ഗോപികാ വസന്തം : ഭാഗം 7

ഗോപികാ വസന്തം : ഭാഗം 7

എഴുത്തുകാരി: മീര സരസ്വതി

സുഖമാണോ എന്ന് പൊലും ചോദിച്ചില്ലല്ലോ.. പരിഭവത്തോടെ ആ മുഖത്തു നോക്കിയതും ആളുടെ നോട്ടവുമായി കോർത്തുപോയി. “പോകാം…” കണ്ണിൽ നിന്നും നോട്ടമെടുക്കാതെ പറഞ്ഞതും യാന്ത്രികമായി തലയാട്ടി. ഡോക്ടറോട് യാത്രപറഞ്ഞു കാറിനു നേരെ നടന്നു. ബാക്ക് ഡോറും തുറന്നു പിടിച്ച് നിൽപ്പാണ്. അതെന്നിലെ പരിഭവത്തിനു ആക്കം കൂട്ടിയതേയുള്ളു. പണ്ടും വസന്തേട്ടന്റെ കൂടെ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. പലപ്പോഴും ദേവു കൂടെ ഇല്ലാത്ത അവസരങ്ങളിലെല്ലാം അധികാരത്തോടെ ഫ്രണ്ടിൽ കയറി ഇരുന്നിട്ടുമുണ്ട്. “ഓഹ്.. വല്യ പത്രാസുകാരൻ.. മിണ്ടാനും പറ്റില്ല.. ചിരിക്കാനും പറ്റില്ല..

ഞാൻ മുന്നീ കയറി ഇരുന്നാൽ സീറ്റ്‌ തേഞ്ഞു പോകുവോ..” ദേഷ്യത്തോടെ മുറുമുറുത്ത് കൊണ്ട് കാറിനകത്തു കയറി. യാത്രയിലുടനീളം അമ്മ വസന്തേട്ടനോട് ഓരോന്ന് ചോദിക്കുന്നുണ്ട്. അത്രയും ദിവസം നാട്ടിൽ ഇല്ലാത്തതിന്റെ വിഷമങ്ങളൊക്കെയും തീർക്കലാണ് ആളുടെ ലക്‌ഷ്യം.. വസന്തേട്ടനും അതിനനുസരിച്ച് മറുപടി പറയുന്നുണ്ട്. ഇടക്ക് കണ്ണാടിയിലൂടെ എന്നിലേക്ക് നോട്ടം പാളി വീണതും ഞാനത് കൃത്യമായി കണ്ടുപിടിച്ചു. ചുണ്ടുകോട്ടി പുച്ഛിച്ചൊന്ന് ചിരിച്ചു കൊടുത്തു.. അല്ലാ പിന്നെ.. ഇന്നത്തെ ദിവസത്തിനായി എത്ര കൊതിച്ചിരുന്നതാ.. എന്നിട്ട് കണ്ട ഭാവമുണ്ടോന്ന് നോക്കിയേ..

കാര്യമായിട്ട് ആരുടെയോ ചോരയൂറ്റുന്ന തിരക്കിലാണമ്മ. വസന്തേട്ടൻ അതിനനുസരിച്ച് മൂളിക്കൊടുക്കുന്നുമുണ്ട്. രണ്ടാളുടെയും സംസാരം ഗൗനിക്കാൻ പോയില്ല. കുറച്ച് നേരം റോഡിലെ കാഴ്ചയിലേക്ക് കണ്ണ് നട്ടിരുന്നതും താനേ കണ്ണുകളടഞ്ഞു തുടങ്ങിയിരുന്നു. അമ്മ തട്ടിവിളിച്ചപ്പോഴാണ് പിന്നെ എഴുന്നേറ്റത്. വീടിനടുത്ത് എത്തിയിരുന്നു. ഗേറ്റ് കടന്നതും ഒരു ഉന്മേഷം വന്നു നിറഞ്ഞത് പോലെ. ഇത്രയും നാളത്തെ വിരസതയ്ക്ക് പരിഹാരം ഈ ഒരിടം മാത്രമാണ്. വീട് വിട്ട് പുറത്ത് പോയി തിരികെ വീട്ടിലെത്തുമ്പോൾ ഒരു പ്രത്യേക ഫീലാണെന്ന് ദേവു പറഞ്ഞതോർത്തു പോയി.

സീതമ്മയും രണ്ടച്ഛന്മാരും വൈഷുവും ഉമ്മറത്ത് ആകാംക്ഷയോടെ നിൽപുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയതും വൈഷു ഓടി വന്നു കെട്ടിപ്പിടിച്ചു. അച്ഛന്റെ കണ്ണുകൾ അമ്മയിലെത്തും മുന്നേ എന്നിലേക്ക് നീളുന്നത് കണ്ടു. ആ കണ്ണുകളിൽ ഇപ്പോഴും കുറ്റബോധം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഓടിച്ചെന്ന് ആ ദേഹത്തണഞ്ഞതും ഒരു തേങ്ങൽ പുറത്തു വന്നിരുന്നു. “അയ്യേ.. അയ്യയ്യേ.. ന്റെ വീരശൂര പരാക്രമി അച്ഛൻ കരയുകയാണോ..” കണ്ണുതുടച്ചു കൊടുത്ത് ഇടത്തെ കവിളിലായൊന്ന് അമർത്തി മുത്തി. അപ്പോഴേക്കും സീതമ്മയും ഭാസ്കരച്ഛനും എന്നെ വന്നു പൊതിഞ്ഞു പിടിച്ചിരുന്നു.

എല്ലാവരുടെയും സ്നേഹ പ്രകടനങ്ങൾക്കിടയിൽ ഞാൻ വസന്തേട്ടനെ പാളി നോക്കി. എവിടെ.. ആളുടെ ശ്രദ്ധ കൊണ്ടുവന്ന ബാഗുകൾ അകത്തേക്ക് എടുത്തു വെക്കുന്നതിലായിരുന്നു. എന്തോ വല്ലാത്തൊരു സങ്കടം തികട്ടി വന്നു. ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു മുറിയിലോട്ട് നടന്നതും വൈഷു പിന്നാലെ ഓടിവന്നു.. “ചേച്ചിപ്പെണ്ണേ.. ചേട്ടായിയെ നോക്കി കണ്ണ് നിറക്കുന്നത് കണ്ടല്ലോ.. മിണ്ടിയില്ലല്ലേ..” “ഒന്ന് പോടി പെണ്ണേ.. കണ്ണിൽ കരടുപോയതാ..” “ഉവ്വുവ്വേ.. ഞാൻ കണ്ടതാ ചേട്ടായിയെ നോക്കി നോക്കി നിൽക്കുന്നത്.. പിന്നേയ്.. ഇതൊന്നും കാര്യമാക്കേണ്ട..ചേട്ടായ് ചുമ്മാ ജാടയിടുന്നതാ. ഇന്നലെ വരെ ഉറക്കം തൂങ്ങി നടന്നിരുന്നയാളാ..

രാവിലെ എണീറ്റപ്പോൾ മുതൽ കാണിച്ചു കൂട്ടിയ വെപ്രാളം കാണേണ്ടതായിരുന്നു..” അടുക്കളയിൽ നിന്നും പപ്പടം കാച്ചുന്ന മണം വന്നതും അവള് അടുക്കള ലക്ഷ്യമാക്കി ഓടിപ്പോയി. ഞാൻ മുകളിലെ മുറിയിലോട്ട് നടന്നു. അച്ഛൻ തനിച്ചായിരുന്നതിനാൽ അച്ഛന്റെ അകന്ന ബന്ധുവായ ജയചേച്ചി വന്നു ഇടക്ക് വീട് വൃത്തിയാക്കി ഇടുമായിരുന്നു. അതുകൊണ്ട് മുറി നല്ല വൃത്തിയായി തന്നെ കിടപ്പുണ്ട്. ചുരിദാർ ഷാൾ അഴിച്ച് ബെഡിനു മുകളിലേക്കെറിഞ്ഞു അലമാരയുടെ കണ്ണാടിക്ക് മുന്നിലായി നിന്നു.. എന്റെ ഈ നീണ്ട മുടി ഒഴിച്ചാൽ ഞാനും ദേവുവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല.

ദേവുവിന്റെ ഓർമ്മകൾ മാത്രമാകും ആ മനസ്സിൽ.. എന്നെ കണ്ടപ്പോൾ അവളെ ഓർമ്മ വന്നു കാണണം..അതാകും കണ്ടിട്ടും മിണ്ടാത്തത്. ആ ഹൃദയത്തിൽ ദേവുവിനുള്ള സ്ഥാനമൊന്നും വേണ്ടെനിക്ക്.. എങ്കിലും ഏതെങ്കിലും ഒരു കോണിൽ ഈ ഗോപുവും ഉണ്ടായെങ്കിൽ. ആളുടെ ചെറിയൊരു അവഗണന പോലും താങ്ങാൻ പറ്റുന്നില്ല. മുമ്പും ഞങ്ങൾ തമ്മിൽ എത്രയോ വട്ടം പിണങ്ങിയിട്ടുണ്ട്. രണ്ടു പേരും കട്ടയ്ക്ക് മിണ്ടാതെ നിൽക്കും. എന്റെ പിണക്കം ചിലപ്പോഴൊക്കെ നീണ്ടുപോകാറുമുണ്ട്. എപ്പോഴും തോറ്റു തരുന്നത് വസന്തേട്ടനാകും.. വസന്തേട്ടന് ഒത്തിരി നാളൊന്നും പിണങ്ങി ഇരിക്കാൻ പറ്റാറില്ല.

ആള് വന്ന് സംസാരിക്കും വരെ ഞാൻ മിണ്ടാതിരിക്കും. അങ്ങനെയുള്ള എന്നെയിന്ന് ആളുടെ മൗനം വല്ലാതെ വേദനിപ്പിക്കുന്നു. വല്ലായ്മയോടെ പുറത്തേക്ക് നോക്കിക്കൊണ്ട് ജനലരികിലെ പടിമേൽ ചാരിയിരുന്നു. അച്ഛന്മാർ രണ്ടുപേരും താഴെ മുറ്റത്ത് എന്തോ കാര്യമായ ചർച്ചയിലാണ്. അമ്മ അടുത്തില്ലാഞ്ഞിട്ടാകണം അച്ഛനൊത്തിരി മെലിഞ്ഞിട്ടുണ്ട്.. പാവങ്ങൾ ഞാൻ കാരണം ഒത്തിരി വിഷമിച്ചിട്ടുണ്ട്. റൂമിൽ ആരുടെയോ കാൽപ്പെരുമാറ്റം തോന്നിയതും തിരിഞ്ഞു നോക്കി. വസന്തേട്ടൻ കതകു ചാരി അരികിലേക്ക് വരുന്നുണ്ട്. ഒരു വേള എന്ത് ചെയ്യണമെന്നറിയാതെ അതേ ഇരുപ്പു തുടർന്നു.

ആള് വന്ന് അരികിലായി എനിക്ക് മറുവശം വന്നിരുന്നു. എന്തോ ആ സാമീപ്യത്തിൽ ഹൃദയം പെരുമ്പറ കൊട്ടും പോലെ ഇടിക്കുന്നുണ്ട്. ആളുടെ മുഖത്തു നോക്കാൻ വല്ലാത്ത പരവേശം തോന്നിയതും ആളെ നോക്കിയൊന്ന് ചിരിച്ച് പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. “ഗോപൂസേ.. എന്നെയിങ്ങനെ അവോയ്ഡ് ചെയ്യല്ലെടി.. സഹിക്കാൻ പറ്റുന്നില്ല.. അറ്റ്ലീസ്റ്റ് രണ്ട് തെറിയെങ്കിലും പറ.. ശെരിയാ നിക്ക് തെറ്റു പറ്റിപ്പോയി.. വേറൊന്നും ആലോചിക്കാതെ ചാടിക്കയറി തീരുമാനമെടുത്തു പോയി. ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് ചിന്തിച്ചിട്ടല്ല പെണ്ണെ.. ക്ഷമിക്കെടി.. ”

എന്റെ കൈ കവർന്നെടുത്ത് വസന്തേട്ടൻ പറഞ്ഞതും ആ കൈ ഞാൻ തട്ടിമാറ്റി എഴുന്നേറ്റ് മുന്നോട്ട് നടന്നു. “മിണ്ടണം പോലും.. നിക്കൊന്നും മേലാ… ഞാനല്ലേ ഹോസ്പിറ്റലിൽ കിടന്നത്.. അപ്പോ എന്നോടല്ലേ മിണ്ടേണ്ടത്.. അറ്റ്ലീസ്റ്റ് നിക്ക് സുഖാണോന്നെങ്കിലും ചോദിച്ചോ..” പിണക്കത്തോടെ മുന്നോട്ട് നടന്നതും പിന്നാലെ വന്ന് കെട്ടിപുണർന്നിരുന്നു. ആകെയൊന്ന് വിറച്ചു പോയി. ദേഹം തളർന്ന് ജീവനില്ലതെ ഒഴുകി നടക്കും പോലെ തോന്നിപോയി. എന്തോ ആ പിണക്കങ്ങളും പരിഭവവുമെല്ലാം അലിഞ്ഞില്ലാതാകും പോലെ.. “സോറി ഡി.. ദേഷ്യമാകുമെന്ന് കരുതി. ഞാൻ മിണ്ടുന്നത് ഇഷ്ടമായില്ലെങ്കിലോയെന്ന് പേടിച്ചാ മിണ്ടാതിരുന്നേ. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നി.

അതാ ഇപ്പോ വന്ന് കാലുപിടിച്ചേക്കാമെന്ന് കരുതിയെ.. ” “ആഹാ.. എന്നാ ഇതാ പിടിക്ക്..” ആളെയൊന്ന് പിന്നോട്ടേക്ക് ഉന്തി തിരിഞ്ഞു നിന്ന് ഒരു കാലു നീട്ടിപ്പറഞ്ഞു.. “അയ്യടാ.. പോയി നിന്റെ മറ്റവനോട് പറ..” ” മറ്റവനോട് തന്നെയാ മനുഷ്യാ പറഞ്ഞത്..” ആള് കേൾക്കാത്തവിധത്തിൽ പിറുപിറുത്തു.. “ശെരിക്കും നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ പെണ്ണേ..” “ഉണ്ട്.. എന്നോട് സമ്മതം ചോദിക്കാതെ എന്റെ കഴുത്തിൽ താലി കെട്ടിയില്ലേ..” അരുതാത്തതെന്തോ കേട്ടത് പോലെ ആ മുഖം വിവർണ്ണമായിപ്പോയി. “ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട് നിന്നോട് വന്ന് എല്ലാം തുറന്നു പറഞ്ഞാലോയെന്ന്.

അപ്പോഴൊക്കെയും നീ പറഞ്ഞ കാര്യം ഓർമയിൽ വരും… ‘””പ്രാണൻ അകന്നു പോയാൽ പിന്നെയീ ശരീരമെന്തിനാ.. അത് ഞാനങ്ങ് വെടിയും.'”” പേടിച്ചിട്ടാടീ.. നിന്നെ എനിക്കറിയാലോ. അതൊരിക്കലും വെറും വാക്കല്ലെന്ന് തോന്നി. പിന്നെ വേറൊരു വഴിയും എനിക്ക് തോന്നിയില്ല..” ഒരു നിമിഷം രണ്ടുപേരിലും നിശബ്ദത നിറഞ്ഞു. ആളൊന്ന് ദീർഘമായ നെടുവീർപ്പിട്ടു. “പേടിക്കേണ്ടാ ഗോപുസേ.. കുറച്ച് നാൾ.. കുറച്ച് നാൾ മാത്രം ഈ താലി ചുമന്നാൽ മതി. ചിലപ്പോൾ ഇപ്പോളത് അച്ഛനമ്മമാർക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല.. സൊ നമുക്ക് സാവധാനത്തിൽ നമുക്കെല്ലാരെയും പറഞ്ഞു മനസിലാക്കാം.

ഒരു മ്യൂച്വൽ ഡിവോഴ്സ് പെറ്റീഷൻ ആകുമ്പോൾ കിട്ടാൻ താമസം കാണില്ല..” കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിന്ന് പോയി പെണ്ണ്.. പിന്നെയും ആകെയൊരു മരവിച്ച അവസ്ഥ.. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നത് കണ്ടതും ആകെയവൻ വിഷമിച്ചു. വേഗം തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു.കൈവിരലുകൾ കൊണ്ട് താടി പിടിച്ച് മുഖമുയർത്തി ആ പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിച്ചു തുടങ്ങി. “ടെൻഷനാകല്ലേടി.. അധിക നാൾ എടുക്കില്ല.. സത്യം.. ഇപ്പോ തനിക്കുണ്ടായ വിഷമത്തിന്റെ ടെൻഷനിൽ ഉണ്ടത്രേ എല്ലാരും .. അതിനിടയ്ക്ക് പറഞ്ഞാൽ ശരിയാകാഞ്ഞിട്ടാ..

ഒരിക്കലും ഈ താലിയുടെ പേരും പറഞ്ഞ് ശല്യപ്പെടുത്താൻ വരില്ലാടി. ഞാനെന്നും നിന്റെയാ പഴയ വസന്തേട്ടൻ തന്നെയാകും.. പിന്നെ തന്നെ വീട്ടിലോട്ട് കൂട്ടാനാ അച്ഛന്റെയും അമ്മയുടേം പ്ലാൻ.. പേടിക്കേണ്ട എല്ലാവരെയും എന്തേലും പറഞ്ഞു ഞാൻ സമ്മതിപ്പിചോളാം..” അവളൊന്ന് ചിരിച്ചെന്ന് വരുത്തിയതും ആ മുഖത്തു ആശ്വാസം തെളിഞ്ഞു കണ്ടു. “പെട്ടെന്ന് ഫ്രഷായി വായോ. താഴെ ഫുഡ് കഴിക്കാൻ എല്ലാരും കാത്തിരിക്കുന്നുണ്ട്..” വിളിച്ചു പറഞ്ഞു കൊണ്ട് അവൻ റൂം വിട്ടിറങ്ങി. അലമാര തുറന്ന് ഡ്രെസ്സെടുത്ത് വാഷ്‌റൂമിലേക്ക് കുതിച്ചു. “കുറച്ചു നാൾ മാത്രം ഈ താലി ചുമന്നാൽ മതി..”

വസന്തേട്ടന്റെ വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. അസ്വസ്ഥതയോടെ അതിലധികം വേദനയോടെ ചെവികൾ പൊത്തിപ്പിടിച്ചു. ഷവർ തിരിച്ചു വെച്ച് ഭിത്തിയോട് ചേർന്ന് കീഴെ ഊർന്നിരുന്നു ആ പെണ്ണ്.. താലികെട്ടിയെന്ന അവകാശത്തിൽ മോഹിച്ചത് തന്നെ തെറ്റാ.. വീണ്ടും വീണ്ടും വിഡ്ഢിയാവുകയാണല്ലോ ഭഗവാനെ.. നെഞ്ച് നീറി പുകയും പോലെയുണ്ട്. അലറി അലറിക്കരയാൻ തോന്നിയെങ്കിലും ഒരു ഗദ്ഗദം പോലും പുറത്തേക്ക് വന്നില്ല.. ശബ്ദമെല്ലാം കൊട്ടിയടച്ചത് പോലെ.. ഹരിയേട്ടൻ ചതിച്ചെന്നറിഞ്ഞിട്ടു പോലും ഇത്ര വേദന തോന്നിയിട്ടില്ലലോ..ഇല്ലാ… ആ ജീവിതത്തിലൊരു കരടായി മാറില്ലിനി..

വസന്തേട്ടൻ പറഞ്ഞത് പോലെ കുറച്ച് കാലം ഈ താലി ഇവിടെ ഉള്ളിടത്തോളം മാത്രമെങ്കിലും ഭാര്യയായി കഴിയാമല്ലോ.. എത്ര നേരമങ്ങനെ നിശബ്ദമായിരുന്ന് തേങ്ങിയെന്നറിയില്ല.. വൈഷു വന്നു കതക് തട്ടിയപ്പോൾ പെട്ടെന്ന് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. “ഇതെന്താ ചേച്ചി.. തോർത്ത്‌ എടുക്കാൻ മറന്നതാണോ.. പനി പിടിക്കേണ്ട.. പെട്ടെന്ന് തോർത്തിക്കെ..” വാതിലിനു പിന്നിൽ കൊളുത്തിവെച്ച തോർത്ത് എറിഞ്ഞു തന്നു പെണ്ണ്. പെട്ടെന്ന് തല തോർത്തി താഴേക്ക് നടന്നു. എല്ലാവരും കഴിക്കാൻ കാത്തിരിപ്പുണ്ടായിരുന്നു.

വസന്തേട്ടന്റെ മുഖമാകെ തെളിഞ്ഞിട്ടുണ്ട്. എന്നോട് സംസാരിക്കാൻ കഴിഞ്ഞതിനാലാകണം. ഞാൻ ആളുടെ അരികത്തായി പോയിരുന്നു. വിശപ്പൊട്ടും തോന്നുന്നില്ല. എനിക്കായി സീതമ്മ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയിട്ടുണ്ട്. എന്തോ അതുപോലും കഴിച്ചു നോക്കാൻ തോന്നിയില്ല. പാത്രത്തിൽ ചുമ്മാ കൈയ്യിട്ട് ചിള്ളിപ്പെറുക്കുന്നത് കണ്ടതും അമ്മമാര് ശകാരിച്ചു തുടങ്ങി. ഒടുവിൽ പണിപ്പെട്ട് ഇത്തിരി കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. 🌺🌺🌺🌺🌺🌺🌺 അമ്മമാരുടെ കൂടെ കൂടി അടുക്കളയൊക്കെ ഒതുക്കിയ ശേഷം സ്വീകരണ മുറിയിലേക്ക് വന്നു.

അച്ഛന്മാർ രണ്ടും ടിവിയിൽ ന്യൂസ് വെച്ചിരിപ്പുണ്ട്. വസന്തേട്ടൻ അവിടെ തന്നെ മൊബൈൽ നോക്കിയിരിപ്പാണ്. അതിലേക്ക് എത്തിനോക്കി കൊണ്ട് വൈഷും അടുത്തിരിപ്പുണ്ട്. “നമുക്കിറങ്ങിയാലോ മോളെ..??” എന്നെക്കണ്ടതും ഭാസ്കരച്ഛൻ ചോദിച്ചു. “അവൾ ഇന്നിവിടെ നിൽക്കട്ടെ അച്‌ഛാ.. നമുക്കിറങ്ങാം..” ഞാനെന്തേലും പറയും മുന്നേ ആളുടെ മറുപടിയും എത്തിയിരുന്നു. ഞാൻ നിസ്സഹായയായി അച്ഛനെ നോക്കി. “നീ പോയെടാ.. എനിക്കും മോൾക്കും ഇന്നൊരുപാട് സംസാരിക്കാനുള്ളതാ.. അല്ലെ മോളെ..?” സീതമ്മയാണേ.. “ഗോപു മോൾക്ക് ഇന്നേതായാലും അവിടെ നിൽക്കാല്ലോ അല്ലെ ….?

ഇവിടെത്തെ യുവമിഥുനങ്ങൾ കണ്ടിട്ടിപ്പോ കുറച്ച് നാളായില്ലേ… മോളിവിടെ അവരുടെ ഇടയിൽ കട്ടുറുമ്പായി നിൽക്കണ്ടാ..” ഭാസ്കരച്ഛന് ശങ്കരച്ഛനെ നോക്കി കൗണ്ടറാടിച്ചപ്പോൾ സ്വീകരണ മുറിയാകെ എല്ലാവരുടെയും പൊട്ടിച്ചിരി മുഴങ്ങിക്കേട്ടു.. പിന്നെ വസന്തേട്ടന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. തിരികെ പോകുമ്പോൾ അച്ഛനുമമ്മയും കാറിൽ കയറാൻ നിന്നില്ല.. ഞങ്ങൾ പതുക്കെ നടന്നോളാമെന്ന് പറഞ്ഞ് വൈഷുനെം കൂട്ടി അവര് നടന്നു തുടങ്ങി. ഞങ്ങൾക്കായി മനഃപൂർവ്വം ഒഴിഞ്ഞു തന്നതാണെന്ന് തോന്നി. ഇങ്ങോട്ട് വരുമ്പോഴുള്ള കാര്യം ഓർത്തതു കൊണ്ട് വന്തേട്ടൻ കാറിന്റെ ലോക്കഴിച്ചതും ഞാൻ ചാടിക്കയറി കോഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു.

“നിനക്കവിടെ ബുദ്ധിമുട്ടാകുവോ പെണ്ണേ..?” “പിന്നേയ്യ്.. ഭയങ്കര ബുദ്ധിമുട്ടാകും..” ചിരിയോടെ മറുപടി പറഞ്ഞതും ആള് വണ്ടിയെടുത്തു. ഒരിക്കൽ കൂടി വലതു കാൽ വെച്ച് തികഞ്ഞ ബോധത്തോടു കൂടി വസന്തേട്ടനോടൊപ്പം അകത്തേയ്ക്ക് കയറി. അറിയില്ല ഇനിയങ്ങോട്ടുള്ള ജീവിതമെന്താകുമെന്ന്. ഒരു ഭാര്യയായി ആൾക്കെന്നെ കാണാൻ പറ്റില്ലായിരിക്കും.. എന്നാലും കുറച്ച് കാലമെങ്കിൽ കുറച്ചു കാലം ഒരുമിച്ച് കഴിയാലോ. കുറച്ച് കഴിഞ്ഞതും അച്ഛനുമമ്മയും വൈഷുവും എത്തി. അവരെ കണ്ടതും വസന്തേട്ടൻ മുകളിലേക്ക് കയറിപ്പോയി. പിന്നെ ആളെ കാണുന്നത് വൈകിട്ടത്തെ പതിവ് ചായയ്‌ക്കാണ്‌.

ആൾക്ക് ഒരു കപ്പിൽ ചായ പകർന്ന് കൊടുത്ത ശേഷം വൈഷുവിനെം കൊണ്ട് കുളപ്പടവിലേക്കിറങ്ങി. വൈഷു സ്കൂളിലെ വിശേഷങ്ങളൊക്കെ വിടാതെ പറയുന്നുണ്ട്.. ഒക്കെയും മൂളിക്കേട്ടു.. ഇടക്കെന്തേലും വസന്തേട്ടന്റെ കാര്യങ്ങൾ പറയുമ്പോൾ ആവേശത്തോടെ കേട്ട് നിന്നു. അതിനിടയിൽ അവളുടെ കൂട്ടുകാരി കാർത്തു വന്നതും എന്നെയും ഇട്ട് ആളവളുടെ പുറകെ പോയിക്കളഞ്ഞു. പിന്നെ വെള്ളത്തിലെ ഓളങ്ങൾ നോക്കി വെറുതെ ഓരോന്ന് ആലോചിച്ച് അവിടെത്തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞതും അരികിലായി വസന്തേട്ടൻ സ്ഥാനമുറപ്പിച്ചു..

ആളെന്റെ വലതു കരം കവർന്ന് പതിയെ ആളുടെ തള്ള വിരൽ കൊണ്ട് തടവുന്നുണ്ട്. “അവിടെന്ന് ഒന്നും കഴിക്കാറില്ലേ ഗോപൂ.. കൈയ്യിലെ നരമ്പോക്കെ പുറത്തേക്ക് കാണാൻ തുടങ്ങി.. വല്ലാതെ മെലിഞ്ഞു പോയല്ലോ..” “അപ്പൊ പറയുന്നയാളോ.. ഞാനപ്പൊഴേ പറയാനിരുന്നതാ.. ഇതെന്ത് കോലവാ വസന്തേട്ടാ.. കവിളൊക്കെ കുഴിഞ്ഞുപോയി.. ഇനിയിപ്പോ ആ നുണക്കുഴിയൊക്കെ മുങ്ങിതപ്പ്യാലും കാണാൻ പോണില്ല..” പ്രതികരണമൊന്നും ഇല്ലാതെ ഓളങ്ങൾ നോക്കിയിരിപ്പാണ്..

“ഞാനൊത്തിരി ഉപദ്രവിച്ചോ അന്ന്..?? രാത്രി പറഞ്ഞു പറഞ്ഞതൊക്കെ ഓർമയുണ്ടെനിക്ക്.. പ്പിന്നെ നടന്നതിനെ പറ്റി ഒരൂഹവുമില്ല.. ഒത്തിരി വേദനിപ്പിച്ചു കാണുമല്ലേ..” “ഹേയ് ഇല്ലെടി.. ന്റെ ഗോപൂസ് പാവമല്ലേ.. ന്നെയങ്ങനെ ഉപദ്രവിക്കോ.. നമുക്ക് തിരിച്ചു പോയാലോ..?” എഴുന്നേറ്റ്‌ ഉടുത്ത മുണ്ടൊന്ന് തട്ടി എനിക്ക് നേരെ കൈ നീട്ടി. ആളുടെ കൈയ്യിൽ പിടിച്ച് എഴുന്നേറ്റ് വീട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു…. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 6

Share this story