മൗനം : ഭാഗം 10

മൗനം : ഭാഗം 10

എഴുത്തുകാരി: ഷെർന സാറ

മിഥുന്റെ കൂടെ നടക്കുമ്പോൾ കണ്ടു ഇലവുങ്കൽ പാർത്ഥസാരഥിയെ… ഒപ്പം ഇല്ലത്തെ മുഴുവൻ ആളുകളും ഉണ്ട്… ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ്… ഇന്നിപ്പോൾ… അവൻ ഓർത്തു… ചടങ്ങുകൾ എല്ലാം ചെയ്തത് ചന്തുവായിരുന്നു…ഒരു മകന്റെ സ്ഥാനം കൈ കൊണ്ട് അത് ചെയ്തു തീർക്കുമ്പോൾ അവനും തളർന്നു പോയിരുന്നു… നേരം പോകുംതോറും ആളുകളും പോയി തുടങ്ങി… ഒടുവിൽ ചന്തുവും ഗായത്രിയും മിഥുവും കുടുംബവും ഇല്ലത്ത് നിന്നുമുള്ളവരും മാത്രമായി അവിടെ… അനക്കമേതുമില്ലാതെ നിശ്ചലയായി ഇരിക്കുകയായിരുന്നു ഗായത്രി… ഇടയിൽ ഒഴുകിയിറങ്ങുന്ന കണ്ണുനീര് മാത്രമാണ് അവളിലെ ജീവന്റെ അടയാളം എന്ന് കാണുന്നവർക്ക് തോന്നും…

അവളുടെ ആ ഇരിപ്പ് കണ്ടിട്ട് മിഥുന്റെ അമ്മ ചന്തുവിനെ വിളിക്കാനായിട്ട് ഉമ്മറത്തേക്ക് ചെന്നു ,,, ഉമ്മറത്തിരുന്നു കൊണ്ട് അപ്പയുടെ എരിയുന്ന ചിതയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്ന ചന്തുവിനെ ഒരു നിമിഷം അവർ നോക്കി നിന്നു… ” ചന്തൂ…” അവനെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ലാതെ ഇരിക്കുന്ന അവനെ കണ്ടപ്പോൾ അവർക്കും ഉള്ളിൽ ചെറിയൊരു സങ്കടം രൂപം കൊണ്ടു…. ” അമ്മ ചെല്ല്… അവനെ ഞാൻ വിളിച്ചോളാം… ” അവനെ ശല്യം ചെയ്യാതെ മിഥുവിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു… ശേഷം മിഥുൻ ചന്തുവിനരികിൽ പോയിരുന്നു… ”

ചന്തുവേ…എടാ… നീയിങ്ങനെ തളർന്നു പോയാൽ എങ്ങനാ… ഗായത്രിയെ നീയല്ലേ വേണ്ടേ ആശ്വസിപ്പിക്കാൻ… ” അവന്റെ തോളിൽകൂടി കൈ ചേർത്ത് മിഥുൻ ചോദിച്ചു.. ” കഴിയുന്നില്ല ടാ … ഞാൻ ന്ത പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത്… എന്റെ ഉള്ള് വിങ്ങുന്നത് എനിക്ക് മാത്രേ അറിയൂ.. ” ” നീ വിഷമിക്കാതെ ചന്തു… ഇത് നമ്മൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണല്ലോ… കുറച്ച് കൂടി നേരത്തെ ആയീന്ന് മാത്രം… ” ” നീ എന്ത് എളുപ്പത്തിലാ ഇത് പറഞ്ഞെ… പക്ഷെ.. എന്റെയോ അവളുടെയോ നഷ്ടം… അത് എത്ര വലുതാന്ന് നിക്ക് നിശ്ചയിക്കാൻ കൂടി കഴിയില്ല.. ” ” എടാ… ഞാൻ അതല്ല ഉദ്ദേശിച്ചത്… നീ ഇങ്ങനെ വിഷമിക്കാതെ…നീ ഇവിടിരുന്നു വിഷമിച്ചിട്ട് ഇനി എന്ത് കാര്യം… നീ വന്നേ…

ഗായത്രി രാവിലെ തൊട്ട് ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല… വാ… നീ നിർബന്ധിച്ചാൽ അവൾ എന്തേലും കഴിക്കും… ” മിഥു പറയുമ്പോൾ മറുത്തോന്നും പറയാതെ ചന്തു എണീറ്റു… ഉമ്മറത്ത് നിന്നും ഉള്ളിലേക്ക് കടക്കുമ്പോൾ ചെറിയച്ഛൻമാരുടെയും മുത്തശ്ശന്റെയും ഒക്കെ നോട്ടം തന്നിലേക്ക് പാറി വീഴുന്നത് അറിഞ്ഞു എങ്കിലും,, അതിനെ ഗൗനിക്കാതെ അവൻ അകത്തെ മുറിയിലേക്ക് കയറി… കട്ടിലിന്റെ മൂലയിൽ ഭിത്തിയോട് ചേർന്ന് തലയിണയിൽ മുഖമമർത്തി ചുരുണ്ടു കൂടി കിടക്കുകയാണ് ഗായത്രി… ഇടയ്ക്ക് പുറപ്പെട്ടുന്ന ഏങ്ങലിന്റെ ചീളുകൾ അവൾ കരയുകയാണെന്ന് വിളിച്ചോതുന്നുണ്ട്… ” ഗായത്രി… ”

ഒട്ടൊരു നേരം അവളെ നോക്കി നിന്ന ശേഷം കട്ടിലിലേക്ക് ഇരുന്നു കൊണ്ട് അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് അവൻ വിളിച്ചു… ഒന്ന് കൂടി ശക്തമായി കരച്ചിൽ മുറുകിയതല്ലാതെ അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല… ബലം പ്രയോഗിച്ച് അവളെ എണീറ്റിരുത്തുമ്പോൾ ഒരലർച്ചയോടെ അവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു… ” ഗായത്രി… ” അവളുടെ കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ വിളിച്ചു… ” കരയാതെടോ… താൻ കരഞ്ഞാൽ അപ്പയ്ക്ക് വിഷമവാവും… ” ” താൻ രാവിലെ തൊട്ട് ഒന്നും കഴിക്കാതെ ഇരിക്കുന്നതല്ലേ.. ദേ… ഈ കഞ്ഞി കുടിക്ക്… ”

അവളിൽ നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് അറിഞ്ഞു കൊണ്ട് മിഥുവിന്റെ അമ്മ കൊണ്ട് വെച്ച സ്റ്റീൽ പ്ലേറ്റിൽ നിന്നും കഞ്ഞി സ്പൂണിൽ വാരി അവളുടെ ചുണ്ടിൽ മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു… ” വേണ്ട… ” നിഷേധിച്ചു തലയാട്ടി കൊണ്ട് അവൾ പറഞ്ഞു… ” പറ്റില്ല… കുറച്ചെങ്കിലും കഴിക്കെടോ… ” എങ്കിലും അവൻ പറഞ്ഞു.. “വേണ്ട… “ഇത്തവണ അവളുടെ ശബ്ദത്തിൽ അല്പം ഉയർച്ച ഉണ്ടായിരുന്നു… ” വെറുതെ മനുഷ്യനെ മെനക്കെടുത്താതെ ഇത് കഴിക്കാൻ നോക്ക് ഗായത്രി… ” ചന്തു ശബ്ദം അല്പം ഉയർത്തി ദേഷ്യത്തോടെ പറഞ്ഞതും അവൾ വാ അല്പം തുറന്നു.. അന്ന് അല്പനേരം കൂടി ഇരുന്നിട്ട് ഇല്ലത്ത് നിന്നുള്ളവർ തിരികെ പോയി… എങ്കിലും ചന്തുവിനോടും ഗായത്രിയോടും ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല…

ഇറങ്ങാൻ നേരം മാത്രം പിന്നീട് വരാം എന്ന് പറയാൻ ചന്തുവിന്റെ അമ്മ മാത്രം മുറിയിലേക്ക് വന്നിരുന്നു… പിന്നെയും ദിവസങ്ങൾ കടന്നു പോകുമ്പോൾ രവിമാമയ്ക്ക് അപ്പുറത്തായിട്ട് ഉയർന്ന് വന്ന അസ്ഥി തറയിൽ നോക്കി ഇരുവരും നേരം കടന്നു പോകുന്നത് അറിയാതെ ഇരിക്കും.. കൂടെ പരസ്പരം പങ്കുവെയ്ക്കുന്ന സ്ഥിരം മൗനം ഇരുവർക്കിടയിലും സ്ഥാനം പിടിച്ചിരുന്നു… എങ്കിലും അവൾക്ക് കാവലായി ഒരു വിളിയകലത്തിൽ അവൻ എന്നും ഉണ്ടായിരുന്നു.. !! സഞ്ചയനത്തിന്റെ അന്ന് ഇല്ലത്ത് നിന്നുള്ളവരും എത്തിയിരുന്നു… അന്ന് ചടങ്ങുകൾക്ക് ശേഷം പാർത്ഥസാരഥി ഗായത്രിയുടെ അരികിൽ എത്തി… ” മോൾക്ക്‌ സുഗാണോ… ”

അവളുടെ നെറുകിൽ തലോടി അയാൾ ചോദിക്കുമ്പോൾ അവളിൽ അത് അനിഷ്ടം ആണ് സൃഷ്ടിച്ചത്…. ഇത്രയും ദിവസം മകളും ചെറുമകളും എങ്ങനെ ജീവിച്ചു എന്ന് പോലും അന്വേഷിക്കാത്ത മനുഷ്യൻ ആണ്,, ഇപ്പോൾ സുഖവിവരം അന്വേഷിച്ചു വന്നിരിക്കുന്നത്… ” അവൾക്കിവിടെ ഒരു കുറവും ഇല്ല… അവളുടെ ക്ഷേമമന്വേശിക്കാൻ അവൾടെ ഭർത്താവ് ആയ ഞാൻ ഉണ്ട്… അല്ലാതെ പുറത്ത് നിന്നൊരാൾ അവളുടെ സുഖവിവരങ്ങൾ തിരക്കാൻ വരണ്ട… ” അല്പം ക്ഷുഭിതമായ സ്വരത്തോടെ ചന്തു ആയിരുന്നു അതിന് മറുപടി നൽകിയത്… ഒരുപക്ഷെ ആ മറുപടി അവളിൽ അല്പം ആശ്വാസം നിറച്ചിരിക്കണം… ആ മുഖം അല്പം തെളിഞ്ഞിട്ടുണ്ട്… ” ചന്തൂ…സൂക്ഷിച്ചു സംസാരിക്കണം…

ആരോടാ ചൂടാവുന്നത് ന്ന് നിനക്ക് ബോധമുണ്ടോ.. ” ചെറിയച്ഛന്റെ സ്വരം ഉയർന്നപ്പോൾ അവൻ ചുണ്ടോന്ന് കോട്ടി പുച്ഛത്തോടെ മുഖം തിരിച്ചു… ” അറിയാം…ഇലവുങ്കൽ പാർത്ഥസാരഥിയോട്… എന്തെ.. ഇനി അല്ലാന്നുണ്ടോ.. അല്പം പുച്ഛത്തോടെ വാക്കുകളും അവൻ ഒപ്പം കൂട്ടി ചേർത്തു… ” അധികപ്രസംഗം മതിയാക്ക് ചന്തു… മൂത്തവരോട് ഇങ്ങനെ സംസാരിക്കാൻ ആണോ ഞാൻ നിന്നെ പഠിപ്പിച്ചത്…” തനിക്ക് പുറകിലായി അമ്മയുടെ സ്വരം ഉയർന്നപ്പോൾ ഒരു നിമിഷം അവൻ കണ്ണുകൾ അടച്ചു നിന്നു…. എട്ടു വർഷങ്ങൾക്ക് ശേഷമാണ് താൻ ആ സ്വരം ഒന്ന് കേൾക്കുന്നത്… കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവൻ അത് ആവോളം ആസ്വദിച്ചു.. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ബൈക്കും എടുത്ത് പുഴക്കരയിലേക്ക് പോയി.. ഏറെ നേരം പുഴയിലോട്ട് മിഴി നട്ടിരിക്കുമ്പോൾ മനസ് നിറയെ എട്ടുവർഷങ്ങൾക്ക് മുന്നേ ആണ്… ###########

നീരൂരിലെ പ്രൗഢിയും പ്രതാപവും മുന്നിട്ടു നിക്കുന്ന തറവാട് ആണ് ഇലവുങ്കൽ. ഇളവുങ്കൽ ഇല്ലത്തെ കാരണവൻ ആണ് ഇലവുങ്കൽ പാർത്ഥസാരഥി… ഭാര്യ യശോദ… നാലു മക്കൾ… മൂത്തവൻ ജയ്റാം പാർത്ഥസാരഥി…ഭാര്യ കാവേരി … മൂന്ന് മക്കൾ, ആദിപൗർണമി, ആദിശങ്കരൻ, ആദി ലക്ഷ്മി… രണ്ടാമൻ രഘു റാം പാർത്ഥസാരഥി… ഭാര്യ മോഹിനി…മക്കൾ ആദികിരൺ, ആദിദുർഗ മൂന്നാമൻ ശ്രീറാം പാർത്ഥസാരഥി…ഭാര്യ മാധുരി….മക്കൾ ആദി കേശവൻ… ആദിദർഷൻ, ആദി സ്വരൂപ… നാലാമത്തേത് ജാനകി പാർത്ഥസാരഥി… ഭർത്താവ് രവി…. ഒരേ ഒരു മകൾ.. ഗായത്രി നർമ്മദ…. ആദി പൗർണമിയാണ് തറവാട്ടിലെ ഏറ്റവും മൂത്ത പേരക്കുട്ടി… നാട്ടുവൈദ്യത്തിൽ പേര് കേട്ട തറവാട്ടിൽ, അത് പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഏറ്റവും മൂത്ത ആളിലേക്ക് ആയിരിക്കും…

ചെറു മക്കളുടെ കൂട്ടത്തിൽ മുതിർന്നത് ആദി പൗർണമി ആയത് കൊണ്ട് ആ സ്ഥാനം പൗർണമിക്ക് ആണ് ലഭിച്ചത്.. തറവാടിന്റെ അകത്തട്ടിൽ മാത്രമായി ഒതുങ്ങി, പതിനാലുദിവസം കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വൃതം അനുഷ്ടിച്ച്, ആയുർവേദത്തിൽ ഉള്ള അറിവും പ്രാഗല്ഭ്യവും, ഇപ്പോഴത്തേ വൈദ്യനാഥന് ബോധ്യപ്പെട്ടാൽ മാത്രമാണ് താളിയോലകളിൽ ആലേഖനം ചെയ്യപ്പെട്ട രീതിയിൽ ഉള്ള ചികിത്സാ വിധികളും, ഓരോ സസ്യങ്ങളുടെയും ഗുണവും ഗണവും ഉപയോഗവും ചികിത്സ രീതിയും അടുത്ത തലമുറയിലേക്ക് കൈ മാറ്റം ചെയ്യപ്പെടുന്നത്… അത് കൊണ്ട് തന്നെ തറവാടിന്റെ നാട്ടുവൈദ്യത്തിന്റെ കൂട്ടും, ഗുണവും എല്ലാം കൈ മാറ്റം ചെയ്യപ്പെടുന്നത് ആദിയിലേക്ക് ആയിരിക്കും…

ഇത് ഇല്ലത്ത് വർഷങ്ങളായി നടന്നു വരുന്നതാണ്… തറവാടിന്റെ ചിട്ടവട്ടങ്ങൾക്കൊത്ത് പോകേണ്ടതിനാൽ ആയുർവേദ മെഡിസിൻ ആയിരുന്നു ആദി പഠന വിഷയമായി തിരഞ്ഞെടുത്തത്… അവിടെ നിന്നും കിട്ടിയ സുഹൃത്തുക്കൾ ആയിരുന്നു രാം കിരൺ, മാനവ് മാധവ്, യമുന, കിഷോർ എന്നിവർ….. അഞ്ചു പേരും തമ്മിലുള്ള സൗഹൃദം അവരിൽ ഒതുങ്ങാതെ കുടുംബങ്ങൾ തമ്മിലേക്കും വ്യാപിച്ചിരുന്നു…മറാട്ടിയായ യമുനയ്ക്കും പാതി മലയാളിയായ മാനവിനും ഒക്കെ ആദിയുടെ വാക്കുകളിൽ കൂടി അറിഞ്ഞ ഇല്ലത്തെ കുറിച്ചുള്ള വസ്തുതകൾ അത്ഭുതം തന്നെയായിരുന്നു……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 9

Share this story