സഹനായകന്റെ പ്രണയം💘 : ഭാഗം 6

സഹനായകന്റെ പ്രണയം💘 : ഭാഗം 6

എഴുത്തുകാരി: ആഷ ബിനിൽ

അംബാലികയെ കുറിച്ചു താൻ എന്തിനാണ് ഇത്രയധികം ചിന്തിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അഖിലേഷിന് മനസിലായില്ല. മൂന്ന് ദിവസം, വെറും മൂന്ന് ദിവസത്തെ പരിചയം മാത്രമേയുള്ളൂ അവളോട്. എന്നിട്ടും എന്തുകൊണ്ടാണ് അവൾ തന്റെയുള്ളിൽ പതിഞ്ഞുപോയത്? അമ്പുവിനോട് ഇഷ്ടമാണ് തനിക്കെന്ന് മനസു പറയുന്നതിന്റെ തൊട്ടടുത്ത നിമിഷം തന്നെ കോളേജിലെ മുഴുവൻ സ്റ്റുഡന്റസിന്റെയും മുന്നിൽ താൻ നാണം കെട്ടത് മനസിലേക്ക് ഓടിവരും.

ഇൻഫാക്ച്ചുവേഷൻ ആണോ, പ്രണയം ആണോ, അസൂയയാണോ, ദേഷ്യം ആണോ, പകയാണോ, അതല്ല ഇതെല്ലാം കൂടിയാണോ അവളോട് തനിക്ക് തോന്നുന്നത്..? എന്തായാലും ഇനി അവളോട് കൊമ്പുകോർക്കുമ്പോൾ നന്നായി പ്ലാൻ ചെയ്തുവേണം എന്ന് അവൻ ഉറപ്പിച്ചു. ഇനി ഒരിക്കൽ കൂടി തോൽക്കാൻ പാടില്ല. അതിന്റെ ഫലമായി അടുത്ത ഒരാഴ്ച പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്പു വരികയും പോകുകയും ചെയ്യുന്ന സമയത്ത് അക്കി വാലുകളുമായി ഗേറ്റിനരികിൽ കാത്തു നിൽക്കും. അവളെ വെറുതെ നോക്കി പേടിപ്പിക്കാൻ മാത്രം.

ആ കൂട്ടത്തിൽ അമ്പുവിനെ നന്നായി ഒന്നു പഠിക്കുന്നും ഉണ്ട് അവൻ. കൂടെയുള്ളവന്മാർ അമ്പുവിന്റെയും കൂട്ടുകാരികളുടെയും അനാട്ടമി പഠിക്കുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല എങ്കിലും അവൻ അതിനെ കുറിച്ച് പ്രതികരിക്കാതെ വിട്ടു. അക്കിയുടെ കൂട്ടുകാർ എല്ലാവരും നല്ല സാമ്പത്തികം ഉള്ള വീടുകളിലെ തന്നെയാണ്. പക്ഷെ കിട്ടുന്ന പോക്കറ്റ് മണി അവർക്ക് ഒന്നിനും തികയാറില്ല. പ്ലസ് റ്റു മുതലുള്ള കൂട്ടാണ് അവർ. ഇപ്പോൾ അക്കിയുടെയും അവന്റെ ആറു ഫ്രണ്ട്സിൻറെയും ട്രിപ്പിങ്ങും ഫുഡിങ്ങും ഒക്കെ മഹാദേവന്റെ ചിലവിൽ ആണ്. കഥകളിൽ ഒക്കെ കാണുന്നത് പോലെ ഈ മാലാഖ പെണ്ണ് വന്നു അക്കിയെ പ്രണയിച്ചു നന്നാക്കിയാൽ അതോടെ അവന്റെ ചിലവിൽ ഉള്ള തങ്ങളുടെ സുഖവാസം അവസാനിക്കും.

കോളേജിലെ ഹീറോയുടെ ചങ്ക്സ് ഇമേജും. അവന് ഇപ്പോൾ തന്നെ അവളിൽ ഒരു കണ്ണുണ്ടെന്ന് അവർക്ക് മനസ്സിലായിരുന്നു. അക്കിയെ കൊണ്ടുനടന്ന് അനാവശ്യമായി പൊക്കിപറഞ്ഞ് ഓരോന്നിലും പെടുത്തി നശിപ്പിക്കുന്നതിൽ നന്ദക്ക് തങ്ങളോടുള്ള ദേഷ്യവും അവർക്കറിയാം. അതുകൊണ്ട് കൂട്ടുകാർ അവനെ പിരി കയറ്റി വിടാൻ പരമാവധി ശ്രമിച്ചു. അമ്പു ആണെങ്കിൽ അവരെ കണ്ട ഭാവം പോലും കാണിക്കാറില്ല. കൂട്ടുകാരോട് കൂടെ ചിരിച്ചും കളിച്ചും അവൾ നടന്നു. അക്കിയും ആയുള്ള പ്രശ്‌നങ്ങൾ അറിയുന്നത്കൊണ്ടും നന്ദുവിന്റെ ഹരിയുടെ ഏട്ടൻ ശ്രീ അവിടെ സീനിയർ ആയതുകൊണ്ടും മറ്റു സീനിയേഴ്സ് ആരും അവരെ ശല്യം ചെയ്യാൻ പോയില്ല.

ആ ഒരാഴ്ച പാടില്ലാത്തത് കൊണ്ട് അമ്പു അമ്പലത്തിൽ പോയിരുന്നില്ല. കയ്യോടെ പിടിക്കാനിരുന്നവൻ നോക്കി നോക്കി കണ്ണു കാഴച്ചത് മിച്ചം. എന്തായാലും എല്ലാ ദിവസവും അമ്പുവിന്റെ കണ്ണുകൾ വാകമരച്ചോട്ടിൽ ഇരിക്കുന്ന അവനെ അവൾക്ക് കാണിച്ചുകൊടുത്തിരുന്നു. ഇടക്ക് ഒന്നുരണ്ടുവട്ടം അവൻ അത് കാണുകയും ചെയ്തു. പക്ഷെ തെളിവില്ലാതെ അവളെ പിടിച്ചു നിർത്തുന്നതെങ്ങനെ? അതും ഈ ആറ്റം ബോംബിന്റെ സ്വഭാവം ഉള്ളവളെ. പരസ്യമായി അപമാനിച്ച അമ്പുവിനെ അഖിലേഷ് ഉപദ്രവിക്കാതെ വിടുന്നത് എല്ലാവർക്കും പുതുമയായിരുന്നു.

അടുത്ത കൂട്ടുകാർക്ക് മാത്രം അവൻ എന്തോ പ്ലാനിംഗിൽ ആണെന്ന് മനസിലായി. എങ്കിലും അതിന് വേണ്ടിയാണെങ്കിൽ കൂടി, അക്കി ഒരാഴ്ചയൊക്കെ ഒരാളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്നത് അവർക്കും പുതിയ കാഴ്ചയായിരുന്നു. അതിനടുത്ത വ്യാഴാഴ്ച ഫ്രഷേഴ്‌സ് ഡേ ആയിരുന്നു. അമ്പുവിന് മുട്ടനൊരു പണിയാണ് അക്കിയും ടീമും കൂടി തയ്യാറാക്കിയത്. ഫ്രഷേഴ്‌സ്ഡേ പ്രോഗ്രാമിന് ഇടാൻ ഒരു ലാവണ്ടർ കളർ ഡിസൈനർ ഫുൾസ്ലീവ് ചുരിദാർ വാങ്ങി കൊടുത്തു അപ്പു. അത്തരം വസ്ത്രങ്ങളിൽ താല്പര്യം ഇല്ലെങ്കിലും രാവിലെ അമ്പലത്തിലും പിന്നെ കോളേജിലും അവൾ ആ ഡ്രസ് ഇടാൻ തീരുമാനിച്ചു.

പതിവില്ലാതെ കണ്ണെഴുതി പൊട്ടും തൊട്ടാണ് അമ്പലത്തിലേക്ക് ഇറങ്ങിയത്. മുടി ഉണങ്ങാത്തത് കൊണ്ട് പതിവുപോലെ അഴിച്ചിട്ടു. അമ്മ വന്നു നേർത്തൊരു സ്വർണമാല കഴുതിലിട്ടു തന്നു. “ഒരു വലിയ കമ്മലും കൂടി ആകാമായിരുന്നു.” അവർ അവളെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. “ഒന്നും വേണ്ട. എന്റെ അമ്പൂട്ടൻ സുന്ദരിയായിട്ടുണ്ട്..” അപ്പു അവളെ ചേർത്തുനിർത്തി. പുറകെ അച്ഛനും. അമ്പലത്തിൽ തൊഴുത്തിറങ്ങി കുളപ്പടവിലേക്ക് തന്നെയാണ് കണ്ണുകൾ അവളെ കൊണ്ടുപോയത്. പ്രതീക്ഷിച്ച ആളെ കാണാതെ നിരാശതോന്നി. കാലങ്ങൾക്ക് ശേഷം ഒരുങ്ങിയിറങ്ങിയതാണ്.

ഒരാഴ്ചക്ക് ശേഷം അമ്പലത്തിൽ വന്നതാണ്. അവൻ കാണുന്നില്ലെങ്കിലും അവനെ ഒരുനോക്ക് കണ്ടാൽ മനസിനൊരു സന്തോഷം ആണ്. വെറുതെ കുളത്തിലേക്ക് പോയി. കാലൊന്ന് കഴുകി തിരിച്ചു കയറുമ്പോൾ പടവിൽ കൈകെട്ടി നിൽക്കുന്ന അവനെ കണ്ട് അമ്പു ഞെട്ടി. കുറ്റം പിടിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അവൾ തല താഴ്ത്തി നിന്നു. പിന്നെ അവനെ നോക്കാതെ അതിവേഗത്തിൽ പടവുകൾ കയറിപ്പോയി. ആ പോക്ക് നോക്കി നിന്ന അവന്റെ കണ്ണുകളിലും ഒരു ചിരി വിരിഞ്ഞെങ്കിലും അത് മാഞ്ഞുപോകാൻ അധിക നേരം വേണ്ടിവന്നില്ല. വീട്ടിലെത്തി ആഹാരം കഴിച്ചു ഒന്നുകൂടി കണ്ണാടി നോക്കിയിട്ടാണ് ഇറങ്ങിയത്.

എങ്ങാനും വീണ്ടും ഒരു നോട്ടം കിട്ടിയാലോ..! പതിവില്ലാതെ രണ്ടുമൂന്ന് സെൽഫിയും എടുത്തു. മനസിനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വന്ന്‌ മൂടി നിൽക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അതിന്റെ കാരണം രാവിലെ പ്രിയപ്പെട്ടവനിൽ നിന്ന് കിട്ടിയ കടാക്ഷം ആണെന്നും, ഇനിയും അത് പ്രതീക്ഷിക്കുന്നുണ്ടെന്നും. ആ മുഖത്തൊരു ചിരി ഉണ്ടായിരുന്നോ..? അറിയില്ല. ഒന്നേ നോക്കിയുള്ളൂ. ലജ്ജകൊണ്ട് കൂമ്പിപ്പോയി. പിടിക്കപ്പെട്ടത്തിന്റെ ജാള്യതയും. പിന്നെ നോക്കാൻ മനസ് അനുവദിച്ചില്ല. അച്ഛനും അമ്മയും ഏട്ടനും ഇവൾക്കിത് എന്തു പറ്റിയെന്നു ഭാവത്തിൽ നോക്കിയപ്പോൾ അവരോട് ഒരു ലോട്ടറി കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു.

കാര്യം സമയം ആകുമ്പോൾ അവൾ സ്വമേധയാ പറയും എന്നറിയാം. അതുകൊണ്ട് അവർ കൂടുതലൊന്നും ചോദിച്ചില്ല. അപ്പുവിന്റെ ബൈക്കിൽ നിന്നിറങ്ങി വന്ന അമ്പുവിനെ കണ്ട മരിയ ഞെട്ടിപ്പോയി. “ഡീ.. ഇത് നീ തന്നെയാണോ? നീ പെണ്ണ് തന്നെ ആയിരുന്നു അല്ലെ..” “എന്തേ നിനക്ക് സംശയം വല്ലതും ഉണ്ടോ” “ശെയ്.. അതില്ല…. എന്നാലും…” അവളുടെ അതിശയം വിട്ടു മാറിയിരുന്നില്ല. മരിയ വൈറ്റ് ചുരിദാറിൽ ഒരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അമ്പുവിലും നിറവും ഭംഗിയും അവൾക്കുണ്ട്. പക്ഷെ വായ് തുറന്നാൽ അപ്പുക്കുട്ടനെക്കാൾ കഷ്ടമാണ്.

നന്ദുവും W ബ്രാൻഡിന്റെ ഒരു റെഡ് പാർട്ടിവെയർ കുർത്തയിൽ പൊളി ആയിട്ടാണ് വന്നത്. ആണ്പിള്ളേരും മോശമായില്ല. മുണ്ടും ഷർട്ടും ആണ് വേഷം. അഞ്ചുപേരും കൂടി ആടിയും പാടിയും ക്ലാസിലേക്ക് പോകുമ്പോൾ, തന്നെ മാത്രം നോക്കി നിന്ന അക്കിയെ അമ്പു ശ്രദ്ധിച്ചില്ല. അവളുടെ കണ്ണുകൾ വാകമരച്ചോട്ടിൽ ഇരിക്കുന്ന തന്റെ പ്രിയപ്പെട്ടവനെ മാത്രം തേടിപ്പോയി. അവളുടെ കണ്ണുകളെ തേടിപ്പോയ അക്കിയും കണ്ടു അവനെ. ഇന്ന് മാത്രമല്ല, മുൻപും. കാര്യം മനസ്സിലായില്ലെങ്കിലും തന്നെ നോക്കുമ്പോൾ ഇല്ലാത്തതും അവനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ തെളിയുന്നതും ആയ തിളക്കം അവനെ അസ്വസ്ഥനാക്കി.

കൂട്ടുകാർ അവൾക്കായി ഒരുക്കിയിരിക്കുന്ന പണിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഉള്ള തന്റെ തീരുമാനം അവൻ തിരുത്തി. “അവർ അവരുടെ ജോലി ചെയ്യട്ടെ. ഞാൻ ഗാലറിയിൽ ഇരുന്ന് കളി കാണും.” അമ്പു നോക്കി നിൽക്കാറുള്ളവൻ അക്കിയുടെ ക്ലാസിൽ തന്നെയാണ്. അവർ എഴുപേരും ക്ലാസിലെ ബാക്കി ഉള്ളവരോട് തീരെ അടുപ്പം ഉണ്ടായിരുന്നില്ല. “അവൻ ഏതോ ചെറ്റക്കുടിലിന്റെ സന്തത്തിയാണ്. പണം കൊണ്ടും സൗന്ദര്യം കൊണ്ടും സ്വാധീനം കൊണ്ടും എന്റെ മുന്നിൽ നിൽക്കാൻ പോലും യോഗ്യതയില്ലാത്തവൻ. ഇനി എന്തെങ്കിലും ബന്ധം അവർ തമ്മിൽ ഉണ്ടെങ്കിൽ കൂടി, അടിയും വഴക്കും കളഞ്ഞു ഞാനൊന്ന് വിരൽ ഞൊടിച്ചാൽ അവൾ അവനെ കളഞ്ഞിട്ട് എന്റെ പിന്നാലെ വരും.

പിന്നെ എന്ത് നോക്കാൻ..!” അക്കിയുടെ കൂട്ടുകാർ വെൽക്കം ഡ്രിങ്ക് കൊടുക്കുമ്പോൾ അമ്പുവിന്റെ ഡ്രിങ്കിൽ ചെറിയ അളവിൽ ഒരു ഡ്രഗ് മിക്സ് ചെയ്തിരുന്നു. അതറിയാതെ അവൾ അതെടുത്തു കുടിച്ചു. “ഒരു പതിനഞ്ച് മിനിറ്റ്. അപ്പോഴേക്കും അവളുടെ ഉള്ളിലെ ഡ്രഗ്‌ ആക്ട് ചെയ്തു തുടങ്ങും. ആ സമയത്ത് അവളെ സ്റ്റേജിലേക്ക് വിളിക്കണം. പിന്നെ സ്വന്തം കുഴി അവൾ തന്നെ തോണ്ടിക്കോളും” ഡ്രിങ്ക്‌സ് കൊടുത്ത് മടങ്ങിവന്ന ജിത്തു അക്കിയോടും ഫ്രണ്ട്സിനോടുമായി പറഞ്ഞു. ഒരു പത്തു മിനിട്ടൊക്കെ കഴിഞ്ഞപ്പോൾ ഫോൺ വല്ലാതെ വൈബ്രെറ്റ് ചെയ്യുന്നത് കണ്ട അമ്പു അതുമായി വെളിയിലേക്ക് പോയി.

ഹാളിലെ ശബ്ദം കാരണം ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായില്ല. അമ്പു സ്റ്റെയറിറങ്ങി താഴത്തെ ഫ്ലോറിലേക്ക് പോയി. വീട്ടിൽ നിന്ന് അമ്മയാണ് വിളിച്ചത്. വൈകിട്ട് ഏതോ ബന്ധുവീട്ടിലേക്ക് പോണം എന്നും പരിപാടി കഴിയുമ്പോൾ കൊണ്ടുപോകാൻ അപ്പുവിനെ വിളിക്കണം എന്നും പറയാൻ. സംസാരിച്ചു തിരികെ മുകളിലേക്ക് പോകാനായില്ല. അതിന് മുമ്പ് കണ്ണിൽ ഇരുട്ടു കയറി. എങ്കിലും ബോധം മറയും മുൻപ് വീഴാനാഞ്ഞ തന്നെ പിടിച്ചു ചേർത്തു നിർത്തിയ കൈകളെയും അതിന്റെ ഉടമയെയും അവൾ തിരിച്ചറിഞ്ഞിരുന്നു…..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 5

Share this story