സഹനായകന്റെ പ്രണയം💘 : ഭാഗം 10

സഹനായകന്റെ പ്രണയം💘 : ഭാഗം 10

എഴുത്തുകാരി: ആഷ ബിനിൽ

“ഒരിക്കലും ഞങ്ങൾക്ക് സമാധാനം തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണോ അക്കി നീയ്? ഈ ഇരുപത്തിനാല് വയസിനടക്ക് എത്ര പെണ്കുട്ടികളുടെ പേര് നിന്റേതിനോട് ചേർത്ത് കേട്ടിട്ടുണ്ട്..? അന്നൊക്കെ നീ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കോളേജല്ലേ, കുട്ടികൾ അല്ലെ എന്നൊക്കെ വിചാരിച്ചു ഞാനും ക്ഷമിച്ചുകളഞ്ഞു. പക്ഷെ ഇത് അങ്ങനെ അല്ല. നീ ആ കുട്ടിയെ ഉപദ്രവിച്ചു എന്ന് വ്യക്തമാണ്.” അക്കി വീട്ടിൽ കയറി വന്നപാടെ മഹാദേവൻ ചോദ്യം ചെയ്യൽ തുടങ്ങി. അതിയായ ദേഷ്യം വന്നെങ്കിലും അവൻ അത് കടിച്ചുപിടിച്ചു നിന്നു: “അച്ഛാ ഞാൻ അവളെ ഉപദ്രവിക്കാൻ ചെയ്തതല്ല.

അവളെ ശല്യം ചെയ്തവനെ ഒന്നു പൊട്ടിച്ചു. അത്രേയുള്ളൂ. അവളാണ് ഇടക്ക് കയറിവന്നു പ്രശ്നം ഉണ്ടാക്കിയത്.” “അവളെ ശല്യം ചെയ്യുന്നവരെ ഒതുക്കാൻ നീ ആരാ അവളുടെ ബോഡിഗാർഡ് ആണോ?” “അത്.. എനിക്കവളെ ഇഷ്ടമാണ് അച്ഛാ.” അതു കേട്ട് മഹാദേവൻ മാത്രമല്ല, അക്കിയുടെ അമ്മയും അച്ഛമ്മയും നന്ദുവും വരെ ഞെട്ടി. അത്തരം ഒരു തുറന്ന് പറച്ചിൽ അവനിൽ നിന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. “അക്കി, ഇങ്ങനൊരു വീഡിയോ നാട് നീളെ പ്രചരിക്കണം എന്നുണ്ടെങ്കിൽ അത് നിന്റെ കൈകൊണ്ട് ആകും എന്നെനിക്ക് നല്ല ഉറപ്പുണ്ട്. എന്നിട്ട് അവളെ ഇഷ്ടമാണ് പോലും. പറയ്. എന്താ നിന്റെ ഉദ്ദേശ്യം?”

അച്ഛൻ അത് കണ്ടുപിടിക്കും എന്നവൻ തീരെ വിചാരിച്ചതല്ല. ഒരു നിമിഷം അവൻ പതറിപ്പോയി. പിന്നെ ധൈര്യം സംഭരിച്ചു: “വീഡിയോ വരണം എന്ന ഉദ്ദേശത്തിൽ ചെയ്തതല്ല. പക്ഷെ അത് കണ്ടു കഴിഞ്ഞപ്പോൾ അത് പ്രചരിച്ചാൽ അവളെ എനിക്ക് തന്നെ കിട്ടും എന്ന് ഉറപ്പ് തോന്നി. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്” കുറ്റവാളിയെപ്പോലെ തല താഴ്ത്തി ആയിരുന്നു അക്കിയുടെ ഉത്തരം. അതിന് മറുപടിയായി അവന്റെ ചെവിയടക്കം ഒന്ന് പൊട്ടിച്ചു മഹാദേവൻ. “മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ തീരുമാനിച്ച് ഇറങ്ങിയതാണല്ലേ നീ..” അക്കിയുടെ അമ്മ ഗൗരിയുടെ ശബ്ദവും ഉയർന്നു: “നീ ഈ ചെയ്തതിന് പകരം ആ കുട്ടിയുടെ ആങ്ങള ഇവിടെ വന്ന് നന്ദുവിനോട് ഇത് ചെയ്താലോ..?” “അമ്മേ…..” ഒരു അലർച്ചയായിരുന്നു അക്കി.

“എന്തേ. നിനക്ക് നോന്തോ? കണ്ട പെണ്കുട്ടികളോട് അനാവശ്യം കാണിക്കുമ്പോൾ പ്രായമായ ഒരു പെണ്ണ് ഇവിടെയും ഉണ്ടെന്ന് നീ ഓർക്കണമായിരുന്നു.” അച്ഛന്റെ മുൻപിൽ അമ്മ അധികം സംസാരിക്കാറില്ല. ഇത്തവണ അവരും ദേഷ്യത്തിൽ ആണെന്ന് മനസിലാക്കിയ അക്കി കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ മുറിയിൽ കയറി കതക് വലിച്ചടച്ചു. “ഏട്ടന് ഇങ്ങനെ ഓരോന്ന് കാട്ടി കൂട്ടിയാൽ മതി.. ഞാൻ കോളേജിലേക്ക് ഇനി എങ്ങനെ പോകും അച്ഛാ..” നന്ദ അച്ഛന്റെ മുന്നിൽ നിന്നു പൊട്ടിക്കരഞ്ഞു. മകനെ വളർത്തുന്നതിൽ പരാജയപ്പെട്ട, മകളെ ചേർത്തുനിർത്താൻ കഴിയാത്ത അച്ഛനാണ് താനെന്ന തിരിച്ചറിവിൽ, പണവും പ്രതാപവും ഒന്നിനും പരിഹാരം അല്ലെന്ന് മഹാദേവനും തിരിച്ചറിഞ്ഞു.

പിറ്റേന്ന് ചന്ദ്രൻ ലീവെടുത്തു. ആളുകളുടെ ചോദ്യങ്ങൾക്കും ഫോൺ വിളികൾക്കും മറുപടി പറഞ്ഞു മൂന്നാളും വയ്യാതായി. എങ്കിലും അമ്പുവിനെ തത്കാലം ഒന്നും അറിയിക്കേണ്ട എന്നവർ തീരുമാനിച്ചു. എട്ടരയോട് കൂടിയാണ് അമ്പു അന്ന് എഴുന്നേറ്റത്. മുഖം കഴുകി ഭക്ഷണം കഴിക്കാൻ വന്നിരുന്നു. അവളുടെ അവസ്ഥ മനസിലാക്കി ലതികയോട് അവളെ ഒന്നും ചോദിച്ചോ പറഞ്ഞോ ബുദ്ധിമുട്ടിക്കരുത് എന്ന് അപ്പു ചട്ടംകെട്ടിയിരുന്നു. കഴിച്ചെഴുന്നേൽക്കാൻ പോകുന്നതിന് മുൻപ് തന്നെ പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ചന്ദ്രൻ ഉമ്മറത്തേക്കു ഇറങ്ങിവന്നു.

കോടികൾ വിലമതിക്കുന്ന ആഡംബര വാഹനമാണ് തന്റെ വീട്ടുമുറ്റത്ത് കിടക്കുന്നത് എന്ന് അയാൾക്ക് മനസിലായില്ല. അതിൽ നിന്നിറങ്ങി വന്ന ആഢ്യത്വം തുളുമ്പുന്ന മനുഷ്യനെയും അയാളുടെ ഭാര്യ എന്ന് തോന്നിക്കുന്ന സ്ത്രീയെയും മുൻപരിചയം തോന്നിയുമില്ല. “നമസ്കാരം. ഞങ്ങൾക്ക് അകത്തേക്ക് വരാമോ?” “ഓ.. വരൂ..” അയാൾ പ്രസന്നതയോടെ അവരെ സ്വാഗതം ചെയ്തു. അവരെ സിറ്റ് ഔട്ടിൽ ഇരുത്തി സംസാരിക്കാൻ ആയിരുന്നു ഉദ്ദേശം. പക്ഷെ ആഗതർ ഒരു പടികൂടി കടന്ന് സ്വീകരണമുറിയിലേക്കാണ് പോയത്. ചന്ദ്രന് അരികിലായി അപ്പുവും വന്ന് ഇരുന്നു. ഗൗരി വീട് ആകമാനം ഒന്ന് നോക്കി.

“നല്ല ഭംഗിയുള്ള വീട്. അല്ലെ ദേവേട്ടാ” “ഞാനും അത് തന്നെ വിചാരിക്കുകയായിരുന്നു.” അയാൾ പറഞ്ഞു. താൻ കെട്ടിപ്പൊക്കിയ മൂന്ന് നിലകളിൽ ആയി പന്ത്രണ്ട് മുറികളുള്ള അത്യാഢംബര സൗധത്തിന് ഇല്ലാത്ത ശാന്തതയും സമാധാനവും ഈ വീട്ടിലുണ്ട്. ലതിക അവർക്ക് കുടിക്കാൻ ചായ കൊണ്ടുവന്ന് കൊടുത്തു. അവരും ഭർത്താവിനും മകനും ഒപ്പമിരുന്നു. “ഇത്..?” അപ്പുവിനെ ചൂണ്ടി അയാൾ തിരക്കി. “ഞങ്ങളുടെ മകനാണ്. അംബരീഷ്. ഇവിടെ ടൌൺ സ്റ്റേഷനിലെ SI ആണ്.” ചന്ദ്രൻ തികഞ്ഞ അഭിമാനത്തോടെ പറഞ്ഞു. ഈ അഭിമാനം മകനെ കുറിച്ചു പറയുമ്പോൾ തനിക്കൊരിക്കലും ഉണ്ടായിരുന്നില്ല എന്നയാൾ ഓർത്തു.

തനിക്ക് മകൻ തന്റെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള ഒരു ഉപകരണം മാത്രം ആയിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് അവനെ തനിക്ക് കൈവിട്ട് പോയത്. ലതികയും ചന്ദ്രനും ഇടപെടുന്ന രീതിയും അയാൾ ശ്രദ്ധിച്ചു. താൻ ഉള്ളപ്പോൾ അതിഥികൾക്ക് മുന്നിൽ വരാൻ ഒരിക്കലും ഗൗരിയെയോ മകളെയോ അനുവദിക്കാറില്ല. ഒന്നിച്ചു ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചിട്ടില്ല. താനും അമ്മയും അക്കിയും കഴിച്ചതിന് ശേഷം മാത്രമാണ് ഭാര്യയും മകളും കഴിക്കാറ്. ഈ കുടുംബത്തിൽ നിന്ന് തനിക്കൊരുപാട് പഠിക്കാൻ ഉണ്ടെന്ന് അയാൾ ഓർത്തു. “ഞങ്ങൾക്ക് ഒരു മകൾ കൂടിയുണ്ട്. അംബാലിക.

മോള് കാപ്പി കുടിക്കുകയാണ്” ചന്ദ്രന്റെ ശബ്ദമാണ് അയാളുടെ ചിന്തകളെ മുറിച്ചത്. “അറിയാം. മോളെ കുറിച്ചു സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്. ഞങ്ങൾ അഖിലേഷിനെ മാതാപിതാക്കൾ ആണ്” അത് കേട്ടപ്പോൾ ചന്ദ്രനെയും ലതികയുടെയും അപ്പുവിനെയും മുഖത്തെ തെളിച്ചം മങ്ങി. അത് ഗൗരിക്കും മഹാദേവനും മനസിലാക്കുകയും ചെയ്തു. ഗൗരി ദേവനെ അനുവാദത്തിനെന്ന മട്ടിൽ നോക്കിയ ശേഷം ലതികക്ക് അരികിലേക്ക് പോയി. “മാപ്പ് പറയാൻ പോലും അർഹതയില്ലാത്ത തെറ്റാണ് ഞങ്ങളുടെ മകൻ ചെയ്തത്. മോളെ നേരിൽ കണ്ടു ഒന്ന് സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്.”

അവരുടെ സംസാരത്തിൽ ആത്മാർത്ഥത തിരിച്ചറിഞ്ഞ അപ്പു അകത്തുപോയി അമ്പുവിനെ വിളിച്ചിട്ട് വന്നു. ഒരു ബ്ലാക് പ്രിന്റഡ് പൈജാമയും വൈറ്റ് ടി ഷർട്ടും ആയിരുന്നു അമ്പുവിന്റെ വേഷം. മുടി ചുരുട്ടി കെട്ടി വച്ചിരുന്നു. കണ്ണുകൾ കരഞ്ഞു വീർത്ത പരുവത്തിൽ തന്നെയുണ്ട്. ഐശ്വര്യമുള്ള മുഖം. ഗൗരി അമ്പുവിന്റെ നേരെ തിരിഞ്ഞു. “മോളെ.. നിന്നോട് ക്ഷമ ചോദിക്കാൻ പോലും ഞങ്ങൾ യോഗ്യരല്ല. എന്നാലും. പറ്റുമെങ്കിൽ ഞങ്ങളുടെ മകന് മാപ്പ് കൊടുക്കണം. അവനെ വളർത്തുന്നതിൽ തെറ്റ് പറ്റി ഞങ്ങൾക്ക്” അമ്പു ഗൗരിയെയും മഹാദേവനെയും ഒന്ന് നോക്കി: “എനിക്ക് ദേഷ്യം ഒന്നും ഇല്ല ആന്റി. വിഷമം ഉണ്ട്. എന്റെ വ്യക്തിത്വത്തിന് അയാൾ ഒരു വിലയും നല്കാത്തത്തിലുള്ള വിഷമം.

അത് പതിയെ മാറിക്കോളും. ഞാൻ ചെല്ലട്ടെ” രണ്ടാൾക്കും ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ അകത്തേക്ക് പോയി. ഗൗരി വീണ്ടും ദേവന്റെ അടുത്തു ചെന്നിരുന്നു. “ഒന്നും തോന്നരുത്. മോൾക്ക് ഇന്നലത്തെ സംഭവം വലിയ ഷോക്ക് ആയി. ഞങ്ങളോട് പോലും അതിന് ശേഷം ഒന്ന് സംസാരിച്ചിട്ടില്ല. നിങ്ങൾ സമാധാനമായി പൊയ്ക്കോളൂ. അവളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം” അപ്പു അത് പറഞ്ഞിട്ടും വീണ്ടും എന്തോ പറയാൻ ഉണ്ടെന്ന മട്ടിൽ ഗൗരി ഭർത്താവിനെ നോക്കി. അയാൾ ആകട്ടെ, ധൃതിയിൽ യാത്ര പറഞ്ഞിറങ്ങി. “ഏട്ടനെന്താ അവരോട് കല്യാണ കാര്യം സംസാരിക്കാതെ പോന്നത്?” ഗൗരി കാറിൽ ഇരിക്കുമ്പോൾ തിരക്കി.

“ഏത് കല്യാണ കാര്യം?” “അംബാലികയുടെ വീട്ടുകാരോട് സംസാരിച്ചു അക്കിയുടെയും ആ കുട്ടിയുടെയും കല്യാണം ഉറപ്പിക്കാം എന്നു പറഞ്ഞല്ലേ നമ്മൾ വീട്ടിൽ നിന്നിറങ്ങിയത്..?” അതോടെ അല്പം മുൻപ് തോന്നി തുടങ്ങിയ കുറ്റബോധമെല്ലാം അയാളിൽ നിന്ന് പോയി. പകരം ഒരു ധനികനായ പിതാവിന്റെ ധാർഷ്ട്യം വന്നു നിറഞ്ഞു. “നീ എന്നെ ചോദ്യം ചെയ്യാൻ മാത്രം ആയോ ഗൗരി? ഒന്ന് താഴ്ന്ന് തന്നപ്പോൾ തലയിൽ കയറുകയാണോ നീ?” മഹാദേവന്റെ ശബ്ദം ഉയർന്നതും ഗൗരി നിശ്ശബ്ദയായി. “നീ ആ വീട് കണ്ടില്ലേ ഗൗരി? നമുക്ക് ചേർന്ന ഒരു ബന്ധം ആണോ അത്..?” “പണം ആണെങ്കിൽ നമുക്ക് ആവശ്യത്തിന് ഇല്ലേ ഏട്ടാ.

അത് ഒരു നല്ല കുട്ടിയായിരുന്നു. അക്കിക്ക് ചേരും” “നീ അതിന്റെ വേഷം കണ്ടോ? രൂപം കണ്ടോ? ഒൻപത് മണി കഴിഞ്ഞിട്ടും കുളിക്കുകപോലും ചെയ്യാതെ വന്ന് ഭക്ഷണം കഴിക്കുന്നവൾ ആണോ നല്ല കുട്ടി? നീ അത്ര കാര്യമായി സംസാരിച്ചിട്ടും മര്യാദയില്ലാതെ അവൾ അകത്തേക്ക് പോയത് നീയും കണ്ടതല്ലേ. എന്നെ അറിയാതെയിരിക്കില്ലല്ലോ. കണ്ട ഭാവം നടിച്ചോ അവൾ?” “അത് ചിലപ്പോൾ ഇന്നലത്തെ ഷോക്കിൽ ആയിരിക്കും ഏട്ടാ. കരഞ്ഞു ക്ഷീണിച്ചു കാണും. ഏട്ടാ ആ കുട്ടി….” ഗൗരി വീണ്ടും എന്തോ പറയാൻ ശ്രമിച്ചെങ്കിലും മഹാദേവന്റെ ഒരു നോട്ടത്തിൽ അവർ നിശ്ശബ്ദയായി.

“അപ്പോൾ അക്കി വീട്ടിൽ കാത്തിരിക്കുകയല്ലേ ഒരു മറുപടിക്ക്. അവനോട് നമ്മൾ എന്തു പറയും?” പേടിച്ചു വിറച്ചാണ് അവർ അത്രയും ചോദിച്ചത്. “അവളും വീട്ടുകാരും അവനെപ്പോലെ ഒരു അഭാസനെ വേണ്ടെന്ന് പറഞ്ഞു എന്നു പറയണം. അതല്ലാതെ വേറെ എന്തെങ്കിലും വിളമ്പാൻ നിന്നാൽ അറിയാമല്ലോ നിനക്ക് എന്നെ?” ഗൗരി നിറകണ്ണുകളോടെ അയാളെ നോക്കി…തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 9

Share this story