സഹനായകന്റെ പ്രണയം💘 : ഭാഗം 8

സഹനായകന്റെ പ്രണയം💘 : ഭാഗം 8

എഴുത്തുകാരി: ആഷ ബിനിൽ

അമ്പു അല്പം ബലം പ്രയോഗിച്ചുതന്നെ അഖിലേഷിനെ കൈകൾ തന്റെ തോളിൽ നിന്ന് എടുത്തുമാറ്റി. ആ കണ്ണുകളുടെ ആജ്ഞാശക്തിക്കും മുഖത്തെ നിശ്ചയദാർഢ്യത്തിനും മുൻപിൽ താൻ വീണ്ടും തോൽക്കുകയാണെന്ന് അവന് ബോധ്യമായി. “സ്നേഹം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും, ഈ അംബാലികയെ തോൽപിക്കാൻ നിങ്ങൾക്ക് കഴിയില്ല മിസ്റ്റർ അഖിലേഷ് മഹാദേവൻ” “മിസ്റ്റർ അല്ല ഡോക്ടർ അഖിലേഷ്” അവൻ തിരുത്തി. “അത് ഈ വർഷത്തെ പരീക്ഷ കൂടി ജയിച്ചു കഴിഞ്ഞു വിളിക്കാം” അമ്പു അവനെ മറികടന്ന് നടന്നു. പക്ഷെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം ഞെട്ടി. ലജ്ജ കൊണ്ടോ, ഭയം കൊണ്ടോ, ഒരടിപോലും മുന്നോട്ട് നടക്കാൻ കഴിയുന്നില്ല.

ഒരുവിധം തല കുനിച്ചുപിടിച്ചു കടന്നു പോയപ്പോയപ്പോഴേക്കും വിളി വന്നു. “അംബാലികാ…” അമ്പു ഒന്ന് നിന്നു അവനെ നോക്കി. അവൻ ഓടിവന്ന് അവൾകൊപ്പം നടന്നു തുടങ്ങി. “എന്താ തനിക്ക് അവനുമായി പ്രശ്നം?” ഓ. അപ്പോ അത് അറിയാൻ ആണ്. താൻ നോക്കുന്നതൊന്നും ഇയാൾ കണ്ടിട്ടുണ്ടാകില്ല… എങ്കിൽ പിന്നെ എന്തിനാ അഖിലേഷുമായുള്ള പ്രശ്നം അറിയുന്നത്? “എ.. എനിക്ക്.. എനിക്ക് അയാളോട് പ്രശ്നമൊന്നും ഇല്ല ചേട്ടാ. ആ ചേട്ടനാണ് എനിക്ക് പണി തരാൻ നടക്കുന്നത്” അമ്പു പറഞ്ഞൊപ്പിച്ചു. പക്ഷെ അവൻ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു: “അത് എന്തിനാണ് എന്നാ ചോദിച്ചത്” “അയാളുടെ ഫ്രണ്ടിന് ഞാൻ വന്ന ദിവസം ഒരു ചെറിയ പണി കൊടുത്തു. അയാൾ പ്രതികാരം ചെയ്യാൻ വന്നപ്പോൾ എല്ലാം ഞാൻ രക്ഷപ്പെടുകയും ചെയ്തു.

അതുകൊണ്ടായിരിക്കും” “എന്തായാലും ഇപ്പോൾ ഇവിടെ ഹീറോ അക്കിയേക്കാളും പേര് ഹീറോയിൻ ആയ തനിക്കാണ്. ആ താൻ എന്തിനാ എല്ലാ ദിവസവും അമ്പലത്തിൽ വന്ന് എന്നെ നോക്കി നിൽക്കുന്നത്? കോളേജിൽ വരുമ്പോ ഞാൻ ഇരിക്കുന്ന സ്ഥലത്തു നോക്കുന്നത്?” ഇത്തവണ അമ്പു ഞെട്ടി. അപ്പോൾ ഇവൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് വന്നതിരിക്കുന്നത്. “അത് പിന്നെ ചേട്ടനെ ഈ നാട്ടിൽ മുമ്പ് കണ്ടിട്ടില്ലല്ലോ. അമ്പലത്തിലും കണ്ടിട്ടില്ല. ഞാൻ എന്നും ഇരിക്കാറുള്ള കുളപ്പടവിൽ ആണ് ചേട്ടൻ വന്നിരിക്കാറുള്ളത്. അതുകൊണ്ടൊക്കെ ആരാണെന്ന് അറിയാൻ വേണ്ടി നോക്കിയതാ. വേറെ ഒന്നുമില്ല.”

“അത്രേയുള്ളൂ..?” “എംമ്മം” അവന്റെ മുഖത്തു നോക്കാതെയാണ് മൂളിയത്. “എങ്കിൽ എന്റെ പേര് അരുൺ. അരുൺ ബാബു. ഞങ്ങൾ ഇടപ്പള്ളിയിൽ ആയിരുന്നു താമസം. ഇവിടേക്ക് വന്നിട്ട് ആറു മാസം ആകുന്നതേയുള്ളൂ. അതുകൊണ്ടാണ് താൻ മുൻപ് എന്നെ കാണാതിരുന്നത്.” “മ്മം…” “വേറെ എന്തെങ്കിലും പറയാനുണ്ടോ എന്നോട്?” “ഇല്ല” “ചോദിക്കാൻ ഉണ്ടോ?” “ഇല്ല” “അപ്പോൾ അമ്പലത്തിൽ പോക്ക് നിർത്തുകയാണോ?” ആ ചോദ്യം കേട്ട് അമ്പു മുഖമുയർത്തി അവനെ നോക്കി: “അല്ല.. ഞാൻ പറ്റുന്ന ദിവസങ്ങളിൽ എല്ലാം പോകാറുണ്ട്. ഇനിയും പോകും” “എങ്കിൽ ശരി, ഞാൻ പോട്ടെ. കാണാം” അവൻ തിരിഞ്ഞു നടന്നു.

പൗരുഷത്തിന്റെ പ്രതിരൂപമായ അഖിലേഷിന്റെ പോലും സാന്നിധ്യത്തിൽ പുലിയെയപ്പോലെ ചീറിയവൾക്ക് തന്റെ മുൻപിൽ എന്താണ് പറ്റിയത് എന്ന് അവന് മനസിലായില്ല. അമ്പുവും അതുതന്നെ ആണ് ആലോചിച്ചത്. അവൻ പോയത് മനസിലാക്കി തലയുയർത്തി നോക്കിയപ്പോഴേക്കും ആള് പോയതിലും വേഗത്തിൽ മടങ്ങി വന്നു. അവളുടെ കയ്യിലിരുന്ന ഫോണെടുത്തു ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു. അവന്റെ കയ്യിലെ ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അവൻ കോൾ കട്ട് ചെയ്തു ഫോൺ അമ്പുവിന് തിരികെ കൊടുത്തിട്ട് അവൾക്കൊരു ചിരിയും സമ്മാനിച്ചു നടന്നുപോയി.

അവളിലും ഒരു ചിരി വിരിഞ്ഞപ്പോൾ ആണ് തന്നെ നോക്കുന്ന നാല് ജോടി കണ്ണുകൾ കാണുന്നത്. അഭി, ജെറി, മരിയ, നന്ദു.. ആഹാ എല്ലാവരും ഉണ്ടല്ലോ. കോറം തികഞ്ഞിട്ടുണ്ട്. “അമ്പു… ആരാ അത്..?” “അത്.. അരുണേട്ടൻ” “ഏതേട്ടൻ?” “അരുൺ. അരുൺ ബാബു” “പുള്ളിയെ നിനക്ക് എങ്ങനെ അറിയാം?” അമ്പു കാര്യങ്ങൾ അവരോട് പങ്കുവച്ചു. “എന്നാലും അമ്പു.. ഞാൻ വിചാരിച്ചത് നീ ആ അക്കിയേട്ടനുമായി സെറ്റ് ആകും എന്നാ. അയാൾ ആണെങ്കിൽ കാണാനും സുന്ദരൻ ഇഷ്ടം പോലെ കാശും ഉണ്ട്” മരിയ പറഞ്ഞു. ജെറി അവളെ സപ്പോർട്ട് ചെയ്തു: “അത് മാത്രം ആണോ. പേര് തന്നെ നോക്ക്. അഖിലേഷ് മഹാദേവൻ എവിടെ കിടക്കുന്നു അരുൺ ബാബു എവിടെ കിടക്കുന്നു.”

അല്ലെങ്കിലും അവന് മരിയയെ സപ്പോർട്ട് ചെയ്യൽ അല്പം കൂടുതൽ ആണ്. അച്ചായനും അച്ചായത്തിയും കൂടി എന്തിനുള്ള പുറപ്പാട് ആണോ എന്തോ. “ടാ.. പേരോ രൂപമോ പണമോ ഒക്കെ എപ്പോ വേണമെങ്കിലും മാറാം. അത് ഒക്കെ നോക്കിയാണോ നമുക്ക് ഒരാളോട് ഇഷ്ടമാകുന്നത്..? സ്വഭാവം, മനസിന്റെ ഐക്യം. ഇതൊക്കെ അല്ലെ വേണ്ടത്? അല്ലെങ്കിൽ തന്നെ നമുക്ക് ഈ പ്രായത്തിൽ തോന്നുന്ന പ്രണയം ഒക്കെ അത്ര സീരിയസ് ആകുമോ..” “പോടീ. ഞാനൊക്കെ സീരിയസ് ആണ്” നന്ദു പറഞ്ഞു. “ഞാനും” മരിയ ആണ്. ഇവൾ ഇത് പറയാനുള്ള സാഹചര്യം? അതിന് ഉത്തരം എന്നൊണം ജെറി അവളുടെ തോളിൽ കയ്യിട്ട് അമ്പുവിനെ നോക്കി. ഇത് അത് തന്നെ.. പ്രേമം.

എന്നാലും ഇത്ര പെട്ടന്നൊക്കെ… “ഞങ്ങളും” ജെറി പറഞ്ഞു. പിന്നെ ബാക്കി മൂന്നു പേരും കൂടി അവരെ കളിയാക്കി കൊന്നു. “ഡീ ഈ പ്രായത്തിന് എന്താ കുഴപ്പം? പണ്ടൊക്കെ പതിനെട്ട് വയസിൽ അല്ലെ കല്യാണം കഴിപ്പിച്ചു വിടുന്നത്? ഒളിച്ചോടി പോയിരുന്നതും?” അഭി ചോദിച്ചു. അമ്പുവിന് അതത്ര ഇഷ്ടമായില്ല: “ടാ അവർക്കൊക്കെ അതുണ്ട് വളർച്ചയും പക്വതയും ഉണ്ടായിരുന്നു. നമ്മൾ അങ്ങനെ ആണോ? ഒരു ഡ്രസ് ചൂസ് ചെയ്യാൻ പോലും വീട്ടുകാരുടെ സഹായം വേണം നമുക്ക്. ആ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും അങ്ങനെ ആയിരിക്കില്ലേ” “പിന്നേ. പ്ലസ് റ്റു പിള്ളേര് വരെ കല്യാണം കഴിച്ചു ടിക് ടോക്കും ചെയ്യുന്ന കാലം ആണ്.

അപ്പോഴാ നിന്റെ പക്വത. നമുക്കൊന്നും ഒരു മാക്രികുഞ്ഞു പോലും വീഴുന്നില്ലല്ലോ ഭഗവാനേ” അഭി പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു. അക്കിയുടെയും അരുണിന്റെയും കാര്യം അവർ മറന്നുകളഞ്ഞു. പക്ഷെ എല്ലാം കണ്ടു ദേഷ്യം നിറഞ്ഞ മനസുമായി അക്കി അവിടെത്തന്നെ ഉണ്ടായിരുന്നു. പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ അക്കിയുടെ ശല്യം അമ്പുവിന് ഉണ്ടായില്ല. പക്ഷെ അവൾ പോകുമ്പോഴും വരുമ്പോഴും പതിവ് പോലെ അവൻ ഉണ്ടാകും. അമ്പുവിന്റെ കുറ്റം പറയും എന്ന കാരണം കൊണ്ട് അവൻ കൂട്ടുകാരുമായുള്ള ചങ്ങാത്തം കുറെയൊക്കെ ഒഴിവാക്കി. പകരം വീട്ടിൽ സമയം ചിലവഴിച്ചു തുടങ്ങി. അമ്മക്കും അച്ഛമ്മക്കും ഒക്കെ പഴയ അക്കിയെ തിരികെ കിട്ടിയതിൽ വലിയ സന്തോഷം തോന്നി.

നന്ദ മാത്രം അവന്റെ മാറ്റം സംശയത്തോടെ കണ്ടു. ഒൻപത് വർഷമായി ഇല്ലാതിരുന്ന സ്നേഹം പെട്ടന്നൊരു സുപ്രഭാതത്തിൽ ഉണ്ടാകുമ്പോൾ സ്വാഭാവികമായും സംശയം ഉണ്ടാകുമല്ലോ. അമ്പുവും അരുണും കണ്ണുകൾ കൊണ്ട് കഥ പറയുന്നത് തുടർന്നു. അവർ ഒരിക്കലും പരസ്പരം സംസാരിക്കാൻ ശ്രമിച്ചില്ല. ഫോൺ നമ്പർ കയ്യിൽ ഉണ്ടെങ്കിലും വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്തില്ല. ഒരു നോട്ടം, ഒരു ചിരി. അത്ര മതിയായിരുന്നു അമ്പുവിലെ പ്രണയിനിക്ക് അശ്വസിക്കാനും സന്തോഷിക്കാനും. അവരുടെ കണ്ണുകൾ കൊണ്ടുള്ള കഥകളിക്കും അക്കി സാക്ഷിയായിരുന്നു. ഒരിക്കലും അവർ തമ്മിൽ സംസാരിച്ചു കാണാത്ത സ്ഥിതിക്ക് അവൻ അതിൽ ഇടപെടാൻ മുതിർന്നില്ല.

പക്ഷെ അമ്പുവിനെ ഒരിക്കലും അരുണിന് വിട്ട് കൊടുക്കില്ല എന്നവൻ ഉറപ്പിച്ചിരുന്നു. “അവൾ എന്റേതാണ്. എന്റേത് മാത്രം. അവളുടെ വിരൽത്തുമ്പിൽ പോലും തൊടാൻ ഞാൻ അനുവദിക്കില്ല. അവനെ എന്നല്ല, ആരെയും.” അമ്പുവും അരുണും തമ്മിലുള്ള കഥകളി അക്കിയുടെ കൂട്ടുകാരും കണ്ടുപിടിച്ചു. അവർ അത് ഉപയോഗിച്ച് അമ്പുവിനോടുള്ള അവന്റെ സോഫ്റ്റ് കോർണർ പൂർണ്ണമായും ഇല്ലാതാക്കാനും പഴയപോലെ തങ്ങളുടെ ടീമിലേക്ക് അവനെ തിരികെ കൊണ്ടുവരാനും ഉള്ള നീക്കങ്ങൾ തുടങ്ങി. ഇതൊന്നും അറിയാതെ അമ്പുവും കൂട്ടുകാരും പഠനവും വീടും സൗഹൃദവും ഒക്കെയായി ദിവസങ്ങൾ മുന്നോട്ട് കൊണ്ടുപോയി. അപ്പു ഇതിനിടയിൽ അരുണിനെ കുറിച്ചു നന്നായി അന്വേഷിച്ചിരുന്നു.

അമ്പുവിനോട് ദിവസവും സംസാരിക്കുകയും ചെയ്യും. അവളുടെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നോട് പറയും എന്നറിയാം. പക്ഷെ ഒരേട്ടന്റെ ആധി അവനെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. രണ്ടുമാസം വേഗത്തിൽ കടന്നുപോയി. കോളേജിലെ ഓണം സെലിബ്രെഷൻ ഇങ്ങെത്തി. ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്: അമ്പുവിന് പതിനെട്ട് തികയുകയാണ്. ജന്മദിനം അല്ല, പിറന്നാൾ ആണ് ഇന്ന്. അവൾ ഇന്ന് ജീവിതത്തിൽ ആദ്യമായി സാരി ഉടുത്തു. പട്ടുപാവാടയിൽ നിന്ന് സാരിയിലേക്ക് മാറിയപ്പോൾ, കൗമാരക്കാരിയിൽ നിന്ന് യുവതിയിലേക്കുള്ള തന്റെ മാറ്റം കൂടി തുടങ്ങുകയാണെന്ന് അവൾക്ക് തോന്നി…..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 7

Share this story