സഹനായകന്റെ പ്രണയം💘 : ഭാഗം 7

സഹനായകന്റെ പ്രണയം💘 : ഭാഗം 7

എഴുത്തുകാരി: ആഷ ബിനിൽ

ഏറെ നേരത്തിന് ശേഷം ബോധം വീഴുമ്പോൾ അമ്പുവിന് തലക്കുള്ളിൽ അസഹ്യമായ പെരുപ്പും വേദനയും തോന്നി. കണ്ണുകൾ വലിച്ചു തുറക്കേണ്ടി വന്നു. മുന്നിൽ മരിയയും നന്ദുവും ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്. അമ്പു എഴുന്നേൽക്കൻ ശ്രമിക്കുന്നത് കണ്ട് അവർ ഫോൺ മാറ്റിവച്ചു അവളെ സഹായിച്ചു. മരിയ മിസ്സിനെ വിളിക്കാൻ പോയി. “അംബാലിക.. ആർ യൂ ഒക്കെ?” “യെസ് മാം… ഇപ്പോൾ കുഴപ്പമില്ല… ആക്ക്‌ച്വലി എന്താ സംഭവിച്ചത്..?” അതു ചോദിച്ചപ്പോൾ വീടിന്റെ ആധാരം പണയം വയ്ക്കാൻ ചോദിച്ചതുപോലെ അവർ അവളെ ഒന്നിരുത്തി നോക്കി. പിന്നെ കൂട്ടുകാരോട് ചോദിക്കാൻ പറഞ്ഞു പുറത്തേക്ക് പോയി.

വാതിൽക്കൽ അക്കിയുടെ ഫ്രണ്ട്സ് പ്രവീണിനെയും ഗായത്രിയെയും കണ്ടതോടെ അമ്പുവിന് ചില സംശയങ്ങൾ തോന്നി. മിസ് അവരോടെന്തോ പറഞ്ഞു മാറ്റിവിട്ടു. “ഡീ. ആരെങ്കിലും ഒന്ന് പറ. എന്താ ഇവിടെ ഉണ്ടായേ?” “അപ്പോ നിനക്കൊന്നും ഓർമയില്ലേ?” “ഇല്ലാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്?” അമ്പു അവരുടെ കയ്യിലിരുന്ന മിനറൽ വാട്ടർ ബോട്ടിൽ വാങ്ങി അതിലുണ്ടായിരുന്ന വെള്ളം പകുതിയോളം കുടിച്ചു. “ഡീ.. നീ ബോധം കേട്ടു വീണു എന്നു കേട്ടിട്ടാ ഞങ്ങൾ രണ്ടാളും വന്നത്. അപ്പോഴേക്കും മിസ്സുമാർ എല്ലാം കൂടി മുഖത്ത് വെള്ളം ഒക്കെ തളിച്ചു നിന്നെ എഴുന്നേൽപ്പിച്ചു.

ബോധം തെളിഞ്ഞപ്പോൾ മുതൽ നീ പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുകയോ ചെയ്യുകയോ ഒക്കെ ആയിരുന്നു. ഇടക്ക് നീ മാലിനി മിസ്സിനെ ബോഡിയിൽ കരാട്ടെ പ്രാക്ടീസ് ചെയ്യാൻ നോക്കി. അതോടെ അവര് ജീവനും കൊണ്ടോട്ടി. നിനക്കു ബോധം വരുമ്പോൾ വിളിക്കാനും ഞങ്ങളെ പറഞ്ഞേൽപ്പിച്ചു.” “അത് മാത്രമാണോ.. നീ എന്തൊക്കെയാ ഇവിടെ കാട്ടി കൂട്ടിയത് എന്നറിയോ. ദേ കുറെയൊക്കെ ഞങ്ങൾ വീഡിയോ പിടിച്ചു. കുറെ കണ്ടു ചിരിച്ചു. അവസാനം നീ പറഞ്ഞത് തന്നെ പറയുന്നത് കേട്ടു ബോറടിച്ചപ്പോൾ പബ്‌ജി കളിക്കാൻ തുടങ്ങി. ഇതിനിടയിൽ നീ കിടന്ന് ഉറങ്ങി. ദേ ഇപ്പോൾ എഴുന്നേറ്റു.

ഇതാണ് നടന്നത്.” “പിന്നെ നീ ഡ്രഗ്സ് യൂസ് ചെയ്യാറുണ്ടോ എന്നു ചോദിച്ചു മിസ്. ഞങ്ങൾ ഇല്ലന്ന് പറഞ്ഞെങ്കിലും ആദ്യം അവർക്ക് വിശ്വാസം ആയില്ല. പിന്നെ നിനക്ക് ആരെങ്കിലും പണി തന്നതാകാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞപ്പോഴാ ബോധ്യമായത്.” തന്റെ ഇടവും വലവും നിന്ന് മരിയയും നന്ദുവും പറഞ്ഞു കേട്ടതെല്ലാം വിശ്വസിക്കാനാകാതെ അമ്പു ഇരുന്നു. പണി തന്നതാണെങ്കിൽ അക്കിയും ടീമും ആണെന്ന് ഉറപ്പാണ്. പക്ഷെ എന്താ അവരുടെ ഉദ്ദേശം? സ്റ്റേജിൽ കയറ്റി അപമാനിക്കാൻ ആയിരുന്നോ? അതോ ബോധം കെടുത്തി ഉപദ്രവിക്കാനോ? അപ്പോൾ വീഴാൻ പോയപ്പോൾ തനിക്ക് ഫീൽ ചെയ്ത അവന്റെ സാമീപ്യം..?

നന്ദ കാണിച്ച വീഡിയോ കണ്ട് അമ്പു ഞെട്ടിപ്പോയി. എന്തെല്ലാം കോപ്രായങ്ങൾ ആണ് താൻ കാണിച്ചത്.. പെട്ടന്നാണ് താൻ വീഴാൻ പോയപ്പോൾ ചേർത്തു പിടിച്ചവനെ ഓർമ വന്നത്. “മിസ്സുമാർ ആണോ ഞാൻ വീഴുന്നത് കണ്ടത്?” “ആയിരിക്കും. ഞങ്ങൾ വരുമ്പോൾ ഇവിടെ മാലിനി മിസ്സും അനില മിസ്സും വിവേക് സാറും മാത്രമേ ഉണ്ടായുള്ളൂ” “വേറെ ആരും ഇല്ലന്ന് ഉറപ്പാണോ?” “വേറെ ആര്..?” “അല്ല.. വേറെ ആരെങ്കിലും കണ്ടോ എന്നറിയാൻ ആണ്.” അപ്പോൾ അവനെവിടെ പോയി? ഇവരോട് ചോദിക്കാനും പറ്റില്ലല്ലോ… ആലോചിച്ചു ഭ്രാന്തു പിടിച്ചപ്പോൾ അമ്പു അപ്പുവിനെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു. അഞ്ചു മിനിറ്റിനകം അപ്പു എത്തി.

മരിയയെയും നന്ദുവിനെയും ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞു വിട്ട് അമ്പു അവന്റെ കൂടെ പോയി. അവൾ പോകുന്നത് നോക്കി നിന്ന വിഷ്ണു സ്വന്തം കൈ ഭിത്തിയിൽ ഇടിച്ചു ദേഷ്യം തീർത്തു. “ഛെ. ഇത്തവണയും രക്ഷപെട്ടു പുന്നരമോള്” “നിന്നെ കൊണ്ടൊന്നും പറ്റില്ലെങ്കിൽ ഒരു ചാൻസ് ഞങ്ങൾക്ക് താ. അവള് ജീവനും കൊണ്ട് ഇവിടുന്ന് പറക്കുന്നത് ഞങ്ങൾ കാണിച്ചു തരാം” ഗായത്രി പറഞ്ഞു. “ആരും ഒന്നും ചെയ്യണ്ട. എനിക്കറിയാം അവളെ എങ്ങനെ ഒത്തുക്കണം എന്ന്. ഇനി നിന്റെയൊന്നും സഹായം എനിക്ക് ആവശ്യമില്ല. അക്കി ഒറ്റക്ക് ചെയ്‌തോളാം” അക്കി എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കി തന്റെ വണ്ടിയുമെടുത്തു പോയി. ●●●●●●●●●●●●●●●●●●●●●●●●●●●●●●●

“അപ്പുവേട്ടാ. എനിക്കൊരു കാര്യം പറയാനുണ്ട്. നമുക്കെവിടെങ്കിലും ഇരിക്കാം?” അപ്പുവിനും അത് തോന്നിയിരുന്നു. രാവിലെ വലിയ സന്തോഷത്തോടെ പോയവൾ പ്രോഗ്രാം പകുതിവഴിയിൽ നിർത്തി തിരികെ വന്നത് വെറുതെ ആയിരിക്കില്ലല്ലോ. അവൻ അമ്പുവിനെയും കൊണ്ട് ചെറിയൊരു കോഫി ഷോപ്പിൽ കയറി. “എന്താ അമ്പു..? നിനക്കെന്താ പറ്റിയത്?” “അപ്പുവേട്ടാ.. എനിക്ക്… എനിക്കൊരു പയ്യനോട് ഒരു ഇഷ്ടം ഒക്കെ തോന്നുന്നു” അപ്പു അത്ര പ്രതീക്ഷിച്ചിരുന്നില്ല. “എന്ത്..?” “ഏട്ടൻ പേടിക്കല്ലേ.. ഇത് അവന് അറിയുകപോലും ഇല്ല. അപ്പുവെട്ടനും എനിക്കും അല്ലാതെ മറ്റാർക്കും അറിയില്ല” “ആരാ ആള്? ആ അഖിലേഷ് ആണോ?” “അയ്യേ. ആ കാട്ടുപോത്തൊന്നും അല്ല.

ഇതൊരു പാവം പയ്യൻ ആണ്. ഞാൻ സ്റ്റഡി ലീവിന്റെ സമയത്ത് എന്നും അമ്പലത്തിൽ പോകില്ലായിരുന്നോ. അപ്പോഴാണ് അവനെ അവിടെ കണ്ടു തുടങ്ങിയത്. പിന്നെ കഴിഞ്ഞയാഴ്ച്ച അവനെ കോളേജിൽ കണ്ടു. അവൻ ഞങ്ങളുടെ സീനിയർ ആണ്. അഖിലേഷിന്റെയൊക്കെ ബാച്ച്.” അപ്പോഴേക്കും അവർക്കുള്ള കോഫി വന്നു. “എന്താ അവന്റെ പേര്?” “അതൊന്നും അറിയില്ല ഏട്ടാ” “പേരുപോലും അറിയാതെയാണോ അമ്പു നീ ഒരാളെ സ്നേഹിക്കുന്നത്..?” “അപ്പുവേട്ടാ ഇത് ഏട്ടൻ കരുത്തുന്നപോലെ പ്രണയം ആണോ എന്നൊന്നും എനിക്കറിയില്ല. ആണെങ്കിൽ തന്നെ ഈ പതിനേഴ് വയസിൽ പ്രണയിച്ചു നടന്ന് എന്റെ സ്വപ്നങ്ങൾ ഒന്നും ഇല്ലാതെയാക്കാൻ ഞാൻ ഒരുക്കമല്ല” “പിന്നെ നീ പറഞ്ഞതോ?”

“ഏട്ടാ അവനെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആണ്. കാണാതെയിരിക്കുമ്പോൾ ഭയങ്കര സങ്കടവും. അവൻ കൂടെയുണ്ടെങ്കിൽ ഞാൻ എന്നും ഹാപ്പി ആയിരിക്കും എന്നൊരു തോന്നൽ അത്രേയയുള്ളൂ. അതല്ലാതെ അവന്റെ പേരോ വീടോ ഒന്നും ഞാൻ അന്വേഷിച്ചിട്ടില്ല. കോളേജിൽ ചോദിച്ചാൽ അറിയാൻ കഴിയും. പക്ഷെ വേണം എന്ന് തോന്നുന്നില്ല. എന്നെങ്കിലും പരസ്പരം സംസാരിച്ചാൽ അന്നറിഞ്ഞാൽ മതി എനിക്ക് എല്ലാം.” തന്റെ പെങ്ങളെ നന്നായി അറിയുന്നത് കൊണ്ട് അപ്പു ചിരിച്ചുകൊണ്ട് ഇരുന്നതെയുള്ളൂ. “ഏട്ടാ പിന്നെ ഇന്ന് വേറൊരു സംഭവം കൂടെ ഉണ്ടായി” “എന്ത്?” ഇന്ന് ഉണ്ടായ സംഭവവും അതിൽ അക്കിയുടെ പങ്കിനെക്കുറിച്ചുള്ള തന്റെ സംശയങ്ങളും അമ്പു അവനോട് പറഞ്ഞു.

ദേഷ്യം കൊണ്ട് അപ്പുവിന്റെ മുഖം വലിഞ്ഞുമുറുകി. “ഞാൻ ഇടപെടട്ടേടാ..?” അപ്പു അവളോട് ചോദിച്ചു. “വേണ്ട ഏട്ടാ. അയാൾക്ക് എന്താ എന്നോടിത്ര ദേഷ്യം എന്നറിയില്ല. എന്തുതന്നെ ആയാലും ഞാൻ ഒന്ന് നോക്കട്ടെ. എനിക്ക് സോൾവ് ചെയ്യാൻ പറ്റാത്ത പ്രശ്നം ആണെങ്കിൽ ഞാൻ ഏട്ടനോട് പറയാം. ഇപ്പോ ഒന്നിനും പോകേണ്ട” അപ്പു അത് ശരിവച്ചു. “പിന്നെ നിന്റെ അമ്പലവാസിയുടെ കാര്യം അച്ഛനോടും അമ്മയോടും ഇപ്പോ പറയേണ്ട. അവർ പഴയ ആളുകൾ അല്ലെ. ഏതു സെൻസിൽ ആണ് കാര്യങ്ങൾ എടുക്കുക എന്നറിയില്ലല്ലോ” അമ്പു അതു ശരിവച്ചു. തലവേദന കാരണം പ്രോഗ്രാം പകുതി വഴിക്ക് വച്ചു വന്നതാണ് എന്ന് അമ്മയോട് കള്ളം പറഞ്ഞു അവൾ മുറിയിൽ പോയി കിടന്നുറങ്ങി.

അപ്പുവിന് ഒരു എമർജൻസി വന്ന് വരാൻ കഴിയാത്തത് കാരണം ബന്ധുവീട്ടിലേക്കുള്ള പോക്ക് അവർ മാറ്റിവച്ചു. പിറ്റേന്ന് അമ്പു അമ്പലത്തിൽ പോകാൻ റെഡിയായി വന്നപ്പോഴേക്കും അപ്പുവും ഇറങ്ങിവന്നു. “നീ ഇത് എവിടേക്കാ?” “കണ്ടാൽ അറിയില്ലേ? അമ്പലത്തിലേക്ക്” “അത് പതിവില്ലാത്തത് കൊണ്ടാ ചോദിച്ചത്” അതിന് മറുപടിയായി അമ്മയെ ഒന്ന് ചിരിച്ചു കാണിച്ചു, ചുണ്ട് കൂർപ്പിച്ചു തന്നെ നോക്കി നിൽക്കുന്ന അമ്പുവിനെയും കൊണ്ട് അപ്പു നടന്നു. “ഞാൻ നിന്റെ ഏട്ടൻ അല്ലേടി. നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല, എന്റെയൊരു ഉറപ്പിന് വേണ്ടിയാണ് അവനെ കാണാൻ തീരുമാനിച്ചത്.”

പോകുന്ന വഴി അവൻ പറഞ്ഞു. അമ്പു മിണ്ടിയില്ല. ഇന്ന് അമ്പുവിനെ പിടിച്ചു നിർത്തി കാര്യങ്ങൾ ചോദിക്കാൻ ഉറപ്പിച്ചാണ് അവനും ഇറങ്ങിയത്. പക്ഷെ കൂടെ അവളുടെ ഏട്ടൻ ഉളളത് കാരണം അതിന് കഴിഞ്ഞില്ല. അവൻ ഒന്നും അറിയാത്തപോലെ തന്റെ വഴിക്ക് പോയി. ഇതിനിടയിൽ അമ്പു അവനെ അപ്പുവിന് കാണിച്ചു കൊടുത്തിരുന്നു. അപ്പു അവന്റെ ഒന്നുരണ്ടു ഫോട്ടോസ് ഫോണിൽ എടുക്കുകയും ചെയ്തു. അന്ന് ക്ലാസ് കഴിഞ്ഞിറങ്ങിയ അമ്പുവിനെ അക്കി കയ്യിൽ പിടിച്ചു വലിച്ചു. അധികം ആരുടെയും ശ്രദ്ധ കിട്ടാത്ത രീതിയിൽ തൂണിന്റെ മറവിൽ കൊണ്ടുപോയി ചേർത്തു നിർത്തി. അവൻ അവളുടെ തൊട്ടുമുൻപിൽ വന്നു ചേർന്നു നിന്നു.

“എന്താ?” അമ്പുവിന്റെ ഒട്ടും പേടിയില്ലാതെയുള്ള ചോദ്യം കേട്ട് അവനൊന്ന് പതറി. പിന്നെ മെല്ലെ തന്റെ വളത്തുകയ്യെടുത്ത് അവളുടെ ഇടത്തെ തോളിൽ വച്ചു ആ കണ്ണുകളിലേക്ക് നോക്കി. അപ്പോഴും അമ്പുവിന് യാതൊരു കുലുക്കവുമില്ല. “ഇത്ര സുന്ദരനായ ഒരു ചെറുപ്പക്കാരൻ തൊട്ടടുത്തു വന്നു നിന്നിട്ടും, തോളിൽ കയ്യിട്ടിട്ടും, കണ്ണിൽ നോക്കിയിട്ടും പാറപോലെ നിൽക്കാൻ ഇവൾക്ക് എങ്ങനെ പറ്റുന്നു..?”….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 6

Share this story