സഹനായകന്റെ പ്രണയം💘 : ഭാഗം 11

സഹനായകന്റെ പ്രണയം💘 : ഭാഗം 11

എഴുത്തുകാരി: ആഷ ബിനിൽ

പിറ്റേന്ന് പതിവുപോലെ രാവിലെ അമ്പലത്തിൽ പോയി അമ്പു. പതിനെട്ടാം ജന്മദിനത്തിന്റെ ആവേശം ഒന്നും ഉണ്ടായിരുന്നില്ല. പരിചയമുള്ള മുഖങ്ങളിൽ പുച്ഛവും അത്ഭുതവും ഒക്കെ നിറയുന്നത് കണ്ടിട്ടും കാണാത്ത മട്ടിൽ തന്നെ നടന്നു. തിരുമേനിയുടെ മുഖത്തിന് പതിവില്ലാത്ത മങ്ങൽ ഉണ്ടായിരുന്നു. അതും ഗൗനിച്ചില്ല. കണ്ണടച്ചുകൊണ്ട് തന്റെ വിഷമങ്ങളെല്ലാം കണ്ണനോട് പറഞ്ഞു. നേർവഴി കാണിച്ചു തരാൻ പ്രാർത്ഥിച്ചു. കഴുത്തിൽ കൂടി എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടാണ് കണ്ണു തുറന്നത്. അണിവിരലിൽ തൊട്ട കുങ്കുമം കൊണ്ട് അഖിലേഷ് തന്റെ സീമന്തരേഖ ചുവപ്പിക്കുന്നതാണ് ആദ്യം കണ്ണിൽ തടഞ്ഞത്.

കണ്ണുകൾ വഞ്ചിക്കുകയാണോ എന്ന് തോന്നിപ്പോയി. ഇതൊരു സ്വപ്നം മാത്രം ആകണേയെന്ന് ആഗ്രഹിച്ചു. പക്ഷെ അങ്ങനെ അല്ല എന്നതിന് തെളിവ് അവന്റെ മുഖത്തെ വിജയച്ചിരി ആയിരുന്നു. അമ്പു ചുറ്റിലും നോക്കി. സമയം ആറുമണി ആയിട്ടേയുള്ളൂ. അധികം ആളുകളൊന്നും ചുറ്റിലും ഇല്ല. അമ്പുവിന്റെ കവിളിൽ കൂടി ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവളുടെ നുണക്കുഴി കടന്ന് പോകുന്നത് അക്കി കൗതുകത്തോടെ നോക്കിനിന്നു. അതിനിടയിൽ കരണം പുകയ്‌ക്കുന്ന ഒരടി അമ്പു കൊടുത്തെങ്കിലും അവനെ അത് തെല്ലും ബാധിച്ചില്ല. തന്റെ പെണ്ണ്, താൻ കെട്ടിയ താലിയും താൻ അണിയിച്ച സിന്ദൂരവുമായി മുന്നിൽ നിൽക്കുന്ന കാഴ്ച മാത്രമേ അവന്റെ കണ്ണിലും മനസിലും ഉണ്ടായിരുന്നുള്ളൂ.

കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് അമ്പു നടന്നകന്നിരുന്നു. അവിടെയെല്ലാം നോക്കിയിട്ടും അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോഴേക്കും ആരൊക്കെയോ അടുത്തേക്ക് വരുന്നത് കണ്ടു. “മോൻ എവിടുത്തെയാ? ഇതിന് മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ” എന്നെല്ലാം പറഞ്ഞുകൊണ്ട് ചില പ്രായമുള്ള ആളുകൾ അവനെ തടഞ്ഞുനിർത്തി. ഒരുവിധത്തിൽ അവരോട് മറുപടി പറഞ്ഞു ഇറങ്ങിയപ്പോഴേക്കും അമ്പു പോയി കഴിഞ്ഞിരുന്നു. വീട്ടിലെത്തി അമ്പു അപ്പുവിന്റെ മുറിയിലേക്കാണ് പോയത്. പതിവുപോലെ ആ നെഞ്ചിൽ അവൾ തന്റെ സങ്കടങ്ങൾ ഇറക്കിവച്ചു.

അമ്പുവിന്റെ കഴുത്തിലെ മഞ്ഞച്ചരടിൽ കോർത്ത താലിയും നെറ്റിയിലെ സിന്ദൂരവും അപ്പുവിൽ അമ്പരപ്പുണ്ടാക്കി. അവൾ അവനോട് നടന്നതെല്ലാം തുറന്നു പറഞ്ഞു. “എനിക്ക് അയാളുടെ വീട്ടിൽ പോണം. ഇപ്പോൾ തന്നെ.” “അമ്പു നീ എന്താ ഈ പറയുന്നത്..?” “എനിക്ക് പോണം അപ്പുവേട്ടാ… പ്ലീസ്..” “അവിടെ പോയിട്ട് നീ എന്തു ചെയ്യാൻ പോകുവാ അമ്പു?” “അതൊന്നും എനിക്കറിയില്ല. പക്ഷെ ഈ ഭാരം ചുമക്കാൻ എനിക്ക് വയ്യ” ഒടുവിൽ ഏട്ടനും അനിയത്തിയും കൂടി അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് പുറത്തു കടന്നു. അഖിലേഷിന്റെ വീടിനു മുൻപിലെ സെക്യൂരിറ്റി ആദ്യം കടത്തിവിടാൻ വിസമ്മതിച്ചു എങ്കിലും അപ്പു പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അനുവദിച്ചു.

അമ്പുവിനെ അയാൾ ഒന്ന് ഇരുത്തി നോക്കുന്നത് കണ്ടു. രാവിലെ ഏഴുമണി നേരത്ത് അമ്പുവിനെ തന്റെ വീടിന്റെ മുന്നിൽ കണ്ട മഹാദേവൻ ഒന്ന് പകച്ചു. കുളിച്ചു ഈറൻ മറാത്ത തലമുടിയും ധരിച്ചിരുന്ന ചുവന്ന ചുരിദാറും നെറ്റിയിലെ ചന്ദനക്കുറിയും എല്ലാത്തിലും ഉപരിയായി അവളുടെ നെഞ്ചിലെ താലിയും നെറ്റിയിലെ സിന്ദൂരവും എല്ലാം കൂടി തന്റെ സങ്കല്പത്തിന് നേരെ വിപരീതമായ ഒരു അംബാലികയെ ആണ് അയാൾ അപ്പോൾ കണ്ടത്. മഹാദേവന് ചായ കൊടുക്കാൻ എത്തിയ ഗൗരിയും അപ്പുവിനെയും അമ്പുവിനെയും കണ്ട് ഞെട്ടി. അവളുടെ താലിയും സിന്ദൂരവും അവരെയും അമ്പരപ്പിച്ചു. “ഞങ്ങൾ അകത്തേക്ക് വന്നോട്ടെ?” അപ്പു ചോദിച്ചു. താത്പര്യക്കുറവ് പുറമെ കാട്ടാതെ മഹാദേവൻ അവരെ അകത്തേക്കിരുത്തി.

“ആരാ ദേവാ അവിടെ?” അയാളുടെ അമ്മ അംബികയും അതിഥികളെ കാണാനെത്തി. അമ്പുവിനെ അവർ ഒന്നിരുത്തി നോക്കി. അവൾ തന്നെ സംസാരിച്ചു തുടങ്ങി: “അഖിലേഷിനെ ഒന്നു വിളിക്കാമോ?” അമ്പു ചോദിച്ചു. അപ്പു ഇരിക്കുമ്പോൾ അവൾ സംസാരിച്ചു തുടങ്ങിയത് മഹാദേവനും അംബികക്കും ഇഷ്ടമായില്ല. അവർ സംസാരിക്കുന്നില്ല എന്നു കണ്ട് ഗൗരിയാണ് മറുപടി പറഞ്ഞത്. “അയ്യോ. അവൻ ഇവിടില്ല മോളെ. ഇന്നലെ വൈകിട്ട് ടൗണിൽ കൂട്ടുകാരുടെ ഫ്ലാറ്റിലേക്ക് പോയതാ. വന്നിട്ടില്ല ഇതുവരെ” “ഓ. അതെയോ… അയാൾ എനിക്ക് അർഹതായില്ലാത്ത ഒരു സാധനം തന്നിരുന്നു . അത് തിരികെ തരാൻ ആണ് ഞങ്ങൾ ഇപ്പോൾ വന്നത്” അമ്പു എഴുന്നേറ്റ് അവർക്കരികിലേക്ക് ചെന്നു.

കഴുത്തിൽ കിടന്ന താലി ഊരി അവരെ ഏൽപ്പിച്ചു. അവർ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. “ഇന്നെനിക്ക് പതിനെട്ട് വയസ് തികയുന്ന ദിവസം ആയിരുന്നു. അതിരാവിലെ അമ്പലത്തിൽ പോകുന്ന പതിവുണ്ട് എനിക്ക്. അങ്ങനെ ഇന്ന് പോയപ്പോൾ കിട്ടിയ സമ്മാനം ആണിത്.” “പക്ഷെ മോളെ.. ഈ താലി എന്നൊക്കെ പറഞ്ഞാൽ” അമ്പു കയ്യുയർത്തി അവരെ തടഞ്ഞു “താലി ഒരു സ്ത്രീക്ക് എത്ര വിലപ്പെട്ടതാണെന്ന് എനിക്കും അറിയാം ആന്റി. അതിന് ഞാൻ അത്രയും ബഹുമാനം കൊടുക്കുന്നുമുണ്ട്. പക്ഷെ ആന്റിയുടെ മകൻ ഇതെന്റെ കഴുത്തിൽ കെട്ടിയത് എന്റെ അനുവാദമോ സമ്മതമോ ഇല്ലാതെയാണ്. ഞാനിത് കഴുത്തിൽ ഇട്ട് നടന്നാൽ അത് താലി എന്ന വിശ്വാസത്തിന്റെ പവിത്രതയ്ക്ക് നിരക്കാത്തതായി പോകും.

അല്ലെങ്കിൽ തന്നെ പരസ്പരമുള്ള വിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമല്ലേ താലി. അത് വാശിയുടെ പേരിലോ സ്വാർത്ഥതയുടെ പേരിലോ കെട്ടിയാൽ കേവലം ഒരു കുരുക്ക് മാത്രമായി പോകും. ഞാനത് ആഗ്രഹിക്കുന്നില്ല.” അത്രയും പറഞ്ഞ് അവൾ അവരുടെ കാലിൽ വീണു. നിറകണ്ണുകളോടെയും നിറഞ്ഞ മനസോടെയും അവളെ അനുഗ്രഹിക്കാതെ ഇരിക്കാൻ അവർക്ക് കഴിഞ്ഞില്ല. അമ്പു മഹാദേവന്റെ നേരെ തിരിഞ്ഞു: “അങ്കിൾ പേടിക്കേണ്ട. ഈ താലിയുടെ പേരിൽ അഖിലേഷിനെ മേലെ യാതൊരു വിധത്തിലുള്ള അവകാശവും സ്ഥാപിക്കാൻ ഞാൻ വരില്ല. പക്ഷെ ഇനിയും എന്റെ പിന്നാലെ വരരുത് എന്ന അങ്കിൾ മകനോട് പറയണം. മറ്റുള്ളവർക്കും വികാരങ്ങൾ ഉണ്ടെന്നും.”

പ്രായത്തിലും കവിഞ്ഞ പക്വതയോടെയുള്ള അമ്പുവിന്റെ സംസാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അമ്പു അയാളുടെയും അനുഗ്രഹം വാങ്ങി. പിന്നെ അക്കിയുടെ അച്ഛമ്മയുടെ മുൻപിൽ ചെന്ന് നിന്നു: “എന്റെ അച്ഛന്റെയും അമ്മയുടെയും അമ്മമാരെ ഞാൻ കണ്ടിട്ടില്ല. ഒരു കൊച്ചുമകളായി കണ്ട് അമ്മ എന്നെ അനുഗ്രഹിക്കണം.” അവൾ അവരുടേയും കാലിൽ വീണ് അനുഗ്രഹം വാങ്ങി. വാഷ് ബേസിനു മുന്നിൽ ചെന്നു നിന്ന് നെറ്റിയിലെ സിന്ദൂരം കഴുകി. എല്ലാം കഴിഞ്ഞു നോക്കുമ്പോൾ കണ്ടു, കൈകെട്ടി നിന്ന് എല്ലാം കണ്ടുകൊണ്ടിരുന്ന അളകനന്ദയെ. കോളേജിൽ വച്ചു പലപ്പോഴും കണ്ടിട്ടുണ്ട് എന്നല്ലാതെ അവളോട് ഇതുവരെ മിണ്ടിയിട്ടില്ല. അമ്പു അവൾക്കരികിലേക്ക് ചെന്നു നിറഞ്ഞ മനസോടെ അവളെ പുണർന്നു.

തിരികെ കെട്ടിപ്പിടിക്കാതെയിരിക്കാൻ നന്ദക്കും കഴിഞ്ഞില്ല. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. പിന്നെ അമ്പു അപ്പുവിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു. മുറ്റത്ത് ഇറങ്ങി ഒരിക്കൽ കൂടി എല്ലാവരെയും തിരിഞ്ഞു നോക്കി. “ഇറങ്ങുകയാണ്. ഇനി ഇവിടേക്ക് എന്നെ വരുതരുതെന്ന് ആക്കിയോട് പറയണം.” അമ്പു കൈവീശി കാണിച്ചു കൊണ്ട് അപ്പുവിന്റെ ബൈക്കിന്റെ പുറകിൽ കയറി പോയി. അവൾ കണ്ണിൽ നിന്ന് മറയും വരെ അവർ അവളെ തന്നെ നോക്കിനിന്നു. മഹാദേവൻ അടക്കം എല്ലാവരിലും ഒരു നഷ്ടബോധം തോന്നി. “എന്റെ മകനും ഈ കുടുംബവും അവളെ അർഹിക്കുന്നില്ല..” ഗൗരി നന്ദയോട് സ്വന്തം സമാധാനത്തിന് എന്നപോലെ പറഞ്ഞു. പിന്നെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു. നന്ദ വേദനയോടെ അത് നോക്കിനിന്നു.

അമ്പുവിന്റെ മനസ് അല്പം ഒന്ന് ശാന്തമായത് പോലെ അവൾക്ക് തോന്നി. “എത്രയെണ്ണം കൊടുത്തു മോനെ അപ്പുവേട്ടാ” “ആർക്ക്?” “ആ അഖിലേഷിന്. അല്ലാതെ ആർക്കാ” “നീ എന്ത് കാര്യവാ ഈ പറയുന്നത്..?” “ദേ അപ്പുവേട്ടാ കളിക്കല്ലേ.. അവന് ഏട്ടൻ നല്ല പണി കൊടുത്തെന്ന് എനിക്കറിയാം.” അപ്പു വണ്ടി ഒതുക്കി നിർത്തി അമ്പുവിനെ നോക്കി. “നീ എന്തൊക്കെയാ അമ്പുട്ടാ ഈ പറയുന്നത്? ജോലിക്ക് പോലും പോകാതെ ഇന്നലെ മുഴുവൻ ഞാൻ നിന്റെകൂടെ തന്നെ ആയിരുന്നില്ലേ? പിന്നെ അവന് എന്ത് പണി കൊടുക്കാനാ?” “അപ്പോ പിന്നെ അവന്റെ മുഖത്തും ദേഹത്തും ഞാൻ കണ്ട പാടുകളോ?” “അത് നീ തന്നെയല്ലേ മിനിങ്ങാന്ന് അവനെ എടുത്തിട്ട് അലക്കിയത്?” “അതിന്റെ പാടൊന്നും ഇത്രനേരം നിൽക്കില്ല. ഇത് ഫ്രഷ് ആണ്. എന്നാലും… അപ്പുവേട്ടൻ അല്ലെങ്കിൽ പിന്നെ അത് ആരായിരിക്കും..?” ..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 10

Share this story