നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 23

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 23

സൂര്യകാന്തി

ആ നാഗം അവർക്ക് മുൻപിൽ ഫണം വിടർത്തി ഉഗ്രമായി ചീറ്റിയതും പത്മയുടെ ഭാവം മാറി തുടങ്ങിയിരുന്നു.. അനന്തന്റെ കരം വിടുവിച്ചു രണ്ടു ചുവടുകൾ മുൻപോട്ട് വെച്ചതും പത്മയുടെ മിഴികൾ നീല നിറമായിരുന്നു.. നെറ്റിതടത്തിലെ സ്വർണവർണ്ണത്തിലുള്ള നാഗച്ചിഹനം വെട്ടി തിളങ്ങി..പത്മാ ദേവി അപ്പോൾ നാഗകാളി മഠത്തിലെ നാഗക്കാവിലമ്മയായിരുന്നു.. പത്മയുടെ നീലമിഴികൾക്ക് മുൻപിൽ കരിനാഗം ഒന്ന് പുളഞ്ഞു.. പതിയെ ഫണം താഴ്ന്നതും തളർന്നെന്ന പോലെ മണ്ണിൽ ശിരസ്സമർത്തി കിടക്കുന്നതും അനന്തൻ കണ്ടു..

പത്മയെ നോക്കിയ അനന്തന്റെ ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞെങ്കിലും പത്മ അനന്തനെ നോക്കിയതേയില്ല.. അവളുടെ കണ്ണുകൾ അപ്പോഴും ആ കറുത്ത നാഗത്തിലായിരുന്നു.. അവർക്ക് മുൻപിൽ നിന്നും അത് പതിയെ ഇഴഞ്ഞു മാറുമ്പോൾ അതിന്റെ ഉടലാകെ ചോര പൊടിഞ്ഞിരുന്നു.. അനന്തൻ അവൾക്ക് നേരെ വലത് കൈ നീട്ടിയപ്പോൾ പത്മ അയാളെ ഒന്ന് നോക്കി.. കൈകൾ തമ്മിൽ ചേർക്കുമ്പോൾ ആ മിഴികളിലെ നീല വർണ്ണം പതിയെ അലിഞ്ഞില്ലാതെയാവുന്നത് തെല്ലൊരു കൗതുകത്തോടെ അനന്തൻ നോക്കി നിന്നു..

കളിയാർമഠത്തിന്റെ മുറ്റത്തെത്തിയപ്പോൾ ഒടിഞ്ഞു കിടക്കുന്ന ചെടിക്കമ്പുകളും മരച്ചില്ലകളും എടുത്തെറിഞ്ഞത് പോലെ കിടക്കുന്ന ചെടി ചട്ടികളും അനന്തൻ കണ്ടു.. ദാരിക തിമാർത്താടിയിട്ടുണ്ട് മുറ്റം മുഴുവനും.. ആദിയും ഭദ്രയും ശ്രീദേവിയും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു.. ദേവിയമ്മയുടെയും ആദിത്യന്റെയും മുഖങ്ങളിലെ ആകുലത ഭദ്രയുടെ മുഖത്തുണ്ടായിരുന്നില്ല.. അവളുടെ നോട്ടം ചെന്നെത്തിയത് കോർത്തു പിടിച്ച അനന്തന്റെയും പത്മയുടെയും കൈകളിലേക്കായിരുന്നു..

പിന്നെ പതിയെ എങ്കിലും അവളിൽ ഒരു ചിരി തെളിഞ്ഞു.. അവർ പൂമുഖത്തേക്ക് കയറിയതും ദേവിയമ്മ അവർക്കരികിലേക്കെത്തി വേവലാതിയോടെ മാറി മാറി നോക്കി.. “ഒന്നും പറ്റീല്ലല്ലോ നന്ദാ.. അവള് കുഴപ്പന്തേലും ഇണ്ടാക്കിയോ..?” “ഒന്ന് പേടിപ്പിക്കാൻ ശ്രെമിച്ചു.. അത്രേള്ളൂ ദേവമ്മേ.. നാഗത്താൻ കാവിൽ തിരി തെളിഞ്ഞു.. ഇനി നാഗത്താൻമാരുടെയും അനുഗ്രഹം ഉണ്ടാവും ഇവിടെ..” “ന്റെ ദേവീ.. ജീവനും കൈയിൽ പിടിച്ചാ ഇരുന്നത്.. ന്തായിരുന്നു ഇവിടെ… കൊടുങ്കാറ്റ് പോലെയായിരുന്നു.. പലവട്ടം ആദി പുറത്തേക്കിറങ്ങാനും തുനിഞ്ഞു നിങ്ങള്ടെ അടുത്തേക്ക് വരാൻ.. ഭദ്രയാ തടഞ്ഞേ..”

ആദിത്യനെ ശാസനയോടെ ഒന്ന് നോക്കി അനന്തൻ.. “ആ നേരത്തെ കാറ്റും കോലാഹലവുമൊക്കെ കണ്ടപ്പോൾ നിങ്ങളെ അറിഞ്ഞു കൊണ്ടു ആപത്തിലേക്ക് തള്ളി വിട്ടത് പോലെ തോന്നി.. അതാണ് ഞാൻ…” ആദിത്യൻ തെല്ലു ജാള്യതയോടെ പറഞ്ഞു.. “ആദിയെ അപകടപെടുത്താൻ അവൾ തുനിയില്ലെങ്കിലും കലിയിളകി നിൽക്കുന്ന അവളുടെ മുൻപിൽ പെട്ടാൽ എന്താണ് സംഭവിക്കുക എന്നറിയില്ല ആദീ..” അനന്തൻ ശാന്തമായ സ്വരത്തിൽ തുടർന്നു.. “നാഗത്താൻ കാവിൽ വർഷങ്ങളോളം അവൾ മുടക്കിയ തിരി തെളിഞ്ഞത് ദാരികയെ പ്രകോപിപ്പിച്ചിട്ടുണ്ട്.. ഇനി അവൾ അടങ്ങിയിരിക്കില്ല ആദി..

കരുതലോടെ ഇരിക്കണം.. എല്ലാവരും…” അനന്തന്റെ കണ്ണുകൾ എത്തിയത് തനിക്കരികെ ചെറുചിരിയോടെ നിൽക്കുന്ന ഭദ്രയിലേക്കാണ്.. “നിനക്ക് പേടിയൊന്നും തോന്നീലെ അമ്മൂട്ടീ..?” അനന്തൻ ചിരിയോടെ ഭദ്രയെ നോക്കി.. “എന്തിന്..? ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്നതല്ലേ എന്റെ അച്ഛനെയും അമ്മയെയും..” ഭദ്ര തെല്ലു കുസൃതിയോടെ പത്മയെ ഒന്ന് പാളി നോക്കി.. പിന്നെ പറഞ്ഞു.. “നിയിപ്പോൾ അവള് നിങ്ങളെ എന്തേലും ചെയ്തിരുന്നെങ്കിൽ തന്നെ എന്റെ അച്ഛനും അമ്മയും വീരചരമമടഞ്ഞെന്ന് എനിക്ക് പറയാല്ലോ..”

അന്ധാളിച്ച് നിൽക്കുന്ന ദേവിയമ്മയെ ഒന്ന് നോക്കി ആദിത്യൻ ഭദ്രയെ തെല്ലു ദേഷ്യത്തോടെ നോക്കിയെങ്കിലും അനന്തൻ പൊട്ടിച്ചിരിച്ചു.. “എടി കാന്താരി.. നീ ആള് കൊള്ളാലോ..” ഭദ്ര അനന്തനെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി അകത്തേക്ക് നടന്നു.. “ഭാര്യേം ഭർത്താവും യുദ്ധമൊക്കെ കഴിഞ്ഞു ക്ഷീണിച്ച് വന്നതല്ലെ.. വല്ലോം കഴിക്ക്..” പോവുന്നതിനിടയിൽ അവൾ പറഞ്ഞത് കേട്ട് തന്നെ നോക്കി നിൽക്കുന്ന ആദിത്യനെ കണ്ടതും അനന്തൻ വീണ്ടും ചിരിച്ചു.. “ഇതെന്തിന്റെ കുഞ്ഞാണെന്നല്ലേ.. ദോ ക്രെഡിറ്റ്‌ മുഴുവനും അവിടെ കൊടുത്തേരെ..”

കണ്ണുകൾ കൊണ്ടു പത്മയെ കാണിച്ചു അനന്തൻ പറഞ്ഞു.. പത്മയുടെ മുഖം മാറുന്നത് കണ്ടതും അനന്തൻ വേഗം അകത്തേക്ക് നടന്നു.. “വല്ലാത്ത വിശപ്പ്.. ദേവമ്മേ..” ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ അകത്തേക്ക് നടക്കുന്ന അനന്തനെ കണ്ടതും പത്മയിൽ ഒരു ചിരിയെത്തി.. പതിയെ അത് ആദിത്യനിലുമെത്തി.. പരസ്പരം നോക്കി ചിരിച്ചു അവരും അകത്തേക്ക് നടക്കുമ്പോഴും കാവിലെ ഏഴിലം പാല കൊടുങ്കാറ്റിൽ പെട്ടെന്ന പോലെ ആടിയുലയുന്നുണ്ടായിരുന്നു.. അകത്തേക്കെത്തിയ ഭദ്ര ഒരു ദീർഘനിശ്വാസം വിട്ടു.. എന്തൊക്കെ പറഞ്ഞാലും ആ സമയത്ത് ഉള്ളിലെവിടെയോ ഒരു ഭയം ഉറവയെടുത്തിരുന്നു..

അച്ഛനെയും അമ്മയെയും ഓർത്ത്.. അവരില്ലെങ്കിൽ പിന്നെ ഭദ്രയില്ല… “മാഡം ഒന്ന് നിന്നേ….” ഭദ്ര അവളുടെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ആദിത്യൻ പിറകിൽ നിന്നും വിളിച്ചത്.. “ഒരു കല്യാണം ആലോചിച്ചിരുന്നു… മറുപടി ഒന്നും കിട്ടിയില്ല..” ആദിത്യൻ അവൾക്കരികെ എത്തിയിരുന്നു.. “ഓ.. അത്.. എനിക്കൊന്നൂടെ ഒന്നാലോചിക്കണം മിസ്റ്റർ ആദിനാരായണൻ..” ഇത്തിരി ജാഡ മുഖത്ത് വരുത്തി പറഞ്ഞിട്ട് തിരിയുമ്പോഴേക്കും അവളുടെ കൈയിൽ പിടുത്തം വീണിരുന്നു.. “അവടെ നിക്കെടി കോപ്പേ..” ആദി അവളെ തന്നിലേക്ക് പിടിച്ചു ചേർക്കാൻ ശ്രെമിച്ചെങ്കിലും ഭദ്ര കുതറി മാറി പിറകിലേക്ക് ചുവട് വെച്ചു.. “നീയാരാന്നാടി നിന്റെ വിചാരം..

ഐശ്വര്യാ റായിയോ..കണ്ടാലും മതി ഒണക്കകൊള്ളി പോലുണ്ട് മത്തങ്ങാ തലയും ഉണ്ടക്കണ്ണും..” അവൾക്ക് നേരെ ചുവട് വെച്ചു കൊണ്ടാണ് ആദിത്യൻ പറഞ്ഞത്.. “ഹേയ് അത്രയ്ക്കൊന്നും ഇല്ല.. പിന്നെ ഞാൻ ശ്രീഭദ്ര..നാഗകാളിമഠത്തിൽ അനന്തന്റെയും പത്മയുടെയും മകൾ..” “എന്നാലേ ഞാൻ ആദിയാണ്… കാളിയാർമഠത്തിൽ ആദിനാരായണൻ..” ഷർട്ടിന്റെ സ്ലീവ് ചുരുട്ടി വെച്ചു കൊണ്ടു അവൻ അടുത്തേക്ക് നടന്നടുക്കുന്നത് കണ്ടു ഒന്ന് പതറിയെങ്കിലും അത് മറച്ചു വെച്ചു കൊണ്ടു അവൾ പറഞ്ഞു.. “അവിടെ നിക്ക്.. അവിടെ നിക്ക്. എങ്ങോട്ടാ ഈ കേറിക്കേറി വരണത്..” “അയ്യടാ.. ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നുമല്ല..

ഒരു കാര്യം പറയാൻ വന്നതാ..” ഭദ്ര ചോദ്യഭാവത്തിൽ നോക്കിയതും ആദിത്യൻ ചിരിച്ചു.. “ഒരു വിശേഷമുണ്ട്..എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്താനാണ് ഭട്ടതിരിപ്പാട് പറഞ്ഞത്.. നിനക്കൊട്ടും താല്പര്യമില്ലാത്ത സ്ഥിതിയ്ക്ക് നിർബന്ധിക്കേണ്ടെന്ന് അങ്കിൾ പറഞ്ഞു.. എന്തായാലും എന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിയേ പറ്റൂ.. അപ്പോൾ അമ്മയാണ് പാർവതിയുടെ കാര്യം പറഞ്ഞത്..” ഇരുണ്ടു വരുന്ന ഭദ്രയുടെ മുഖത്തേക്ക് നോക്കി ചുണ്ടിൽ ഒളിപ്പിച്ച കള്ളച്ചിരിയോടെ ആദിത്യൻ തുടർന്നു.. “മ്മടെ പാറൂട്ടിയേയ്..

അമ്മ വാര്യരെ വിളിച്ചു സംസാരിക്കുകയും ചെയ്തു.. കാര്യങ്ങളൊക്കെ തീരുമാനിക്കാൻ അവര് ഇങ്ങോട്ട് വരണുണ്ട്.. അതാണ് ഞാൻ ഒന്നൂടെ ചോദിച്ചത്.. പിന്നെ പറഞ്ഞില്ല അറിഞ്ഞില്ലാന്ന് വേണ്ടല്ലോ..ന്നാൽ പോട്ടെ..” ഭദ്രയുടെ മുഖത്ത് ദേഷ്യം നിറയുന്നത് കണ്ടു ഉള്ളിൽ ഒളിപ്പിച്ച ചിരിയോടെ ആദിത്യൻ പോവാനായി തിരിഞ്ഞു.. “ഡോ..” ആദിത്യൻ പതിയെ തിരിഞ്ഞതും ദേഷ്യവും സങ്കടവും കൊണ്ടു നിറഞ്ഞ മുഖം കണ്ടു.. വിറയ്ക്കുന്ന ചുണ്ടുകൾ.. കണ്ണുകളിൽ പക്ഷെ രൗദ്രഭാവമായിരുന്നു.. “ഈശ്വരാ ഈ ഭദ്രകാളി ഇന്നെന്നെ കൊല്ലുമോ.. നീ തന്നെ തുണ..” ആദി ഒരു നിമിഷം കണ്ണടച്ചപ്പോഴേക്കും ഭദ്ര കാറ്റ് പോലെ അവനരികെ എത്തിയിരുന്നു..

“ഇയാൾക്ക് വേറെ കെട്ടണോ..?” “പിന്നെ വേണ്ടേ.. എനിയ്ക്കുമില്ലേ ഭദ്രാ മോഹങ്ങളും സങ്കൽപ്പങ്ങളുമൊക്കെ..” തെല്ലു നാണം മുഖത്തു വരുത്തി പറഞ്ഞു ആദിത്യൻ മുഖം താഴ്ത്തി കാലു കൊണ്ടു കളം വരയ്ക്കാൻ തുടങ്ങിയതും അവന്റെ ഷർട്ടിന്റെ കോളർ ഭദ്ര കൂട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.. “വേറെ കെട്ടണമല്ലേ.. കാണിച്ചു തരാം ഞാൻ..” അടുത്ത നിമിഷം ആദിത്യന്റെ കഴുത്തിലൂടെ കൈയിട്ടു തെല്ലൊന്നുയർന്നു ഭദ്ര അവനിൽ അധരങ്ങൾ ചേർത്തിരുന്നു..ആദ്യത്തെ ഞെട്ടലിൽ കണ്ണുകൾ മിഴിഞ്ഞ ആദിയുടെ കൈകൾ പതിയെ അവളെയും ചുറ്റി പിടിച്ചിരുന്നു..

സ്വബോധത്തിലേക്ക് തിരിച്ചെത്തിയ നിമിഷം ഭദ്ര പിന്തിരിയാൻ ശ്രെമിച്ചെങ്കിലും അവളെ ചുറ്റിയ കരങ്ങൾ തെല്ലുമയഞ്ഞില്ല.. തമ്മിൽ വേർപെടുമ്പോഴേക്കും ഭദ്രയുടെ കവിളുകൾ തുടുത്തിരുന്നു.. ആദിത്യന്റെ കള്ളച്ചിരി കണ്ടതും അവൾ മിഴികൾ താഴ്ത്തി.. “ആഹാ ഈ നാണംന്ന് പറഞ്ഞ വികാരമൊക്കെ എന്റെ പെണ്ണിനുണ്ടോടി ഭദ്രകാളി..” കാതോരം ആദിത്യന്റെ പതിഞ്ഞ ശബ്ദം കേട്ടതും ഭദ്ര അവനെ തള്ളി മാറ്റി ചിരിയോടെ പുറത്തേക്കോടി.. “പോടാ കള്ളതെമ്മാടി..” “ഡീ..” ചുവന്ന മുഖവുമായി ഭദ്ര ഹാളിലേക്ക് ഓടിയെത്തിയത് അകത്തേക്ക് വരികയായിരുന്ന അനന്തന്റെയും പത്മയുടെയും മുൻപിലേക്കാണ്..

ഒന്ന് പരുങ്ങി മുഖമുയർത്താതെ അവർക്കരികിലൂടെ കടന്നു പോയ ഭദ്രയേയും പിറകെ വന്ന ആദിത്യന്റെ ചമ്മിയ ചിരിയും കണ്ടപ്പോൾ അനന്തൻ പത്മയെ നോക്കിയൊന്ന് തലയാട്ടി.. കൂർപ്പിച്ചൊന്ന് നോക്കിയായിരുന്നു മറുപടി.. “മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല മിസ്റ്റർ അനന്തപത്മനാഭൻ..” തെല്ലു ഗൗരവത്തിൽ പറഞ്ഞിട്ട് പത്മ അയാളെ കടന്നു പോയി.. “വല്ല കാര്യവും ഉണ്ടായിരുന്നോ.. വെറുതെ വടി കൊടുത്തു എന്നെ ഒന്ന് അടിക്കുമോന്ന് ചോദിച്ചത് പോലെയായി.. ” പിറുപിറുത്തു കൊണ്ടു പോവുന്നതിനിടെ അനന്തൻ മനസ്സിലോർത്തു.. “അല്ലെങ്കിലും പത്മതമ്പുരാട്ടി ഒന്നും മറക്കില്ല.. തരാനുള്ളത് പലിശ സഹിതം തരും..”.

അനന്തന്റെ കവിളുകളിൽ നുണക്കുഴികൾ തെളിഞ്ഞിരുന്നു.. “അവൻ തന്നെ…” അനന്തൻ മട്ടുപ്പാവിലായിരുന്നു.. കൈയിലെ മൊബൈലിൽ മറുപുറത്ത് നിന്നും ശ്രീനാഥിന്റെ പരിഭ്രമം കലർന്ന ശബ്ദം അനന്തൻ കേട്ടു.. “എന്നാലും അനന്തേട്ടാ.. വാഴൂരില്ലം വാങ്ങുകന്നൊക്കെ പറയുമ്പോൾ ആള് നിസ്സാരക്കാരനാവില്ലല്ലോ.. എന്താവും അവന്റെ ഉദ്ദേശം..?” “അറിയില്ല ശ്രീ.. ഞാനും ഞെട്ടി… വിശ്വസിക്കാൻ കഴിഞ്ഞില്ല.. പിന്നെ തെളിവുകൾ കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല..” ശ്രീനാഥിന് അറിയേണ്ടുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളെ പറ്റിയൊക്കെ പറഞ്ഞു കൊടുത്തിട്ട് കോൾ കട്ട് ചെയ്യുമ്പോഴേക്കും അനന്തന്റെ മനസ്സിൽ തീരുമാനങ്ങൾ ഉറച്ചിരുന്നു..

“എന്റെ കുടുംബം തകർക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.. അതിന് വേണ്ടി അനന്തൻ എന്തും ചെയ്യും.. എന്തും…” അനന്തന്റെ കണ്ണുകൾ നാഗത്താൻകാവിലേക്കായിരുന്നു.. ആദിത്യന്റെ കണ്ണുകൾ പലവുരു ഭദ്രയെ തേടി നടന്നിട്ടും അവളുടെ പൊടി പോലും കണ്ടില്ല..അവനുണ്ടായ ഷോക്ക് അപ്പോഴും പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല.. ആദ്യമായാണ് ഭദ്ര ഇങ്ങനെയൊക്കെ പെരുമാറുന്നത്.. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുമെങ്കിലും പരിധി വിട്ടൊരു നീക്കം ഇതു വരെ അവളിൽ നിന്നും ഉണ്ടായിട്ടില്ല.. ഊണുമേശയിലാണ് ആദിത്യൻ പിന്നെ ആളെ കണ്ടത്.. പതിവ് പോലെ കലപില സംസാരിക്കുന്നൊക്കെ ഉണ്ടെങ്കിലും അവൾ ഒരിക്കൽ പോലും ആദിത്യനെ നോക്കിയില്ല..

ആദി മേശയ്ക്കടിയിലൂടെ ഭദ്രയുടെ കാലിൽ ചവിട്ടിയെങ്കിലും ഒരു ഭാവഭേദവുമില്ലാതെ കാലുകൾ പിൻവലിച്ചതല്ലാതെ ഭദ്ര അപ്പോഴും അവനെ നോക്കിയില്ല.. “ഭദ്രാ നിന്റെ തീസിസ് സബ്മിറ്റ് ചെയ്യേണ്ടത് എപ്പോഴാണ്..?” ആദിത്യൻ ചോദിച്ചപ്പോൾ അവൾക്ക് അവനെ നോക്കാതെ വേറെ വഴിയില്ലായിരുന്നു.. “അത്.. അത് ഒരു മാസം കൂടെ സമയമുണ്ട് ആദിയേട്ടാ..” “ഉം…” ഭദ്ര മുഖം താഴ്ത്തുന്നതിന് മുൻപേ ആദിത്യൻ അവളെ നോക്കി കണ്ണിറുക്കിയിരുന്നു.. കീഴ്ച്ചുണ്ടിൽ പതിയെ തലോടിയതും അവൾ മിഴികൾ താഴ്ത്തിയിരുന്നു.. ആ കവിളുകൾ വീണ്ടും അരുണാഭമാവുന്നതും കണ്ണുകളിൽ അത് വരെ കാണാതിരുന്ന ഭാവങ്ങൾ വിടരുന്നതും ആദിത്യൻ കൗതുകത്തോടെ അറിയുന്നുണ്ടായിരുന്നു..

പൊടുന്നനെ അവൾ നിശബ്ദയായതും.. “ആദി ഞങ്ങൾ നാളെ പോവും..” പൊടുന്നനെ അനന്തൻ പറഞ്ഞതും ആദിത്യൻ അയാളെ നോക്കി.. “അതെന്ത് പറ്റി അങ്കിൾ.. പെട്ടെന്നിങ്ങനെ..?” “ചെന്നിട്ട് അവിടെ കുറച്ചു കാര്യങ്ങളുണ്ട് ആദി.. ഒഴിച്ചു നിർത്താൻ പറ്റാത്തതാണ്.. അതൊന്ന് ശരിയാക്കി ഉടനെ തിരിച്ചു വരും ഞങ്ങൾ.. തിരികെ വരുമ്പോഴേക്കും ഇവിടുത്തെ കാര്യങ്ങൾക്ക് ഒരു പരിഹാരം കാണണം.. ഇപ്പോൾ ഇവിടുത്തെക്കാൾ ഞങ്ങളുടെ പ്രെസെൻസ് വേണ്ടത് അവിടെയാണ്..” “അച്‌ഛാ.. കുഞ്ഞി… അവൾക്ക്..?” അപ്പോഴേക്കും ഭദ്രയുടെ ഭാവം മാറിയിരുന്നു.. അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു.. “ഹേയ്.. കുഞ്ഞിയ്ക്ക് എന്താ.. ഒന്നുമില്ല..

ഇത് വേറെ ചില കാര്യങ്ങളാ അമ്മൂട്ടീ.. മോള് ഇപ്പോൾ വേറെ ഒന്നും ആലോചിക്കേണ്ട.. ഞങ്ങൾ പോയിട്ടു പെട്ടെന്ന് വരും.. കേട്ടല്ലോ.. നിന്റെ കുറുമ്പുകൾ കൊണ്ടു ആദിയെയും ദേവമ്മയെയും വട്ടം കറക്കരുത്..” ഭദ്ര ഒന്ന് ചിരിച്ചു കാണിച്ചു.. അവിടത്തെ കാര്യങ്ങൾ അറിഞ്ഞാൽ ആദ്യം ഇവിടുന്ന് ഇറങ്ങുന്നത് ഭദ്രയായിരിക്കുമെന്ന് അനന്തനും പത്മയ്ക്കും നന്നായി അറിയാം.. ജീവൻ പോവുമെന്ന് പറഞ്ഞാലും രുദ്രയ്ക്ക് അപകടം ഉണ്ടെന്നറിഞ്ഞാൽ ഭദ്ര അടങ്ങിയിരിക്കില്ല.. തിരിച്ചും… അന്ന് രാത്രിയും പത്മയും ഭദ്രയും ഒരുമിച്ചാണ് ഉറങ്ങിയത്.. രണ്ടാളും അധികമൊന്നും സംസാരിച്ചിരുന്നില്ല…

ആദ്യം ഭദ്ര കണ്ടത് ആ തിളങ്ങുന്ന നീല മിഴികളാണ്.. പകയെരിയുന്ന കണ്ണുകൾ.. പിന്നെ നിറയെ ദീപങ്ങൾ കൊണ്ടലങ്കരിച്ച നാഗത്താൻ കാവും കാളിയാർമഠവും… നീളൻ വരാന്തയും മട്ടുപ്പാവുമെല്ലാം കാർത്തിക ദീപങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു.. പതിയെ ആ സ്വരവീചികൾ ഭദ്രയുടെ ചെവിയിലെത്തി.. ആ പാട്ട്… അപ്പോൾ അതിൽ നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു… പൊടുന്നനെ മട്ടുപ്പാവിലെ കാർത്തികദീപങ്ങൾക്കിടയിൽ തെളിഞ്ഞു കത്തുന്ന തിരികളെ പോൽ രണ്ടു സുന്ദരികളായ പെൺകുട്ടികളെ ഭദ്ര കണ്ടു.. അതിലൊരാളാണ് പാടുന്നത്.. രണ്ടു മുഖങ്ങളും ഭദ്രയ്ക്ക് ചിരപരിചിതമായി തോന്നി…

അവരുടെ കളിചിരികൾ ഭദ്രയ്ക്ക് കാണാമായിരുന്നു .. അവരുടെ മനസ്സുകളുടെ ഇഴയടുപ്പവും ഭദ്ര അറിയുന്നുണ്ടായിരുന്നു.. അതിൽ ഒരു മുഖം.. അതവൾക്ക് അടുത്തറിയാമായിരുന്നു.. ഏറെ അടുത്തറിയുന്നയാൾ… പാലപ്പൂവിന്റെ ഗന്ധം അവൾ അറിഞ്ഞു.. തല പൊട്ടിപൊളിയുന്നത് പോലെ ഭദ്രയ്ക്ക് തോന്നി.. ഏതൊക്കെയോ നിഴൽ രൂപങ്ങളും തേങ്ങലുകളും… ശാപവാക്കുകളും… പിന്നെയും തീയാളുന്ന ആ നീല മിഴികളും.. ഭദ്ര നിലവിളിയോടെ കണ്ണുകൾ തുറക്കുമ്പോഴും അവളുടെ കൈകൾ പത്മയെ ചുറ്റി വരിഞ്ഞിരുന്നു… ഭദ്ര വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…… (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 22

Share this story