മഴയേ : ഭാഗം 24

മഴയേ : ഭാഗം 24

എഴുത്തുകാരി: ശക്തി കല ജി

അവൻ വിളക്കിനു അർപ്പിക്കാനായി വച്ച പുഷ്പങ്ങൾ നാഗത്തിന് ആർപ്പിച്ചു…… മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങി…. ഒപ്പം വെള്ളി നിറത്തിലുള്ള നാഗം അന്തരീക്ഷത്തിൽ മാഞ്ഞു പോയി….. അപ്പോഴും ഗൗതം ഉത്തരയെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു,… ഉണ്ണി അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ തിരിഞ്ഞു നടന്നു…… ഉത്തരേച്ചിയോട് ഗൗതമേട്ടന് സ്നേഹം തോന്നണേ എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു… ഉണ്ണി കുടുംബതറവാട്ടിലെ നിലവറ ലക്ഷ്യമാക്കി നടന്നു….. അവനെ സ്വീകരിക്കാൻ ചാറ്റൽ മഴയും പുഷ്പങ്ങളും മത്സരിച്ചു….

ഉണ്ണി വേഗത്തിൽ പോകുന്നത് കണ്ടു ഗൗതം ഉത്തരയുടെ തോളിൽ തട്ടി ഉണ്ണി പോകുന്നത് ചൂണ്ടിക്കാണിച്ചു .. അവൾ വേഗം അവനിൽ നിന്നും കുറച്ചു മാറി മുഖത്ത് നോക്കാതെ മുന്നോട്ടു നടന്നു ഗൗതം അവളൊടൊപ്പം നടന്നു… തറവാടിനെ മുറ്റത്തുതന്നെ മാധവും മീരയും കൂടെ ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ടായിരുന്നു … അവരുടെ ശ്രദ്ധ മിരയുടെ കൂടെ നിൽക്കുന്ന പെൺകുട്ടി യിലേക്ക് തിരിഞ്ഞു കുസൃതി നിറഞ്ഞ ചിരിയോടെ അവരെ മാത്രം നോക്കി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടതും ഗൗതമിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു വല്യച്ഛൻറെ ഭാര്യ അവരുടെ അടുത്തേക്ക് വന്നു …

“ആഹാ ഇന്ന് നേരത്തെ വന്നല്ലോ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു .. ഇന്ന് നേരത്തെ വന്ന സ്ഥിതിക്ക് എന്തായാലും രാവിലത്തെ ആഹാരം ഇവിടെ നിന്ന് കഴിച്ചിട്ടേ പോകാവൂ” എന്ന് വല്യച്ഛൻ്റെ ഭാര്യ പറഞ്ഞു അവർ സംസാരിക്കുന്ന ശബ്ദം കേട്ടതും ഉണ്ണി അങ്ങോട്ടേക്ക് നോക്കി അവർ രണ്ടുപേരും പ്രതീക്ഷയോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് “ക്ഷമിക്കണം അമ്മേ ഞങ്ങൾക്ക് വ്രതം തീരുന്നതുവരെ മറ്റെങ്ങും കഴിക്കാൻ അനുവാദമില്ല തറവാട്ടിൽ തന്നെ മുത്തശ്ശി തയ്യാറാക്കുന്ന ഭക്ഷണം ആണ് ഞങ്ങൾ കഴിക്കേണ്ടത് ..

അതുകൊണ്ട് തീർച്ചയായും വ്രതം പൂർത്തിയായ കഴിഞ്ഞ് ഒരു ദിവസം ഇവിടെ താമസിച്ചു ആഹാരം കഴിച്ചിട്ട് പോവുകയുള്ളൂ ..”എന്ന് ഉണ്ണി പറഞ്ഞു അത് പറഞ്ഞത് കേട്ടപ്പോൾ വല്യച്ഛൻ്റെ ഭാര്യയുടെ മുഖം അൽപം മങ്ങിയെങ്കിലും അവർ മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ട് അവരെ സ്വീകരിച്ചു “അത് സാരമില്ല മുത്തശ്ശൻ പറയുന്നതുപോലെ നടക്കട്ടെ ആദ്യം എല്ലാ കാര്യങ്ങളും മംഗളകരമായി നടക്കട്ടെ അതുകഴിഞ്ഞ് തീർച്ചയായും തറവാട്ട് ഒരു ദിവസമെങ്കിലും താമസിക്കണം “എന്നാലെ ഞങ്ങൾ തെറ്റ് ചെയ്ത തെറ്റിന് പരിഹാരം ആകുകയുള്ളൂ…

അനിയൻ അവൻ്റെ ഭാര്യയോടൊപ്പം നിറകണ്ണുകളോടെ ഈ പടി ഇറങ്ങിപ്പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നവനാണ് … തുടർന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല… അവൻ്റെ മരണം പോലും ഞങ്ങൾ അറിയാത്തതിൽ വലിയ വിഷമം ഉണ്ടായിരുന്നു.. അച്ഛൻ്റെ വാക്കുകൾ എന്നും ഞങ്ങൾ അനുസരിച്ചിട്ടേ ഉള്ളൂ…. അന്ന് ധിക്കരിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല … പക്ഷേ അതിൻ്റെ പാപഫലം ഞങ്ങളാണ് അനുഭവിക്കുന്നത്…. അതുകൊണ്ട് അനിയൻ്റെ മക്കളെ എങ്കിലും ഈ തറവാട്ടിലേക്ക് വിളിച്ച് കൊണ്ടുവരണമെന്ന് ആഗ്രഹo ഉണ്ടായിരുന്നു…

നിങ്ങൾ തിരിച്ച് പോകും മുന്നേ ഒരു നേരത്തെ ആഹാരം എങ്കിലും ഒരുമിച്ച് ഇരുന്ന് കഴിക്കണം എന്ന് മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് .. അത് സാധിച്ചു തരണം ” എന്ന് അപേക്ഷ സ്വരത്തിൽ വല്യച്ഛൻ പറഞ്ഞു… പറഞ്ഞ് കഴിഞ്ഞ് എന്തോ അബദ്ധം പിണഞ്ഞത് പോലെ തല കൈയ്യിൽ വച്ചു…. എല്ലാരും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതും വല്യച്ഛൻ ഒന്നുമറിയാത്തത് പോലെ പുഞ്ചിരിച്ച മുഖവുമായി നിന്നു…. “തീർച്ചയായും…. തിരികെ മടങ്ങും മുൻപേ ഒരു ദിവസമെങ്കിലും ഞങ്ങളുടെ അച്ഛൻ കളിച്ചു വളർന്ന ഈ തറവാട്ടിൽ കഴിയണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്…

എല്ലാം മംഗളമായി നടക്കട്ടെ ” എന്ന് പറഞ്ഞ് ഉണ്ണി നിലവറയിലേക്ക് നടന്നു .. അപ്പോൾ ഇവരുടെയൊക്കെ ഉദ്ദേശം ഞങ്ങൾ തിരിച്ച് പോകണമെന്നാണ്…. വല്യച്ഛൻ്റെ മനസ്സിലെ ഉദ്ദേശം വാക്കുകളായ് അയാളറിയാതെ തന്നെ പുറത്തു വന്നതാണ്… എന്തായാലും ആരുടെയും ഉദ്ദേശം നടക്കാൻ പോകുന്നില്ല…. അങ്ങനെ അച്ഛനെ വെറുo കയ്യോടെ പറഞ്ഞു വിട്ടത് പോലെ തന്നെയും പറഞ്ഞു വിടാനാണ് ഉദ്ദേശം….. ഉണ്ണി ചിന്തിച്ചു കൊണ്ട് മുൻപോട്ടു നടന്നു… പുറകെ തന്നെ ഗൗതമും ഉത്തരയും നടന്നു … ഗൗതം ഉത്തരയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..

ഉത്തരയും കൈവിടുക്കാൻ ശ്രമിച്ചില്ല അവൾക്ക് ഓരോ സംഭവങ്ങളും ഓരോ അത്ഭുതങ്ങളായി മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് .. ഇതുവരെ കാണാത്ത കാഴ്ചകളൊക്കെ കണ്ട് അല്പം ഭയവും കൂടെ കൂടിയിരിക്കുന്നു… ശരിക്കും വെള്ളി നാഗത്തിൻ്റെ ഭീകരമായ രൂപം കണ്ടു ഭക്തിയേക്കാൾ കൂടുതൽ ഭയം ആണ് അവൾക്ക് തോന്നിയത് … ഗൗതമേട്ടൻ ചേർത്ത് പിടിച്ചില്ലാരുന്നെങ്കിൽ എൻ്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഓർത്ത് അവൾക്ക് ഭയം മനസ്സിൽ തോന്നി തുടങ്ങി…

അതുകൊണ്ട് തന്നെ ഗൗതമിൻ്റെ കയ്യിൽ അവൾ മുറുകെ പിടിച്ചിരുന്നു നിലവറയുടെ മുന്നിലെത്തിയതും ഉണ്ണി മന്ത്രജപo തുടങ്ങി വാതിലിൻ്റെ മുൻപിൽ നിന്ന് കൊണ്ട് കൈ ഉയർത്തി… നിലവറയിലെ കതക് തനിയേ തുറന്നു… ഉത്തര ഉണ്ണിയെ അത്ഭുതത്തോടെ നോക്കി… ഉണ്ണിക്ക് മന്ത്രശക്തിയുണ്ട് എന്നത് അവൾക്ക് പുതിയ അറിവായിരുന്നു…. അവർ മൂന്നു പേരും നിലവറയ്ക്ക് അകത്തേക്ക് പ്രവേശിച്ചു … മീരയുടെ അടുത്തു നിന്നിരുന്ന പെൺകുട്ടി നിലവറയുടെ വാതിൽപടിയിൽ വന്ന് നിന്നു.. “എൻ്റെ പേര് നിള. നിവേദയുടെ ചേച്ചിയാണ് .. മുത്തശ്ശൻ പറഞ്ഞിട്ട് വന്നതാണ് …

നിവേദയ്ക്ക് എൻ്റെ സംരക്ഷണം ആവശ്യമുണ്ട് എന്ന് വിളിച്ചറിയിച്ചിരുന്നു .. അതുകൊണ്ട് ഞാനും നിങ്ങളോടൊപ്പം തറവാടായ തറവാട്ടിലേക്ക് വരുന്നുണ്ട് ” ..എന്ന് നിള പറഞ്ഞു “മുത്തശ്ശൻ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ ” എന്ന് ഗൗതം പറഞ്ഞു .. ” മുത്തശ്ശൻ എന്നോട് പറഞ്ഞിരുന്നു ” ഉണ്ണിയാണ് മറുപടി പറഞ്ഞത് ഗൗതം സംശയത്തോടെ നോക്കി … മുത്തശ്ശൻ എന്നോട് പറയാതെ എന്തുകൊണ്ടാണ് ഉണ്ണിയോട് മാത്രം പറഞ്ഞു എന്നവൻ്റെ മനസ്സിൽ സംശയം തോന്നി.. “മുത്തശ്ശൻ ഇന്നലെ രാത്രിയാണ് പറഞ്ഞത് അപ്പോൾ ഗൗതമേട്ടൻ മുറിയിലേക്ക് പോയി കഴിഞ്ഞിരുന്നു… രാവിലെ കണ്ട ഉടനെ പറയണം എന്ന് പറഞ്ഞിരുന്നു …

പക്ഷേ നമ്മൾ കണ്ടത് നിലവറയിലെ വെച്ചാണ്… അതുകൊണ്ട് അവിടെ വച്ച് പറയാൻ കഴിഞ്ഞില്ല പിന്നീട് ഞാൻ മറന്നു പോവുകയും ചെയ്തു… എന്തായാലും ഇവിടെ വച്ച് ഈ പെൺകുട്ടിയെ കണ്ടപ്പോൾ ഓർമ്മ വന്നു .”എന്ന് ഉണ്ണി പറഞ്ഞു ഉത്തര ഇതൊന്നും ശ്രദ്ധിക്കാതെ അവളുടേതായ ലോകത്ത് മനസ്സിൽ ചിന്തകളുടെ കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. നിള ഉത്തരയേ ശ്രദ്ധിക്കുകയായിരുന്നു…. തൻ്റെ അനിയത്തിക്കില്ലാത്ത എന്ത് യോഗ്യതയാണ് ഇവൾക്ക്… നിവേദയ്ക്ക് ഗൗതമേട്ടനെ ഒരുപാടിഷ്ടമായിരുന്നു….

ആദ്യം വീട്ടുകാർ തമ്മിൽ സംസാരിച്ചതാണ് നിവേദയുടെയും ഗൗതമേട്ടൻ്റെയും കാര്യം… ജോലി കിട്ടിയിട്ട് തീരുമാനം അറിയിക്കാം എന്ന് ഗൗതമേട്ടൻ്റെ മുത്തശ്ശൻ പറഞ്ഞതും ആണ്…. പക്ഷേ ഗൗതമേട്ടന് ജോലി കിട്ടി കുറച്ച് ദിവസത്തിനുള്ളിൽ നിവേദ വിളിച്ചു പറഞ്ഞപ്പോഴാണ് അറിയുന്നത് ഗൗതമേട്ടൻ്റെ മുറപ്പെണ്ണുമായി വിവാഹം തീരുമാനിച്ച വിവരം…. ഇങ്ങനെയൊരു ചതി ചെയ്തവരോട് തീർച്ചയായും പ്രതികാരം വീട്ടണം…. അവൾ പകയോടെ ഉത്തരയെ നോക്കി.. . ഉത്തര ഈ ലോകത്തൊന്നുമല്ലെന്ന് അവൾക്ക് മനസ്സിലായി.. ഇപ്പോൾ കണക്ക് പറയാനോ തർക്കിക്കാനോ ഉള്ള സാഹചര്യമല്ല…

അങ്ങനെയൊരു സമയത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കണം… പക്ഷേ എൻ്റെ അനിയത്തിക്ക് കിട്ടാത്തത് ആർക്കും കിട്ടാൻ പാടില്ല.. എന്ന് നിള മനസ്സിൽ കരുതി… “ഇന്നുമുതൽ ഞാനും ചേച്ചിയുടെ കൂട്ടിന് തറവാട്ടിൽ ഉണ്ടാവും…. ഇവിടെ മാധവേട്ടനെന്നും മീരയും ഇന്ന് നമ്മളോടൊപ്പം തറവാട്ടിൽ വരുന്നുണ്ട് അതുകൊണ്ട് ഇനിയുള്ള കാര്യങ്ങൾ ഒന്നും പേടിക്കേണ്ട ആവശ്യമില്ല ഞങ്ങൾ എല്ലാവരും ചേച്ചിയുടെയും ഉണ്ണിയേട്ടൻ്റേയും ഒപ്പമുണ്ട് ലക്ഷ്യത്തിൽ എത്തുംവരെ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടാവും” നിള എന്ന് പറഞ്ഞു

“ശരി അങ്ങനെ ആയിക്കോട്ടെ “എന്ന് ഉണ്ണി മറുപടി പറഞ്ഞു നിള വിനയത്തോടെ നിലവറയിലെ വാതിൽ പടിയിൽ പുറകിലേക്ക് മാറിനിന്നു .. ഉണ്ണി നിലവറയിലെ വിഗ്രഹത്തിനു മുന്നിലെ വിളക്ക് കത്തിച്ചു . വലിയ ദേവി വിഗ്രഹത്തിന് അരികിലിരിക്കുന്ന കുഞ്ഞു ദേവിയുടെ കണ്ണുകളിൽ നിന്നും പ്രകാശം പ്രവഹിക്കുന്നുണ്ടായിരുന്നു .. ആ പ്രകാശം നിളയിൽ ചെന്നെത്തി നിന്നു… കാരണം തറവാടു ബന്ധമില്ലാത്ത ആർക്കും ദേവിയുടെ അനുഗ്രഹം കിട്ടില്ല… തറവാടുമായി ബന്ധമില്ലാത്ത ഒരാൾക്ക് അനുഗ്രഹം കിട്ടുന്നത് ആദ്യമായിട്ടാണ്… അപ്പോൾ നിളക്കും ഈ തറവാട്ടിലും എന്തോ ബന്ധമുണ്ട് അല്ലെങ്കിൽ ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട് ….

ഉണ്ണിയുടെയും ഗൗതമിൻ്റെയും മുഖത്ത് സംശയം നിറഞ്ഞു പക്ഷേ നിള കുഞ്ഞു ദേവിയുടെ പ്രകാശം തന്നിൽ ചെന്നെത്തി നിൽക്കുന്നത് അറിഞ്ഞത് കൂടി ഇല്ല… അവൾ കൈകൂപ്പി തൊഴുത് കണ്ണടച്ചുകൊണ്ട് നൽകുകയാണ് ….. ഉണ്ണിക്കും ഗൗതമിൻ്റെയും മുഖം വിടർന്നു…. രണ്ടു പേരും കണ്ണടച്ച് കൈകൂപ്പി നിൽക്കുന്ന നിളയെ തന്നെ നോക്കി നിന്നു…. ഉത്തര രണ്ടു പേരുടെയും തോളിൽ തട്ടി വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്…. രണ്ടു പേരും ഒരുപോലെ ചിരിച്ചു കാണിച്ചു… ”

അത് പിന്നെ ഞാൻ കുഞ്ഞു ദേവിയുടെ മിഴികളിൽ നിന്നുത്ഭവിച്ച പ്രകാശം നിളയിൽ എങ്ങനെ എത്തിനിൽക്കുന്നത് കണ്ട് പോയതാണ് “എന്ന് ഉണ്ണി പറഞ്ഞു … ” നിള നമ്മുടെ ശത്രു പക്ഷത്തല്ല…. നമുക്ക് ധൈര്യമായിട്ട് കൂടെ കൂട്ടാം എന്നാണ് നമുക്ക് കാണിച്ചുതരുന്നത്…. . കുഞ്ഞ് ദേവിയുടെ അനുഗ്രഹം കിട്ടിയ സ്ഥിതിക്ക് അവളെ കൂടുന്നതിൽ തെറ്റൊന്നുമില്ല … നമുക്ക് ഒരു സഹായവും ഉത്തരയ്ക്ക് ഒരാശ്വാസവും കിട്ടും…. അവൾ ഒറ്റയ്ക്ക് അല്ലല്ലോ കൂടെ ഒരു സഹായി കൂടി ഉണ്ടായാൽ അവൾ കുറച്ചു കൂടി ധൈര്യം കിട്ടും… ഇപ്പോൾ തന്നെ പേടിച്ചു വല്ലാത്ത അവസ്ഥയിലാണ്… ”

എന്ന് കളിയാക്കി കൊണ്ട് ഗൗതം ഉത്തരയുടെ നേരെ നോക്കി പറഞ്ഞു .. “അങ്ങനെയൊന്നും എന്നെ കളിയാക്കണ്ട ഞാൻ അങ്ങനെ ഒന്നും വീഴുന്ന ആളല്ല ” എന്ന് ഉത്തര ഉടനെ മറുപടി പറഞ്ഞു “അതെ അത് ശരിയാ അങ്ങനെയൊന്നും വീഴുന്ന ആളല്ലെന്ന് എനിക്ക് ഇന്നലെത്തന്നെ കണ്ടു മനസ്സിലായതാണ് ” ഗൗതം കൂടുതൽ കളിയാക്കും തോറും ഉത്തരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ചുവന്നു വരുന്നത് കൗതുകത്തോടെ അവൻ ചിരിയോടെ നോക്കി നിന്നു… “നിങ്ങൾ രണ്ടുപേരും വഴക്കുണ്ടാക്കി തീർന്നില്ലേ…

മുത്തശൻ പറഞ്ഞത് ഓർമയുണ്ടല്ലോ വ്രതം കഴിയുന്നതുവരെ നിങ്ങളുടെ വഴക്ക് ഒക്കെ മാറ്റി വെക്കണം എന്നാ അതുകഴിഞ്ഞ് തല്ലുണ്ടാക്കാൻ ഞാൻ അവസരം ഉണ്ടാക്കി തരാം ‘ എന്ന് ഉണ്ണി പറഞ്ഞു “അങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നാൽ അതിനേക്കാൾ സന്തോഷിക്കുന്നത് ഞാൻ തന്നെയായിരിക്കും ” ഗൗതം ചിരിയോടെ വലത് കൈനെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് മറുപടി പറഞ്ഞു .. ഉത്തര മറുപടി പറയാൻ വാക്കുകൾ കിട്ടാതെ മുഖം കുനിച്ചു…. ഉണ്ണി ശ്രദ്ധയോടെ വിഗ്രഹത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു എല്ലാരും ഭക്തിയോടെ തൊഴുതു… നിലവറയിലെ രണ്ടാമത്തെ നിലവിളക്ക് കത്തിക്കാൻ ഉത്തരയോട് ഉണ്ണി പറഞ്ഞു…

ഉത്തര ആദ്യം തൊഴുതു പ്രാർത്ഥിച്ചു’. നിലവിളക്ക് തെളിയിച്ചു … എല്ലാവർക്കും നന്മയുണ്ടാകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് നിലവിളക്കിൽ പുഷ്പങ്ങൾ അർപ്പിച്ചു .. ” ഇനി നമ്മുക്ക് മടങ്ങാം.. അവർ മാധവേട്ടൻ്റെ വണ്ടിയിൽ തറവാട്ടിലേക്ക് വന്നോളും… പിന്നെ കിരണിൻ്റെ കാര്യം നമ്മുക്ക് പിന്നീട് തീരുമാനിക്കാം” എന്ന് ഉണ്ണി പറഞ്ഞു.. അവർ മൂന്നുപേരും പുറത്തേക്കിറങ്ങി നിലവറയുടെ വാതിൽ പൂട്ടി .. “ഇനി ഞങ്ങൾ നാളെ രാവിലെ വന്നു വിളക്ക് കത്തിക്കുമ്പോൾ മാത്രമേ നിലവറ തുറക്കാൻ പാടുള്ളു.. അതിനു മുൻപ് ആരും തുറക്കാൻ ശ്രമിക്കരുത്… ” എന്ന് ഉണ്ണി വല്യച്ഛനെ നോക്കി പറഞ്ഞു.. “ശരി കുഞ്ഞേ അങ്ങനെ തന്നെ ചെയ്യാം..

അല്ലെങ്കിലും അച്ഛൻ മാത്രേ നിലവറയിൽ വിളക്ക് കൊളുത്താൻ കയറാറുള്ളു…. ” എന്ന് വല്യച്ഛൻ പറഞ്ഞു… “ശരി ഞങ്ങൾ ഇറങ്ങുയാണ്… ഇനി സംസാരിച്ച് നിന്നാൽ വൈകും…. ” എന്ന് പറഞ്ഞ് ഗൗതം മുൻപോട്ട് നടന്നു… മീരയും നിളയും മാധവിൻ്റെ കൂടെ അവൻ്റെ കാറിൽ കയറി… ഗൗതമിൻ്റെ വണ്ടി പടിപ്പുരയുടെ വെളിയിൽ നിർത്തിയിരുന്നത് കൊണ്ട് അവർ മൂന്നു പേരും വല്യച്ഛനോട് യാത്ര പറഞ്ഞിട്ട് വണ്ടിയുടെ അരികിലേക്ക് നടന്നു… വണ്ടിയിൽ കയറി ഗൗതം വണ്ടി സ്റ്റാർട്ട് ചെയ്തു.. ഉണ്ണിയും ഉത്തരയും വണ്ടിയിൽ കയറി.. മാധവിൻ്റെ വണ്ടി ഗൗതമിൻ്റെ വണ്ടിയെ അനുഗമിച്ചു…

യശസ്സ് തറവാടിൻ്റെ തിരുമുറ്റത്ത് രണ്ടു വണ്ടികളും ഒന്നിന് പുറകേ ഒന്നായി എത്തി….. മുത്തശ്ശിയും മുത്തശ്ശനും കൊച്ചു മക്കളെ സ്വീകരിക്കാൻ തറവാടിൻ്റെ ഉമ്മറത്ത് തന്നെ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. രാഗിണിയമ്മയും മുത്തശ്ശിയും നിവേദയും അടുക്കളയിൽ അവർക്കായി വേണ്ട വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു…. നിവേദയുടെ മുഖത്ത് പതിവില്ലാത്ത തെളിച്ചം കണ്ട് രാഗിണിയമ്മ അവളെ ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു… നിവേദയുടെ മുഖത്തെ തെളിച്ചം അവളുടെ ചേച്ചി നിള വരുന്നതിൻ്റെയാണ് എന്നവർക്ക് അറിയാമായിരുന്നത് കൊണ്ട് രാഗിണിയമ്മയുടെ മനസ്സ് അസ്വസ്ഥമായിരുന്നു….

കാരണം ഗൗതമിനേക്കാൾ മന്ത്രസിദ്ധി കൂടുതൽ ഉള്ളത് നിളയ്ക്കാണ്… സ്വന്തം അനിയത്തിയെ സഹായിക്കാനായി നിള തൻ്റെ മകനെതിരെ മന്ത്രo പ്രയോഗിക്കുമോ എന്ന ഭയം രാഗിണിയമ്മയുടെ മനസ്സിലുണ്ട്… അതു കൊണ്ട് കൂടുതൽ ശ്രദ്ധയോടെ അവർ നിവേദയെ വീക്ഷിച്ചു കൊണ്ടിരുന്നു….. അവർ വന്നയുടനെ മുത്തശ്ശൻ അവരെ നിലവറയിലേക്ക് വിളിച്ചു കൊണ്ടുപോയി… മുത്തശ്ശൻ നിളയ്ക്കു വേണ്ടി രക്ഷയെടുത്തു കൊണ്ടുവന്നു…. ഉണ്ണിയോട് നിളയുടെ കൈയ്യിൽ കെട്ടി കൊടുക്കാൻ പറഞ്ഞു…… നിള മുത്തശ്ശൻ്റെ പാദം തൊട്ടു വണങ്ങി….

ഉണ്ണി രക്ഷ കൈയ്യിൽ വാങ്ങി… നിളയുടെ വലത് കൈത്തണ്ടയിൽ കെട്ടി കൊടുത്തു….. അവളുടെ മിഴികളിലെ ഭാവം പ്രതികാരത്തിൻ്റേതാണ് എന്ന് മനസ്സിലായതും മുത്തശ്ശൻ്റെ മൗനസമ്മതത്തോടു കൂടി അവൻ്റെ കൈവശം ഉണ്ടായിരുന്ന രക്ഷയും ചേർത്ത് നിളയുടെ കൈയ്യിൽ കെട്ടി…. ” ഇന്ന് മുതൽ ഉണ്ണിയുടെ കൂടെ നിളയ്ക്കും നിലവറയിൽ പ്രവേശിക്കാം…. ഉണ്ണിയുടെ അസാന്നിദ്ധ്യത്തിൽ നിലവറയിൽ നിളയ്ക്ക് പ്രവേശിക്കാൻ സാധിക്കില്ല” മുത്തശ്ശൻ്റെ വാക്കുകൾ നിളയിൽ അൽപം നിരാശയുളവാക്കി….

പക്ഷേ മുന്നിൽ ഒരു വഴി ഉണ്ട് ഉണ്ണിയേട്ടനെ തൻ്റെ പക്ഷത്ത് ആക്കണം… ഗൗതമിനെ ഉണ്ണിയേട്ടൻ്റെ ശത്രുവാക്കണം.. അതിനുള്ള വഴി കണ്ടെത്തണം എന്നവൾ മനസ്സിൽ തീരുമാനിച്ചു… ഉത്തര നിലവറയിലെ മുറിയിലേക്ക് പോയി… നിളയ്ക്ക് താമസിക്കാൻ ഗൗതമിൻ്റെ മുറി തന്നെ വേണമെന്ന് പറഞ്ഞത് കൊണ്ട് അവന് തൻ്റെ മുറി അവൾക്ക് വിട്ടുകൊടുക്കേണ്ടി വന്നു… നിളയോടൊപ്പം നിവേദയും ആ മുറിയിൽ താമസിക്കാൻ തീരുമാനിച്ചു….. അവർ അവിടെ താമസം തുടങ്ങിയപ്പോൾ ഗൗതമിൻ്റെ അത്യവശ്യ സാധനങ്ങൾ ഉത്തരയുടെ നിലവറയിലെ മുറിയിൽ കൊണ്ടുവച്ചു…

ഉത്തര ഒന്നും പ്രതികരിക്കാനാവാതെ മുഖം കുനിച്ച് ഇരുന്നു…. “ഉത്തരയ്ക്ക് എന്നെ പൂർണ്ണമായും വിശ്വസിക്കാം…. എൻ്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിക്കില്ല” പിന്നേ കുഞ്ഞു ദേവി കുസൃതി കാട്ടിയാൽ ഞാൻ ഉത്തരവാദിയല്ല ” ഗൗതം ചിരിയോടെ പറഞ്ഞു…. ഉത്തര ദേഷ്യത്തോടെ പ്ലേറ്റിലിരുന്ന ആപ്പിൾ അവന് നേരെ എറിഞ്ഞു… ഗൗതം പെട്ടെന്ന് ഒഴിഞ്ഞുമാറി തനിക്ക് നേരെ വന്ന ആപ്പിൾ വലത് കൈ കൊണ്ട് പിടിച്ചു… ” ആഹാ നല്ല ഉന്നം ” എന്ന് പറഞ്ഞ് കൊണ്ട് അവൻ തിരിഞ്ഞു നടന്നു… തറവാട്ടിൽ എല്ലാരും വന്നത് കൊണ്ട് നല്ല ബഹളമായിരുന്നു….. എല്ലാരും കളിയും ചിരിയുമായി അന്നത്തെ ദിവസം ആഘോഷിച്ചു…..

നിളയും നിവേദയും പുതിയ തന്ത്രങ്ങൾ മെനയുന്നുണ്ടായിരുന്നുവെങ്കിലും അതെല്ലാം രാഗിണിയമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. ഉണ്ണിയും ഉത്തരയും മന്ത്രങ്ങൾ ശ്രദ്ധയോടെ പഠിച്ചു…. . വ്രതത്തിൻ്റെ രണ്ടാമത്തെ ദിവസവും തീരാറായി… ഉത്തര ഗൗതം മുറിയിലേക്ക് വരും മുന്നേ ഉറക്കം നടിച്ച് ഒരു മൂലയിൽ ഒതുങ്ങി കൂടി…. ഗൗതമും അവളെ ശല്യപ്പെടുത്താൻ പോയില്ല… അവനും മറ്റൊരു വശത്ത് കിടന്നു…. ആ മുറിയിൽ അവരുടെ ഹൃദയസ്പന്ദനം ഉയർന്ന് കേട്ടു….. എപ്പോഴോ മയങ്ങി….. രാവിലെ ഗൗതമാണ് ആദ്യം ഉണർന്നത്… തൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഉത്തരയെ കണ്ട് അവന് അത്ഭുതം തോന്നിയില്ല.. കാരണം കുഞ്ഞുദേവി വന്നതിൻ്റെ അടയാളമായി താമര പൂവിതളുകൾ മുറിയിൽ ചിതറി കിടന്നിരുന്നു……. തുടരും

മഴയേ : ഭാഗം 23

Share this story