മഴമുകിൽ: ഭാഗം 18

മഴമുകിൽ: ഭാഗം 18

എഴുത്തുകാരി: അമ്മു അമ്മൂസ്

“”അത്…. സർ വീട്ടിലാണ്…. ഇന്നലേ വണ്ടി കഴുകുമ്പോൾ എടുത്ത് വച്ചതാ….”” വിനു പേടിയോടെ പറഞ്ഞു.. “”അത് കൊണ്ട് വന്നിട്ട് നീ ഇനി ഇവിടുന്ന് ബൈക്ക് എടുത്താൽ മതി. “”താക്കോൽ ഊരി എടുക്കുമ്പോൾ ശ്രീയുടെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു… അഭിയെ നോക്കിയപ്പോൾ കണ്ണും തള്ളി നിൽപ്പുണ്ട്… “”ബസ് വരുന്നത് കണ്ടില്ലേ…. മര്യാദക്ക് കോളേജിൽ പോടീ…. “”അവളെ നോക്കി മീശ നന്നായി ഒന്ന് പിരിച്ചു വച്ചുകൊണ്ട് ശ്രീ പറഞ്ഞു.. “”വി…. വിനുവേട്ടൻ….”” അവൾ വിനുവിനെ ചൂണ്ടി.. “”എന്താ അവൻ ഉണ്ടെങ്കിലേ നിനക്ക് കോളേജിൽ പോകാൻ പറ്റുള്ളോ…”” മുഖത്ത് ഗൗരവം ഒന്നൂടെ കനപ്പിച്ചു ശ്രീ. ചുമൽ രണ്ടും പൊക്കി അവൾ അല്ലെന്ന് കാണിച്ചു.. വിനു നിൽക്കുന്നതുകൊണ്ട് ഒന്നും പറയാൻ കഴിയില്ലായിരുന്നു…

പിന്നെ അതിനുള്ള ദേഷ്യം കൂടി വിനുവിനോട് കാട്ടുമോ എന്ന് പേടി തോന്നി അവൾക്ക്… “”ആഹ് എന്ന മര്യാദക്ക് ബസിൽ കേറിക്കോ… “” പിന്നൊന്നും ആലോചിക്കാൻ നിൽക്കാതെ വേഗം ബസിനു കൈ കാണിച്ചു.. കേറും മുൻപ് വിനുവിനെ നോക്കിയപ്പോൾ ദയനീയമായി അവളെ നോക്കി നിൽക്കുകയാണ്. ശ്രീ അവന്റെ തോളിൽ കൂടി കൈയിട്ടു പിടിച്ചിട്ടുണ്ട്. ചെക്കൻ നിന്ന് വിറക്കുവാണ്.. അവളെ നോക്കി വീണ്ടും കണ്ണുരുട്ടാൻ തുടങ്ങിയപ്പോഴേക്കും വേഗം അകത്തേക്ക് കേറി അവന്റെ മുന്നിൽ പെടാതെ നിന്നു. “”ഓരോ നേരത്തും ഓരോ സ്വഭാമവാ കാട്ടുമാക്കാന്…. ഇതിനെ ഞാനിപ്പോ എങ്ങനെയാ എന്റെ കൃഷ്ണ ഒന്ന് മെരുക്കി എടുക്കുന്നേ… “”അവൾ നെഞ്ചിൽ കൈ വച്ചു മുകളിലേക്ക് നോക്കി നിന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുന്നിൽ ഇരിക്കുന്ന ഫയലുകൾ ഓരോന്നായി നോക്കി തീർക്കുമ്പോഴും ദേവയുടെ മനസ്സിൽ ഇന്നലെ ഏട്ടത്തി പറഞ്ഞ വാക്കുകളായിരുന്നു… ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല… ദീപുവേട്ടന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ ഇനി മോൾക്ക് വേണ്ടി മാത്രം മതി ഒരു ജീവിതം എന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.. അങ്ങോട്ടേക്ക് വിവാഹ മോചനം ഫയൽ ചെയ്യും മുൻപ് തന്നെ ഭാര്യയുടെ ദുർന്നടപ്പ് കാരണം വിവാഹ മോചനം വേണമെന്നയാൾ കേസ് ഫയൽ ചെയ്തിരുന്നു. ഒരുപക്ഷേ താൻ കേസ് കൊടുത്താൽ എന്താകും എന്നുള്ള ഭയം കാരണമാകാം… തെളിയിക്കാൻ സാക്ഷികളോ തെളിവുകളോ ഉണ്ടായിരുന്നില്ല…. ഭർത്താവ് ചോദ്യം ചെയ്തപ്പോൾ സ്വയം ശരീരം മുറിവേൽപ്പിച്ചു അയാളെ പ്രതിയാക്കാൻ ശ്രമിച്ച ഭാര്യയായി കോടതി മുറിയിൽ വാദങ്ങൾ ഉയർന്നപ്പോൾ പോലും എതിർത്തില്ല…

ആരെയും ബോധ്യപ്പെടുത്താൻ ഒന്നും ഇല്ലായിരുന്നു… ചേർത്ത് നിർത്തിയ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചയാൾ… എന്നേപ്പോലൊരു പെണ്ണിനെ ആവശ്യമില്ലെന്ന് കോടതി മുറിയിൽ ആക്രോശിച്ചപ്പോൾ അയാളോടുള്ള പ്രണയത്തിന്റെ അവസാനത്തെ കനലും അവിടെ മരിച്ചു വീഴുകയായിരുന്നു… ഇനിയുമൊരാളെ സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയാണ്… അവളോട് തന്നെ ആവർത്തിച്ചാവർത്തിച്ചു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.. ഒന്നിനും ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല… കുറച്ചു നേരം കണ്ണുകൾ അടച്ചു വെറുതെ ചാരി കിടന്നു… അല്ലുമോളും ഋഷിയും കൂടിയുള്ള കളിചിരികളായിരുന്നു മനസ്സിൽ തെളിഞ്ഞത്… രാവിലെ ഋഷി ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ വാടിയ മുഖവുമായി നോക്കുന്ന അല്ലു മോളെ കാൺകെ നെഞ്ചിൽ ഒരു നീറ്റൽ തോന്നി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുൻപിൽ ഇരിക്കുന്ന ആളിന്റെ ഓരോ ഭാവങ്ങളും നോക്കുകയായിരുന്നു ഋഷി. ഇപ്പോഴും ആ മനുഷ്യന്റെ മുഖത്ത് ദുഃഖം തളം കെട്ടി നിന്നിരുന്നു. ഋഷി cctv visuals ഓഫ് ആക്കി. “”നിങ്ങളുടെ നമ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയൊരു വണ്ടി എവിടെ എങ്കിലും കണ്ടതായി പരിചയമുണ്ടോ… “” അയാൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി. “”ഇല്ല സർ… എനിക്ക് അറിയുന്ന ആരുടേയും കൈയിൽ ഇല്ല… “” “”ഹ്മ്മ്…”” ഋഷി ഒന്നമർത്തി മൂളി. എന്നിട്ട് കണ്ണുകൾ കൊണ്ടയാളോട് പൊക്കോളാൻ പറഞ്ഞു… “”സർ… ഇനിയിപ്പോ എന്താ ചെയ്ക…. ഇവർക്കാർക്കും പരസ്പരം അറിയില്ലല്ലോ..””. ശ്രീ സംശയത്തോടെ ചോദിച്ചു.. ഋഷിയുടെ മനസ്സിൽ അപ്പോൾ പല കണക്ക്കൂട്ടലുകളും നടക്കുകയായിരുന്നു… “”പരസ്പരം അറിയില്ല എന്നല്ലേ ഉള്ളു…

ഇവരെ എല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ടെങ്കിലോ…. “” വീണ്ടും സംശയത്തോടെ നോക്കുന്ന ശ്രീയെ നോക്കി ചിരിച്ചുകൊണ്ട് ഋഷി തുടർന്നു.. “”ഈ നാല് കൊലപാതകങ്ങൾ മാത്രമല്ല ശ്രീരാജ്… കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് അതിലും കൂടുതൽ നടന്നിട്ടുണ്ട്…. ഇനിയും നടക്കാൻ സാധ്യതയുണ്ട്… പകയൊടുങ്ങും വരെ അത് തുടരും… പക്ഷേ അതാര്.. എന്തിന് വേണ്ടി എന്ന് നമുക്കറിയണം… ഈ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും ഇത്രയും കാലം ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും ഡീറ്റെയിൽസ് എനിക്ക് വേണം… എത്രയും പെട്ടെന്ന്… അതുപോലെ അവർ ഒരേ സമയം ഏതെങ്കിലും സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടോ എന്നും… അങ്ങനെ ഉണ്ടെങ്കിൽ അവരുടെ ആ പ്രദേശത്തെ സുഹൃത്ത് വലയത്തിൽ ആരൊക്കെ ജീവനോടെ ഉണ്ടെന്നും… നമുക്ക് വേണ്ട എല്ലാ ഉത്തരങ്ങളും അവിടെ ഉണ്ടാകും… “” . അവനിൽ വീണ്ടും ആത്മവിശ്വാസം നിറയും പോലെ തോന്നി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകിട്ട് വീട്ടിലേക്ക് എത്തുമ്പോൾ പോലും ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ… സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു… മുറ്റത്തേക്ക് കയറിയപ്പോളെ ഉമ്മറത്ത് വിളക്കിന്റെ മുൻപിൽ കൈ കൂപ്പി ഇരിക്കുന്ന അല്ലുമോളെയാണ് കാണുന്നത്. ഒരു തോർത്ത്‌ എടുത്തു സാരി പോലെ തോളിൽ കൂടി ചുറ്റി വച്ചിട്ടുണ്ട്… വേറൊരു തോർത്ത്‌ മുടി എന്ന പോലെ തലയിൽ കൂടി ഇട്ടിരിക്കുന്നു.. കോലം കണ്ടിട്ട് ചിരി വന്നെങ്കിലും ഒരു വിധം അത് സഹിച്ചുപിടിച്ചു അടുത്തേക്ക് ചെന്നു… “”അമ്മേടെ അല്ലൂട്ടൻ എന്താ ചെയ്യണേ…”” തലയിൽ ഒന്നുഴിഞ്ഞു ചോദിച്ചു… “”മോള്‌ പാത്തിച്ചുവ അമ്മേ…. “”അപ്പോഴും കൈകൾ കൂപ്പി തന്നെ വച്ചിരിക്കുവായിരുന്നു… “”ആഹാ അല്ലൂട്ടൻ പാത്തിച്ചോ…..

എന്താ പാത്തിച്ചേ…”” അതേ താളത്തിൽ ചോദിച്ചു.. “”പോലീഷ് ഇന്ന് നേരത്തെ കളിച്ചാൻ ബരണേന്ന്… പിന്നെ പോലീഷ് കുറേ കുറേ കളിച്ചനേ എന്ന്… “”നിഷ്കളങ്കമായ ചിരിയോടെ പറയുന്ന മോളെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.. മനസ്സ് പതിയെ മുൻപുണ്ടായിരുന്ന ചിന്തകളുടെ ഉത്തരത്തിലേക്ക് എത്തും പോലെ.. മോളെയും എടുത്ത് അകത്തേക്ക് കയറിയപ്പോൾ അച്ഛനും അമ്മയും പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. ലച്ചു ചേച്ചി അവരോടെല്ലാം പറഞ്ഞെന്ന് മനസ്സിലായി.. “”മോളെ… ലച്ചു ഇന്നലെ നിന്നോടെല്ലാം പറഞ്ഞെന്ന് പറഞ്ഞു… അല്ലു മോൾക്ക് വേണ്ടി മോളിതിന് സമ്മതിക്കണം… “”അച്ഛൻ അടുത്ത്‌ വന്നു പറഞ്ഞപ്പോൾ നിക്ഷേധിക്കാൻ തോന്നിയില്ല…

“”എനിക്ക് ഋഷിയേട്ടനോടൊന്ന് സംസാരിക്കണമച്ഛ… “”പെട്ടെന്നൊരു തീരുമാനം പറയാൻ കഴിയുമായിരുന്നില്ല.. “”പോലീഷേ അല്ലു മോൾക്ക് പുതിയ ഉടുപ്പ് തരാ പറഞ്ഞല്ലോ…””. പെട്ടെന്ന് പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞ പോലെ വാ പൊത്തി നിൽക്കുന്നത് കണ്ടു.. “”അയ്യോ…. അല്ലുമോള് പോമിസ് തെറ്റിച്ചല്ലോ…. പോലീഷ് പിണങ്ങുവോ…. “”കണ്ണ് രണ്ടും നിറച്ചു സങ്കടത്തോടെ നോക്കുന്ന മോളെ ഒന്നൂടെ ചേർത്ത് പിടിച്ചു… “”ഇല്ലെടാ കണ്ണാ…. അമ്മയോടല്ലേ പറഞ്ഞേ… അത് കുഴപ്പമില്ലാട്ടോ… “”എന്നിട്ടും സങ്കടം മാറിയില്ല.. “”അല്ലു മോൾക്ക് അമ്മ ലഡ്ഡു തരാല്ലോ…”” ബാഗിൽ നിന്ന് പൊതി എടുത്തപ്പോഴേക്കും തോളിൽ നിന്ന് തല പൊക്കി നോക്കി ചിരി തുടങ്ങിയിരുന്നു… ഋഷിയുടെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അല്ലു മോള്‌ തോളിൽ നിന്ന് ഊർന്ന് നിലത്തേക്ക് ഇറങ്ങിയിരുന്നു…

അവളുമ്മറത്തേക്ക് ഓടുന്നത് കണ്ടപ്പോൾ മുറിയിലേക്ക് നടന്നു.. ഋഷിയേട്ടനെ അച്ഛനും അമ്മയും മുറിയിലേക്ക് പറഞ്ഞു വിടും എന്ന് ഉറപ്പായിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു പ്രതീക്ഷിച്ചത് പോലെ തന്നെ… അല്ലുമോള് ഉണ്ടായിരുന്നില്ല കൂടെ… അതൊരു ചെറിയ ആശ്വാസമായി തോന്നി…. അല്ലെങ്കിൽ അമ്മ എന്താ പറയുന്നേ എന്ന് ചോദിച്ചു ഒരു നൂറു സംശയങ്ങൾ കാണും.. “”എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. ഈ കല്യാണം നടക്കില്ല എന്നതൊഴിച്ചു എന്തും പറഞ്ഞോ…. “” ചിരിയോടെ അതും പറഞ്ഞു കസേരയിലേക്ക് ചാഞ്ഞിരിക്കുന്ന ഋഷിയെ നോക്കി എന്ത് പറയും എന്നറിയാതെ നിൽക്കുകയായിരുന്നു ദേവ… “”അത്…. ഞാൻ… ഋഷിയേട്ടൻ വിചാരിക്കുന്നത് പോലെയൊരു ഭാര്യയാകാൻ എനിക്ക് പറ്റില്ല…. എന്റെ മനസ്സില് ഇപ്പോൾ മോള് മാത്രേ ഉള്ളു…

അവൾക്ക് വേണ്ടി മാത്രമാണ് ഇനിയുള്ള ജീവിതം എന്ന് അന്നേ ഉറപ്പിച്ചതാണ്…. ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്നോ ഭാര്യയുടെ ഒരു കടമയും പറ്റില്ലെന്നോ അല്ല…. പക്ഷേ എനിക്ക് സമയം വേണം…. ഒരുപക്ഷേ ഋഷിയേട്ടൻ വിചാരിക്കുന്നതിലും കൂടുതൽ.. ശരീരത്തിന്റെ മുറിവ് ഉണക്കാൻ മാത്രമേ മരുന്നിനു കഴിയൂ…. ഒരിക്കലും ഉണങ്ങാത്ത മുറിവ് മനസ്സിലാണ്… “” ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി കിതപ്പോടെ അവനെ നോക്കി… കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി ഇരിപ്പുണ്ട്… “”കല്യാണത്തിന് ചുവന്ന സാരി വേണോ ഗോൾഡൻ കളർ വേണോ…. “” അവൾ പറഞ്ഞതൊക്കെ കേട്ടിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ച ചോദ്യം കേട്ടിട്ട് പല്ല് കടിച്ചു അവനെ നോക്കി.. മറുപടി പറയാൻ തുടങ്ങുമ്പോളെക്കും ചിരിക്കുന്നത് കണ്ടു..

“”എന്റെ പെണ്ണെ ഇതിന്റെ ഒക്കെ മറുപടി ഞാൻ അന്നേ പറഞ്ഞതല്ലേ…. കാത്തിരിക്കാൻ ഞാനൊരുക്കമാണ് പൂർണ്ണമായും നീയെന്നെ സ്നേഹിക്കും വരെ… പക്ഷേ ഇപ്പോൾ അല്ലുമോളെ ഓർക്കണം… എനിക്കിപ്പോ എന്റെ അല്ലൂസിനെ കാണാതെ ഉറങ്ങാൻ പറ്റുന്നില്ലെന്നേ….. അതോണ്ട് കല്യാണം കഴിഞ്ഞിട്ട് താൻ തന്റെ ആവശ്യത്തിന് സമയമെടുത്ത് സ്നേഹിച്ചോടോ…. ഞാനും എന്റെ കൊച്ചും അപ്പുറത്തെങ്ങാനും മാറി ഇരുന്ന് കളിച്ചോളാം…. “” ഒരു കണ്ണിറുക്കി ചിരിയോടെ പറയുന്ന അവനെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.. പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മേടെ മടിയിൽ ഇരുന്ന് ലഡ്ഡു കഴിക്കുന്ന അല്ലു മോളെയാണ് കണ്ടത്… ഇടക്കിടക്ക് ഓരോ ചെറിയ പീസ് മുറിച്ചു അമ്മേടേം അച്ഛന്റേം വായിലേക്ക് വച്ചു കൊടുക്കുന്നുണ്ട്..

“”പോലീഷിന് വേണോ..””. അവന് നേരെ നീട്ടി…. വേണ്ടെന്ന് പറയാൻ തോന്നിയില്ല…. അടുത്തേക്ക് ചെന്ന് മുട്ടു കുത്തി ഇരുന്നു… ഒരു ലഡ്ഡു എടുത്തു കുഞ്ഞിക്കൈ കൊണ്ട് പൊട്ടിച്ചു അവളാ വായിൽ വച്ചു കൊടുത്തു… “”ഇനി അമ്മക്കാനേ … “”ദേവക്ക് നേരെയും നീട്ടി… “”അങ്ങനെ കല്യാണത്തിന് മുൻപ് മധുരം കൊടുപ്പ് കഴിഞ്ഞു… “”ഋഷി പറഞ്ഞത് കേട്ട് അവളവനെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി… പക്ഷേ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ പിന്നൊന്നും പറഞ്ഞില്ല.. “”ഉടുപ്പ് മുഴുവൻ ആയി…. വായോ അമ്മ ഉടുപ്പ് മാറ്റി വേറെ ഇട്ട് തരാം… “”മോളെയും എടുത്തു മുറിയിലേക്ക് നടന്നു.. ഋഷിയേട്ടൻ കല്യാണത്തിന് സമ്മതിച്ച കാര്യം അച്ഛനോടും അമ്മയോടും പറയുന്നത് കേൾക്കാമായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 .

ശ്രീ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ നിന്ന് അഭിയുടെ ചിരി ഉയർന്നു കേൾക്കാമായിരുന്നു…. “”ജന്തു ഇത് വരെ വീട്ടിൽ പോയില്ലേ… രാവിലെ ഉണ്ടായത് മുഴുവൻ അമ്മേടെ അടുത്ത് ചെന്ന് ന്യൂസ്‌ കൊടുത്തു കാണും. “”അവൻ പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു.. അമ്മയുടെ മടിയിൽ കിടപ്പുണ്ട്…. തന്നെ കണ്ടതും ഒന്നാക്കി ചിരിക്കുന്നത് കണ്ടു.. “”സുശീലമ്മേ…. ചിലർക്കൊക്കെ ഇപ്പൊ ഹൈവേ പോലീസ് ന്റെ ജോലിയും പിങ്ക് പോലീസ്ന്റെ ജോലിയും ഒക്കെ കൂടി ചെയ്യണമെന്നേ…. എന്താ ചെയ്ക… കേസ് നോക്കണം…. ലൈസൻസ് നോക്കണം… പാവപ്പെട്ട ബസ്കാർക്ക് ഒരു ടിക്കറ്റ് ന്റെ കാശ് ഒപ്പിച്ചു കൊടുക്കണം..

അങ്ങനെ നൂറു കൂട്ടം ജോലികൾ… എന്തൊക്കെ കഷ്ടപ്പാടാ എന്ന് നോക്കിയേ…. “” ശ്രീയെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടായിരുന്നു പറഞ്ഞത് മുഴുവൻ… ഒരു നിമിഷം നിന്നിടത്തു തന്നെ നിന്ന് പോയി അവൻ. അവൾക്ക് കൊടുക്കാൻ മറുപടി ഇല്ലെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നതിനാൽ സ്ഥിരം കലിപ്പ് ഭാവം വരുത്തി അവളെ ചിറഞ്ഞൊന്ന് നോക്കി മുറിയിലേക്ക് നടന്നു… കതക് വലിച്ചടക്കുമ്പോഴും അവളമ്മയോട് എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഗാഡമായ നിദ്രയിൽ നിന്ന് ഒരു ഫോൺ കാൾ ആണ് ഋഷിയെ ഉണർത്തിയത്. എടുത്തു നോക്കിയപ്പോൾ ശ്രീരാജ് ആയിരുന്നു.. “”എന്താ ശ്രീരാജ് ഈ നേരത്ത്… “”മുഖമാകെ ഒന്ന് വിരലോടിച്ചു ഉറക്കച്ചടവ് മാറ്റിക്കൊണ്ട് ചോദിച്ചു.. “”സർ വീണ്ടും ഒരു സ്ത്രീ കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു… ഇത്തവണ പക്ഷേ അവർക്കിപ്പോൾ ജീവനുണ്ട്… ഗുരുതരാവസ്ഥയിൽ ആണ്… തീ ആളിപ്പടർന്നതും ഭർത്താവ് വീട്ടിൽ വന്നിരുന്നു… അങ്ങനെ രക്ഷിച്ചതാ…. “” ശ്രീരാജ് ന്റെ വാക്കുകൾ കേട്ട് ഋഷി വേഗം തന്നെ ബൈക്ക് ന്റെ താക്കോലും എടുത്തു പുറത്തേക്ക് കുതിച്ചു… തുടരും

മഴമുകിൽ: ഭാഗം 17

Share this story