അർച്ചന-ആരാധന – ഭാഗം 12

അർച്ചന-ആരാധന – ഭാഗം 12

എഴുത്തുകാരി: വാസുകി വസു

രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ദുസ്വപ്നം കണ്ടിട്ട് അവൾ അലറിക്കരഞ്ഞു കൊണ്ട് ചാടിയെഴുന്നേറ്റു.മയങ്ങിപ്പോയ അമ്മയും കൂടെ ഞെട്ടിയുണർന്നു. “എന്ത് പറ്റി മോളേ” അമ്മ എഴുന്നേറ്റ് ആരാധനയെ കുലുക്കി വിളിച്ചു .അപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്. “അമ്മ മരിച്ചു പോയതായി ഞാനൊരു സ്വപ്നം കണ്ടു” കരച്ചിലോടെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു. “അമ്മക്ക് കുഴപ്പമൊന്നും ഇല്ലെടീ..അമ്മേടെ കണ്ണൻ ഉറങ്ങിക്കോ” ആരാധനയെ ആശ്വസിപ്പിച്ച് അവർ കിടത്തി.അമ്മയെ കെട്ടിപ്പിടിച്ചു അവൾ കിടന്നു..ഈ പ്രാവശ്യം കുറച്ചു മുറുക്കം കൂടുതൽ ഉണ്ടായിരുന്നു കെട്ടിപ്പിടുത്തത്തിനു…

ഒരുമരണത്തിനും ഞാനെന്റെ അമ്മയെ വിട്ടു കൊടുക്കില്ലെന്ന ഉറപ്പു പോലെ… അർച്ചനയുടെ അമ്മക്ക് മുമ്പ് തോന്നിയ സംശയം എല്ലാം എവിടെയോ പോയി മറഞ്ഞു.തന്റെ മോൾ ഉറങ്ങി ഉണരുന്നത് വരെ ഉറങ്ങാതെ അവർ നേരം വെളുപ്പിച്ചു… രാവിലെ കുറെ ലേറ്റായിട്ടാണ് ആരാധന എഴുന്നേറ്റത്.നോക്കുമ്പോൾ റൂമിൽ അമ്മയില്ല.തലക്ക് മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലായി അവളുടെ കണ്ണുകൾ. കുറച്ചു നേരത്തെ മൗനം അത് കഴിഞ്ഞു രാത്രിയിലെ സ്വപ്നം ഓർമ്മവന്നു. “അമ്മ… എവിടെ” ചുറ്റും കണ്ണുകളോടിച്ചിട്ട് ചാടിയെഴുന്നേറ്റ് ഒറ്റയോട്ടം.

നേരെ ചെന്ന് നിന്നത് അടുക്കളയിൽ. അർച്ചനയുടെ അമ്മ പാചകം ചെയ്യുന്ന തിരക്കിലാണ്.വേഗം ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു നിന്നു.ആ മാറിലേ ചൂടേറ്റ് അവൾക്ക് മതിയായിരുന്നില്ല.അവളറിഞ്ഞിരുന്നു അമ്മ ഉറങ്ങാതെ തന്നെ ചേർത്തു പിടിച്ചത്.ആ കരുതൽ,വാത്സല്യം, സ്നേഹം.. എല്ലാം പറയാതെ അവൾ മനസ്സിലാക്കി. അമ്മയൊന്ന് ഞെട്ടിയെങ്കിലും ആരാധനയെ അടർത്തി മാറ്റിയില്ല.ചേർത്തങ്ങനെ പിടിച്ചു. അവർക്കറിയാം അവളുടെ ഉള്ളിലെ ആധി.ഇന്നലെ നേരിട്ടറിഞ്ഞതാണ്.അവർ അവളെ ചേർത്തു പിടിച്ചു തഴുകി കൊണ്ടിരുന്നു. മാതൃ സ്നേഹം എത്ര നുകർന്നാലും മതിയാകില്ലത്..

അതിന്റെ ആഴമെത്രയാണെന്ന് അറിയണമെങ്കിൽ അമ്മയെ നഷ്ടപ്പെട്ടവരോട് ചോദിച്ചാൽ പറഞ്ഞു തരും. “രാവിലെയെന്താ അമ്മേ പരിപാടി” തമാശയോടെ ചോദ്യം.നനച്ചു കൊണ്ടിരുന്ന പുട്ടുപൊടി ചൂണ്ടി കാണിച്ചിട്ട് അവർ പറഞ്ഞു. “പുട്ടും പഴവും” ആരാധനയുടെ നാവിൽ വെളളമൂറി.അവളുടെ ഏറ്റവും ഫേവറിറ്റ് ആണ് പുട്ട്. “നീ ചെന്ന് കുളിച്ചു നനച്ചിട്ട് വാ” അതോടെ അവൾ വീണ്ടും ഓടി..കുളിക്കാനായിട്ട്.അരമണിക്കൂറിനുള്ളിൽ ആരാധന റെഡിയായി അടുക്കളയിൽ സ്ഥാനം ഉറപ്പിച്ചു. “അമ്മേ..ഞാൻ റെഡി” പാവാടയും ബ്ലൗസുമിട്ട് മകൾ നിൽക്കുന്നത് അമ്മ കണ്ടു.അത് അർച്ചനയുടെ ഡ്രസ് ആണ്.

അലമാരയിൽ നിന്ന് അവളത് എടുത്തു ധരിച്ചു.അർച്ചനയുടെ ഹെയർ സ്റ്റൈൽ ആണ് അവൾ അനുകരിച്ചത്. അമ്മയോട് താൻ അർച്ചന അല്ലെന്നും ആരാധന ആണെന്ന് പറഞ്ഞാലോന്ന് അവളാദ്യം ഓർത്തു. “ഹേയ്..അതുവേണ്ട..ശരിയാകില്ല.ഇപ്പോൾ ലഭിക്കുന്ന സ്നേഹം ഇല്ലാതായാലോ..ആരാധന ഭയന്നു.അമ്മയുടെ സ്നേഹം കിട്ടിയത് മതിയായിട്ടില്ല.വെറുതെ ഓരോന്നും പറഞ്ഞു കിട്ടുന്നത് കൂടി നഷ്ടപ്പെടുത്തുന്നത് എന്തിനാണ്. അവൾ ചിന്തിച്ചു. കഴിവതും അമ്മക്ക് സംശയം തോന്നാതെ പെരുമാറണം.ചിലപ്പോൾ പണി പാളിയാലോൾ അവൾ ഓർത്തു.പക്ഷേ ആരാധനക്ക് എളുപ്പത്തിൽ അർച്ചനയാകാൻ കഴിയില്ല.

അതാണ് വാസ്തവം. അമ്മകൂടി വന്നതിനുശേഷമാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്.തലേന്നത്തെ പോലെ അമ്മയൊക്കൊണ്ട് വാരിക്കഴിപ്പിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞയുടെ മുറിയിലെത്തി ഫോണുമായി വെളിയിൽ ഇറങ്ങി.നേരെ അർച്ചനയെ വിളിച്ചു വിശേഷങ്ങൾ പങ്കുവെച്ചു. ” ചേച്ചി അമ്മക്ക് വല്ല സംശയവും ഉണ്ടോ?” അർച്ചനക്ക് അതറിയാൻ ആയിരുന്നു തിടുക്കം. “അത് പിന്നില്ലാതെ ഇരിക്കുവോ..എനിക്ക് അർച്ചനയാകാൻ കഴിയില്ലല്ലോ” “ഉം അതും ശരിയാ” അർച്ചന കോളേജിലെ പ്രശ്നങ്ങൾ മനപ്പൂർവ്വം പറഞ്ഞില്ല.എന്തിനാണ് ചേച്ചിയെക്കൂടി ടെൻഷനാക്കുന്നത്.കാര്യങ്ങൾ അറിഞ്ഞാൽ ആൾ അടുത്ത ബസിനു ഇങ്ങ് വരുമെന്ന് അറിയാം.

“നീയിപ്പോൾ ഹോസ്റ്റലിൽ അല്ലേ..കോളേജിൽ പോകുന്നില്ലേ” അത് കേട്ട് അർച്ചനയൊന്ന് നടുങ്ങി.പറയാൻ കഴിയില്ലല്ലോ രുദ്രദേവിന് ഒപ്പമാണെന്ന്.കോയമ്പത്തൂരിൽ ഒരുവാടക വീട് എടുത്തെന്നും ഹോസ്റ്റലിൽ താമസിക്കുന്നത് ശരിയാകില്ലെന്ന് രുദ്രൻ പറഞ്ഞതൊന്നും.ആരാധന ഇവിടെ വന്നശേഷം അറിഞ്ഞാൽ മതിയെന്നാണു രുദ്രന്റെ കൽപ്പന. പപ്പയും അങ്ങനെയാണ് പറഞ്ഞത്.ആരാധനയാണെന്ന രീതിയിലാണ് അർച്ചന അരവിന്ദ് നമ്പ്യാരോട് സംസാരിച്ചതും. “ഞാൻ കോളേജിലാണ്..ലൈബ്രറിയിലാ” “ശരി..ഞാൻ പിന്നെ വിളിക്കാം”

അമ്മ അടുക്കള വാതിലിൽ നിന്ന് നോക്കുന്നത് ആരാധന കണ്ടു.ഫോൺ കട്ട് ചെയ്തിട്ട് അവൾ അമ്മയുടെ അടുത്ത് ചെന്നു.ഫോൺ മറച്ചു പിടിച്ചിരുന്നു.വില കൂടിയ ഫോൺ കണ്ടാൽ മതി അടുത്ത സംശയം ഉണ്ടാകാൻ.. “ആർക്കാ ഫോൺ ചെയ്തത്” അമ്മയുടെ വക ചോദ്യം. “അത് കൂട്ടുകാരിയെ വിളിച്ചതാ അമ്മേ” കൂടുതൽ സംശയത്തിനു ഇടനൽകാതെ പറഞ്ഞൊഴിഞ്ഞു.അടുക്കളയിൽ ഉച്ചവരെ അവൾ അമ്മയോടൊപ്പം കൂടി. ഉച്ചയൂണും കഴിഞ്ഞു അമ്മയെ കെട്ടിപ്പിടിച്ച് ഉറക്കം.വൈകുന്നേരം ചായ കുടിയും കഴിഞ്ഞു രണ്ടു പേരും കൂടി സംസാരം.അതിനിടയിൽ അവൾ തല ശരിക്കും ചൊറിഞ്ഞു.

“തലയിൽ പേൻ കാണും..” അമ്മ അങ്ങനെ പറഞ്ഞയുടെനെ ആരാധന മടിയിൽ തലവെച്ചു കിടന്നു. “എഴുന്നേറ്റു പോയി പേൻ ചീപ്പ് എടുത്തു മുടി ചീകെടീ” അമ്മ അവളെ ചാടിച്ചു.ഉടനെ ആരാധന അമ്മയോട് കൊഞ്ചി. “എന്റെ ചക്കരയമ്മ അല്ലേ പ്ലീസ്..അല്ലാതെ ഒന്ന് തലയിലെ പേനൊന്ന് നോക്കി കൂടെ..പ്ലീസ് പ്ലീസ്” അവളുടെ കൊഞ്ചലുകൾ കേട്ട് അവർക്ക് ചിരിവന്നു.മടിയിൽ തലവെച്ചു കിടന്ന മകളുടെ തലമുടികൾ പതിയെ വകഞ്ഞു മാറ്റി പേൻ നോക്കി തുടങ്ങി. തലയിൽ നിറയെ താരൻ കണ്ടു.. “മുടി നിറയെ പേനും ഈരുമാണല്ലോ” അവർ പിറുപിറുത്തു..

“ആണെങ്കിൽ താളിയുണ്ടാക്കി തന്നൂടെ” “ങേ…അവരൊന്ന് ഞെട്ടി. ” അമ്മേ ചെമ്പരത്തി താളി ഉണ്ടാക്കി തന്നൂടേന്ന്” ഭാഗ്യത്തിനു അമ്മ ഒന്നും പറഞ്ഞില്ല.ആരാധനയുടെ നിഷ്ക്കളങ്കമായ മുഖം കണ്ടിട്ട് അവർ തന്നെ ചെമ്പരത്തി താളി ഉണ്ടാക്കി.എങ്ങനെയാണ് അത് റെഡിയാക്കുന്നതെന്ന് പാവത്തിനു അറിയില്ല.അതാണ് അമ്മയുടെ അടുത്ത് കൊഞ്ചിയത്. സന്ധ്യക്ക് മുമ്പ് താളിതേച്ച് ആരാധന കുളിച്ചു.മുറിയിൽ വന്ന് മുടി തോർത്തുമ്പോൾ അമ്മ വന്നു. “ഇങ്ങനെയാണോടീ മുടി തോർത്തുന്നത്..ഉച്ചി ആദ്യം നന്നായി തോർത്ത്” ഒന്നും മിണ്ടിയില്ല..തോർത്ത് അമ്മക്ക് നേരെ നീട്ടി.

എന്നിട്ട് തോർത്താൻ പാകത്തിൽ തല കുനിച്ചു. ആരാധനയുടെ പ്രവർത്തി കണ്ട് അവർ താടിക്ക് കയ്യും കൊടുത്തു നിന്നു.ഇവിടെ നിന്ന് പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.. കോളേജിൽ ചെന്നതോടെ ഇവൾ മാറിയോ..അവർ സംശയിച്ചു.കാരണം അവർക്ക് അറിയാവുന്ന അർച്ചന എല്ലാം തനിയെ ചെയ്യുന്നവളാണ്. ആരാധനയുടെ തല നന്നായി അമ്മ തോർത്തി കൊടുത്തു. ശേഷം ഉച്ചിയിൽ രാസ്നാദിപ്പൊടി പുരട്ടി കൊടുത്തു. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വന്തം അമ്മ തന്നെയാണിത്..

അല്ലെങ്കിൽ ഇങ്ങനെ ചെയ്യില്ല.എന്നവൾക്ക് തോന്നിപ്പോയി. അമ്മയെക്കൊണ്ട് പുരികവും കണ്ണും കൂടി എഴുതിച്ചിട്ടാണു അവൾ വിട്ടത്.അമ്മയും മോളുടെ പുതിയ മാറ്റം ഉൾക്കൊണ്ടു.അവരും മകളുടെ സ്നേഹം ആസ്വദിച്ചു.അർച്ചനക്ക് അമ്മയോട് ഇഷ്ടം ആണെങ്കിലും ഇങ്ങനെയൊന്നും ചെയ്യിച്ചട്ടില്ല. അക്ഷയ് പോയിട്ട് ഇതുവരെ വിളിച്ചില്ലല്ലോന്ന് ആരാധന ഓർത്തു.എന്തുപറ്റിയതാകും..അവൾ ടെൻഷനിൽ ആയി.ഫോൺ വിളിച്ചു നോക്കി.കിട്ടിയില്ല.അവൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.

അവന്റെ വീട് അറിയാമായിരുന്നെങ്കിൽ അങ്ങോട്ട് ചെല്ലാമായിരുന്നു.ഇതാണെങ്കിൽ ഒന്നും അറിയില്ല.അറിയാത്ത നാട്ടിൽ എവിടെ ചെന്ന് തിരക്കും. സമാധാനമില്ലാതെ ആരാധന അമ്മയുടെ അടുത്ത് അടുക്കളയിൽ ചെല്ലും.അവിടെ നിന്ന് തിരികെ മുറിയിൽ എത്തും.അമ്മയോട് ചോദിക്കാനും പറ്റില്ല.അവളാകെ കൂടുതൽ ടെൻഷനിലായി. ആരാധനയുടെ പ്രവർത്തികൾ അവർ ശ്രദ്ധിച്ചിരുന്നു. അവൾക്ക് സമീപമെത്തി അമ്മ ചോദിച്ചു. “നിനക്കിതെന്ത് പറ്റി” “ഒന്നും ഇല്ലമ്മേ” അവൾ വിരൽ കടിച്ചു. 💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു പത്തുമണി ആയപ്പോഴേക്കും അവരെങ്ങോട്ടോ പോകാനൊരുങ്ങി.അതുകണ്ട് സംശയിച്ചു ആരാധന അമ്മയുടെ അടുത്ത് ചെന്നു. “അമ്മ എവിടെ പോകുവാ” സംശയിച്ചു ആരാധന ചോദിച്ചു.അമലേഷിന്റെ അമ്മയെ ഒന്നു കാണണം” ചാടിത്തുളളാൻ തോന്നി അവൾക്ക്..അവനെ കാണാൻ ഇതാണ്‌ അവസരം.. “,ഞാനും കൂടി വരുന്നു..” മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വേഷം മാറ്റി വന്നു.ഭാഗ്യം അമ്മ എതിരൊന്നും പറഞ്ഞില്ല. അമ്മക്കൊപ്പം ആരാധന അക്ഷയുടെ വീട്ടിലേക്ക് പുറപ്പെട്ടു.പത്ത് മിനിറ്റിൽ കൂടുതൽ നടക്കാൻ ഉണ്ടായിരുന്നു.

നാടും സ്ഥലവും ഗ്രാമീണ ഭംഗിയും ആസ്വദിച്ച് തുള്ളിച്ചാടി അവൾ അമ്മയുടെ കൂടെ നടന്നു.അവർ ചെല്ലുമ്പോൾ അക്ഷയും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. “എന്തുപറ്റിയെടീ മുഖത്തൊരു വിഷമം” അമലേഷിന്റെ അമ്മയുടെ മുഖത്തെ ദുഖം അവർ കണ്ടു..ആരാധനക്ക് ഒന്നും പിടി കിട്ടിയില്ല. “വീടിന്റെ ആധാരം പണയപ്പെടുത്തി ലോൺ എടുത്തിരുന്നു.ഇപ്പോൾ അടവ് പല തവണകളായി മുടങ്ങി.താമസിയാതെ ജപ്തിക്ക് വരുമെന്ന് ബാങ്കിൽ നിന്ന് നോട്ടീസ് വന്നു.” അപ്പോൾ അതാണ് എത്രയും പെട്ടെന്ന് അക്ഷയ് നാട്ടിലേക്ക് വരാൻ കാരണം.. അവൾക്ക് കാരണം മനസ്സിലായി. അമ്മയുടെ മുഖത്തെ വേദനയും അവൾ കണ്ടു..

“എന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറയാതെ തന്നേനെ..” സാരിയുടെ തലപ്പ് കൊണ്ട് അമ്മ കണ്ണുകൾ തുടച്ചു. “എവിടെങ്കിലും പണി കിട്ടുമോന്ന് നിന്നോട് ചോദിക്കാന്‍ വന്നതാ..ഇവളുടെ പഠിപ്പ് മുടങ്ങരുത്” അമ്മയുടെ സ്വരം ഇടറിയത് ആരാധന ശ്രദ്ധിച്ചു.അവരുടെ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല.അവൾക്ക് നെഞ്ഞ് പിഞ്ഞിക്കീറുന്നതു പോലെ തോന്നി.. “അമ്മ കരയാതെ..ദൈവം എന്തെങ്കിലും വഴി തരും” ആരാധന അമ്മയെ ആശ്വസിപ്പിച്ചു.വിഷയം മാറ്റാനായി അവൾ പെട്ടെന്ന് ചോദിച്ചു.. “അമലേഷ് എവിടെ” “അവൻ മുറിയിലുണ്ട് മോളേ..എന്റെ കുഞ്ഞ് സങ്കടപ്പെട്ട് ഇരിക്കുവാ..

പാവമാണു രണ്ടു മക്കളും” അക്ഷയിന്റെ അമ്മ കരഞ്ഞു തുടങ്ങി.. “എത്ര രൂപ വേണം അമ്മേ അടക്കാൻ” “രണ്ടു ലക്ഷം രൂപയുടെ ലോൺ ആയിരുന്നു.. തവണകൾ മുടങ്ങിയതിനാൽ പലിശയും ചേർത്തു അഞ്ചുലക്ഷം വേണം. ഉടനെ അമ്പതിനായിരം അടച്ചാൽ ജപ്തി ഒഴിവാക്കാം” ആരാധന ഒന്നും മിണ്ടാതെ എഴുന്നേറ്റു.അവൾ രണ്ടു മുറികളിൽ അക്ഷയിനെ തിരഞ്ഞു.ഒരുമുറിയിലെ കട്ടിലിൽ അവൻ കമഴ്ന്നു കിടക്കുന്നത് കണ്ടു. പണി പൂർത്തിയാകാത്ത് വീട്..ചുവരുകളൊന്നും തേച്ചട്ടില്ല.ആരാധന മുറിയിലേക്ക് കയറി. ടേബിളിൽ ഒരു ഫോട്ടോ ഇരിക്കുന്നത് അവൾ കണ്ടു.അതെടുത്ത് നോക്കി.

ഒരേ പോലത്തെ രണ്ടു ചെറുപ്പക്കാർ..അക്ഷയും അമലേഷും ആണ് അതെന്ന് മനസ്സിലായി. “ഡാ … അക്ഷയിന്റെ അരികിൽ ചെന്ന് അവൾ വിളിച്ചു.. കിടക്കുക ആയിരുന്ന അവൻ ചാടി എഴുന്നേറ്റു. ആരാധനയെ അവിടെ കണ്ട അവൻ ഞെട്ടിപ്പോയി.അവളെ അവൻ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.അവന്റെ മുഖത്ത് നോക്കിയപ്പോഴാണു മനസ്സിലായത് കരഞ്ഞിട്ടുണ്ടെന്ന്. ” എന്താടാ പ്രശ്നം… ആരാധന ആത്മാർത്ഥമായി ചോദിച്ചു.. “ഹേയ്.. ഒന്നുമില്ല” “പിന്നെ നീയെന്തിനാ കരഞ്ഞത്” “നിനക്ക് തോന്നുന്നതാ” ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തന്റെ സങ്കടം അവളെ അറിയിക്കണ്ടാന്ന് കരുതി.. “ഞാനൊന്നും അറിയില്ലെന്ന് നീ കരുതിയോ… അങ്ങനെ പറഞ്ഞു കൊണ്ട് ചെറിയ രീതിയിൽ എന്നാൽ നോവാനായി ഒരടി അവന്റെ മുഖത്ത് അവൾ സമ്മാനിച്ചു. ” എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്കെന്താടാ പറഞ്ഞു കൂടെ‌‌‌….വേഗം ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽ പറയ്” ആരാധന കാര്യം അറിഞ്ഞിട്ടാണു സംസാരിക്കുന്നതെന്ന് അക്ഷയിനു ബോദ്ധ്യപ്പെട്ടു. “അതൊന്നും വേണ്ടെടീ… അല്ലാതെ ശരിയാക്കാം” അവളിൽ പൈസ വാങ്ങാൻ അവനു കുറച്ചിൽ തോന്നി…പക്ഷേ അവൾ സമ്മതിച്ചില്ല.

ഒടുവിൽ ബാങ്ക് ഡീറ്റെയിൽ കൊടുത്തു.. അവൾ മൊബൈൽ ട്രാൻസാക്ഷനിലൂടെ അക്കൗണ്ടിൽ പണമിട്ട് കൊടുത്തു.. “ഇപ്പോൾ അമ്പതിനായിരം അയച്ചിട്ടുണ്ട്.. ഇന്ന് തന്നെ അടക്കണം..ബക്കി മുഴുവൻ തുകയും നമുക്ക് രണ്ടു ദിവസത്തിനുള്ളിൽ അടക്കാം” “ഇതുമതി..ഒരുപാട് കടക്കാരനാകാൻ വയ്യ” അവനത് നിരസിച്ചു. “അതൊക്കെ ഞാൻ തീരുമാനിച്ചോളാം” ആരാധന ഗൗരവത്തിലായി… “,ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടും” “സ്ത്രീധമായി വരവ് വെച്ചേക്ക്… കൂസലില്ലാതെ അർച്ചന പറഞ്ഞു.. “

ഡാ പൊട്ടാ…നീയെന്നെ പ്രണയിച്ചാലും കെട്ടിയാലും ഇല്ലെങ്കിലും തിരിച്ച് തരുന്നതുവരെ ചോദിക്കില്ല പോരേ.. പണം നൽകി നിന്നെ വിലക്ക് എടുത്തതാണെന്ന് കരുതുകയും വേണ്ട.എന്റെ കടമ ചെയ്തു.. അത്ര തന്നെ ” അക്ഷയ് അറിയുക ആയിരുന്നു ആരാധനയെ…എല്ലാവരും അറിയാവുന്ന അവൾ തന്റേടിയുമാണ്..എന്നാൽ അവൾ പാവമാണെന്ന് ആർക്കും അറിയില്ല.. “അമ്മയെ ഞാനിനി പണിക്ക് വിടില്ലെന്ന് തീരുമാനിച്ചു.. അർച്ചനയുടെ അമ്മ എന്റെയും കൂടി അമ്മയാണ്… നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് ആരാധന പിന്തിരിഞ്ഞു.

പെട്ടെന്ന് അക്ഷയ് ഇടുപ്പിലൂടെ കൈ ചേർത്തു അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു.അക്ഷയുടെ മാറ്റം അവളെ അമ്പരപ്പിക്കാതിരുന്നില്ല..ഒരുപാട് പ്രാവശ്യം പിന്നാലെ നടന്നിട്ടും തന്റെ പ്രണയം തള്ളിക്കളഞ്ഞവനാണ്…. ” ലവ്വ് യൂ…. അവന്റെ ചുണ്ടുകൾ പിറുപിറുത്തത് സ്വപ്നത്തിലെന്ന പോലെ അവൾക്ക് തോന്നി…അവനെ നഷ്ടപ്പെടാതിരിക്കാൻ ആരാധന അക്ഷയെ വരിഞ്ഞു മുറുക്കി… “ലവ്വ് യൂ… അക്ഷയ്…റിയലി ലവ്വ് യൂ…. അവളുടെ ചുണ്ടുകൾ മെല്ലെ വിറച്ചു കൊണ്ടിരുന്നു…….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-11

Share this story