ഗോപികാ വസന്തം : ഭാഗം 8

ഗോപികാ വസന്തം : ഭാഗം 8

എഴുത്തുകാരി: മീര സരസ്വതി

“ഇത്രേം കാലം ഗോപു മോളില്ലെന്ന പേരും പറഞ്ഞല്ലേ കോളേജിൽ പോകാതിരുന്നത്.. നാളെ തൊട്ട് ലീവ് ക്യാൻസൽ ചെയ്ത്‌ പൊക്കോണം.. കൂടെ മോളേം കൂട്ടിക്കോ..” രാത്രിയിൽ കഴിക്കാനിരുന്നപ്പോഴാണ് അച്ഛനക്കാര്യം പറയുന്നത്.. ഞാൻ ഞെട്ടി വസന്തേട്ടനെ നോക്കി. ഇത്രേം നാൾ പോയില്ലെന്നോ..അതും ഞാനില്ലെന്ന കാരണവും പറഞ്ഞ്.. “അത് കല്യാണം പ്രമാണിച്ച് എടുത്ത ലീവ് ഉണ്ടായിരുന്നു.. അതാ..” ഞാൻ നോക്കുന്നത് കൊണ്ടാകണം ചമ്മലോടെ പറയുന്നുണ്ട്.. “ഉവ്വേ.. കേട്ടോ മോളെ.. ഇവിടെ ഇങ്ങനെ വെള്ളത്തിലിട്ട കോഴിയെ മാതിരി നടക്കുന്നത് കണ്ടാ ലീവ് ക്യാൻസൽ ചെയ്ത്‌ കോളേജിൽ പോകാൻ ‌ ഇവനോട് പറഞ്ഞത്. ഒരു പീരീഡ് പോലും എടുത്തെന്ന് തോന്നുന്നില്ല.

പോയത് പോലെ തിരിച്ചു വന്നു. ചോദിച്ചപ്പോ പറയാ അവളില്ലാതെ ആ ക്ലാസ്സിൽ ആകെ ശ്വാസം മുട്ടുന്നെന്ന്…” “ഈ അമ്മ…” പല്ലിറുമ്മി കഴിച്ചു പൂർത്തിയാക്കാതെ ആളെണീറ്റു പോയി. എനിക്കാണേൽ സന്തോഷം കൊണ്ട് നിൽക്കാൻ മേലെന്നവസ്ഥയും.. വൈഷുവിനെ നോക്കിയപ്പോൾ അവളാക്കി ചിരിക്കുന്നുണ്ട്.. കുരുട്ട്.. അവളെ നോക്കിയൊന്ന് കൊഞ്ഞനം കുത്തി വേഗം തന്നെ കഴിച്ചെണീറ്റു. എല്ലാരും എണീറ്റതും പാത്രങ്ങൾ കഴുകി വെക്കാൻ വാഷ്ബേസിനു അരികിലേക്ക് നീങ്ങിയതും അമ്മയവിടുന്ന് ഓടിച്ചു വിട്ടു. “മോളേതായാലും ഈ പാല് കൊണ്ടുപോയി അവനു കൊടുക്ക്.. ഒന്നും കഴിക്കാത്തതല്ലേ..

എന്നിട്ട് കിടന്നോളൂട്ടോ.. ഞാനും വൈഷും പാത്രൊക്കെ കഴുകി വെച്ചോളാം..” തലയുമാട്ടി പതിയെ മുകളിലേക്ക് നടന്നു. ആള് മുറിയിൽ ഇല്ലായിരുന്നു. ബാല്കണിയിലേക്കുള്ള ഡോർ തുറന്നു കിടപ്പുണ്ട്. അവിടെ കാണുമെന്ന് തോന്നിയതും പാലുമെടുത്ത് നടന്നു. ചാരുകസേരയിൽ ചാരിക്കിടപ്പുണ്ട്.. കാര്യായിട്ട് എന്തോ ആലോചനയിലാണെ. കൈയ്യിൽ പതിയെ തട്ടിയതും ആളൊന്ന് ഞെട്ടി നോക്കുന്നത് കണ്ടു. പാൽ നീട്ടിയതും നേരെ ഇരുന്ന ശേഷം വാങ്ങിച്ചു. കൈയ്യിൽ പിടിച്ചിരുന്നതല്ലാതെ കുടിച്ചില്ല. “എന്താ പറ്റ്യെ വസന്തേട്ടാ.. അച്ഛൻ പറഞ്ഞതിന്റെ വിഷമമാണോ..” “അല്ല ഗോപൂ.. നാളെ കോളേജിൽ പോകുമ്പോൾ ആൾക്കാരുടെ കളിയാക്കലുകളൊക്കെ കേൾക്കേണ്ടി വരും..

സഹിക്കാൻ പറ്റുവോ നിനക്ക്..” “അതൊക്കെ പറ്റും വസന്തേട്ടാ.. നാട്ടാരുടെ പരിഹാസമൊക്കെ ഞാൻ പ്രതീക്ഷിച്ചിട്ടുള്ളതാ..” പെണ്ണിന്റെ ആ മറുപടിയിൽ ആശ്വാസം തോന്നീ വസന്തിന്.. മാസങ്ങൾക്ക് ശേഷമാണ് കോളേജിൽ പോകുന്നതെങ്കിലും പിള്ളേരുടെ കളിയാക്കലുകളൊന്നും ഒട്ടും കുറയാൻ പോകില്ലെന്നറിയാം. കുറച്ച് കാലത്തേക്ക് മനസ്സ് തെറ്റിയതാണേൽ കൂടിയും ഭ്രാന്ത് ഭ്രാന്ത് തന്നെയല്ലേ… യാഥാർഥ്യം എന്താണെന്നറിയാതെ അറിയാൻ ശ്രമിക്കാതെ പരിഹസിക്കുന്നവരാകും ഭൂരിഭാഗവും. ആലോചനകളോടെ ഫ്രഷാകാൻ പോയി. വാഷ്‌റൂമിൽ നിന്നും ഇറങ്ങിയപ്പോൾ വസന്തേട്ടൻ ബെഡിൽ കിടപ്പുണ്ടായിരുന്നു.

എവിടെ കിടക്കുമെന്ന സംശയത്തോടെ അവിടെ ചുറ്റിത്തിരിയാൻ തുടങ്ങി. “എന്തേ ഗോപൂ.. കിടക്കണില്ലേ..” “അത്.. പിന്നെ.. ഞാൻ..” “എന്ത് അത് പിന്നെ ഞാൻ..?? വന്ന് കെടക്കെടി..” ആളൊന്ന് ശബ്ദമുയർത്തിയതും ഞാനാളുടെ കാൽഭാഗത്തൂടെ നൂഴ്ന്ന് മറുവശത്തേക്ക് കയറിക്കിടന്നു. വസന്തേട്ടൻ പെട്ടെന്ന് എഴുന്നേറ്റവിടെ ഇരിക്കുന്നത് കണ്ടതും മെല്ലെ തലപൊക്കി നോക്കി. കാൽഭാഗത്തുള്ള ബ്ലാൻകറ്റ്‌ എടുത്ത് നേരെ വിരിച്ച് ഒരറ്റം എന്റെ മേലേക്കിട്ടു തന്ന് മറ്റേ അറ്റത്തിനുള്ളിലേക്ക് ആളും ചുരുണ്ടു കൂടി. “കുറച്ച് കഴിയുമ്പോ നല്ല തണുപ്പാകും.. മച്ചായത് കൊണ്ട് എപ്പോഴും തണുപ്പാ ഇവിടെ..” ശെരിയാണ്.. വലിയ ചൂടൊന്നും ഇല്ലിവിടെ.. റൂഫിൽ മുഴുവനും മരത്തിന്റെ പാനെലിങ് ചെയ്തിട്ടുണ്ട്.

കൂടാതെ ഓടിട്ട വീടും. അതിനാൽ തന്നെയും എപ്പോഴും ചെറിയൊരു തണുപ്പുണ്ടാകും. എന്നോട് അനുവാദം ചോദിച്ച് സീറോ ബൾബ് കത്തിച്ചു വെച്ച് ലൈറ്റ് ഓഫ് ചെയ്തു. പണ്ടേ എനിക്ക് ഇരുട്ടത്ത് കിടക്കാൻ പേടിയാണ്. അതാകും സീറോ ബൾബ് വെച്ചത്. ആ ശ്വാസഗതി പതിയെ ഉയർന്നതും ഉറങ്ങിയെന്ന് മനസ്സിലായി. പതിയെ ആ ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു. കുഞ്ഞുങ്ങളെ പോലെ ശാന്തമായുറങ്ങുന്ന ആളെ ഇമ വെട്ടാതെ നോക്കി കിടന്നു. താലി കെട്ടിയവനോടൊപ്പം ഒരു പുതപ്പിൻ കീഴെ.. അറിയാതെ എന്റെ ചുണ്ടുകൾ നാണത്താൽ പുഞ്ചിരി തീർത്തു. ആ വിരിമാറിൽ തലചായ്‌ച്ചു കിടക്കാൻ കൊതി തൊന്നിപോയി. ആളെയും നോക്കി കിടന്നു എപ്പൊഴൊ ഉറങ്ങിപോയിരുന്നു. 🌺🌺🌺🌺🌺🌺🌺🌺

രാവിലെ തോളിലെന്തൊ ഭാരം തോന്നിയപ്പോഴാണ് കണ്ണ് തുറന്ന് നോക്കിയത്.. വിശ്വസിക്കാൻ പറ്റാതെ കണ്ണ് ഒന്നൂടെ മുറുകെയടച്ച് തുറന്ന് നോക്കി.. അല്ലാ.. സ്വപ്നമല്ല.. എന്റെ കൈയിൽ തലവെച്ചു കെട്ടിപിടിച്ച് കിടപ്പാണ് എന്റെ പെണ്ണ്.. എന്നാലും ഇതെങ്ങനെ.. ശെരിക്കും അവള് വന്നു കിടന്നതാണോ അതോ ഞാൻ വലിച്ച് കിടത്തിയതാണോ.. എന്തായാലും കൊള്ളാം.. വല്ലാത്തൊരുന്മേഷം വന്നു നിറയും പോലെ.. ആ കിടത്തം കണ്ടപ്പോൾ എന്തോ വാത്സല്യം തോന്നിപോയി. മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി ആ മുഖമൊന്ന് ശെരിക്കും കാണണമെന്ന് തോന്നിപോയി. ഞാനിപ്പോ അനങ്ങിയാൽ ആളെഴുനേൽക്കും.. അതുകൊണ്ട് കൈകൊണ്ട് മടിയൊതുക്കാൻ ശ്രമിച്ചില്ല.

മെല്ലെ മുഖത്തേയ്ക്ക് ഒന്നൂതിയതും കുറുകി കൊണ്ട് എന്റെ നെഞ്ചിനുള്ളിലേക്ക് മുഖം പൂഴ്ത്തി പെണ്ണ്.. ശ്വാസമെടുക്കാൻ പോലും മറന്ന് നിർവൃതിപൂണ്ട് അനങ്ങാതെ അതുപോലെ കിടന്നു.. എത്ര കാലമുണ്ടാകും ഗോപൂ ഇതുപോലെ.. എന്നെയൊന്ന് സ്നേഹിക്കാൻ ശ്രമിക്കയെങ്കിലും ചെയ്തൂടെ പെണ്ണെ.. ഒരിക്കൽ നീ എന്നെ വിട്ടുപോകുമെന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ലെടി.. എന്റെ മാത്രമായെങ്കിൽ..എന്തോ വല്ലാതെ വേദനിക്കുന്നു പെണ്ണേ.. അവളൊന്ന് അനങ്ങിയതും എഴുന്നേക്കാനുള്ള ഭാവമാണെന്ന് മനസ്സിലായി. പെട്ടെന്ന് തന്നെ കണ്ണടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ കിടന്നു.. ഒന്നുരണ്ട് നിമിഷത്തേക്ക് അനക്കമൊന്നും ഇല്ലാതായത് പോലെ. എന്നെപോലെ അവളും വണ്ടറടിച്ച് നിൽപ്പാകും.

പതിയെ എന്റെ മുടിയിഴകളിലൂടെ ആ കൈകൾ കോർത്ത് വലിക്കുന്നുണ്ട്. പിന്നെ മീശയിലും ആ വിരലുകൾ തഴുകുന്നുണ്ട്. മീശ പിരിച്ചു വെക്കുന്നുണ്ടല്ലോ.. ആഹാ.. കൊള്ളാലോ കളി.. പൊട്ടിവന്ന ചിരി ഉള്ളാലെ തന്നെ അമർത്തി വെച്ചു. മീശയിലിരുന്ന കൈകൾ ഒന്ന് ചുണ്ടിലേക്ക് പാളി വീണതും പെട്ടെന്ന് കൈവലിച്ചതുമൊക്കെ അറിയാൻ പറ്റുന്നുണ്ട്.. മൂക്കിന് തുമ്പത്തായി ചെറുതണുപ്പ് അനുഭവപ്പെട്ടതും അവളെന്നെ ഉമ്മിച്ചെന്ന് മനസ്സിലായി.. “ഒരിത്തിരിയെങ്കിലും ന്നെ സ്നേഹിച്ചൂടെ വസന്തേട്ടാ…” അപ്പൊ.. അപ്പോ എന്നെയിഷ്ടാണോ പെണ്ണേ നിനക്ക്..വിശ്വസിക്കാൻ പറ്റാത്തത് പോലെ.. ശ്വാസമടക്കി അതുപോലെ ഒരുനിമിഷം കിടന്നു.. പെണ്ണ് താടിയിലൂടെ കൈവിരൽ കോർത്ത് വലിക്കുന്നുണ്ട്..

പെട്ടെന്ന് തോന്നിയ കുസൃതിയിൽ കണ്ണൊന്ന് തുറന്നതും അവള് ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. അവളെ ചേർത്ത് പിടിച്ച് നെഞ്ചോടടുക്കി പിടിച്ചതും ആ ശ്രമം പാഴായിപ്പോയി. ആ മുഖത്ത് ഭീതി നിറഞ്ഞ് നിൽപ്പുണ്ട്.. മുഖത്തെ ഗൗരവം കൊണ്ടാകണം.. ഞാനൊക്കെ അറിഞ്ഞു കിടന്നതാണെന്ന് തോന്നിക്കാണും.. എന്തോ ചിരിപൊട്ടിപ്പോയി. ഉച്ചത്തിൽ അവളെ കളിയാക്കി ചിരിച്ചതും മുഷ്ടിചുരുട്ടി നെഞ്ച് കലങ്ങും വിധം ആഞ്ഞാഞ്ഞു കുത്തി.. “വിടെടി ഭദ്രകാളി.. നോവുന്നു…” പെട്ടെന്ന് തന്നെ എഴുന്നേറ്റ്‌ കാൽഭാഗത്തൂടെ ഊർന്ന് വാഷ്‌റൂമിലേക്കോടി പെണ്ണ്. “””ഒരിത്തിരിയെങ്കിലും ന്നെ സ്നേഹിച്ചൂടെ വസന്തേട്ടാ…””” അവളുടെ വാക്കുകൾ പിന്നെയും പിന്നെയുമോർത്ത് കുളിരുകോരി.. ഒത്തിരിയിഷ്ടമാടി പെണ്ണെ..

സന്തോഷക്കൊടുമുടിയിൽ ആയിരുന്നു പിന്നെ ഞാൻ .. എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണാ എന്ന് വിളിച്ചുകൂവാൻ തോന്നിപോയി. എന്നാലും വെറുതെ അവളെയിട്ട് വട്ട്‌ ‌കളിപ്പിച്ചാലോ. അത്രപെട്ടെന്നൊന്നും പിടികൊടുക്കേണ്ട.. ഈ കളി എത്ര നാൾ പോകുമെന്ന് നോക്കാലോ.. ചുണ്ടിലൂറി വന്ന ചിരിയോടെ പുറത്തേക്ക് നടന്നു. തൊട്ടപ്പുറത്ത് വാഷ്‌റൂമിൽ കുറച്ച് മുന്നേ അരങ്ങേറിയ കാര്യമോർത്ത് ടെന്ഷനിലാണ് ഗോപു. പറഞ്ഞത് വസന്ത് കേട്ടുകാണുമോയെന്ന് പെണ്ണ് ഭയന്നു. അവൻ ദേഷ്യപ്പെടാത്തതിനാൽ കേട്ടില്ലായിരിക്കാം എന്ന് ആശ്വസിച്ചൂ ആ പെണ്ണ്. 🌺🌺🌺🌺🌺🌺🌺🌺

ഫ്രഷായി അടുക്കളയിലേക്ക് ചെന്നതും സീതമ്മ തട്ടിൽ നിന്നും ഇഡലി എടുത്തു വെക്കുകയാണ്. ഉടച്ച് വെച്ച തേങ്ങാ കണ്ടതും അതുമെടുത്ത് സ്റ്റോർ റൂമിലേക്ക് നടന്നു.. ചിരകി കൊടുത്തതും അമ്മ തന്നെ ചട്നി മിക്സിയിൽ ഇട്ട് അരച്ചെടുത്തു. രാവിലെ കോളേജിൽ പോകണ നേരം വരെയും വസന്തേട്ടന്റെ കണ്ണിൽപ്പെടാതിരിക്കാൻ അമ്മയെ ചുറ്റിപറ്റി അടുക്കളയിൽ തന്നെയായിരുന്നു. എന്തോ വസന്തേട്ടന്റെ മുഖത്തു നോക്കാൻ വല്ലാത്ത ചമ്മൽ പോലെ. കോളേജിലേക്ക്‌ പതിവുപോലെ ഒരുമിച്ചിറങ്ങി. അമ്പലത്തിനടുത്ത് നിറുത്തി തൊഴുതിറങ്ങാമെന്ന് പറഞ്ഞു. ഒന്ന് രണ്ടുപേര് ഞങ്ങളെ അത്ഭുതത്തോടെ നോക്കണത് കണ്ടു. അതൊന്നും ഗൗനിച്ചതേയില്ല. എങ്കിലും കോളേജിനടുത്തെത്തിയപ്പോഴേ ആകെയൊരു വിറയൽ പോലെ.

ഒക്കെ പ്രതീക്ഷിച്ചാണ് പോകുന്നതെങ്കിലും ഒരു പേടിപോലെ. ബൈക്ക് കോളേജ് ഗേറ്റ് കടന്നതും ആ തോളിൽ വെച്ചിരുന്ന ക്കൈയ്യുടെ പിടി മുറുകി. “ടെൻഷെനൊന്നും വേണ്ടാ ഗോപൂസെ. എന്ത്‌ തന്നെയായാലും നമുക്ക്‌ നേരിടാം.. ക്‌ളാസിൽ കൊണ്ട് വിടണോ..?” എന്റെ ടെൻഷൻ കണ്ടാകണം വേണ്ടെന്ന് പറഞ്ഞിട്ടും ആളെന്റെ കൂടെ തന്നെ നടന്നു. ഒറ്റയും തെറ്റയുമായി പിള്ളേർ അടക്കിപ്പിടിച്ച് സംസാരിക്കുന്നുണ്ട്.. ചിലരൊക്കെ വാ പൊത്തി ചിരിക്കുന്നുണ്ട്. “ഒരാൾക്ക് മനസ്സ് തെറ്റണത്‌ അത്ര വലിയ ചിരിക്കാനുള്ള കാര്യമാണോ..” അതിനു മറുപടി തന്നത് ഞങ്ങളെ കണ്ട് അരികിലേക്ക് ഓടിവന്ന നൗഷാദ് സർ ആണ്.. “അല്ലാ. ഒരിക്കലുമല്ല.. ഫസ്റ്റ് നൈറ്റിൽ വല്ലതും കണ്ട് പേടിച്ച് മനസ്സ് തെറ്റുന്നത് ചിരിക്കാനുള്ള കാര്യമാണ്..”

“യൂ ടൂ ബ്രൂട്ടസ്‌…” വസന്തേട്ടൻ നോക്കി പേടിപ്പിച്ചും കൊണ്ട് പറഞ്ഞതും ഞങ്ങൾ മൂന്നും പൊട്ടിച്ചിരിച്ചു. “എന്നാലുമെന്റെ ഗോപൂ.. ഇവനെയിങ്ങനെ ചിരിയോടെ കാണാൻ പറ്റിയല്ലോ..കുറച്ച് നാൾ മുന്നേ എന്തൊരു ശോകമായിരുന്നു ആള്.. എന്തൊക്കെയായിരുന്നു..ഗോപു എന്നെ വെറുക്കുമെടാ.. അവളെന്നെ സ്നേഹിക്കില്ലെടാ..” വസന്തേട്ടൻ ആളുടെ വായ പൊത്താനൊക്കെ ശ്രമിക്കുന്നുണ്ട്.. എനിക്ക് ചിരിപൊട്ടിപ്പോയി.. “ഒരൂസം ബാറിൽ വെള്ളമടിച്ച് ആകെ അലമ്പാക്കി.. നമ്മളെ കണ്ട നാട്ടുകാരിലാരോ കൂട്ടുപോയ എന്നെയും വെള്ളമടിക്കാരനാക്കി.. എന്റെ പാത്തു ഒരാഴ്ചയാ എന്നോട് പിണങ്ങി നടന്നേ..” പിന്നെയൊന്നും പറയാൻ സമ്മതിക്കാതെ നൗഷാദ് സാറിന്റെ കഴുത്തിലൂടെ കൈകോർത്തു അമർത്തി വലിച്ചു കൊണ്ടുപോയി വസന്തേട്ടൻ..

എന്തോ ഒക്കെയും കേൾക്കുമ്പോൾ അത്ഭുതമായി തോന്നുന്നു.. ഇതൊക്കെ എന്നോട് ഇഷ്ടം കൊണ്ടാകുമോ.. അതോ ആള് കാരണമാ എനിക്കിങ്ങനെയൊക്കെ വന്നേ എന്നുള്ള സങ്കടമാകുമോ.. സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി നടന്നുപോകുന്ന രണ്ടുപേരെയും തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ മുന്നോട്ട് നടന്നു. അറിയാതെ ആരെയോ തട്ടിയതും ഒന്ന് വേച്ചു പോയി.. ” യ്യോ.. ഇതാര് ഭ്രാന്തിപ്പെണ്ണോ.. എവിടെ നിന്റെ സ്ലീവാച്ചൻ… എന്നാലും ആദ്യ രാത്രി അവനെന്ത് കാണിച്ചാടി നിന്നെ പേടിപ്പിച്ചേ.. ചേട്ടനും കൂടി അറിയട്ടെന്നെ..” കാർത്തിക് രവി..കോളേജിലെ താന്തോന്നിയാണ്.. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെ ഉള്ളതിനാൽ ഒന്ന് രണ്ടു തവണ വസന്തേട്ടനോട് ഉരസിയിട്ടുണ്ട്. ആ ദേഷ്യത്തിൽ മുന്നേ എന്നെയും അവനു കണ്ടൂടാ..

“ദേ സൂക്ഷിച്ച് സംസാരിക്കണം.. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാലിണ്ടല്ലോ..” “പറഞ്ഞാൽ നീ എന്തോ ചെയ്യും..” എന്നും പറഞ്ഞ് ഞാനവന് നേരെ ചൂണ്ടിയ വിരലൊന്ന് പിടിച്ച് തിരിച്ചു.. അപ്രതീക്ഷിതമായിട്ടുള്ള പിടുത്തമായതിനാൽ വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയി.. പെട്ടെന്ന് അവനെ നെഞ്ചത്തൊരു കാലു വന്ന് പതിയുന്നതും അവൻ തെറിച്ചു വീഴുന്നതും കണ്ടു.. പിന്നെയും കാറ്റുപോലെ അവനു നേരെ പാഞ്ഞടുക്കുന്ന വസന്തേട്ടനെ ഉച്ചത്തിൽ വിളിച്ചെങ്കിലും ആളതൊന്നും ശ്രദ്ധിക്കുന്നേയില്ലായിരുന്നു.

അവനെ പിടിച്ചെഴുന്നേല്പിച്ച് മുഖം മുറിയെ കൊടുത്തു.. “ഇനിയെന്റെ പെണ്ണിനെ എന്തേലും പറഞ്ഞാൽ ആ പുഴുത്ത നാവു ഞാൻ പിഴുതെറിയും.. സൂക്ഷിച്ചോ..” കലിപൂണ്ട് നിന്ന് വിറയ്ക്കുന്ന വസന്തേട്ടന്റെ ഈ ഭാവം എനിക്ക് പുതുമയുള്ളതായിരുന്നു. ന്റെ പെണ്ണ്.. വസന്തേട്ടന്റെ ആ പ്രയോഗത്തിൽ തന്നെ മനസ്സൊഴുകി നടക്കുകയായിരുന്നു. “ഇനിയെന്ത് കാണാൻ നിക്കുവാടി.. നടക്ക്…” അതേ കലിയോടെ ആള് പറഞ്ഞതും ഞാനും കെറുവോടെ ചുണ്ടുകോട്ടി പിന്നാലെ നടന്നു.. “അതേയ്.. ഒന്ന് നിന്നെ..

എന്തൊക്കെയാ ഡയലോഗ്.. എന്റെ പെണ്ണെന്നോക്കെ.. എന്തേയ് വസന്ത് ഭാസ്കറിനൊരു ഇളക്കം…” ആളുടെ മുന്നിൽ പോയി നിന്ന് ഇടുപ്പിൽ രണ്ടു കൈകളും കുത്തി ചോദിച്ചതും തലയിൽ ഒരു മേട്ടം വെച്ചു തന്നു.. “ചെലോരുടെ വാ അടയ്ക്കാൻ ഇങ്ങനൊക്കെ ഡയലോഗടിച്ചേ പറ്റുള്ളൂ.. അതൊക്കെ കേട്ട് മോളൊന്നും ആശിക്കേണ്ടട്ടോ..” വസന്തേട്ടന്റെ മറുപടി കേട്ടപ്പോൾ ദേഷ്യം തോന്നിപോയി. ആളെ നോക്കി കൊഞ്ഞനം കുത്തി മുന്നോട്ട് നടന്നു.. അവളുടെ ആ പോക്ക് ചെറുചിരിയോടെ നോക്കി കൊണ്ട് വസന്തും മുന്നോട്ട് നടന്നു…. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 7

Share this story