ഗോപികാ വസന്തം : ഭാഗം 6

ഗോപികാ വസന്തം : ഭാഗം 6

എഴുത്തുകാരി: മീര സരസ്വതി

“ഹരിയേട്ടൻ..” എന്റെ ചുണ്ടുകൾ മന്ത്രിച്ചതും ഓടി അണയാൻ തോന്നി. കഴുത്തിലെ താലിയെ കുറിച്ച് ഓർത്തതും ഹരിയേട്ടനെ കണ്ട ആവേശമെല്ലാം കെട്ടടങ്ങി. ഹരിയേട്ടന്റെ കൂടെ സുന്ദരിയായ ഒരുപെൺകുട്ടിയും വേറെ ഒരാളും കൂടി ഉണ്ടായിരുന്നു. ആ പെൺകുട്ടി അവന്തികയാകണം. ഹരിയേട്ടന്റെ ബെസ്റ്റ്‌ ഫ്രണ്ട്. എപ്പോഴോ അവളെക്കുറിച്ച് സംസാരിച്ചതോർത്തു. പതിയെ അവരുടെ അടുക്കലേക്ക് ചുവടു വെച്ചു.. എന്റെ ശ്രദ്ധ മുഴുവൻ ഹരിയേട്ടന്റെ കൈകളിൽ കോർത്ത് പിടിച്ച അവന്തികയുടെ കൈകളിലായിരുന്നു. എന്തോ ആ കാഴ്ച സഹിക്കാവുന്നതിലും അപ്പുറമായി തോന്നുന്നു.

നഗരത്തിൽ പഠിച്ചു വളർന്നവരല്ലേ.. ഇതൊക്കെ സാധാരണമാകാം.. പക്ഷെ.. ഹരിയേട്ടന്റ കാര്യത്തിൽ എന്തോ സ്വാർത്ഥയാകും പോലെ. ഇതുപോലെയൊക്കെ തന്നെയാകില്ലേ ഹരിയേട്ടനും ചിന്തിക്കുന്നത്. ഇത്രയും കാലം ഹരിയേട്ടന്റെ പെണ്ണെന്നും പറഞ്ഞു വേറൊരാളുടെ താലിക്കായി കഴുത്ത് നീട്ടികൊടുത്തിരിക്കുന്നു. ഒരൊറ്റ രാത്രിയാണെങ്കിലും അയാളുടെ കൂടെ അയാളുടെ മുറിയിൽ അയാളുടെ ഭാര്യയായി.. സഹിക്കാൻ പറ്റുന്നുണ്ടാകില്ല. ഹരിയേട്ടന് എന്നോട് ദേഷ്യമാകുമോ.. നടന്നതൊക്കെയും പറഞ്ഞാൽ ആൾക്ക് വിശ്വാസമാകുമോ…എന്തോ ഒരു ഭയം വന്നെന്നെ മൂടും പോലെ. കാലുകൾ കുഴയും പോലെ.. ആ മുഖത്ത്‌ നോക്കാൻ പോലും അർഹതയില്ലെന്ന് തോന്നിപ്പോയി..

അടുത്തെത്തിയതും മൂവരിലും ഒരു പുഞ്ചിരി വിടർന്നു. തിരികെ ഒരു ചിരി വരുത്തിയതും അവന്തിക എന്റെ കൈകൾ കവർന്നിരുന്നു. അവരുടെ കൂടെ ഉണ്ടായിരുന്ന ആളെ എവിടെയോ കണ്ട് നല്ല പരിചയമുണ്ട്. ഓർമ്മകളിൽ ചിക്കി ചികഞ്ഞു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. കുറച്ച് നിമിഷങ്ങൾ പരസ്പരം നോക്കിയതല്ലാതെ ആരുമൊന്നും മിണ്ടിയില്ല. സംസാരിച്ച് തുടങ്ങാൻ എല്ലാവര്ക്കും എന്തോ പ്രയാസം പോലെ. “സുഖാണോ ഗോപൂ ..” ഹരിയേട്ടന്റെ ചോദ്യത്തിന് ഒന്ന് മൂളിയതേയുള്ളൂ. എനിക്ക് സുഖമാണെങ്കിൽ ഈ ഒരവസ്ഥയിൽ ഞാനിവിടെ കാണുമോ എന്തൊരു ചോദ്യമാ.. ഹരിയേട്ടനോട് തനിയെ സംസാരിക്കണം എന്ന് തോന്നിപ്പോയി. ഇവരുടെയൊക്കെ മുന്നിൽ നിന്ന് സംസാരിക്കാൻ ഒരു ചമ്മൽ പോലെ.

അപ്പോഴാണ് അവിടേക്ക് ഡോക്ടർ പ്രദീപ് കടന്നു വന്നത്. ഡോക്ടർ എല്ലാവരെയും പരിചയപ്പെടുന്നുണ്ട്. അവരെ ഡോക്ടർ നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ. “ഗോപുവിന് ഹരിയോട് സംസാരിക്കണ്ടേ??” എന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ ഡോക്ടർ ചോദിച്ചപ്പോൾ ഹരിയേട്ടനും ആകാംക്ഷയോടെ നോക്കുന്നത് കണ്ടു. വേണമെന്ന് പറഞ്ഞതും ഒഴിഞ്ഞു കിടക്കുന്ന ഒരു കൺസെൽട്ടിങ് മുറി കാണിച്ചു തന്നു. “ചെല്ല്.. രണ്ടാളും സംസാരിക്ക്.. ഞങ്ങളിവിടെ കാണും..” ഹരിയേട്ടന്റെ പിറകെയായി ഞാനും നടന്നു. ഞാൻ കൂടെ നടക്കുന്നുണ്ടെന്നൊന്നും ആൾ ശ്രദ്ധിക്കുന്നേയില്ല. പണ്ടത്തേതിലും ഒത്തിരി മാറിയിട്ടുണ്ട്.

പണ്ട് കണ്ടപ്പോഴുള്ള പൊടിച്ചെക്കനിപ്പോൾ ഒത്ത നീളവും വണ്ണവുമുള്ളൊരു പുരുഷനായി മാറിയിട്ടുണ്ട്. പഴയ ഗൗരവത്തിനു മാത്രം പക്ഷെ ഒട്ടും മാറ്റമില്ല. പണ്ടേ ആവശ്യത്തിന് മാത്രമേ ആള് സംസാരിക്കാറുള്ളു. പണ്ടൊക്കെ ദേവുവിന്റെയും വസന്തേട്ടന്റെയും പ്രണയം കാണുമ്പോൾ എന്നെങ്കിലും ഹരിയേട്ടനും അതുപോലെയൊക്കെ എന്നെയൊന്ന് പ്രണയിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വസന്തേട്ടൻ.. ആ പേര് പോലും ഇപ്പോൾ വെറുത്തു പോയിരിക്കുന്നു. ദേഷ്യത്തോടെ പല്ലു കടിച്ചതും ഹരിയേട്ടൻ മുറിയിലെ ഡോർ തുറന്ന് ഞാൻ കയറാൻ വേണ്ടി കാത്തു നിൽക്കുന്നത് കണ്ടു.

വേഗം മുറിയിലേക്ക് കയറിയതും ആൾ ഡോർ അടച്ചു അരികിലായി വന്നു നിന്നു.. “ഗോപൂ… ദേഷ്യമാണോ തനിക്കെന്നോട്.. നിന്നെ ഈ അവസ്ഥയിലാക്കിയതൊക്കെ ഞാനല്ലേ.. പൊറുക്കാൻ കഴിയുമോ എന്നോട്.. ഒന്നും മനപൂർവ്വമായിരുന്നില്ല ഗോപു. നിന്നെ ഈ വിധത്തിൽ നോവിക്കണമെന്ന് അറിയാതെ പോലും ചിന്തിച്ചിട്ടില്ല..” ഒന്നും മനസ്സിലാകാതെ ഞാനാ മുഖത്തേക്ക് തന്നെ നോക്കി. വെറുക്കാനോ.. ഈ മനസ്സിൽ ഹരിയേട്ടനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ.. വെറുപ്പ്.. അതയാളോട് മാത്രമാ.. എന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായവനോട് മാത്രം.. ഒന്നും മറുപടിയില്ലാഞ്ഞിട്ടാകും ആള് പിന്നെയും തുടർന്നു. “താൻ കരുതിയത് പോലൊരു സ്നേഹമൊന്നും എനിക്ക് തന്നോടുണ്ടായിരുന്നില്ല ഗോപൂ. ഒക്കത്തിനും എന്റച്ഛനാ കാരണം.

ആളുടെ നിർബന്ധം മൂലമാ ഞാനങ്ങനെ ഒരു വേഷമാടിയത്. ..തന്നോടെനിക്കുള്ളത് ഇഷ്ടമായിരുന്നില്ലെന്ന് മനസ്സിലാക്കാൻ തന്നെ സമയമെടുത്തു. പൊറുക്കണമെന്ന് പറയാൻ പോലും പറ്റാത്ത തെറ്റാണെന്ന് അറിയാം.. എന്നാലും മാപ്പാക്കണം…” ഹരിയുടെ ഓരോ വാക്കുകകളും ഇരു ചെവികളെയും പൊള്ളിക്കും പോലെ തോന്നി ആ പെണ്ണിന്… വിശ്വസിക്കാനാകാതെ സ്തംഭിച്ചു നിന്നു. ചെവിരണ്ടും കൈകൊണ്ട് പൊത്തിപ്പിടിച്ചു അലറി..എന്റെ ഹരിയേട്ടൻ.. ഇത്രയും കാലം പ്രാണനായി കൊണ്ട് നടന്നയാൾ പറയുന്നു എന്നെ സ്നേഹിച്ചിരുന്നില്ലെന്ന്.. “ഇല്ലാ.. വിശ്വസിക്കില്ല.. എന്നെ ഇഷ്ടമായിരുന്നില്ലെന്ന് പോലും .. വെറുതെയാ.. എന്നെ കളിപ്പിക്കുന്നതാ.. ഞാൻ ജീവനായിരുന്നില്ലേ.. തമാശയ്ക്ക് പോലും ഇങ്ങനെ പറയല്ലേ ഹരിയേട്ടാ.. ഞാൻ..

ഞാൻ മറ്റൊരാളുടെ ഭാര്യയാണ് എന്നതാണോ ഹരിയേട്ടന്റെ പ്രശ്നം.. ഒരിക്കലും തേടി വരില്ല ഹരിയേട്ടാ.. എന്നാലും എന്നെ ഇഷ്ടമായിരുന്നില്ലെന്ന് മാത്രം പറയല്ലേ..” അവനെ ആഞ്ഞു പുൽകി പതം പറഞ്ഞു കരഞ്ഞു. വിടുവിക്കാൻ ഹരി ശ്രമിച്ചതും എന്തോ ഓർത്തെന്നത് പോലെ മാറിനിന്നു. മുറിയിലെ ബഹളം കേട്ടാകണം ഡോക്ടർ അകത്തേക്ക് വന്നത്. ഹരിയോട് പുറത്തു പോയി നിൽക്കാൻ പറഞ്ഞ് ഡോക്ടർ കസേര നീക്കിയിരുന്നു. അടുത്തുള്ള കസേര അവൾക്ക് നേരെ വലിച്ചിട്ട് ഇരിക്കാൻ ആവശ്യപ്പെട്ടു. ഏങ്ങി ഏങ്ങി കരയുന്ന ആ പെണ്ണിനെ ഒരു നിമിഷം നോക്കി നിന്നതിനു ശേഷം ഡോക്ടർ സംസാരിക്കാൻ ആരംഭിച്ചു. “ഗോപിക.. കുറച്ച് ബുദ്ധിമുട്ടാകുമെന്നറിയാം..എന്നാലും യാഥാർഥ്യങ്ങൾ താൻ മനസ്സിലാക്കിയേ പറ്റുള്ളൂ..

തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഞാൻ പറയാം. ആദ്യമൊന്ന് ശ്രദ്ധിച്ച് കേട്ടുനോക്ക്. വിശ്വസിക്കാൻ പ്രയാസം കാണും.. എന്നാലും കേട്ടേ മതിയാകുള്ളൂ..” “എന്ത് കേൾക്കാൻ.. ഹരിയേട്ടൻ പറഞ്ഞത് പോലെ തന്നെയാകില്ലേ ഡോക്ടറും പറയാൻ പോകുന്നത്… എന്നോട് ഇഷ്ടമായിരുന്നില്ല പോലും.. എപ്പോ തൊട്ട്..?? എന്നെ വേറൊരാൾ താലി കെട്ടിയപ്പോൾ മുതലാകില്ലേ.. ഇനിയെന്ത് കഥകളാ ഞാൻ വിശ്വസിക്കേണ്ടത്..” പൊട്ടിത്തെറിക്കുന്ന പെണ്ണിന്റെ രോഷം മുഴുവൻ പൊഴിഞ്ഞു തീരട്ടെ എന്നും കരുതി നിമിഷങ്ങളോളം മിണ്ടാതെ അതേ ഇരിപ്പ് തുടർന്നു ഡോക്ടർ. ആളൊന്ന് തണുത്തെന്ന് തോന്നിയതും പതിയെ മുരടനക്കി സംസാരിച്ചു തുടങ്ങി. “അവന്തികയും ഹരിയും ഇഷ്ടത്തിലായിരുന്നു.

അവരൊരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് അഞ്ചാറു മാസമായി.. ആൻഡ് നൗ ഷീ ഈസ് കാരീയിങ്.. ഫോർ മന്ത് ആയിക്കാണും ഇപ്പോൾ..” ഞെട്ടിപ്പിടഞ്ഞ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നുപോയി പെണ്ണ്.. കേട്ടത് വിശ്വസിക്കാനാകാതെ ഒരു നിമിഷം അവിടെ തറഞ്ഞു നിന്ന് പോയി. ടേബിളിനു മുകളിൽ ഇരുന്ന ബോട്ടിൽ വായിലോട്ട് കമിഴ്ത്തി പരവേശത്തോടെ കുടിക്കുമ്പോൾ ഇട്ടിരുന്ന ടോപ് പോലും വെള്ളം വീണു നനഞ്ഞു. തളർച്ചയോടെ കസേരയിൽ വന്നിരുന്നു. ഡോക്ടർ കാര്യങ്ങൾ ഒക്കെയും പറയുമ്പോൾ അതോടൊപ്പം ആ കണ്ണുകളും തോരാതെ പെയ്തിരുന്നു. വിഡ്ഢിയാണ് താൻ.. ഒരാളെ ശെരിക്കും കാണുകയോ കേൾക്കുകയോ ചെയ്യാതെ ഇഷ്ടമാണെന്ന് ധരിച്ച പടു വിഡ്ഢി.

പണ്ടെങ്ങോ ആരാണ്ടൊക്കെയോ ഹരിയുടെ പെണ്ണാണ് എന്ന് പറഞ്ഞ വാക്കിന്മേൽ ഇഷ്ടങ്ങൾ പടുത്തുയർത്തിയവൾ… ഒരിക്കൽ പോലും ഹരിയേട്ടന്റെ ഇഷ്ടം എത്ര ആത്മാർത്ഥമായിരിക്കുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. വിളിക്കുമ്പോൾ കാണിച്ചിരുന്ന വാക്കുകകളിലെ പിശുക്ക് ആളുടെ പ്രകൃതമായി കണ്ട് പൊരുത്തപ്പെട്ടു. കാണാൻ ആവശ്യപെടുമ്പോഴൊക്കെ ഒഴിവു പറയുമ്പോൾ തിരക്കാകുമെന്ന് കരുതി സ്വയം ആശ്വസിച്ചു. എല്ലാത്തിനുമപരിയായി ഭ്രാന്തമായി താൻ സ്നേഹിച്ചു. തന്നോടും അതുപോലെ സ്നേഹമാണെന്ന് സ്വയം മനസ്സിൽ ശഠിച്ചു.. തളർച്ചയോടെ തലയ്ക്ക് കൈ താങ്ങി കസേരയിൽ ചാഞ്ഞിരുന്നു… “അന്ന് ബാംഗ്ളൂരിൽ നിന്നും വന്നതിനു ശേഷം ഒക്കെ അറിയിക്കാനാ വസന്ത്‌ ഗോപികയോട് സംസാരിച്ചതും.

തന്റെ സംസാരത്തിൽ നിന്നും ഹരി വന്നില്ലെങ്കിൽ താൻ ജീവനൊടുക്കും എന്ന് മനസ്സിലാക്കിയതും വരുമെന്ന് പറയുകയേ വസന്തിനു വഴിയുണ്ടായിരുന്നുള്ളൂ.. താലി കെട്ടും വരെയും തന്നെ എങ്ങനേലും സുരക്ഷിതനാക്കണമെന്നേ വസന്തിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…” “എന്ന് വെച്ച്.. ഹരിയേട്ടൻ വരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌, എന്റെ അനുവാദമില്ലാതെ എന്റെ കഴുത്തിൽ താലി കെട്ടിയത് ശെരിയായ കാര്യമെന്നാണോ ഡോക്ടർ പറയുന്നത്. അത്രമേൽ വിശ്വസിച്ചിരുന്ന ആളാ.. എന്റെ ഓരോ കാര്യങ്ങളും അണുവിണ തെറ്റാതെ അറിയാവുന്ന ആളാ… എന്നിട്ടും എന്നോടെങ്ങനെ…എന്തിന്റെ പേരിലായാലും ചെയ്തത് വഞ്ചനയാ..

ഹരിയേട്ടനോട് ക്ഷമിക്കാൻ പറ്റിയാൽ പോലും വസന്തേട്ടനോട് പറ്റുമെന്ന് തോന്നുന്നില്ല..” “ഒരു കാര്യം ചോദിക്കട്ടെ ഗോപിക.. തന്നോട് അന്നീ കാര്യങ്ങൾ ഒക്കെയും വസന്ത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ജീവനോടെ ഉണ്ടാകുമായിരുന്നോ? ഹരി വന്നില്ലെങ്കിൽ മരിക്കാനുള്ള വഴികൾ വരെ തയ്യാറാക്കി വച്ചിരുന്നെന്ന് താൻ തന്നെയല്ലേ എന്നോട് പറഞ്ഞത്..” മറുപടിയില്ലാതെ ഒന്ന് നെടുവീർപ്പിട്ട് അതെ ഇരുത്തം തുടർന്നു അവൾ. ” നീ അവന്റെ കണ്മുന്നിൽ ജീവനോടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചാ വസന്ത്‌ ഈ കാട്ടികൂട്ടിയതൊക്കെയും. തന്റെ ബെസ്റ്റ്‌ ഫ്രണ്ടായിരുന്നില്ലേ. അപ്പൊ തന്നെ അവനോളം മനസ്സിലാക്കിയ വേറെ ആളുണ്ടാകുമോ.. ഒരിക്കലും അവനെ ന്യായീകരിക്കുന്നതല്ല ഗോപിക .

തന്നോട് തുറന്ന് പറയാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തെറ്റ്‌ തന്നെയാണ്. ആളിപ്പോ അതോർത്തു ഉരുകി ജീവിക്കുന്നുണ്ട്. താനറിയാതെ ഇടക്ക് ആൾ തന്നെ കണ്ടു പോകുന്നുണ്ട്. താനാവശ്യപ്പെടാതെ വസന്തിനി തന്റെ മുന്നിൽ വരില്ലെന്ന് ഉറപ്പാണ്…” പറഞ്ഞതോടൊപ്പം ടേബിൾ ബില്ലിൽ വിരലമർന്നപ്പോൾ മറുവശത്തു എത്തിയ ആളോട് പുറത്തു നിൽക്കുന്ന മനുവിനോട് അകത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ ഹരിയേട്ടനോടൊപ്പം കണ്ട ചെറുപ്പക്കാരൻ. ഡോക്ടർ കൈചൂണ്ടിയ ഭാഗത്തെ കസേര വലിച്ച് നീക്കിയിരിക്കുന്ന ആളെ അല്പം സന്ദേഹത്തോടെയാണ് നോക്കിയത്. ഡോക്ടറുടെ അനുവാദം ലഭിച്ചതും ആൾ സംസാരിച്ചു തുടങ്ങി.

“ഗോപികയ്ക്ക് എന്നെ അറിയുമോ എന്നറിയില്ല. ഞാൻ വസന്തിന്റെ കോളേജ്മേറ്റ്‌ ആണ്. മനു രാമകൃഷ്ണൻ..” ഇപ്പോഴാണ് ഓർമ്മ വന്നത്. വസന്തേട്ടന്റെയും നൗഫൽ മാഷിന്റെയും കോളേജ് ഫോട്ടോകളിൽ നിറ സാന്നിധ്യമാണ്. ഒരിക്കൽ വസന്തേട്ടന്റെ വീട്ടിലും വന്നപ്പോൾ കണ്ടിരുന്നു. “ഞാനായിരുന്നു ഹരിയ തേടി അന്ന് വസന്തിന്റെ കൂടെ പോയത്. സത്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോൾ തകർന്നു പോയിരുന്നു അവൻ. താനെല്ലാം അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നത് മാത്രമായിരുന്നു അവന്റെ ഭയം. ഒക്കെ തന്നെ അറിയിച്ച് കല്യാണം ഒഴിയാൻ വേണ്ടിയാ തിരികെ വന്നതും. പക്ഷെ വെറുതെ ഒരു തമാശ പോലെ പറഞ്ഞപ്പോഴുള്ള തന്റെ പ്രതികരണത്തിൽ അവൻ ഭയന്നിരുന്നു.

അതാ വിവാഹം കഴിഞ്ഞ്‌ എല്ലാം താൻ പൊരുത്തപ്പെട്ട് വന്നാൽ മാത്രം പറയാമെന്ന് പറഞ്ഞത്.എനിക്ക് വസു പറഞ്ഞ് തന്നെയും ദേവികയും നന്നായിട്ട് അറിയാം. അത്രമേൽ ആഗ്രഹിച്ച ദേവികയെ സ്വന്തമാക്കാൻ ശ്രമിക്കാതെ ഗോപികയെ സ്വന്തമാക്കാൻ അവൻ ശ്രമിക്കില്ലെന്ന് എന്നെക്കാൾ നന്നായിട്ട് തനിക്ക് അറിയുമായിരിക്കും…” മനു പറഞ്ഞതും ശെരിയാണ്. ദേവു തള്ളിപ്പറഞ്ഞിട്ടും ദേവുവിനെ മറക്കാൻ കഴിയാതെ വസന്തേട്ടൻ ഉഴറുന്നത് നേരിട്ടനുഭവിച്ചറിഞ്ഞതാ ഞാൻ. ദേവുവോളം ആ മനസ്സിൽ വേറെയാർക്കും ഇടവുമുണ്ടാകില്ല. അമ്മ കഴിഞ്ഞാൽ എന്നെയും ദേവുവിനെയും മാറിപ്പോകാതെ മനസ്സിലാക്കാൻ പറ്റുന്ന ഒരേയൊരാൾ വസന്തേട്ടനാണ്.

അത്രമേൽ ആ മനസ്സിൽ ദേവു പതിഞ്ഞത് കൊണ്ടാണത്. ആ ആൾ ദേവുവിന് പകരമായിട്ട് എന്നെ വിവാഹം ചെയ്യുമെന്ന് താനും കരുതിയിരുന്നില്ല. “ഇനിയൊരു തീരുമാനം എടുക്കേണ്ടത് ഗോപികയാണ്. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തനിക്ക് വീട്ടിലേക്ക് തിരികെ പോകാം. മുന്നോട്ടുള്ള ജീവിതം എന്താകണമെന്ന് തനിക്ക് തീരുമാനിക്കാം. അതിനു മുന്നേ കാര്യങ്ങളൊക്കെ താൻ അറിഞ്ഞിരിക്കേണ്ടത് തന്റെ ഡോക്ടർ എന്ന നിലയിൽ എന്റെ കടമയാണ്.. തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളൊക്കെയും ഒന്നോർത്തെടുക്ക്‌ .. പഴയ സ്വപ്നങ്ങളും ചിന്തകളുമൊക്കെ ഒഴിവാക്കി ഒക്കെത്തിനെയും യാഥാർഥ്യവുമായി കൂട്ടിയോചിപ്പിച്ച് ഒന്നിരുത്തി ആലോചിച്ചു നോക്ക്.

എന്നിട്ട് തന്റെ മനസാക്ഷിക്ക് ശെരിയെന്ന തോന്നുന്ന തീരുമാനം എടുക്കൂ. പിന്നീട് അതൊരിക്കലും തന്നെ തിരിച്ച് ഒരു ഉന്മാദാവസ്ഥയിൽ എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം..” അതും പറഞ്ഞ് തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പതിയെ നടന്നകന്നു.. പുറത്തെത്തിയപ്പോൾ അമ്മയുടെ കൈയ്യിൽ പിടിച്ച് മാപ്പിരക്കുന്ന ഹരിയേട്ടനെ കണ്ടു. പുച്ഛമാണ് തോന്നിയത്. ശെരിയാണ്.. പഞ്ചാര വർത്തമാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വലിയ വലിയ മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നിരുന്നില്ല. ഞാൻ ജീവനോളം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും തിരുത്താതെ ഏഴു വർഷമാണ് കാത്തിരിപ്പിച്ചത്‌. ഇഷ്ടമല്ലെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ മാപ്പു പറച്ചിലിന്റെയൊക്കെ ആവശ്യം വരുമായിരുന്നോ..

കൈയ്യുടെ പുറകു വശം കൊണ്ട് വാശിയോടെ കണ്ണുകൾ രണ്ടും അമർത്തിത്തുടച്ച് അവരുടെ അടുത്തേക്ക് നടന്നു. ഹരിയുടെയും അവന്തികയുടെയും ദയനീയ നോട്ടം കണ്ടില്ലെന്ന് നടിച്ച് അമ്മയെ നോക്കിയൊന്നു ചിരിച്ചു. “ഗോപു.. തന്റെ സൗഹൃദം നഷ്ടമായതിൽ ഒത്തിരി വേദനിക്കുന്നുണ്ട് വസു. നാളെയിനി തന്റെ തീരുമാനം എന്ത് തന്നെയായാലും അവനെ ഇനി വേദനിപ്പിക്കുന്നതാകരുത് …” മൂവരും യാത്ര പറഞ്ഞിറങ്ങാൻ നേരത്ത് മനുവേട്ടൻ അടുത്തേക്ക് വന്നു പറഞ്ഞു.. അതിനിടയിൽ അടുത്തേക്ക് വന്ന് എന്തോ പറയാൻ വന്ന ഹരിഏട്ടനെ പാടേ അവഗണിച്ച് മറ്റെവിടേക്കോ നോട്ടമുറപ്പിച്ചു. ഒരു മാപ്പിരക്കലോ ക്ഷമാപണമോ ഒക്കെയാണ് അരങ്ങേറാൻ പോകുന്നതെന്ന് നന്നായി ബോധ്യമുള്ളതിനാൽ തന്നെയാണ് ഗൗനിക്കാതിരുന്നത്.

ഏഴു വർഷം പടുത്തുയർത്തിയ ഇഷ്ടമാണ് ഒരു ചെറു കാറ്റേറ്റു വീഴുന്ന ലാഘവത്തോടെ പൊളിച്ചു വീഴ്ത്തിയത്. ഇനിയെന്ത് പറഞ്ഞാലും പെട്ടെന്നൊന്നും മാപ്പ് നൽകാൻ തന്നെക്കൊണ്ട് പറ്റില്ല. ആളെത്ര സ്നേഹിച്ചില്ലെന്ന് പറഞ്ഞാലും ഞാനാളെ അത്രയേറെ ആത്മാർത്ഥതയോടെ തന്നെയാണ് സ്നേഹിച്ചതും. ഒരു ഏറ്റു പറച്ചലിലൂടെയൊന്നും ആ നോവുണങ്ങാൻ പോകുന്നില്ല. നെഞ്ചിലൊന്ന് കൈ വെച്ച് ചിന്തിച്ചതും വിരലുകൾ നെഞ്ചോടു ചേർന്ന് കിടക്കുന്ന താലിയിൽ തലോടി. കുറച്ച് മുന്നേ വരെ ഈ താലി പൊട്ടിച്ചെറിഞ്ഞ് എന്നെന്നേക്കുമായി ഈ ബന്ധനം ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. ഇപ്പോൾ പക്ഷെ അറിയില്ല എന്ത് വേണമെന്ന്. എനിക്കിപ്പോൾ വസന്തേട്ടനോട് തോന്നുന്ന വികാരമെന്തെന്ന് അറിയില്ല..

പക്ഷെ ഒന്നറിയാം ചെറുതായെങ്കിലും ആ മനുഷ്യനോടുള്ള ദേഷ്യമൊന്ന് അലിഞ്ഞിട്ടുണ്ട്. എന്നെ ഒന്നുമറിയിക്കാതെ താലികെട്ടിയതിലുള്ള പരിഭവമൊഴിച്ച്‌. 🌺🌺🌺🌺🌺🌺 പിന്നീടുള്ള ദിവസങ്ങളിൽ അമ്മയെ വിളിച്ച് വസന്തേട്ടൻ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഒന്ന് സംസാരിച്ചാലോയെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. എന്നെപ്പറ്റി ചോദിക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ ഒന്നും അറിയാത്ത ഭാവത്തിൽ ഓരോന്ന് ചെയ്യുന്നത് പോലെ അമ്മയെ ചുറ്റിപറ്റി നിന്നിട്ടുണ്ട്. ഒടുക്കം ഇന്ന് ഫോൺ ചെവിയോട് ചേർത്തപ്പോൾ.. ആ ശബ്ദമൊന്ന് കേട്ടപ്പോൾ.. തൊണ്ട വരണ്ടുണങ്ങിയത് പോലെയായിപ്പോയി.

ഞാനും ഒന്ന് സംസാരിക്കണമെന്ന് ആളും ആഗ്രഹിച്ചു കാണുമോ. ഒരു സൗഹൃദത്തിനുമപ്പുറം ആ മനസ്സിൽ ഒരു സ്ഥാനം കാണുമോ. അറിയില്ല.. പക്ഷെ ഒന്നറിയാം ഈ താലിയോടും താലിയുടെ അവകാശിയോടും ഒരിഷ്ടം ഇപ്പോൾ ഈ മനസ്സിൽ മുളപൊട്ടിയിട്ടുണ്ട്.. 🌺🌺🌺🌺🌺🌺 തിരികെ കൊണ്ടുപോകാൻ വസന്തേട്ടനെ തന്നെ വിളിക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല. ഞാനും അതാണാഗ്രഹിച്ചത്. എനിക്കിപ്പോ ആളെയൊന്ന് കണ്ടാൽ മതിയെന്നായിട്ടുണ്ട്. കുറഞ്ഞകാലം കൊണ്ട് തന്നെ ഇവിടെയുള്ള ജീവനക്കാരുമായി ചെറുതല്ലാത്ത ഒരാത്മ ബന്ധം രൂപപ്പെട്ടിരുന്നതിനാൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ പല മിഴികളിലും നീർത്തിളക്കമുണ്ടായിരുന്നു. എങ്കിലും ഇനിയൊരു തിരിച്ചു വരവില്ലാതിരിക്കട്ടെ എന്ന് മാത്രമായിരുന്നു ഓരോരുത്തരും ആശംസിച്ചത്.

അമ്മയോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ കുറച്ചകലെ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്ന ആളെ കണ്ടു. എന്നിലൂടെ ഒരാന്തൽ കടന്നുപോയി. മെലിഞ്ഞ്‌ കവിളൊക്കെയൊട്ടി ആകെ കരുവാളിച്ചിരിക്കുന്നു. പഴയ വസന്തേട്ടന്റെ ഒരു നിഴൽ രൂപം എന്നേ പറയാനൊക്കൂ.. ഞങ്ങളെ കണ്ട് അടുത്തേക്ക് വരുമ്പോൾ ആ കണ്ണുകളിൽ ഭയം നിറഞ്ഞു നിൽക്കും പോലെയുണ്ട്. ഞാനെങ്ങനെ പ്രതികരിക്കുമെന്നാകണം. ആളെ നോക്കി വിടർന്നൊരു ചിരി സമ്മാനിച്ചതും ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.

അമ്മ നേരത്തെ തന്നെ വണ്ടിയിൽ കയറി സ്ഥാനമുറപ്പിച്ചിരുന്നു. കൊണ്ടുപോകേണ്ട ബാഗുകളൊക്കെ കൈയ്യിൽ നിന്നും വാങ്ങി വെക്കുമ്പോൾ പാളി വീഴുന്ന ഓരോ നോട്ടങ്ങളും എന്നെ തരളിതയാക്കുന്നതറിഞ്ഞു. ആ സാമീപ്യം എന്നിലെ പ്രണയത്തെ ആളിക്കത്തിക്കും പോലെ. എങ്കിലും ആളെന്നോട് ഒന്നും സംസാരിക്കാത്തത് എന്നിൽ തെല്ലു വിഷമമുണ്ടാക്കാതിരുന്നില്ല. സുഖമാണോ എന്ന് പൊലും ചോദിച്ചില്ലല്ലോ.. പരിഭവത്തോടെ ആ മുഖത്തു നോക്കിയതും ആളുടെ നോട്ടവുമായി കോർത്തുപോയി. “പോകാം…” കണ്ണിൽ നിന്നും നോട്ടമെടുക്കാതെ പറഞ്ഞതും യാന്ത്രികമായി തലയാട്ടി….. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 5

Share this story