ഋതുസംക്രമം : ഭാഗം 11

ഋതുസംക്രമം : ഭാഗം 11

എഴുത്തുകാരി: അമൃത അജയൻ

നെന്മേലിക്കാവിൽ നിന്ന് സുപ്രഭാതം കേട്ട് തുടങ്ങിയപ്പോൾ പപ്പി കണ്ണു തുറന്നു .. ജീവിതത്തിലെ നല്ല ഓർമകൾ തുടങ്ങുന്നത് അവിടെ നിന്നാണ് . അനുജൻ്റെ കൈ പിടിച്ച് എല്ലാ പ്രഭാതത്തിലും ക്ഷേത്ര ദർശനം നടത്തിയിരുന്ന ഒരു പാവാടക്കാരി സ്മൃതികളുടെ നീണ്ട പാളത്തിനങ്ങേയറ്റത്ത് ഇന്നും മിഴിവോടെ നിൽപ്പുണ്ട് . അവിടെ നിന്നവൾ എത്ര ദൂരം സഞ്ചരിച്ചു . ഒരുപാടൊരുപാട് . അറിയാത്ത ഊടുവഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഇനിയൊരു മടക്കം സാത്യമല്ലാത്ത അത്രയും അകലങ്ങളിലാണ് .

എന്നാലും മറവിക്ക് മായ്ക്കാനാകാതെ കാലമൊരു കൗമാരക്കാരിയുടെ രൂപം പൂണ്ട് അവളെ മോഹിപ്പിക്കാറുണ്ട് . കിടക്കയിൽ എഴുന്നേറ്റിരുന്ന് ജാലകത്തിൻ്റെ കൊളുത്തിളക്കി നനുത്ത പുലരിയെ അകത്തേക്കാനയിച്ചു . ക്ഷേത്രത്തിൽ പോകണമെന്ന് തോന്നി . വരുമ്പോഴൊക്കെ പതിവുള്ളതാണ് . ലൈറ്റ് തെളിച്ച് പാദങ്ങൾ നിലത്തു കുത്തി എഴുന്നേറ്റു .. മ്യൂറൽ പെയിൻ്റിങ് ചെയ്ത നേരിയ സാരിയൊരെണ്ണമെടുത്തു വച്ചിട്ട് കുളിക്കുവാൻ കയറി .. **** *** ** * * * * ഈറൻ മുടിത്തുമ്പിലൊരു കെട്ടിട്ട് , കണ്ണാടിക്കു മുന്നിൽ നിന്ന് ഒരിക്കൽ കൂടി ഭംഗി നോക്കിയിട്ട് പേഴ്സുമെടുത്ത് പപ്പി താഴേക്കിറങ്ങി വന്നു .

അഞ്ജനയുടെ റൂം അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു . മൈത്രിയെ കുറിച്ചോർത്തപ്പോൾ വിഷമം തോന്നി .. പാവം … ! പപ്പി ആത്മഗതം പറഞ്ഞു .. പുറത്തേക്കിറങ്ങിയപ്പോൾ സുമിത്ര പാലുമായി ഗേറ്റ് കടന്നു വരുന്നുണ്ടായിരുന്നു . പപ്പിയെ കണ്ട് അവൾ ഭവ്യതയോടെ നിന്നു .. ” സുമിത്ര ഇവിടെയല്ലേ കിടപ്പ് .. ” ” രാത്രി ഞാൻ വീട്ടിലേക്ക് പോകും .. ദോ ആ വളവിലാ ഞങ്ങടെ പുതിയ വീട് .. ” ഓടിട്ട ചെറിയൊരു വീട് മതിൽക്കെട്ടിനു പുറത്തു കൂടി കാണാമായിരുന്നു .. പപ്പി പുഞ്ചിരി തൂകിയിട്ട് നടന്നു . പകലിൻ്റെ നേർത്ത വെളിച്ചം ആകാശച്ചെരുവുകളിൽ നിന്ന് താഴെക്കിറക്കാൻ കാത്ത് നിൽപ്പുണ്ടായിരുന്നു . വഴികളിൽ ഇരുട്ട് തന്നെ ..

കുറച്ച് മുന്നിൽ സ്ട്രീറ്റ് ലൈറ്റുണ്ട് . പക്ഷെ വെളിച്ചം പോരാ . ക്ഷേത്രത്തിലെത്തി ആദ്യം ഭഗവതിയെ തൊഴുതു .. ശേഷം കൗണ്ടറിലേക്ക് ചെന്ന് രണ്ട് പുഷ്പാഞ്ജലിക്കെഴുതി .. പത്മരാജൻ , തൃക്കേട്ട മൈത്രേയി , കാർത്തിക .. പണമടച്ച് തിരിഞ്ഞപ്പോഴാണ് ശ്രീകോവിലിനു മുന്നിൽ കണ്ണടച്ചു തൊഴുതു നിൽക്കുന്നയാളെ കണ്ടത് .. ശ്രീനന്ദ ……..! പപ്പി ശ്രീനന്ദയുടെ അടുത്തേക്ക് ചെന്നു .. പുഷ്പാഞ്ജലിയുടെ റെസീറ്റ് ശ്രീകോവിലിൻ്റെ പടിക്കൽ വയ്ക്കുമ്പോൾ ശ്രീനന്ദയും പപ്പിയെ കണ്ടു . അവരുടെ മുഖത്ത് സന്തോഷം തിരയിളകി .. ക്ഷേത്രത്തിനുള്ളിലായത് കൊണ്ട് ഒന്നും സംസാരിച്ചില്ല എങ്കിലും പപ്പി ശ്രീനന്ദയുടെ കൈപിടിച്ച് ചെറുതായി അമർത്തി ..

അവരൊന്നിച്ചാണ് വലം വച്ച് തൊഴുതത് .. പ്രസാദം വാങ്ങി ചന്ദനം നെറ്റിയിൽ തൊട്ടിട്ട് അവരൊന്നിച്ച് പുറത്തേക്ക് വന്നു .. ” പപ്പിയേടത്തി എന്ന് വന്നു … ” ശ്രീനന്ദയുടെ ശബ്ദത്തിൽ തന്നെ സന്തോഷം തിരിച്ചറിയാമായിരുന്നു .. ” ഇന്നലെ രാത്രി ….” ” മുംബേന്നോ…” ” ല്ല്യ .. കൽക്കത്തയിലായിരുന്നു .. രാഗിണി വന്നില്ലേ …?” ” ല്ല്യ …. ഏഴ് കുളിച്ചിട്ടില്ല്യേ ….” ” സൂര്യൻ .. ആ കുട്ടിയിപ്പോ എന്ത് ചെയ്യുന്നു … പഠിത്തം കഴിഞ്ഞില്ലേ .. ” ” ഉവ്വ് .. ഡിഗ്രി കഴിഞ്ഞ് നിക്കാൻ തുടങ്ങീട്ട് വർഷം രണ്ടായി .. എവിടെങ്കിലും ഒരു പണിയൊപ്പിക്കാനുള്ള ഓട്ടത്തിലാ പാവം .. ഒന്നൂങ്ങ്ട് ശരിയാവണില്ല്യ ..

പത്മ ഗ്രൂപ്പ്സിനും രണ്ടോ മൂന്നോ ആപ്ലിക്കേഷൻ അയച്ചിരിക്കുണു .. പക്ഷെ വിളിച്ചില്ല്യ ….. നാട്ടുകാരുടെ ചോദ്യോം പറച്ചിലും കാരണം ആ കുട്ടീം സങ്കടത്തിലാ ..” ” പി ജി ചെയ്യാൻ പ്ലാനില്ലേ … ” ” എവിടെങ്കിലും ഒരു പണീണ്ടായിട്ട് ഡിസ്റ്റൻസായിട്ട് ചെയ്യാന്നാ പറേണേ .. പപ്പിയേടത്തിയോട് പറയാല്ലോ .. ഇല്ലത്തിൻ്റെ പേരേപ്പൊഉളു.. പഴയ പോലെ വരുമാനോന്നൂല്ല്യ. .. ണ്ടായിരുന്ന തെങ്ങോളില് പതിമൂന്നെണ്ണാ മണ്ട പോയി നിക്കണെ .. നന്നായി കയ്ക്കണ രണ്ടെണ്ണം പ്രളയത്തില് പിഴുതു വീണു .. പ്പോ കൂടിയാ ഇരുന്നൂറ്റമ്പത് നാളികേരം കിട്ടും .. ഇല്ലത്തെ ആവശ്യത്തിനും പോയിട്ട് ബാക്കിയാ വിൽക്കണെ ..പിന്നെ ൻ്റെ ഡാൻസ് ക്ലാസിൻ്റെ വരുമാനോം ..

അത്ര കൊണ്ട് ന്താവാനാ .. ” പപ്പി കേട്ട് കൊണ്ട് ഒപ്പം നടന്നു .. ദാരിദ്ര്യം അവരെ പിടിമുറുക്കിയിരിക്കുന്നു .. എങ്ങനെ ജീവിക്കേണ്ടവളായിരുന്നു ശ്രീനന്ദ . . പപ്പി നെടുവീർപ്പയച്ചു .. ” പപ്പേട്ടനിപ്പോ ങ്ങനേണ്ട് ….” പപ്പി അവളുടെ മുഖത്തേക്ക് നോക്കി .. പപ്പേട്ടനെന്ന് ഉച്ചരിക്കുമ്പോൾ ആ കണ്ണുകളിലിന്നും കെടാത്തൊരു തിരിയുണ്ട് .. വാക്കുകളിൽ ഹൃദയത്തിൻ്റെ നിലവിളിയുണ്ട് .. അവിവാഹിതയായി ശ്രീനന്ദയിന്നും കഴിയുന്നത് ഇനിയൊരു പുരുഷനും മനസ് കൊടുക്കാൻ കഴിയാഞ്ഞിട്ടല്ലേ .. താനുൾപ്പെടെ ആരെല്ലാം പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഈ ഏകാന്തത അവൾ സ്വയം വരിച്ചതാണ് ..

ഒരിക്കലവൾ പറഞ്ഞതോർമയുണ്ട് .. ” ശ്രീനന്ദ മരിച്ചുവേടത്തി .. പപ്പേട്ടൻ്റെ പ്രണയം ബാക്കി വച്ച പടച്ചോറാണ് ഏടത്തിടെ മുന്നിലിപ്പോൾ നിൽക്കുന്നത് … ” ” ഏടത്തി എന്താ ഓർക്കണെ …” ” ഏയ് … ഞാൻ വെറുതെ … മൈത്രിയിപ്പോഴും നൃത്തം പഠിക്കാൻ വരില്ലേ … ” ” ഉവ്വ് …..പക്ഷെ …..” ” എന്താ നന്ദേ … ” ” നിക്ക് തോന്നണതാണോന്നറിയില്ല്യ.. കുട്ടിക്ക് പ്പോ പഴയ ചൊടീം ചൊണേം ഒന്നൂല്ല്യ … എപ്പോ കണ്ടാലും മുഖത്ത് വിഷാദ ഭാവം മാത്രം … ” ” തോന്നലല്ല നന്ദേ … നിക്കൊരെത്തും പിടീല്ല്യ … പപ്പൂട്ടന് ഒന്നും ചെയ്യാനാവില്ല്യലോ … വളർന്നു വരണ കുട്ടിയല്ല്യേ അവൾ … ഈ പ്രായത്തില് അതിനെ ജയിലിലിട്ടിരിക്കണ പോലാ .. ദേഹത്തൊക്കെ അടീടെ പാടും .. ”

” അഞ്ജനയെ ഉപദേശിക്കാൻ അവിടാരാ ഉള്ളത് .. ഞങ്ങളൊക്കെ അറീണിണ്ട്.. സുമിത്ര വരുമ്പോ ഓരോന്ന് പറഞ്ഞ് കേൾക്കാറിണ്ട് … ” അവർ നടന്ന് പത്മതീർത്ഥത്തിനു മുന്നിലെത്തിയിരുന്നു .. ” ഞാനിന്ന് അത്രടം വരെ വരാനിരുന്നതാ നന്ദേ ..” ” വരവ് ന്തായാലും മുടക്കണ്ട .. ഞാൻ കാത്തിരിക്കും .. ” ശ്രീനന്ദയോട് യാത്ര പറഞ്ഞ് പപ്പി അകത്തേക്ക് കയറി വന്നു .. പടിക്കൽ ഗ്ലാസും പിടിച്ച് ഒരു ചുവന്ന കുട്ടിപ്പാവാടയും വെള്ള ടോപ്പുമിട്ട് മൈത്രിയിരിപ്പുണ്ട് .. പപ്പിയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു .. മുഖം പക്ഷെ വീർപ്പിച്ചു വച്ചിരുന്നു .. പപ്പി ചിരി വിടാതെ അവളുടെ അടുത്ത് ചെന്ന് കവിളിൽ തൊട്ടു .. ” വേണ്ട .. ന്നോട് മിണ്ടണ്ട … ” അവൾ പപ്പിയുടെ കൈ തട്ടി മാറ്റി .. ”

അയ്യോ അതെന്ത് പറ്റി ആൻറീടെ കുട്ടന് ..” ” ഞാനെത്ര വിളിച്ചു .. എവിടൊക്കെ നോക്കി .. ആൻ്റിയെ കണ്ടില്ലല്ലോ ” ചായ മൊത്തിക്കുടിച്ച് ചുണ്ടത്ത് മീശയും വച്ച് പരിഭവിച്ച് നിൽക്കുന്ന അവളെ കണ്ടപ്പോൾ പപ്പിക്ക് ചിരി വന്നു .. ” ആൻറി അമ്പലത്തിൽ പോയതല്ലേ .. വിളിക്കാനാണേൽ റൂം അടഞ്ഞ് കിടപ്പായിരുന്നു … അതു കൊണ്ടല്ലേ ആൻ്റി പറയാതെ പോയത് .. ” തത്ക്കാലം അവളാ മറുപടിയിൽ തൃപ്തിപ്പെട്ടു . . ” അമ്മ പോയല്ലോ .. ” അത് പറയുമ്പോൾ മൈത്രിക്കൊരു സന്തോഷമുണ്ടായിരുന്നു .. ” ഇത്ര രാവിലെയോ .. എവിടെ പോയതാ ..” ” ആവോ .. പോയത് നന്നായി .. നമുക്കിന്നടിച്ച് പൊളിക്കാട്ടോ ..”

അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു .. ” അയ്യടാ .. അപ്പോ സപ്ലിക്ക് പഠിക്കണ്ടേ … ” ” പഠിക്കുവോം ചെയ്യാം .. പപ്പിയാൻ്റി പഠിപ്പിച്ചാൽ മതിയെന്നെ … ” പപ്പി ചിരിച്ചു കൊണ്ട് തലയാട്ടി .. മനസിൽ അതിരാവിലെ അഞ്ജന പോയതിനെ കുറിച്ചാണ് ചിന്തിച്ചത് . . ഇത്ര രാവിലെ അവളെങ്ങോട്ടാവും പോയത് .. ***** ** * * * * * അന്ന് ഉച്ചവരെയും മൈത്രി പപ്പിയുടെ കൂടെയായിരുന്നു .. ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റും ലഞ്ചും പഠിത്തവും സംസാരവുമൊക്കെയായി മൈത്രി സന്തോഷവതിയായി .. ആ മാറ്റം അവളുടെ മുഖത്തും പ്രകടമായിരുന്നു .. മൂന്ന് മണിയായപ്പോൾ അഞ്ജനയുടെ കാർ ഗേറ്റ് കടന്ന് വന്നു ..

അത് കണ്ട പാടെ മൈത്രി ബുക്സുമെടുത്ത് താഴേക്കോടി .. അഞ്ജനയുടെ മുറിയിലിരുന്ന് പഠിക്കാൻ ഉത്തരവിട്ടിട്ടായിരുന്നു അവൾ രാവിലെ പോയത് .. അഞ്ജന അകത്തേക്ക് കയറി വരുമ്പോൾ പഴയിടത്തേക്ക് പോകാനായി പപ്പിയും താഴേക്ക് വന്നു .. നീല ജീൻസും കറുത്ത ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം .. മുടി പിന്നിലേക്ക് ക്ലിപ്പ് ചെയ്ത് വച്ചിരുന്നു .. കൈയിലൊരു ഫയലുണ്ടായിരുന്നു .. പപ്പിയെ കണ്ടിട്ടും അവൾ മൈൻഡ് ചെയ്തില്ല .. വലിഞ്ഞു കയറി വന്ന അഭയാർത്ഥിയോടെന്ന പോലെയുള്ള പെരുമാറ്റം പപ്പിക്ക് വേദനയുണ്ടാക്കി .. ഒരു കണക്കിന് സത്യമാണ് .. പത്മതീർത്ഥത്തിലിന്ന് പത്മജക്ക് എന്തവകാശം ..

അഞ്ജന മൈത്രിയുടെ പേര് വിളിച്ചു കൊണ്ട് മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി വാതിൽ ആഞ്ഞടച്ചു .. തൻ്റെ നേർക്കുള്ള പ്രകടനമാണതെന്ന് പപ്പിക്ക് മനസിലായി .. അവൾ മിണ്ടാതെ മുറ്റത്തേക്കിറങ്ങി പോയി .. അമ്മയെ കണ്ടപ്പോൾ മൈത്രി ചെറുതായി ചിരിക്കാൻ ശ്രമിച്ചു .. അഞ്ജന അടുത്ത് ചെന്ന് നോട്സ് പരിശോധിച്ചു .. ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിലെ ഇക്വാഷനുകൾ ഡിറൈവ് ചെയ്ത് പഠിച്ചിരിക്കുകയാണ് .. അഞ്ജനയവളുടെ തലയിൽ കൈവച്ചു .. ” പഠിച്ചോ നന്നായിട്ട് …” എവിടെയോ തരിമ്പ് സ്നേഹം മൈത്രിക്ക് അനുഭവപ്പെട്ടു . അതോ ശബ്ദത്തിൻ്റെ സൗമ്യത കൊണ്ട് തോന്നിയതോ ..

അവൾ ഉവ്വെന്ന് തലയാട്ടിയിട്ട് അഞ്ജനയെ മലർന്നു നോക്കി . ” ജിത്തു വിളിച്ചോ നിന്നെ .. ” അവൾ മിണ്ടാതിരുന്നു . ആ ഫോൺ ഒന്നെടുത്തു നോക്കിയിട്ട് പോലുമില്ല .. ” വിളിച്ചില്ല … ” വെറുതെയെങ്കിലും പറഞ്ഞു .. അടുത്ത നിമിഷം തന്നെ അതിലെ അപകടം തിരിച്ചറിയുകയും ചെയ്തു .. എങ്ങാനും അവൻ വിളിച്ചിട്ടുണ്ടെങ്കിൽ താനെടുത്തില്ലെന്ന് അമ്മയോട് പറയും . കള്ളം പറഞ്ഞതിന് അമ്മയുടെ അടുത്ത് നിന്ന് കിട്ടുകയും ചെയ്യും . പക്ഷെ അതൊന്നുമുണ്ടായില്ല .. ” ഞാൻ പറഞ്ഞു അവനോട് .. എക്സാം കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് .. ” ശിരസിലിരുന്ന കൈ ഊർന്ന് താഴേക്ക് വന്ന് അവളുടെ കവിളിൽ മൃദുവായി തട്ടിയിട്ട് അഞ്ജന തൻ്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു . അമ്മയ്ക്കെന്തു പറ്റി . ചിലപ്പോ അമ്മ പറഞ്ഞ പോലെ രാവിലെ മുതൽ ഇതിനുള്ളിലിരുന്ന് പഠിച്ചൂന്ന് കരുതിട്ടാവും.. ******** ** *

പിറ്റേന്ന് ഞായറാഴ്ച അഞ്ജനയും വീട്ടിലുണ്ടായിരുന്നത് കൊണ്ട് മൈത്രിക്ക് പപ്പിയോട് അധികമൊന്നും ഇടപഴകാൻ കഴിഞ്ഞില്ല .. സദാ സമയവും മൈത്രിയെയും അകത്തു വച്ചു കൊണ്ട് അഞ്ജന റൂം അടച്ചിട്ടിരുന്നു .. പപ്പിയാൻറിയുടെ അടുത്ത് പോകാൻ കഴിയാത്തതിൽ ദുഃഖമുണ്ടായിരുന്നെങ്കിലും അമ്മയവളെ വഴക്കു പറയുകയോ തല്ലുകയോ ഒന്നും ചെയ്തില്ല .. ഇടയ്ക്ക് കുടിയ്ക്കാൻ വെള്ളവും ആപ്പിൾ മുറിച്ചിട്ടതുമൊക്കെ കൊണ്ട് കൊടുക്കുകയും ചെയ്തു . . അതു കൊണ്ട് തന്നെ അവൾ സമാധാനമായി ഇരുന്ന് പഠിച്ചു . . പിറ്റേന്ന് തിങ്കളാഴ്ച .. മൈത്രി പോകുന്നതിനു മുന്നേ അഞ്ജന പോയി . നന്നായി എക്സാം അറ്റൻഡ് ചെയ്യണമെന്ന് ഉപദേശിച്ചിട്ടാണ് അവൾ പോയത് ..

അച്ഛയോടും പപ്പിയാൻ്റിടും യാത്ര പറഞ്ഞ് മൈത്രിയും ഇറങ്ങി .. മൈത്രിയെ കാറിൽ കയറ്റി വിടാൻ പപ്പിയും പൂമുഖം വരെ ചെന്നു .. ക്വസ്റ്റ്യൻ പേപ്പർ കണ്ടപ്പോൾ അവൾക്ക് ആത്മവിശ്വാസം തോന്നി .. നാല് എസ്സേ ക്വസ്റ്റ്യൻസിൽ രണ്ടെണ്ണം എഴുതിയാൽ മതി .. അവൾ നന്നായി പഠിച്ച രണ്ട് ക്വസ്റ്റ്യൻസ് ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു .. എസ്സേ രണ്ടും കിട്ടിയാൽ തന്നെ പകുതി രക്ഷപ്പെട്ടു .. ഷോർട്ട് നോട്ട്സും തരക്കേടില്ലാതെ എഴുതി ഒപ്പിക്കാവുന്നതൊക്കെ തന്നെയായിരുന്നു .. രണ്ട് മാർക്കിൻ്റെ ചോദ്യങ്ങളിൽ ചിലതൊക്കെ പഠിച്ചതെങ്കിലും കൃത്യം ഡെഫനിഷൻസ് ഓർമ വന്നില്ല ..

എന്നാലും മൊത്തത്തിൽ അവൾക്ക് ജയിക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നു .. പരീക്ഷ കഴിഞ്ഞ് അവൾ തെളിഞ്ഞ മുഖത്തോടെയാണ് ഇറങ്ങിയത് .. ഹാൾ ടിക്കറ്റ് ബാഗിലേക്ക് വച്ചിട്ട് അവൾ അപ്പുറത്തെ ക്ലാസ് റൂമിലേക്ക് നോക്കി . വിന്നി എഴുതി കഴിഞ്ഞിട്ടില്ല .. ഗാഥയ്ക്ക് ഫിസിക്സ് സപ്ലിയില്ല .. ഇംഗ്ലീഷാണ് ഉണ്ടായിരുന്നത് .. അത് ബുധനാഴ്ച കഴിഞ്ഞിരുന്നു .. ” മൈത്രേയി എളുപ്പമുണ്ടായിരുന്നോ ..” ഡെൻസിയാണ് .. ” കുഴപ്പമില്ലായിരുന്നു … ” ” എസ്സേ കിട്ടിയോ …” ” ങും … ” ” ഷോട്ട് നോട്ട്സിൽ ഫോർത് ക്വസ്റ്റ്യൻ ടാൻ തീറ്റ വച്ചായിരുന്നു ചെയ്യേണ്ടിയിരുന്നത് .. നീയങ്ങനെയാണോ ചെയ്തേ .. എല്ലാർക്കും അത് തെറ്റീന്ന് പറയുന്നു ..

ക്ലാസിൽ ചെയ്ത ആ മെത്തേടിൽ ചെയ്യേണ്ടതല്ലായിരുന്നു ഇത് .. നോക്ക് ഡിഗ്രി വേറേയാ തന്നേക്കുന്നേ .. ” മൈത്രിക്ക് ദേഷ്യം വന്നു .. എക്സാം കഴിഞ്ഞിറങ്ങിയാൽ പിന്നെ ക്വസ്റ്റ്യൻ ഡിസ്കസ് ചെയ്യുന്നത് അവൾക്കിഷ്ടമല്ല .. ഉള്ള മനസമാധാനം കൂടി പോകും .. ” ആ എനിക്കറിയില്ല .. ഞാൻ അതല്ല എഴുതീത് .. നൈൻന്ത് വൺ ആണ് .. ” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .. ” ഹോ .. ആ ക്വസ്റ്റ്യൻ നിനക്കറിയാരുന്നോ … അതെങ്ങനെ കിട്ടി ..” മൈത്രി ശ്വാസം ഊതി വിട്ടു .. ” എൻ്റെ പൊന്ന് ഡെൻസി .. എന്നൊന്ന് വെറുതേ വിട് .. എനിക്ക് വട്ട് പിടിച്ചിരിക്കാ … ഞാൻ ന്തൊക്കെയോ എഴുതി … ” അവൾ തൊഴുതു കാണിച്ചു ..

ഡെൻസി മുഖം ചുളിച്ച് അടുത്തയാളിൻ്റെ പിന്നാലെ പോയി .. എക്സാമില്ലാത്തവർക്ക് ക്ലാസ് നടക്കുകയാണ് .. ഉച്ചയ്ക്ക് ശേഷം അവൾക്കും ക്ലാസിൽ ഇരിക്കണം .. വിന്നി കൂടി ഇറങ്ങിയിട്ട് കോമൺ റൂമിലോ കാൻ്റീനിലോ പോകാമെന്ന് കരുതി അവൾ സ്റ്റെപ്പിനടുത്തേക്ക് നടന്നു .. ആ ഫ്ലോറിൽ എല്ലാ ക്ലാസിലും എക്സാം നടക്കുകയാണ് .. മൈത്രി നടന്ന് വന്ന് സ്റ്റെപ്പിൽ അരികൊഴിഞ്ഞിരുന്നു .. വേറെയും കുട്ടികൾ അങ്ങിങ്ങ് ഇരിപ്പുണ്ട് .. ഫ്രണ്ട്സിനെ വെയ്റ്റ് ചെയ്ത് ഇരിക്കുന്നവരും ക്വസ്റ്റ്യൻ ഡിസ്കസ് ചെയ്യുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട് .. ” മൈത്രീ …….”

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവളെ പേരെടുത്ത് വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു .. ഉണ്ടക്കണ്ണും വട്ട മുഖവുമുള്ള അവളെ മൈത്രിക്ക് കോളേജിൽ വരുന്നതിന് മുന്നേ പരിചയമുണ്ട് .. ചന്ദ്രത്തെ ഉണ്ണിമായ .. ഹയർ സെക്കൻ്ററിക്ക് ഉണ്ണിമായയും അവളും ഒരേ സ്കൂളിലായിരുന്നു . അവൾ കൊമേർസും മൈത്രി സയൻസും .. ഇപ്പോൾ ഉണ്ണിമായ ബികോമിലാണ് . . ” എക്സാം എളുപ്പമുണ്ടായിരുന്നോ …” ” കുഴപ്പമില്ല … നിനക്കും ണ്ടാരുന്നോ എക്സാം … ” ” ഓ … രണ്ടെണ്ണം സപ്ലിയുണ്ടായിരുന്നു .. കഴിഞ്ഞല്ലോ .. രക്ഷപ്പെട്ടു ..” അവൾ ഹാൾ ടിക്കറ്റ് തുറന്ന് കാട്ടിക്കൊണ്ട് പറഞ്ഞു .. മൈത്രി ചിരിച്ചു .. അവളുടെ അച്ഛന് സുഖമില്ലാത്ത കാര്യം അപ്പോഴാണ് മൈത്രി ഓർത്തത് … ” അച്ഛനിപ്പോ എങ്ങനിണ്ട് ……?” ഉണ്ണിമായ അതിശയിച്ചു .. ” റെസ്റ്റാ … ഇന്നലെ വീട്ടിൽ കൊണ്ടന്നു .. അല്ല നിന്നോടിതാര് പറഞ്ഞു … ”

അപ്പോഴാണ് മൈത്രിക്ക് അബദ്ധം പിണഞ്ഞത് മനസിലായത് . നിരഞ്ജനിൽ നിന്നാണല്ലോ താനാ വിവരം അറിഞ്ഞത് .. ” ആരോ പറഞ്ഞു കേട്ടാരുന്നു .. പഴയിടത്തോ മറ്റോ ആണെന്ന് തോന്നുന്നു .. ” അവൾ കള്ളം പറഞ്ഞു … ഉണ്ണിമായ തലയാട്ടി .. ” പിന്നെ , ഞാനൊരു കാര്യം പറയാനാ വന്നേ …..” ഉണ്ണിമായ തഞ്ചത്തിൽ അവളെ നോക്കി .. അവളുടെ കണ്ണിൽ ഒരു കുസൃതി വിരിഞ്ഞു .. ” എന്താ …? ” ” അത് … ഒരു നിരഞ്ജനെ അറിയോ …? ” നിരഞ്ജൻ …! ആ പേര് കേട്ടതും മൈത്രിയുടെ കവിൾ തുടുക്കുന്നതും കണ്ണുകളിൽ ഒരു പ്രകാശം നിറയുന്നതും ഉണ്ണിമായ വ്യക്തമായി കണ്ടു .. നിരഞ്ജൻ ചേട്ടാ .. ഇതുണ്ണിമായ ഏറ്റു …..! അവൾ മനസിൽ പറഞ്ഞു …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 10

Share this story