ഗോപികാ വസന്തം : ഭാഗം 5

ഗോപികാ വസന്തം : ഭാഗം 5

എഴുത്തുകാരി: മീര സരസ്വതി

വീട്ടിലെത്തിയതും നേരെ മുറിയിലേക്ക് നടന്നു. മനസ്സൊടൊപ്പം ശരീരത്തിനും തളർച്ച ബാധിച്ചത് പോലെ. ഒന്ന് കിടക്കണമെന്ന് തോന്നി. ബെഡിൽ ഗോപു അഴിച്ചു വെച്ച സാരി അലസമായി കിടപ്പുണ്ടായിരുന്നു. അതും വാരിയെടുത്ത് അതിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ബെഡിലേക്ക് ചാഞ്ഞു. ആ മുറിയിൽ അവളുടെ ഓർമകളും ഗന്ധവും തങ്ങി നിൽക്കുംപോലെ. പൊട്ടി വന്ന കരച്ചിൽ മഴയായി പെയ്തു തീർത്തു. എപ്പോഴോ ഒന്നുറങ്ങിപ്പോയിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മ വന്ന് വിളിച്ചതൊക്കെ ഒരു സ്വപ്നം പോൽ അറിഞ്ഞിരുന്നെങ്കിലും എണീറ്റില്ല. വൈകിട്ടൊരു ചായ മസ്റ്റാണെനിക്ക്. ഇല്ലെങ്കിൽ തലവേദനയുറപ്പാ.

ഒരിക്കൽ കോളേജിൽ ഗോപുവിനോടും ഫ്രണ്ട്സിനോടും സംസാരിക്കുന്നതിനിടയിലാണ് ചായകുടിക്കാനുള്ള കലശലായ തോന്നലുണ്ടായത്. ചായകുടിക്കാനുള്ള ക്യാന്റീനിലേക്കുള്ള ഓട്ടത്തിനിടയിൽ പിറകിൽ അവളുടെ കളിയാക്കൽ കേൾക്കാമായിരുന്നു. “ഇവിടൊരാൾക്കു ചായ കുടിച്ചില്ലേൽ ചാരായം കുടിക്കാത്തതു പോലെയാ.. കൈയും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങും..” പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞത് ഇന്നൊരു വേദനയോടെ മാത്രമെ ഓർക്കാനാവുന്നുള്ളൂ.. എന്തോ ചായപോലും വേണമെന്ന് തോന്നുന്നില്ല. കണ്ണിനുമേൽ കൈവെച്ച് അതുപോലെ തന്നെ കിടന്നു. തലവേദന സഹിക്കാവുന്നതിനും അപ്പുറമായിട്ടുണ്ട്. എന്നിട്ടും സ്വയം ശിക്ഷയേറ്റും വാങ്ങും പോലെ കടിച്ചു പിടിച്ചു കിടന്നു.

രാത്രിയിൽ അമ്മ വന്ന് മൂക്കുപിഴിഞ്ഞു തുടങ്ങിയതും അമ്മയെ ബോധിപ്പിക്കാൻ എന്നപോലെ കഴിക്കാൻ ചെന്നു. ഒരുവിധം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റതും ചർദ്ധിക്കാൻ തോന്നിയതും ഒരുമിച്ചായിരുന്നു. വാഷ്‌റൂമിലേക്ക് ഓടിച്ചെന്ന് കഴിച്ചത് മുഴുവനും ചർദ്ധിച്ചതും തലവേദനയ്ക്ക് നല്ല ക്ഷമനം തോന്നിയിരുന്നു. പിന്നീടുള്ള രണ്ട് ദിവസവും പുറത്തിറങ്ങാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അവളുടെ ഓർമ്മകൾ വീർപ്പുമുട്ടിക്കും പോലെ തോന്നിയതും കീ എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് ആ യാത്ര അവസാനിച്ചത് മാനസീക ആരോഗ്യ കേന്ദ്രത്തിലായിരുന്നു. അവളെ എങ്ങനേലും കാണണം അത് മാത്രമായിരുന്നു ചിന്ത. “വസന്ത്‌.. ആളിപ്പോ അതേ അവസ്ഥയിൽ തുടരുന്നുണ്ടത്രേ. ട്രീറ്റ്‌മന്റ്‌ ഒക്കെ നടക്കുന്നുണ്ട്. ഒരാഴ്ച എടുക്കും ആ മരവിപ്പോക്കെ ഒന്ന് മാറാൻ.

എന്നാലും വസന്തിപ്പോൾ കാണാൻ ശ്രമിക്കേണ്ട. കാണണമെന്ന് അത്ര നിർബന്ധമാണേൽ ആളെയൊന്ന് പുറത്തേക്ക്‌ കൊണ്ടുവരാം. ദൂരെ നിന്ന് കണ്ടോളു. അടുത്തേക്ക് ചെല്ലരുത്..” ഒരു വാണിംഗ് പോലെ ഡോക്ടർ പ്രദീപ് അത് പറഞ്ഞതും സമ്മതിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. ആ ബിൽഡിങ്ങിന്റെ അങ്ങേ അറ്റത്ത് തൂണിന്റെ മറവിൽ പോയി നിന്നു. കുറച്ച് കഴിഞ്ഞതും ഒരു സിസ്റ്റർ അവളെയും കൂടെ കൂട്ടി ഗാർഡിനരികിലായുള്ള ബെഞ്ചിൽ പോയിരുന്നു. രണ്ടു ദിവസം കൊണ്ട് തന്നെ ആകെ കോലം കെട്ടുപോയി പെണ്ണ്. സിസ്റ്റർ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. ആളൊന്നും കേൾക്കുന്നുപോലുമില്ലെന്ന് തോന്നി. എന്തോ ഓടിച്ചെന്ന് കെട്ടിപ്പുണരണമെന്ന് തോന്നിപോയി.. എന്നെങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റുമോ പെണ്ണെ.. വേദനയോടെ അവിടെനിന്നും ഇറങ്ങി.

കല്യാണം പ്രമാണിച്ച് കോളേജിൽ ലീവ് പറഞ്ഞിരുന്നു. വിവാഹ ക്ഷണത്തിനും മറ്റുമായി അച്ഛനുമമ്മയും നിർബന്ധിച്ചു എടുപ്പിച്ചതായിരുന്നു. പക്ഷെ റൂമിൽ ചടഞ്ഞു കൂടി ഇരിക്കുന്നതിനാൽ നാളെ തൊട്ട് കോളേജിൽ പോയി തുടങ്ങാൻ അച്ഛൻ വാശിപിടിച്ച് തുടങ്ങി. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ ടെൻഷൻ കൂടുകയേ ഉള്ളു അതിനാൽ പോകുന്നതാണ് നല്ലതെന്ന് എനിക്കും തോന്നിയിരുന്നു. രാവിലെ കോളേജിലോട്ടുള്ള യാത്രയിൽ വഴിയിൽ കാണുന്ന പരിചിത മുഖങ്ങളിൽ ചിലരിൽ പരിഹാസമോ അനുകമ്പയോ ഒക്കെ നിറഞ്ഞ് നിൽക്കും പോലെ. തോന്നലാകാം ചിലപ്പോൾ. അവൾ കോളേജിൽ ചേർന്നപ്പോൾ തൊട്ട് കോളേജിൽ പോകുമ്പോഴും തിരികെ വരുമ്പോഴും ഈ ബൈക്കിനു പുറകിൽ വഴിനീളെ കലപില സംസാരിച്ചു കൊണ്ട് അവളും ഉണ്ടാകാറുണ്ട്.

ഇന്നെന്തോ വലിയൊരു ശൂന്യത പോലെ തോന്നുന്നു. കോളേജിലെത്തിയപ്പോഴും അവസ്ഥ മറിച്ചായിരുന്നില്ല. പിള്ളേരുടെ ഇടയിൽ മുറുമുറുപ്പുകളും അടക്കിപ്പിടിച്ച ചിരികളും. എല്ലാരും അറിഞ്ഞു കാണും. നാട്ടിലും കോളേജിലുമൊക്കെ ഞാനും ഗോപുവുമായിരുന്നല്ലോ പ്രണയ ജോഡികൾ. അവർക്കൊക്കെ ഞങ്ങളുടേതൊരു പ്രണയ വിവാഹവുമാണല്ലോ. സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോഴാണ് വരാന്തയിൽ നൗഫലിനെ കണ്ടത്. എന്നും ഇപ്പോഴും എന്റെ ഇണ പിരിയാത്ത കൂട്ടുകാരൻ. വളർന്നതും പഠിച്ചതുമൊക്കെ ഒരുമിച്ച്. കോളേജിൽ രണ്ടു പേരും രണ്ട് വിഷയങ്ങളാണ് എടുത്തെങ്കിലും ഒരേ ഹോസ്‌റ്റസ്‌ലിൽ ഒരേ മുറിയിൽ താമസിച്ചവർ. ഇപ്പോൾ ഒരേ കോളേജിൽ വർക്ക് ചെയ്യുന്നവർ.

എന്നെ കുറിച്ച് അവനോ അവനെ കുറിച്ച് എനിക്കോ അറിയാത്തതായി ഒന്നും തന്നെയില്ല. എന്നെ കണ്ടതും വേഗത്തിൽ അവനടുത്തേക്ക് വന്നു. “വരേണ്ടിയിരുന്നില്ല വസൂ. കോളേജ് മൊത്തം അറിഞ്ഞു കാര്യങ്ങളൊക്കെ. നീ ഇനി സ്റ്റാഫ്‌റൂമിൽ കയറാൻ നിൽക്കേണ്ട.. പെട്ടെന്ന് പോകാൻ നോക്ക്..” “സാരമില്ലെടാ.. ഇതൊക്കെ ഞാൻ ചെയ്ത തെറ്റിനു പകരമാകുമെങ്കിൽ ആകട്ടെ…” “അങ്ങനെ അല്ലാ വസൂ.. ഞാനിപ്പോ പറഞ്ഞാൽ ശെരിയാകോന്ന് അറിയില്ലാ.. എന്നാലും പറയാം.. ഇവിടിപ്പോ നീയൊരു സ്ലീവാച്ചനാ.. പ്രേമിച്ച് കെട്ടി ഫസ്റ്റ് നൈറ്റിൽ കെട്ട്യോളെ പേടിപ്പിച്ചവൻ… വേണ്ടാ വസൂ.. തിരിച്ചു പോകാൻ നോക്ക്..ലീവ് തീരാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. അപ്പോഴേക്കും ആൾക്കാർ കാര്യങ്ങൾ മറന്നുതുടങ്ങും..”

“സാരമില്ല നൗഫു.. ഞാനിതൊക്കെ കേൾക്കാൻ അർഹനാ.. എത്രയായാലും എന്തൊക്കെ ആയാലും എന്റെ ഗോപു വേദനിച്ചത്രയും ആകില്ലാലോ.. ഞാൻ.. ഞാൻ.. കാരണമല്ലേ ആ പാവം..” “നീ അതിനു അവളുടെ നല്ലതാഗ്രഹിച്ച് ചെയ്തതല്ലേ വസൂ.. അസുഖമൊക്കെ മാറി അവള് പഴയ ഗോപു ആയി വരുമെടോ..” “വന്നാലും അവളെന്നെ വെറുക്കില്ലേ നൗഫു.. പഴയ സൗഹൃദം പോലും നിക്ക് നഷ്ടമാകില്ലേ ഇനി.. അവളെ നഷ്ടപ്പെടുന്നത് ആലോചിക്കാൻ പോലും വയ്യെടാ..” സ്റ്റാഫ്‌റൂമിലും എന്നെക്കണ്ട പലമുഖങ്ങലിലും പുച്ഛച്ചിരി വിടരുന്നുണ്ട്. കാര്യമാക്കിയില്ല.. അല്ലെങ്കിലും മനുഷ്യർക്കിഷ്ടം മറ്റുള്ളവരുടെ തകർച്ചയിൽ സന്തോഷിക്കാനാണല്ലോ. പക്ഷെ ക്ലാസ്സിൽ എത്തിയപ്പോൾ അവസ്ഥ മറിച്ചായിരുന്നു.

ക്ലാസ്സെടുക്കുമ്പോഴൊക്കെ ശ്രദ്ധ അറിയാതെ അവളിരുന്ന ഭാഗത്തേക്ക് പോകുന്നു. അവളിരുന്നിടം ശൂന്യമായി കാണുമ്പോൾ ഉള്ളം വേദനയാൽ കൊളുത്തി വലിക്കും പോലെ. ക്ലാസ്സെടുക്കാൻ ഒരു ഫ്ലോ ഇല്ലാത്തത് പോലെ. പലപ്പോഴും പിള്ളേർക്ക് ഒന്നും മനസിലാകുന്നില്ലയോ എന്ന് പോലും തോന്നിപോയി. ഒടുവിൽ ഒരു വിധം ക്ലാസ്സെടുത്തെന്ന് വരുത്തി. ആ ഹവർ തീർന്നതും പ്രിൻസിപ്പൽ റൂമിലേക്ക് നേരെ പോയി പിന്നെയും ലീവ് നീട്ടി വാങ്ങിച്ചു. നൗഫലിനോട് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു. ഇനിയും പിള്ളേരുടെ മുന്നിൽ വിഡ്ഢിയാകാൻ കഴിയില്ലെന്നു തോന്നി. 🌺🌺🌺🌺🌺 എനിക്ക് പറ്റുന്നില്ലെടി പെണ്ണെ.. നിന്റെ ഓർമ്മകൾ എന്നെത്തന്നെ നഷ്ടമാക്കും പോലെയുണ്ട്.

നീയില്ലാതെ ഈ വസൂനു ഒരു നിമിഷം പോലും ഇനി പറ്റില്ലാ.. എന്റെ കണ്മുന്നിൽ ഇനി നീയില്ലാതിരുന്നാൽ വേദനയാൽ നീറി നീറി ഞാനില്ലാതാകും. നിന്റെ വിടവ് എന്റെ ജീവിത്തിൽ സൃഷ്ടിക്കുന്ന ശൂന്യത അത്രയേറെ വലുതാണ് ഗോപൂ.. ഇപ്പോൾ എന്റെ ഓർമകളും ചിന്തകളുമൊക്കെ നിന്നെ ചുറ്റിപറ്റി മാത്രമാണ് പെണ്ണേ.. നീയിത് വല്ലതും അറിയുന്നുണ്ടോ. വസൂനിനി നീ ഇല്ലാതെ പറ്റില്ലെന്ന്.. മുന്നിലുണ്ടായാൽ മാത്രം മതി. വെറുത്താലും സാരമില്ല.. നിന്നെ താലികെട്ടുമ്പോൾ എന്റെ പെണ്ണാണെന്ന് വിദൂരതയിൽ പോലും ചിന്തിച്ചിരുന്നില്ല ഗോപൂ. പക്ഷെ ഇനിയീ വസുവിന്റെ ചിന്തകളിൽ പോലും എന്റെ ഗോപുവല്ലാതെ വേറൊരു പെണ്ണും ഉണ്ടാകാൻ പോണില്ല.. നീയിനി എന്നെ അംഗീകരിച്ചില്ലേലും ശെരി..

ബാല്കണിയിലെ റൈലിങ്ങിൽ ചാരി നിന്ന് മാനം നോക്കി നിന്നു. മദനപ്പൂ മണം മൂക്കിൽ അരിച്ചു കയറുന്നുണ്ട്. ആകാശത്തിൽ നിറയെ നക്ഷത്രങ്ങൾ പൂത്തു കിടപ്പുണ്ട്.. എന്നെ നോക്കി കണ്ണുചിമ്മി അവ ആശ്വസിപ്പിക്കും പോലെ. നമ്മുടെ ദുഃഖങ്ങൾ ഉൾക്കൊള്ളാൻ നക്ഷത്രങ്ങൾക്ക് പ്രത്യേക കഴിവുണ്ടെന്ന് തോന്നിപോയി. പണ്ട് തൊട്ടേ ഇങ്ങനെയാ.. എന്തെങ്കിലും വിഷമം വരുമ്പോൾ ഈ ബാല്കണിയിലിങ്ങനെ മാനവും നോക്കി മദനപ്പൂ ഗന്ധവും ആസ്വദിച്ചിങ്ങനെ നിൽക്കും.. മനസ്സ് ഒത്തിരി റിലാക്‌സാകുന്നത് അറിയാൻ പറ്റും. ആഴചയിൽ ഒരു ദിവസമെങ്കിലും അവളറിയാതെ അവളെ പോയി കാണാറുണ്ട്. ഒന്നര മാസമായി അവളവിടെ. ഇപ്പോൾ പഴയതു പോലെയല്ല. അവിടെ ഉള്ളവരോടൊക്കെയും നല്ല കൂട്ടാണെന്നറിഞ്ഞു.

ഇടയ്ക്ക് അവളുടെ കാര്യങ്ങളറിയാൻ ലക്ഷ്മി അമ്മയെയും വിളിക്കാറുണ്ട്. എന്നെക്കുറിച്ചു എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോന്ന് എന്ന് ലക്ഷ്മി അമ്മയോട് ഒരിക്കൽ വെറുതെ ഒരു കൊതികൊണ്ട് ചോദിച്ചിട്ടുണ്ട്. മൗനമായിരുന്നു മറുപടി. എനിക്കറിയാം ആ മനസ്സ് മുഴുവൻ എന്നോടുള്ള വെറുപ്പ് മാത്രമാകും. എന്തോ എനിക്കവളെ ശബ്ദം കേൾക്കണമെന്ന് തോന്നിപോയി. വിളിച്ചു നോക്കിയാലോ ചിലപ്പോ അവൾ ഫോൺ എടുത്താലോ… ഇത്രയും നാളിൽ ഒരിക്കൽ പോലും അവൾ ഫോണെടുത്തിട്ടില്ല. എങ്കിലും പ്രതീക്ഷ വിടാതെ ലക്ഷ്മി അമ്മയുടെ നമ്പറിൽ ഡയൽ ചെയ്തു. “ഹെലോ.. ലക്ഷ്മിയമ്മേ.. കിടന്നായിരുന്നോ..” അപ്പുറം മൗനമായിരുന്നു. കുറച്ച് നേരം ഹെലോ പറഞ്ഞു നോക്കിയെങ്കിലും മറുപടിയൊന്നും ഇല്ലായിരുന്നു.

എന്തെങ്കിലും കോൾ എറർ ആകുമെന്ന് കരുതി കട്ട് ചെയ്യാൻ പോകുമ്പോൾ മറുപുറത്ത് ഒരു ദീർഘ നിശ്വാസം പോലെ. എന്തോ സ്വർഗ്ഗം കൈയ്യിൽ വന്നത്രയും സന്തോഷം തോന്നിപോയി. “ഗോപൂ..” പ്രതീക്ഷയോടെ വിളിച്ചു.. അപ്പോഴും മറുപടിയൊന്നും ഇല്ലായിരുന്നു. ആ ശ്വാസഗതിയും ശ്രവിച്ച് അങ്ങനെ തന്നെ നിന്നു. നിമിഷങ്ങൾ പോയതും ഫോൺ കട്ടായതറിഞ്ഞു. അപ്പോൾ എന്റെ ശബ്ദം കേൾക്കാൻ അവളും ആഗ്രഹിച്ചു കാണും. അതാകില്ലേ വിളിച്ചപ്പോൾ എടുത്തത്. അപ്പോൾ മിണ്ടാതിരുന്നതോ.. ഇപ്പോഴും വെറുപ്പ് തന്നെയാകും ആ മനസ്സിൽ ചിന്തകൾ കൂടിക്കുഴഞ്ഞു മറിഞ്ഞു.. മാറിമറിയുന്ന ചിന്തകളോടെ ചാരുകസേരയിലേക്ക് ചാഞ്ഞു..

(ഇത്രയും നേരം വസന്തല്ലേ കഥ പറഞ്ഞത് ഇനി ഗോപു പറയട്ടല്ലേ.. ആ മനസ്സിൽ എന്താണെന്ന് അറിയേണ്ടേ നമ്മൾക്ക്..) അമ്മയിന്ന് നേരത്തെ ഉറങ്ങിയിരുന്നു. എന്തോ ഉറക്കം വരാതെ ഡോക്ടർ രാവിലെ പറഞ്ഞ കാര്യങ്ങളോരോന്നും ആലോചിച്ചു കിടന്നു. ഹരിയേട്ടനും അവന്തികയും കാണുവാൻ വന്നപ്പോൾ തൊട്ടേ വസന്തേട്ടനോട് ഒന്ന് സംസാരിക്കണമെന്ന് തോന്നുന്നുണ്ട്. പലതവണ വിളിച്ചാലോ എന്നും ആലോചിച്ചു. പക്ഷെ എന്തോ ചമ്മൽ പോലെ.. വിളിച്ചിട്ട് എന്ത് പറഞ്ഞു തുടങ്ങുമെന്ന് ഒരു ഐഡിയയും ഇല്ലാത്തത്‌ പോലെ. താലിയിൽ മുറുകെ പിടിച്ച് കിടന്നു. അപ്പോഴാണ് അമ്മയുടെ ഫോൺ ശബ്ദിച്ചത്.. വസന്ത് കോളിങ്.. സ്‌ക്രീനിൽ തെളിഞ്ഞ് വന്ന പേര് കണ്ടത്തും ആകെയൊരു പരവേശം പോലെ.

വെപ്രാളപ്പെട്ട് ഫോൺ എടുത്തു ചെവിയിലോട്ട് വെച്ചു. ആ ശബ്ദം കേട്ടതും ഹൃദയം വേഗത്തിൽ മിടിക്കും പോലെ. തിരികെ എന്തേലും പറയാൻ ശബ്ദം വരാത്തത് പോലെ. എന്തൊക്കെയോ സംസാരിക്കാൻ തോന്നുന്നുണ്ടെങ്കിലും വാക്കുകൾക്കൊക്കെയും പഞ്ഞം വന്നത് പോലെ. മിണ്ടാതെ അതുപോലെ തന്നെ നിന്നു.. കുറച്ച് നേരം ആ ഹെലോകളിൽ മുഴുകിയങ്ങനെ നിന്നു. ഗോപൂ എന്നുള്ള ആ വിളിയിൽ ഞാൻ അലിഞ്ഞില്ലാതായത് പോലെ. കുറച്ച് നേരം മിണ്ടാതെ രണ്ടുപേരും അങ്ങനെതന്നെ നിന്നു. ഞാൻ എന്തേലും സംസാരിക്കുമെന്ന് ആള് പ്രതീക്ഷിക്കുന്നുണ്ടാകും എനിക്കാണേൽ ശബ്ദം പോലും ഇല്ലാത്ത അവസ്ഥയും. കൂടുതൽ പ്രതീക്ഷ കൊടുക്കേണ്ടെന്ന് തോന്നിയതും ഫോൺ കട്ട് ചെയ്തു നെഞ്ചോട് ചേർത്തുപിടിച്ച് കിടന്നു. ഇപ്പോഴും ആ ഗോപു വിളി ചെവിയിൽ അലയടിക്കും പോലെ. എന്നെ ദൂരെ നിന്ന് കണ്ടുപോകുന്നതൊക്കെയും ഞാൻ അറിയുന്നുണ്ട്. എങ്കിലും ഒരിക്കൽ പോലും ആളെ ഞാൻ കണ്ടിരുന്നില്ല.

എന്തോ എനിക്കും കാണണമെന്ന് ആഗ്രഹമൊക്കെ തോന്നുന്നുണ്ട്. കാര്യങ്ങൾ ഓരോന്നും അറിഞ്ഞപ്പോൾ തൊട്ട് എന്തോ ഒരിഷ്ടം ഇപ്പോൾ തോന്നുന്നുമുണ്ട്. പക്ഷെ.. എനിക്കറിയാം ദേവുവിനോളം ഒരിഷ്ടവും വസന്തേട്ടന് ആരോടും തോന്നില്ലെന്ന്. അവളുടെ അതേ രൂപമായിട്ടു കൂടിയും എന്നെയും അവളെയും പെട്ടെന്ന് വേർതിരിച്ചു മനസ്സിലാക്കുന്ന ആളാണ്. അവരുടെ പ്രണയ നിമിഷങ്ങൾക്കൊക്കെയും പലപ്പോഴും ഞാൻ സാക്ഷിയായിരുന്നു. എന്നാലും എനിക്കറിയില്ല.. ഈ താലിയെ ഈ താലികെട്ടിയ ആളെ ഞാൻ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ ജീവന് അത്രയേറെ വിലകൽപ്പിച്ചയാൾ ഇപ്പോൾ എന്റെ ജീവനായി മാറിയിരിക്കുന്നു. ഉറക്കം വരാതെ ആയപ്പോൾ ഇവിടെ വന്നപ്പോൾ തൊട്ടുള്ള ഓരോ കാര്യങ്ങളും ഓർത്തങ്ങനെ കിടന്നു.

കുറച്ച് ദിവസത്തെ മരുന്നും തെറാപ്പിയുമൊക്കെ ഒരു വിധം സ്വബോധത്തിലേയ്ക്കെത്താൻ എന്നെ സഹായിച്ചിരുന്നു. അപ്പോഴും മനസ്സിൽ ഹരിയേട്ടൻ ഒരു നോവായി നിന്നിരുന്നു. അറിയാതെ ആണെങ്കിൽ കൂടിയും ഹരിയേട്ടനെ ഞാൻ വഞ്ചിച്ചുവെന്ന തോന്നലിൽ നീറിത്തുടങ്ങി. വസന്തേട്ടനോട് അടങ്ങാത്ത ദേഷ്യവും. എന്നെ അത്രത്തോളംമനസ്സിലാക്കിയ വേറൊരാളില്ലെന്ന് വിശ്വസിച്ചിരുന്നു. എന്നിട്ടും എന്നെ ചതിച്ചെന്നത് താങ്ങാൻ പോലും പറ്റിയിരുന്നില്ല. ഡോക്ടറോട് വസന്തേട്ടനെ പറ്റി സംസാരിക്കാൻ ശ്രമിച്ചപ്പോഴും ഞാൻ കേൾക്കാൻ ശ്രമിച്ചില്ല. ആളുടെ പ്രവർത്തി അത്രയേറെ എന്നെ വേദനിപ്പിച്ചിരുന്നു. കഴുത്തിൽ കിടക്കുന്ന ഈ താലി ഒരു കുരുക്കായി മാത്രമാ ഞാൻ കാണുന്നത്.

ഇവിടുന്ന് ഇറങ്ങിയാലുടൻ എന്നെന്നേക്കുമായി അതഴിച്ചു മാറ്റണമെന്ന് ഉറപ്പിച്ചു. എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് സിസ്റ്റർ പറഞ്ഞത് കേട്ട് വിസിറ്റിംഗ് ഏരിയയിലേക്ക് പോയതാണ്. അവിടെ നിൽക്കുന്ന ആളെ കണ്ടതും സ്തബ്ധയായി നിന്ന് പോയി. “ഹരിയേട്ടൻ..” എന്റെ ചുണ്ടുകൾ മന്ത്രിച്ചതും ഓടി അണയാൻ തോന്നി. കഴുത്തിലെ താലിയെ കുറിച്ച് ഓർത്തതും ഹരിയേട്ടനെ കണ്ട ആവേശമെല്ലാം കെട്ടടങ്ങി. ഹരിയേട്ടന്റെ കൂടെ സുന്ദരിയായ ഒരുപെൺകുട്ടിയും വേറെ ഒരാളും കൂടി ഉണ്ടായിരുന്നു. ആ പെൺകുട്ടി അവന്തികയാകണം. ഹരിയേട്ടന്റെ ബെസ്റ്റ്‌ ഫ്രണ്ട്. എപ്പോഴോ അവളെക്കുറിച്ച് സംസാരിച്ചതോർത്തു. പതിയെ അവരുടെ അടുക്കലേക്ക് ചുവടു വെച്ചു….. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 4

Share this story