു രോഗിയായി കിടക്കുന്നതാണ് നാട്ടുകാരുടെ ആദ്യത്തെ സംശയം .. ” ” അങ്ങനെ പറയാൻ പറ്റില്ലല്ലോ . എവിടെ പോയാലും ഭേദമാക്കാൻ കഴിയാത്ത സിറ്റുവേഷൻസ് മെഡിക്കൽ സയൻസിൽ ഉണ്ടല്ലോ . പ്രത്യേകിച്ചൊരു ആക്സിഡൻ്റ് കോംപ്ലിക്കേഷൻ ആകുമ്പോൾ . ചിലപ്പോ ആ ജീവൻ നിലനിൽക്കുന്നത് തന്നെ മെഡിക്കൽ മിറാക്കിൾ ആയിരിക്കും .. ”

” മേ ബി .. അക്കാര്യത്തിൽ നാട്ടുകാരെ നമുക്ക് തള്ളിക്കളഞ്ഞേ പറ്റൂ . പക്ഷെ അതല്ല ഞാൻ കാണുന്ന പ്രശ്നം . ഈ മൈത്രേയിയെ ആ വീട്ടിൽ ഒരു തടവറയിൽ ഇട്ട പോലെയാ . ഒന്നിനും ഒരു ഫ്രീഡമില്ല . ആ കുട്ടിയെ ആരും പുറത്ത് കാണാറു പോലുമില്ല . സൂര്യേട്ടൻ്റെ വീട്ടുകാർക്ക് നന്നായിട്ടറിയാം അക്കാര്യം . ” ” അത് ചിലപ്പോൾ സാഹചര്യം അതായത് കൊണ്ടാവാം . ഒന്നാമതേ ഫാദർ കിടപ്പ് . ബിസിനസ് കാര്യങ്ങൾ ആ ലേഡിയല്ലേ നോക്കുന്നത് . അതിനിടയിൽ കുട്ടിയെ ശ്രദ്ധിക്കാൻ ടൈം കുറവായിരിക്കും .. അവളെയാരും സ്പോയിൽ ചെയ്യണ്ടയെന്ന് കരുതിയാവും .. ” ഉണ്ണിയൊന്നും പറഞ്ഞില്ല . ആ സാത്യത തള്ളിക്കളയാൻ സാധിക്കില്ല . ” ആയിരിക്കും . ഞാൻ പറഞ്ഞില്ലെ ഇതൊക്കെ ആളുകൾ പറഞ്ഞ് കേൾക്കുന്നതാണ് .

പറഞ്ഞു വന്നത് ആ കുട്ടി അവർ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണ് . അവളെ നിന്നിലേക്കെത്തിക്കുക എന്നതൊരു ഹിമാലയൻ ടാസ്കാണ് .. നിങ്ങൾക്ക് തമ്മിൽ കാണാനുള്ള ചാൻസ് പോലും കിട്ടില്ല .” ” ഞാനന്ന് കണ്ടതോ .. സംസാരിക്കുകയും ചെയ്തതാ ..” ഉണ്ണിക്ക് ഉത്തരം കിട്ടിയില്ല . ” ഇനി ഞാൻ പറയുന്നത് കേട്ടിട്ട് നീയെന്നെയൊരു സദാചാര പോലീസായി കാണരുത് . നാട്ടുകാരുടെ നാവാണ് ഞാൻ പറയുന്നത് . ” ” അവളുടെ അമ്മയെ കുറിച്ചായിരിക്കും . അല്ലേ ..?” നിരഞ്ജൻ്റെ നോട്ടത്തിലും സംസാരത്തിലുമൊരു പരിഹാസം കലർന്നിരുന്നു .. ഉണ്ണി മിണ്ടിയില്ല .. ” ഒറ്റയ്ക്ക് ഒരു ബിസിനസ് സാമ്രാജ്യം നടത്തിക്കൊണ്ട് പോകുന്ന പെണ്ണൊരുത്തിയോട് നാട്ടിലെ ചായക്കടയിലും കലിങ്കിലും ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്ന ചേട്ടന്മാർക്കും അടുക്കളയിൽ പാത്രം മോറി ജീവിതം തീർക്കുന്ന ചില ചേച്ചിമാർക്കും തോന്നുന്ന പ്രത്യേക തരം കരുതൽ ..

അതിൽ കൂടുതൽ വില നീയാ നാക്കുകൾക്ക് കൽപ്പിക്കുന്നുണ്ടോ . കേട്ടിട്ട് എനിക്കാ സ്ത്രീയോട് റെസ്പെക്ടാ തോന്നുന്നത് . കെട്ടുന്നെങ്കിൽ അവരുടെ മോളെ കെട്ടണം .. ” നിരഞ്ജൻ പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു . ഉണ്ണി ഒന്നും മിണ്ടാതെ നിന്നു . എങ്ങനെയാണ് നിരഞ്ജനെ പറഞ്ഞു മനസിലാക്കേണ്ടതെന്ന് അറിയില്ല . എന്തോ എവിടെയൊക്കെയോ ദുരൂഹതകളുള്ള ഫാമിലിയാണ് . അത് ഷുവറാണ് . പക്ഷെ എന്ത് , എങ്ങനെ എന്നറിയില്ല . ചിലപ്പോൾ നിരഞ്ജൻ പറഞ്ഞതുപോലെ വിശാലമായ കാഴ്ചപ്പാടിൽ കണ്ടാൽ തീരാവുന്നതേയുള്ളായിരിക്കും . അങ്ങനെ വിശ്വസിച്ചാൽ മതിയോ . അതോ ചെറുപ്പം മുതൽ കേൾക്കുന്ന നിറം പിടിച്ച കഥകൾക്ക് വില കൽപ്പിക്കണോ . എന്തായാലും ഒന്നുറപ്പാണ് നിരഞ്ജന് മൈത്രേയി എന്നത് വലിയൊരു ടാസ്കാണ് .. ” ഞാൻ സൂചിപ്പിച്ചന്നേയുള്ളു .. നീയെന്തായാലും മുൻകൂട്ടി എല്ലാം അറിഞ്ഞിരിക്കണം . ”

” നമുക്ക് പോകുമ്പോൾ മൈത്രിയുടെ കോളേജ് വരെ പോയിട്ട് പോകാം .. ” മറുപടിയായി നിരഞ്ജൻ പറഞ്ഞു . ഉണ്ണി വാ പൊളിച്ചു . ” ഹേ … ഇന്നോ .?” നിരഞ്ജന് ചിരി വന്നു . ആ ഉദ്ദേശം മനസിൽ വച്ചു മാത്രമാണ് ഞാൻ നിന്നെ വിളിക്കാൻ വന്നതെന്ന് അവൻ പറഞ്ഞില്ല . ” യെസ് . മൂന്നരയൊക്കെയാകുമ്പോൾ കോളേജ് വിടില്ലേ . ഒന്ന് കണ്ടിട്ട് പോകാം .” ” എടാ ആ കൊച്ചിനെ കാറിലാ കൊണ്ട് പോകുന്നേ . കോളേജ് ഗേറ്റിൽ അതിനെ കാത്ത് കാറ് കിടപ്പുണ്ടാവും .” ” എന്നിട്ട് അന്നവൾ നടന്നാണല്ലോ വന്നേ .” നിരഞ്ജൻ തർക്കിച്ചു . ” അതെനിക്കറിയില്ല . സാധാരണ ഇങ്ങനെയാണ് . ” ” എന്തായാലും നമുക്കവിടെ പോയിട്ട് പോയാൽ മതി .” ഉണ്ണി സമ്മതം മൂളി . ഇനിയവനെ പിന്തിരിപ്പിക്കാൻ സാത്യമല്ലെന്ന് അവന് തോന്നി ..

ഉണ്ണി ഡ്രെസ് ചെയ്ഞ്ച് ചെയ്ത് ലഗേജെടുത്തു വച്ചു . ” നിൻ്റെ കാര്യത്തിലൊരു നീക്കുപോക്കുണ്ടാക്കാനൊരു വഴിയുണ്ട് .. ” നിരഞ്ജൻ പ്രത്യാശയോടെ നോക്കി . ” ഉണ്ണിമായ അവളുടെ കോളേജിലാണ് . ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ . ” ഉണ്ണി പറഞ്ഞു . വീണ്ടുമവൻ പാക്കിംഗിൽ ശ്രദ്ധിച്ചു . ഇടയ്ക്ക് തിരിഞ്ഞ് നിരഞ്ജനെ നോക്കി . ” എടാ അപ്പോഴും ഒരു പ്രശ്നമുണ്ട് .. ” നിരഞ്ജൻ ചോദ്യഭാവത്തിൽ നോക്കി . ഉണ്ണിക്ക് പറയാൻ വിഷമമുണ്ടായിരുന്നു . പക്ഷെ അതും സംസാരിച്ചു ക്ലിയർ ചെയ്തേ പറ്റൂ . നാളെയൊരിക്കൽ നിരഞ്ജൻ വിഷമിക്കാൻ ഇട വരരുത് . ” അത് . നിൻ്റെ ബാക്ക്ഗ്രൗണ്ട് . അതുമിതും കൂടി ചേർത്ത് നീ ചിന്തിച്ചിട്ടുണ്ടോ .?” നിരഞ്ജൻ്റെ മുഖത്തെ ചിരി മാഞ്ഞു . കാൽപാതങ്ങളിൽ നിന്നൊരു നടുക്കം മുകളിലേക്ക് കുതിച്ചു കയറി . തൻ്റെ ബാക്ക് ഗ്രൗണ്ട് . ഒരിക്കലും വിസ്മരിക്കാൻ പാടില്ലായിരുന്നു .. അവൻ്റെ മുഖത്ത് വിയർപ്പ് കിനിഞ്ഞു…( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 7

Share this story