മഴയേ : ഭാഗം 23

മഴയേ : ഭാഗം 23

എഴുത്തുകാരി: ശക്തി കല ജി

ഒത്തിരി സ്നേഹത്തോടെ നെറുകയിൽ ചുംബിച്ചു…. അവൻ്റെ വലത് കൈയ്യിൽ തല വച്ച് ആ നെഞ്ചോരം ചേർന്ന് കണ്ണടച്ച് കിടന്നു….. കുഞ്ഞു ദേവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവരുടെ ചുറ്റും പൂക്കൾ വർഷിച്ചു….. “എനിക്കായ് നിൻ്റെ ജീവിതവും ജീവനും വേണ്ടാ എന്ന് വയ്ക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിൻ്റെ ജീവിതവും ജീവനും നഷ്ട്ടപ്പെടുത്തുക ” എന്ന് പറഞ്ഞ് പൊട്ടിച്ചിരിയോടെ അന്തരീക്ഷത്തിൽ മറഞ്ഞു പോയി…. ശരിക്കും നടന്നതാണെന്നറിയാതെ അവരിരു പേരും കുഞ്ഞു ദേവി വന്നതുo വാക്കു കൊണ്ട് അനുഗ്രഹിച്ചതും സ്വപ്നത്തിലൂടെ കാണുന്നുണ്ടായിരുന്നു….. ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു….

പുലർച്ചെ നാലുമണിയായപ്പോൾ ഗൗതമിൻ്റെ മുറിയിൽ നിന്നും ഫോണിലെ അലാറം മുഴങ്ങുന്ന ശബ്ദം കേട്ട് ഉത്തര മിഴികൾ തുറന്നു… ഗൗതമിൻ്റെ മുഖം തൊട്ടരുകിൽ കണ്ടതും ഞെട്ടലോടെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു… അവൻ്റെ വലത് കരം അവളെ കൂടുതൽ മുറുക്കത്തോടെ ചുറ്റി പിടിച്ചു… അവളുടെ മിഴികൾ നിറഞ്ഞൊഴുകി… അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ തന്നെ തങ്ങി നിന്നു പോയി… അവളുടെ മിഴിനീർ കണങ്ങൾ അവൻ്റെ ദേഹത്തേക്ക് പതിച്ചപ്പോൾ അവൻ പതിയെ മിഴികൾ തുറന്നു.. തലേ ദിവസത്തെ സ്വപ്നത്തിൻ്റെ ബാക്കിയാണ് എന്നവൻ മനസ്സിൽ കരുതി… അവളുടെ കൺകോണിലെ ഒരു വശത്തേക്ക് ഒഴുകിയിറങ്ങിയ മിഴിനീർ കണത്തിൽ ചുണ്ടുമുട്ടിച്ചു…..

അവളറിയാതെ തന്നെ അവളിൽ നിന്നോരേങ്ങലുയർന്നു… അവൻ ഞെട്ടി പുറകോട്ടു മാറി… മിഴികൾ ഒന്നൂടി അടച്ചു തുറന്നു… ഉത്തര കണ്ണടച്ച് അനങ്ങാതെ അവൻ്റെ വലത് കരത്തിനുള്ളിൽ ഒതുങ്ങി കിടന്നു… അവൻ പതിയെ അവളെ കൈയ്യിൽ നിന്ന് ഒന്നുയർത്തി നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു… അവരുടെ ശരീരത്തിൽ നിന്നും പൂവിതളുകൾ താഴേക്ക് ഉതിർന്നു വീണു…. തങ്ങളുടെ ശരീരത്തിൽ നിന്നും ഉതിർന്നു തറയിലേക്ക് പതിക്കുന്ന പൂവിതളുകൾ കണ്ടതും അവൻ്റെ മിഴികൾ അത്ഭുതം കൊണ്ടു വിടർന്നു…. ഇത് സ്വപ്നമല്ല എന്നവൻ തിരിച്ചറിഞ്ഞു.. ഉത്തര മിഴികൾ അടച്ചു… ഗൗതo കുസൃതിയോടെ നോക്കി… അവളെ ഇരുകൈകളിൽ കോരി എടുത്ത് രഹസ്യ വാതിലിലൂടെ ഗൗതം അവൻ്റെ മുറിയിൽ എത്തി ഉത്തരയെ കട്ടിലിൽ കൊണ്ടിരുത്തി…

“ഉത്തരാ ഞാൻ കരുതി തലേന്നത്തെ ബാക്കി സ്വപ്നമാണ് എന്നാ… ക്ഷമിക്കണം…. ” എന്ന് പറഞ്ഞ് അവളുടെ മിഴിനീർ തുള്ളികളെ വിരലുകൾ കൊണ്ട് തുടച്ചു… അവൾക്ക് കണ്ണു തുറന്ന് നോക്കാൻ ധൈര്യം കിട്ടിയില്ല…. അവളുടെ മനസ്സിലെ ചിന്ത മുഴുവൻ വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയ ഞാൻ എങ്ങനെ ഗൗതമിൻ്റെ അടുത്ത് പോയി കിടന്നു… അവൾക്ക് തലേന്നത്തെ സ്വപ്നം ഓർമ്മ വന്നു… കുഞ്ഞു ദേവി പ്രത്യക്ഷപ്പെട്ടതും ,കൈയ്യിൽ നിന്ന് പ്രകാശം തനിക്ക് നേരെ വന്നതും…, എഴുന്നേറ്റ് പോയി ഗൗതമേട്ടൻ്റെ നെറുകയിൽ ഒത്തിരി സ്നേഹത്തോടെ ചുംബിച്ചതും അതോർത്തപ്പോൾ അവളറിയാതെ തന്നെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…. ഗൗതം അവളുടെ മുഖഭാവങ്ങളെ കൗതുകത്തോടെ വീക്ഷിച്ചു കൊണ്ട് നിന്നു…

കവിളുകൾ ചുവക്കുന്നതും ചുണ്ടുകൾ വിറകൊള്ളുന്നതും മിഴികൾ ചിമ്മുന്നതും നോക്കി നിന്നു… ‘”അപ്പോൾ അത് സ്വപ്നമല്ലായിരുന്നോ ” മനസ്സിൽ വിചാരിച്ചത് ഒരേ സ്വരത്തിൽ അവരിരുപേരുo പറഞ്ഞപ്പോൾ ഉത്തര മിഴികൾ തുറന്നു… “കുഞ്ഞു ദേവി നമ്മൾ ഒന്നാകാനാണ് ആഗ്രഹിക്കുന്നത്…. എന്നിൽ നീ എത്ര അകന്ന് പോയാലും കുഞ്ഞു ദേവി നിന്നെ എനിക്ക് തന്നെ തരും എന്ന് എനിക്ക് ഉറപ്പാ”…. അതിനുള്ള വഴിയും എനിക്കറിയാം…. ഇനി നിൻ്റെ സമ്മതം മാത്രം മതി എനിക്ക്…. അത് എന്ത് വഴിയാണെങ്കിലും നീ സമ്മതിക്കില്ലേ ഉത്തര…..സമ്മതിക്കണം…. സമ്മതിച്ചേ പറ്റു.. എനിക്കീ ജന്മം തന്നെ നിൻ്റെ കൂടെ ജീവിക്കണം… അടുത്ത ജന്മം വരെ കാത്തിരിക്കാൻ വയ്യ “..ഗൗതം പുഞ്ചിരിയോടെ പറഞ്ഞു…

ഗൗതമിൻ്റെ പ്രണയം തൻ്റെ ലക്ഷ്യങ്ങൾക്കു് തടസമാകും എന്ന തോന്നലിൽ ഉത്തര മറുപടിയൊന്നും പറയാതെ എഴുന്നേറ്റു നിലവറയിലേക്ക് നടന്നു… ശരിയാണ് അകലാൻ ശ്രമിക്കും തോറും കുഞ്ഞു ദേവി വീണ്ടും ഒന്നാക്കാൻ ശ്രമിക്കുകയാണ്….. പക്ഷേ ഈ ജന്മം എനിക്കതിന് കഴിയില്ല…. രുദ്രനെ ഇല്ലാതാക്കുമ്പോൾ സ്വയം ജീവത്യാഗം ചെയ്യണം… അല്ലെങ്കിൽ തറവാട്ടിലെ ഏതെങ്കിലുമൊരാളുടെ ജീവനും കൊണ്ടേ അയാൾ മരണത്തിലേക്ക് പോകു… . എന്നാണ് മുത്തശ്ശൻ പറയുന്നത് കേട്ടത്… സ്വയരക്ഷയ്ക്ക് വേണ്ടി വ്രതത്തിൻ്റെ അവസാനത്തെ ദിവസമാണ് സംഹാര മന്ത്രം പഠിപ്പിക്കു…. അത് വരെ കാത്തിരുന്നേ പറ്റു… ആ ഒരു മന്ത്രം പഠിക്കാൻ വേണ്ടിയാണ് എൻ്റെ കാത്തിരിപ്പും തൻ്റെ അച്ഛൻ്റെ ജീവനെടുത്തയാളുടെ ജീവൻ എനിക്ക് തന്നെ എടുക്കണം…

അതിന് വേണ്ടി സ്വയം ജീവത്യാഗം ചെയ്യാനും ഒരുക്കമാണ്.. തൻ്റെ നീക്കങ്ങൾ ഒരാളും അറിയാൻ പാടില്ല… ഉണ്ണിയുടെ ഭാവി സുരക്ഷിതമായിരിക്കണം…. അത് മാത്രമേ എൻ്റെ ചിന്തയിലുള്ളു…. ഇന്ന് വ്രതത്തിൻ്റെ രണ്ടാമൻ്റെ ദിവസമാണ്…. അവൾ കൈകൾ കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു… അവൾ കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റിലെ കുഞ്ഞു ദേവിയുടെ മുഖത്തെ കണ്ണു ചിമ്മുന്നുണ്ടായിരുന്നു.. കുഞ്ഞുദേവിയുടെ മിഴികളിൽ നിന്നുത്ഭവിച്ച പ്രകാശവലയം അവൾക്കായി സുരക്ഷാവലയം തീർത്തിരുന്നു…. ഗൗതം കുളിച്ച് ഇറനായി നിലവറയിലെ ഉത്തരയുടെ മുറിയിലേക്ക് വന്നപ്പോൾ അവൾ സർവ്വവും മറന്ന് ചിന്തയിൽ മുഴുകി നിൽക്കുന്നതാണ് കണ്ടത്….

മുഖത്തെ ഗൗരവഭാവം അവൾക്ക് ഒട്ടും ചേരുന്നില്ല എന്നവന് തോന്നി…. കാര്യമായ എന്തോ ചിന്തയിലാണ്… താൻ വന്നത് പോലും അവൾ അറിഞ്ഞിട്ടില്ല… അവൾക്കു ചുറ്റുമുള്ള കുഞ്ഞുദേവിയുടെ സുരക്ഷാവലയo കണ്ട് അവന് സമാധാനമായി… തങ്ങളുടെ വ്രതത്തിൽ ദേവി സംതൃപ്തയാണ് എന്നതിൻ്റെ സൂചനയാണ് അവളുടെ ചുറ്റുമുള്ള പ്രകാശത്തിൻ്റെ സുരക്ഷ വലയം…. അവളുടെ നിൽപ്പ് കണ്ട് അവന് കുസൃതി തോന്നി… അവൻ അവളുടെ തൊട്ടരികിൽ എത്തി… അവൻ്റെ നനഞ്ഞ തലമുടിയിലെ വെള്ളം തല ഇരു വശത്തേക്കും തിരിച്ച് അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു… തണുത്ത വെള്ളത്തുള്ളികൾ മുഖത്തും കഴുത്തിലും തെറിച്ചുവീണപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു… അവളുടെ മിഴികളിലെ ഗൗരവഭാവം നിമിഷങ്ങൾക്കകം ദേഷ്യം നിറഞ്ഞു….

അവൾ ദേഷ്യത്തിൽ എന്തോ പറയാൻ തുടങ്ങിയതും ഗൗതം ചുണ്ടുവിരൽ അവൻ്റെ ചുണ്ടിൽ വച്ച് സംസാരിക്കരുത് എന്ന് പറഞ്ഞു “ഉത്തര വേഗം പോയി കുളിച്ചു ഒരുങ്ങിക്കോളൂ… ഞാൻ കുളിച്ചു വന്നു… എന്നും കുടുംബ തറവാട്ടിൽ പോയി തൊഴുതു വന്നിട്ട് വേണം വ്രതം തുടങ്ങാൻ എന്ന് മുത്തശ്ശൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് രാവിലെ ആദ്യം അവിടെ തൊഴുതിട്ടു വരണം…. ഞാൻ നിലവറയിലെ വിളക്കിന് മുൻപിൽ ഉണ്ടാവും…. ഇന്നലെ ബോധംകെട്ടു വീണതുപോലെ വീഴരുത് കേട്ടല്ലോ… ഇപ്പോൾ കാര്യങ്ങൾ എല്ലാം ഏകദേശം അറിയാമല്ലോ .. കിരണിന് അവൻ്റെ ചെയ്തികളിൽ കുറ്റബോധം ഉണ്ട്… അതുകൊണ്ട് നീ തന്നെ അവന് ഭസ്മം തൊട്ടു കൊടുക്കണം എങ്കിലേ കുഞ്ഞു ദേവിയുടെ അനുഗ്രഹം അവന് കിട്ടുകയുള്ളൂ … നീയും ഉണ്ണിയും ചേർന്നു വേണം ഭസ്മം കൊടുക്കാൻ …

ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ ഭസ്മം കൊണ്ട് തൊട്ടു കൊടുക്കണോ വേണ്ടയോ എന്ന് ഉത്തരയ്ക്ക് സ്വയം തീരുമാനിക്കാഠ.. കൊച്ചു പയ്യനാണ് .. ഉത്തരയുടെ അനിയനാണ് അവനെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി കൊടുത്തു കൂടെ ” എന്ന് ഗൗതം ചോദിച്ചു… ” അവന് പശ്ചാതാപം ഉണ്ട് എന്ന് ഉറപ്പാണോ….” ഉത്തര ഗൗരവത്തിൽ ചോദിച്ചു… “തീർച്ചയായും കാണും…. അതു കൊണ്ടാണ് ഉത്തരബോധം മറഞ്ഞ് താഴേക്ക് വീണപ്പോൾ കിരണിൻ്റെ കണ്ണിൽ കണ്ണീരിൻ്റെ നനവ് കണ്ടത് “.. ഗൗതം പറഞ്ഞു… “എങ്കിൽ ശരി ഭസ്മം തൊട്ടുകൊടുക്കാം.. പക്ഷേ അത് വ്രതം പൂർത്തിയാകുന്ന ദിവസമാണ് എന്ന് മാത്രം… ” അത് വരെ കാത്തിരുന്നേ പറ്റു… കാരണം ലക്ഷ്യത്തിലെത്തുന്നത് വരെ ശത്രുക്കളുടെ എണ്ണം ഇങ്ങനെയൊക്കെയേ കുറയ്ക്കാൻ കഴിയു…

ഇത് എൻ്റെ തീരുമാനമാണ് അതിൽ മാറ്റമില്ല ഇനി അതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല, ” എന്ന് പറഞ്ഞ് ഉത്തര കുളിച്ച് മാറാൻ വേണ്ട വസ്ത്രങ്ങൾ എടുത്ത് കുളo ലക്ഷ്യമാക്കി നടന്നു…. ഇടനാഴിയിലൂടെ കുളത്തിനരുകിലേക്ക് നടക്കുമ്പോൾ അവളുടെയൊപ്പം കുഞ്ഞു പാദസരം കിലുങ്ങുന്ന ശബ്ദവും മുഴങ്ങി കേട്ടു… കുളിച്ച് ദേഹശുദ്ധി വരുത്തി ചുവന്ന ദാവണി അണിഞ്ഞു നിലവറയിലെ മുറിയിൽ എത്തിയപ്പോൾ ഗൗതം പോയിരുന്നു.. അവൾക്കാശ്വാസം തോന്നി… ഗൗതമേട്ടനു മുന്നിൽ തൻ്റെ ഗൗരവത്തിൻ്റെ മുഖപടം അഴിഞ്ഞ് വീഴുമെന്ന ഭയം അവളെ അലട്ടികൊണ്ടിരിക്കും… നിലവറയിലെ വാൽക്കണ്ണാടിയിൽ നോക്കി കണ്ണെഴുതി വല്യവട്ടപൊട്ടും തൊട്ടു…. നെറുകയിലും കഴുത്തിലെ താലിയിലും സിന്ദൂരമണിഞ്ഞപ്പോൾ ഗൗതമിൻ്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചു….

നനഞ്ഞ മുടി തോർത്തി അറ്റം കെട്ടിയിട്ടു… നിലവറയിലെമുറിയിൽ നിന്നിറങ്ങി ദേവി വിഗ്രഹത്തിന് മുൻപിൽ പോയി നിന്നു കൈകൂപ്പി തൊഴുതു നിൽക്കുമ്പോൾ ഗൗതമും ഉണ്ണിയും അങ്ങോട്ടേക്കു വന്നു… xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ഉത്തരയുടെ നിൽപ്പ് കണ്ടിട്ട് ഉണ്ണിക്ക് വിഷമം തോന്നി…. തൻ്റെ നല്ല ഭാവിക്ക് വേണ്ടിയാണ് ചേച്ചി സ്വയം തൻ്റെ ജീവിതം തന്നെ വിട്ടു കൊടുത്തത്… ഗൗതമേട്ടൻ എന്ത് കൊണ്ടും ചേച്ചിക്ക് യോജിച്ചയാൾ തന്നെയാണ്… പക്ഷേ ഇരുപത്തിയൊന്നു ദിവസത്തെ വ്രതം പൂർത്തിയായ ശേഷം ഗൗതമേട്ടൻ മുത്തശ്ശൻ്റെ പക്ഷത്താണ് എങ്കിൽ ഉത്തരേച്ചിയെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്…. കാരണം അങ്ങനെ ഉത്തരേച്ചിയെ സ്വീകരിച്ചാൽ ഗൗതമേട്ടൻ്റെ അച്ഛനെ പോലെ ഗൗതമേട്ടനും തറവാട്ടിൽ ദത്ത് നിൽക്കേണ്ടി വരും…. താൻ പൂജയുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നത് വരെ ഗൗതമേട്ടനാവും തറവാട്ടിലെ നിലവറയിലെ മുന്നോട്ടുള്ള കാര്യങ്ങൾ നോക്കുക…. .

അങ്ങനെ ചെയ്താൽ തൻ്റെ മൂത്ത മകൻ്റെ മക്കൾ ദുർമന്ത്രവാദത്തിലേക്ക് തിരിയുമോ എന്ന ഭയം മുത്തശ്ശനുണ്ട്…. അതു കൊണ്ടാവണം മുത്തശ്ശന് യശ്ശസ്സ് തറവാട്ടിലെ നിലവറയിൽ മന്ത്രങ്ങളും പൂജകളും തുടരാൻ താൽപര്യമില്ല എന്ന് പറഞ്ഞിരുന്നു….. അത് കൊണ്ട് കുഞ്ഞുദേവിയുടെ വിഗ്രഹം കുടുംബതറവാടായ കാർത്തികദീപത്തിൽ നിന്നും എടുത്ത് ഇവിടെ പ്രതിഷ്ഠിക്കുന്നില്ല എന്ന തീരൂമാനത്തിൽ മുത്തശ്ശൻ ഉറച്ചു നിൽക്കുകയാണ്…… തറവാടിൻ്റെ ദോഷം മാറ്റാൻ വേണ്ടി മാത്രം ആണ് ഉത്തരേച്ചിയെയും തന്നെയും ഇവിടെ കൊണ്ടുവന്നത്…. അവരുടെ കാര്യം കഴിഞ്ഞാൽ അവർ ഉപേക്ഷിക്കും എന്ന് മനസ്സ് പറയുന്നു…. അതു കൊണ്ടാവണo ഉത്തരേച്ചിയുടെയും ഗൗതമേട്ടൻ്റെയും ഓർമ്മയിൽ നിന്ന് ഇവിടെ നടക്കുന്ന സംഭവങ്ങൾ പിന്നീട് ഓർമ്മയിൽ വരാത്ത രീതിയിൽ സംഭവിക്കാൻ മുത്തശ്ശൻ പ്രയത്നിക്കുന്നത്…

പക്ഷേ മുത്തശ്ശൻ ഒരു കാര്യം മറന്നു പോയി.. കാർത്തികദീപം തറവാട്ടിലെ അനന്തരവകാശിയായ ഉണ്ണികൃഷ്ണന് കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ പോലും ഓർമ്മയിൽ ഉണ്ടാവും എന്നുള്ള കാര്യം… ഉണ്ണിയുടെ അധരങ്ങളിൽ ഗൂഢമായ ചിരി വിടർന്നു…. അവൻ ഉത്തരയുടെ തൊട്ടു പുറകിലായി നിന്നു.. ഗൗതമേട്ടനും ഉത്തരേച്ചിയെ ഉപേക്ഷിക്കണമെന്നാണ് ചിന്തയെങ്കിൽ ചേച്ചിയുടെ ഇവിടത്തെ ഓർമ്മകൾ മാഞ്ഞു പോകുന്നതാണ് നല്ലത് എന്ന് ഉണ്ണി ചിന്തിച്ചു…. എവിടെയായിരുന്നാലും കുഞ്ഞുദേവിയുടെ അനുഗ്രഹം ഒപ്പമുണ്ടാകണം എന്ന് കൈകൂപ്പി പ്രാർത്ഥിച്ചു… മുത്തശ്ശനും ഹരിനാരായനദ്ദേഹവും വന്നു… മന്ത്രജപത്തോടു കൂടി നിലവറയിലെ വിളക്കിൽ ദീപം പകർന്ന ശേഷം ഹോമകുണ്ഡത്തിലും അഗ്നി പകർന്നു….

മുത്തശ്ശൻ മൂന്ന് പേർക്കും നെറ്റിയിൽ അഭിഷേകം ചെയ്ത കളഭം തൊട്ടു കൊടുത്തു.. ”നിങ്ങൾ മൂന്ന് പേരുടെയും മനസ്സിൽ പലവിധ സംശയങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയാം… അതിനെല്ലാം ഉത്തരം ഈ വ്രതം പൂർത്തിയാകുന്ന ദിവസം കിട്ടും… അത് വരെ കാത്തിരുന്നേ പറ്റു….. ഇനി വേഗം പോയി കുടുംബതറവാട്ടിൽ പോയി തൊഴുതിട്ട് വരു…. ” മുത്തശ്ശൻ പറഞ്ഞു… മുന്ന് പേരും മുത്തശ്ശൻ്റെ അനുഗ്രഹം വാങ്ങി കാത്തികദീപം തറവാട്ടിലേക്ക് കാറിൽ യാത്ര തിരിച്ചു… പോകുന്ന വഴി കാറ്റും മഴയും ഉണ്ടായിരുന്നെങ്കിലും അവയൊന്നും അവരെ ഭയപ്പെടുത്തിയില്ല…. സന്തോഷത്തോടെ അവരുടെ വരവ് ആഘോഷിക്കുകയായിരുന്നു…. കാർത്തികദീപം തറവാടിൻ്റെ കാവിൽ വിളക്ക് വയ്ക്കാൻ ഉണ്ണിയാദ്യം കാവിനുള്ളിൽ കയറി….

ഉത്തര ഗൗതമിന് മുഖം കൊടുക്കാതെ കാറിൽ നിന്നിറങ്ങി വേഗം കാവിനുള്ളിലേക്ക് നടക്കാൻ ശ്രമിച്ചതും ഗൗതം ഉത്തരയുടെ വലത് കരം അവൻ്റെ കൈക്കുള്ളിലാക്കിയിരുന്നു…. ഉത്തര പ്രതികരിക്കാനാവാതെ നിന്നു പോയി… ഗൗതം അവളുടെ കൈ പിടിച്ച് കാവിനുള്ളിലേക്ക് നടന്നു… ഉണ്ണി കാവിലെ ദേവി വിഗ്രഹം പൂജയ്ക്കായി തയ്യാറാക്കിയിരുന്നു…. മന്ത്രജപത്തോടു കൂടി ദേവി വിഗ്രഹത്തിന് മുൻപിലെ വിളക്കിൽ തിരി തെളിയിച്ചു…. അവർ മൂന്നു പേരും കൈകൂപ്പി തൊഴുതു… അവരുടെ മുന്നിൽ വെള്ളി നിറത്തിലുള്ള നാഗം പ്രത്യക്ഷപ്പെട്ടു….. . ആകാശം മുട്ടെ വളർന്നു അവരുടെ മേലെ പൂഷ്പങ്ങൾ വർഷിച്ചു അനുഗ്രഹം ചൊരിഞ്ഞു…. പുഷ്പങ്ങൾ ശരീരത്തേക്ക് പതിച്ചതും അവർ മൂന്നു പേരും കണ്ണു തുറന്നു നോക്കി…..

ഉത്തര ഭയത്തോടെ പുറകിലേക്ക് മാറും മുന്നേ ഗൗതം അവളെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു…. ഉണ്ണിയുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു… .തറവാട്ടിലെ കാവൽ ദൈവങ്ങളിൽ ഒന്നായ കാവിലെ നാഗദൈവത്തിൻ്റെ അനുഗ്രഹo കിട്ടിയിരിക്കുന്നു… പകുതി ആശങ്കയൊഴിഞ്ഞു… അവൻ വിളക്കിനു അർപ്പിക്കാനായി വച്ച പുഷ്പങ്ങൾ നാഗത്തിന് ആർപ്പിച്ചു…… മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങി…. ഒപ്പം വെള്ളി നിറത്തിലുള്ള നാഗം അന്തരീക്ഷത്തിൽ മാഞ്ഞു പോയി….. അപ്പോഴും ഗൗതം ഉത്തരയെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു,… ഉണ്ണി അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ തിരിഞ്ഞു നടന്നു…… ഉത്തരേച്ചിയോട് ഗൗതമേട്ടന് സ്നേഹം തോന്നണേ എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു….. തുടരും

മഴയേ : ഭാഗം 22

Share this story