സഹനായകന്റെ പ്രണയം💘 : ഭാഗം 16- അവസാനിച്ചു

സഹനായകന്റെ പ്രണയം💘 : ഭാഗം 16- അവസാനിച്ചു

എഴുത്തുകാരി: ആഷ ബിനിൽ

അഖിലേഷിന്റെ കല്യാണത്തിന് അമ്പുവിന്റെ കുടുംബത്തിനും ക്ഷണം ഉണ്ടായിരുന്നു. അപ്പുവും അമ്പുവും കൂടിയാണ് പോയത്. വധൂവരന്മാരെയും അച്ഛനമ്മമാരെയും കണ്ട് അവർ ആശംസകൾ അറിയിച്ചു. അമ്പുവിൽ നഷ്ടബോധം പരതിയ മഹാദേവൻ ഇത്തവണയും നിരാശനായി. അമ്പു തന്റെ പ്രതീക്ഷകൾക്ക് അപ്പുറം ആണെന്ന് ഇപ്പോൾ അയാൾക്ക് പൂർണ ബോധ്യം വന്നിട്ടുണ്ട്. കല്യാണത്തിന് ശ്രീയെയും അരുണിനെയും ഒക്കെ അമ്പു വീണ്ടും കണ്ടു. ശ്രീ ഇപ്പോൾ ഡോ. ശ്രീജിത്ത്. S. IAS ആണ്. മെഡിസിൻ കഴിഞ്ഞു സിവിൽ സർവീസ് ആണ് അവൻ തിരഞ്ഞെടുത്തത്. മെഡിസിൻ അച്ഛന്റെ സ്വപ്നം ആണെങ്കിൽ സിവിൽ സർവീസ് ശ്രീയുടെ ലക്ഷ്യം ആയിരുന്നു.

സെലക്ഷനും ട്രെയിനിങ്ങും എല്ലാം കഴിഞ്ഞു. പോസ്റ്റിംഗ് ഉടനെ ഉണ്ടാകും. അരുൺ MD ന്യൂറോളജി കഴിഞ്ഞു. ഹൃദമായി തന്നെ അമ്പു അവരോട് ഇടപെട്ടു. അക്കിയും വിനിയും അവരുടെ ഹോസ്പിറ്റലിൽ തന്നെ പ്രാക്ടീസ് തുടങ്ങി. മൂന്നു നാല് മാസം കൂടെ കഴിഞ്ഞപ്പോൾ അച്ഛന്റെ സഹായം തേടാതെ അക്കി ലോണെടുത്ത് ഒരു വീട് പണിതു. വിനിയും അവനും അവിടേക്ക് താമസം മാറ്റി. അക്കി താൻ വരച്ച വരയിൽ നടക്കില്ല എന്ന് ഉറപ്പായത് കൊണ്ടാണോ അതോ വരച്ചു മതിയായത് കൊണ്ടാണോ എന്നറിയില്ല, മഹാദേവന്റെ ശ്രദ്ധ ഇപ്പോൾ പൂർണമായും അജുവിലേക്ക് തിരിഞ്ഞു. അവൻ അയാളുടെ ബിസിനസുകൾ എല്ലാം നോക്കി നടത്താൻ തുടങ്ങി.

കുറ്റങ്ങളും കുറവുകളും പറഞ്ഞും അനാവശ്യമായി കടുംപിടിത്തം പിടിച്ചും അജുവിനെ കൂടി നഷ്ടപ്പെടും എന്നായപ്പോൾ ഗൗരി മഹാദേവനെ എതിർത്തു സംസാരിക്കാൻ തുടങ്ങി. ആദ്യമൊക്കെ അയാൾ അത് കണക്കിലെടുത്തില്ലെങ്കിലും പതിയെ മാറ്റങ്ങൾ കണ്ടു തുടങ്ങി. അയാൾ ഭാര്യയെ തല്ലുന്നതും വഴക്കു പറയുന്നതും എല്ലാം നിർത്തി. തീരുമാനങ്ങൾ എടുക്കുന്നതിൽ അവരെയും പങ്കാളിയാക്കി. “അമ്മക്ക് ഇത് നേരത്തെ ആയി കൂടയിരുന്നോ” എന്ന് നന്ദ പോലും അവരോട് ചോദിച്ചു. എത്രയൊക്കെ ആണെങ്കിലും മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയി എന്നു പറയും പോലെ മഹാദേവൻ ഇടക്ക് പഴയ സ്വഭാവം പുറത്തെടുക്കും. പക്ഷെ ഗൗരിയുടെ ഒരു നോട്ടത്തിൽ അയാൾ ശാന്തനാകും.

ഭാര്യയും മക്കളും ആ ഐഡന്റിറ്റിക്ക് അപ്പുറം സ്വതന്ത്ര വ്യക്തികൾ ആണെന്നും അവരെ ഒരു പരിധിയിൽ കൂടുതൽ തന്റെ വരുതിക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും മഹാദേവന് ഏറെക്കുറെ മനസിലായി. വിനീതയുടെ അച്ഛനും സ്വഭാവത്തിൽ മഹാദേവന്റെ അനിയൻ ആയി വരും. അതുകൊണ്ട് അക്കിയും വിനിയും വീട്ടുകാരുടെ അനാവശ്യ ഇടപെടലുകളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രണയത്തിന്റെ പുതുകഥകൾ രചിച്ചു പാറി പറന്നു നടന്നു. നന്ദയുടെ വിവാഹം പറഞ്ഞുറപ്പിച്ചത് പോലെ വിവേകുമായി നടന്നു. അവളും മഹാദേവന്റെ കൂട്ടിൽ നിന്ന് രക്ഷപെട്ടു. ഒരു വർഷത്തിനുള്ളിൽ അപ്പുവിന്റെയും കല്യാണം ആയി. വധുവിന്റെ പേര് വസുധ. അടുത്തു തന്നെ ഒരു ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയാണ്.

അമ്പുവും കൂട്ടുകാരും ചേർന്ന് അപ്പുവിന്റെ കല്യാണം ഒരു ആഘോഷമാക്കി. സുധയെ അവൾ ഏടത്തി എന്നല്ല ചേച്ചി എന്നാണ് വിളിച്ചത്. അമ്പുവിന്റെ സഹോദരിയും ചന്ദ്രനും ലതക്കും മകളും ആയി സുധ മാറി. അപ്പുവിന്റെ ഹൃദയസഖി ആയ ഭാര്യയും. അമ്പു MBBS കഴിഞ്ഞ് MD ക്ക് ജോയിൻ ചെയ്തിരുന്നു. ക്രിട്ടികൽ കെയർ ആണ് അവൾ തിരഞ്ഞെടുത്തത്. മരിയ ഇപ്പോഴും അവളുടെ കൂടെയുണ്ട്. പീഡിയാട്രിക്‌സ് ആണ് അവൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനിടയിൽ ഒതുപോകാൻ കഴിയില്ല എന്നുകണ്ട് ജെറിയും അവളും പിരിഞ്ഞിരുന്നു. നന്ദുവും ഹരിയും ഇപ്പോഴും പ്രണയം തുടരുന്നു. അഞ്ചുപേരും പല വഴിക്ക് പിരിഞ്ഞെങ്കിലും നന്ദുവും ജെറിയും അഭിയും അമ്പുവും മരിയയുമായി ഇപ്പോഴും നല്ല കണക്ഷൻ ഉണ്ട്.

രണ്ടു വർഷം കൂടി കഴിഞ്ഞുപോയി. അമ്പുവിന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തി. അപ്പുവിന്റെയും സുധയുടെയും മകൾ രക്ഷ. ഇപ്പോൾ എട്ടു മാസമായി. അമ്പുവിന്റെ കോഴ്‌സ് കഴിയാറായി. വിവാഹം ആലോചിച്ചു തുടങ്ങിയിട്ടുമുണ്ട്. മരിയയുടെ വിവാഹം ഇതിനോടകം കഴിഞ്ഞിരുന്നു. ചെക്കൻ യൂ എസിൽ ഡോക്ടർ ആണ്. അഭിയുടെയും ഉടനെ ഉണ്ടാകും. നന്ദുവിന്റേയും ഹരിയുടെയും ശ്രീയുടേത് കഴിയാൻ കാത്തു നിൽക്കുകയാണ്. പറ്റിയാൽ ഒരുമിച്ചു നടത്തണം എന്നും പറയുന്നുണ്ട്. ജെറി ഉപരിപഠനത്തിനു വിദേശത്തേക്ക് പോയി. ഈ വർഷം മടങ്ങിവരും. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“അമ്പു.. കഴിഞ്ഞില്ലേ ഒരുക്കം?” “ദേ കഴിഞ്ഞു അമ്മേ.” സുധയാണ് മറുപടി പറഞ്ഞത്. “നിനക്ക് ടെൻഷൻ ഉണ്ടോ അമ്പു? ആദ്യത്തെ പെണ്ണുകാണൽ അല്ലെ..” “ദേ ചേച്ചി ഞാൻ ഒരുവിധം പിടിച്ചു നിൽക്കുകയാണ്. ചോദിച്ചു ടെൻഷൻ ആക്കി വയ്ക്കല്ലേ..” “ഒരു സാരി ഉടുക്കാമായിരുന്നു നിനക്ക്..” ലത അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഒന്ന് പോ അമ്മേ. ഇങ്ങനെ കണ്ട് ഇഷ്ടപ്പെടുന്നവർ മതി എനിക്ക്. അല്ലെ ചേച്ചി?” “അതേയതെ. സുധേ നീയാണ് ഈ പെണ്ണിനെ ചീത്തയാകുന്നത്” “അമ്മ അവിടേക്ക് ചെല്ലു. ദേ അവരെത്തി” ലത പോയതും അമ്പുവും സുധയും പുറകെ ഇറങ്ങി. ചെക്കന് ചായ കൊടുക്കുമ്പോൾ സത്യത്തിൽ അമ്പുവിന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.

എത്ര ധൈര്യം സംഭരിച്ചാലും ജഡ്ജിങ് പാനൽ ആണ് മുന്നിൽ ഇരിക്കുന്നത്. ആളുടെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും അവരുടെ അച്ഛനെയും അമ്മയെയും അനിയനേയും കണ്ടപ്പോൾ നല്ല പരിചയം പോലെ. സംശയം തോന്നി മുഖമുയർത്തി ചെക്കനെ ഒന്നു നോക്കി. “ശ്രീയേട്ടൻ…!” താനൊഴികെ മറ്റെല്ലാവർക്കും ശ്രീയേട്ടൻ ആണ് പയ്യൻ എന്ന് അറിയാമായിരുന്നു എന്ന് മുഖഭാവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അമ്പു പതിയെ മുറിയിലേക്ക് വലിഞ്ഞു. എന്നാലും നന്ദു പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ. ഇനി അവളും അറിയാതെ ആണോ? “ഞാൻ അകത്തേക്ക് വന്നോട്ടെ?” ശ്രീ അടുത്തുവരുംതോറും ഇതുവരെ ഇല്ലാത്ത ഒരുതരം വിഭ്രാന്തി തന്നെ പൊതിയുന്നത് അമ്പു അറിഞ്ഞു.

“സർപ്രൈസ് ആയി പോയല്ലേ..?” “എംമ്മം..” “എന്തായിത്.? മഹാദേവ മെഡിക്കൽ കോളേജിലെ പെണ്പുലിക്ക് നാണമോ..?” അമ്പു അവനെ കൂർപ്പിച്ചു നോക്കി. “ഞാൻ പെട്ടന്ന് പ്രതീക്ഷിച്ചില്ല. അതാണ്” “പക്ഷെ ഞാൻ പ്രതീക്ഷിച്ചിരുന്നു. സിവിൽ സർവീസ് മോഹവുമായി കോളേജിൽ നിന്ന് പടിയിറങ്ങി പോകുന്നതിന് മുൻപ് തന്റെ ഏട്ടനെ കണ്ട് എല്ലാം സംസാരിക്കുകയും ചെയ്തിരുന്നു” “അപ്പോ.. ശ്രീയേട്ടനു നേരത്തെ എന്നെ ഇഷ്ടമായിരുന്നോ?” “അതേ….” “എന്നിട്ട്.. എന്നിട്ടെന്താ വന്ന് പറയാതിരുന്നത്?” “അമ്പു.. ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. നീ എട്ടാം ക്ലാസിൽ പടിക്കുമ്പോ തിരുവനന്തപുരത്ത് ബോക്സിങ് കോമ്പറ്റിഷന് പോയില്ലേ.

അന്ന് ശല്യം ചെയ്ത രണ്ടു പയ്യന്മാരെ ഇടിച്ചത് ഓർക്കുന്നുണ്ടോ?” “അത്.. അത് ശ്രീയേട്ടൻ ആയിരുന്നോ?” അമ്പു ഞെട്ടിപ്പോയി. “ഹേയ്. അല്ല പക്ഷെ ഞാനും അവിടെ ഉണ്ടായിരുന്നു. അന്ന് കണ്ടതാ ഞാൻ നിന്നെ. ഞാൻ അന്ന് പ്ലസ് റ്റു ആയിരുന്നു. ആ പ്രായത്തിലുള്ള ഒരു പെണ്കുട്ടി രണ്ടു ആണ്കുട്ടികൾ ഇടിച്ചു ഒരുക്കുക എന്നത് ഒരു പുതുമായണല്ലോ. ഇടിക്കാരി നാട്ടുകാരി ആണെന്ന് അറിഞ്ഞപ്പോൾ കൗതുകം തോന്നി. പിന്നെ പലയിടത്തും വച്ചു യാദൃശ്ചികമായി നിന്നെ ഞാൻ കണ്ടു. എപ്പോഴോ എന്റെയുള്ളിൽ നീ മാത്രമായി. നിന്നെ പോലൊരു കുട്ടിയെ പുറകെ നടന്നു പ്രണയിക്കാൻ ഉള്ള അതിമോഹം ഒന്നും എനിക്കില്ലായിരുന്നു. അതും അല്ല നീ കുഞ്ഞല്ലേ. ഒന്നു വളർന്നു വലുതകട്ടെ എന്ന് കരുതി.

ഇത് ഇത്രയേ വളരൂ എന്ന് പിന്നീട് ബോധ്യമായി.” അമ്പു ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി. ശരിയാണ്. ശ്രീയുടെ ചെവിക്കൊപ്പം പോലുമില്ല പൊക്കം. “അച്ഛനും അമ്മയും അപ്പുവേട്ടനും ഒക്കെ നല്ല പോക്കമുണ്ട. ഞാൻ മാത്രമാണ് ഇങ്ങനെ..” “അതിനെന്താ.. എനിക്ക് ഇതാ ഇഷ്ടം.” ശ്രീയുടെ പുഞ്ചിരി അമ്പുവിന്റെ ചുണ്ടുകളും കടമെടുത്തു. അവൻ തുടർന്നു: “കോളേജിൽ നീ ജൂനിയറായി വന്നപ്പോൾ സത്യം പറഞ്ഞാൽ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. നിന്നെ കുറിച്ച് അറിയാൻ ആണ് ഞാൻ നന്ദുവിനെ മാറ്റി നിർത്തി സംസാരിച്ചത്. പക്ഷെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് മുൻപ് നിന്റെ ജീവിതത്തിലേക്ക് അക്കിയും അരുണും എല്ലാം കടന്നുവന്നു.

അക്കിയുടേത് വാശി ആണെന്ന് അറിയാമായിരുന്നു. പക്ഷെ അരുൺ.. അവൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു എന്നാണ് ഞാൻ കരുതിയത്. നിനക്കും അവനെ ഇഷ്ടമാണല്ലോ. ഞാൻ എന്റെ പ്രണയം ഉള്ളിൽ തന്നെ അടക്കാൻ തീരുമാനിച്ചു. അന്ന് ഓണം സെലേബ്രെറേഷന്റെ ഇടക്ക് പ്രശ്നം ഉണ്ടായില്ലേ. അന്ന് ഞാൻ സ്ഥലത്തു ഉണ്ടായിരുന്നില്ല. ആ വീഡിയോ കണ്ടപ്പോൾ ആണ് കാര്യങ്ങൾ അറിഞ്ഞത്. സത്യത്തിൽ അക്കിയെ കൊല്ലാനുള്ള ദേഷ്യം തോന്നി. അരുൺ അത് കണ്ടിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അവനോടും ദേഷ്യം തോന്നി. അതിന്റെ പിറ്റേന്ന് ഞാൻ അക്കിക്ക് കണക്കിന് കൊടുത്തു. എന്റെ ദേഷ്യം തീരും വരെ. പക്ഷെ അതിനടുത്ത ദിവസം നിന്റെ കഴുത്തിൽ താലി കെട്ടി അവൻ പ്രതികാരം ചെയ്തു എന്നറിഞ്ഞ ഞാൻ വീണ്ടും തോറ്റു.

ആ സഹചര്യത്തെയും, ആ ചെറിയ പ്രായത്തിൽ നീ ഭംഗിയായി മറികടന്നു. പിന്നെ അരുണിന്റെ പ്രശ്നവും. അന്ന് നീ അവന് കൃഷ്ണന്റെ ലോക്കറ്റ് തിരികെ കൊടുക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ. കോൺവക്കേഷൻ പ്രോഗ്രാമിന് അച്ഛനും അമ്മയും വന്നത് നന്ദുവിനെ കാണാൻ മാത്രമല്ല, നിന്നെ കൂടി കാണാൻ ആണ്. അവർക്കും ഇഷ്ടപ്പെട്ടു നിന്നെ. അന്ന് നമ്മൾ ഒരുമിച്ചെടുത്ത സെൽഫി ആണ് പിന്നീടുള്ള എന്റെ ജീവിതത്തിന് പ്രചോദനം നൽകിയത്. ഇപ്പോഴും അതെന്റെ കയ്യിലുണ്ട്. അതിന്റെ പിറ്റേന്ന് നിന്റെ ഏട്ടനോട് സംസാരിക്കുക കൂടി ചെയ്തിട്ടാണ് ഞാൻ പോയത്. നീ അറിയാതെ നിന്നെ ഞാൻ പലപ്പോഴും വന്നു കണ്ടിരുന്നു. അപ്പുവിലൂടെ നിന്റെ വിശേഷങ്ങൾ എല്ലാം അറിഞ്ഞിരുന്നു.

പത്തു വർഷത്തെ എന്റെ പ്രണയമാണ് അമ്പു നീ…” ശ്രീ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അമ്പു കരഞ്ഞു പോയിരുന്നു. ഇത്രയും നാൾ കണ്മുന്നിൽ ഉണ്ടായിട്ടും താൻ അവന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലല്ലോ… “അമ്പു…” അവൾ മുഖമുയർത്തി ശ്രീയെ നോക്കി. “നീ വിഷമിക്കരുത്. ഞാൻ ഒരിക്കൽ പോലും എന്റെ പ്രണയം നിന്നെ അറിയിക്കാൻ പോലും ശ്രമിച്ചിട്ടില്ല. നിനക്ക് മറ്റൊരാളെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ മറക്കാൻ ശ്രമിച്ചു. പിന്നെ നീ അത് വേണ്ടെന്ന് വച്ചിട്ടും മുന്നിൽ വന്ന് പറയാൻ തോന്നിയില്ല. വേദനക്ക് മേൽ വേദന തരുന്നത് പോലെയാകും ആ സമയത്തു ഒരു പ്രാപ്പോസൽ എന്ന് തോന്നി. എനിക്കുള്ളതാണെങ്കിൽ എന്നിലേക്ക് വന്നു ചേരും എന്ന് ഇപ്പോൾ മനസിലായി.. ഞാൻ.. ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ അമ്പു…?”

കണ്ണീരിനിടയിലും അമ്പുവിന്റെ മുഖത്തെ നാണം കലർന്ന പുഞ്ചിരി ആയിരുന്നു ശ്രീക്കുള്ള മറുപടി. അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും അമ്പു വിളിച്ചു: “ജിത്തേട്ടാ” “എന്തേ. നീ എന്താ വിളിച്ചത്.?” “അത് പിന്നെ….. അത്… എല്ലാവരും ശ്രീ എന്നല്ലേ വിളിക്കുന്നത്. ഞാൻ ഒരു വെറെയ്റ്റി ആയിക്കോട്ടെ എന്നു കരുതി.” “മ്മം.. ആ വിളി എനിക്കും ഇഷ്ടമായി. എന്താ എന്നോട് എന്തെങ്കിലും ഇനിയും പറയാനുണ്ടോ? അതോ താത്പര്യക്കുറവ് എന്തെങ്കിലും ഉണ്ടോ?” ശ്രീയുടെ മുഖത്തു ടെൻഷൻ വെളിവായി. “നന്ദുവിനെയും ഹരിയുടെയും കൂടി നമ്മുടേതിനൊപ്പം നടത്താട്ടോ.. അവര് കാലം കുറെയായി ഏട്ടൻ ഒന്ന് കെട്ടി കാണാൻ കാത്തിരിക്കുകയാണ്” അമ്പു പറഞ്ഞു. രണ്ടാളും ചിരിച്ചു.

സ്നേഹത്തിന്റെ, പ്രണയത്തിന്റെ പുഞ്ചിരി. ജീവിതം പലപ്പോഴും അങ്ങനെ ആണ്. അവസാനം വരെ കൂടെയുണ്ടാകും എന്ന് നമ്മൾ പ്രതീക്ഷിക്കുന്നവർ ആയിരിക്കില്ല യഥാർത്ഥത്തിൽ നമ്മുടെ താങ്ങാകുക. നമ്മളെ ചേർത്ത് നിർത്തുക. പ്രണയം സത്യമാണ് എങ്കിൽ ഒരുമിക്കാൻ കഴിയും എന്നൊക്കെ വെറുതെ പറയുന്നതാണ്. വിധി ഉണ്ടെങ്കിൽ ഒരുമിക്കും. അതാണ് സത്യം. വിവാഹം മാത്രമാണ് പ്രണയത്തിന്റെ സാഫല്യം എന്ന് കരുതുന്നതും ശരിയല്ല. മറ്റെയാളുടെ മനസിൽ നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ, നമ്മുടെ വേദന അവരുടേത് കൂടി ആണെങ്കിൽ, പ്രണയം സത്യമാണ്. ചിലർ പ്രണയത്തിന് വേണ്ടി കുടുംബം ഉപേക്ഷിക്കുമ്പോൾ മറ്റു ചിലർ കുടുംബത്തിന് വേണ്ടി പ്രണയം ഉപേക്ഷിക്കുന്നു.

അങ്ങനെ നോക്കുമ്പോൾ ത്യാഗവും പ്രണയമാണ്. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രണ്ടു മാസത്തിനകം ഒരേ പന്തലിൽ വച്ചു അമ്പു ശ്രീയുടേതായി. നന്ദു ഹരിയുടേതും. അവരുടെ രണ്ടു ബാച്ചിന്റെയും ഒരു റീയൂണിയൻ കൂടെ ആയിരുന്നു ആ വിവാഹം. കല്യാണവും ഫസ്റ്റ് നൈറ്റും ഒക്കെ ഗംഭീരമായി നടന്നു. പിറ്റേന്ന് രാവിലെ ശ്രീ കണ്ണു തുറക്കുമ്പോൾ കാണുന്നത് അമ്പു കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞു കളിക്കുന്നതാണ്. “എന്താണ് ശ്രീമതി കണ്ണാടിയിൽ ഒരു നോട്ടമൊക്കെ..?” “അല്ല ജിത്തേട്ടാ… കഥകളിൽ ഒക്കെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു ചുണ്ട് പൊട്ടുകയും കഴുത്തിലും ശരീരത്തിലും പാട് വീഴുകയും ഒക്കെ ചെയ്യുന്നില്ലേ. എനിക്ക് അതൊന്നും ഇല്ലല്ലോ എന്ന് നോക്കിയതാ” ശ്രീ പൊട്ടി ചിരിച്ചുപോയി.

“നീ ഇങ്ങു വന്നേ.. വാ…” അമ്പു അവനരികിൽ ചെന്നിരുന്നു. ശ്രീ അവളെ തന്നിലേക്ക് അടുപ്പിച്ചു. “മോളെ.. അമ്പു.. കഥകൾ പോലെയല്ല ജീവിതം. പൊട്ടിയ ചുണ്ടും കൊണ്ടു നീ മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല.. പിന്നെ എനിക്ക് നിന്നെ ഒരല്പം പോലും വേദനിപ്പിക്കാതെ സ്നേഹിക്കാൻ ആണ് ആഗ്രഹം. ഞാൻ ഇത്തിരി ടെറർ കുറഞ്ഞ ടൈപ്പ് ആണെടി” ശ്രീ അവളുടെ നിറുകയിൽ ചുംബിച്ചു. അവരുടെ നല്ല നാളുകൾക്കായി പുതിയൊരു പുലരി വിരിഞ്ഞു കഴിഞ്ഞിരുന്നു.

അവസാനിച്ചു. അമ്പുവിനെ അരുണിന് കൊടുക്കാനും അക്കിക്ക് കൊടുക്കാനും ഒരുപാട് പേര് പറഞ്ഞിരുന്നു. ആദ്യം മുതൽ എന്റെ മനസിൽ ഉള്ള രീതിയിൽ ആണ് ഈ കഥ എഴുതിയത്. ജീവിതത്തിൽ എപ്പോഴും നമ്മൾ വിചാരിക്കുന്നവർ അല്ലല്ലോ നായകനായി വരിക. നിങ്ങളെ നിരാശപ്പെടുത്തി എന്ന് തോന്നുന്നവർ ക്ഷമിക്കുക. പുതിയൊരു കഥയുമായി വീണ്ടും കാണാം… എന്റെ പുതിയ കഥ (പേര്: വീണ്ടും) ഇന്ന് രാത്രി എട്ട് മണിക്ക് ഈ പേജിൽ പോസ്റ്റ് ചെയ്യും…

സഹനായകന്റെ പ്രണയം💘 : ഭാഗം 15

Share this story