മഞ്ജീരധ്വനിപോലെ… : ഭാഗം 38

മഞ്ജീരധ്വനിപോലെ… : ഭാഗം 38

എഴുത്തുകാരി: ജീന ജാനകി

അവളാദ്യം ആ ലിപ്സ്റ്റിക് നോക്കി ഭംഗി നോക്കി…. തേക്കെടീ…… അതാ ഭംഗി….. ഇവൾക്കെന്താ തേച്ചാൽ…. “ശ്….ടീ അച്ചൂ…. ഇവള് തേച്ചില്ലേൽ ഇവളുടെ മോന്തമുഴുവൻ ഞാനത് തേയ്ക്കും….” “നിനക്കാ പുട്ടിയിലൂടെ ആ ചൊറിയുന്ന മരുന്ന് ഒഴിച്ചൂടേർന്നാ….” “എന്നാൽ പിന്നെ മെഡിക്കൽ കോളേജിലും എടുക്കൂല അതിനെ….” “ചുടുകാട്ടിൽ എടുക്കുമല്ലോ… ധാരാളം…. ഇവളുടെ കൈയിലിരുപ്പിന് കാലൻ പോത്തിന്റെ കാലിൽ ഇവളെ കെട്ടിയിട്ട് ആദ്യം കുപ്പിച്ചില്ലിലൂടെ ഉരയ്കണം…. പിന്നീട് തിളച്ച എണ്ണയിലൂടെ മുക്കിയെടുക്കണം….

എന്നിട്ട് കാന്താരിമുളക് അരച്ചതിൽ മുക്കിയെടുക്കണം…..” “കൃമി ഹോട്ട് സ്പൈസി ചില്ലി പക്കോടാ….” ഞങ്ങൾ വീണ്ടും അവളെ ഉറ്റു നോക്കി… അവള് ദേ വേറേ ഒരെണ്ണം എടുത്ത് ഭംഗി നോക്കുന്നു….. എന്റെ കടലമ്മേ ഈ സുനാമി അത് തേക്കല്ലേ…. മറ്റേത് തേക്കണേ….. അത് വായിനടുത്തേക്ക് പോകുന്നു… പെട്ടെന്ന് പിശാച് അത് മാറ്റിയിട്ട് കെമിക്കൽ മിക്സ് ചെയ്ത ലിപ്സ്റ്റിക് തന്നെ എടുത്ത് തേക്കുന്നു… എന്നിട്ട് കണ്ണാടിയിൽ നോക്കി ഉമ്മിക്കും പോലെ ചുണ്ട് കൂർപ്പിച്ച് കാണിക്കുന്നു… അച്ചൂന്റെ എക്സ്പ്രഷൻ കണ്ടാൽ അവളിവളുടെ മോന്തേലാ ഉമ്മിച്ചതെന്ന് തോന്നും….

ഈ കാമിനി എന്റെ കെട്ട്യോനെ വശീകരിക്കാനാണല്ലോ വിത്തുകാളയെ പോലെ കറങ്ങുന്നത്… ടൈം സ്റ്റാർട്ട് നൗ… മദയാനയുടെ മുഖത്തെ ഭാവമൊക്കെ മാറി…. ആദ്യം ചുണ്ട് ചെറുതായി ഒന്ന് തടവി…. പിന്നീട് ഇച്ചിരി ചൊറിഞ്ഞു… പിന്നീട് ചൊറിച്ചിലിന്റെ സ്പീഡും ശക്തിയും കൂടി…. പൂരച്ചൊറി…. ഐവാ…. വിം പണി തുടങ്ങി… ദേ വയറും പൊത്തിപ്പിടിച്ച് ഓടുന്നു… ഓടെടീ…. എന്റെ കെട്ട്യോനെ നിനക്ക് വശീകരിക്കണം അല്ലേടീ ശീലാവതി…. അച്ചുവും ഞാനും ഹൈഫൈ അടിച്ച് അവിടെ നിന്നും പോയി….. അമ്പുവിന്റെ റൂമിലേക്കാണ് ഞങ്ങൾ പോയത്…

അവിടെ അജുവും ഉണ്ടായിരുന്നു… ഭാമ – ടെറസ്സിൽ എന്തായിരുന്നു അറേഞ്ച്മെന്റ്സ്…. അമ്പു – മെഴുകുതിരി അത്താഴം…. അച്ചു – എന്തോന്ന്…. അജു – കാൻഡിൽ ലൈറ്റ് ഡിന്നർ…. ഭാമ – അതുരുക്കി ഞാനവളുടെ അണ്…. അച്ചു – ഭാമേ നോ…. ഭാമ – അണ്ണാക്കിൽ ഒഴിക്കുമെന്നാടീ…. അച്ചു – ഞാനെന്തൊക്കെയോ ചിന്തിച്ചു… അമ്പു – അല്ലേലും അസ്ഥാനത്ത് ചിന്തിക്കാൻ നീ മിടുക്കിയാ….. അജു – ദേ വായ തുറന്നാൽ രണ്ടിന്റേം ചെകിള അടിച്ചു പൊളിക്കും ഞാൻ…. ടീ അവളവിടെ എന്തൊക്കെയോ ഫുഡും ഡ്രിങ്കും ഒക്കെ എത്തിച്ചിരുന്നു… എനിക്ക് അതത്ര നല്ലതായി തോന്നിയില്ല… അതുകൊണ്ട് തന്നെ അതൊക്കെ മാറ്റി മസാലദോശയും ഓറഞ്ച് ജ്യൂസും വച്ചു… അച്ചു – ആഹാ വാട്ട് എ കോമ്പിനേഷൻ….

കാൻഡിൽ ലൈറ്റ് ഡിന്നറിന് ആരാടാ മസാലദോശ വയ്ക്കുന്നേ…. അജു – ഇവള് തന്നെ…. ഇവളുടെ ലെവലിന് പഴങ്കഞ്ഞിയും ബെസ്റ്റാ… ഞാൻ ഇച്ചിരി മുന്നേ കഴിക്കാൻ എന്ത് വേണം എന്ന് ചോദിച്ചപ്പോൾ പഴഞ്ചോറും തൈരും കാന്താരിയും വേണം എന്ന് പറഞ്ഞവളാ…. അതും മൺചട്ടിയിൽ… ഈ നട്ടപ്പാതിരായ്ക് ഞാനെവിടെ പോയി ഉണ്ടാക്കാനാ…. ഞാൻ നന്നായി ഒന്നിളിച്ച് കാണിച്ചു…. അജു – കിണിക്കണ്ട…. ഞങ്ങൾ ഒന്നു കൂടി റൊമാന്റിക് ആയി അലങ്കരിച്ചിട്ടുണ്ട്… ഇനി കിച്ചുവേട്ടനെ ഒന്ന് സുന്ദരനാക്കി അങ്ങോട്ട് വിടാം…. നീ റെഡിയായി മുകളിലേക്ക് ചെല്ല്…. ഞാൻ എല്ലാവരോടും പറഞ്ഞിട്ട് റൂമിലേക്ക് പോയി…. ************

കിച്ചു കുട്ടന്റെ കൂടെ ഇരിക്കുകയായിരുന്നു…. അമ്പു കുട്ടനെ മാറ്റി നിർത്തി കിച്ചുവിന് ഭാമയൊരു സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട്… അപ്പോ റെഡിയാക്കി ഒന്ന് ടെറസ്സിൽ എത്തിക്കണം എന്ന് പറഞ്ഞു…. അങ്ങനെ ഒരു ധാരണയിൽ അവർ മാധവിനോട് സംസാരിച്ചു…. കുട്ടൻ – ടാ…. ഞാൻ ഒരു ഷർട്ടും പാന്റും എടുത്തായിരുന്നു നിനക്ക്…. നീ ഇതൊന്ന് ഇട്ട് റെഡിയായേ… നോക്കട്ടെ… മാധവ് – ഇപ്പോഴോ…. നാളെ നോക്കാം… കുട്ടൻ – ഇപ്പോ റെഡി ആകെടാ…. നീ എന്റെ ചങ്കല്ലേ…. അമ്പു – ഏട്ടനെ ഞങ്ങൾ സുന്ദരനാക്കാം….. മാധവിന്റെ എതിർപ്പുകളെ വകവെക്കാതെ അവരവനെ റെഡിയാക്കി….

കറുത്ത ജീൻസിന്റെ ഷർട്ടും പാന്റും ആയിരുന്നു അത്…. അജു – ഐവാ പൊളിച്ചു….. എന്താ ഭംഗി…. പെട്ടെന്നാണ് അച്ചു അങ്ങോട്ട് വന്നത്… അച്ചു – കിച്ചുവേട്ടാ…. ഭാമ ഏട്ടനോട് ടെറസ്സിലോട്ട് വിളിക്കുന്നു…. മാധവ് – അവളെന്തിനാ ഈ രാത്രി തനിയ് അങ്ങോട്ട് പോയത്…. മാധവ് വേഗം അവിടേക്ക് പോയി… അവരെല്ലാവരും ഹൈഫൈ അടിച്ചു… ************ അജു താഴേക്ക് സ്റ്റെപ്പ് ഇറങ്ങുകയായിരുന്നു…. പെട്ടെന്ന് ഇറങ്ങിയതുകൊണ്ട് മുകളിലേക്ക് കയറി വരുന്ന മഞ്ജിയെ അവൻ കണ്ടില്ല… അവൾ പേടിച്ച് പിന്നിലേക്ക് ആഞ്ഞതും അജു അവളുടെ ഇടുപ്പിലൂടെ പിടിച്ചു നിർത്തി….

ഒരുനിമിഷം അവർ പരസ്പരം നോക്കി നിന്നു… അവൾ അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് നേരേ നിന്നു…. “തനിക്ക് ഉറക്കമില്ലേ…. മണി പത്തര കഴിഞ്ഞല്ലോ….” “ഞാൻ വെള്ളം കുടിക്കാനായി വന്നതാ….” “കുഴപ്പം ഒന്നൂല്ലല്ലോ അല്ലേ….” “ഏയ്….” “ശരി… പൊയ്ക്കോളൂ….” “മ്…” അവൾ അവനെ നോക്കി ചിരിച്ച ശേഷം മുകളിലേക്ക് കയറിപ്പോയി… അജു അവളെയും നോക്കി നിന്നു…. മുകളിലെത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി…. അജു ഒന്ന് കൺചിമ്മി കാട്ടിയ ശേഷം താഴേക്ക് പോയി… ഇരുവരുടെയും ചുണ്ടുകളിൽ ഒരു മന്ദസ്മിതം തങ്ങി നിന്നു….. ************

ദച്ചു റൂമിലേക്ക് പോകുന്ന വഴി ആയിരുന്നു…. പെട്ടെന്ന് കുട്ടൻ അവളെ വലിച്ചു റൂമിലേക്ക് കയറ്റി…. അവൾ നിലവിളിക്കാനായി വാ തുറന്നതും അവൻ വായ പൊത്തി…. കുട്ടനാണെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ പതറുന്നത് അവനറിഞ്ഞു… പതിയെ അവൻ കൈകൾ മാറ്റി…. ദച്ചു തല കുനിച്ചു നിന്നു…. “എന്താടീ പെണ്ണേ…. നീ എന്നെ കാണുമ്പോൾ ഇങ്ങനെ പതറുന്നത്….” “ഒ…. ഒന്നുമില്ല…. ഞാൻ…. എനിക്ക് പോണം….” ദച്ചു പോകാൻ നോക്കിയതും കുട്ടൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി… “അതേ…. എനിക്ക് ഈ പ്രണയിച്ചു ശീലമില്ല…. അതുകൊണ്ട് നേരേ ചോദിക്കുവാ…

ഞാൻ നിന്നെ കെട്ടിക്കോട്ടെ….” ദച്ചു അന്തംവിട്ടു അവനെ നോക്കി… “കണ്ണ് രണ്ടും ഉരുണ്ട് താഴെ വീഴും ഉണ്ടക്കണ്ണീ…..” ദച്ചു തല താഴ്ത്തി നിന്നു…. കുട്ടൻ ചൂണ്ട് വിരലുകൊണ്ട് അവളുടെ മുഖമുയർത്തി… “പൊയ്ക്കോ….. ഞാൻ കൊണ്ടാക്കണോ….” “വേ…. വേണ്ട…. ഞാൻ പൊക്കോളാം…” അവൻ വഴി മാറി നിന്നു കൊടുത്തു… ദച്ചു വേഗം പുറത്തേക്ക് ഓടി…. കുട്ടൻ അത് കണ്ട് ചിരിച്ചു… ദച്ചു അവളുടെ മനസ്സിൽ തണുപ്പ് പടരുന്നതറിഞ്ഞു… ************

അമ്പുവും അച്ചുവും ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയാണ്…. “ടാ ഇന്നെന്താ ചന്ദ്രൻ വരാത്തെ…” “പറയെടീ…. ആരാടീ ചന്ദ്രൻ….” “എടാ ആകാശത്ത് കാണുന്ന ചന്ദ്രൻ…” “ഹാ…. അമ്പിളി മാമനോ….” “ഏത് വകയിലാടാ നിന്റെ മാമനാകുന്നത്….” “എന്റെ കുഞ്ഞമ്മയെ കെട്ടിയ വകയിൽ…” രണ്ടും കൂടി മുഖവും വീർപ്പിച്ചു തിരിഞ്ഞ് നിന്നു…. പെട്ടെന്ന് അച്ചുവിന്റെ കഴുത്തിന് പുറകിൽ ചുടു നിശ്വാസമേറ്റ പോലെ തോന്നി…. അവൾ തല ചരിച്ചൊന്ന് നോക്കി…. അമ്പുവാണ്…. അവൻ അവളെ പുറകിലൂടെ പുണർന്നു…. “എപ്പോഴും വഴക്ക് മതിയോടീ… വല്ലപ്പോഴും ഒന്ന് ചേർത്ത് പിടിക്കണ്ടേ…

ഇതുപോലെ…. അല്ലെങ്കിൽ ഞാനൊരു അൺറൊമാന്റിക് മൂരാച്ചി ആണെന്ന് നിനക്ക് തോന്നിയാലോ…” “അതങ്ങനെ തന്നല്ലോ….” “ഓഹോ…. എങ്കിൽ ആ പരാതി അങ്ങ് തീർത്ത് തരാം….” അവനവളെ ദേഹത്തോട് ചേർത്ത് നിർത്തി…. അവളുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ താഴ്ന്നു വന്നതും അച്ചു അവനെ തള്ളിമാറ്റി ഓടി…. “പോടാ മാക്രി…..” അമ്പു ചിരിച്ചുകൊണ്ട് ആകാശത്തേക്ക് കൺനട്ടു….. ************

ഞാൻ ഫുൾ ബ്ലാക്ക് കളർ സാരിയാണ് ധരിച്ചത്…. കയ്യിൽ കരിവളയും ഇട്ടു…. ചുണ്ടിൽ കരി വാരി തേക്കാൻ പറ്റാത്തോണ്ട് ഒന്നും ഇട്ടില്ല…. ലിപ്സ്റ്റിക് ഇട്ടാൽ മര്യാദയ്ക്ക് മസാലദോശ തിന്നാൻ പറ്റില്ല…. കണ്ണേട്ടൻ വേഗം വന്നിരുന്നെങ്കിൽ വേഗം കഴിക്കാമായിരുന്നു…. ഞാൻ ടെറസ്സിലേക്ക് ചെന്നു… ടെറസ്സിൽ ഒരു കുഞ്ഞ് ഗ്ലാസ് മുറി ഉണ്ട്… പുറത്ത് കുഞ്ഞ് കുഞ്ഞ് സീരിയൽ ലൈറ്റുകൾ… അതിന് അരണ്ട വെളിച്ചമാണ്…. ഞാനാ ഗ്ലാസ് മുറി തുറന്നു…. ഉള്ളിൽ വെളുത്ത ടേബിളും രണ്ട് ചെയറും….

കുറച്ചു മാറി ഒരു മേശയിൽ ഒരു ജാർ ഓറഞ്ച് ജ്യൂസും രണ്ട് ഗ്ലാസും രണ്ട് പ്ലേറ്റും പിന്നെ ആഹാരസാധനങ്ങളും അടച്ച് വച്ചിട്ടുണ്ട്…. ടേബിളിന് നടുക്കായി ഒരു വലിയ മെഴുകുതിരി കത്തിച്ചു വെച്ചിട്ടുണ്ട്…. പിന്നെ ഒരു ഫ്ളവർവേസും അതിൽ നിറയെ മയിൽപ്പീലിയും… പിന്നെ കുറേ റോസാപ്പൂക്കളും….. ആ പ്രകാശം ആ റൂം നിറയെ പ്രതിഫലിക്കുന്നുണ്ട്…. മുറി നിറയെ റോസാപ്പൂക്കളുടെ നല്ല സുഗന്ധം വരുന്നുണ്ട്…. ഞാനവിടെ ഒരു ചെയറിലായി ഇരുന്നു….. പെട്ടെന്നാണ് ഗ്ലാസ് മുറിയുടെ വാതിൽ തുറക്കപ്പെട്ടത്….. ************

മാധവ് വാതിൽ തുറന്നതും മെഴുകുതിരി വെളിച്ചത്തിൽ ഇരിക്കുന്ന ഭാമയെ കണ്ടു… അവളിലെ കാന്തികത അവനെ വലിച്ചടുപ്പിക്കുന്നത് പോലെ തോന്നി… കറുത്ത വട്ടപ്പൊട്ടും അഴിച്ചിട്ട മുടിയും ആകെ മാധവിനെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു…. എങ്കിലും അവനത് പുറത്ത് കാണിച്ചില്ല… വാതിലടച്ച ശേഷം അവളോട് ചോദിച്ചു… “നിന്നോട് ആരാടീ പാതിരാത്രി തനിയെ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്….” (കാലൻ…. മൂഡ് പോയി….. ഇത്രേം നേരം ഞാൻ വെള്ളവും വളവും കൊടുത്തു വളർത്തിയ ലൗബേർഡ്സിനെ ഈ കാലൻ ഒരൊറ്റ ഡയലോഗിൽ കൊന്നല്ലോ….

മെഴുകുതിരി കത്തിച്ചാൽ വെളിച്ചം വരുമെന്നല്ലാണ്ട് പേമം വരും എന്ന് പറഞ്ഞ തെണ്ടിയെ പത്തലൂരി അറയണം…. പുല്ല്…. ചക്കി…. ചക്കി…. ട്രാക്ക് മാറ്റ്…. ട്രാക്ക് മാറ്റ്… – ഭാമ ആത്മ) “അതെനിക്ക് എന്റെ കെട്ടയോനൊരു സർപ്രൈസ് കൊടുക്കണം എന്ന് തോന്നി…..” “സർപ്രൈസ് തരാന്ന് പറഞ്ഞത് ഋതുവല്ലേ….” “അവളെപ്പോഴേ ഉറങ്ങി….. ചിലപ്പോൾ മറന്ന് കാണും….” “അതെന്തോ ആയിക്കോട്ടെ…. ഈ സമയത്ത് ഇങ്ങനെ രാത്രി കയറിയിറക്കം കുറച്ചൂടെ നിനക്ക്….” (പുല്ല്…. വിളിക്കണ്ടാർന്ന്…. കാത്ത് കാത്ത് കാല് കഴച്ച് താഴെ ഇറങ്ങിപ്പോകുമാർന്നു…. ട്രീറ്റാൻ പോയ എനിക്ക് ട്രീറ്റ്മെന്റ് എടുക്കേണ്ടി വരുമല്ലോ…

ഇനി ഒരേയൊരു മാർഗമേയുള്ളൂ… സെന്റി…. -ആത്മ ഭാമ) ഭാമ നിഷ്കളങ്കത വാരി വിതറി തല കുമ്പിട്ടു നിന്നു…. അത് കണ്ടപ്പോൾ മാധവിന് സങ്കടായി…. അവൻ പതിയെ അടുത്തേക്ക് വന്ന ശേഷം അവൾക്കെതിരെ കിടന്ന കസേര അവളുടെ അടുത്തേക്ക് വലിച്ചിട്ടു…. “അതെ…. ഇനി അതിന് മുഖം വീർപ്പിക്കണ്ട…” ഭാമ അവന്റെ നെഞ്ചോട് ചേർന്നിരുന്നു…. “നമ്മളിപ്പോ ഒരുപാട് സൂക്ഷിക്കണം… നീ ഇപ്പോൾ രണ്ട് ജീവനാ…. രാത്രി നേരം ആരുമില്ലാതെ കേറി വന്നാൽ നിനക്ക് എന്തേലും വയ്യായ്ക തോന്നിയാൽ അറിയോ ഞങ്ങൾ….

അതൊക്കെ കൊണ്ടല്ലേ…. സാരല്യ പോട്ടേ….” അവൾ അവനെ അമർത്തി ചുംബിച്ചു… മാധവ് ഫ്ലവർവേസിൽ നിന്നും ഒരു മയിൽപ്പീലിയെടുത്ത് അവളുടെ കവിളുകളിൽ തലോടി…. ഭാമ അവന്റെ നെഞ്ചിനുള്ളിൽ മുഖമൊളിപ്പിച്ചു… “കഴിക്കണ്ടെ….. എന്റെ മോൾക്ക് വിശക്കുമെടീ….” ഭാമ തലയാട്ടി…. മാധവ് എഴുന്നേറ്റ് ഒരു പ്ലേറ്റെടുത്തിട്ട് അതിൽ മസാലദോശ വച്ചു… ഒരു ഗ്ലാസിൽ ജ്യൂസും പകർത്തി ഒഴിച്ചു…. “ദേ കഴിക്ക്…..” ഭാമ കുറുമ്പോടെ വായ തുറന്ന് കാണിച്ചു… അവൻ ഒരു ചിരിയോടെ അവളുടെ വായിലേക്ക് ദോശ പിച്ചി വച്ചുകൊടുത്തു…. ജ്യൂസും കുടിപ്പിച്ചു… ഭാമ തന്നെ മാധവിനും ആഹാരം വാരിക്കൊടുത്തു….

അവസാനം അവളുടെ വിരൽത്തുമ്പിനെ അവൻ നുണഞ്ഞു… ഭാമയുടെ മേലാസകലം ഒരു തരിപ്പ് തോന്നി…. അവർ ഇരുവരും കൈ കഴുകി… മാധവ് ഭാമയുടെ സാരിത്തലപ്പ് കൊണ്ട് കൈയും വായും തുടച്ചു…. പെട്ടെന്നാണ് മുത്ത് ചിതറും പോലെ മഴപെയ്യാൻ തുടങ്ങി…. ഗ്ലാസ്സ് ചുമരിൽ മഴത്തുള്ളികൾ ചിത്രം വരച്ചുകൊണ്ട് ഒഴുകിയിറങ്ങി…. ഭാമ ഗ്ലാസിന് മുകളിൽ കൈ വച്ച് പുറത്തേക്ക് നോക്കി…. മാധവ് അവളുടെ പുറകിലായി വന്നു…. അവനവളുടെ മുടിയിഴകൾ മുന്നിലേക്ക് ഇട്ടു…. മാധവിന്റെ കൈ അവളുടെ കൈയുടെ മുകളിൽ പതിഞ്ഞു… അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിലെ രോമരാജികളെ ത്രസിപ്പിച്ചു………തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 37

Share this story