സഹനായകന്റെ പ്രണയം💘 : ഭാഗം 9

സഹനായകന്റെ പ്രണയം💘 : ഭാഗം 9

എഴുത്തുകാരി: ആഷ ബിനിൽ

അന്ന് എല്ലാവരും കുടുംബസമേതം അമ്പലത്തിൽ പോയി അമ്പുവിന്റെ പേരിൽ ചില വഴിപാടുകളെല്ലാം കഴിപ്പിച്ചു. ഇന്ന് പിറന്നാൾ ആണ്, ജന്മദിനം രണ്ടുദിവസം കൂടി കഴിഞ്ഞാണ്. സദ്യയും മറ്റും അന്ന് ആകാം എന്നുവച്ചു. വീട്ടുകാർ എല്ലാം കൂടെയുള്ളതുകൊണ്ട് കുളപ്പടവിലേക്ക് പോകാൻ അമ്പുവിന് കഴിഞ്ഞില്ല. അമ്പുവും മരിയയും നന്ദുവും ഗോൾഡൻ കളർ ടിഷ്യൂ സെറ്റ് സാരിയും റെഡ് ഡിസൈനർ ബ്ലൗസും ആയിരുന്നു വേഷം. മരിയയെ കണ്ട ജെറിയുടെ കണ്ണുകൾ വിടരുന്നത് കണ്ട് അമ്പുവിന്റെ നോട്ടം വാകമരച്ചോട്ടിലേക്ക് പോയി. “അവിടെയില്ല” അഭി അവളുടെ നോട്ടം കണ്ടു പറഞ്ഞു.

അമ്പു ചൂളിപ്പോയി. പാർക്കിങ് ഏരിയയിൽ ഇരുന്ന് തന്നെ നോക്കുന്ന അഖിലേഷിനെ കണ്ടതോടെ അമ്പു വേഗത്തിൽ സ്ഥലം കാലിയാക്കി. പിറന്നാൾ ആണെന്ന കാര്യം അമ്പു ആരോടും പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌പെഷ്യൽ വിഷസും മറ്റും ഉണ്ടായില്ല. വാഷ് റൂമിൽ പോയി സാരി ഒന്ന് നന്നാക്കി കൊറിഡോറിലൂടെ മരിയക്കും നന്ദുവിനുമൊപ്പം ക്ലാസിലേക്ക് നടക്കുകയായിരുന്നു അമ്പു. മുന്നിൽ അരുണിനെ കണ്ടതോടെ കൈകാലുകൾ വിറക്കാൻ തുടങ്ങി. “ഹാപ്പി ബർത്ത്ഡേ അമ്പു” അരുൺ അവളുടെ കാതോരം വന്നു പറഞ്ഞു കയ്യിലൊരു കുഞ്ഞു പൊതിയും കൊടുത്തു നടന്നുപോയി. ഒന്നുരണ്ടു നിമിഷം എടുത്തു, അമ്പുവിന് സംഭവിച്ചത് എന്തെന്ന് മനസിലാക്കാൻ.

കാണുന്നത് പോലെയല്ല, ചെക്കൻ റോമാന്റിക്ക് ഒക്കെയാണ്..! മുഖത്തു പുഞ്ചിരി വിരിഞ്ഞപ്പോൾ അവളുടെ നുണക്കുഴി തെളിഞ്ഞു വന്നു. ആ ചിരിയോടെ തന്നെ നോക്കിയത് മരിയയുടെ മുഖത്തേക്കാണ്. കൂടെ നന്ദുവും ഉണ്ട്. വീണ്ടും ചമ്മി..! “ഇതെന്താ ഒരു സ്വകാര്യമൊക്കെ?” “ഹേയ്. അതൊന്നും ഇല്ലടി. ഹാപ്പി ഓണം പറഞ്ഞതാ” “അപ്പോ ഇതോ? അവളുടെ കയ്യിലെ കുഞ്ഞു പൊതിയിൽ ചൂണ്ടിയാണ് ചോദ്യം. “അത് പിന്നെ.. ഓണ സമ്മാനം” “ഓഹോ” അമ്പുവിന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് തന്നെ നന്ദു അത് കൈക്കലാക്കിയിരുന്നു. ആലിലക്കണ്ണന്റെ ഒരു കുഞ്ഞു സ്വർണലോക്കറ്റ് ആയിരുന്നു അത്. അമ്പു അതു വേഗം കയ്യിൽ വാങ്ങിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണു നിറഞ്ഞുപോയി.

“നിനക്കിത് ഇഷ്ടമാണെന്ന് അവനെങ്ങനെ അറിയാം?” “കണ്ണന്റെ അമ്പലത്തിൽ അല്ലെ ഞങ്ങൾ എന്നും കാണാറുള്ളത്. അതുകൊണ്ടായിരിക്കും” അമ്പു അലസമായി മറുപടി പറഞ്ഞു. എങ്ങനെ അറിഞ്ഞു എന്നതിൽ വലിയ കാര്യമുള്ളതായി അവൾക്ക് തോന്നിയില്ല. ആ സമ്മാനം അവൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. പൂക്കളവും മത്സരങ്ങളും ഓണ സദ്യയും ഒക്കെയായി ആഘോഷങ്ങൾ ഗംഭീരമായി നടന്നു. സദ്യ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കൂട്ടുകാരോട് പിറന്നാളിന്റെ കാര്യം പറയാത്തിൽ അമ്പുവിന് കുറ്റബോധം തോന്നി തുടങ്ങിയത്. “പിന്നേ. ഇന്നൊരു വിശേഷം കൂടി ഉണ്ടായിരുന്നു” “എന്തെ?” “അത്.. ഇന്നെന്റെ പിറന്നാളാണ്” അമ്പു പറഞ്ഞത് കേട്ട് ബാക്കി നാലുപേരും അവളെ അന്തംവിട്ട് നോക്കി.

അവർ എന്തെങ്കിലും പറയും മുൻപേ കുട്ടികളെല്ലാം എവിടേക്കോ ഓടുന്നത് കണ്ടു. “അവിടെ ഗ്രൗണ്ടിൽ മുട്ടൻ അടി നടക്കുന്നു” ആരോ പറയുന്നത് കേട്ടു. “പോയി കാണാം” അമ്പു ചോദിച്ചു. സ്ഥിരമായി അടി നടന്നിരുന്ന കോളേജാണ്. അക്കിയുടെ തല്ല് ഇല്ലാത്ത ഒരു ദിവസം പോലും അവിടെ ഉണ്ടാകാറില്ല. കൂടുതലും കൂട്ടുകാർക്ക് വേണ്ടിയാണ് അവൻ ഇറങ്ങുക. അമ്പു ഇവിടെ വന്നതിന് ശേഷം ആണ് മാറ്റം ഉണ്ടായത്. അടിയൊന്നും ഉണ്ടായിട്ടില്ല, അവൾ ഉണ്ടാക്കിയതല്ലാതെ. അക്കി ആണെങ്കിൽ അമ്പുവിന് വേണ്ടി നന്നായി നന്നായി അവസാനം ആ സിക്സ് പാക്കും ബോഡിയും കൊണ്ട് ഇനി ഗുണമില്ല എന്ന് ആളുകൾ പറയുന്ന അവസ്‌ഥയാണ്‌. അവൾക്കുള്ള പണി പിന്നീട് കൊടുക്കാൻ തീരുമാനിച്ച് അവർ ഗ്രൗണ്ടിലേക്ക് പോയി.

അക്കി ഒരു പയ്യനെ ഹോക്കി സ്റ്റിക്കും കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയാണ്. “വിചാരിച്ചപോലെ അല്ല.. ചെക്കൻ കൊള്ളാം” അമ്പു അഭിയോട് പറഞ്ഞു. അടി കൊള്ളുന്ന ആളെ കണ്ട് അഭിയുടെ മുഖം മാറുന്നത് കണ്ടാണ് അവളും അവിടേക്ക് നോക്കിയത്. “അരുൺ…!” ആരും അഖിലേഷിനെ പിടിച്ചുമാറ്റാൻ ധൈര്യം കാണിക്കാതെ കണ്ടു രസിക്കുകയാണ്. അമ്പു വേഗം പോയി അവനെ പിടിച്ചുമാറ്റി. അരുൺ അപ്പോഴേക്കും അടി കൊണ്ട് ബോധം പോകാറായിരുന്നു. അമ്പുവിനെ കണ്ടതോടെ അക്കി ഹോക്കി സ്റ്റിക് കളഞ്ഞ് അവളെ തന്നോട് ചേർത്തുപിടിച്ചു. “ഇവൾ എന്റെ പെണ്ണാണ്. ഇനി നിന്റെ നിഴൽ പോലും ഇവളുടെ മേലെ വീണു എന്നറിഞ്ഞാൽ.. കൊല്ലും ഞാൻ. നായേ” അവൻ പറഞ്ഞ വാക്കുകൾ കൂരമ്പുപോലെ അമ്പുവിന്റെ ചെവികളിലേക്ക് തുളഞ്ഞുകയറി.

അവൾ ബലമായി അവനിൽ നിന്ന് അകന്നുനിന്നു. അവളെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അക്കിയെ അവൾ തടഞ്ഞു: “എന്താ ഇവിടെ ഇപ്പോൾ പറഞ്ഞിട്ട് പോയത്? ഞാൻ നിങ്ങളുടെ പെണ്ണ് ആണെന്നോ? നിങ്ങളെന്താ എന്നെ വിലക്ക് വാങ്ങിയിട്ടുണ്ടോ?” അക്കി അമ്പരന്ന് അവളെ നോക്കി. കോളേജ് മുഴുവൻ ചുറ്റിലും നോക്കി നിൽക്കുകയാണ്. നിലത്തു കിടന്ന അരുൺ പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുന്നു. അക്കി അമ്പുവിന്റെ കയ്യിൽ പിടിച്ചു മാറ്റി നിർത്താൻ നോക്കിയെങ്കിലും അവൾ ആ കൈ വിടുവിച്ചു. “എനിക്കറിയണം. എന്ത് അധികാരത്തിലാണ് നിങ്ങൾ ഈ പറഞ്ഞതെന്ന് എനിക്കറിയണം.” “അമ്പു.. എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടമാണ്.”

ചുറ്റിലും നിൽക്കുന്നവർ എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ട ഭാവത്തിൽ അവനെ നോക്കി. “അതുകൊണ്ട്? നിങ്ങൾക്ക് ഇഷ്ടമാണ് എങ്കിൽ ഞാൻ നിങ്ങളുടെ പെണ്ണാകുമോ?” അമ്പുവിന്റെ ചോദ്യം അക്കിയുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചു. അവന് ദേഷ്യം ഇരച്ചു കയറി. “ആഹ്.. ആകും. എന്തേ നിനക്ക് സംശയം ഉണ്ടോ?” “ഉണ്ട്. ഞാൻ ഇന്നേ വരെ അത്തരത്തിലുള്ള ഒരു നോട്ടമോ സംസാരമോ നിങ്ങൾക്ക് തന്നിട്ടില്ല. നിങ്ങളുടെ ഗ്ലാമറും പണവും കണ്ട് പിന്നാലെ വരുന്ന പെണ്ണുങ്ങൾ കാണും. എന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ട. ഇനി മേലാൽ, മേലാൽ ഈ കാര്യം പറഞ്ഞ് എന്റെ മുൻപിൽ വന്നാൽ, അമ്പു ആരാണെന്ന് നിങ്ങൾ അറിയും.” അതും പറഞ്ഞ് അവൾ അരുണിന്റെ നേരെ തിരിഞ്ഞു:

“നാണമില്ലല്ലോ അവന്റെ തല്ല് കൊണ്ടു ചാവാൻ. ഒരടി, ഒരെയൊരെണ്ണം എങ്കിലും നിങ്ങൾ തിരിച്ചു കൊടുത്തിരുന്നെങ്കിൽ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തേനെ. ഇതൊരുമാതിരി.. ഛെ….” അരുൺ തല താഴ്ത്തി നിന്നതെയുള്ളൂ. തന്നെ അപമാനിച്ച ശേഷം അവൾ അവനോട് സംസാരിക്കുന്നതുകൂടി കണ്ടതോടെ അക്കിയുടെ ദേഷ്യം വർധിച്ചു. അവൻ അമ്പുവിന്റെ കയ്യിൽ പിടിച്ചു വലിച്ച് ബലമായി അവളുടെ അധരങ്ങളെ തന്റെതുമായി ബന്ധിച്ചു. കോളേജ് മുഴുവൻ ശ്വാസമടക്കി പിടിച്ച് ആ രംഗം നോക്കി നിന്നു. ജീവിതത്തിലെ ആദ്യത്തെ ചുംബനം..! അമ്പുവിന് സ്ഥലകാലബോധം വരാൻ കുറച്ചു സമയമെടുത്തു. അവൾ സർവശക്തിയുമെടുത്ത് അക്കിയെ തള്ളിമാറ്റി അവന്റെ ഇരുകരണത്തും ആഞ്ഞടിച്ചു.

പിന്നെ കലി തീരുവോളം അവനെ പ്രഹരിച്ചു. ഒന്ന് തടയുക പോലും ചെയ്യാതെ, ഒരു വാക്ക് പോലും ഉരിയാടാതെ, അവൻ അതെല്ലാം നിന്ന് കൊണ്ടു. സുഖമുള്ള ഒരു നോവായി മാത്രമേ അമ്പുവിന്റെ പ്രഹരങ്ങളെ അവൻ കണ്ടുള്ളൂ. ആ കണ്ണുകളിൽ അപ്പോൾ അമ്പു ഒരുതരം ലഹരിയായി നിറയുകയായിരുന്നു. കുട്ടികൾ പലരും വീഡിയോ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ട അഭിയും കൂട്ടുകാരും അമ്പുവിനെ ബലമായി പിടിച്ചുമാറ്റി. അപ്പോഴും അവളുടെ കണ്ണുകൾ കണ്ണീരോടെയും ക്രോധത്തോടെയും അക്കിയിൽ തറഞ്ഞുനിന്നു. അവനാകട്ടെ, ഒരുതരം വിചിത്രമായ ആനന്ദത്തോടെ അവളെ നോക്കിനിന്നു. കുട്ടികളുടെ മുറുമുറുപ്പുകൾ കേൾക്കാൻ ഇടവരുത്താതെ വേഗം തന്നെ അമ്പുവിനെയും നന്ദുവിനെയും അവർ ബസ് കയറ്റിവിട്ടു.

ഇനി ഒരാഴ്ച അവധിയാണ്. അത് കഴിയുമ്പോഴേക്കും എല്ലാവരും കുറെയൊക്കെ എല്ലാം മറക്കും. നന്ദുവിനോട് യാത്രപറയുക പോലും ചെയ്യാതെയാണ് അമ്പു തന്റെ സ്റ്റോപ്പിൽ ഇറങ്ങിയത്. വീട്ടിൽ എത്തിയപാടെ അമ്മയെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞുപോയി. കാര്യം മനസ്സിലായില്ലെങ്കിലും അവർ അവളെ അശ്വസിപിച്ചു. അല്പം ആശ്വാസം തോന്നിയപ്പോൾ മുറിയിൽ കയറി കതകടച്ചു. എന്തോ വലിയ വിഷമം അവൾക്ക് ഉണ്ടായി എന്നവർക്ക് മനസിലായി. എങ്കിലും ചോദിച്ചു ബുദ്ധിമുട്ടിക്കാൻ അവർ നിന്നില്ല. അവർ വിളിച്ച് പറഞ്ഞതനുസരിച്ച് അപ്പു അന്ന് നേരത്തെ വീട്ടിലെത്തി. അമ്പുവിന്റെ മുറിയുടെ കതക് പതിവില്ലാതെ അടഞ്ഞു കിടക്കുന്നത് അവനിൽ സംശയം ജനിപ്പിച്ചു.

കതക് തുറന്നപ്പോൾ വെറും നിലത്ത് ബോധരഹിതയായി വീണ് കിടക്കുന്ന അമ്പുവിനെ ആണ് കണ്ടത്. ഉടുത്ത സാരി പോലും മാറ്റിയിട്ടില്ല. മുഖത്തേക്ക് വെള്ളം തളിച്ചപ്പോൾ ബോധം തെളിഞ്ഞെങ്കിലും അമ്പുവിന് നല്ല ക്ഷീണം ഉണ്ടായിരുന്നു. കൂടുതലൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അവളെ കഞ്ഞിയും കൊടുത്തു ഉറങ്ങാൻ പറഞ്ഞയച്ചു. “അമ്പു കോളേജിൽ ചേർന്നപ്പോൾ മുതൽ ഓരോ പ്രശ്നങ്ങൾ ആണല്ലോ മോനെ..” ചന്ദ്രൻ ആധിയോടെ പറഞ്ഞു. “ഞാനും അത് ആലോചിച്ചു അച്ഛാ. അവൾക്ക് എന്തെങ്കിലും കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവമാണ്. പിന്നെ ആ അഖിലേഷ് എന്ന് പറയുന്നവൻ ആണെങ്കിൽ പണത്തിന്റെ ജാഡയാണ് അവന്. ഇന്നും എന്തെങ്കിലും പറഞ്ഞുകാണും മോളെ.

അതുകൊണ്ട് ആയിരിക്കും അവൾക്കിത്ര വിഷമം” അവർ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അപ്പുവിനെയും ലതികയുടെയും ചന്ദ്രന്റെയുമൊക്കെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നുകൊണ്ടിരുന്നു. കാര്യം മനസ്സിലായില്ലെങ്കിലും അമ്പുവിനെ സംബന്ധിച്ച എന്തോ വീഡിയോ ആണ് എല്ലായിടത്തും ചർച്ച എന്ന് മനസിലായി. വാട്‌സ്ആപ്പ് തുറന്ന അപ്പു വിറച്ചുപോയി. അനിയത്തിയെ ഒരാൾ ബലമായി ചുംബിക്കുന്നതും അവൾ അവനെ അടിക്കുന്നതും ആണ് വീഡിയോ. തങ്ങളുടെ ഫാമിലി ഗ്രൂപ്പിലും മറ്റ് പല ഗ്രൂപ്പുകളിലും ഈ വീഡിയോ കിടന്ന് കറങ്ങുന്നതായി അറിയാൻ കഴിഞ്ഞു.

വാട്‌സ്ആപ്പിൽ മാത്രമല്ല, ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ വീഡിയോ ട്രെൻഡിങ് ആണ്. ” ഓണാഘോഷത്തിനിടെ ബലമായി ചുംബിച്ചവനെ പെണ്കുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും” എന്നൊക്കെ ക്യാപ്ഷൻ ഇട്ട് ആ വീഡിയോ വിൽക്കുകയാണ് പലരും. ചിലർ അമ്പുവിന്റെ ധൈര്യത്തെ പ്രകീർത്തിച്ചപ്പോൾ മറ്റു ചിലർ അവളുടെ സ്വഭാവദൂഷ്യത്തെയും വളർത്തുദോഷത്തെയും വിമർശിച്ചു. എല്ലാം കണ്ടും കെട്ടും അപ്പുവിന് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി. അമ്പു ആകട്ടെ, ഇതൊന്നും അറിയാതെ കരഞ്ഞു തളർന്ന് ഉറങ്ങിയിരുന്നു….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 8

Share this story