നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 22

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 22

സൂര്യകാന്തി

മുകൾനിലയിലെ നീളൻ വരാന്തയ്ക്കറ്റത്തെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു രുദ്ര… നാഗക്കാവിൽ നിന്നും ഇലഞ്ഞിപ്പൂമണവുമായി എത്തുന്ന ഇളംകാറ്റിൽ രുദ്രയുടെ നീളൻ മുടിയിഴകൾ പാറിപറക്കുന്നുണ്ടായിരുന്നു.. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. അച്ഛനെയും അമ്മയെയും ഭദ്രയെയും കാണാൻ അവളുടെ ഉള്ളം വെമ്പുന്നുണ്ടായിരുന്നു.. എല്ലാം പറയുമ്പോൾ ഭദ്ര പൊട്ടിത്തെറിക്കും.. അറിയാം.. പക്ഷെ അതൊരു ആശ്വാസമാണ്‌… ഇങ്ങനെയൊരു അവസ്ഥയെ പറ്റി ആലോചിച്ചിട്ടേയില്ല..

വെറുതെ കളിയാക്കുമ്പോഴൊക്കെയും സൂര്യനാരായണനെ പോലൊരാൾ ഒരു പൂവിന്റെ പേരിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന പെണ്ണിനെ തേടിയിറങ്ങുമെന്ന് സ്വപ്നേനി കരുതിയിരുന്നില്ല.. സൂര്യനെ പറ്റി ആലോചിക്കുമ്പോഴേക്കും മനസ്സിന്റെ കടിഞ്ഞാൺ വിട്ടു പോവുന്നു… വിചാരിച്ചത് പോലെയൊന്നും പറയാനും പ്രവൃത്തിക്കാനും കഴിയുന്നില്ല.. “എന്താണ് രുദ്രക്കുട്ടിയ്ക്ക് ഇത്രയും വല്യ ആലോചന..? എന്നെ പറ്റിയാണോ.. ഉം..?” പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് രുദ്ര ഞെട്ടിതിരിഞ്ഞു.. മുഖം പിറകിൽ നിന്നിരുന്ന സൂര്യന്റെ നെഞ്ചിൽ തട്ടിയതും അവൾ പിടഞ്ഞകന്നു മാറി..വെപ്രാളത്തോടെ ചുറ്റും നോക്കി.. “എങ്ങനെ.. ഇവിടെ.. അവരൊക്കെ..?”

അവളെ നോക്കിയ കണ്ണുകളിൽ ചിരിയായിരുന്നു.. “താൻ നോക്കണ്ടാ, ഗന്ധർവനൊന്നുമല്ലെടോ.. എന്നാലും പ്രിയ്യപ്പെട്ടവർക്ക് വേണ്ടി ചെറിയ മായാജാലമൊക്കെ കാണിക്കാൻ എനിക്കറിയാം..” സൂര്യൻ ചിരിയോടെ കണ്ണിറുക്കിയതും രുദ്ര മുഖം താഴ്ത്തി.. അവൾ വീണ്ടും തിരിഞ്ഞു ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിന്നു.. ആരിൽ നിന്ന് രക്ഷപ്പെടാനാണോ താൻ ഇങ്ങോട്ട് വന്നത് അയാൾ വീണ്ടും തൊട്ടരികെ.. രുദ്ര ഒന്ന് ശ്വാസം വലിച്ചു വിട്ടു..പറയാനുള്ളതെല്ലാം മനസ്സിൽ അടുക്കി വെക്കുകയായിരുന്നു അവൾ.. മിഴികൾ ഇറുകെ അടച്ചു പതിഞ്ഞ ശബ്ദത്തിൽ രുദ്ര പറഞ്ഞു.. “എനിക്കൊരു കാര്യം പറയാനുണ്ട്..” “പറഞ്ഞോളൂ…”

സൂര്യൻ പിറകിൽ നിന്നും തനിക്കെതിരെ വന്നു ചുമരിൽ ചാരി ചെരിഞ്ഞു നിന്നതും കൈകൾ മാറിൽ പിണച്ചു തന്നെ നോക്കുന്നതും ഒന്നും അവളറിഞ്ഞിരുന്നില്ല.. ഇറുകെ അടച്ച മിഴികളും ജനലഴികളിൽ മുറുകെ പിടിച്ചെങ്കിലും വിറ കൊള്ളുന്ന കൈകളും സൂര്യനിൽ ചിരിയുണർത്തി.. അപ്പോൾ അയാളുടെ മിഴികളിൽ തെളിഞ്ഞത് പ്രണയത്തിലേറെ വാത്സല്യമായിരുന്നു.. എന്തിനെന്നറിയാതെ അവളെയൊന്ന് നെഞ്ചോട് ചേർത്തു നിർത്താൻ തോന്നിപ്പോയി സൂര്യന്.. വെറുതെ.. “ഒരു തോന്നലിൽ ചെയ്തു പോയതാണെല്ലാം.. പിന്നെ അതിൽ നിന്ന് പിന്തിരിയാനോ മനസ്സിനെ നിയന്ത്രിക്കാനോ കഴിഞ്ഞില്ല..

എന്റെ തെറ്റാണ്.. പറ്റിപ്പോയി.. ഒരുപാട് കളിപ്പിച്ചിട്ടുണ്ട്.. ചെയ്തതെല്ലാം തെറ്റാണ്.. അറിയാം.. മാപ്പ് പറയുകയല്ലാതെ ഇനിയൊന്നും ചെയ്യാനില്ലെനിക്ക്.. പൊറുക്കണം.. എല്ലാം.. ഒന്നും.. ഒന്നും മനസ്സിൽ വെച്ചു പെരുമാറരുത്..” സൂര്യൻ അപ്പോഴും ഒന്നും പറയാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. രുദ്ര പഠിച്ചു വെച്ചത് പറയുന്നത് പോലെ തുടർന്നു..മിഴികൾ അപ്പോഴും തുറന്നിരുന്നില്ല.. “ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടു സാറെന്നെ ഒരു മോശം പെണ്ണായി കരുതരുത്.. അറിവില്ലായ്മ കൊണ്ടു പറ്റിയതാണ്..” പ്രതികരണം ഒന്നും ഇല്ലാതിരുന്നപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു..

തൊട്ടരികെ ആ മുഖം കണ്ടതും അവളൊന്ന് പതറി.. “കഴിഞ്ഞോ…?” സൂര്യന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല.. കണ്ണുകളിലെ കുസൃതി ലവലേശം കുറഞ്ഞതുമില്ല.. “ഇയാളുടെ മനസ്സിൽ എന്റെ എഴുത്തിനോടുള്ള വെറും ആരാധനയല്ലാതെ മറ്റൊന്നും ഇല്ലെന്ന് എന്റെ കണ്ണുകളിൽ നോക്കി പറയാമോ.” രുദ്ര ഒന്നും പറഞ്ഞില്ല.. മുഖം ഉയർത്തിയതുമില്ല.. “പിന്നെ ഒരു നിമിഷം പോലും ഞാൻ തന്നെ ശല്യം ചെയ്യില്ല.. നോക്കുക പോലുമില്ല..” അപ്പോഴും അവൾ മിണ്ടിയില്ല.. “എന്തേ..? സമ്മതമാണോ എന്റെ നിശാഗന്ധിയ്ക്ക്.. ഉം..?” ചിരിയോടെയുള്ള ചോദ്യം കേട്ടതും രുദ്ര മുഖം ഉയർത്താതെ തന്നെ തിരിഞ്ഞു നടന്നു..

മൂന്ന് ചുവട് വെച്ചപ്പോഴേക്കും ആ കൈകൾ പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചിരുന്നു.. ദേഹം തളരുന്നത് പോലെ തോന്നിയെങ്കിലും രുദ്ര കുതറാൻ ശ്രെമിച്ചു.. “താൻ എന്റെ ജീവിതത്തിലേക്ക് വന്നു കയറിയതാണ്.. എന്നിലേക്ക് വന്നു ചേർന്നതെല്ലാം എനിക്ക് സ്വന്തമാണ്..സ്വന്തമായതൊന്നും.. ഒന്നും തിരികെ നൽകി ശീലമില്ല സൂര്യനാരായണന്..” കാതോരം ആ ശബ്ദം കേട്ടതും രുദ്ര കണ്ണുകൾ അടച്ചു കൊണ്ടു വീണ്ടും കുതറി.. സൂര്യൻ ആ നീണ്ടിടതൂർന്ന മുടിയിഴകളിൽ മുഖം പൂഴ്ത്തിയതും അവളൊന്ന് പിടഞ്ഞു.. മുടിയിഴകളിൽ കുരുങ്ങി കിടന്നിരുന്ന ചെമ്പകപ്പൂവിന്റെ മണമായിരുന്നു അവൾക്കും..

“ഇനി ഈ നിശാഗന്ധി വിടരുന്നത് ഈ സൂര്യന് വേണ്ടി മാത്രമായിരിക്കും.. എനിക്ക് വേണ്ടി മാത്രം..” കൈകൾ പതിയെ അയച്ചു കൊണ്ടവൻ പറഞ്ഞതും രുദ്ര കുതറിപ്പിടഞ്ഞു കൊണ്ടു പുറത്തേക്കോടി.. ഗോവണിപ്പടികൾക്ക് മുകളിലെ കൈവരിയിൽ കിതപ്പോടെ പിടിച്ചു കൊണ്ടവൾ താഴെ ഹാളിലേക്ക് പാളി നോക്കി.. “അവിടെയൊന്നും ആരുമില്ലേടോ.. താൻ പൊയ്ക്കോ..” പിറകിൽ നിന്നും സൂര്യന്റെ ശബ്ദം കേട്ടതും വെപ്രാളത്തോടെ അവൾ പടികൾ ഇറങ്ങാൻ തുടങ്ങി.. “ഒന്ന് ചേർത്ത് പിടിക്കുമ്പോഴേക്കും ഇങ്ങനെ തളർന്നാൽ സൂര്യന്റെ പ്രണയം ഈ നിശാഗന്ധിയ്ക്ക് താങ്ങാൻ പറ്റുമോടോ..?”

ധൃതിയിൽ താഴെ എത്തിയപ്പോഴും ആ പതിഞ്ഞ ചിരി അവൾക്ക് കേൾക്കാമായിരുന്നു..ഹാളിലൂടെ മുറിയിലേക്ക് നടക്കുമ്പോഴും മുകളിലെ കൈവരികളിൽ പിടിച്ചു സൂര്യൻ നോക്കി നിൽക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.. രുദ്ര ഇടനാഴിയ്ക്കപ്പുറം മറഞ്ഞപ്പോൾ സൂര്യന്റെ മിഴികൾ ചെന്നെത്തിയത് ചുവരിൽ വലുതായി ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിലാണ്.. പത്മയെ ചേർത്ത് പിടിച്ച അനന്തനും രണ്ട് പേരുടെയും ചുമലുകളിലായി മുഖം ചേർത്തു വെച്ച രണ്ട് പെൺകുട്ടികളും.. ചിരിക്കുന്ന ആ മുഖങ്ങളിൽ സൂര്യന്റെ നോട്ടം പതിഞ്ഞത് അവളിലായിരുന്നു..

തുളസിക്കതിരിന്റെ നൈർമല്യമുള്ളവൾ.. ശ്രീരുദ്ര.. “ഈ മുഖം കാണുമ്പോൾ ഞാനും തോറ്റു പോവുകയാണല്ലോ പെണ്ണേ..” സൂര്യനാരായണൻറെ മനസ്സ് മന്ത്രിച്ചു.. വാതിലടച്ചു കുറ്റിയിട്ട് അതിൽ ചാരി നിൽക്കുകയായിരുന്നു രുദ്ര.. സ്വയം ശാസിച്ചിട്ടും മതിയാവാതെ അവൾ ശക്തിയിൽ കൈ കൊണ്ടു തലയ്ക്കടിച്ചു.. “എന്താ താനിങ്ങനെ.. അയാൾ എങ്ങിനെയാണ് തന്നെ ഇങ്ങനെ നിയന്ത്രിക്കുന്നത്…?” “ഓരോ തവണ അയാൾ സ്പർശിക്കുമ്പോഴും മനസ്സ് വിലക്കുന്നുണ്ട്.. തെറ്റാണെന്ന് പറയുന്നുണ്ട്.. പക്ഷെ അനുസരിക്കാൻ കഴിയുന്നില്ല…മറ്റാരോടും തോന്നാത്ത എന്തോ ഒരു വിധേയത്വം അയാളോട് മാത്രം തോന്നുന്നു,.?”

രുദ്രയുടെ മിഴികൾ നിറഞ്ഞു കവിഞ്ഞിരുന്നു.. “ഇനി അതെല്ലാം താനും ആഗ്രഹിക്കുന്നുണ്ടെന്നാണോ..?” ഇല്ല..ഒരിക്കലുമില്ല… അങ്ങനെയൊരു പെണ്ണല്ല ഈ രുദ്ര.. അനന്തന്റെയും പത്മയുടെയും മകൾ… രുദ്ര കരഞ്ഞു തളർന്നു വാതിലിലൂടെ താഴേക്ക് ഊർന്നു… ഇല്ല.. രുദ്രയ്ക്ക് ജീവനേക്കാൾ വലുതാണ് അച്ഛനും അമ്മയും അമ്മൂട്ടിയും… ########### ############ ######### പുലരും മുൻപേ കാളിയാർമഠം ഉണർന്നിരുന്നു.. കുളിയൊക്കെ കഴിഞ്ഞു അനന്തനും പത്മയും പൂമുഖത്തെത്തുമ്പോൾ ദേവിയമ്മയും ആദിത്യനും ഭദ്രയും അവിടെ ഉണ്ടായിരുന്നു.. ഉള്ളിലെ ആശങ്ക അവരുടെ മുഖങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു.. “ഞങ്ങൾ കാവിലേക്കിറങ്ങുകയാണ്..

എന്ത് തന്നെ സംഭവിച്ചാലും നിങ്ങൾ മൂന്ന് പേരും പൂമുഖത്ത് നിന്നും പുറത്തേക്കിറങ്ങരുത്..” അനന്തൻ പറഞ്ഞു.. താലവുമായി ഇറങ്ങുന്നതിനു മുൻപേ അനന്തൻ ഭദ്രയെ ഒന്ന് നോക്കി.. ആ കണ്ണുകളിലെ പേടി കണ്ടതും അനന്തൻ കണ്ണുകളടച്ചു കാട്ടി.. “അമ്മൂട്ടിയ്ക്കറിയില്ലേ അച്ഛനെയും അമ്മയെയും അവൾക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്…?ഉം..?” ഭദ്ര ചിരിയോടെ തലയാട്ടി.. പൂജാദ്രവ്യങ്ങളടങ്ങുന്ന താലവുമായി അനന്തനും പത്മയും നാഗത്താൻകാവിന്റെ പടികൾ ഇറങ്ങുമ്പോഴേക്കും കാവിലെ മരങ്ങളിൽ കാറ്റ് രൗദ്രഭാവം പൂണ്ടിരുന്നു.. എവിടെയൊക്കെയോ മരച്ചില്ലകൾ അടർന്നു വീണു കൊണ്ടിരുന്നു.. താഴത്തെ പടികളിൽ അവരെ കാത്തെന്നോണം കുഞ്ഞ് കരിനാഗം പത്തി വിടർത്തി നിന്നിരുന്നു..

അനന്തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി പത്മയിലും എത്തിയിരുന്നു.. നാഗത്താൻകാവിലെ മണ്ണിൽ സ്പർശിക്കുന്നതിനു മുൻപായി വലത് കൈയിലെ താലം ഇടതു കൈയിലേക്ക് മാറ്റി പിടിച്ചു അനന്തൻ വലത് കൈതലം പത്മയ്ക്ക് നേരെ നീട്ടി.. പുഞ്ചിരിയോടെ അതിൽ അവളും വലത് കൈതലം ചേർത്തു.. നിമിനേരം കണ്ണുകൾ കൊരുത്തു.. പത്മയും അനന്തനും നാഗത്താൻ കാവിൽ ഇറങ്ങിയ നിമിഷം കരിനാഗത്തറയ്ക്കരികിലെ സർപ്പഗന്ധിയുടെ ശിഖരം അടർന്നു വീണു.. വീശിയടിച്ച കാറ്റിൽ ഉയർന്നു പൊങ്ങിയ കരിയിലകൾക്കൊപ്പം മണ്ണും പൊടിയും അവർക്ക് ചുറ്റും കറങ്ങി.. അനന്തന്റെ ചുണ്ടുകൾ ഉരുവിട്ട നാഗമന്ത്രം പത്മ ഏറ്റുവാങ്ങിയിരുന്നു..

“ഓം നമോ ഭഗവതേ കാമ രൂപിണേ മഹാ ബാലായ നാഗാധിപതയേ സ്വാഹാ..” കാറ്റിൽ ചുഴി പോലെ പറന്നുയർന്ന കരിയിലകളും വള്ളികളും ചേർന്നു അവർക്ക് മുൻപിൽ വലിയ നാഗരൂപത്തിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്നു.. അനന്തന്റെ ചുണ്ടുകൾ നൂറ്റിയെട്ടാം തവണയും മന്ത്രം ഉരുവിട്ടപ്പോഴേക്കും അലയൊലികൾ ശമിച്ചിരുന്നു.. അനന്തപത്മനാഭന്റെയും പത്മാദേവിയുടെയും തിരു നെറ്റിയിൽ അപ്പോൾ സ്വർണ്ണവർണ്ണമാർന്ന നാഗരൂപങ്ങൾ തെളിഞ്ഞു വന്നു.. കരിയിലകളും വാടിയ പൂക്കളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കരിനാഗത്തറ വൃത്തിയാക്കി കൽവിളക്കിൽ പത്മ എണ്ണ പകരുന്നതിനിടെ അനന്തൻ തെല്ലകലെയായുള്ള ചെറിയ ആമ്പൽക്കുളത്തിൽ നിന്നും ഓട്ടുരുളിയിൽ വെള്ളവുമെടുത്ത് വന്നിരുന്നു..

നാഗദേവതയ്ക്ക് പ്രിയപ്പെട്ട സുഗന്ധമേറിയ വെളുത്ത പൂക്കളായ മുല്ലപ്പൂക്കളെ കൂടാതെ തെറ്റിയും തുളസിയുമൊക്കെ താലത്തിൽ നിറഞ്ഞിരുന്നു.. പത്മ തിരി തെളിയിക്കുമ്പോഴും മന്ത്രമുഖരിതമായിരിന്നു അവിടം.. വർഷങ്ങൾക്കിപ്പുറം വീണ്ടും കാളിയാർമഠത്തിലെ നാഗത്താൻ കാവിൽ മഞ്ഞൾ പ്രസാദത്തിന്റേയും കർപ്പൂരത്തിന്റെയും സുഗന്ധം പരന്നു. നാഗത്താൻകാവിന്റെ ഉള്ളിലെ മൺപുറ്റുകൾക്കുള്ളിൽ നിന്നും നാഗങ്ങൾ പുറത്തിറങ്ങി തുടങ്ങിയിരുന്നു.. കാവിന്റെ അതിരിലെ ഏഴിലം പാല ആടിയുലഞ്ഞു കൊണ്ടിരുന്നു.. പാലച്ചുവട്ടിലെ വലിയ കറുത്ത നാഗം പക അടക്കാനാവാതെ ചീറ്റികൊണ്ടിരുന്നു..

അരുതുകൾ ഉണ്ടായിരുന്നിട്ടും ഉടലിൽ പലയിടത്തും ചോര പൊടിഞ്ഞു തുടങ്ങിയിട്ടും അത് നാഗത്താൻകാവിനുള്ളിലേക്ക് ഇഴഞ്ഞു നീങ്ങി.. തെല്ലകലെ വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന നീലിമലക്കാവിലെ കോവിലിൻറെ വാതിലിലെ മണികൾ അപ്പോഴും ഇളകുന്നുണ്ടായിരുന്നു.. കോവിലിനുള്ളിൽ പൊടിയും മാറാലയും പിടിച്ചു കിടന്നിരുന്ന മഹാകാളിശീലയിൽ ചുറ്റിക്കിടന്നിരുന്ന വെള്ളിനാഗം പതിയെ ശിരസ്സുയർത്തി.. പിന്നെ മെല്ലെ പത്തിവിരിച്ചാടി തുടങ്ങി..

മഞ്ഞൾ പൊടി വീണു കിടന്നിരുന്ന കരിനാഗത്തറയിൽ നൂറും പാലും നേദിച്ച് അനന്തൻ കർമ്മങ്ങൾ പൂർത്തിയാക്കി.. അവസാന വട്ടം ഒരിക്കൽ കൂടെ കണ്ണുകൾ അടച്ചവർ കൈകൾ കൂപ്പിയപ്പോൾ നാഗദേവതയുടെ ശിലയ്ക്ക് മുകളിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷമായിരുന്നു.. ആദിശേഷന്റെ അനുഗ്രഹം സിദ്ധിച്ചവർക്ക് മുൻപിൽ അപ്പോൾ പ്രത്യക്ഷനായത് മഹാപദ്മനായിരുന്നു.. ശ്വേതവർണ്ണമാർന്ന തിളങ്ങുന്ന ഉടലും വിടർന്നാടിയ ഫണങ്ങളിൽ ത്രിശൂലചിഹ്നവും നിമിഷനേരം പത്മയ്ക്കും അനന്തനും കണ്ടിരുന്നു..

അവരുടെ ചുണ്ടുകളിൽ നിന്നും നാഗരാജമന്ത്രങ്ങൾ അപ്പോഴും ഉതിർന്നു വീണു കൊണ്ടിരുന്നു.. തിരികെ നടക്കുമ്പോൾ പടികൾക്ക് മുൻപിൽ എത്തുന്നതിന് മുൻപേ ആ വലിയ കറുത്ത നാഗം അനന്തനും പത്മയ്ക്കും മുൻപിൽ എത്തിയിരുന്നു.. ആ കണ്ണുകളിൽ പക കത്തിയെരിഞ്ഞു കൊണ്ടിരുന്നു…… (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 21

Share this story