മഴമുകിൽ: ഭാഗം 23

മഴമുകിൽ: ഭാഗം 23

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇത്തവണ വിളിച്ചപ്പോഴും സ്വിച്ചഡ് ഓഫ് എന്ന് കണ്ട് അവൻ ദേഷ്യത്തോടെ ബൈക്കിൽ കേറി… എന്തെന്നറിയാത്ത ഒരു പേടി ഉള്ളിൽ നിറയാൻ തുടങ്ങിയിരുന്നു.. പരമാവധി സ്പീഡിലാണ് വീട്ടിലേക്ക് പോയത്… ചെന്ന് കേറിയതും അമ്മയും അമ്മായിയും കൂടി വാതിൽക്കൽ നിൽപ്പുണ്ട്… ശ്രീയെ കണ്ടതും സുശീലാമ്മ ഓടി അടുത്തേക്ക് വന്നു.. “”മോനെ.. നമ്മുടെ അഭി ഇത് വരെ വന്നില്ല… വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല… “” അമ്മയുടെ വാക്കുകൾ ഞെട്ടലോടെയായിരുന്നു അവൻ കേട്ടത്..

തൊണ്ടക്കുഴിയിൽ ശ്വാസം വിലങ്ങിയത് പോലെ.. രണ്ടു അമ്മമാരും അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു… “”ഒന്നാമതെ പത്രത്തിലേം ടീവീയിലേം ഒക്കെ വാർത്തകൾ കാണുമ്പോൾ പേടിയാകുവാ… ഇന്ന് വരെ ഇങ്ങനെ ഫോൺ എടുക്കാതെ ഇരുന്നിട്ടില്ല എന്റെ കുട്ടി…. “”അഭിയുടെ അമ്മ അപ്പോഴേക്കും കണ്ണുകൾ നിറച്ചുകൊണ്ട് ശ്രീയോട് പറഞ്ഞു.. “”എന്റെ അമ്മായി ഇങ്ങനെ കരയാതെ… അവൾക്ക് ബസ് കിട്ടി കാണില്ല… ടൗണിൽ എന്തോ സമരം പറയുന്നത് കേട്ടു… നടന്നിങ്ങു വരണ്ടേ…

ഞാൻ പോയി കൂട്ടിക്കൊണ്ട് വരാം… “” അമ്മായിയെ അങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും താൻ വരുന്ന വഴിയിൽ ഒന്നിലും നടന്നു വരുന്ന അവളെ കണ്ടില്ലല്ലോ എന്നവൻ പേടിയോടെ ഓർത്തു… അമ്മയോട് അമ്മായിയെ സമാധാനിപ്പിക്കുവാൻ വേണ്ടി കണ്ണുകൾ കൊണ്ട് കാണിച്ചു ശ്രീ വേഗം തന്നെ ബൈക്ക് തിരിച്ചു… പോകുന്ന വഴികളിൽ എല്ലാം അവന്റെ കണ്ണുകൾ അവളെ ചുറ്റും തിരഞ്ഞുകൊണ്ടിരുന്നു…. മെയിൻ റോഡിലേക്ക് എത്താറായപ്പോഴാണ് റോഡിന്റെ ഓരം ചേർന്ന് ബാഗും ശരീരത്തോട് ചേർത്ത് പിടിച്ചു വരുന്ന അവളെ കാണുന്നത്… നിലത്തേക്ക് മാത്രം നോക്കിയാണ് നടക്കുന്നത്…

ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി.. അവളെ കണ്ടതും ഒരു നിമിഷത്തേക്ക് അവൻ ബൈക്ക് നിർത്തി ആശ്വാസത്തോടെ ശ്വാസം എടുത്തു… പക്ഷേ നിമിഷങ്ങൾക്കകം ദേഷ്യം കാരണം മുഖം വലിഞ്ഞു മുറുകി… ബൈക്കിൽ നിന്നും ഇറങ്ങി വേഗത്തിൽ അവളുടേ അടുത്തേക്ക് നടന്നു.. “”എവിടെ പോയി കിടക്കുവായിരുന്നെടി പുല്ലേ… മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്…”” അടുത്തേക്ക് ചെന്നതും രണ്ടു ചുമലിലും പിടിച്ചുലച്ചുകൊണ്ട് അലറി… ഒന്നും അറിയാത്തത് പോലെ അവൾ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു… അത് കൂടി കണ്ടപ്പോഴേക്കും ദേഷ്യം ഇരട്ടിച്ചു…

“”എന്താടി… നിനക്ക് ചെവി കേൾക്കില്ലേ….””. വീണ്ടും അവന്റെ ശബ്ദം ഉയർന്നപ്പോൾ അവളൊന്ന് ഞെട്ടുന്നത് കണ്ടു.. “”ഞാൻ…. ഞാൻ…. “”അവളെ വല്ലാതെ വിറക്കുന്നത് കണ്ടപ്പോൾ അവൻ ശക്തിയോടെ പിടിച്ചു തള്ളി… “”ഇങ്ങനെ പേടിപ്പിച്ചാൽ ഉടനേ ഞാനങ്ങു വീഴും എന്ന് കരുതിയോ….”” വീണ്ടും വീണ്ടും ദേഷ്യപ്പെട്ടപ്പോഴും അവൾ തല കുനിച്ചു തന്നെ നിൽക്കുകയായിരുന്നു… അവളിൽ നിന്നും മറുപടി ഒന്നും ഇല്ലെന്ന് കണ്ടു അവനൊരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു… “”നിന്റെ ഫോൺ എവിടെ… “”ദേഷ്യം കുറച്ചു അടങ്ങിയ ശേഷം ശാന്തമായി ചോദിച്ചു.. അപ്പോഴും മറുപടി പറയാതെ തല കുനിച്ചു നിൽക്കുകയായിരുന്നു അവൾ..

അവളെ നന്നായി വിറക്കുന്നതും കണ്ണുകളിൽ രണ്ടും നിറഞ്ഞൊഴുകുന്നതും അപ്പോഴായിരുന്നു അവൻ കാണുന്നത്… അവളീ ലോകത്തൊന്നും അല്ലെന്ന് തോന്നി… വേറെ എന്തോ ആലോചനയിൽ എന്ന പോലെ കൃഷ്ണമണികൾ ചുറ്റും ചലിക്കുന്നുണ്ട്… “”അഭി….”” തോളിലേക്ക് കൈ ചേർത്ത് സൗമ്യമായി വിളിച്ചപ്പോൾ ഞെട്ടി മുഖമുയർത്തി നോക്കി…..അപ്പോഴായിരുന്നു അവളുടേ കരഞ്ഞു വീർത്ത കൺപോളകൾ അവൻ ശ്രദ്ധിക്കുന്നത്… കുറച്ചു നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടു… മറിച്ചെന്തെങ്കിലും ചോദിക്കും മുൻപേ ഏങ്ങി കരഞ്ഞുകൊണ്ട് അവളാ നെഞ്ചിൽ വീണിരുന്നു…

“”ഞാ…. ഞാൻ… പേടിച്ചു പോയി….. അയാള്…..”” കരച്ചിലിന്റെ ഇടയിൽ പെറുക്കി കൂട്ടിയ വാക്കുകൾ.. ആദ്യം ഒരു നിമിഷം പകച്ചു നിന്നെങ്കിലും ശ്രീ പതിയെ അവളുടേ പുറത്ത് തട്ടിക്കൊടുത്തു… “”എന്താടാ… എന്താ ഉണ്ടായത്…”” അവളെ വീണ്ടും പേടിപ്പിക്കാതെ സൗമ്യമായി ചോദിച്ചു… ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും താനവളോട് ഇത്രയും ശാന്തമായി സംസാരിക്കുന്നതെന്ന് തോന്നി… “”ഞാൻ വിളിച്ചിട്ട് ശ്രീയേട്ടൻ വന്നില്ലല്ലോ….””. പരിഭവം കലർന്ന സ്വരത്തിൽ നെഞ്ചിൽ മുഖമമർത്തി അവളത് പറഞ്ഞപ്പോൾ ഉള്ളിലെന്തോ കൊളുത്തി വലിക്കും പോലെ ഒരു നീറ്റൽ തോന്നി ശ്രീക്ക്…

“”ഞാൻ….. ഞാൻ കുറേ നേരം നിന്നിട്ടും ബസ് വന്നില്ല… അപ്പൊ….. അപ്പൊ ഒരു ഓട്ടോ വന്നു… ഞാനും നിമിഷയും കേറി… അവളുടെ സ്റ്റോപ്പ്‌ എത്തിയപ്പോൾ അവൾ ഇറങ്ങി… “” അഭി പറയുന്ന ഓരോ വാക്കുകളും ശ്രദ്ധയോടെ കേൾക്കുവായിരുന്നു ശ്രീ… “”ന്നിട്ട്… “” “”കുറച്ചു ദൂരം വന്നപ്പോൾ വേറെ ഒരാള് കൈ കാണിച്ചു…. ഞാൻ മാത്രേ ഉള്ളായിരുന്നു അപ്പോൾ…. അയാള്…. അയാള് കുടിച്ചിട്ടുണ്ടായിരുന്നു…. എന്റെ…. എന്റെ അടുത്ത് വന്നിരുന്നു…. ദേഹത്തൊക്കെ തൊടാൻ തുടങ്ങി…. “””അവളുടേ ശബ്ദം വിറച്ചിരുന്നു ആ ഓർമ്മയിൽ… ഉള്ളിൽ തികട്ടി വന്ന ദേഷ്യം സഹിക്കാൻ കഴിയാതെ ശ്രീ മുഷ്ടി ചുരുട്ടി പിടിച്ചു… അവളൊന്നു കൂടി നെഞ്ചിലേക്ക് ചേർന്ന് നിന്നു… “””ഞാൻ ബഹളം വച്ചു…

പക്ഷേ അയാള് കേട്ടില്ല…ഈ സ്റ്റോപ്പിലും നിർത്തിയില്ല… പിന്നെ… പിന്നെ ഞാൻ റോഡിലേക്ക് ചാടാൻ നോക്കി… അപ്പൊ അയാള് പേടിച്ചിട്ട് വണ്ടി നിർത്തി…. ആരൊക്കെയോ വരുന്നുണ്ടായിരുന്നു എന്റെ ബഹളം കണ്ടിട്ട്…. “” അവള് പറഞ്ഞതൊക്കെ കേട്ട് ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ശ്രീ… പക്ഷേ ഇപ്പോൾ ദേഷ്യം കാണിച്ചാൽ അവളുടേ പേടി വീണ്ടും കൂടുകയേ ഉള്ളു എന്ന് അറിയാമായിരുന്നു… “””സാരമില്ല…. പോട്ടെ…. നിന്റെ ഫോൺ എവിടെ..””. അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു സൗമ്യമായി ചോദിച്ചു.. “”അത്… ശ്രീയേട്ടനെ വിളിച്ചപ്പോൾ ഓഫ് ആയിപ്പോയി…. “””

കണ്ണൊന്നു അമർത്തിത്തുടച്ചവൾ പറഞ്ഞു.. “”ഹ്മ്മ്… നീ വാ…. “”അവളെയും വിളിച്ചു ബൈക്കിന്റെ അടുത്തേക്ക് നടന്നു.. “”ഓട്ടോ ടെ നമ്പർ ഓർമ്മ ഉണ്ടോ നിനക്ക്… അത് കിട്ടിയാൽ മതി… അവന്റെ പരിചയക്കാരൻ ആയിരിക്കും ആ പന്ന…..&&%&&”” ഉവ്വെന്ന് തലയാട്ടുന്നത് കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരു ചെറിയ ചിരി വിടർന്നു… കുഞ്ഞിലേ അവളെ പഠിപ്പിച്ച ശീലമായിരുന്നു ഒറ്റക്ക് ഏതെങ്കിലും വണ്ടിയിൽ കേറുമ്പോൾ അതിന്റെ നമ്പർ നോട്ട് ചെയ്തു വെക്കണം എന്ന്.. “”അമ്മയോടും അമ്മായിയോടും ഒന്നും പറയാൻ നിൽക്കണ്ട…. “”അത് പറഞ്ഞപ്പോഴും തലയൊന്നനക്കി മൂളി… അവൾ ബൈക്കിലേക്ക് കയറിയ സമയം കൊണ്ട് തന്നെ ശ്രീ ഓട്ടോ ടെ നമ്പർ സ്റ്റേഷനിലേക്ക് അയച്ചിരുന്നു…

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശ്രീകോവിലിന്റെ മുൻപിൽ ശാന്തമായ മനസ്സോടെയായിരുന്നു ദേവ നിന്നത്…. മുൻപുണ്ടായിരുന്ന ആധികൾ ഒക്കെയും മനസ്സിൽ നിന്നും അകന്നു പോയിരിക്കുന്നു… ഋഷിയും മോളും കൂടി വഴിപാടുകൾ എല്ലാം രസീതാക്കാൻ പോയിരിക്കുകയായിരുന്നു… പ്രാർത്ഥിച്ചിട്ട് തിരിഞ്ഞപ്പോൾ കണ്ടു മോളെയും എടുത്തു ഋഷി നടന്നു വരുന്നത്… രണ്ടാളും കൂടി എന്തൊക്കെയോ കാര്യമായി പറയുന്നുണ്ട്… അല്ലു മോളുടെ ശ്രദ്ധ മുഴുവൻ ഋഷിയുടെ മീശയിലും കഴുത്തിൽ കിടക്കുന്ന മാലയിലുമായിരുന്നു… അവന്റെ കഴുത്തിൽ നിന്നും മാല ഊരാൻ ഇടക്ക് നോക്കും… ഋഷി തടയുമ്പോഴേക്കും ചിരിച്ചുകൊണ്ട് വീണ്ടും മീശയിലേക്ക് പോകും കൈകൾ….

ദേവയെ കണ്ടതും അല്ലു മോള് സന്തോഷത്തോടെ അവളുടേ കൈയിലേക്ക് ചാടി… “”മോള്‌ മീമി ക്ക്‌ പാപ്പം കൊടുത്തല്ലോ..””.. എന്തോ വലിയ കാര്യം പോലെ ദേവയോട് പറയുന്നുണ്ടായിരുന്നു… “”ബല്യ മീമിയാ അമ്മേ…. ഇത്തറേം ഒണ്ടല്ലോ….”” രണ്ടു കൈയും വിടർത്തി വലിപ്പം കാണിച്ചു പറഞ്ഞു…. ആ പറച്ചിൽ കേട്ട് ദേവ ചിരിച്ചു പോയി… “”ശത്യാ അമ്മേ….. “”ദേവ കളിയാക്കിയതാ എന്ന് വിചാരിച്ചു പരിഭവത്തോടെ പറഞ്ഞു… “”അല്ലേലും അമ്മേടെ പൊന്ന് സത്യം മാത്രമല്ല പറയൂ…””. താടിയിൽ പിടിച്ചു കൊഞ്ചിച്ചപ്പോൾ അതേ എന്ന ഭാവത്തിൽ തലയാട്ടി… ഇതെല്ലാം ഒരു ചിരിയോടെ ഋഷി നോക്കി നിൽക്കുന്നുണ്ടായിരുന്നു…

തൊഴുതിട്ട് ഇറങ്ങിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു… വീട്ടിലേക്കുള്ള യാത്രയിൽ അല്ലു മോള്‌ ഉറങ്ങി ദേവയുടെ തോളിലേക്ക് കിടന്നിരുന്നു… മഴ ഉള്ളതുകൊണ്ട് ഋഷി പതിയെ ആയിരുന്നു കാർ ഓടിച്ചിരുന്നത്… അവന്റെ നോട്ടം ഇടയ്ക്കിടെ തന്റെ മേൽ പാളി വീഴും പോലെ തോന്നി ദേവക്ക്…. അതവളിൽ വീണ്ടും എന്തോ ഒരു പരവേശം നിറച്ചു… ഏസിയുടെ തണുപ്പിലും ശരീരം വിയർക്കും പോലെ തോന്നി… വീട്ടിൽ എത്തിയതും അവൻ ഇറങ്ങാൻ കാത്ത് നിൽക്കാതെ വേഗം മോളെയും എടുത്തു അകത്തേക്ക് നടന്നു.. അവളുടെ ഈ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടു അവന് ചിരി വന്നെങ്കിലും ഒരുവിധം സഹിച്ചു നിന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”ശാലിനി എന്ന് പേരുള്ള ആരുടെ എങ്കിലും കാര്യങ്ങൾ ഭാമ പറഞ്ഞിരുന്നോ…. ” ഋഷിയുടെ ചോദ്യം കേട്ടപ്പോൾ അയാളെന്തോ ആലോചിക്കും പോലെ ഇരുന്നു.. രണ്ടു ദിവസം കൊണ്ട് അയാൾ വല്ലാതെ ക്ഷീണിച്ചു എന്ന് തോന്നി അവന്… മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടക്കുന്നത് അയാളുടെ ഭാര്യ മാത്രമല്ല ജീവിതം കൂടി ആണെന്ന് തോന്നി… . “”ശാലിനി… അവർ ഒരുമിച്ചായിരുന്നു സർ വരാറ്… യാത്രയിൽ കിട്ടിയ കൂട്ടാണ്…”” ഓർമ്മകൾ ചികഞ്ഞെടുത്തുകൊണ്ട് അയാൾ പറഞ്ഞു.. “”ശാലിനിയുടെ എന്തെങ്കിലും ഫോട്ടോയോ മറ്റോ കൈയിൽ ഉണ്ടോ… “”ശ്രീ ആവേശത്തോടെ ചോദിച്ചു..

“”അവളുടെ ഫോണിൽ കാണുമായിരിക്കും സർ…. പക്ഷേ… അത്… അന്ന്… “”ബാക്കി പൂർത്തിയാക്കാൻ കഴിയാതെ അയാളൊന്ന് വിതുമ്പി… “”വേറെ ആരുടേയും കൈയിൽ ഇല്ല അല്ലേ…”” ഋഷിയുടെ സ്വരത്തിൽ നിരാശ നിഴലിച്ചിരുന്നു.. ഇന്നലെ കിട്ടിയ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അത് ശൂന്യമായിരുന്നു… എല്ലാം ആരോ അതിന് മുൻപ് തന്നെ എടുത്തിട്ട് റെക്കോർഡ് ചെയ്യാത്ത ഒരു ക്യാമറ ആയിരുന്നു വച്ചിട്ടുണ്ടായിരുന്നത് പുതിയതായിട്ട്… “”സർ…. എന്റെ ഫോണിൽ ഉണ്ട്… “”സൈഡിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോളാണ് ഒരു കൊച്ചു പെൺകുട്ടി നിൽക്കുന്നത് കണ്ടത്…

കൈയിൽ ഒരു ഫോണും ഉണ്ട്… “”ഒരു ദിവസം ഞാൻ മുറ്റത്തെ പുതിയ പൂവിന്റെ ഒക്കെ ഫോട്ടോ എടുത്തു നിന്നപ്പോളാണ് അമ്മയും ആന്റിയും കൂടെ നടന്നു വന്നത്…. അപ്പൊ ഞാൻ അവർ അറിയാതെ വെറുതേ എടുത്തതാ… “” കരയാതിരിക്കാൻ അവൾ പാട് പെടുകയാണ് എന്ന് തോന്നി…. ഋഷി അവൾക്ക് നേരെ വിഷാദം മറക്കാൻ ശ്രമിച്ചു ഒന്ന് പുഞ്ചിരിച്ചു… “”മോൾടെ പേരെന്താ… “” “”ആര്യ… “” “”മിടുക്കിയ കേട്ടോ… “”കവിളിൽ ഒന്ന് കൈ ചേർത്ത് പറഞ്ഞപ്പോൾ ചെറുതായി അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. ഫോണിലെ ഗാലറിയിൽ തെളിഞ്ഞ ആ രൂപത്തിലേക്ക് ഋഷി വീണ്ടും സൂക്ഷിച്ചു നോക്കി… വളരെ ശാന്തമായ ഭാവത്തോടെ ഭാമയോട് സംസാരിച്ചുകൊണ്ട് വരുന്ന ഒരു സ്ത്രീ…

ഒറ്റ നോട്ടത്തിൽ ഒരു സാധാരണ വീട്ടമ്മയുടെ രൂപം… ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മ…. ഭാമ പറയുന്നത് കേട്ട് ചിരിയോടെ നിൽക്കുകയായിരുന്നു അവർ… ഒരു നിമിഷം ഋഷി ആലോചനയോടെ നിന്നു.. “”ശ്രീരാജ് ഈ ഫോട്ടോ ഇപ്പോൾ തന്നെ വിശ്വാസമുള്ള ഓഫീസേർസ് നു വാട്സ്ആപ്പ് വഴി കൊടുത്തിരിക്കണം…. പുറത്തേക്ക് ഒരു കാരണവശാലും ലീക്ക് ആകരുത്… “” ഋഷി പറഞ്ഞ വാക്കുകൾ ഓരോന്നും ശ്രീ ശ്രദ്ധയോടെ കേട്ടു…. “”യെസ് സർ… എല്ലാം നോക്കിക്കോളാം.., ”

ഇറങ്ങും മുൻപ് ഋഷി വീണ്ടും ആ കൊച്ചു പെൺകുട്ടിക്ക് നേരെ തിരിഞ്ഞു… ശാന്തമായി നിൽക്കുകയാണ് എങ്കിലും ആ കണ്ണിലെ നൂറു സംശയങ്ങൾ അവന് മാത്രം മനസ്സിലായിരുന്നു.. ഒന്നും പറയാതെ അവനാ കുഞ്ഞിന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു… അതിലുണ്ടായിരുന്നു അവന് കൊടുക്കാനുള്ള ഉറപ്പ്.. “”സർ…. ആ ഓട്ടോ ഡ്രൈവർ നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്… “” ഇറങ്ങാൻ തുടങ്ങുമ്പോൾ സ്റ്റേഷനിൽ നിന്നും വന്ന കാളിൽ ശ്രീയുടെ കണ്ണുകൾ വീണ്ടും ഒരിക്കൽ കൂടി കോപത്താൽ ചുവന്നു കലങ്ങി….തുടരും

മഴമുകിൽ: ഭാഗം 22

Share this story