ഋതുസംക്രമം : ഭാഗം 9

ഋതുസംക്രമം : ഭാഗം 9

എഴുത്തുകാരി: അമൃത അജയൻ

” ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല .. അല്ലെങ്കിലും അതൊക്കെ തീരുമാനിക്കേണ്ടത് മൈത്രേയിയല്ലേ .. വരട്ടെ നമുക്ക് നോക്കാം എങ്ങനെ വരുമെന്ന് .” ദൂരേയ്ക്ക് മിഴിയയച്ച് നിൽക്കുന്ന നിരഞ്ജൻ്റെ മുഖത്ത് ഒരു തുള്ളി ചോരയില്ലെന്ന് കണ്ടപ്പോൾ ഉണ്ണി ആശ്വസിപ്പിക്കാൻ ശ്രമിച്ചു . എങ്കിലും നിരഞ്ജൻ്റെ മുഖം തെളിഞ്ഞില്ല . പ്രണയം പലതും വിസ്മരിക്കാൻ പ്രേരിപ്പിക്കുന്നു . ഒരു മറവിയുടെ തീക്കൂനയിലേക്കും വലിച്ചെറിയാനാകാത്ത തൻ്റെ പശ്ചാത്തലം . ഇനിയൊരു സ്നേഹബന്ധത്തിന് വഴിവെച്ചാലും എല്ലാമറിഞ്ഞു കൊണ്ടുള്ള നിരഞ്ജനെ മാത്രമേ അവൾ സ്നേഹിച്ചു തുടങ്ങാവു എന്നവൻ മനസിലുറപ്പിച്ചു .

മൈത്രേയിയുടെ കോളേജിലേക്ക് ബൈക്ക് പറപ്പിക്കുമ്പോഴും അവൻ്റെ മുഖം മ്ലാനമായിരുന്നു . എങ്കിലും അവളെ കാണുവാനുള്ള തൃഷ്ണയ്ക്ക് മാറ്റമില്ലായിരുന്നു . ആദ്യമായ് നിരഞ്ജൻ്റെ മനസ് കവർന്ന പെണ്ണ് . ദൂരെ നിന്ന് അവളെയൊരു നോക്ക് കാണാനും മനസിൽ താലോലിക്കാനും തനിക്കു മുന്നിൽ പ്രതിബന്ധങ്ങളൊന്നുമില്ല . കോളേജ് റോഡിൻ്റെ എതിർ വശത്ത് ബുക്ക്സ്റ്റാളിനും ബേക്കറിക്കുമിടയിലെ ഇടുങ്ങിയ സ്ഥലത്ത് ബൈക്ക് കയറ്റി വച്ച് നിരഞ്ജനും ഉണ്ണിയും ഇറങ്ങി . സമയം മൂന്നേകാൽ കഴിഞ്ഞിട്ടേയുള്ളു . പടിക്കെട്ടിനു മുകളിൽ ക്യാമ്പസ് പരിസരത്ത് അങ്ങിങ്ങ് ഓരോ തലകൾ കാണാം .

വലിയൊരു പൂമരത്തിലെ മഞ്ഞപ്പൂവുകൾ കാലടിപ്പാടുകളേറ്റുവാങ്ങി പായൽ കറുത്ത് തുടങ്ങിയ വീതി കുറഞ്ഞ സിമൻ്റ് പടിയിൽ ചിതറി കിടന്നു . റോഡിൽ നിന്നാൽ കാണാവുന്ന ബിൽഡിംഗിൽ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻ്റെന്ന് അടയാളപ്പെടുത്തിയ നീല ബോർഡ് കാണാം . ആ കോൺക്രീറ്റ് കെട്ടിടത്തിനപ്പുറത്ത് നിന്ന് തല പൊന്തിച്ച് നോക്കി നിൽക്കുന്ന ഗുൽമോഹറും . രണ്ടു മൂന്നാൺ കുട്ടികൾ പടിക്കെട്ട് ചാടിയിറങ്ങി പോകുന്നത് ഉണ്ണിയും നിരഞ്ജനും അക്ഷമയോടെ നോക്കി നിന്നു .

” പോയി സംസാരിക്കാൻ പ്ലാനുണ്ടോ .?” ” നോക്കട്ടെ .” മൂന്നു നാല് മിനിറ്റുകൂടി അങ്ങനെ നിന്നപ്പോൾ ഒരു ഇന്നോവ ഒഴുകി വന്ന് ഫ്രണ്ട് ആർച്ചിൻ്റെ കുറച്ച് മുന്നിലായി ഒതുക്കി നിർത്തി . ഉണ്ണിയുടെ ശ്രദ്ധ കാറിലേക്കായി . ഡ്രൈവർ സീറ്റിലിരുന്നയാളെ ഉണ്ണിക്ക് പരിചയമുണ്ട് . അയാൾ വർഷങ്ങളായി പത്മ ഗ്രൂപ്പ്സിൻ്റെ ഡ്രൈവറാണെന്നോർമ്മ വന്നു ” ഡാ .. ഞാൻ പറഞ്ഞില്ലേ , മൈത്രേയി കാറിലാ പോകുന്നതെന്ന് .. ദേ നോക്ക് അവളെ വിളിക്കാൻ വന്നതാ .. ” നിരഞ്ജൻ നിശബ്ദനായി നിന്നതേയുള്ളു .

ഒരു ബെല്ല് കേട്ടതിന് പിന്നാലെ മുകളിൽ കാണുന്ന തലകളുടെയെണ്ണവും കൂടി ..നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളുടെ ഒരൊഴുക്ക് തന്നെ താഴേക്കുണ്ടായി . നിരഞ്ജൻ്റെയും ഉണ്ണിയുടെയും കണ്ണുകൾ നാല് ഭാഗത്തും തിരഞ്ഞു . നിരഞ്ജൻ്റെ ചുണ്ടുകളിൽ മൃദുവായൊരു പുഞ്ചിരി വിടർന്നു . അവൻ കണ്ടു ഒരറ്റത്തുകൂടി പടിയിറങ്ങി വരുന്ന മൈത്രേയിയെ . നേർത്ത മുടിയിഴകൾ ഇളകി മുഖത്തേക്ക് വീണ് കിടക്കുന്നത് കാണാനൊരു പ്രത്യേക ഭംഗി തോന്നി . വൈകുന്നേരം വരെ കോളേജിൽ ചിലവഴിച്ചതിൻ്റെ നേർത്തൊരു വാട്ടം മുഖത്തുണ്ട് .

കഴുത്തിൽ ചുറ്റിയിട്ടിരുന്ന കറുത്ത ഷാൾ ഊർന്ന് വന്നപ്പോൾ മുകളിലേക്ക് കയറ്റിയിട്ട് ധൃതി കൂട്ടാതെ ശ്രദ്ധയോടെ അവളിറങ്ങി വന്നു . മൈത്രി കാറിനടുത്തേക്ക് നടന്നപ്പോഴാണ് ഉണ്ണിയവളെ കണ്ടത് . ” ദേ ഡാ അവൾ .. ” നിരഞ്ജനപ്പോഴും നറു ചിരിയുമായി അവളെ നോക്കി നിന്നു . വളരെ മുന്നേ അവളെ കണ്ടു കഴിഞ്ഞെന്ന് അവൻ്റെ മുഖഭാവത്തിൽ നിന്ന് ഉണ്ണിക്ക് മനസിലായി . ” ഓ അപ്പോ കണ്ടല്ലേ ..” ബാക്ക് ഡോർ തുറക്കാൻ ഭാവിക്കുന്നതിനിടയിലാണ് മൈത്രിയുടെ കണ്ണുകൾ റോഡിനപ്പുറത്തേക്ക് സഞ്ചരിച്ചത് . ഒറ്റ നോട്ടത്തിൽ തന്നെ അവളവനെ കണ്ടു കഴിഞ്ഞു . പ്രണയത്തിൻ്റെ ശക്തിയുമതാണ് .

ഹൃദയത്തോട് ചേർത്തുവച്ചവർ ഏത് ആൾത്തിരക്കിനിടയിലും തമ്മിൽ കാണും . ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു . മൈത്രിയുടെ ആത്മാവിലൊരു കടലിരമ്പി . ചുട്ടുപഴുത്ത പൂഴിമണലിൽ നഗന്മായ പാദങ്ങൾ തൊട്ടെന്ന പോലെ അവൾ പൊള്ളിപ്പിടഞ്ഞു . ഡോർ ഹാൻ്റിലിൽ തൊട്ട വിരലുകൾ അറിയാതെ നിശ്ചലമായി . ഭൂമിയിലിന്നോളം കണ്ടിട്ടുള്ള ആരോടും , ഒന്നിനോടും തോന്നിയിട്ടില്ലാത്ത എന്തോ ഒന്ന് അവനെ കാണുമ്പോൾ തന്നിൽ ഉടലെടുക്കുന്നുണ്ട് . ഓരോ കാഴ്ചയിലും അതിൻ്റെ തീക്ഷ്ണത കൂടി വരുന്നു . ഹൃദയ താളങ്ങൾക്ക് വ്യതിയാനങ്ങൾ സംഭവിക്കുന്നു .

അവനടുത്തേക്ക് വരുമോ എന്നവൾ ഭയന്നു . പക്ഷെ അതുണ്ടായില്ല . അവൾ കയറാതെ നിൽക്കുന്നത് കണ്ട് ഡ്രൈവർ നോക്കുന്നത് മൈത്രി ശ്രദ്ധിച്ചു . യാത്ര ചോദിക്കും പോലൊരു നോട്ടം അവൻ്റെ നേർക്കയച്ച് അവൾ വണ്ടിയിലേക്ക് കടന്നിരുന്നു . ഗ്ലാസിനുള്ളിലൂടെ അവൾ നിരഞ്ജൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി . ഡ്രൈവർ കാർ മുന്നോട്ടു കൊണ്ടുപോയി വളച്ച് വന്ന വഴിയേ തന്നെ തിരിച്ചു പാഞ്ഞു . അപ്പോഴും അതിനുള്ളിലിരുന്ന് രണ്ട് മിഴികൾ തന്നെ പിന്തിരിഞ്ഞ് നോക്കുന്നത് നിരഞ്ജനും കണ്ടിരുന്നു . ” അവൾക്ക് നിന്നോടെന്തോ ഒരു താത്പര്യമുണ്ട് . അതെനിക്കുറപ്പാ .” കാർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ഉണ്ണിയെന്തോ വലിയ കാര്യം കണ്ടു പിടിച്ച മട്ടിൽ പറഞ്ഞു . നിരഞ്ജൻ അതിന് മറുപടിയൊന്നും പറയാതെ ബൈക്കിലേക്ക് കയറി . അവൻ്റെ മനസിൽ ഒരു വടം വലി നടക്കുകയായിരുന്നു . *******

മൈത്രി സീറ്റിലേക്ക് ചാരിക്കിടന്നു . ചിന്തകൾ മുഴുവൻ നിരഞ്ജനെ കുറിച്ചായിരുന്നു . തന്നെ കാണാനാകുമോ വീണ്ടും വന്നത് . ഉണ്ണിയേട്ടനുണ്ടായിരുന്നല്ലോ കൂടെ . അപ്പോ ഉണ്ണിയേട്ടൻ്റെ അച്ഛനെ കാണാൻ വന്നതായിരിക്കും . എന്നിരുന്നാലും കോളേജിന് മുന്നിൽ കാത്ത് നിന്നത് തന്നെ കാണാൻ തന്നെയായിരിക്കില്ലെ . അതോ മറ്റെന്തെങ്കിലും കാര്യത്തിനോ . ചക്രവാളത്തിൽ മുഴങ്ങി കേട്ട പാട്ടുകൾ അപൂർണങ്ങളായിരുന്നു . അതിനു പിന്നിലൊരജ്ഞാത ഗായകൻ്റെ സ്വരമുണ്ട് .. അവൻ്റെ ചുണ്ടുകളിൽ നിന്നുയരുന്ന പുകച്ചുരുളുകൾ ജലപ്രവാഹങ്ങളിൽ ലയിച്ച് പുതിയൊരു രാഗമായി മാറി അവനിലേക്ക് തന്നെ മടങ്ങിയെത്തുന്നു . ഏഴാം കടലിനക്കരെയൊരത്ഭുത ദ്വീപിലെ രാജകുമാരി അവൻ്റെ പാട്ടുകൾക്ക് കാതോർത്തിരുന്നു . അപൂർണമായ ആ ഗാനവിസ്മയങ്ങൾക്ക് അവൾ അനുപല്ലവികളെഴുതി ചേർത്തു .. **********

പഠിക്കാൻ പുസ്തകം തുറന്നു വച്ചിട്ട് താടിക്ക് കൈയും കൊടുത്ത് മേശപ്പുറത്ത് നഖം കൊണ്ട് കോറിക്കൊണ്ടിരുന്നു മൈത്രി . മനസ് എവിടെയുമുറച്ചില്ല . നിരഞ്ജൻ വന്നത് തന്നെ കാണാനായിരിക്കുമോ . ആണെങ്കിൽ . ആണെങ്കിൽ എന്താകും ആ മനസിൽ . പ്രണയമാണോ .. ഈശ്വരാ പ്രണയമോ . അതും തന്നോട് . അവൾ നടുങ്ങി. തനിക്കെങ്ങനെ പ്രണയിക്കാനാകും . തനിക്കു വേണ്ടി അമ്മയെന്നേ ഒരാളെ കണ്ടു വച്ചിരിക്കുന്നു . മൈത്രേയി മറ്റൊരാളെ പ്രണയിക്കുന്നു എന്ന് അമ്മയറിഞ്ഞാൽ .. ആ ഓർമകളിൽ പോലും അവൾ വിറങ്ങലിച്ചു . പിന്നെ . പിന്നെ മൈത്രേയി എന്നൊരദ്ധ്യായം പത്മതീർത്ഥത്തിലുണ്ടാകില്ല .

അവളുടെ തൊണ്ട വരണ്ടുപോയിരുന്നു . താഴെ അഞ്ജനയുടെ കാറിൻ്റെ ഹോൺ മുഴങ്ങിയതും മൈത്രി പിന്നെയും പിന്നെയും ഞെട്ടിവിറച്ചു . ഭീതിയോടെയവൾ പുസ്തകത്തിലേക്ക് തല താഴ്ത്തി . താഴെ അമ്മയുടെ സംഭാഷണം കേട്ടു . സുമിത്രയോടായിരിക്കണം . ഏതാനും മിനിറ്റുകൾക്കുള്ളിൽ അഞ്ജനയുടെ ഹീൽഡിൻ്റെ ശബ്ദം കോണിപ്പടിയിൽ മുഴങ്ങി . മൈത്രി ജാഗരൂഗയായി . ഇന്നും തന്നെ തല്ലാൻ അമ്മയ്ക്കെന്തെങ്കിലും കാരണം കിട്ടിയോ എന്നാണവൾ ഭയന്നത് . പ്രതീക്ഷ തെറ്റിക്കാതെ അഞ്ജന അകത്തേക്ക് കയറി വന്നു . മൈത്രി തിരിഞ്ഞ് അഞ്ജനയുടെ കൈയിലേക്കാണ് നോക്കിയത് .

ചൂരലില്ലെന്ന് കണ്ടപ്പോൾ പകുതി സമാധാനമായി . ” പഠിക്കുവാണോ നീ .. ” ശാന്തമായ സ്വരത്തിൽ അഞ്ജന ചോദിച്ചു . ” ഉം … ” അൽപ്പ സമയം അവൾക്കടുത്ത് വന്ന് നോക്കി നിന്നിട്ട് മേശയിലിരുന്ന ഫോണിൻ്റെ ബോക്സെടുത്തു കൈയിൽ പിടിച്ചു . ” നീയിത് ഓപ്പൺ ചെയ്തില്ലേ ..” മൈത്രി ഇല്ലെന്ന് ചുമൽ കുലുക്കി . ” അതെന്താ ? ” ” എനിക്കിതൊന്നും വേണ്ടമ്മേ .” അഞ്ജനയവളെ തുറിച്ച് നോക്കി . പിന്നെ ഒന്നും പറയാതെ ബോക്സ് തുറന്ന് ഫോൺ പുറത്തെടുത്തു . അതിൽ തന്നെ വച്ചിരുന്ന സിമും ഇട്ട് കൊടുത്തു . ” പിടിക്ക് .” ആജ്ഞയുണ്ടായിരുന്നു ആ സ്വരത്തിൽ .

മൈത്രിക്ക് എതിർക്കാൻ കഴിഞ്ഞില്ല . അവളത് കൈയിൽ വാങ്ങി . ” ഡെയ്ലി പതിനഞ്ച് മിനിറ്റ് , ജിതിനോട് സംസാരിക്കാം . അതിൽ കൂടുതൽ അവൻ സംസാരിക്കില്ല . ഞാൻ പറഞ്ഞിട്ടുണ്ട് . എന്നാലും കാൾ ഡിലീറ്റ് ചെയ്യരുത് . ഡീറ്റെയിൽസ് എനിക്ക് കാണണം . ” മൈത്രി മിണ്ടാതിരുന്നു .. ” ഫ്രണ്ട്സിൻ്റെ നമ്പറൊന്നും ഇതിൽ സേവ് ചെയ്ത് വയ്ക്കണ്ട . നമ്പർ ആർക്കും കൊടുക്കുകയും വേണ്ട . ഞാനും ജിതിനുമല്ലാതെ മറ്റാര് വിളിച്ചാലും നീ കോളെടുക്കരുത് . പറഞ്ഞത് മനസിലായോ .?” മൈത്രി തല കുലുക്കി . ” എല്ലാ പോർഷനും കവർ ചെയ്തു കഴിഞ്ഞോ ?” ” കുറച്ചൊക്കെ .” ” കുറച്ചോ .

മൺഡേയല്ലേടി നിൻ്റെ എക്സാം . ഇനിയാകെ രണ്ട് ദിവസമേയുള്ളു . സധാരണ കുട്ടികൾ ഇതിനകം പത്ത് വട്ടം റിവിഷൻ ചെയ്തിട്ടുണ്ടാവും . നിന്നെ പറഞ്ഞിട്ട് കാര്യമില്ല പഠിക്കുന്ന കുട്ടികളാണെങ്കിൽ സപ്ലിയുണ്ടാവില്ലല്ലോ . കഴുത . എന്നെ നീ പറയിപ്പിച്ചേ അടങ്ങൂ ” മൈത്രേയി മുഖം കുനിച്ചിരുന്നു . ” സാറ്റർഡേയും സൺഡേയും ഡാൻസ് എന്നും പറഞ്ഞു ചാടണ്ട . കേട്ടോടി ” അതിനും അവൾ അനുസരണയോടെ തലകുലുക്കി . ” നിർത്താൻ പറഞ്ഞാൽ കേൾക്കില്ലല്ലോ . കുഴഞ്ഞാടി നടന്നവളുമാരുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ കണ്ടൊരു മൊതല് . നീയേ , നീയെൻ്റെ മോളാ . ഞാൻ പെറ്റ കുഞ്ഞ് . തീർത്തു കൊടുക്കുന്നുണ്ട് ഞാൻ. അഞ്ജനയുടെ ശരിക്കുള്ള മുഖം എല്ലാവരും കാണാൻ പോകുന്നതേയുള്ളു .” ആരോടൊക്കെയോ ഉള്ള അമർഷം അഞ്ജന മൈത്രിയുടെ മേൽ തൂകിയിട്ടിട്ട് ഇറങ്ങിപ്പോയി .. * * * * * * * * * * * * * * * * * * * *

എട്ട് മണിയായപ്പോൾ പുസ്തകമടച്ചു വച്ച് മൈത്രി താഴേക്കിറങ്ങി വന്നു . സാധാരണയവൾ ഭക്ഷണം കഴിക്കുന്നത് അപ്പോഴാണ് . അഞ്ജന ടിവിയിൽ ചാനൽ മാറ്റി മാറ്റിയിരിപ്പുണ്ട് . ഇംഗ്ലീഷ് ബിസിനസ് ചാനലുകളാണ് അഞ്ജന മിക്കവാറും കാണാറുള്ളത് . ബ്ലാക് ത്രീ ഫോർത്തും മഞ്ഞ ബനിയൻ ടോപ്പുമിട്ടിരിക്കുന്ന അഞ്ജനയെ കണ്ടാൽ കോളേജ് സ്റ്റുഡൻ്റാണെന്നേ തോന്നു . മൈത്രി ടൈനിംഗ് ടേബിളിൽ ചെന്നിരുന്നു പ്ലേറ്റെടുത്തു വച്ചു . സുമിത്ര വന്ന് രണ്ട് ചപ്പാത്തിയും കുറുമയും അവളുടെ പ്ലേറ്റിലേക്കെടുത്തു വച്ചു കൊടുത്തു .

കുറുമയിലെ കാരറ്റ് കഷ്ണങ്ങൾ മുൻപേ പെറുക്കിയെടുത്ത് കഴിക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് സുമിത്ര കിച്ചണിലേക്ക് പോയി . ഗേറ്റിലൊരു വെളിച്ചം വീണു എന്ന് തോന്നിയപ്പോൾ അഞ്ജന അങ്ങോട്ട് ശ്രദ്ധിച്ചു . കൃഷ്ണൻ കുട്ടി ഗേറ്റിനടുത്തേക്ക് നടക്കുന്നതും ഒരു പാളി തുറക്കുന്നതും പുറത്തേക്കിറങ്ങുന്നതും ഹാളിലിരുന്ന് , വിൻഡോ ഗ്ലാസിലൂടെ അഞ്ജന കാണുന്നുണ്ടായിരുന്നു . അപ്പോഴേക്കും അകത്തിരുന്ന് അഞ്ജനയുടെ ഫോൺ ശബ്ദിച്ചു . ടി വി മ്യൂട്ട് ചെയ്ത് വച്ച് ഗേറ്റിലേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് അഞ്ജന ഫോണെടുക്കാൻ അകത്തേക്ക് പോയി . മൈത്രി കഴിച്ചിട്ട് തിരിച്ചു പോകാൻ ഹാളിലേക്ക് വന്നപ്പോൾ കോളിംഗ് ബെൽ മുഴങ്ങി . അവൾ സംശയിച്ചു നിന്നു .

ചിലപ്പോൾ ജയനങ്കിളായിരിക്കും എന്ന് വിചാരിച്ചു നിൽക്കുമ്പോഴേക്കും അഞ്ജന റൂമിൽ നിന്നിറങ്ങി വന്നു . അവൾ ആലോചിക്കുകയായിരുന്നു . ആരാണീ രാത്രിയിൽ വന്നത് . തന്നോട് അനുവാദം ചോദിക്കാതെ കൃഷ്ണൻ കുട്ടി വന്നയാളെ അകത്തേക്ക് കടത്തി വിട്ടോ . അഞ്ജന മുന്നിലേക്ക് ചെന്ന് പീപ്പ് ഹോളിലൂടെ നോക്കിയെങ്കിലും ആരെയും കണ്ടില്ല . അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ചുമരിൻ്റെ സൈഡിൽ നിന്ന് ഒരാൾ മുന്നിലേക്ക് മാറി നിന്നു . ആ മുഖത്തേക്ക് നോക്കിയതും അഞ്ജനയിൽ ചെറിയൊരു നടുക്കമുണ്ടായി …( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 8

Share this story