സഹനായകന്റെ പ്രണയം💘 : ഭാഗം 13

സഹനായകന്റെ പ്രണയം💘 : ഭാഗം 13

എഴുത്തുകാരി: ആഷ ബിനിൽ

അക്കിയെ ആ നേരത്ത് മുന്നിൽ കണ്ട അമ്പു ഒന്ന് ഭയന്നു. പിന്നെ ധൈര്യം സംഭരിച്ചു എഴുന്നേറ്റു. “നിങ്ങൾ.. നിങ്ങളെന്താ ഇവിടെ..?” “അത് നല്ല ചോദ്യം. ഞാൻ എൻറെ ഭാര്യയെ കാണാൻ വന്നതല്ലേ. നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്?” “ഭാര്യയോ? ആരുടെ ഭാര്യ?” ആ ചോദ്യം അക്കിക്ക് അത്ര പിടിച്ചില്ല: “ഹാ. എന്താ അമ്പു നീ ഇങ്ങനെ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നത്? ഇന്ന് രവിലെയല്ലേ നമ്മുടെ കല്യാണം കഴിഞ്ഞത്? നീ എന്റെ താലി എവിടെയാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്..?

ഒന്ന് പുറത്തേക്ക്‌ എടുത്തിട്ടെ. ഏട്ടൻ കാണട്ടെ” “നിങ്ങൾ ഇപ്പോ പോ. നമുക്ക് പിന്നെ സംസാരിക്കാം” “അങ്ങനെ പോകാൻ അല്ലല്ലോ അംബാലിക ഞാൻ വന്നത്. നീ എന്താ ഇന്നലെ എന്റെ അച്ഛനോട് പറഞ്ഞത്? എന്നെപോലെ ഒരു അഭാസനെ നിനക്ക് വേണ്ടാന്നു.. അല്ലെ? ആ ആഭാസൻ തന്നെ നിന്നെ താലി കെട്ടിയില്ലേ? ഞാൻ വിചാരിച്ചാൽ ദാരിദ്രം പിടിച്ച നിന്നെക്കാളും ഒരുപാട് കൊള്ളാവുന്ന പെണ്ണിനെ കിട്ടും. പക്ഷെ വേണ്ട. എനിക്ക് നീ മതി” അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും വാശിയുടെ പുറത്തു തന്നെയാണ് രാവിലെ താലി കിട്ടിയതെന്ന് അമ്പുവിന് ബോധ്യമായി.

അത് തിരികെ കൊടുത്തത് നന്നായതെയുള്ളൂ. “എന്തായാലും നമുക്ക് നാളെ സംസാരിക്കാം അഖിലേഷ്.. താൻ ഇപ്പോ പോ” “അങ്ങനെ പോകാൻ അല്ല വന്നതെന്ന് ഞാൻ പറഞ്ഞു. ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ. നമുക്കത് അങ്ങു ആഘോഷിക്കാം. വാ…” അവൻ കൈനീട്ടി അമ്പുവിനെ പിടിക്കാൻ ശ്രമിച്ചു. “താൻ രാവിലെ കെട്ടിയ താലിയുടെ ബലത്തിലാണ് ആദ്യരാത്രി ആഘോഷിക്കാൻ വിളിക്കുന്നതെങ്കിൽ അതിപ്പോൾ തന്റെ അമ്മയുടെ കയ്യിലാണ് ഉള്ളത്.” അമ്പു പറയുന്നത് കേട്ട അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. എങ്കിലും അവൾ താലി ഊരികൊടുത്തു കാണും എന്നവൻ വിശ്വസിച്ചില്ല.

“എന്താ ഇവിടെ?” വാതിൽക്കൽ അപ്പുവിന്റെ ശബ്ദം കേട്ടാണ് രണ്ടാളും തിരിഞ്ഞു നോക്കിയത്. അക്കി ഭയന്നുപോയി. “ഫർത്താവ് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നതാണ് ഏട്ടാ” അമ്പു പതറാതെ പറഞ്ഞു. അവൾ ഇക്കാര്യം വീട്ടിൽ പറഞ്ഞു എന്നത് തന്നെ അക്കിക്ക് അത്ഭുതം ആയിരുന്നു. പാതിരാത്രി അന്യ പുരുഷനൊപ്പം മുറിയിൽ ഏട്ടൻ കണ്ടിട്ടും ഒട്ടും ഭയക്കാതെയുള്ള അവളുടെ സംസാരം അവനെ വീണ്ടും ഞെട്ടിച്ചു. അപ്പുവിന് ആണെങ്കിൽ ഉയർന്നുവന്ന ക്രോധം അടക്കാൻ നന്നേ പാട് പെടേണ്ടി വന്നു. “ആഹാ. ഈ അളിഞ്ഞ സാധാനത്തിനെ ആണല്ലേ അളിയൻ എന്ന് വിളിക്കുന്നത്.

ബാ മോനേ ബാ” അപ്പു അവനെയും വിളിച്ചു തോളിൽ കയ്യിട്ട് മുറിക്ക് പുറത്തേക്ക് പോയി. വാതിൽ അടക്കാൻ അമ്പുവിന് ആംഗ്യം കാണിച്ചു. അക്കിയെയും കൊണ്ട് അപ്പു പിൻവാതിൽ വഴി തന്നെ പുറത്തേക്കിറങ്ങി. ഗേറ്റ് കടന്നതും കാരണമടച്ചു ഒന്ന് പൊട്ടിച്ചു. ചൂടാറും മുൻപേ അടുത്തതും. മൂന്നാമതും പൊട്ടിച്ചു കൈ കുടഞ്ഞു: “ഇതുവരെ നീ അവളോട് ചെയ്തതിനൊന്നും പ്രതികരിക്കാതിരുന്നത് ഞാൻ വെറും ഉണ്ണാക്കൻ ആയതുകൊണ്ടല്ല. എല്ലാത്തിനും ഉള്ള മറുപടി അവൾ തന്നെ കൃത്യ സമയത്ത് തന്നതുകൊണ്ടാണ്. മിനിങ്ങാന്ന് നീ കാണിച്ച നേറികേടിന് ഉള്ള സമ്മാനം ഓങ്ങി വച്ചതാണ് ഞാൻ.

എന്റെ പെങ്ങൾ ഒന്ന് ഒക്കെ ആയിട്ട് അങ്ങയുടെ സന്നിധിയിൽ വന്ന് കാണാൻ ആയിരുന്നു തീരുമാനം. അതിനു മുമ്പ് തന്നെ ആ കർമം ആരോ ചെയ്തു എന്നറിഞ്ഞു. സന്തോഷം. പിന്നെ ഇപ്പോ തന്നത്. നീ എന്റെ വീട്ടിൽ കയറി കളിച്ചതിന്. മനസിലായോ?” അക്കി ആയി എന്ന അർത്ഥത്തിൽ തലയാട്ടി. ചുറ്റിലും പറക്കുന്ന പൊന്നീച്ചകളെ എണ്ണാൻ കഴിയാതെ വിഷമിക്കുകയായിരുന്നു അവൻ. ഇതുവരെ കൊണ്ടും കൊടുത്തും ശീലിച്ചത് പോലെയല്ല പോലീസുകാരുടെ അടി എന്ന് ബോധ്യമായി. ഒന്നും മിണ്ടാതെ അവൻ വണ്ടിയെടുത്തു വീട്ടിലേക്ക് പോയി.

ചെന്നു കയറിയപ്പോൾ അച്ഛനും അമ്മയും അച്ഛമ്മയും അങ്കത്തിന് റെഡിയായി ഹാളിൽ തന്നെ ഉണ്ടായിരുന്നു. അക്കി ആരെയും കൂസാതെ മുറിയിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴേക്കും മഹാദേവൻ അവനെ തടഞ്ഞു. “അക്കി…..” അവൻ തിരിഞ്ഞുനിന്നു. അയാൾ ഗൗരിയുടെ കയ്യിലിരുന്ന താലി വാങ്ങി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. “എന്താ ഇത്?” “അച്ഛാ. അത്… ഞാൻ അവളെ താലി കെട്ടി..” ബാക്കി പറയും മുൻപ് അച്ഛന്റെ വക കിട്ടി കഴിഞ്ഞിരുന്നു. ഈ പ്രണയത്തിന് വേണ്ടി അക്കി ഇത് എത്രാമത്തെ അടിയാണ് കൊള്ളുന്നത്..! പോകുന്നവരും വരുന്നവരും എല്ലാം അടിച്ചു പഠിക്കാനുള്ള ചെണ്ടയാണല്ലോ ഇപ്പോൾ അവൻ.

“നീ എന്ത് വിചാരിച്ചു? ഒരു താലിയും കെട്ടി ആ കുടിലിൽ ജനിച്ചവളെ ഇവിടെ മഹാറാണിയായി വഴിക്കാം എന്നോ?” “അച്ഛാ…” “അതേ. നിൻറെ അച്ഛൻ തന്നെയാണ് പറയുന്നത്. ആ പെണ്ണിന് എന്തോ നല്ല ബുദ്ധി തോന്നി ഇതിവിടെ കൊണ്ടുവന്ന് തന്നിട്ട് പോയി. വേറെ വല്ലവളുമാരും ആയിരുന്നെങ്കിൽ ഇത് വാർത്തയാക്കി അധികാരം സ്ഥാപിക്കാൻ നോക്കിയേനെ. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ അഭിമാനം, നമ്മുടെ കുടുംബത്തിന്റെ ഭാവി. എന്തെങ്കിലും ഓർത്തോ നീ? അല്ലെങ്കിൽ തന്നെ കല്യാണം എന്താ നിന്റെ കുട്ടിക്കളി ആണോ? നീ മാത്രം അങ്ങു തീരുമാനിച്ചാൽ മതിയോ എല്ലാം? അവളുടെ പോലും സമ്മതം വേണ്ടേ നിനക്ക്?” “അച്ഛാ അവൾ മറ്റ് പെണ്കുട്ടികളെപ്പോലെ അല്ല.

അതുകൊണ്ട് തന്നെയാണ് എനിക്കവളെ ഇത്ര ഇഷ്ടം” “എന്ത് ഇഷ്ടത്തിന്റെ പേരിൽ ആണെങ്കിലും അവളെ നീ മറക്കണം. ഇനി നീ കോളേജിൽ പോകേണ്ട. എക്സാം മാത്രം അറ്റൻഡ് ചെയ്താൽ മതി ഇനി” മഹാദേവന്റെ തീരുമാനം അക്കിയെ മാത്രമല്ല, ഗൗരിയെയും അച്ചമ്മേയും നന്ദയെയും ഞെട്ടിച്ചു. “അത്. അതൊന്നും നടക്കില്ല അച്ഛാ. എനിക്ക് കോളേജിൽ പോണം. ലസ്റ് സെം ആണ്. പോകാതെ പറ്റില്ല.” “പോയിട്ട് പഠിക്കാൻ അല്ലല്ലോ അവളുടെ പിന്നാലെ മണപ്പിച്ചു നടക്കാൻ അല്ലെ..? പിന്നെ കൂട്ടുകാർക്ക് വേണ്ടി അടിയുണ്ടാക്കാനും. ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കാമെങ്കിൽ നിനക്കിവിടെ തന്നെ തുടരാം. അല്ലെങ്കിൽ ഇറങ്ങാം.

നീ സ്നേഹിക്കുന്ന പെണ്ണിൻറെ കൂടെ പോകാം. പക്ഷെ അതിനും അവൾ സമ്മതിക്കണം” അവസാന വാചകം ഒരു പുച്ഛത്തോടെയാണ് അയാൾ പറഞ്ഞത്. അക്കി മുറിയിലേക്ക് പോയി. അച്ഛൻ പറഞ്ഞത് നന്നായി ആലോചിച്ചു. അമ്പുവിനെ വേണ്ടെന്ന് വയ്ക്കാൻ മനസു വരുന്നില്ല. മാസങ്ങളുടെ പരിചയം മാത്രം ആണെങ്കിലും അവൾ കുടിയേറിയത് തന്റെ ഹൃദയത്തിൽ ആണ്. പക്ഷെ തന്നെ വേണ്ടാത്ത അമ്പുവിന് വേണ്ടി കുടുംബവും അച്ഛനമ്മമാരെയും സ്വത്തും സുഖസൗകര്യങ്ങളും എല്ലാം വേണ്ടെന്ന് വയ്ക്കാനും മനസ് വരുന്നില്ല. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അക്കി ഉഴറി….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 12

Share this story