മഴമുകിൽ: ഭാഗം 19

മഴമുകിൽ: ഭാഗം 19

എഴുത്തുകാരി: അമ്മു അമ്മൂസ്

ഗാഡമായ നിദ്രയിൽ നിന്ന് ഒരു ഫോൺ കാൾ ആണ് ഋഷിയെ ഉണർത്തിയത്. എടുത്തു നോക്കിയപ്പോൾ ശ്രീരാജ് ആയിരുന്നു.. “”എന്താ ശ്രീരാജ് ഈ നേരത്ത്… “”മുഖമാകെ ഒന്ന് വിരലോടിച്ചു ഉറക്കച്ചടവ് മാറ്റിക്കൊണ്ട് ചോദിച്ചു.. “”സർ വീണ്ടും ഒരു സ്ത്രീ കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു… ഇത്തവണ പക്ഷേ അവർക്കിപ്പോൾ ജീവനുണ്ട്… ഗുരുതരാവസ്ഥയിൽ ആണ്… തീ ആളിപ്പടർന്നതും ഭർത്താവ് വീട്ടിൽ വന്നിരുന്നു… അങ്ങനെ രക്ഷിച്ചതാ…. “” ശ്രീരാജ് ന്റെ വാക്കുകൾ കേട്ട് ഋഷി വേഗം തന്നെ ബൈക്ക് ന്റെ താക്കോലും എടുത്തു പുറത്തേക്ക് കുതിച്ചു…

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ശ്രീ വാതിലിൽ തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.. “”എങ്ങനെയുണ്ട് അവർക്കിപ്പോൾ… “”വേഗത്തിൽ ICU വിലേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.. “”ക്രിട്ടിക്കൽ തന്നെയാണ് സർ… ഏത് നിമിഷവും എന്തും സംഭവിക്കാം… പെട്രോൾ പോലെ എന്തോ ദേഹത്തു കൂടി ഒഴിച്ചിട്ടാണ് തീ കൊളുത്തിയിരിക്കുന്നത്… അതുകൊണ്ട് പെട്ടെന്ന് തന്നെ രക്ഷിച്ചെങ്കിലും 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്… “” “”ഹ്മ്മ്… “” ഋഷി ഒന്ന് മൂളി.. ICU വിന്റെ വാതിലിൽ എല്ലാം തകർന്നത് പോലെയിരിക്കുന്ന ആ സ്ത്രീയുടെ ഭർത്താവിനെയും മക്കളെയും കാൺകെ ഉള്ളിൽ വല്ലാത്ത നീറ്റൽ തോന്നി ഋഷിക്ക്…

പക്ഷേ കാര്യങ്ങൾ ചോദിച്ചറിയാതെ വേറെ വഴി ഉണ്ടായിരുന്നില്ല.. ആ സ്ത്രീയുടെ ഭർത്താവിനെ മാത്രം വിളിച്ചുകൊണ്ടു വരാൻ ശ്രീയോട് കണ്ണ് കാണിച്ചു.. ശ്രീ ചെന്ന് വിളിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ ഷർട്ട്‌ ഇൽ അമർത്തി തുടച്ചുകൊണ്ട് അയാൾ അടുത്തേക്ക് വന്നു… “”എന്താ ഉണ്ടായത്….””അവൻ പതിയെ ചോദിച്ചു.. ഉത്തരം പറയുവാൻ അയാൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് തോന്നി… “”ഞാൻ… ഞാനിന്ന് ഇത്തിരി നേരത്തെ വന്നിരുന്നു… സന്ധ്യ ആയിട്ടേ ഉള്ളായിരുന്നു…. കറന്റ്‌ ഇല്ലായിരുന്നു എന്ന് തോന്നുന്നു വീടിന് പുറത്ത് ലൈറ്റ് ഒന്നും ഇട്ടിട്ടില്ലായിരുന്നു…. പതിവില്ലാതെ… ക… കതകും അ…. അടഞ്ഞു കിടക്കുന്നത് കണ്ടപ്പൊഴാ കൊട്ടി വിളിച്ചത്…. വാ… വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു…

അപ്പോഴേക്കും ആരോ ഞരങ്ങും പോലെ ഒക്കെ എനിക്ക് തോന്നി… പുകയുടെ മണവും വരുന്നുണ്ടായിരുന്നു… പെട്ടെന്ന് spare കീ എടുത്തു ഡോർ തുറന്നു…. അപ്പൊ…. അപ്പൊ….”” ബാക്കി പറയാനാകാതെ അയാൾ കൈ തലയിലേക്ക് വച്ചു വിമ്മി… “”വേറെ ആരെങ്കിലും ഉണ്ടായിരുന്നോ അപ്പോൾ വീട്ടിൽ…. “” അയാളുടെ അവസ്ഥ കണ്ടു ഉള്ളൽ അലിവ് തോന്നി എങ്കിലും വൈകുന്ന ഓരോ നിമിഷവും കുറ്റവാളി അകലങ്ങളിലേക്ക് പോകുമെന്ന് അവന് തോന്നി.. “”ഇല്ല… സർ…. ആരും ഉണ്ടായിരുന്നില്ല…. ഹാ… ഹാളിൽ തന്നെ ആയിരുന്നു…. ഞാൻ നോക്കുമ്പോൾ… നിലത്ത്…”” ബാക്കി പറയാൻ കഴിയാതെ അയാൾ മുഖം പൊത്തി നിന്നു….

ഋഷി പതിയെ അയാളുടെ തോളിൽ തട്ടി ചേർത്ത് നിർത്തി…. “”ഈ സമയത്തു നിങ്ങൾ കൂടി തളർന്നാൽ പിന്നെ കുട്ടികളുടെ കാര്യം എങ്ങനാ… അവർക്ക് ധൈര്യം കൊടുക്കണ്ടേ…”” അവൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞപ്പോൾ മനസ്സിലായത് പോലെ അയാളൊന്ന് തല കുലുക്കി…. അപ്പോഴായിരുന്നു ഡോക്ടർ പുറത്തേക്ക് വന്നത്. ഋഷി ശ്രീരാജിനോട് അയാളെ ഹാൻഡിൽ ചെയ്യാൻ കണ്ണുകൾ കൊണ്ട് കാണിച്ചിട്ട് വേഗം ഡോക്ടർ ടെ അടുത്തേക്ക് നടന്നു… “”ഡോക്ടർ….. അവർക്കിപ്പോൾ എങ്ങനെയുണ്ട്..”” “”റിക്കവറി ചാൻസ് കുറവാണ്… ബോഡി ഓർഗൻസും എല്ലാം പൊള്ളിയിട്ടുണ്ട്… ഏത് നിമിഷവും….

ഡോക്ടർ ഒരു നിമിഷം ഒന്ന് നിർത്തി.. ഇപ്പോൾ ബോധം ഉണ്ട്…. പിന്നെ ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ആണെന്ന് തോന്നി അവരുടെ വായിൽ അടക്കാൻ കഴിയാത്ത വിധം അകത്തേക്ക് തുണി തിരുകിയിട്ടുണ്ടായിരുന്നു…. അത് പൂർണ്ണമായും കത്തി നശിച്ചിരുന്നില്ല… അതിനാൽ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു… മൊഴി എടുക്കണമെങ്കിൽ വേഗം ആയിക്കോളൂ… അവരുടെ ബന്ധുക്കൾക്കും ഒക്കെ കാണാൻ ഉള്ളതല്ലേ…. “” ഡോക്ടർ പറഞ്ഞതനുസരിച്ചു ഇൻഫെക്ഷൻ ആകാതെ ഇരിക്കാനുള്ള സാമഗ്രികൾ അണിഞ്ഞു അവനകത്തേക്ക് കയറി…. ശരീരമാകെ പൊള്ളി അടർന്നൊരു രൂപം ആ കട്ടിലിൽ കിടപ്പുണ്ടായിരുന്നു… ശ്വാസം പോലും അവരെടുക്കുന്നുണ്ടോ എന്ന് തോന്നി…

അത്രമേൽ നേർത്തൊരു ശ്വാസം മാത്രം അവരിൽ നിന്നും ഇടയ്ക്കിടെ പുറത്തേക്ക് വന്നു… ഋഷിയെ കണ്ടപ്പോൾ ആ കണ്ണൊന്നു ചെറുതായി അനങ്ങി… “”ഞാൻ ACP ഋഷികേശ് ഭദ്രൻ…. “”മൊബൈൽ ക്യാമറ ഓൺ ആക്കി അവൻ പറഞ്ഞു.. “”ആരു പറഞ്ഞിട്ടാ ഇത് ചെയ്തത്…, “” അവരൊന്നും മിണ്ടിയില്ല…. വേദന സഹിക്കാൻ കഴിയാതെ ഞരങ്ങുന്നുണ്ടായിരുന്നു…. “”ഭാമക്കറിയുമോ കഴിഞ്ഞ മൂന്ന് നാല് മാസത്തിനിടയിൽ അയാളുടെ അഞ്ചാമത്തെ ഇരയാണ് ഭാമ…. ഒരുപക്ഷേ ജീവനോടെ രക്ഷപെട്ട ഒരേയൊരാൾ…. ഭാമ ഇപ്പോൾ ഞങ്ങളെ സഹായിച്ചില്ലെങ്കിൽ ഇനിയുമൊരുപാട് പേര് ഇതേ വിധിക്ക് ഇരയാകേണ്ടി വരും… അതുകൊണ്ട് ഭാമ ഞങ്ങളെ ഇപ്പോൾ ഒന്ന് സഹായിക്കണം….

“”ഋഷി സൗമ്യമായി പറഞ്ഞു.. “”ശ…. ശാ… ശാലിനി……”” വേദനയുടെ ഇടയിൽ അവർ ഞരങ്ങി പറഞ്ഞു….”” ശാ… ലിനി… കൊല്ലും…… “”” മറ്റെന്തെങ്കിലും ചോദിക്കും മുൻപ് അവർ വേദനയുടെ കാഠിന്യതിൽ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയിരിന്നു… ഇനിയും അവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നി ഋഷി പുറത്തേക്ക് ഇറങ്ങി… “”ശാലിനി…. “”അവനാ പേര് മനസ്സിൽ ഉരുവിട്ട് പഠിച്ചു… “”ശ്രീരാജ് ഭാമയുമായി പരിചയമുള്ള എല്ലാരുടെയും ഡീറ്റെയിൽസ് എനിക്ക് വേണം. പിന്നെ ശാലിനി എന്ന പേരിൽ സേവ് ആക്കിയ കോൺടാക്ട് ന്റെ ആദ്യത്തെ കോളും അതിന്റെ റെക്കോർഡ് ഉം.. “” “”യെസ് സർ…”” ശ്രീരാജ് വേഗം തന്നെ പറഞ്ഞു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നാളത്തെ ദിവസം ആലോചിച്ചു ദേവക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല…. നാളെ രാവിലെയാണ് അമ്പലത്തിൽ വച്ചു താലികെട്ട്… രജിസ്റ്റർ ഓഫീസിൽ വച്ചു മതി എന്ന് താൻ പറഞ്ഞെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരിക്കണം എന്ന് ഋഷിയുടെ നിർബന്ധമായിരുന്നു…. അല്ലുമോളെ നോക്കിയപ്പോ നല്ല ഉറക്കമാണ്… രാത്രി വരെയും ഋഷിയേട്ടൻ കൊണ്ട് വന്ന പുത്തനുടുപ്പുകൾ മാറി മാറി ഇട്ട് ഫാഷൻ ഷോ നടത്തുവായിരുന്നു… ഇപ്പോഴും പൂർണ്ണമായി അറിയില്ല എടുത്തിരിക്കുന്ന തീരുമാനം ശെരിയാണോ തെറ്റാണോ എന്ന്… ഓരോന്നാലോചിച്ചു പുലർച്ചെ ആയിരുന്നു കണ്ണുകളെ മയക്കം തഴുകിയപ്പോൾ..

രാവിലെ തന്നെ എഴുന്നേറ്റു… അറിയാതെ ടെൻഷൻ കാരണം നേരത്തെ ഉണർന്നു പോയി… കുളിച്ചു വന്നപ്പോഴേക്കും അല്ലു മോള് എഴുന്നേറ്റു കട്ടിലിൽ ഇരിപ്പുണ്ട്… കണ്ണൊക്കെ തിരുമ്മി ഉറക്കച്ചടവിൽ ചുറ്റും നോക്കുന്നുണ്ട്… ദേവയെ കണ്ടപ്പോൾ അവിടെ തന്നെ ഇരുന്നിട്ട് എടുക്കാൻ വേണ്ടി രണ്ടു കൈയും പൊക്കിക്കാണിച്ചു…. വാരി എടുത്തു മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹാളിൽ നിന്ന് ഋഷിയുടെ ശബ്ദം കേൾക്കാമായിരുന്നു… അച്ഛനോട് സംസാരിച്ചുകൊണ്ട് ഇരിപ്പുണ്ട്… “”ഇയാളിത്ര നേരത്തെ ഒരുങ്ങിയോ… “”ഒരു നിമിഷം ആലോചിച്ചു നിന്നെങ്കിലും പത്തരക്കാണല്ലോ മുഹൂർത്തം എന്നാലോചിച്ചപ്പോഴാണ് ഇനി അധികം സമയമില്ലല്ലോ എന്ന് മനസ്സിലായത്…

ഋഷിയുടെ ശബ്ദം കേട്ടതും ഒരാള് തോളിൽ നിന്നും ഊർന്നിറങ്ങി ഹാളിൽ എത്തിക്കഴിഞ്ഞിരുന്നു… “”പോലീഷേ…. “”അതും പറഞ്ഞു അവന്റെ കാലിൽ പിടിച്ചു മടിയിലേക്ക് വലിഞ്ഞു കേറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. കുറച്ചു നേരം ശ്രമിച്ചിട്ടും നടക്കാതെ ആയപ്പോൾ സങ്കടത്തോടെ അവനെ ഒന്ന് നോക്കി… അത് കണ്ടപ്പോൾ അവൻ മോളെ വാരി എടുത്തു മടിയിലേക്ക് ഇരുത്തി… “”പോലീഷും പുതിയ ഉടുപ്പ് മേടിച്ചോ…. “”അവനിട്ട വെള്ള ഷർട്ടിൽ ആകെ ഒന്ന് പിടിച്ചു നോക്കിക്കൊണ്ട് ചോദിച്ചു… “”പിന്നെ…. ഇന്ന് പോലീഷിന്റേം അല്ലു മോളുടെ അമ്മേടേം കല്യാണം അല്ലേ…. അപ്പൊ പോലീഷ് പുതിയ ഉടുപ്പൊക്കെ ഇട്ട് ചുന്ദരൻ ആക്കണ്ടേ…”” മോൾടെ കവിളിലുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു…

പെട്ടെന്ന് ആ കുഞ്ഞ് മുഖത്ത് വീണ്ടും സങ്കടം നിറയുന്നത് കണ്ടു.. “”അല്ലു മോൾക്കും കല്യാണം കയിച്ചനം….”” അവനെ നോക്കി ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞു… “”പോലീഷിന്റെ അല്ലൂസിന് കല്യാണം കഴിച്ചണോ…..”” ചോദിച്ച ഉടനേ സന്തോഷത്തോടെ തലയാട്ടി… “”നമുക്കെ നല്ല ഒരു ചെക്കനെ കണ്ടു പിടിച്ചാമേ… എന്നിട്ട് അല്ലൂന് കല്യാണം കഴിച്ചാം… “” ചെക്കനെ ആണെന്ന് തോന്നുന്നു കണ്ണ് കൊണ്ട് ചുറ്റും നോക്കുന്നുണ്ട്…. അപ്പോഴായിരുന്നു സദ്യയുടെ ഒരുക്കങ്ങൾ ഒക്കെ ചെയ്തിട്ട് ശ്രീ കേറി വന്നത്… ശ്രീയെ കണ്ടതും ഋഷിയുടെ മടിയിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് ഓടി…. “”അല്ലൂനെ കല്യാണം കയിച്ചാമൊ…. “”അവന്റെ അടുത്തേക്ക് ചെന്ന് എന്തോ വലിയ കാര്യം പോലെ ചോദിച്ചു….

അവിടെയുള്ള എല്ലാരും പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും സങ്കടത്തോടെ ഋഷിയുടെ അടുത്ത് ചെന്നു… “”എന്റെ അല്ലൂസിനെ കളിയാക്കിയോ…. അവനെ നമുക്ക് വേണ്ടാട്ടോ… അല്ലൂനെ വേറെ നല്ല ചെക്കനെ നോക്കാം ട്ടോ…. ഹ്മ്മ്… “” താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞപ്പോൾ സന്തോഷത്തോടെ തലയിട്ടുന്നത് കണ്ടു… ഇതെല്ലാം നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു ദേവ… മോളുടെ കളിയും ചിരിയും ഒക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ സന്തോഷപ്പെടുന്നുണ്ട്… ഋഷിയുടെ നോട്ടം അവളിലേക്ക് പാളി വീഴുന്നത് കണ്ടപ്പോൾ മോളെ കുളിപ്പിക്കാൻ എന്ന നാട്യത്തിൽ കുഞ്ഞിനേയും എടുത്തു അകത്തേക്ക് നടന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ചന്ദന നിറത്തിലുള്ള കസവു സാരിയായിരുന്നു ഋഷി പുടവയായി തന്നത്… അമ്മയുടെ വകയായി കിട്ടിയ ഒരു മാല മാത്രം അണിഞ്ഞു… കെട്ടുകാഴ്ച പോലെ അണിഞ്ഞൊരുങ്ങി നിൽക്കാൻ മനസ്സനുവദിച്ചിരുന്നില്ല… അല്ലു മോള് ഇട്ട് കൊടുത്ത ചുവപ്പ് ഉടുപ്പും കസവിന്റെ പാവാടയും ഒക്കെ പൊക്കിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്… ഇടക്കിടക്ക് ഓടി വന്നു കണ്ണാടിയിലേക്ക് നോക്കും… വീണ്ടും തൃപ്തി വരാതെ പൌഡർ ഒന്ന് കൂടി മുഖത്തേക്ക് ഇടും… എന്നിട്ട് ആകെ ഒന്ന് നോക്കി വീണ്ടും അവിടെയും ഇവിടെയുമായി നടക്കുന്നത് കാണാം… അവസാനം അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം ടവൽ കൊണ്ട് മുഖം മുഴുവൻ തുടച്ചു കൊടുക്കേണ്ടി വന്നു… .

അമ്പലത്തിലേക്ക് ഇറങ്ങുമ്പോഴും വല്ലാത്ത ടെൻഷൻ തോന്നി അവൾക്ക്… കുറച്ചു സമയം കൂടി കഴിഞ്ഞാൽ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്… പ്രതീക്ഷകളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ല…. ഒരിക്കലും നിറമുള്ള സ്വപ്‌നങ്ങൾ കാണരുത് എന്ന് ദീപുവേട്ടന്റെ കൂടെയുള്ള ജീവിതം പഠിപ്പിച്ചു തന്നിരുന്നു… ഋഷിയേട്ടൻ ആദ്യം തന്നെ അമ്പലത്തിൽ എത്തിയിരുന്നു… അല്ലുമോള് അങ്ങോട്ടേക്ക് ഓടി ചെല്ലുന്നത് കണ്ടു…. “”പോലീഷിന്റെ അല്ലൂസിന്ന് ചുന്ദരി ആയല്ലോ…. ഇപ്പൊ തന്നെ ചെക്കൻ വന്നു കല്യാണം കഴിക്കുമോ….”” മൂക്കത്തു വിരൽ വച്ചു ചോദിച്ചപ്പോൾ നാണം കൊണ്ട് അവന്റെ തോളിലേക്ക് തന്നെ മുഖം പൂഴ്ത്തി കിടക്കുന്നത് കണ്ടു..

ഋഷിയുടെ അടുത്തായി മണ്ഡപത്തിൽ നിൽക്കുമ്പോൾ അവളെ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു… അത് മനസ്സിലാക്കി എന്ന പോലെ അവനാ വിരലുകൾ തന്റേതുമായി കോർത്തു… കൈകൾ കൂപ്പി നിന്ന് കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ അവന്റെ താലി ഏറ്റ് വാങ്ങുമ്പോൾ അല്ലു മോളുടെ മുഖം മാത്രമായിരുന്നു മനസ്സിൽ… ഈ ജീവിതം മോൾക്ക് സന്തോഷം മാത്രം നൽകണേ എന്നായിരുന്നു പ്രാർത്ഥന… ചെറിയ രീതിയിൽ ഉള്ള ഒരു സദ്യയായിരുന്നു ഒരുക്കിയത്…. പാലടയും…. അടപ്രഥമനും…. ഒക്കെ ഉള്ള കുഞ്ഞൊരു സദ്യ… അല്ലുമോള് ആദ്യം തന്നെ ഋഷിയുടെ മടിയിലേക്ക് കേറി ഇരുന്നു…

ഓരോ വിഭവവും കുറച്ചു കുറച്ചെടുത്തു മോൾക്ക് കൊടുക്കുന്ന ഋഷിയെ കാൺകെ മനസ്സ് നിറയും പോലെ തോന്നി അവൾക്ക്… “”ഇനി അമ്മക്ക്… “”അടുത്ത വാ ചോറ് വായിൽ വച്ചു കൊടുക്കാൻ പോയപ്പോളേക്കും അല്ലു മോള് അവന്റെ കൈ ദേവക്ക് നേരെ നീട്ടിയിരുന്നു… ചുറ്റും ആളുകൾ ഉള്ളതിനാൽ അവൾക്ക് എന്തെന്നില്ലാത്ത ജാള്യത തോന്നി… പക്ഷേ അത് കഴിപ്പിക്കാതെ അല്ലു മോള്‌ ഇനി കഴിക്കില്ല എന്ന് നല്ല ഉറപ്പായിരുന്നു… പതിയെ സമ്മത ഭാവത്തിൽ അവന് നേരെ തലയാട്ടി… ഋഷി വാരികൊടുക്കുന്നത് ദേവ കഴിക്കുന്നത് കാൺകെ ചിരിച്ചോണ്ട് അല്ലുമോള് ഒരു കൈയിൽ ചോറെടുത്തു ഋഷിക്ക് നേരെ നീട്ടിയിരുന്നു… “”ഇനി പോലീഷിന് മോളും അമ്മേം വാരി തരാമെ… “”… തുടരും

മഴമുകിൽ: ഭാഗം 18

Share this story