മഴമുകിൽ: ഭാഗം 21

മഴമുകിൽ: ഭാഗം 21

എഴുത്തുകാരി: അമ്മു അമ്മൂസ്

ദേവ ഒരുക്കുന്ന സമയമത്രയും അല്ലു മോള് അനുസരണയോടെ നിന്ന് കൊടുക്കുന്നുണ്ട്… ടാറ്റാ കൊണ്ട് പോയില്ലെങ്കിലോ എന്ന് വിചാരിച്ചാകും.. മോളെ ഒരുക്കി കഴിഞ്ഞു ഒരു ഷാൾ എടുത്തു ദേഹം ചുറ്റിപുതച്ചു അവളും ഒരുങ്ങി… പുറത്തേക്കിറങ്ങി വാതിൽ പൂട്ടുന്ന നേരം കൊണ്ട് അല്ലു മോള് ഓടി ബൈക്കിന്റെ അടുത്ത് എത്തിയിരുന്നു… രാത്രിയുടെ ഭംഗി ആസ്വദിച്ചു മോളെയും ദേവയെയും ബൈക്കിൽ ഇരുത്തിയുള്ള യാത്രയിൽ ഉടനീളം അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… പുതിയ ജീവിതത്തിന്റെ നിറമുള്ള പ്രതീക്ഷകളുടെ പുഞ്ചിരി… അത് പതിയെ അവളിലേക്കും പടർന്നിരുന്നു..

റോഡിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു അതുകൊണ്ട് അവൻ പതിയെ ആയിരുന്നു ബൈക്ക് ഓടിച്ചത് അല്ലു മോള് പതിവ് പോലെ അവന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നു റോഡിലേക്ക് നോക്കി ഇരിപ്പുണ്ട്.. തട്ടുകടയുടെ മുൻപിൽ എത്തിയതും ഋഷി ബൈക്ക് നിർത്തി. ആദ്യം ദേവയായിരുന്നു ഇറങ്ങിയത് അവളുടേ കൈയിലേക്ക് മോളെ എടുത്തു കൊടുത്തു.. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു കടയിൽ. വഴിയാത്രക്കാരൊക്കെ വണ്ടി നിർത്തി ഭക്ഷണം വാങ്ങുന്നുണ്ടായിരുന്നു.. ഋഷിയെ കണ്ടപ്പോൾ പലരും പരിചിത ഭാവത്തിൽ ചിരിക്കുന്നത് കണ്ടു.. അവനും പലരോടും ചിരിക്കുന്നുണ്ട്.. ദേവ കടയുടെ അടുത്തേക്ക് പോകാതെ അവിടെ ഉള്ള ബഞ്ചിൽ മോളെയും കൊണ്ട് ഇരുന്നു…

ഋഷി അപ്പോഴേക്കും ദോശയും ഓംലെറ്റും വാങ്ങി വന്നിരുന്നു… “”ദോശ വേണ്ടമ്മേ…. അല്ലൂന് ദോഷ ഇഷ്ടവല്ല.. “” ആദ്യത്തെ പീസ് മുറിച്ചു വായിലേക്ക് വച്ചു കൊടുക്കാൻ തുടങ്ങിയപ്പോളെ അല്ലു മോള് പറഞ്ഞു.. “”മര്യാദക്ക് കഴിച്ചോ… ആകെ രണ്ടു ബിസ്ക്കറ്റ് ആണ് വൈകിട്ട് കഴിച്ചത്…”” കണ്ണുരുട്ടി പറഞ്ഞപ്പോ സങ്കടത്തോടെ ഋഷിയെ നോക്കുന്നത് കണ്ടു.. “”അല്ലൂസിന് ശക്തി ഉണ്ടെങ്കിലല്ലേ നിറയെ ടാറ്റാ പോകാൻ പറ്റൂ…. ഈ ദോശ കഴിച്ചാൽ നമുക്ക് ഇനീം ഇനീം ടാറ്റാ പോവാല്ലോ…. ഹ്മ്മ്… “” അത് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ വാ പകുതി തുറക്കുന്നത് കണ്ടു.. മോൾക്ക് കൊടുക്കുന്നതിന്റെ ഇടയിൽ കൂടി അവനും ദേവയും കഴിച്ചു…

തിരിച്ചു ബൈക്കിൽ കേറി പകുതി ദൂരം ആയപ്പൊളേക്കും അല്ലു മോള് ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു… അപ്പോഴേക്കും ഋഷി വണ്ടി ഒതുക്കി മോളെ എടുത്തു ദേവയുടെ കൈയിലേക്ക്‌ കൊടുത്തു…. ഉറക്കത്തിൽ എങ്ങാനും മോള് പെട്ടെന്ന് ഞെട്ടി വീഴുമോ എന്നോർത്താണ് അവന്റെ പേടി എന്ന് കണ്ടപ്പോൾ അവളുടെ മനസ്സ് വീണ്ടും നിറയുന്നുണ്ടായിരുന്നു.. വീടെത്തിയത് അറിഞ്ഞതെ ഇല്ല… മനസ്സാകെ ചിന്തകൾ ആയിരുന്നു…. അറിയാതെ ആണെങ്കിലും പല തവണയും അത് ദീപുവേട്ടനും ഋഷിയേട്ടനും തമ്മിലുള്ള താരതമ്യത്തിൽ എത്തിയിരുന്നു….

ഒരു നേരം പോലും മോളെ ഇതുപോലെ ദീപു ചേർത്ത് പിടിച്ചിട്ടില്ല എന്ന ഓർമ്മയിൽ അവളുടേ കണ്ണുകൾ നനഞ്ഞിരുന്നു.. “”ഹലോ… ഇതെന്താലോചിച്ചു ഇരിക്കുവാ… വീടെത്തി.. “”ഋഷിയുടെ വാക്കുകൾ കേട്ടപ്പോഴാണ് ബോധത്തിലേക്ക് വന്നത്.. അവനെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു മോളെയും എടുത്തു അകത്തേക്ക് നടന്നു.. മുറിയിലേക്ക് കയറിയപ്പോൾ എന്തെന്നില്ലാത്ത വെപ്രാളം തോന്നി ദേവക്ക്… ഇത്രയും നേരവും ഋഷിയേട്ടന്റെ ഒപ്പം ഈ മുറിയിൽ ഒറ്റക്ക് കഴിയുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു… അവൾക്കെന്തോ വല്ലാത്ത പരവേശം തോന്നി… മോളെ ബെഡിന്റെ നടുക്കായി കിടത്തി.. അമ്മയോ ഏട്ടത്തിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി അവൾക്ക്….

എന്തെങ്കിലും സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ മനസ്സിന് ഇത്തിരി സമാധാനം കിട്ടിയേനെ…. ഓരോന്നാലോചിച്ചു വീണ്ടും സമാധാനം പോകും പോലെ തോന്നി അവൾക്ക്…. മുറിയിലേക്ക് വരുന്ന ഋഷിയെ കണ്ടതും വേഗം എഴുന്നേറ്റു നിന്നു… അവളുടേ പരിഭ്രമം മനസ്സിലാക്കി എന്ന പോലെ അവനൊന്നു ചിരിച്ചു.. “”ഒന്ന് ശ്വാസം വിടടോ…. ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല…. അല്ലു മോൾക്ക് വേണ്ടിയാണ് താനിതിനു സമ്മതിച്ചതെന്ന് എനിക്ക് അറിയാവുന്ന കാര്യമല്ലേ… പിന്നെന്തിനാ ഈ പേടി…. “” ചിരിയോടെ അവൻ പറഞ്ഞപ്പോൾ ചെറിയൊരു സമാധാനം തോന്നി അവൾക്ക്… “”ലൈറ്റ് വേണ്ടല്ലോ അല്ലേ…””

അവൻ ചോദിച്ചപ്പോൾ വേണ്ടെന്ന് തലയാട്ടി… അല്ലുമോളുടെ അരികിലായി ഋഷി വന്നു കിടക്കുന്നത് നോക്കി കുറച്ചു നേരം നിന്നു….കട്ടിലിൽ കിടക്കണോ നിലത്ത് കിടക്കണോ എന്നുള്ള സംശയം ആയിരുന്നു… ചുറ്റും നോക്കിയിട്ടും നിലത്ത് വിരിക്കാനുള്ള പായ ഒന്നും കാണാത്തതിനാൽ ഒടുവിൽ കട്ടിലിൽ തന്നെ കിടക്കാൻ തീരുമാനിച്ചു… ഋഷി അപ്പോഴേക്കും ഉറക്കം പിടിച്ചു എന്ന് കണ്ടു.. ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കി കുറച്ചു സമയം കിടന്നു… അപ്പോഴേക്കും കൺപോളകളെ മയക്കം തഴുകിയിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ കണ്ണ് തുറക്കുമ്പോൾ ഋഷിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന അല്ലു മോളെയാണ് കാണുന്നത്… ഉള്ളിൽ ചെറിയ ഒരു കുശുമ്പ് പോലെ തോന്നി അവൾക്ക്…. “”ഹും…. ഇത്ര നാളും എന്നേ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയ പെണ്ണാ… ഇപ്പൊ തിരിഞ്ഞു കിടക്കുന്നത് നോക്ക്…”” മുഖമൊന്നു വീർപ്പിച്ചു പറഞ്ഞുകൊണ്ട് എഴുന്നേറ്റു.. ആ വീട്ടിലെ തന്റെ ആദ്യത്തെ പാചകം ആയതുകൊണ്ട് രാവിലെ കുളിച്ചിട്ടേ അടുക്കളയിൽ കേറാവൂ എന്ന് പറഞ്ഞിരുന്നു അമ്മ… തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് ഇറങ്ങുമ്പോൾ ദേഹമാകെ വിറക്കും പോലെ തോന്നി അവൾക്ക്.. അപ്പോഴും ഋഷിയും മോളും ഉണർന്നിട്ടില്ലായിരുന്നു…

സമയം ആറ് ആകുന്നതേ ഉള്ളു… ഋഷിക്ക് ഓഫീസിൽ പോകണം എന്ന് ഇന്നലെ തന്നെ പറഞ്ഞതുകൊണ്ട് വേഗം അടുക്കളയിലേക്ക് നടന്നു… ഇതിന് മുൻപ് ഇവിടെ പാചകം ഒന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു… എല്ലാം പുതിയത് പോലെ തന്നെ ഇരിപ്പുണ്ട്… പുതിയതായി വാങ്ങിയ ആവശ്യ സാധനങ്ങൾ പോലും തരം തിരിക്കാതെ അതുപോലെ തന്നെ പാക്കറ്റുകളാക്കി വച്ചിരിക്കുന്നു.. ഋഷിക്ക് കാപ്പിയാണ് ഇഷ്ടം എന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു… ഭാഗ്യത്തിന് നോക്കിയപ്പോൾ ഫ്രിഡ്ജിൽ പാലും വാങ്ങി വച്ചിട്ടുണ്ട്… വേഗം ഋഷിക്കുള്ള കാപ്പിയും ഇട്ട് അല്ലു മോൾക്കുള്ള പാലും കാച്ചി വച്ചു..

കാപ്പിയും എടുത്തു മുറിയിലേക്ക് ചെന്നപ്പോൾ ആളെ കണ്ടില്ല… അല്ലു മോളുടെ ചുറ്റും തലയണ എടുത്തു വച്ചിട്ടാണ് പോയിരിക്കുന്നത്… അത് കണ്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. തിരിച്ചിറങ്ങിയപ്പോൾ ഹാളിൽ ഇരുന്ന് പത്രം വായിക്കുന്നത് കണ്ടു… “”കാപ്പി…. “” കപ്പ് നീട്ടിയപ്പോൾ വാങ്ങാതെ ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നത് കണ്ടു.. ആ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു… “”എ… എന്താ… “” മടിച്ചു മടിച്ചു ചോദിച്ചു… അവൻ വേഗം തന്നെ മുഖത്തൊരു ചിരി വരുത്തി… “”ഹേയ്… എന്റെ അമ്മ പണ്ട് ഇങ്ങനെ ആയിരുന്നു… അച്ഛൻ ഹാളിൽ ഇരുന്ന് പത്രം വായിക്കുമ്പോൾ എനിക്കും അച്ഛനുമുള്ള കാപ്പി കൊണ്ട്ത്തരും….””

ഏതോ ഓർമ്മകളിൽ മുഴുകി എന്ന പോലെ അവനത് പറഞ്ഞു… “”അന്നത് ചെയ്തവരെ കിട്ടിയോ….”” നിറഞ്ഞ കണ്ണുകൾ അവള് കാണാതെ മറച്ചു പിടിക്കുന്ന അവന്റെ അടുത്തേക്ക് ഇരുന്ന് പതിയെ ചോദിച്ചു.. അവന്റെ മുഖത്തെ വിഷമം കാൺകെ അവളിലും ഒരു നോവ് തോന്നുന്നുണ്ടായിരുന്നു… ഒരുപക്ഷേ ഇതുവരെ അങ്ങനെയൊരു ഭാവത്തിൽ അവനെ കാണാത്തത് കൊണ്ടാകാം.. അവന്റെ മുഖത്ത് പുച്ഛം കലർന്ന ഒരു ചിരി വിടരുന്നത് കണ്ടു… “”വാടകക്ക് കൊല്ലാൻ വന്നവനെ പോലീസ് പിടിച്ചു അത്ര തന്നെ… കവർച്ചക്കിടയിൽ ഉണ്ടായ രണ്ടു കൊലപാതകങ്ങൾ….

അല്ലാതെ ഫ്ലാറ്റ് തട്ടിപ്പും മനുഷ്യക്കടത്തും നടത്തുന്ന ലോബിക്കെതിരെ അന്വേഷണം നടത്തിയ സർക്കിൾ ഇൻസ്‌പെക്ടർ ക്ക്‌ ലഭിച്ച ഭീഷണികളോ… ഇതിന് മുൻപ് നേരിടേണ്ടി വന്ന അക്രമങ്ങളുമെല്ലാം യാതൊരു തെളിവും ഇല്ലാത്ത ആരോപണങ്ങൾ മാത്രമായി….. എട്ട് വയസ്സുകാരന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തു…. അനാഥ മന്ദിരത്തിൽ കഴിഞ്ഞ ഓരോ രാത്രിയും അന്നത്തെ ദിവസം മാത്രമായിരുന്നു മനസ്സിൽ…. പല ദിവസങ്ങളിലും ഉറക്കം പോലും ഉണ്ടാകില്ല… അച്ഛനും അമ്മയും അടുത്ത് വരും പോലെ…. എന്റെ തൊട്ടടുത്തു എത്തുമ്പോൾ അവരെ ആരോ അകലേക്ക്‌ തട്ടിത്തെറിപ്പിക്കും പോലെ… അന്നുറപ്പിച്ചതാ ഞാൻ ഈ കാക്കി തന്നെ ഞാൻ അണിയും എന്ന്….

ഇപ്പോളുള്ള ഈ കേസിലെ അനാഥരാക്കപ്പെടുന്ന ഓരോ കുഞ്ഞുങ്ങളെയും കാണുമ്പോൾ വീണ്ടും വീണ്ടും ആ പഴയ എട്ട് വയസ്സുകാരൻ എന്റെ മുൻപിൽ തെളിയും… വെറുതെ വിടില്ല ഞാനയാളെ… “” പല്ലും ഞെരിച്ചു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന ദേവയെയാണ് കാണുന്നത്… “”തന്റെ മൂടും രാവിലെ കളഞ്ഞല്ലേ… “” അവൾ വേഗം തന്നെ കണ്ണുകൾ തുടച്ചു ഇല്ല എന്ന ഭാവത്തിൽ തലയാട്ടി… അല്ലു മോള്‌ എണീക്കുന്ന ശബ്ദം കേട്ടതും വേഗം കാപ്പി അവന്റെ കൈയിലേക്ക് കൊടുത്തിട്ട് മുറിയിലേക്ക് നടന്നു… കട്ടിലിൽ തന്നെ കിടപ്പുണ്ടായിരുന്നു… കണ്ണ് തുറക്കാതെയാണ് അമ്മേ വിളിക്കുന്നത്.. “”കള്ളി പെണ്ണെ…. “”ചെന്ന് വയറ്റിൽ ഇക്കിളാക്കിക്കൊടുത്തപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് എണീറ്റു…

എടുത്തു പുറത്തേക്ക് വരും വഴി ഹാളിൽ ഇരുന്ന് പത്രം വായിക്കുന്ന ഋഷിയെ കണ്ടതും കൈയിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് ഓടി… “”പോലീഷേ… അല്ലൂനും വേണം…. “” ഗൗരവത്തോടെ കൈയും നീട്ടിയുള്ള ചോദ്യം കേട്ടപ്പോൾ ഋഷി ഒരു പേപ്പർ എടുത്തു കൈയിലേക്ക് കൊടുത്തു.. . അവൻ ഇരിക്കുന്നത് പോലെ തന്നെ സോഫയിലേക്ക് കയറി അതേ ഗൗരവത്തിൽ ഇരിക്കുന്നത് കണ്ടു… പിന്നെ കൈയിൽ ഇരിക്കുന്ന പത്രം നിവർത്തി പിടിച്ചു അതിലേക്കായി നോട്ടം… തല തിരിച്ചു പിടിച്ചിരിക്കുന്ന പത്രം ഗൗരവത്തോടെ വായിക്കുന്ന അല്ലു മോളെ കണ്ടതും ദേവക്കും ഋഷിക്കും ചിരി പൊട്ടി എങ്കിലും സഹിച്ചു നിന്നു…. അപ്പോഴും ഇതൊന്നും അറിയാതെ ഗൗരവത്തോടെ ഓരോ അക്ഷരവും വായിക്കുന്നത് പോലെ നടിക്കുകയായിരുന്നു ഒരാൾ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ശ്രീ… എന്താണ് തനിക്ക് സംഭവിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല… അഭിയുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്… മുൻപ് അവൾ അടുത്തേക്ക് വരുമ്പോൾ പോലും വെറുപ്പോടെ മുഖം തിരിച്ചിട്ടേ ഉള്ളു… എന്നാലിപ്പോൾ എപ്പോ നോക്കിയാലും കുരിപ്പിന്റെ വിചാരമാണ് മനസ്സിൽ…ഇതാണോ ഇനി പ്രണയം… പക്ഷേ തനിക്കവളെ ഇഷ്ടമല്ലല്ലോ… അവൻ ദേഷ്യത്തോടെ കണ്ണുകൾ അടച്ചു കിടന്നു… വീണ്ടും അവളുടെ മുഖം തന്നെ മുൻപിൽ തെളിഞ്ഞു… “”നാശം പിടിക്കാൻ….. “” വീണ്ടും എഴുന്നേറ്റിരുന്നപ്പോൾ ഈ രാത്രിയും ഉറക്കം നഷ്ടപ്പെട്ടല്ലോ എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്….. തുടരും

മഴമുകിൽ: ഭാഗം 20

Share this story