മൗനം : ഭാഗം 6

മൗനം : ഭാഗം 6

എഴുത്തുകാരി: ഷെർന സാറ

ഇയാളൊരിക്കലും നന്നാവാൻ പോകുന്നില്ല… !! എന്തിനാണ് അയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നോ,, അയാൾ എന്തെങ്കിലും തെറ്റ് ചെയ്തോന്നോ,, അതുമല്ലെങ്കിൽ അയാളെ പോലീസുകാർ ഉപദ്രവിച്ചോ എന്നൊന്നും ആരോടും തിരക്കാൻ പോയില്ല…തിരക്കാൻ തോന്നിയില്ല എന്നതാണ് സത്യം… തിരക്കാനും മാത്രം ബന്ധമൊന്നും ആ തെമ്മാടിയ്ക്ക് താൻ ഹൃദയത്തിൽ നൽകിയിട്ടില്ല… അയാളായി… അയാളുടെ പാടായി… മുന്നോട്ട് നടന്നു പോകുമ്പോൾ നാട്ടുകാരുടെ നോട്ടം എന്നിലേക്ക്‌ പാളി വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… എങ്കിലും അത് കാര്യമാക്കാതെ മുന്നോട്ട് നടന്നു…. ” ഇവനൊന്നും നന്നാവാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ പിന്നെ പെണ്ണ് കിട്ടാൻ നിൽക്കരുത്…

വെറുതെ ആ കൊച്ചിനെ കൂടി ബുന്ധി മുട്ടിക്കാനായിട്ട്… ” ഏതോ തല മൂത്ത കാരണവർ മറ്റാരോടോ പറഞ്ഞതാണ്… കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്… മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടാൻ എന്തൊരു മിടുക്കാണ് നാട്ടുകാർക്കൊക്കെയും… പതിവില്ലാതെ വീട്ടിൽ ചെന്നപ്പോൾ അമ്മ അത്ഭുതം കൂറുന്നുണ്ടായിരുന്നു… അത് കാര്യമാക്കാതെ കുളിച് തുണിയും മാറ്റി ഉമ്മറത്ത് എത്തിയപ്പോൾ അമ്മ ഒരു ഗ്ലാസ്‌ ചായയുമായി അവിടെ തന്നെ കാത്തിരിപ്പുണ്ടായിരുന്നു… ” മോനോട് പറഞ്ഞിട്ടാണോ നീ ഇങ്ങോട്ടേക്ക് വന്നത്… ” ചായ ഗ്ലാസ്‌ കയ്യിലേക്ക് തന്ന് കൊണ്ട് അമ്മ ചോദിച്ചപ്പോൾ ഒന്ന് കണ്ണുരുട്ടി നോക്കി… ” നീ കണ്ണുരുട്ടുകയൊന്നും വേണ്ട… കെട്ടു കഴിഞ്ഞ പെൺപിള്ളേർ ഭർത്താവിന്റെ ഇഷ്ടത്തിനൊത്താണ് ജീവിക്കേണ്ടത്…” അമ്മയും അല്പം ദേഷ്യത്തോടെ പറഞ്ഞപ്പോൾ ഉള്ളിൽ അയാളോട് എന്തിനോ ഒരു ദേഷ്യം നിറയുന്നുണ്ടായിരുന്നു… ”

എന്റെ വീട്ടിൽ വരാൻ എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല… ” എന്റെ ദേഷ്യം പ്രകടമാക്കികൊണ്ട് തന്നെ അമ്മയോട് പറഞ്ഞു… ” അവന്റെ ചിലവിൽ കഴിയുമ്പോൾ, സ്വന്തം വീട്ടിലേക്ക് ആയാൽ പോലും അവന്റെ സമ്മതമില്ലാതെ പോവാൻ പാടില്ല.. ” അമ്മയും വിട്ട് തരാൻ താല്പര്യമില്ലാത്തത് പോലെ വീണ്ടും മറുപടി പറഞ്ഞപ്പോൾ,, ഒന്നും രണ്ടും പറഞ്ഞ് വഴക്ക് അവിടെ മുറുകുകയായിരുന്നു.. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 ” എന്റെ പെണ്ണിനെ പറ്റി വേണ്ടാതീനം പറഞ്ഞാൽ ആളാരാണെന്ന് നോക്കാൻ പോലും ഉള്ള ക്ഷമ ഞാൻ കാണിച്ചെന്ന് വരില്ല സാറെ… അതിനെ ഏത് ദേവേന്ദ്രൻ ആണേലും അവന്റെ വാരിയെല്ല് തകർക്കും ഈ ആദിശങ്കരൻ.. ” “പ്ഫാ…എരണം കെട്ടവനെ…SI സാറിനോട് ആണോടാ നിന്റെയീ നെഗലിപ്പ്…

” പറച്ചിലിനൊപ്പം തന്നെ കോൺസ്റ്റബിളിന്റെ കയ്യുടെ ചൂടും കൂടി കവിളിൽ പതിഞ്ഞപ്പോൾ ദേഷ്യം കൊണ്ട് എന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു… ” തന്നോട് ആരാടോ അവനെ അടിക്കാൻ പറഞ്ഞത്… ഓരോന്ന് ഇറങ്ങിക്കോളും.. മനുഷ്യന് പണിയുണ്ടാക്കാൻ… മാറി നിൽക്കെടോ അങ്ങോട്ട്‌… ” SI കോൺസ്റ്റബിളിനോട് ചൂടായികൊണ്ട് എന്റെ നേരെ തിരിഞ്ഞു… ” നീ ആരാന്നാടാ നിന്റെ വിചാരം,, തെരുവ് ഗുണ്ടകളെ പോലെ തല്ലുകൂടാൻ നടക്കുന്നു… ” ” സാറ് പുതിയതായത് കൊണ്ട് ആളെ കുറിച്ച് വല്യ വിവരം ഒന്നും ഇല്ലല്ലോ… സ്വന്തം അളിയനെ കുത്തി കൊന്നതിന് എട്ടു വർഷം ജയിലിൽ കിടന്ന പുള്ളിയാ മുന്നിൽ ഇരിക്കുന്നത്… അപ്പൊ ഇതല്ല…ഇതിനപ്പുറം ഇവനിൽ നിന്ന് പ്രതീക്ഷിക്കണം ” മറ്റൊരു കോൺസ്റ്റബിൾ പറഞ്ഞത് കേട്ടതും SI എന്നെ നോക്കി നെറ്റി ചുളിച്ചു… ”

നിനക്കപ്പോൾ ഇത് തന്നെയാണോ തൊഴിൽ… നീ ഇപ്പൊ എന്ത് ചെയ്യുവാടാ… ഏഹ്… ” അല്പം പുച്ഛത്തോടെ എന്നെ നോക്കി SI ചോദിച്ചു… ” ബസ് ഡ്രൈവറാ… ” അത്രമാത്രം പറയുമ്പോൾ എന്റെ വാക്കുകളിലും ആരോടോ ഒക്കെയുള്ള നീരസം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു… ഒരുപക്ഷെ അത് അല്പം മുന്നേ തന്റെ ദേഹത്ത് പോലീസ് മുറകൾ പരീക്ഷിച്ച മറ്റു പോലീസുകാരോട് ആവാം… അതുമല്ലെങ്കിൽ തന്റെ ജോലി നോക്കി നടന്ന എന്നെ,, ഗായത്രിയുടെ പേരിൽ പേരിൽ പ്രകോപിച്ചു കൊണ്ട് ഒരു പ്രശ്നത്തിലേക്ക് നയിച്ച മറ്റു പലരോടും ആവാം… ” ഏത് ബസിൽ… ” ” പൗർണമിയിൽ .. ” “ആട്ടെ… നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്… ” ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഒന്ന് പകച്ചു പോയി…

എന്താണ് താൻ പറയേണ്ടത്… !! എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവനാണ് താനെന്നോ… അതോ താലി കെട്ടിയെന്ന പേരിൽ ഔദാര്യം പോലെ നിൽക്കുന്ന ഒരു ഭാര്യയുണ്ടെന്നോ… ഇതേ ഭാര്യയ്ക്ക് വേണ്ടി തല്ലുണ്ടാക്കിയിട്ടല്ലേ താൻ ഈ നിമിഷം ഇവിടെ ഇരിക്കുന്നത്… ഗായത്രി… അവൾ വന്നു കാണുമോ…ഇന്നത്തെ സംഭവങ്ങൾ ഒക്കെ അറിഞ്ഞു കാണുമോ… തന്നെ കാണാതെ അവൾ കാത്തിരിക്കുന്നുണ്ടായിരിക്കുമോ… പാവം… നേരം ഇരുട്ടിയാൽ പിന്നെ ഒറ്റയ്ക്കിരിക്കാൻ പേടിയാണ്… ഒറ്റ നിമിഷം കൊണ്ട് ഉള്ളിൽ അവളെ കുറിച്ചുളള ആദി വന്നു നിറയുകയായിരുന്നു… ” സർ,,, വീട്ടിൽ ഭാര്യ ഒറ്റയ്ക്കാണ്… എന്നെ… എന്നെ വിടാമോ… അവൾക്ക് ഒറ്റയ്കിരിക്കാൻ പേടിയാണ്… ” എന്റെ മുന്നിൽ ഇരിക്കുന്ന SI യെ നോക്കി വെപ്രാളത്തോടെ പറയുമ്പോൾ വാക്കുകൾ ഇടയ്ക്ക് മുറിയുന്നുണ്ടായിരുന്നു…

അദ്ദേഹം ചോദിച്ച ചോദ്യം എന്താണെന്ന് പോലും ആ നിമിഷം ഞാൻ മറന്നു പോയിരുന്നു… ” ആ ചിന്ത ഉള്ളവനായിരുന്നെങ്കിൽ പിന്നെ എന്തിനാടാ അടിയ്കും ഇടിയ്കും ഒക്കെ പോകുന്നത്… ” SI യുടെ ചോദ്യത്തിന് മുന്നിൽ മൗനമായി തല കുനിച്ചു നിന്നതെ ഉള്ളൂ… തനിക്ക് ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോയെ മതിയാവു…ഗായത്രി തനിച്ചാണ്… “ടാ… സർ നിന്നോട് ചോദിച്ചത് കേട്ടില്ലേ… ” തന്റെ മൗനം കണ്ടിട്ടാവണം കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ എന്നോട് ചൂടായത്… ” ഹ.. !! വിട്ടേക്കടോ… ടാ… വീട്ടിൽ ഇരിക്കുന്ന പെൺകൊച്ചിനെ ഓർത്ത് ഇപ്പൊ നിന്നെ വിടാം… തത്കാലത്തേക്ക് ഞാൻ case രജിസ്റ്റർ ചെയ്യുന്നില്ല… ഇനി ഇത്പോലുള്ള പ്രശ്നത്തിൽ എങ്ങാനും നിന്നെ കണ്ടാൽ… ” ഒരു താക്കീതോടെ SI പറഞ്ഞ് നിർത്തുമ്പോൾ ഞാൻ നന്ദി സൂചകമായി അയാളെ നോക്കി…

അപ്പോഴേക്കും മിഥു വക്കീലിനെയും കൂട്ടി വന്നിരുന്നു…അതിന്റെ ആവശ്യമില്ലായിരുന്നത് കൊണ്ട് സ്റ്റേഷനിൽ നിന്നും പെട്ടന്ന് ഇറങ്ങി… മിഥുവിനൊപ്പം എത്രയും പെട്ടെന്ന് വീട്ടിൽ എത്താനായിരുന്നു തിടുക്കം…. പാവം… ഗായത്രി ഒറ്റയ്ക്കാണ്… കരണ്ടെങ്ങാനും പോയാൽ… ഈശ്വരാ… അടുത്ത വീടുകൾ ഒന്നും തന്നെയില്ല…. പുഴയുടെ ഓരം ആയതിനാൽ, നിലങ്ങളും പറമ്പും ഒക്കെയാണ് ചുറ്റും… ഉള്ളിലെരിയുന്ന അഗ്നി മുഴുവനും അവൾ അവിടെ തനിച്ചാണല്ലോ എന്നോർത്താണ്…. പക്ഷെ വീട്ടിൽ എത്തിയപ്പോൾ ആകെ ഇരുട്ട് മൂടി കിടക്കുന്നു… ഒരു തുള്ളി വെളിച്ചം ഇല്ല… വരുന്ന വഴിയിൽ ഒക്കെയുള്ള വീടുകളിൽ ലൈറ്റ് തെളിയിച്ചിട്ടുണ്ടായിരുന്നു… അപ്പോൾ കറന്റ് പോയതല്ല… “പിന്നെ… പിന്നെന്താ… ” സ്വയം ചോദിക്കുമ്പോൾ ഒരു വെപ്രാളം എന്നെ വന്നു മൂടുന്നുണ്ടായിരുന്നു… ഇനി അവൾക്കെന്തെങ്കിലും…

ഏയ്‌ ഇല്ല….അവൾ പേടിച്ചിരിക്കുകയാവും.. സ്വയം മനസിനെ സമാധാനിപ്പിച്ചു കൊണ്ട് കയ്യിലെ ഫോണിൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് കൊണ്ട് മുറ്റത്തു കൂടി ഉമ്മറത്തേക്ക് നടക്കുമ്പോൾ മിഥുവും എനിക്കൊപ്പം ബൈക്കിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു… ” ടാ… ഗായത്രി ഇല്യേ ഇവിടെ… ” എന്ന് മിഥു ചോദിച്ചപ്പോൾ അവനു മറുപടി നൽകാതെ, ഉമ്മറത്തേക്ക് കേറി ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്ത് കതകിൽ തട്ടി വിളിക്കാൻ തുടങ്ങി… കുറെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോൾ വീണ്ടും ഒരു വെപ്രാളം… എന്റെയൊപ്പം മിഥുവും ഗായത്രിയെ വിളിച്ചു കൊണ്ട് വീടിന് ചുറ്റും നടക്കുമ്പോൾ,, മൗനം കൊണ്ട് തീർത്ത വേലി മറികടക്കാൻ ഹൃദയം തുടികൊട്ടുകയായിരുന്നു……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 5

Share this story