ഋതുസംക്രമം : ഭാഗം 10

ഋതുസംക്രമം : ഭാഗം 10

എഴുത്തുകാരി: അമൃത അജയൻ

മുഖത്തുണ്ടായ ഭാവമാറ്റം സമർത്ഥമായി മറച്ച് ചുണ്ടിൻ്റെ കോൺ ഉയർത്തി ചിരി വരുത്തി .. അഞ്ജന വാതിൽക്കൽ നിന്ന് മാറിയപ്പോൾ , മൈത്രിയും അഥിതിയെ കണ്ടു . . അവളുടെ കണ്ണ് വിടർന്നു .. ചുണ്ടുകളിൽ നറു ചിരി തെളിഞ്ഞു .. ഗോതമ്പിൻ്റെ നിറവും സാമാന്യം ഉയരവും തീരെ മെലിഞ്ഞതുമല്ലാത്ത എന്നാൽ ഒതുങ്ങിയ ശരീര പ്രകൃതിയുള്ള പ്രൗഡയായൊരു സ്ത്രീ അകത്തേക്ക് കടന്നു വന്നു . നീണ്ട് വിടർന്ന മിഴികളിൽ തീക്ഷ്ണമായൊരു ഭാവം .. മുഖം സൂര്യപ്രഭ പോലെ തിളങ്ങി .. നിതംബം വരെയുള്ള നീണ്ട ഇടതൂർന്ന കോലൻ മുടി അഴിച്ചിട്ടിരിക്കുന്നു .. നെറ്റിയിലൊരു പൊട്ടും ചന്ദനക്കുറിയും .. ഇടം കൈ നഗ്നമായി കിടന്നു .

വലം കൈയിൽ കല്ലുകൾ പതിച്ച ഒറ്റവള തിളങ്ങി . . ” പപ്പിയാൻ്റി ……..” മൈത്രി ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു .. കൈയിലിരുന്ന തുകൽ ബാഗ് തറയിലേക്ക് വച്ച് അവർ മൈത്രിയെ അണച്ചു പിടിച്ച് മൂർധാവിൽ മുകർന്നു . . ആ വലിയ കൺകോണുകളിൽ നനവ് പടർന്നിരുന്നു . അഞ്ജനയ്ക്ക് മൈത്രി ചെയ്തത് ഒട്ടും ദഹിച്ചില്ല . . എങ്കിലും ഒന്നും പറയാതെ അവൾക്കത് കണ്ടു നിൽക്കേണ്ടി വന്നു .. അഞ്ജന അവർക്കു പിന്നിൽ ചെന്ന് നിന്ന് മുരടനക്കി .. പപ്പി സാവധാനം മൈത്രിയെ നെഞ്ചിൽ നിന്നടർത്തി , അവളുടെ കവിളത്ത് ചുംബിച്ച് ചേർത്തു പിടിച്ചു കൊണ്ട് അഞ്ജനയുടെ നേർക്ക് തിരിഞ്ഞു .. ” വിളിച്ചു പറഞ്ഞിരുന്നെങ്കിൽ കാറയയ്ക്കുമായിരുന്നല്ലോ .. ”

” എൻ്റെ വീട്ടിലേക്കുള്ള വഴി ഞാൻ മറക്കില്ലഞ്ജന.. ” അഞ്ജനയുടെ മുഖം വിളറി .. പത്മജയുടെ വാക്കുകളിലെവിടെയോ ഒരു മുനയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു .. ” പോയിരുന്ന് പഠിക്ക് .. ” പത്മജയോട് ചേർന്ന് നിൽക്കുന്ന മൈത്രിയുടെ നേർക്കായി അഞ്ജനയുടെ നോട്ടം .. അവൾ പപ്പിയെ നോക്കി .. അനുവാദം ചോതിക്കുന്നത് പോലെ പപ്പിയുടെ നേർക്കുള്ള ആ നോട്ടം അഞ്ജനയ്ക്ക് ഒട്ടുമിഷ്ടമായില്ല .. തൻ്റെ മകളിൽ മറ്റൊരുവൾ അധികാരമെടുക്കുന്നത് അഞ്ജനയ്ക്ക് അംഗീകരിക്കാനാവില്ല .. അവളുടെ കാര്യത്തിൽ ആദ്യത്തെയും അവസാനത്തേയും വാക്ക് തൻ്റേതായിരിക്കണമെന്ന് അഞ്ജനയ്ക്ക് വാശിയായിരുന്നു . എന്നിട്ടും ഒരിക്കൽ അത് തെറ്റിപ്പോയി ..

അവളുടെ കോളേജ് അഡ്മിഷൻ്റെ കാര്യത്തിൽ . പക്ഷെ ഇനിയൊന്നിലും ആർക്കും അവളിൽ അധികാരം സ്ഥാപിക്കാൻ താനനുവദിക്കില്ല .. ” കയറിപ്പോടി … പോയി പരീക്ഷയ്ക്ക് പഠിക്ക് ..” അഞ്ജനയുടെ കണ്ണുകൾ തുറിച്ചു , ഒച്ചയുയർന്നു .. പൊയ്ക്കോളാൻ കണ്ണുകൊണ്ട് പപ്പി അനുവാദം നൽകി .. മൈത്രി അവർക്കിടയിൽ നിന്ന് പിൻവാങ്ങി . . എങ്കിലും അവൾ സന്തോഷവതിയായിരുന്നു . പപ്പിയാൻറി വന്നിരിക്കുന്നു .. പപ്പിയുടെയും അഞ്ജനയുടേയും കണ്ണുകൾ കോർത്തു .. പപ്പിയുടെ നോട്ടത്തിലും ഭാവത്തിലും പഴയതിലും ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു എന്ന് അതിനോടകം തന്നെ അഞ്ജന മനസിലാക്കി . വാക്കുകളിൽ എന്തോ ഒരു നിഗൂഢതയൊളിഞ്ഞിരിക്കുന്നു .

ചിലപ്പോഴൊക്കെ അഞ്ജനയ്ക്കവളുടെ നോട്ടം നേരിടാനാകാതെ വരുന്നു .. ” ബിസിനസ് ഒക്കെ എങ്ങനെ നടക്കുന്നു മിസ് .. സോറി മിസിസ് അഞ്ജനാ ദേവി ..?” ഇടം കണ്ണുയർത്തി അഞ്ജന അവളെയൊന്ന് നോക്കി .. വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പരിഹാസമല്ലേ .. ” നന്നായി പോകുന്നു .. ” അവൾ താത്പര്യമില്ലാതെ പറഞ്ഞു . . ” പുതിയതായി തുടങ്ങിയ പ്രോജക്ടുകളുടെ ലാഭമെങ്ങനെ ..?” അഞ്ജനയ്ക്ക് ആ ചോദ്യം ചെയ്യൽ പിടിച്ചില്ല . ” പപ്പിയോട് കണക്ക് ബോധിപ്പിക്കേണ്ട ബിസിനസുകളൊന്നും പത്മ ഗ്രൂപ്പ്സിലില്ല .. ” കൊള്ളിച്ചു പറഞ്ഞു കൊണ്ട് അവൾ പത്മജയുടെ മുഖത്തേക്ക് ദൃഷ്ടിയൂന്നി .. അവിടെ പക്ഷെ അവൾ പ്രതീക്ഷിച്ചിരുന്ന പോലെ വിളറിയ മുഖമായിരുന്നില്ല കണ്ടത് ..

എന്തൊക്കെയോ ഒളിപ്പിച്ചു വച്ച ഒരു ഗൂഢസ്മിതം .. അഞ്ജനയ്ക്ക് വല്ലായ്മ തോന്നി .. സംതിങ് റോങ്ങ് സംവെയർ .. അവളുടെ തലച്ചോർ അപായ സൂചന നൽകി . . അഞ്ജനയെ നോക്കി മനോഹരമായി ചിരിച്ചിട്ട് പപ്പി തൻ്റെ തുകൽ ബാഗ് കൈയിലെടുത്ത് പടവുകൾ കയറി മുകളിലേക്ക് പോയി .. അഞ്ജന അവളെ തുറിച്ചു നോക്കി നിന്നു .. ഒരോ വരവിലും പപ്പിയിൽ വന്നു ചേരുന്ന മാറ്റങ്ങൾ അവളിൽ സംശയങ്ങൾ ജനിപ്പിച്ചു .. ബിസിനസ് കാര്യങ്ങൾ ചോതിക്കുന്നത് പതിവില്ലാത്തതാണ് .. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരം ചോദ്യങ്ങൾ .. പപ്പിയിലൊരു ശ്രദ്ധ വേണമെന്ന് ഉള്ളിലിരുന്നാരോ പറഞ്ഞു .. അവൾ സോഫയിൽ നിന്ന് റിമോട്ടെടുത്ത് ടിവി ഓഫ് ചെയ്തു .. റൂമിലേക്ക് കയറിപ്പോയപ്പോഴേക്കും കതക് ശക്തിയായി വന്നടഞ്ഞു .. അപ്പോൾ തന്നെ അഞ്ജനയുടെ ഫോണിൽ നിന്നൊരു കോൾ ആർക്കോ പോയി .. * * * * * * * * * * * * * * * * * * * * * * *

പത്മജ ..പത്മതീർത്ഥത്തിൽ ഉണ്ണി രവിയുടെയും പത്മിനിയുടെയും സീമന്ത പുത്രി .. പത്മരാജൻ്റെ ഒരേയൊരു ചേച്ചി .. ” പപ്പൂട്ടാ …” പത്മരാജൻ്റെ ബെഡിനരികിൽ മുട്ട് കുത്തിയിരുന്ന് അയാളുടെ കൈ പിടിച്ചു , മറുകൈ വളർന്നു കിടക്കുന്ന മുടിയിലും നെറ്റിയിലും തലോടിക്കൊണ്ട് പപ്പി കണ്ണു നിറച്ചു .. നീണ്ട ആറു വർഷങ്ങൾ .. അവനീ കിടപ്പ് തുടങ്ങിയിട്ട് അത്രയുമായിരിക്കുന്നു .. ഒരു കാലത്ത് തൻ്റെ കൈ പിടിച്ച് പിച്ച നടന്നവൻ.. അമ്മയെക്കാട്ടിലും അവനെല്ലാം പപ്പിയോപ്പുവായിരുന്നു .. അവനെ കുളിപ്പിച്ചതും ഭക്ഷണം കഴിപ്പിച്ചതും സ്കൂളിൽ കൊണ്ടുപോയിരുന്നതും ഒപ്പം കിടത്തി ഉറക്കിയിരുന്നതും എല്ലാം പപ്പിയായിരുന്നു .. കൗമാരത്തിലെ അവൻ്റെ ആദ്യാനുരാഗം തുറന്നു പറഞ്ഞതും അനുവാദം വാങ്ങിയതും അവളോടായിരുന്നു ..

എല്ലാമൊരു സ്വപ്നം പോലെ പടിയിറങ്ങിപ്പോയി .. പലർക്കും പലതും നഷ്ടപ്പെട്ടു .. പത്മരാജൻ്റെ ദൈന്യതയാർന്ന മിഴികളിൽ നനവൂറുന്നത് പപ്പി കണ്ടു .. കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിക്കുമ്പോൾ അവളും വിതുമ്പിപ്പോയി .. കണ്ണിൽ നിന്നൊരു തുള്ളി അയാളുടെ നെറുകിൽ വീണു പൊള്ളി .. പത്മരാജൻ്റെ ഹൃദയം കരയുകയായിരുന്നു .. ഒരു വാക്കെങ്കിലും ഓപ്പയോട് മിണ്ടാൻ കഴിഞ്ഞെങ്കിൽ .. തൻ്റെ മകളെ ഈ നരകത്തിൽ നിന്ന് കൊണ്ടു പോകണമെന്ന് പറയാനെങ്കിലും തൻ്റെ നാവുയർന്നെങ്കിലെന്ന് അയാളാഗ്രഹിച്ചു . . പപ്പിയെഴുന്നേറ്റപ്പോൾ മൈത്രിയും അങ്ങോട്ടെത്തിയിരുന്നു . അവർ വേഗം കണ്ണു തുടച്ചു .. ” ആൻറി ഒത്തിരി നാളായില്ലേ വന്നിട്ട് .. മന്ത്ലി വരാന്നല്ലേ എട്ട് മാസം മുൻപ്‌ ഇവിടുന്നു പോയപ്പോ പറഞ്ഞെ ..

ഞാനെത്ര കാത്തിരുന്നു … ” പരിഭവകെട്ടഴിച്ചു കൊണ്ട് അവൾ വന്ന് പത്മജയെ കെട്ടിപ്പിടിച്ചു .. അച്ഛൻ കഴിഞ്ഞാൽ അവൾക്ക് കിട്ടുന്ന ഒരേയൊരാശ്രയം .. സങ്കടങ്ങൾ പറഞ്ഞ് കരയാനൊരു മാറിടം . . അമ്മ നൽകാത്തതെല്ലാം ആവോളമവിടെയുണ്ട് .. ഒരു പിഞ്ചു കുഞ്ഞിനെപ്പോലെയവൾ പപ്പിയെ ചുറ്റിപ്പിടിച്ചു .. മുലപ്പാൽ കിനിയേണ്ടിടത്ത് അവളുടെ കണ്ണീർ നനയുന്നത് പപ്പിയറിഞ്ഞു .. “എന്താടാ … എന്തിനാ ൻ്റെ കുട്ടി കരയണേ .. ” ” എനിക്കൊത്തിരി പറയാനുണ്ട് .. ” വിതുമ്പിക്കൊണ്ട് അവൾ മൊഴിഞ്ഞു .. ” പറയാല്ലോ .. ൻ്റെ കുട്ടിക്ക് പറയാനുള്ളതൊക്കെ ആൻറി കേൾക്കാട്ടോ … വാ …” പപ്പി അവളെയും കൂട്ടി മൈത്രിയുടെ മുറിയിലേക്ക് പോയി ..

അവൾ വന്നാൽ മൈത്രിയ്ക്കൊപ്പം തന്നെയാണ് കിടപ്പ് .. സ്വന്തം മുറിയുണ്ടെങ്കിലും അവിടെ കിടക്കാൻ മൈത്രി സമ്മതിക്കില്ല .. അവളില്ലാത്തപ്പോൾ ആ മുറിയിൽ പോയിരിക്കും സാധനങ്ങളിൽ വിരലോടിക്കും ഓർമകളിൽ മുഴുകും .. അതാണ് പതിവ് .. ബാഗ് മൈത്രിയുടെ തടിയലമാരയ്ക്കുള്ളിൽ വച്ചിട്ട് മേശയ്ക്കടുത്ത് വന്ന് തുറന്നു വച്ചിരുന്ന പുസ്തങ്ങളെടുത്തു നോക്കി .. ” പരീക്ഷയാണെന്ന് കേട്ടൂലോ.. എന്നാ ..?” ” മൺഡേ … സപ്ലിയാ ..” സപ്ലിയെന്ന് കേട്ടപ്പോൾ പപ്പി മുഖം വീർപ്പിച്ചു നോക്കി .. ” നന്നായി പഠിച്ചോളാന്ന് എനിക്ക് വാക്കു തന്നതൊക്കെ മറന്നൂല്ല്യേ… ” ” മനപ്പൂർവ്വല്ല പപ്പിയാൻറി … ഒക്കെ ഞാൻ പറയാ …” പപ്പിയ്ക്ക് വല്ലായ്മ തോന്നി .. പഴയതിനെക്കാൾ ഊർജ്ജം നഷ്ടപ്പെട്ടു പോയിരിക്കുന്നു ..

വാക്കുകളിൽ പോലും തളർച്ച ബാധിച്ചതു പോലെ .. ഇതിനോടകം എത്ര വട്ടം ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .. എന്തെല്ലാമൊക്കെയോ അവളെ അലട്ടുന്നുണ്ട് .. വിഷാദം അവളുടെ കണ്ണുകളിൽ തളം കെട്ടിക്കിടക്കുന്നു .. ഏത് നിമിഷവും പിടി വിട്ട് പോകാവുന്ന പട്ടം പോലെയാണ് ഇപ്പോഴവളെന്ന് തോന്നി … ” മുത്ത് കുറച്ചൂടി പഠിക്ക് ട്ടോ .. അപ്പോഴേക്കും ആൻ്റിയൊന്നു കുളിച്ചിട്ട് വരാം .. ആകെ മുഷിഞ്ഞിരിക്കാ … ട്രെയിനിലാണേൽ നേരാം വണ്ണമൊന്ന് കിടക്കാനും കഴിഞ്ഞില്ല .. ” ” ആൻറി മുംബൈയിൽ നിന്നാണോ വരുന്നേ … ” ” അല്ല .. . രണ്ട് മാസമായി കൽക്കത്തയിലായിരുന്നു .. ” അവളുടെ കവിളിൽ തഴുകിയിട്ട് , കുളിച്ചുമാറാനുള്ള വസ്ത്രവുമെടുത്ത് അവൾ ബാത്ത്റൂമിലേക്ക് കയറിപ്പോയി …

മൈത്രി പുസ്തകത്തിനു മുന്നിലിരുന്നു .. ” മോളെ … ” വാതിൽക്കൽ ആരോ വിളിച്ചു .. സുമിത്രയാണ് .. ” എന്താ സുമിത്രേച്ചി .. ” ” മാഡത്തിന് കഴിക്കാനെന്താ വേണ്ടേന്ന് ചോതിക്കാനാ …” മൈത്രി എഴുന്നേറ്റ് പോയി ബാത്ത്റൂമിൻ്റെ ഡോറിൽ തട്ടി വിളിച്ചു .. ” പപ്പിയാൻ്റിക്ക് കഴിക്കാനെന്താ വേണ്ടേ …? സുമിത്രേച്ചി ഇവിടെ നിക്കുവാ .. ” ” ഒരു പഴം തന്നേക്കാൻ പറയൂ …” ” സുമിത്രേച്ചി ആൻ്റിക്കൊരു പഴം മതീന്ന് .. ” അവൾ തലയാട്ടിയിട്ട് തിരിച്ചു പോയി .. നാലഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ഏത്തപ്പഴവും ഒരു ഗ്ലാസിൽ പാലും കൊണ്ട് വച്ചിട്ട് സുമിത്ര പോയി .. പാല് മൈത്രിക്കുള്ളതാണ് .. അവളതെടുത്ത് കുടിച്ചു.. ഒരു നൈറ്റി ധരിച്ച് മുടിയിൽ ടവൽ കെട്ടിവച്ചു കൊണ്ട് പപ്പി ബാത്ത് റൂമിൽ നിന്നിറങ്ങി വന്നു ..

ഫാൻ സ്പീഡ് കൂട്ടിയിട്ടിട്ട് ടവലഴിച്ച് ഫാനിന് കീഴെ നിന്നു .. പപ്പിയാൻ്റിയെ കാണാൻ എന്ത് സുന്ദരിയാണെന്ന് മൈത്രി മനസിലോർത്തു .. ” ഇന്നിനി പഠിച്ചത് മതി .. ബാക്കി നമുക്ക് നാളെ പഠിക്കാം .. ” പഴമെടുത്ത് കഴിച്ചിട്ട് പപ്പി തന്നെ വന്ന് അവളുടെ പുസ്തകമടച്ചു വച്ചു .. ബെഡിൽ പപ്പിയെ പറ്റിച്ചേർന്ന് കിടന്നു ,കഴിഞ്ഞ സംഭവങ്ങളോരോന്നായി പറയാൻ തുടങ്ങി .. ഏഴു മാസത്തെ കാര്യങ്ങളുണ്ട് അവൾക്ക് പറയാൻ .. കൂടുതലും അമ്മ തല്ലിയ കാര്യങ്ങളാണ് .. കൂട്ടത്തിൽ ജിതിനും , പഴയിടത്ത് പോയി തോട്ടിൽ വീണതും തുടങ്ങി പറയാനൊരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു .. പപ്പി ഒരു കൈ കൊണ്ട് തല താങ്ങി മറുകൈ കൊണ്ട് അവളെ ചേർത്തണച്ചു കിടന്നു ..

അവൾ കരയുമ്പോൾ കണ്ണീർ തുടച്ചാശ്വസിപ്പിച്ചു … പെട്ടന്നാരോ മുറി തള്ളിത്തുറന്ന് അകത്തേക്ക് കയറി വന്നു .. അഞ്ജന ….! ക്രൂരമായ മുഖഭാവത്തോടെ അവൾ മൈത്രിയെ നോക്കി .. ” ഓഹോ … ബുക്കുമടച്ച് വച്ച് കയറിക്കിടന്നോ .. പത്ത് മണി പോലുമായിട്ടില്ല .. എഴുന്നേൽക്കടി….” അവൾ ഗർജിച്ചു … മൈത്രി പേടിച്ചെഴുന്നേറ്റു .. ഒപ്പം പപ്പിയും .. ” ബുക്സും എടുത്തു കൊണ്ട് വാ .. ഇന്ന് മുതൽ നീ എൻ്റെ കൂടെ കിടന്നാൽ മതി … ” മൈത്രിയ്ക്ക് കരച്ചിൽ വന്നു .. കുറേ നാളുകളായി ആകെയൊരു ഇരുട്ടായിരുന്നു .. മനസിനെ വ്യാപിച്ച ഇരുൾ കാഴ്ചകളെയും മൂടിയിരുന്നു .. തൊണ്ടക്കുഴിയിൽ സതാ സമയവും എന്തോ ഒന്ന് വന്ന് തടഞ്ഞു നിന്നു .. ഇന്ന് ഇത്തിരി മുൻപാണ് അതിനെല്ലാം ഒരയവ് കിട്ടിയത് … നാളുകൾ കൂടി കിട്ടിയ ഇത്തിരിയാശ്വാസവും അമ്മ തട്ടിപ്പറിക്കുകയാണ് .. അവൾക്ക് അലറിക്കരയാൻ തോന്നി ..

ഇന്നൊരു രാത്രി ഞാൻ ആൻ്റിക്കൊപ്പം കിടന്നോട്ടേമ്മേ .. ഇല്ലേ ഞാൻ മരിച്ചു പോകുമെന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക് .. ” നോക്കി നിൽക്കാതെ വാടി കൂടെ … ” കലി തുള്ളി നിൽപ്പാണ് അഞ്ജന . പപ്പി എഴുന്നേറ്റ് മൈത്രിയുടെയരികിൽ വന്ന് നിന്നു .. ” അഞ്ജനാ .. ഇന്നവൾ എൻ്റെയടുത്ത് നിന്നോട്ടെ … ” മൈത്രി പ്രതീക്ഷയോടെ അമ്മയെ നോക്കി .. പപ്പിയെ ഗൗനിക്കാതെ മൈത്രിയിൽ മാത്രമായിരുന്നു അഞ്ജനയുടെ ശ്രദ്ധ .. ” നിന്നോടാ പറഞ്ഞെ വരാൻ … ” ” അമ്മേ … ഇന്നൊരൂ……സം …..” അവൾ വിക്കി വിക്കി പറഞ്ഞു .. ” എന്താടീ …… എന്താ നീ പറഞ്ഞേ … ” അഞ്ജന അവളുടെ നേർക്ക് പാഞ്ഞുചെന്നു .. അവൾ ഭയന്നു വിറച്ചു .. ” ഒന്നൂല്ല ……. ഒന്നൂല്ലമ്മേ …” ” കൂടെ വരുന്നോ അതോ ……” ” വ….. രാം ” വിങ്ങിക്കരഞ്ഞുകൊണ്ട് അവൾ പോയി ബുക്സ് എടുത്തു കൊണ്ട് വന്നു ..

പപ്പിയെ ദയനീയമായി നോക്കി . . അവളും നിസഹായയായിരുന്നു .. ” പൊക്കോ .താഴേക്ക് ..” മൈത്രിക്ക് മുറി വിട്ടിറങ്ങേണ്ടി വന്നു .. അഞ്ജന വിജയ സ്മിതത്തോടെ പപ്പിയെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു .. വാതിൽക്കൽ വന്നിട്ട് അകത്തേക്ക് ഒന്നുകൂടി നോക്കി .. ” ആട്ടവും പാട്ടും നാടകവും തെരുവ് പേക്കൂത്തുകളുമില്ലാതെ ഉറക്കം വരാഞ്ഞിട്ടോ അതോ കുടുംബത്തിലെ രഹസ്യം ചോർത്താനോ കൊച്ചിനെ കൊണ്ട് കഥ പറയിക്കുന്നത് ….” പപ്പി അടിയേറ്റത് പോലെ ചൂളിപ്പോയി .. അഞ്ജനയപ്പോഴേക്കും മൈത്രിയേം കൂട്ടി മുറി വിട്ടിറങ്ങിപ്പോയിരുന്നു .. റൂമിൽ വന്ന് അഞ്ജന തൻ്റെ ടേബിൾ ചൂണ്ടി കാണിച്ചു കൊടുത്തു .. ” അവിടിരുന്ന് പഠിക്ക് .. ” മൈത്രി അവിടെ ചെന്നിരുന്നു .. അഞ്ജന ലാപ്ടോപ്പുമെടുത്ത് ബെഡിലേക്ക് കയറിയിരുന്നു … മൈത്രി ശബ്ദമില്ലാതെ വിങ്ങിക്കരഞ്ഞു .. വീണ്ടും വീണ്ടും താൻ തനിച്ചാകുന്നു .. തൊട്ടരികിൽ പെറ്റമ്മയുണ്ടായിരുന്നിട്ട് പോലും അവൾ അനാഥയായി തീരുന്നു …( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 9

Share this story