മഴയേ : ഭാഗം 22

മഴയേ : ഭാഗം 22

എഴുത്തുകാരി: ശക്തി കല ജി

” ഗൗതം വേഗം വരു..ദേവി ഉഗ്രരൂപിയായിരിക്കുന്നു…. ശാന്തമാക്കണം അല്ലെങ്കിൽ അപകടമാണ് ” എന്ന് പറഞ്ഞ് മുത്തശ്ശൻ ഉറക്കെ മന്ത്രം ജപിച്ചു തുടങ്ങി… ഗൗതം പരിഭ്രമത്തോടെ വാതിൽ തുറന്നു മുറിയിൽ നിന്ന് പുറത്തേക്ക് പോയി.. നിലവറയിൽ നിന്നും മന്ത്രോച്ചാരണങ്ങൾ ഉയർന്നു….. നിലവിളക്കിലെ ദീപം ആളിക്കത്തി…. കുറച്ച് സമയത്തെ മന്ത്രോച്ചാരണങ്ങൾക്ക് ശേഷം മുത്തശ്ശൻ ദേവി വിഗ്രഹത്തിൽ കരിക്ക് അഭിഷേകം ചെയ്തു… കുറച്ച് നിമിഷങ്ങൾക്കകം നിലവിളക്കിലെ ദീപം പഴയത് പോലെയായി…. മുത്തശ്ശൻ്റെ മുഖം ശാന്തമായി… ഗൗതമിൻ്റെ മുഖത്തും ആശ്വാസം നിറഞ്ഞു….

“ഉത്തരയെ വിളിക്കു “മുത്തശ്ശൻ ഗൗരവത്തിൽ പറഞ്ഞു… “എല്ലാം എൻ്റെ തെറ്റാണ്.. ഞാൻ ഉത്തരയുടെ കഴുത്തിലെ താലി അഴിക്കാൻ ശ്രമിച്ചത് കൊണ്ടാണ്…. ഉത്തരയെ ഇവിടെയെത്തിക്കാൻ ഞാനും വിഷ്ണുവും കിരണും കൂടി ഒരു നാടകം കളിച്ചു….. ഇന്ന് തറവാട്ടിൽ ചെന്ന് അവിടെ കിരണിനെ കണ്ടപ്പോൾ അവൾക്ക് എല്ലാം മനസ്സിലായി…. അവൾക്കതിൽ എന്നോട് ദേഷ്യവും വിഷമവും ഉണ്ട്…”.. ഇവിടെയെത്തിയ ശേഷം ഞാൻ അവളോട് എല്ലാം തുറന്ന് പറയണ്ടതായിരുന്നു… പക്ഷേ ഞാൻ പറഞ്ഞില്ല…. അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റും നമ്മുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയുമാണ്.. അവൾ എന്നെ വിശ്വസിക്കുന്നില്ല…

അതു കൊണ്ടാണ് എനിക്ക് താലിയുടെ സുരക്ഷ വേണ്ട എന്ന് പറഞ്ഞത്… പകരം വേറെയാരെങ്കിലും സുരക്ഷയ്ക്കായി തെരഞ്ഞെടുത്താൽ മതി…. എനിക്കറിയാം തുടങ്ങി വച്ച് പാതിയിൽ പിൻവാങ്ങിയാൽ മരണമാണ് ഫലം എന്ന്….. ഞാൻ മരണത്തെ സ്വീകരിക്കാൻ തയ്യാറാണ്.. ” ഗൗതം മുഖമുയർത്താതെ പറഞ്ഞു… “നിനക്ക് പകരം നീ മാത്രമേയുള്ളു… വ്രതം തുടങ്ങി കഴിഞ്ഞത് കൊണ്ട് അതിൽ നിന്നും പിന്മാറാൻ കഴിയില്ല…. അങ്ങനെ പിൻമാറിയാൽ ഞാനുൾപ്പെടെ നിൻ്റെ കുടുംബത്തെ എല്ലാരും അതിനുള്ള ദോഷഫലം അനുഭവിക്കേണ്ടി വരും…. “… നിങ്ങളുടെ പിണക്കങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കാനുള്ളതല്ല “…

ദേവിയുടെ മുൻപിൽ നിങ്ങൾ രണ്ടു പേരും ഒരുപോലെയാണ്… നിങ്ങളിൽ ഒരാൾ വേദനിച്ചാലും ദേവിക്ക് സഹിക്കാൻ കഴിയില്ല…. ” മുത്തശ്ശൻ പറയുമ്പോൾ ഉത്തര അവിടേക്ക് വന്നു.. ” ഞാൻ എൻ്റെ കാര്യം മാത്രേ ചിന്തിച്ചുള്ളു… ക്ഷമിക്കു മുത്തശ്ശാ “.. എൻ്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് ഇനി സംഭവിക്കില്ല” എന്ന് ഉത്തര പറഞ്ഞു… ” കേട്ടല്ലോ…. ഇനി നിങ്ങൾ രണ്ടു പേരും പരസ്പരം വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്…. ദേവിക്ക് വേണ്ടി നിങ്ങൾ രണ്ടു പേരും ഒരുമിച്ചേ പറ്റു… ” അതു ദൈവവിധിയാണ്…” മുത്തശ്ശൻ പറഞ്ഞു… “ഇരുപത്തിയൊന്നു ദിവസം പൂർത്തിയാകുമ്പോൾ എൻ്റെ കടമ നിവവേറ്റും… അത് കഴിഞ്ഞ് എനിക്ക് ഓർമ്മയുണ്ടെങ്കിലും ഇല്ലെങ്കിലും തിരിച്ച് പോകണം….

പഴയ ഉത്തരയായി ജീവിക്കാനാണ് ഇഷ്ട്ടം.. അതിന് അനുവദിക്കണo” എന്ന് ഉത്തര അപേക്ഷാ സ്വരത്തിൽ പറഞ്ഞു… ” അത് അപ്പോഴല്ലേ… എല്ലാം അന്നേരം പറയാം… പക്ഷേ ഈ തറവാട് നിങ്ങൾക്ക് വേണ്ടി പണിതീർത്തതാണ്.. എനിക്ക് നിങ്ങൾ ഇവിടെ താമസിക്കുന്നതാണ് സന്തോഷം…” എന്ന് മുത്തശ്ശൻ പറഞ്ഞു… ഗൗതം ഉത്തരയെ നോക്കി… ഉത്തര ഗൗതമിനെ ഗൗനിക്കാതെ അവൾ തിരികെ മുറിയിലേക്ക് പോയി… ഗൗതമിന് വിഷമം തോന്നി… എല്ലാം താൻ കാരണമാണ്… ഇപ്പോൾ സംസാരിക്കാൻ ശ്രമിച്ചാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയേ ഉള്ളു…. അവളുടെ മനസ്സ് ശാന്തമാകുന്നത് വരെ കാത്തിരുന്നേ പറ്റു…. അവൻ നിലവറയിൽ നിന്നും മുറിയിലേക്ക് പോകാനിറങ്ങി…

ഹാളിലെത്തിയപ്പോൾ രാഗിണിയമ്മ അവനെ തടഞ്ഞു നിർത്തി… “എന്താ ഗൗതം… മുഖം വല്ലാതിരിക്കുന്നത്… എന്തെങ്കിലും പ്രശ്നമുണ്ടോ” രാഗിണിയമ്മ ഗൗതമിൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു… അവൻ സംഭവിച്ചതെല്ലാം രാഗിണിയമ്മയോടു പറഞ്ഞു…. അമ്മ എന്നെ എൻ്റെ മുറിയിലേക്ക് കൊണ്ടുപോയി… വാതിൽ അടച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു.. “മുത്തശ്ശൻ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല…. ഉത്തര വ്രതം പൂർത്തിയാക്കി കഴുത്തിലെ മാല കുടുംബതറവാട്ടിലെ കുഞ്ഞു ദേവിയുടെ കഴുത്തിലണിയിച്ച ശേഷം ഈ തറവാട്ടിലെ നിലവറയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ച ശേഷമാണ് കഴുത്തിലെ താലി രക്ഷ തിരികെ ഏൽപ്പിക്കുന്നത്….

എൽപ്പിച്ച അടുത്ത നിമിഷം മറ്റൊരു താലി നീ അവളുടെ കഴുത്തിൽ അണിയിച്ച് കൊടുത്ത് അന്ന് തന്നെ അവളെ പൂർണ്ണമായും സ്വന്തമാക്കിയാൽ പിന്നെ ഓർമ്മയിൽ നിന്ന് ഒരു കാര്യങ്ങളും മാഞ്ഞ് പോവില്ല…. അതെന്താ നിൻ്റെ മുത്തശ്ശൻ പറയാതിരുന്നത്… “അമ്മ സംശയത്തോടെ പറഞ്ഞു…. ” എന്നോട് അച്ഛനും മുത്തശ്ശനും പറഞ്ഞത് ഉത്തര കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ ചാർത്തി കഴിഞ്ഞ് തറവാട്ടിൽ വന്ന ശേഷം താലി രക്ഷ തിരികെ ഏൽപ്പിക്കുമ്പോൾ അത് വരെ നടന്ന കാര്യങ്ങൾ ഞങ്ങൾ രണ്ട് പേരുടെയും ഓർമ്മയിൽ നിന്ന് എല്ലാം മാഞ്ഞ് പോകും എന്നാണ് “.. . കുഞ്ഞു ദേവി വിഗ്രഹം ഇവിടെ കൊണ്ട് വന്ന് പ്രതിഷ്ഠിക്കുന്ന കാര്യം പറഞ്ഞില്ല…….

അങ്ങനെ പറയണമെങ്കിൽ മുത്തശ്ശൻ ഞങ്ങളിൽ രണ്ടു പേരിൽ ഒരാളെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്…. പക്ഷേ എന്തിന്…. അതാണ് മനസ്സിലാകാത്തത്.. ശത്രു നമ്മുടെ തൊട്ടരികിൽ തന്നെയുണ്ട് അത് ആരാണ് എന്ന് എത്രയും വേഗം കണ്ടു പിടിക്കണം… എന്തായാലും അമ്മയിത് വേറെ ആരോടും പറയണ്ട. മുത്തശ്ശിയോട് മാത്രം പറയണം…. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരും… എത്രയും വേഗം ഉത്തരയുടെ മനസ്സിലുള്ള ദേഷ്യം മാറ്റണo.. ഞാൻ കാരണം അവൾ വിഷമിക്കുന്നത് കാണാൻ വയ്യ.. എനിക്കവളെ നഷ്ടപ്പെടുമെന്ന് തോന്നുന്നു… ഇത്രയും കൈയ്യെത്തും അരികിൽ എത്തിയിട്ട് നഷ്ട്ടപ്പെടുത്താൻ വയ്യ…..”

ഗൗതം നിരാശയോടെ പറഞ്ഞു… ഗൗതം അത്രയും പറഞ്ഞപ്പോഴേക്കും വാതിലിൽ ആരോ മുട്ടി…. അമ്മ പോയി കതക് തുറന്നപ്പോൾ മുത്തശ്ശിയാണ്…. “എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന “മുത്തശ്ശി സംശയ ഭാവത്തിൽ പറഞ്ഞു… ” ഞാൻ പറയാം എല്ലാം… ഇവിടെ വച്ച് പറ്റില്ല… മുറിയിൽ ചെന്നിട്ട് പറയാം” എന്ന് പറഞ്ഞ് അമ്മയും മുത്തശ്ശിയും പോയി… ഗൗതം കതകടച്ചു…. രഹസ്യ വാതിൽ തുറന്നു ഉത്തര താമസിക്കുന്ന മുറിയിൽ എത്തി… വാതിൽ തുറന്നു നോക്കുമ്പോൾ ഉത്തര ആപ്പിൾ ഓരോന്നായി മുറിച്ച് രണ്ട് പ്ലേറ്റിലാക്കി വച്ച് അതിൻ്റെ മുൻപിൽ ഇരിക്കുകയാണ്.. ” മുത്തശ്ശൻ പറഞ്ഞു ഗൗതമേട്ടനും കൂടി ഇവിടെ ഒരുമിച്ച് കഴിക്കാൻ “ഉത്തര മുഖം നോക്കാതെ പറഞ്ഞു… “എനിക്ക് വേണ്ട…

ഉത്തര കഴിച്ചോളു” ഗൗതം പറഞ്ഞിട്ട് തിരിച്ച് പോകാൻ ഒരുങ്ങി.. “മുത്തശ്ശൻ പറഞ്ഞു ഗൗതമേട്ടൻ എന്തോ മന്ത്രം ജപിച്ച് തീർത്ഥo കുടഞ്ഞിട്ട് കഴിക്കാൻ തുടങ്ങിയ ശേഷം വേണം കഴിക്കാൻ എന്ന്…. … ഞാൻ കാരണം ആരും പട്ടിണി കിടക്കണ്ട “°.. അതുമല്ല ആർക്കു വേണ്ടിയും എനിക്ക് പട്ടിണി കിടക്കാൻ വയ്യ… ” എന്ന് പറഞ്ഞ് ഉത്തര പ്ലേറ്റ് കുറച്ച് മുൻപോട്ട് നീക്കിവച്ചു… അവൻ നിലവറയിലെ വിഗ്രഹത്തിന് മുന്നിൽ വച്ചിരുന്ന തീർത്ഥം എടുത്തു കൊണ്ട് വന്ന് മന്ത്രം ജപിച്ച് കൊണ്ട് തളിച്ചു… എന്നിട്ട് ഉത്തരയുടെ തൊട്ടരികിൽ ഇരുന്നു… ഒന്നും മിണ്ടാതെ ഓരോ ആപ്പിൾ കഷണങ്ങൾ എടുത്ത് കഴിക്കാൻ തുടങ്ങി….

ഇടയ്ക്ക് ഉത്തരയെ നോക്കിയപ്പോൾ അവൾ എങ്ങോ നോക്കിയിരിക്കുകയാണ്… അവൻ വേഗം കഴിച്ചു ഒരു കഷണം മാത്രം പ്ലേറ്റിൽ ബാക്കി വച്ചിരുന്നു…. അത് എടുത്ത് അവളുടെ പ്ലേറ്റിലേക്ക് എടുത്ത് വച്ചു… ” സമയത്തിന് കഴിക്കു… ഉച്ചയ്ക്ക് മുൻപുള്ള സമയം മന്ത്രതന്ത്രങ്ങൾ പഠിക്കാനുള്ള സമയമാണ്…. കഴിച്ച് കഴിഞ്ഞ് നിലവറയിലെ ദേവി വിഗ്രഹത്തിന് മുൻപിൽ വരണം ” എന്ന് മാത്രം പറഞ്ഞിട്ട് അവൻ എഴുന്നേറ്റു… കുളത്തിലേക്ക് പോയി കൈകാലുകൾ കഴുകി വന്നു…. ഉണ്ണിയോടും നിലവറയിലേക്ക് വരാൻ നിർദ്ദേശം കൊടുത്തു… ഉത്തരയും ഉണ്ണിയും മന്ത്ര പoനത്തിനായി നിലവറയിലെ വിഗ്രഹത്തിന് മുൻപിൽ എത്തി…

മുത്തശ്ശനും ഹരിനാരയണനദ്ദേഹവും ഗൗതമും കത്തുന്ന ഹോമകുണ്ഡത്തിന് മുൻപിൽ ജപിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. ഗൗതം കുറച്ച് ഗ്രന്ഥങ്ങൾ കൈയ്യിൽ വച്ച് അവരെ നോക്കിയിരിക്കുകയാണ്… ഉത്തരെയും ഉണ്ണിയേയും മുൻപിൽ ഉള്ള രണ്ട് പീoത്തിലായി ഇരിക്കാൻ മുത്തശ്ശൻ പറഞ്ഞു… നിലവറയിലെ ദേവിയുടെ മുമ്പിൽ ഇരുന്നു കൊണ്ട് ഗൗതം അവരെ ഓരോ മന്ത്രങ്ങൾ പഠിപ്പിച്ചു തുടങ്ങി….. വേഗം തന്നെ അവർ പഠിച്ചു തുടങ്ങി… അവരുടെ ബുദ്ധിയിലും കഴിവിലും മുത്തശ്ശന് അത്ഭുതം തോന്നി…. തൻ്റെ മക്കൾ രണ്ടു പേർക്കും മന്ത്രങ്ങൾ പകർന്ന് നൽകിട്ടില്ല… അതിൻ്റെ പരിഭവം തൻ്റെ മുത്തമകനുണ്ട്… മുത്തമകൻ്റെ മകൻ മാധവിന് മന്ത്രങ്ങൾ പഠിക്കാൻ താൽപര്യമുണ്ടായിരുന്നില്ല….

പക്ഷേ കിരണിന് മന്ത്രങ്ങളോട് താൽപ്പര്യമുണ്ടായിരുന്നു അത് ദുർമന്ത്രവാദങ്ങളോടായിരുന്നു.. രഹസ്യമായി രുദ്രൻ്റെ സങ്കേതത്തിൽ പോയി വരുമായിരുന്നു….. പല തവണ അവന് താക്കീത് നൽകിയതാണ്… പക്ഷേ അനുസരിച്ചില്ല… ദേവി അതിനുള്ള ശിക്ഷയും അവന് കൊടുത്തു…. തറവാടിൻ്റെ നിലനിൽപ്പിന് വേണ്ടിയാണ് ഗൗതമിനെ പഠിപ്പിച്ചത്…. അത് ഇപ്പോൾ ഉപകാരപ്പെട്ടു…. എല്ലാം നല്ലതായി തന്നെ നടക്കണേ എന്ന് അദ്ദേഹം കൈകൂപ്പി തൊഴുതു… ഉച്ചവരെ പoനം തുടർന്നു…. ” ഇനി നിങ്ങൾ പോയി ഊണ് കഴിച്ചിട്ട് വിശ്രമിച്ചോളു.. ഇനി നാളെ ബാക്കി പഠനം… ഇന്നത്തെ രാത്രി ഉണ്ണി നിലവറയിലെ പുജയ്ക്ക് ഉണ്ടാവണം….

ഗൗതം ഉത്തരയോടൊപ്പമാണ് ഇന്ന് മുതൽ.. നിലവറയിലെ മുറിയിൽ കിടക്കാൻ ഭയമുണ്ടെങ്കിൽ ഗൗതമിൻ്റെ മുറിയിൽ കിടക്കാം…. നിലവറയുമായി ബന്ധമുള്ള മുറി തന്നെയാണ് അതും…. ഈ ഇരുപത്തിയൊന്നു ദിവസത്തെ കാലയളവിൽ വ്രതം ശുദ്ധമായി തന്നെ നോക്കണം… .. നിങ്ങളുടെ വഴക്കും പിണക്കവും വ്രതത്തിന് തടസ്സമാകരുത്… ” എന്ന് മുത്തശ്ശൻ പറഞ്ഞു… അത് പറഞ്ഞപ്പോൾ ഉത്തരയുടെ മനസ്സ് അസ്വസ്ഥമായി… ” ഇല്ല ഇനി ഞാൻ പഴയ കാര്യങ്ങൾ ഒന്നും പറയില്ല… അത് പോലെ ഉത്തരയും പറയാൻ പാടില്ല എന്ന് വാക്ക് തരണം” എന്ന് ഗൗതം ഉത്തരയെ നോക്കി കൊണ്ടു പറഞ്ഞു… ” വാക്ക് ” എന്ന് മാത്രം പറഞ്ഞ് കൊണ്ട് അവൾ തിരിഞ്ഞു നടന്നു… കണ്ണുനിറയുന്നുണ്ടായിരുന്നു.. ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു….

ഭയത്തിൻ്റെ തണുപ്പ് അവളെ പൊതിയുന്നതവളറിഞ്ഞു…. അവൾ പിൻതിരിഞ്ഞ് പോകുകയാണെങ്കിലും അവളുടെ മുഖത്തെ ഭയവും മിഴി കോണിലെ നനവും അവൻ്റെ മനസ്സിൽ തെളിഞ്ഞ് കാണാമായിരുന്നു… തന്നോടൊപ്പം കിടക്കണം എന്ന് മുത്തശ്ശൻ പറഞ്ഞത് അവൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല… ഒരു പെണ്ണിനും ഉൾക്കൊള്ളാൻ കഴിയില്ല… എന്തായാലും രാത്രിയിൽ സംസാരിക്കുന്നതാണ് നല്ലത്….ഗൗതം മനസ്സിൽ തീരുമാനിച്ചു… ഗൗതം നിലവറയിൽ നിന്നും പുറത്തേക്കിറങ്ങി.. ആദ്യം നിവേദ മുറിയിൽ തന്നെയുണ്ടോ എന്ന് ചെന്ന് നോക്കാൻ വേണ്ടി പോയി…… നിവേദയുടെ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു…..

അവൻ കതകിൽ മുട്ടി…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം നിവേദ കതക് തുറന്നു… ” ഞാൻ ഇവിടെ തന്നെയുണ്ട് എങ്ങും പോയില്ല” നിവേദ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു… “എല്ലാരുടെയും സുരക്ഷയ്ക്ക് വേണ്ടിയല്ലേ… കൈയ്യിലെ രക്ഷ ഒരിക്കലും അഴിച്ച് വയ്ക്കാൻ പാടില്ല ” എന്ന് ഗൗരവത്തിൽ പറഞ്ഞിട്ട് അവൻ തിരിഞ്ഞ് നടന്നു… താമരപ്പൊയ്കയുടെ പടവിൽ ചെന്നിരുന്നു… മനസ്സാകെ കലങ്ങിമറിയുകയാണ്.. ഇപ്പോൾ ഉത്തരയും ഇതേ അവസ്ഥയിലാവും…. ചാറ്റൽ മഴയുടെ കുഞ്ഞു തുള്ളികൾ കൈകളിൽ പതിച്ചു തുടങ്ങി.. xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ഓരോ നിമിഷങ്ങളും ഉത്തരയ്ക്ക് ഓരോ യുഗങ്ങളായി തോന്നി… രാത്രിയാകുംതോറും അവളിൽ വല്ലാതൊരു ഭയം നിറഞ്ഞു…..

എങ്കിലും പുറമെ ധൈര്യം സംഭരിച്ചിരുന്നു… രാത്രി ഭക്ഷിക്കാനുള്ള ഫലങ്ങൾ പാത്രത്തിൽ എടുത്ത് വച്ചു… കുറച്ച് സമയത്തിന് ശേഷം ഗൗതം വന്നു.. ഒന്നുo മിണ്ടാതെ മന്ത്രം ജപിച്ചു തീർത്ഥo തളിച്ചു…. ഉത്തരയുടെ അരികിൽ ഇരുന്ന് കഴിച്ചു.. ഉത്തരയ്ക്ക് വിശപ്പ് തോന്നിയില്ല… “ഉത്തര കഴിക്ക് നമ്മുക്ക് നേരത്തെ കിടക്കണം… രാവിലെ നേരത്തെ എഴുന്നേൽക്കാനുള്ളതല്ലേ ” ഗൗതം പറഞ്ഞപ്പോൾ അവൾ ഒന്നു ഞെട്ടി.. അവൾ ഓരോന്നായി എടുത്തു കഴിച്ചു… കഴിക്കുന്നതിൻ്റെ കൂടെ അവളുടെ മിഴികളും നിറഞ്ഞു…. “എനിക്ക് ഇവിടെ കിടക്കണ്ട ” എന്നവൾ മുഖമുയർത്താതെ പറഞ്ഞു. “ഇവിടെ കിടക്കണ്ട എന്നാണോ.. അതോ എൻ്റെ കൂടെ കിടക്കണ്ട എന്നാണോ ” ഗൗതം കുസൃതിയോടെ പറഞ്ഞു കൊണ്ട് അവളെ ഇരു കൈയ്യിലും കോരിയെടുത്തു… “എന്തായിത് എന്നെ താഴെയിറക്ക് ” അവൾ ഉച്ചത്തിൽ പറഞ്ഞു..

“ഞാനൊരു കഥ പറയാം… എൻ്റെ കഥയാ.. കേട്ടേ പറ്റു……. ഒരു മഴയുള്ള ദിവസമാണ് ആശുപത്രിയിലേക്ക് ബ്ലഡ് ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഒരു കൂട്ടുകാരൻ വിളിക്കുന്നത്… മഴ നനഞ്ഞ് ആശുപത്രിയുടെ പടവുകൾ കയറുമ്പോഴാണ് കരഞ്ഞ് കൊണ്ട് ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ആശുപത്രിയുടെ പടവുകൾ ഓരോന്നായി ഓടി കയറുന്നത് കണ്ടത്…. മഞ്ഞ ദാവണിയുടുത്ത പെൺകുട്ടി…. കാതിലണിഞ്ഞിരിക്കുന്ന മഴത്തുള്ളി കമ്മലും…. നീളൻ മുടിയും…മുഖം ഒരു നിമിഷo മാത്രം കണ്ടു… മുഖത്തിന് അലങ്കാരമായി ഒരു കുഞ്ഞിപ്പൊട്ടും അങ്ങനെ മനസ്സിൽ തങ്ങി നിന്നു..

അവൾ ഓടി കയറിയത് എൻ്റെ ഹൃദയത്തിലേക്കാണ്… അവളുടെയൊപ്പം ഓടി കയറാൻ സാധിച്ചില്ല… അവൾ ആരാന്നറിയാൻ മനസ്സ് കൊതിച്ചു…. അവൾ എന്തിനാവും കരഞ്ഞത്…. കുട്ടുകാരൻ വേഗം ബ്ലഡ് കൊടുക്കണമെന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ടേക്ക് പോകേണ്ടി വന്ന്…. അവൾ എവിടെ പോയി കാണുമെന്ന ചിന്തയായിരുന്നു മനസ്സിൽ… ബ്ലഡ് കൊടുത്ത് തിരിച്ചിറക്കുമ്പോഴാണ് ഏതോ പെൺകുട്ടി ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടത്… കല്ല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന ചെക്കൻ കൂട്ടരോടാണ് എന്ന് മനസ്സിലായി… ഇടയ്ക്ക് ദേഷ്യപ്പെടുകയും കരയുകയും ചെയ്യുന്നുണ്ട്.. ” അച്ഛൻ മരണ കിടക്കയിൽ കിടക്കുമ്പോൾ സ്ത്രീധനകാര്യം ചോദിച്ച് വരാൻ എങ്ങനെ ധൈര്യം വന്നു നിങ്ങൾക്ക്…

മേലിൽ ഞങ്ങളുടെ വീട്ടിലെ പടി കടന്നു പോകരുത്… ഇനി നിങ്ങളുടെ ചെക്കനെ കെട്ടാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്….. വേഗം സ്ഥലം വിട്ടോണം… അല്ലേൽ പോലീസിൽ പരാതി നൽകി എല്ലാത്തിനെയും അഴിയെണ്ണിക്കും ഞാൻ ” ആ പെൺക്കുട്ടിയുടെ ശബ്ദമുയർന്നതും കിടനിന്നവരെല്ലാം പിറുപിറുത്തു കൊണ്ട് തിരിച്ച് പോയി…. എന്നിട്ടുo തളരാതെ ആ രാത്രി മുഴുവൻ നിന്ന സ്ഥലത്ത് തന്നെ നിന്നു…. പിന്നെ ആ പെൺകുട്ടിയുടെ അച്ഛൻ മരിച്ചു എന്നറിഞ്ഞു.. വീണ്ടും അവളെ തേടി പോയി…. ഒരു പോലും ഇല്ലാത്തത് കൊണ്ട് നേരിട്ട് പോയി സംസാരിക്കാനുള്ള ധൈര്യം കിട്ടിയില്ല…. കുറെ കാലം അവൾ അറിയാതെ പിൻതുടർന്നു… പോലിസ് ട്രെയ്നിംഗ് പോയി കഴിഞ്ഞു കൂട്ടുകാർ മുഖേന അവളെ കുറിച്ച് അന്വഷിച്ചിരുന്നു…

അവൾ ഒരു ധീര പോരാളിയെ പോലെ പൊരുതി ജീവിക്കുണ്ട് എന്നറിഞ്ഞു… പോലീസ് ട്രെയ്നിംഗ് കഴിഞ്ഞ് തിരികെ വന്ന് കഴിഞ്ഞ് ആ പെൺകുട്ടിയുടെ കാര്യം വീട്ടിൽ പറയണം എന്ന് കരുതിയാണ് ഇരുന്നത്… ട്രെയ്നിംഗ് കഴിഞ്ഞ് തിരികെ വന്ന ദിവസം ആദ്യം അവളെയാണ് കാണാൻ പോയത്… ആർത്തിരമ്പിപ്പെയ്യുന്ന മഴയത്ത് സാരിത്തുമ്പ് തലയിലിട്ട് അവളുടെ തടവാറിൻ്റെ പടിപ്പുര കടന്നു പോകുന്നത് ദൂരെ നിന്നു കണ്ടു… ജോലിക്ക് ചേരാൻ രണ്ടാഴ്ച ബാക്കി നിൽക്കുമ്പോഴാണ് പണ്ട് തറവാട് വിട്ട് പോയ മുത്തശ്ശൻ്റെ ഇളയ മകൻ്റെ കുടുംബത്തെ കണ്ടു പിടിച്ച് കൊണ്ടുവരാൻ പറയുന്നത്… അതിന് വേണ്ട മന്ത്രതന്ത്രങ്ങൾ പഠിപ്പിച്ചു…

വിഷ്ണുവും കിരണും ഞാനും മുത്തശ്ശൻ്റെ ഇളയ മകൻ്റെ കുടുംബത്തെ കണ്ടു പിടിച്ച് കൊണ്ടുവരാൻ വേണ്ടി പുതിയ പദ്ധതികൾ തയ്യാറാക്കി….. ശരിക്കുo അമ്പലത്തിൽ വച്ച് കണ്ടപ്പോഴാണ് ഞാൻ അന്വഷിക്കുന്ന പെൺകുട്ടിയും മുത്തശ്ശൻ പറഞ്ഞ പെൺകുട്ടിയും ഒന്നാണ് എന്ന് ഞാനറിയുന്നത്… ആ നിമിഷം മുതൽ ഞാൻ എന്ത് മാത്രം വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് അറിയാമോ… അത് പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല…” എന്ന് പറഞ്ഞ് ഗൗതം അവൻ്റെ മുറിയിലെ കട്ടിലിൽ കിടത്തിയപ്പോഴാണ് അവൾ കണ്ണു തുറന്നത്…. അവൾ അവൻ്റെ മുഖത്തേക്ക് നോക്കി… അവൻ്റെ മിഴികൾ നിറഞ്ഞിരിക്കുന്നു… ” ഞാൻ അവിടെ കിടന്നോളാം” എന്ന് ഉത്തര പറഞ്ഞു… ” വേണ്ട… കതകടച്ച് കിടന്നോ..

ഞാൻ വാതിലിനപ്പുറം കാണും എന്താവശ്യമുണ്ടേലും വിളിച്ചാൽ മതി… “.. എന്ന് പറഞ്ഞ് ഗൗതം രഹസ്യ വാതിലിലൂടെ തിരികെ പോയി.. ഉത്തരയ്ക്ക് അവനോട് ബഹുമാനം തോന്നി.. കുറച്ച് സമയം കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല… അവൾ പതിയെ രഹസ്യ വാതിൽ തുറന്നു….. വെറും തറയിൽ തലയ്ക്ക് കൈ വച്ച് ഉറങ്ങുന്ന ഗൗതമിനെ കണ്ടപ്പോൾ മനസ്സിൽ വിഷമം തോന്നി…… അവൾ പടിവാതിലിൽ ചാരിയിരുന്നു എപ്പോഴോ മയങ്ങി……. അടുത്ത നിമിഷം കുഞ്ഞു ദേവി പ്രത്യക്ഷപ്പെട്ടു….. തൻ്റെ വലത് കൈ ഉയർത്തി.. വലത് കൈയ്യിൽ നിന്നുത്ഭവിച്ച പ്രകാശം ഉത്തരയുടെ മേൽ പതിച്ചു…..

അവൾ കണ്ണു തുറന്ന് ദേവിയെ നോക്കി കൈകൂപ്പി തൊഴുതു….. വാതിൽപടിയിൽ നിന്ന് എഴുന്നേറ്റ് തറയിൽ കിടക്കുന്ന ഗൗതമിൻ്റെ അരികിൽ പോയിരുന്നു… ഒത്തിരി സ്നേഹത്തോടെ നെറുകയിൽ ചുംബിച്ചു…. അവൻ്റെ വലത് കൈയ്യിൽ തല വച്ച് ആ നെഞ്ചോരം ചേർന്ന് കണ്ണടച്ച് കിടന്നു….. കുഞ്ഞു ദേവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവരുടെ ചുറ്റും പൂക്കൾ വർഷിച്ചു….. “എനിക്കായ് നിൻ്റെ ജീവിതവും ജീവനും വേണ്ടാ എന്ന് വയ്ക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിൻ്റെ ജീവിതവും ജീവനും നഷ്ട്ടപ്പെടുത്തുക ” എന്ന് പറഞ്ഞ് പൊട്ടിച്ചിരിയോടെ അന്തരീക്ഷത്തിൽ മറഞ്ഞു പോയി…. ശരിക്കും നടന്നതാണെന്നറിയാതെ അവരിരു പേരും കുഞ്ഞു ദേവി വന്നതുo വാക്കു കൊണ്ട് അനുഗ്രഹിച്ചതും സ്വപ്നത്തിലൂടെ കാണുന്നുണ്ടായിരുന്നു……… തുടരും

മഴയേ : ഭാഗം 21

Share this story