ഗോപികാ വസന്തം : ഭാഗം 9

ഗോപികാ വസന്തം : ഭാഗം 9

എഴുത്തുകാരി: മീര സരസ്വതി

ക്ലാസ്സിൽ എത്തിയപ്പോൾ പേടിച്ചതുപോലെയൊന്നും ഉണ്ടായില്ല.. എന്നെ കണ്ടതും പിള്ളേരെല്ലാം വളഞ്ഞു വിശേഷം ചോദിക്കലായി. ആശ്വാസമായിരുന്നു. കറ പുരളാത്ത ഒരിത്തിരി സൗഹൃദങ്ങൾ.. അതാണെന്റെ ക്ലാസ്സിന്റെ അനുഗ്രഹവും. ലിസമ്മയും ധീരജും വർഷയും എന്നെ ബാക്ക് ബെഞ്ചിലേക്കാനയിച്ചു.. കുറച്ച് മാസങ്ങളുടെ വിശേഷം പറച്ചിൽ ബാക്കിയാണ്. ഹോസ്പിറ്റലിൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. “എന്നാലും ആ ഹരിക്കിട്ടൊരു പണി കൊടുക്കണം ഗോപൂസ്.. വെറുതെയങ്ങനെ ഒരു പെണ്ണിനെ ആഗ്രഹങ്ങൾ കൊടുത്ത് മോഹിപ്പിക്കാൻ പാടുണ്ടോ.. എന്നിട്ടൊടുക്കം ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ ന്ന്… ”

“എന്നാലും വസന്ത്‌ സാർ നിന്നെ കെട്ടുമെന്ന് വിചാരിച്ചില്ലെടി.. ദേവു ദേവുന്നും പറഞ്ഞ് മാനസ മൈനേ പാടി നടന്നോണ്ടിരുന്ന ആളാ..” “എന്റെ ബലമായ സംശയം ആൾക്കിവളോട് പണ്ടേ പ്രേമമായിരുന്നെന്നാ.. ദേവു അതറിഞ്ഞു ഒഴിഞ്ഞു മാറി കൊടുത്തതാ.. അല്ലെങ്കിലും ഈ പൊട്ടത്തി ഒരു കരിയെയും മനസ്സിലിട്ട് നടന്നിട്ട് മൂപ്പരുടെ മനസ്സ് കാണാതെ പോയതാ… അന്നേ ആ കരിയെ പ്രേമിക്കുന്നതിനു പകരം സെറിനെ പ്രണയിച്ചാൽ മതിയായിരുന്നു..” “പ്രേമം.. ഒലക്കെന്ന്.. ഒരു സുന്ദരിയായ പെങ്കൊച്ച് അടുത്ത് കെടന്നിട്ടും കൂർക്കം വലിച്ചുറങ്ങിയ മഹാനാണ്.. അങ്ങേർക്ക് ആ വക വിചാരങ്ങളൊന്നും ഇല്ലടാ..”

ഹല്ലാ പിന്നെ.. എന്നെ കാണുമ്പോ ആള് വെറും അടിയുണ്ടാക്കി നടക്കേന്ന്.. അപ്പോഴാ പ്രേമം.. “അപ്പൊ നിനക്കുണ്ടെന്ന്… അമ്പടി മോളെ അത് പണാ.. അപ്പോ മഞ്ഞുരുകിയല്ലേ..” “ഉരുകിയിട്ട് എന്ത് കാര്യം ലിസമ്മൊ.. അങ്ങേരെനിക്ക് എത്രയും വേഗം ഡിവോഴ്സ് തരാമെന്ന്.. കുറച്ച് നാൾ എല്ലാരേം ബോധിപ്പിക്കാൻ ഒന്ന് അഭിനയിച്ചാൽ മതിയെന്ന്..” അത് പറയുമ്പോൾ എന്തോ എന്റെ ശബ്ദം ഇടറിയിരുന്നു. അത് മനസ്സിലാക്കിയതും മൂന്നുപേരും എന്നെ ചേർത്ത് പിടിച്ചിരുന്നു. വസന്തേട്ടൻ ക്ലാസ്സിൽ വന്നപ്പോൾ എല്ലാരും സന്തോഷത്തിലായിരുന്നു. ക്ലാസ്സിൽ എല്ലാവരുടെയും പ്രിയപ്പെട്ട സാറാണ്.

വിശേഷം ചോദിക്കലൊക്കെ കഴിഞ്ഞ് ആള് ക്ലാസ്സെടുത്തു തുടങ്ങി.. അറിയാതെ പോലും ആളെന്നെ നോക്കുന്നില്ല.. ഞാനാണേൽ ആ ഒരു അച്ചുതണ്ടിന് ചുറ്റിലും മാത്രമായി കറങ്ങി നടപ്പായിരുന്നു. വസന്തേട്ടൻ എന്താണ് ക്ലാസ്സെടുക്കുന്നത് എന്ന് പോലും അറിഞ്ഞില്ല. ഡസ്കിനു മുകളിൽ കൈ വെച്ച് താടിക്ക് കൈകൊടുത്തു കുറച്ച് മുന്നോട്ടാഞ്ഞ് ഇരുന്നു സ്വപനം കാണുവായിരുന്നു. വസന്തേട്ടൻ എന്നോട് എന്തൊക്കെയോ പറയുന്നത് പോലെയൊക്കെ. പക്ഷെ എന്താണെന്ന് വ്യക്തമാകുന്നില്ല. അതേ പുഞ്ചിരിയോടെ ആളുടെ മുഖത്തേക്ക് നോക്കിയിരുന്നു. ധീരു തട്ടി വിളിച്ചപ്പോഴാണ് ബോധം വന്നത്.

വർഷ എന്റെ മടിയിൽ വീണുകിടക്കുന്ന ചോക്കെടുത്തപ്പോഴാണ് ആളെന്നേ അതുവച്ച് എറിഞ്ഞിരുന്നെന്ന് മനസ്സിലായത്.വല്ലാത്ത ചമ്മലായിരുന്നു. ആളുടെ മുഖത്തു നോക്കിയപ്പോൾ മീശ പിരിച്ച് മേൽപല്ലിനാൽ കീഴ്ചുണ്ടിൻ വശം കടിച്ച് കണ്ണിറുക്കി ചിരിക്കുന്നുണ്ട്. ഞാൻ എന്താണെന്ന് പുരികമുയർത്തി ചോദിച്ചതും വസന്തേട്ടൻ ചുമലു കൂച്ചി. ഞാനൊന്ന് ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചതും ആളെന്നെ നോക്കി പുഛിച്ച് ചിരി കോട്ടി.. അപ്പോഴാണ് ക്ലാസ്സിലെ പിള്ളേരുടെ ശ്രദ്ധ മുഴുവൻ നമ്മൾ രണ്ടിലുമാണെന്ന് മനസ്സിലായത്. ചമ്മലോടെ പിള്ളേരെ നോക്കി ഇളിച്ചപ്പോൾ ക്ലാസ് മൊത്തം കൂട്ടച്ചിരിയായി.

ക്‌ളാസിൽ പിടിച്ചു നില്ക്കാൻ പറ്റില്ലെന്ന് മനസ്സിലായതും പിന്നെ ബുക്കിൽ മാത്രം നോക്കിയിരിപ്പായി. വസന്തേട്ടൻ ക്ലാസ്സിൽ നിന്നും ഇറങ്ങും വരെയും പിന്നെയങ്ങോട്ട് നോക്കിയതേയില്ല. അന്ന് പിന്നെ ആളെ ഒരു പിരിഡിലും കണ്ടില്ല. ഉച്ചകഴിഞ്ഞ് ലാബിലും ഇല്ലായിരുന്നു. കുറച്ച് നേരം വസന്തേട്ടനെ കാണാതെയിരിക്കുമ്പോൾ ഒരു തരം വീർപ്പുമുട്ടലായിരുന്നു. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചു. ഹരിയേട്ടനോടുള്ള പ്രണയം ആത്മാവ് തൊട്ടറിഞ്ഞ പ്രണയമാണെന്ന് ഞാൻ വസന്തേട്ടനോട് മുമ്പ് വീമ്പു പറഞ്ഞിട്ടുണ്ട്. ഹരിയേട്ടനെ കാണാതിരുന്നാലോ മിണ്ടാതിരുന്നാലോ അത്രയേറെ വിഷമങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല.

എന്നിട്ടും അതാണ് ആത്മാർത്ഥ പ്രണയമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷെ ഇപ്പോൾ അറിയുന്നുണ്ട് എന്താണ് ആത്മാവ് തൊട്ടറിഞ്ഞ പ്രണയമെന്ന്‌.. എന്താണ് ആത്മാർത്ഥ പ്രണയമെന്ന്.. വസന്തെട്ടനെ കാണാതെ ഒരു നിമിഷം പോലും ഇനിയെനിക്ക്‌ പറ്റില്ലെന്നായി. ആ ജീവിതത്തിൽ നിന്നും ഒരിക്കൽ ഇറങ്ങിപോകേണ്ടി വരുമെന്ന ചിന്തയെന്നെ ഇല്ലാതാക്കും പോലെ തോന്നുന്നുണ്ട്. തിരിച്ചും എന്നെയൊന്ന് സ്നേഹിച്ചെങ്കിൽ.. എന്നും കൂടെ വേണമെന്ന് പറഞ്ഞെങ്കിൽ.. ആലോചനയോടെയാണ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നത്. നൗഫൽ സേറും വസന്തേട്ടനും രണ്ടാളുടേം ബൈക്കിൽ ചാരിയിരുന്ന് കാര്യമായ ചർച്ചയിലാണ്. എന്നെ കണ്ടതും ആ മുഖത്തൊരു കള്ളച്ചിരി പോലെ.

തോന്നിയതാകാം.. നൗഫൽ മാഷിന് നെരെ ഒരു ചിരി സമ്മാനിച്ച് വസന്തേട്ടനരികിലെക്ക്‌ നടന്നു.. “അല്ല ഗൊപൂ.. ഇനി എന്നാ എനിക്കും പാത്തൂനും ഒരു പാർട്ടി തരുന്നത്‌..” “തരാന്നെ…” “ഇനിയെപ്പോ തരാന്നാ..നിങ്ങളുടെ കൊച്ചിന്റെ നൂലുകെട്ടിനാകും..” “ആഹ്.. അക്കാര്യം ഞങ്ങളേറ്റു.. അല്ലെടി ഭാര്യേ..” ആളെന്റെ നേർക്ക് നോക്കിയൊന്ന് കണ്ണടച്ചുകൊണ്ട് തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു പറഞ്ഞതും ഒരു പുഞ്ചിരി എന്റെ ചുണ്ടിലും മിന്നി മാഞ്ഞിരുന്നു. കാര്യം അതെനിക്കിഷ്ടപ്പെട്ടെങ്കിലും ചുമ്മാ ജാടയിട്ട്‌ കൈമുട്ട് കൊണ്ട് വയറിനൊരു തള്ളു വെച്ച് കൊടുത്തു. ഒരു പൊട്ടിച്ചിരിയോടെ വസന്തേട്ടൻ ബൈക്കിൽ കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തതും ഞാനും പിന്നിൽ കയറിയിരുന്നു.

മണിമംഗലത്ത് കയറി അമ്മയെയും അച്ഛനെയും കണ്ട് ചായയും കുടിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയ ഉടനെ തോർത്തുമെടുത്ത് വസന്തേട്ടൻ കുളക്കടവിലേക്ക് പോകുന്നത് കണ്ടു. അത് കണ്ട വൈഷു എന്റെ കൈയും പിടിച്ച് ആളുടെ പിന്നാലെ കുളക്കടവിലേക്ക് നടന്നു. വൈഷുവിന്റെ ലാത്തിയടിയും കേട്ട് പടവിലിരുന്നു. ആള് നീന്തി തുടിക്കുന്നത് കണ്ടപ്പോൾ കുളത്തിലേക്കിറങ്ങാൻ ഒരു മോഹം തോന്നി. പടവിന്റെ ഏറ്റവും അറ്റത്ത് കുളത്തിലേക്ക് കാൽ നീട്ടിയിരുന്നു. വസന്തേട്ടൻ മുങ്ങി നിവരുന്നത് ചെറുചിരിയോടെ നോക്കിയിരുന്നു. കാലിലെന്തോ ഇഴയും പോലെ തോന്നിയതും അമ്മേയെന്ന് വിളിച്ചു കൂവി കാൽ പിൻവലിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് നീന്തിയകലുന്ന ആളെ കണ്ടപ്പോഴേ തോന്നി ആളുടെ വേലയാണെന്ന്.

കപട ദേഷ്യത്തോടെ കൈകുമ്പിളിൽ വെള്ളം കോരി ആളുടെ മേലേക്ക് തെറിപ്പിച്ചു. 🌺🌺🌺🌺🌺🌺🌺 കുറച്ച് നാളായി എങ്ങോ പോയി മറഞ്ഞിരുന്ന സന്തോഷം വീട്ടിൽ പിന്നെയും അലയടിച്ചു തുടങ്ങി. ഗോപുവിന്റെയും വൈഷുവിന്റെയും കലപില സംസാരങ്ങളും പൊട്ടിച്ചിരികളും വീടാകെ മുഴങ്ങിക്കേട്ടു.. നാളുകൾക്ക് ശേഷം അച്ഛന്റെയും അമ്മയുടെയും മുഖം പ്രസന്നമായി. എല്ലാത്തിനുമപരി എന്റെ പെണ്ണിന്റെ സാന്നിധ്യം എന്നിൽ നിറച്ച മാറ്റങ്ങൾ അച്ഛനമ്മമാരിൽ സന്തോഷമുണ്ടാക്കി. രാത്രിയിൽ ഒരു ടേബിളിനു ചുറ്റും പഴയത് പോലെ ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു.

എന്റെ അടുത്തായി ഗോപു വന്നിരുന്നു. “ഡി.. കുറച്ച് കഴിച്ചാൽ മതി.. തടികൂടിയാ എനിക്ക് എടുത്തു പോക്കാൻ പറ്റാണ്ടാകും..” രഹസ്യം പറയും പോലെ പറഞ്ഞതും വാ പൊളിച്ച് അതിശയത്തോടെ എന്നെ നോക്കി നിന്നൂ പെണ്ണ്.. അവളെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ചതും അയ്യേ വഷളൻ എന്നും പറഞ്ഞ് പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി. ഇന്ന് ക്ലാസ്സിൽ കഞ്ചാവടിച്ചത് പോലായിരുന്നു പെണ്ണിരുന്നേ.. സ്വയം മറന്നുള്ള പെണ്ണിന്റെ ഇരിപ്പു കണ്ട് പൊട്ടി വന്ന ചിരി സഹിച്ചു പിടിക്കാൻ പെട്ട പാട്…ഇങ്ങനെ പോയാൽ ഇനി ക്ലാസ്സെടുക്കാൻ പാടാകും.. എന്നാലും ഇത്ര പെട്ടെന്നെന്നെ അവള് സ്നേഹിച്ചു കളയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

എന്നെ കാണുമ്പോഴുള്ള പെണ്ണിന്റെ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ ഇപ്പോളെന്നെ അതിശയപ്പെടുത്തുന്നു. ആ ഇഷ്ടങ്ങൾ ഒട്ടും കുറയാതെ ആവോളം തിരിച്ചു കൊടുക്കണം. ഇനിയും എന്റെ പെണ്ണിനെ വട്ടു കളിപ്പിച്ചാൽ ശെരിയാകില്ല. പറയണം.. ഈ മനസ്സിലിപ്പോ എന്റെ ഗോപു മാത്രമേയുള്ളുവെന്ന്.. ഒരു നോവായിപ്പോലും ദേവു ഇല്ലെന്നും.. 🌺🌺🌺🌺🌺🌺🌺🌺🌺 കിടക്കാൻ നേരത്ത് ഫ്രഷായി വാഷ്‌റൂമിൽ നിന്നും ഇറങ്ങിയപ്പോൾ വസന്തേട്ടൻ കാര്യായിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ട്. നോട്ട്സ്‌ എങ്ങാനം ആകണം. ആളെ മൈൻഡ് ചെയ്യാതെ മുടി മെടഞ്ഞുകെട്ടി കിടക്കയിൽ ഒരറ്റത്ത് പോയി കിടന്നു. കുറച്ചു കഴിഞ്ഞതും ആള് വന്ന് ഷർട്ട് ഊറി കസേരമേൽ വിരിച്ചിട്ട്‌ ബെഡിൽ വന്നു കിടന്നു.. “യ്യേ.. വഷളൻ.. ഇതൊന്നും ശെരിയാകത്തില്ല.. ഷർട്ട് ഇട്ട് കിടന്നാൽ മതി..”

“അയ്യടാ.. എന്നെ കൊണ്ടൊന്നും മേലാ.. ചൂടെടുക്കും..” “ചൂടോ.. ഇന്നലെയല്ലേ ഈ മുറിയിൽ ഭയങ്കര തണുപ്പാണെന്ന് പറഞ്ഞെ..” “അതിന്നലെയല്ലേ.. ഇന്ന് ഭയങ്കര ചൂടാ..” “ബെല്ല്യ സൽമാൻ ഖാൻ ആണെന്നാ വിചാരം.. ഹൂം.. മനുഷ്യന്റെ കണ്ട്രോൾ കളയാൻ.. മ്മസ്സിലും കാണിച്ച് കിടപ്പാ.. നാണമില്ലാത്തവൻ.. ” പറഞ്ഞു കഴിഞ്ഞതും ആള് ചാടിയെണീറ്റു സോഫ മേൽ ഉള്ള ദിവാനും പില്ലോയുമൊക്കെ എടുത്ത് വരുന്നുണ്ട്. ഇതെന്ത് കൂത്തെന്ന് ആലോചിക്കുമ്പോഴേക്കും ആള് ബെഡിനു നടുവിലായി മതില് പണിതിരുന്നു.. “ഇതില്ലേലേ.. രാവിലെ എണീക്കുമ്പേക്ക് എന്റെ ചാരിത്ര്യം നഷ്ടപ്പെടും..” കുസൃതി ചിരിയോടെ ആള് പറഞ്ഞതും ഞാൻ ആളെ നോക്കി കൊഞ്ഞനം കുത്തി.. “ആഹാ.. അങ്ങനെയാണോ.. കാണിച്ചു തരാം ട്ടാ..”

പിറു പിറുത്തും കൊണ്ട് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. എന്തോ ഇന്ന് രാവിലെ ആളുടെ കരവലയത്തിൽ കിടന്നുറങ്ങിയ കാര്യമോർത്തപ്പോൾ ചിരിവന്നുപോയി. വസന്തേട്ടൻ ലൈറ്റ്‌ ഓഫ് ചെയ്ത്‌ ഉറക്കം പിടിച്ചതും നടുവിലെ മതില് വിജയകരമായി പൊളിച്ചു മാറ്റി.. പതിയെ ശബ്ദമുണ്ടാക്കാതെ ആളുടെ അരികിൽ പോയി കിടന്നു. ആ നെഞ്ചിലെ രോമക്കാട്ടിൽ മുഖം പൂഴ്ത്തി ആ ഹൃദയതാളവും കെട്ട്‌ വർധിച്ച ഹൃദയമിടിപ്പോടെ കിടന്നു.. കുറച്ച് സമയം കഴിഞ്ഞതും ആളുടെ കൈയ്യും ഭാരിച്ച കാലും എന്നെ വരിഞ്ഞുമുറുക്കി തുടങ്ങി.. “അമ്പടി കള്ളീ.. അപ്പോ ഇന്നലെയും ഇതുപൊലെ വന്ന് ഒട്ടിക്കിടന്നതാ ല്ലേ..” എന്നിലെ പിടിവിടാതെ വസന്തെട്ടൻ പറഞ്ഞതും ഞാനാകെ ചൂളിപ്പോയി..

“സത്യായിട്ടും ഇന്നലെ ഞാനറിയാതെ കിടന്നതാ..” കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു ആ പെണ്ണ്.. പതിയെ അവന്റെ പിടികളഴിഞ്ഞതും അവൾ ബെഡിൽ കുറ്റം ചെയ്ത കുട്ടിയെ പൊലെ തലകുനിച്ചിരിന്നു. ആ ഇരുത്തം കണ്ടതുമവനിൽ വൽസല്യം നിറഞ്ഞു തുളുമ്പി.. “എന്നിട്ടിപ്പോഴോ…?” അവളുടെ താടി പിടിച്ചു മുഖം മെല്ലെ തനിക്കു നേരെ പിടിച്ചവൻ ചോദിച്ചു.. “ഇ.. ഇഷ്ടായിട്ടാ..” “ആരെ…” “ഇയാളെ..” “ഇയാളെയോ..? ഏതിയാളെ..?” “ഊം.. വസന്തേട്ടനെ..” പറയുന്നതോടൊപ്പം തല പിന്നെയും കുനിഞ്ഞു പോയി പെണ്ണിന്റെ. കണ്ണീരിനോടൊപ്പം നേർത്ത കരച്ചിൽ ചീളുകളും പൊട്ടി വീണു തുടങ്ങി.. പെട്ടെന്ന് തന്നെ അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി വസു.. മൂർദ്ധാവിൽ അമർത്തി ചുംബിച്ചപ്പോൾ ആ പെണ്ണിൽ ഒരുവേള അത്ഭുതം നിറഞ്ഞു.

“ശെരിക്കും എന്നെ ഇഷ്ടാണോടി പെണ്ണെ..” അതിനു മറുപടിപറയാതെ ആഞ്ഞു പുണർന്നു പൊട്ടിക്കരഞ്ഞു പെണ്ണ് .. ആശ്വസിപ്പിക്കാനെന്ന പോലെ അവന്റെ വിരലുകളാകെ അവളുടെ തലമുടിയിൽ ഒഴുകി നടന്നു. “ഞാൻ.. ഞാൻ സ്നേഹിച്ചോട്ടെ.. വസന്തേട്ടാ..” “അതെന്ത് ചോദ്യമാ പെണ്ണേ…?? നീയല്ലാതെ വേറെയാരാ എന്നെ സ്നേഹിക്കേണ്ടെ..” “ഒടുക്കം ന്നെ ഇട്ടേച്ചും പോകുവോ..?” “എന്റെ മരണം വരെയും പോകില്ലെടി ഗോപൂസേ.. അത്രയ്ക്കിഷ്ടാ ന്റെ പെണ്ണിനെ.. ” അവളെയും ചേർത്ത് പിടിച്ചു ബെഡിലേക്ക് ചാഞ്ഞു വസന്ത്‌.. തങ്ങളുടെ പ്രണയം പൂത്തുലഞ്ഞ നിർവൃതിയിൽ പരസ്പ്പരം പുണർന്ന് വളരെ ശാന്തമായുറങ്ങി രണ്ടാളും… (തുടരാം..)

ഗോപികാ വസന്തം : ഭാഗം 8

Share this story