ഋതുസംക്രമം : ഭാഗം 12

ഋതുസംക്രമം : ഭാഗം 12

എഴുത്തുകാരി: അമൃത അജയൻ

” നിരഞ്ജൻ …..” ” അതേ അറിയില്ലെ …. ” ” ഉം ” അറിയാമെന്നവൾ സമ്മതിച്ചു .. നിരഞ്ജൻ അവളുടെ ഏട്ടൻ്റെ ഫ്രണ്ടാണ് . എന്തൊക്കെയോ അറിഞ്ഞിട്ടുള്ള ചോദ്യമാകാനേ തരമുള്ളു . അപ്പോൾ പിന്നെ കള്ളം പറയുന്നതിൽ അർത്ഥമില്ല .. ” നിങ്ങൾ തമ്മിൽ ഒന്നു രണ്ടു വട്ടം കണ്ടിട്ടുണ്ടല്ലേ … ” മൈത്രി അതിനും തലയാട്ടി . ഇവളെന്താണ് പറഞ്ഞു വരുന്നത് .. മൈത്രിക്ക് നെഞ്ചിടിപ്പ് വർദ്ധിച്ചു .. ” എൻ്റെ ഏട്ടൻ്റെ ബെസ്റ്റ് ഫ്രണ്ടാ നിരഞ്ജൻ ചേട്ടൻ … ” ” അറിയാം .. പഴയിടത്ത് വച്ച് അവരെ ഒരുമിച്ച് കണ്ടാരുന്നു .. ”

” വേറൊരു ദിവസോം കണ്ടില്ലെ .. താഴെ ഗേറ്റിനു പുറത്ത് വച്ച് ..” അവൾ കള്ളച്ചിരിയോടെ നോക്കി. . മൈത്രിയും ചിരിച്ചു പോയി .. ” ഉണ്ണിമായയെന്താ എന്നോടിങ്ങനെയൊക്കെ ചോദിക്കുന്നേ .. ” ” പറയാം .. ഈ നിരഞ്ജൻ ചേട്ടനെ.. നിന്നോട് സംസാരിക്കണമെന്ന് .. ” ഈശ്വരാ .. സംസാരിക്കാനോ .. ” എന്നോടോ .. എന്ത് സംസാരിക്കാനാ ..” ” അതെനിക്കറിയോ .. ? ” അവൾ നിഷ്കളങ്ക ഭാവത്തിൽ കൈമലർത്തി . ” നീയൊന്ന് സംസാരിച്ചു നോക്ക് .. അപ്പോ അറിയാല്ലോ .. ” മൈത്രി എന്തോ അലോചിക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു … ”

ഞാനിപ്പോ എങ്ങനെയാ …” ” നീ ഓക്കെ ആണെങ്കിൽ നിരഞ്ജൻ ചേട്ടൻ ഇങ്ങോട്ട് വരും … ” ” ഇവിടെയോ .. അതിന് ഞാൻ രാവിലെ കാറിലല്ലേ വരുന്നേ ..വെകിട്ട് തിരിച്ചു പോകുന്നതും അങ്ങനെ തന്നെ . . അപ്പോ പറ്റുംന്ന് തോന്നുന്നില്ല ..” ” ദാറ്റ് മീൻസ് സംസാരിക്കാൻ നീ ഒക്കെയാണ് .. അത്രേം അറിഞ്ഞാൽ മതി .. ” ” അതല്ല … ” ” എന്താ സമ്മതമല്ലേ …. ” ” എൻ്റെ വീട്ടിലൊക്കെ അറിഞ്ഞാൽ .. ” ” വീട്ടിലൊന്നും അറിയത്തില്ലെന്നേ .. ഒന്ന് സംസാരിക്കുന്നേനെന്താ പ്രശ്നം .. ഒന്നുമല്ലേലും അന്നിയാളെ രക്ഷിച്ചതല്ലേ … ” ആ ഡയലോഗിൽ മൈത്രി ഫ്ലാറ്റായി .. എന്തോ നിരഞ്ജനോട് സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവളിഷ്ടപ്പെട്ടില്ല .. ”

സംസാരിക്കുന്നേൽ കുഴപ്പൂല്ല .. രാവിലെം വൈകിട്ടും അതൊട്ടും പറ്റില്ല ..അതാ ഞാൻ വേണ്ടാന്ന് പറഞ്ഞേ … ” ” നിനക്ക് ഒരു പ്രശ്നവും വരില്ലന്നേ .. ഷുവർ ….” ഉണ്ണിമായ അവളുടെ കൈപിടിച്ച് ഉറപ്പ് പറഞ്ഞു .. മൈത്രി അർദ്ധ സമ്മതത്തിൽ മൂളി .. ഉണ്ണിമായയ്ക്ക് തുള്ളിച്ചാടാൻ തോന്നി .. ഏട്ടൻ ഏൽപ്പിച്ച ഉദ്യമം താൻ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു .. അതിൻ്റെ പാരിതോഷികമായി കിട്ടാൻ പോകുന്ന അൽഫാമിനെ കുറിച്ച് ഓർത്തപ്പോൾ വായിൽ കപ്പലോടി .. വിന്നി എക്സാം ഹാളിൽ നിന്നിറങ്ങി ബാഗുമെടുത്ത് നടന്നു വരുന്നത് കണ്ടപ്പോൾ മൈത്രേയി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു .. കൂടെ ഉണ്ണിമായയും . ”

എന്നാ ഞാൻ പോവാ മൈത്രി .. പറഞ്ഞ കാര്യം മറക്കണ്ട .. നീ സമ്മതിച്ചുന്ന് ഞാനിന്ന് തന്നെ വിളിച്ച് പറയുമേ .. ” ഓർമിപ്പിച്ചു കൊണ്ട് അവൾ നടന്നു പോയി .. ” എന്ത് സമ്മതിച്ചൂന്ന് .. ” വിന്നി അത്ഭുതത്തിൽ മൈത്രിയേ നോക്കി .. ” പറയാം .. നമുക്ക് ഗാഥയെ വിളിച്ചു കൊണ്ട് വന്നിട്ട് എവിടേലുമൊന്നിരിക്കാം .. ” മൈത്രിയുടെ മുഖത്ത് നോക്കിയപ്പോൾ എന്തോ സീരിയസ് സംഗതിയാണെന്ന് മനസിലായി … അവർ താഴെ എത്തിയപ്പോഴേക്കും ലഞ്ച് ബ്രേക്കിന് ടൈമായി .. മെയിൻ ബ്ലോക്കിന് പിറക് വശത്തുള്ള മറ്റൊരു ബിൽഡിംഗിലാണ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ് .. അങ്ങോട്ടു പോകാൻ ആ ബ്ലോക്കിൽ നിന്ന് തന്നെ ഇടനാഴിയുണ്ട് ..

ക്ലാസിൽ ചെന്നപ്പോൾ ഗാഥ അവരെ തിരക്കിയിറങ്ങാൻ തുടങ്ങുകയായിരുന്നു .. കൂട്ടുകാരികൾ തമ്മിൽ കണ്ടുടൻ ആദ്യം എക്സാമിനെ കുറിച്ചാണ് സംസാരിച്ചത് .. തുടർന്ന് ചോറു പാത്രവുമെടുത്ത് കോമൺ റൂമിലേക്ക് പോയി .. അവിടെ ഒരു കോർണറിൽ സ്ഥിരമായി അവർക്കൊരു പ്ലേസുണ്ട് . . ” അവളെന്താ നിന്നോട് പറഞ്ഞെ….. ” നിലത്ത് വട്ടം കൂടിയിരുന്ന് പാത്രം തുറക്കുന്നതിനിടയിൽ വിന്നി ചോദിച്ചു .. എന്താണ് സംഗതിയെന്ന് ഗാഥ ആംഗ്യത്തിൽ ചോദിച്ചു .. ” ഞാൻ നിങ്ങളോടന്ന് പറഞ്ഞില്ലാരുന്നോ തോട്ടിൽ വീണ കാര്യം … ” ” ഓ നിൻ്റെ നെയിബറിൻ്റെ വീട്ടിൽ പോയിട്ട് ..

എന്നിട്ടാരോ ബാഹുബലിയിലെ പോലെ നിന്നെയെടുത്ത് പൊക്കിയത് … ” അവളത് നിസാര കോമഡിയായി പറഞ്ഞത് മൈത്രിയ്ക്കത്ര പിടിച്ചില്ല.. അത് വിന്നിക്ക് മനസിലായപ്പോൾ മൈത്രിയുടെ കൈയിലൊരു കുത്ത് വച്ചു കൊടുത്തു .. ” പറ കൊച്ചേ….. ” ” ആ ആൾക്കെന്നോട് സംസാരിക്കണംന്ന് ….” ” ആർക്ക് ….?” വിന്നിയും ഗാഥയും വാ പൊളിച്ചു .. ” എന്നെ തോട്ടിൽന്നെടുത്ത ….” ഗാഥയും വിന്നിയും വായിലേക്ക് വച്ച ചോറ് അതേപടി വച്ച് അവളെ മിഴിച്ചു നോക്കി .. പിന്നെയതൊരു ചിരിയായി മാറി … ” എൻ്റെ മോളെ ഇത് പ്രേമം .. ” കോളേജിൻ്റെ മുന്നിൽ വച്ചും രണ്ട് തവണ കണ്ടൂന്ന് പറഞ്ഞപ്ലേ എനിക്കു ഡൗട്ടടിച്ചതാ … ”

വിന്നിയും ഗാഥയും കൈചേർത്തടിച്ചു .. മൈത്രിക്ക് ലജ്ജ തോന്നി … ” പ്രേമോന്നുമല്ല …ന്നോട് സംസാരിക്കണമെന്നേ പറഞ്ഞുള്ളു .. ” ” സംസാരിക്കുന്ന പിന്നെ നിന്നോട് രാമായണത്തിൻ്റെ കഥ പറയാനാണോ .. എടി മണ്ടി നീ ചെല്ലുമ്പോൾ പുള്ളി പറയും മോളേ മൈത്രേയി നിന്നെയെനിക്കിഷ്ടമേ………….. യാണ് .. ” വിന്നി മോഹൻലാലിനെ അനുകരിച്ച് തോൾ ചരിച്ച് പറഞ്ഞു .. ” നമ്മളിതെത്ര കണ്ടിരിക്കുന്നു .. ഇതിനിനി വലിയ ഗവേഷണത്തിൻ്റെയാവശ്യമൊന്നുമില്ല … സോ സിമ്പിളാ……..” മൈത്രി മിണ്ടാതിരിക്കുന്നതും ഗാഥ പ്രോത്സാഹിപ്പിക്കുന്നതും കൂടിയായപ്പോൾ വിന്നിക്ക് ആവേശം കൂടി .. ”

നീ പറഞ്ഞത് വച്ച് പുള്ളി അത്യാവശ്യം നല്ല ക്യാരക്ടറാ .. നീ വീണിട്ടും അത് നോക്കി നിന്ന കൂട്ടുകാരനിട്ട് പൊട്ടിച്ചില്ലേ .. ” ഗാഥ പറഞ്ഞു .. ” നിനക്കൊരു പ്രേമം അത്യാവശ്യമാ .. നിൻ്റെയീ മൂഡിയൊക്കെയൊന്ന് മാറ്റണം . സ്നേഹിക്കാനാളുണ്ടാകുമ്പോ ജീവിക്കാനും തോന്നും .. അതൊരു പ്രണയമാണെങ്കിൽ മനസൊരു പൂങ്കാവനമായിരിക്കും ..ഞാൻ കുറേയായി വിചാരിക്കുന്നു നിന്നെ ഒരു ലവ് അഫയറിൽ കുടുക്കണമെന്ന് . ” വിന്നിയൊരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞു .. ത്രിമൂർത്തികളിൽ നിലവിൽ അവൾക്ക് മാത്രമാണ് ഒരഫയറുള്ളത് .. സെക്കൻ്റിയറിലെ ആസിഫുമായി ..

അതു പറഞ്ഞ് ഗാഥയുടെയും മൈത്രിയുടെയും കുത്തലുകൾ ഏറ്റുവാങ്ങി തളർന്നിരിക്കുകയായിരുന്നു അവൾ .. അതു കൊണ്ട് തന്നെ മൈത്രിയുടെയും നിരഞ്ജൻ്റെയും കല്ല്യാണം വരെ നടത്തിക്കൊടുക്കാൻ അവൾ റെഡിയാണ്. ” അയാൾക്ക്‌ സംസാരിക്കണമെന്ന് നീയെങ്ങനെയറിഞ്ഞു … ” ഗാഥ സംശയം ചോദിച്ചു .. ഉണ്ണിമായ പറഞ്ഞിട്ടാണെന്ന് അവൾ പറഞ്ഞു . ” ഇതത് തന്ന മോളെ .. പ്രേമം .. ഫ്രണ്ടിൻ്റെ സിസ്റ്ററിനെ കൊണ്ടൊക്കെ ചോദിപ്പിക്കുന്നത് അത് തന്നെയാ ..” ഗാഥയും തീർത്ത് പറഞ്ഞു .. മൈത്രിയുടെ മുഖം മ്ലാനമായിരുന്നു .. നിരഞ്ജന് തന്നോട് പ്രണയമാണോ ..

അങ്ങനെയെങ്ങാനും പറഞ്ഞാൽ താനെന്ത് മറുപടി പറയും .. ഉള്ളിൻ്റെയുള്ളിൽ അവൻ്റെ മുഖമുണ്ട് .. അന്നത്തെ സംഭവത്തിന് ശേഷം അവനെയോർക്കാത്ത ഒരു ദിവസം പോലുമില്ല .. അമ്മ തല്ലിയന്ന്‌ അവനെയോർത്ത് സങ്കടം ശമിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് .. അത്രയേറെ അവൻ തന്നെ ഹോണ്ട് ചെയ്യുന്നുണ്ട് .. ” നീയെന്തിനാ മുഖം വീർപ്പിച്ചിരിക്കുന്നേ .. ചുമ്മാ ആലോചിച്ച് പുണ്ണാക്കണ്ട .. എന്തായാലും പുള്ളിയോട് സംസാരിക്ക് .. ” ” നിങ്ങള് പറഞ്ഞ പോലാണേൽ അതൊഴിവാക്കുന്നതാ നല്ലത് .. ” അത് പറയുമ്പോൾ എവിടെയോ ആഴത്തിലൊരു മുറിവുണ്ടാകുന്നത് മൈത്രിയറിഞ്ഞു .. ” അതെന്താ …” ” നിങ്ങൾക്കെൻ്റെ കാര്യം അറിയില്ലേ .. അമ്മ ഒരാളുമായിട്ട് എൻ്റെ കല്യാണം പറഞ്ഞു വച്ചിരിക്കുന്നത് .. ”

അപ്പോഴാണ് രണ്ടാളും അക്കാര്യം ഓർത്തത് .. മൈത്രിക്ക് അതൊട്ടും ഇഷ്ടമില്ലെന്നും അവർക്കറിയാം .. ” അങ്ങനെയൊരു കുരുക്കുണ്ടല്ലോ .. ” ഗാഥ നഖം കടിച്ചു .. ” പക്ഷെ അത് നിനക്കിഷ്ടമല്ലല്ലോ .. ഈ നിരഞ്ജനെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ നിൻ്റെ മുഖം ട്യൂബ് ലൈറ്റായിരുന്നു .. ജിതിനെ കുറിച്ച് പറയുമ്പോ ഒരു സീറോ വാട്ട് പോലും ഞാൻ കണ്ടിട്ടില്ല .. ” വിന്നിയാ പറഞ്ഞതിനെ ഗാഥയും അനുകൂലിച്ചു .. ” അമ്മയെ എതിർക്കാനൊന്നും എനിക്ക് പറ്റില്ല .. തല പോയാലും അമ്മ വിചാരിച്ച കാര്യം അമ്മ നടത്തും .. ഇതെങ്ങാനും അറിഞ്ഞാൽ ൻ്റെ പഠിത്തം നിർത്തീട്ട് അമ്മ അയാൾക്ക് കെട്ടിച്ചു കൊടുക്കും ..

കാരണം അമ്മയ്ക്കീ മാര്യേജ് കൊണ്ട് ഒരു പാട് ലക്ഷ്യമുണ്ട് … ബിസിനസിൻ്റെ ഫ്യൂച്ചറാണ് അമ്മയ്ക്ക് വലുത് .. ” പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു .. ഗാഥയും വിന്നിയും അതു ശ്രദ്ധിക്കുകയും ചെയ്തു .. അവർക്കിടയിലുണ്ടായിരുന്ന ആവേശം പതിയെ തണുക്കാൻ തുടങ്ങി .. കാര്യങ്ങൾ അത്ര നിസാരമല്ലെന്ന് അവർക്കും ബോധ്യപ്പെട്ടു തുടങ്ങി .. മൈത്രി ചോറിൽ വെറുതെ കൈയിട്ടിളക്കിക്കൊണ്ടിരുന്നു .. ” ഞാനൊരു കാര്യം ചോദിക്കട്ടെ .. നീ സത്യം പറയണം .. ” ഗാഥ അവളുടെ കൈപിടിച്ച് കണ്ണുകളിലേക്ക് നോക്കി .. എന്താണെന്ന അർത്ഥത്തിൽ മൈത്രിയും .. ”

നിനക്ക് നിരഞ്ജനോടിഷ്ടമുണ്ടോ ..?” വിന്നിക്കും അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു .. മൈത്രിയുടെ മുഖത്ത് പലവിധ ഭാവങ്ങൾ തെളിഞ്ഞു .. അവൾ മുഖം കുനിച്ച് ചോറിലേക്ക് നോക്കിയിരുന്നു .. ” ഞങ്ങളോട് പറയ് .. ” അതിൻ്റെയുത്തരം ഒരു തേങ്ങലായിരുന്നു .. അവൾ വളഞ്ഞിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു … ” മൈത്രീ …… ” ” എടാ … കരയാതെ … ” ” നീ ഒറ്റയ്ക്കല്ലല്ലോ .. ഞങ്ങളില്ലേ … ” ” കരയാൻ മാത്രം ഒന്നുമൊണ്ടായില്ലല്ലോ .. ” അവരിരുവരും മാറി മാറി ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു .. അവൾ നിവർന്നിരുന്ന് കണ്ണ് തുടച്ചു … ” നീ പ്പോ ന്തിനാ കരഞ്ഞെ .. ” അവളൊന്നടങ്ങിയപ്പോൾ വിന്നി ചോദിച്ചു ..

സത്യത്തിൽ അവൾക്കുമറിയില്ലായിരുന്നു എന്തിനാ കരഞ്ഞതെന്ന് .. അവനെ കുറിച്ചോർത്തിരിക്കുമ്പോൾ , അവനെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ഉള്ളിൽ മൂടിക്കെട്ടി കിടന്ന കാർമേഘമെന്തിനായിരുന്നു പെയ്തൊഴിഞ്ഞത് .. പ്രണയമൊരു തീയായിരിക്കാം .. അതാവും ചെറിയൊരു സ്പാർക്കിൽ കത്തിപ്പടർന്നത് .. ” മൈത്രീ … നീയെന്തിനാ കരഞ്ഞെ … ” വിന്നി ആവർത്തിച്ചു ചോദിച്ചു .. ” എനിക്കറിയില്ല … ” ” പക്ഷെ എനിക്കറിയാം .. നിനക്കയാളെ ഇഷ്ടമായത് കൊണ്ട് … ” വിന്നിയാ സമസ്യ പൂർത്തിയാക്കി .. മൈത്രി അവളുടെ കണ്ണിലേക്ക് നോക്കിയിരുന്നു .. ”

എന്തായാലും പുള്ളി വരട്ടെ .. നീ തീർച്ചയായും സംസാരിക്കണം .. വീട്ടുകാര് ഒരെണ്ണം പറഞ്ഞു വച്ചിട്ട് , പെണ്ണോ ചെറുക്കനോ വേറെ പ്രേമിക്കുന്നതൊക്കെ നാച്വറലാണ് .. ലാസ്റ്റ് പ്രണയിച്ചവർ കല്യാണം കഴിച്ചിട്ടുമൊണ്ട് ..” ” എല്ലാരുടേം പോലല്ലല്ലോ ൻ്റെ കാര്യം .. ” ” നീ സമാധാനിക്ക് . . നമുക്ക് വഴിയുണ്ടാക്കാം .. ആദ്യം പുള്ളിക്കാരൻ്റെ മനസിലിരുപ്പറിയട്ടെ .. ” മനസിലൊരയിഡിയയും ഇല്ലെങ്കിലും വിന്നി സമാധാനിപ്പിച്ചു .. അന്ന് തുടർന്നുള്ള ക്ലാസിലും മൈത്രിക്ക് ശ്രദ്ധിക്കാനായില്ല .. നിരഞ്ജനെ കുറിച്ചുള്ള ചിന്തകൾ ഹൃദയം കവർന്നു കഴിഞ്ഞിരുന്നു .. ”

മുജ്ജന്മങ്ങളിൽ നീയെനിക്കാരായിരുന്നുവെന്നറിയില്ല .. ഈ ജന്മത്തിൽ ആരായി തീരുമെന്നും .. ഒന്നു മാത്രമറിയാം .. ഈയപൂർവ്വ വേളയിൽ നീയെൻ്റെ നിത്യസന്ദർശകനാകുന്നു .. പിറവികളിൽ മഞ്ഞായി പൊതിയാനും .. കാറ്റായി തഴുകാനും പൂവായടർന്നു വീഴാനും ഒരു വേനലിനും കുടിച്ചു വറ്റിക്കാനാകാത്ത നിൻ്റെ പ്രളയമായൊഴുകാനും വെമ്പുന്നു … ” * * * * * * * * * * * * * * * * * * * * പത്മതീർത്ഥത്തിനു മുന്നിൽ ജിതേന്ദ്രകുമാറിൻ്റെ കാർ കിടക്കുന്നത് കണ്ടു കൊണ്ടാണ് മൈത്രേയി കാറിൽ നിന്നിറങ്ങിയത് .. അവളുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി .. ഈശ്വരാ അച്ഛനെന്തെങ്കിലും വയ്യായ്ക … കാറിൽ നിന്നിറങ്ങി അവൾ അകത്തേക്ക് ഓടുകയായിരുന്നു .. സ്റ്റെപ്പ് ഓടിക്കയറി അച്ഛൻ്റെ മുറിയിൽ ചെന്നപ്പോൾ അവിടെ അഞ്ജനയും പപ്പിയും ഭാസ്കരേട്ടനും ജിതേന്ദ്ര കുമാറുമുണ്ട് ..

അയാൾ അച്ഛന് ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് .. രംഗം കണ്ടപ്പോൾ അത് വീക്ക്ലിയുള്ള ചെക്കപ്പാണെന്ന് മനസിലായി .. സാധാരണ സൺഡേയാണ് ജിതനങ്കിൾ അച്ഛനെ ചെക്കപ്പ് നടത്താൻ വരുന്നത് .. ഇന്നലെ വന്നിരുന്നില്ലെന്ന് അവളോർത്തു .. ഇഞ്ചക്ഷനും ചെക്കപ്പും കഴിഞ്ഞു അഞ്ജനയും ജിതേന്ദ്രനും കൂടി സംസാരിച്ചുകൊണ്ട് ഇറങ്ങിപ്പോയി .. പപ്പിക്ക് വിവരങ്ങൾ അറിയാൻ താത്പര്യമുണ്ടായിരുന്നെങ്കിലും അവളെയാരും ഗൗനിച്ചില്ല .. ജിതേന്ദ്രൻ പറഞ്ഞത് പപ്പിക്കു കേൾക്കാനും സാധിച്ചില്ല .. അഞ്ജന താഴേക്ക് പോയെങ്കിലും മൈത്രി അച്ഛൻ്റെ മുറിയിൽ പപ്പിയാൻ്റിക്കൊപ്പം നിന്നു .. കുറേ കഴിഞ്ഞിട്ടാണ് താഴെ കാറിളകി പോയ ഒച്ച കേട്ടത് .. ” മൈത്രീ ….” അതിനു പിന്നാലെ അഞ്ജനയുടെ കടുത്ത സ്വരം താഴെ കേട്ടു .. ( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 11

Share this story