മൗനം : ഭാഗം 8

മൗനം : ഭാഗം 8

എഴുത്തുകാരി: ഷെർന സാറ

ദിവസങ്ങൾ മുന്നോട്ട് പോകുംതോറും എന്തോ ഒരു മാറ്റം ഗായത്രിയിൽ തോന്നിയിരുന്നു… ചിലദിവസങ്ങളിൽ ക്ഷീണിച്ചു വരുമ്പോൾ ചോദിക്കാതെ തന്നെ,, എന്റെ ആഗ്രഹം അറിഞ്ഞെന്ന പോലെ കട്ടൻ കാപ്പിയോ ചായയോ ഉണ്ടാക്കി കൊണ്ട് തരും… പക്ഷെ അപ്പോഴും ഒന്നും മിണ്ടാറില്ല… അപ്പച്ചിയുടെ മരുന്നിന്റെയും ചെക്കപ്പിന്റെയും കാര്യം സമയമാകുമ്പോൾ എന്നോട് ഇങ്ങോട്ട് വന്ന് പറയും… മൗനം കടം വാങ്ങിയ ലിപികൾ കൊണ്ട് പരസ്പരം സംസാരിക്കാൻ പഠിക്കുകയായിരുന്നു… ഞാനും,, അവളും..

അപ്പയുടെ നില അല്പം ഒന്ന് നേരെ ആയപ്പോൾ ഒരാശ്വാസം തന്നെയായിരുന്നു… പൂർണമായും കിടപ്പിലായിരുന്ന ആൾ എണീറ്റിരിക്കാനും,, ഉള്ള ആരോഗ്യം കൊണ്ട് ഉമ്മറ വാതിൽ വരെ നടക്കാനും ഒക്കെ തുടങ്ങി… ഓട്ടം കഴിഞ്ഞ് നേരത്തെ എത്തുന്ന ദിവസങ്ങളിൽ ചിലതിൽ,, അപ്പയോട് ചേർന്ന് കിടക്കും… അപ്പയ്ക്ക് അന്ന് ഒരുപാട് സംസാരിക്കാൻ കാണും… അതിലേറെ എനിക്കും… മിഥുവും അപ്പയും അല്ലാതെ മറ്റാരും എന്നോട് സംസാരിക്കാറില്ലാത്തത് കൊണ്ട് ആ വിഷമം കൂടി കയ്യിൽ കിട്ടുന്നനേരത്തെ ഇരുവരോടും സംസാരിച്ചാണ് തീർക്കുന്നത്… നമ്മളെ കേൾക്കാനും പറയാനും ഒക്കെ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്…

നമ്മുടെ ഉള്ളിലെ ദുഃഖങ്ങൾ ഒക്കെയും ആരോടെങ്കിലും പറഞ്ഞാൽ മനസിന്‌ അല്പം ആശ്വാസം കിട്ടും എന്നാണല്ലോ… ഒരേ ഇരുപ്പിൽ ഇരുന്നു മണിക്കൂറുകളോളം വണ്ടി ഓടിക്കുന്നതല്ലേ… ചിലപ്പോൾ രാത്രിയിൽ വല്ലാത്ത പുറം വേദനയും നടുവേദനയും ഒക്കെ തോന്നും.. അല്പം ചൂട് പിടിച്ചാൽ ഒരാശ്വാസം കിട്ടും… പക്ഷെ അപ്പയ്ക്ക് സുഖമില്ലാത്തതിനാൽ അപ്പയോട് പറയില്ല… ഗായത്രിയെ ബുന്ധിമുട്ടിക്കാനും തോന്നുന്നില്ല… ആ വേദന സഹിച്ചു കിടക്കുമ്പോൾ എന്നെങ്കിലും തന്നെ ഗായത്രി മനസ്സിലാക്കുമോ എന്നാണ് ചിന്തയിൽ മുഴുവനും… ###############

പതിവ് പോലെ രാവിലെ ഓട്ടം പോയപ്പോൾ ആണ് ഫോണിലേക്ക് ഗായത്രിയുടെ കാൾ ചന്തുവിന് വരുന്നത്… എന്തെങ്കിലും അത്യാവശ്യകാര്യം അല്ലാതെ അവൾ വിളിക്കില്ല എന്നുള്ളത് കൊണ്ട്,, അടുത്ത സ്റ്റോപ്പിൽ എത്തി ബസ് നിർത്തിയപ്പോൾ അവൻ കാൾ അറ്റൻഡ് ചെയ്തു… “ചന്തുവേട്ടാ…. അമ്മ… അമ്മ… ഹോസ്പിറ്റലിൽ ആണ്… ഒന്ന് വരോ..ന്നേ കൊണ്ട് ഇവിടെ ഒറ്റയ്ക്ക് ആവൂല … ” ഏങ്ങലടിച്ചു കൊണ്ട് ഓരോ വാക്കും പെറുക്കി പെറുക്കി അവൾ പറയുമ്പോൾ ഇവിടെ അവന്റെ നെഞ്ചിടിപ്പും ഏറുകയായിരുന്നു… രാവിലെ ഇറങ്ങുമ്പോൾ അപ്പയ്ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു…

പിന്നെയിപ്പോൾ പെട്ടെന്ന് എന്ത് പറ്റി… ” താൻ ടെൻഷൻ ആവാതെ… ഒരര മണിക്കൂർ… അതിനുള്ളിൽ ഞാൻ എത്താമെടോ… അപ്പയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്… ” അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് അവൻ പറഞ്ഞു… ” നേരെ ICU ലേക്ക് കേറ്റി… ഇതുവരെ ഒന്നും പറഞ്ഞില്ല….എനിക്ക്… എനിക്ക് ആകെ പേടിയാവുവാ… ഒന്ന് വേം വരോ… ” ” തന്റെ കയ്യിൽ പൈസ വല്ലതും ഉണ്ടോ.. ഫർമസിയിലോ മറ്റോ പോവേണ്ടിവന്നാൽ… “അവൻ തിരക്ക… ” ഉണ്ട്… ” “ടെൻഷൻ ആവണ്ട… ഗായത്രി ഫോൺ വെച്ചോ… ഞാൻ പെട്ടെന്ന് വരാം… ”

അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്തു കണ്ടക്ടർ രാഘവൻ ചേട്ടനോട് കാര്യം പറയുമ്പോൾ,,, രണ്ടു സ്റ്റോപ്പിനപ്പുറത്ത് നിന്നും മറ്റൊരു ഡ്രൈവറെ അയാൾ അറേഞ്ച് ചെയ്തിരുന്നു… തിരക്ക് നിറഞ്ഞ ജനറൽ വാർഡും കടന്ന് ICU വിന്റെ അടുത്തേക്ക് ചെന്നപ്പോൾ തന്നെ അതിനു മുന്നിലെ വെയ്റ്റിംഗ് ചെയറിൽ ഇരിക്കുന്ന ഗായത്രിയെ… കണ്ണുകൾ രണ്ടും ഇറുകേ അടച്ചു ഭിത്തിയിൽ തല ചാരി ഇരിക്കുകയാണെങ്കിലും അവളുടെ ഇരു ചെന്നിയിൽ കൂടിയും കണ്ണ് നീര് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു… മനസ്സും ശരീരവും ഒരുപോലെ തളർന്നുപോയിരിക്കുന്നു… അല്പം മുൻപ് അമ്മയുടെ നാവിൽ നിന്നും കേട്ടൊരു കഥ…

അതിൽ ഉടക്കി കിടക്കുകയാണ് അവളുടെ മനസ്… അടുത്താരുടെയോ സാമീപ്യം അറിഞ്ഞെന്നപോലെ കണ്ണ് തുറക്കുമ്പോൾ കണ്ടു,, വെപ്രാളത്തോടെ തന്നിലേക്ക് ഓടിയടുക്കുന്ന ആ മനുഷ്യനെ… ” ഗായത്രി… അപ്പയ്ക്ക് ഇപ്പൊ എങ്ങനുണ്ട് … ഡോക്ടർ എന്തേലും പറഞ്ഞോ…പെട്ടെന്ന് എന്ത് പറ്റിയതാ… രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ… ” തന്റെ അടുത്തേക്ക് വന്നയുടനെ ഒറ്റശ്വാസത്തിൽ ഇത്രയും ചോദിച്ച ചന്തുവിനെ നോക്കി പ്രതികരണം ഏതുമില്ലാതെ അവൾ നിന്നു…

അവനെ ആദ്യമായി കാണുന്നത് പോലെ… “ഗായത്രി… ” ചന്തു അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു എന്ന് അവൾക്ക് ബോധം വന്നത്… ” ഇങ്ങനെ നോക്കി നില്കാതെ ഒന്ന് പറയെടോ… അപ്പയ്ക്ക് ഇപ്പൊ എങ്ങനുണ്ട്… ” ” കുറച്ചു മുൻപ് എന്നെ കാണണംന്ന് പറഞ്ഞു,, കേറി കണ്ടായിരുന്നു… ചന്തുവേട്ടനെയും കാണണം ന്ന് പറഞ്ഞു… ” ഒരിക്കൽ കൂടി അവൻ ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു… “ന്നിട്ട്… ” ” ഡോക്ടറിന്റെ ക്യാബിൻ വരെ ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു…

നിക്ക് ഒറ്റയ്ക്ക് പേടിയായിട്ട്… അതോണ്ട് പോയില്ല…” അല്പം മടിച്ചു കൊണ്ടാണ് അവൾ പറഞ്ഞത്.. ഒപ്പം ചെറിയൊരു ഭയവും ഉണ്ടായിരുന്നു… അവൻ എന്തെങ്കിലും പറയുമോ,,അല്ലെങ്കിൽ ദേഷ്യപ്പെടുമോ ന്നൊക്കെ ഓർത്തിട്ട്… ” ഉം… ഞാൻ പോയിട്ട് വരാം.. താൻ ഇവിടെ ഇരുന്നോ… ന്തെങ്കിലും ആവശ്യം വന്നാൽ ഇവിടെ ആള് വേണം.. എന്തേലും ഉണ്ടേൽ താൻ എന്നെ ഒന്ന് വിളിച്ചാൽ മതി… ” അത്രയും പറഞ്ഞു കൊണ്ട് തിരിച്ച് ഒരു മറുപടിക്ക് കാക്കാതെ അവൻ മുന്നോട്ട് നടന്നു……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 7

Share this story