മഞ്ജീരധ്വനിപോലെ… : ഭാഗം 43

മഞ്ജീരധ്വനിപോലെ… : ഭാഗം 43

എഴുത്തുകാരി: ജീന ജാനകി

എല്ലാവരും അവരെ നോക്കി നിന്നു… ലക്ഷ്മി അമ്മ രുക്കമ്മയെ പോയി കെട്ടിപ്പിടിച്ചു… ഹരി അവരെ സ്വാഗതം ചെയ്തു…. ലക്ഷ്മി – ചേച്ചീടെ ഒരു വിവരവും ഇല്ലായിരുന്നല്ലോ…. വിളിച്ചാലും കിട്ടാറില്ല… രുക്കമ്മ – ഞാൻ മോന്റെ വീട്ടിൽ ആയിരുന്നു…. ലണ്ടനിൽ… ഒന്ന് വിസിറ്റ് പോയതല്ലേ…. ഞാൻ തറവാട്ടിൽ പോയതാ…. അപ്പോ നിന്റെ ഏട്ടൻ ആ മാടനും അവന്റെ പെമ്പറന്നോത്തി മറുതയും…. ഇപ്പോ പാപ്പരായപ്പോൾ അഹങ്കാരം തീർന്നെങ്കിലും എനിക്ക് രണ്ടിനേം കൺമുമ്പിൽ കണ്ടാൽ ചൊറിഞ്ഞു വരും…. എന്റെ കൊച്ചിനെ ഒരുപാട് നോവിച്ചതല്ലേ… എന്നിട്ട് എന്നാ കിട്ടി അവന്….

കിടക്കേന്ന് എഴുന്നേൽക്കാൻ പറ്റാതെ കിടന്നു ഇഴയുവാ… ഹരി – ഞങ്ങൾ ഒന്ന് പോകണം എന്ന് വിചാരിച്ചിരിക്കുവാ…. രുക്കമ്മ – നിനക്കെന്നാത്തിനാ അത്ര ദെണ്ണം…. അവളുടെ ഭാഗ്യത്തിന് ഞാൻ അന്നവിടെ ഇല്ലായിരുന്നു…. നാട്ടിൽ വന്ന സമയത്ത് അവൾടെം അവൾടെ ആ ക്ണാപ്പൻ കെട്ടിയോന്റെയും ചെവിക്കല്ല് അടിച്ചു പൊട്ടിച്ചിട്ടാ ഞാനാ പടി ഇറങ്ങിയത്…. മഞ്ജി മോളേ…. നീ ആകെ ഉണങ്ങിപ്പോയല്ലോടീ മോളേ…. നിനക്കൊന്നും തരുന്നില്ലേടീ കൊച്ചേ… നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോണു… മഞ്ജി – നന്നായി പോണുണ്ട് രുക്കമ്മേ… രുക്കമ്മ – ടീ കുതിരേ.. ഋതു അവരെ ഒന്ന് തറപ്പിച്ചു നോക്കി… രുക്കമ്മ – നിന്നെ തന്നെടീ…

അയ്യോ നോക്കിയാൽ ഞാനങ്ങ് കരിഞ്ഞ് പോവും…. പോയി കുടിക്കാൻ വെള്ളം എടുത്തോണ്ട് വാടീ…. ഋതു – ഞാനോ…. രുക്കമ്മ – നീയല്ലാതെ നിന്റെ തള്ളയിവിടെ ഉണ്ടോ…. നീ തന്നെ എടുത്താൽ മതി…. ലക്ഷ്മി – ചേച്ചി ഞാനെടുക്കാം…. രുക്കമ്മ – നിന്നോടാണോ ഞാൻ പറഞ്ഞത്….. അവളോട് പറഞ്ഞാൽ അവളെടുക്കണം…. ഇല്ലേൽ ഞാൻ എടുപ്പിക്കും.,. പോയി കൊണ്ട് വാടീ…. പിന്നെ ജ്യൂസിൽ വല്ലതോ കലർത്താമെന്നരു ചിന്തയുണ്ടെങ്കിൽ നീ അതങ്ങ് മാറ്റി വച്ചേക്ക്… നിന്നെ കൊണ്ട് തന്നെ ഞാൻ ടെസ്റ്റ് ചെയ്യിപ്പിക്കും…. മ്… ചെല്ല്…. ഋതു ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി…..

രുക്കമ്മ ഭാമയുടെ അടുത്തേക്ക് വന്നു… അവളെ ആകെയൊന്ന് നോക്കി…. ചെറുതായി വീർത്ത വയറിൽ തലോടി…. രുക്കമ്മ – ഭാമ…. എത്രയാ മാസം… ഭാമ – നാല്… രുക്കമ്മ – അപ്പോ നീയാണ് എന്റെ ചെക്കന്റെ പ്രാണൻ… സുന്ദരി ആണ് കേട്ടോ… നല്ല ഐശ്വര്യമുള്ള മോള്… എനിക്ക് ഇഷ്ടായി…. ഇതൊക്കെ നിന്റെ ഫ്രണ്ട്സ് ആണോ…. ഭാമ – അതേ അമ്മായി…. ഇത് അച്ചു, അമ്പു, അജു…. പിന്നെ ഇതെന്റെ എട്ടൻ…. ഭാഗീരഥ് ശ്രീനാഥ്… കുട്ടൻ എന്ന് വിളിക്കും…. രുക്കമ്മ – ടാ മോനേ നീ ഇങ്ങ് വന്നേ… അമ്പുവിനെ കൈയാട്ടി വിളിച്ചു…. അമ്പു – എന്താ അമ്മായീ…. രുക്കമ്മ – ഇത് തലയാണോ കാടാണോ… അമ്പു – അയ്യോ അമ്മായീ… ഇതെന്റെ ഫാഷനാ…. രുക്കമ്മ – ആണോ…

എന്നാലേ ഇങ്ങനെ പറത്തി ഇടാതെ എണ്ണ തേച്ച് ഒതുക്കി വച്ചൂടെ… ഞാനിവിടെ ഉണ്ടല്ലോ… ശരിയാക്കാം… എനിക്ക് നിന്നെ അങ്ങ് ഇഷ്ടായി കേട്ടോ… അതിരിക്കട്ടെ ഇവിടുത്തെ പൂച്ച എന്താ എന്റെ അടുത്തേക്ക് വരാതെ നിൽക്കുന്നേ…. അമ്പു – ങേ…. ഞാനിത് വരെ കണ്ടില്ലല്ലോ….. മാധവ് – ദച്ചൂനെ ആണെടാ പൊട്ടാ… ദച്ചു അവരുടെ അരികിലേക്ക് വന്നു… അവരവളെ ഇറുകെ പുണർന്നു… അവളുടെ കണ്ണുകളിൽ ചെറിയ നീർത്തിളക്കം ഉണ്ടായിരുന്നു…. കുട്ടൻ അവളെ ഇമയനക്കാതെ നോക്കി നിന്നു…. ഇടയ്ക്കെപ്പോഴോ അവന്റെ നോട്ടത്തിലിടഞ്ഞ കണ്ണുകളെ അവൾ ബദ്ധപ്പെട്ട് പിൻവലിച്ചു…. ലക്ഷ്മി – ചേച്ചി വാ…. ഞാൻ റൂമിൽ കൊണ്ടാക്കാം…. ഫ്രഷായി വന്നിട്ട് ഒരുമിച്ച് കഴിക്കാം…

രുക്കമ്മ – ശരി…. മഞ്ജീ നീ ആ കുതിരേടെ കയ്യിൽ നിന്നും ജ്യൂസ് മേടിച്ച് റൂമിലേക്ക് കൊണ്ട് വരണം… അവളുടെ മോന്ത കാണുമ്പോളേ എനിക്ക് ആട്ടാൻ തോന്നും…. ലക്ഷ്മി രുക്കമ്മയെയും കൊണ്ട് മുകളിലേക്ക് പോയി…. “ചേച്ചി അവളൊരു പാവല്ലേ…. എന്തിനാ ഇങ്ങനൊക്കെ പറയുന്നത്…” “അവളെ മറ്റാരെക്കാളും കൂടുതൽ എനിക്കറിയാം… അവളിവിടെ കാണിക്കുന്നത് എല്ലാം അഭിനയങ്ങളാണ്… അതവളുടെ കണ്ണ് വിളിച്ചു പറയും….” പിന്നീട് ലക്ഷ്മി ഒന്നും പറഞ്ഞില്ല…. അവർ രുക്കമ്മയെ മുറിയിലേക്ക് കൊണ്ടുപോയി… ************

അമ്പു – നല്ല ഒന്നാന്തരം തുറുപ്പ് ചീട്ടാണ് വന്നിരിക്കുന്നത്…. നമ്മുടെ ജോലി എളുപ്പമായി…. അച്ചു – അവരങ്ങനെ സംസാരിച്ചെങ്കിലും നമ്മുടെ കൂടെ ചേരുമോ എന്ന് നമുക്കറിയില്ലല്ലോ…. അജു – അമ്പു…. അവർക്ക് നിന്നെ ബോധിച്ചിട്ടുണ്ട്…. നൈസായി ഒന്ന് ചാക്കിട്ട് നോക്ക്…. നടന്നാലോ…. അമ്പു – നോക്കാം ല്ലേ…. ************ ഭാമ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു…. അപ്പോഴാണ് മാധവ് അവിടേക്ക് വന്നത്… അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു…. “എന്താ കണ്ണേട്ടാ…. എന്തുപറ്റി….” “ഏയ്…. ഒന്നൂല്ല….” അവൻ ബെഡിലേക്ക് ഇരുന്നു…

ഭാമ പതിയെ നടന്ന് അവന്റെ മടിയിലിരുന്ന ശേഷം കഴുത്തിലൂടെ കൈയിട്ടു… “അതേ…. നിങ്ങടെ മോന്ത ഞാൻ കാണാൻ തുടങ്ങിയിട്ട് എത്രയോ നാളായി… നിങ്ങടെ ശ്വാസത്തിന്റെ, നെഞ്ചിടിപ്പിന്റെ താളം പോലും മാറിയാൽ ഞാനറിയും… എന്താ കണ്ണേട്ടാ… കാര്യം പറ….” “കുട്ടൻ ഇന്നെന്നോടൊരു കാര്യം പറഞ്ഞു….” “എന്ത്…” “ഋതുവിന്റെ കാര്യാ…. അവൾ ഡ്രഗ് യൂസ് ചെയ്യുന്നോ എന്നൊരു സംശയം അവന്… ചിന്തിച്ചപ്പോൾ ഒരു പൊരുത്തക്കേട് എനിക്കും തോന്നി…. അമ്മായി ഇവിടെ അവളെ വിട്ടിട്ട് പോയത് നമ്മളോടുള്ള വിശ്വാസം കൊണ്ടല്ലേ… എന്താ ഏതാ എന്നൊന്നും എനിക്കറിയില്ല…”

“ഞാനൊരു കാര്യം പറഞ്ഞാൽ കണ്ണേട്ടൻ ദേഷ്യപ്പെടോ….” “എന്താ….” “എനിക്ക് തോന്നിയതാണ്…. ഒരു പെണ്ണിന് മറ്റൊരു പെണ്ണിന്റെ മനസ്സും നോട്ടവും എങ്ങനെയുള്ളതാണ് എന്ന് പെട്ടെന്ന് മനസ്സിലാകും….” “നീ വളഞ്ഞ് മൂക്കിൽ പിടിക്കാതെ… കാര്യം തെളിച്ച് പറ….” “അത്…. ഋതുവിന് കണ്ണേട്ടനോടുള്ള ചില സമയത്തെ നോട്ടത്തിലും പെരുമാറ്റത്തിലും അരുതാത്ത എന്തോ ഒരു മാറ്റം പോലെ….” “വാട്ട് റബ്ബിഷ് ചക്കി…. അവളെ ഞാനെന്റെ പെങ്ങളായാ കാണുന്നത്…” “നിങ്ങളങ്ങനെ കാണുന്നു എന്നതുകൊണ്ട് അവളങ്ങനെ കാണണം എന്നുണ്ടോ…” “എന്നാലും അവളെങ്ങനെ…” “നിങ്ങളെന്നെ വിശ്വസിക്കേണ്ട….

സ്വയം കണ്ണ് തുറന്നു കാണൂ…. പിന്നെ വകയിലെ പോലും പെങ്ങളല്ല അവൾ…. മുറപ്പെണ്ണാ…..” “എടീ അവൾക്ക് ആദ്യം എന്നോട് ഇഷ്ടം ഉണ്ടായിരുന്നു… എന്നോട് പല രീതിയിലും അത് പ്രകടിപ്പിക്കാനും നോക്കി…” “ങേ…. എന്നിട്ട് നിങ്ങളെന്നോട് പറഞ്ഞോ മനുഷ്യാ…. ങീ…ങീ…ങീ…” “എടീ മരപ്പട്ടീ…. കിടന്നു മോങ്ങാതെ… അവളെന്റെ പിന്നാലെ ഇഷ്ടമാണെന്നും പറഞ്ഞ് നടന്നെന്നാ ഞാൻ ഉദ്ദേശിച്ചത്…” “എന്നിട്ട്….” “എന്നിട്ടെന്താ… ഞാനവളെ ഉപദേശിച്ചു മാറ്റി….” “കുറച്ചു ഭസ്മം കൂടി കൊടുത്ത് അനുഗ്രഹിക്കാത്തെന്താ…. അവള് ആങ്ങളേന്ന് വിളിച്ചതും വിശ്വസിച്ചു വന്നിരിക്കുന്നു…

അതേ ഞാനൊരു കാര്യം പറഞ്ഞേക്കാം… നിങ്ങളേ എന്റേതാ… എന്റേത് മാത്രം… അത്രയും അവകാശം മറ്റാർക്കും ഇല്ല… അനിയത്തി കുനിയത്തി സെന്റിമന്റ്സും കെട്ടിപ്പിടിച്ച് ഇരുന്നോ…” “ഒട്ടും കുശുമ്പില്ലല്ലോ പൊണ്ടാട്ടിയ്ക്…” “പിന്നെ വേറൊരുത്തി നിങ്ങളെ നോക്കി വെള്ളമിറക്കുമ്പോ ഞാനവൾക്ക് വെഞ്ചാമരം വീശാം….” “നീ ഈ കാര്യം പറഞ്ഞു തുടങ്ങിയത് നിന്നെ വഴക്ക് പറയരുതെന്ന് പറഞ്ഞിട്ടല്ലേ…..” “ആഹ്…അതെ… ന്തേ…” “എന്നിട്ട് നീയാണല്ലോ എന്റെ നെഞ്ചത്ത് കേറി പൊങ്കാല ഇടുന്നത്….” “ഈ…. അതേ… എനിക്ക് പേടിയായിട്ടാ കണ്ണേട്ടാ…. ആരേം നമുക്ക് വിശ്വസിക്കാൻ പറ്റില്ല….

ഒരു തെറ്റിന് നമ്മുടെ ജീവനോ ജീവതമോ പകരം കൊടുക്കേണ്ടി വരും…” “ഞാൻ ശ്രദ്ധിക്കാം… രാവിലെ മുതൽ ഓരോന്ന് കേട്ടെന്റെ തല പെരുത്ത് ഇരിക്കുവാ…. ഒരിക്കലും കേൾക്കാൻ പാടില്ലാത്തതാണ്….” ഭാമ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…. അവനവളെ തലോടി… മാധവിന്റെ മനസ്സ് പട്ടം പോലെ പാറി നടക്കുകയായിരുന്നു… ഭാമയ്ക് അത് മനസിലായി…. അവളവന്റെ ശ്രദ്ധ മാറ്റാനായി തല ഉയർത്തിയിട്ട് പറഞ്ഞു…. “അതേ…. മസാലദോശ നന്നായിരുന്നു… പക്ഷേ എനിക്ക് ഇപ്പോ ഒരു മോഹം…” “എന്താ….” “ചൂട് ദോശയും തേങ്ങാചട്ണിയും കഴിക്കാൻ തോന്നുന്നു…” “ആണോ…. എങ്കിൽ ഞാൻ മേടിച്ചിട്ട് വരാം….” “ഏയ്…. അങ്ങനല്ല…. ഇവിടെ കണ്ണേട്ടൻ ഉണ്ടാക്കിത്തരണം….

ഞാൻ സ്ലാബിൽ ഇരിക്കാം… അപ്പോ ഓരോന്നായി ചുട്ട് പ്ലേറ്റിലേക്ക് ഇട്ട് തന്നാ മതി….” “ഓകെ…. വാ…..” “അതെ…. ഒന്നിങ്ങോട്ട് നോക്കിയേ…” “എന്താടീ….” ഭാമ അവന്റെ മീശ ഒന്ന് പിരിച്ചു വച്ചു…. എന്നിട്ട് ചെവിയിൽ പറഞ്ഞു…. “എന്റെ മാത്രം രാവണൻ….” “ആണോ…..” “അതെല്ലോ….” മാധവ് അവളുടെ സാരി മാറ്റിയ ശേഷം ചെറുതായി ഉന്തിയ വയറിൽ ഉമ്മ വച്ചു… “ടീ മോളേ…. അപ്പ ദോശ ഉണ്ടാക്കി തരാട്ടോ….” “വോ… ഒരപ്പയും മോളും….” “ഒരു മിനിറ്റ്” മാധവ് ഡ്രസ് മാറി കറുത്ത ഒരു ടീ ഷർട്ടും കാവി മുണ്ടും ഉടുത്തു…

എന്നിട്ട് മുണ്ട് മടക്കിക്കുത്തിയ ശേഷം ഒരു തോർത്തെടുത്ത് തോളിലിട്ടു… “ഇങ്ങോട്ട് വാടീ കുശുമ്പിപ്പാറു….” “താഴെ നിർത്ത് കണ്ണേട്ടാ… ആരേലും കാണും….” “ഞാൻ എന്റെ ഭാര്യയെയാടീ എടുത്തിരിക്കുന്നത്….” മാധവ് ഭാമയെയും എടുത്തുകൊണ്ട് സ്റ്റെപ്പ് ഇറങ്ങി…. താഴെ ഹാളിൽ രുക്കമ്മയും ദച്ചുവും ഋതുവും ഇരിപ്പുണ്ടായിരുന്നു… ദച്ചു കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു… രുക്കമ്മ പുഞ്ചിരിച്ച ശേഷം ഋതുവിനെ നോക്കി… അവൾ ദേഷ്യം കടിച്ചമർത്തി നിൽക്കുന്നത് കണ്ടതും അവർക്ക് ചിരി വന്നു…. അവർ ദച്ചുവിനോട് ചോദിച്ചു… “ദച്ചൂട്ടിയേ….

ഇവിടെ പറമ്പിൽ കപ്ലങ്ങ ഉണ്ടോടീ…. നല്ല പച്ച കപ്ലങ്ങ….” “ഉണ്ട് രുക്കമ്മാ… എന്തിനാ…” “എങ്കിൽ നാളെ രണ്ടെണ്ണം പറിച്ച് തോരൻ വച്ചേക്ക്…. കൃമികടിയ്കും കുത്തിക്കഴപ്പിനും ബെസ്റ്റാ… ചില കുതിരകൾക്ക് തിന്നിട്ട് എല്ലിന്റിടയിൽ കേറുമ്പോൾ അത് പുഴുങ്ങിക്കൊടുക്കും…” ഋതു ചവിട്ടി മെതിച്ച് റൂമിലേക്ക് പോയി… “കുതിരയ്ക് കാര്യം മനസ്സിലായല്ലോ… ഇവൾടെ ഈ സ്വഭാവത്തിന് കാന്താരി അരച്ച് തേയ്കണം… ഇവളെ ഞാൻ പുകച്ച് പുറത്ത് ചാടിയ്കും….” ************

കണ്ണേട്ടൻ എന്നെ സ്ലാബിലേക്ക് ഇരുത്തിയ ശേഷം ഫ്രിഡ്ജിൽ വച്ചിരുന്ന ദോശമാവ് എടുത്ത് തണുപ്പ് വിടാൻ വച്ചു…. എന്നിട്ട് തോളിലിട്ട തോർത്ത് തലയിൽ ചുറ്റിക്കെട്ടി… എന്നിട്ട് ഒരു തേങ്ങ പൊട്ടിച്ച് അത് തിരുമ്മിയെടുത്തു… എന്നിട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ടു…. അതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുത്തു…. എന്നിട്ട് ഗ്യാസ് അടുപ്പ് രണ്ടെണ്ണം കത്തിച്ചു… ഒന്നിൽ ദോശക്കല്ലും മറ്റേതിൽ ചീനച്ചട്ടിയും വച്ചു… ദോശക്കല്ലിൽ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിച്ച് പരത്തി… ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായപ്പോൾ കടുകും കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് നന്നായി വഴറ്റി…

ശേഷം അരച്ച് വച്ചത് അതിലേക്കിട്ട് ഇളക്കി… മൊരിഞ്ഞ ദോശ രണ്ട് പുറവും മറിച്ചിട്ടപ്പോഴേക്കും ഗാർലിക് ചടിണിയും റെഡിയായി… കണ്ണേട്ടൻ ദോശ പ്ലേറ്റിലേക്ക് ഇട്ട ശേഷം ഒരറ്റത്തായി ചട്ണി വച്ചു തന്നു… ദോശ ലേശം പിച്ചിയെടുത്ത് ചട്ണിയിൽ മുക്കിയിട്ട് ചൂടാറാനായി അതിലേക്ക് ഊതിയ ശേഷം കണ്ണേട്ടന്റെ വായിലേക്ക് വച്ചു കൊടുത്തു… “നിനക്കല്ലാർന്നോ ദോശ തിന്നാൻ മോഹം… എന്നിട്ട് എന്നെ ഊട്ടുവാണോ…” “അതൊരു സന്തോഷാ കണ്ണേട്ടാ… പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം… നിങ്ങടെ നാവിൻ തുമ്പിലെ ഉമിനീരിന്റെ ചൂടിനോളം സ്വാദ് മറ്റൊന്നിനും ഉണ്ടാകില്ല….” “ആണോ….

എങ്കിൽ എന്റെ മോള് വാ തുറക്ക്….” കണ്ണേട്ടൻ ദോശ പിച്ചി ചട്ണി മുക്കി ഊതിയാറ്റി എന്റെ വായിൽ വച്ച് തന്നു… “നീ പറഞ്ഞ കാര്യം എനിക്കും അങ്ങനെ ആണുട്ടോ….” എന്നെ നോക്കിയൊന്ന് സൈറ്റടിച്ച ശേഷം എനിക്ക് വാരിത്തന്ന വിരലുകളെ കണ്ണേട്ടൻ ഒന്ന് നുണഞ്ഞു…. എന്നിട്ട് വീണ്ടും ദോശ ചുടാൻ തുടങ്ങി… പ്രണയത്തിന് പലപ്പോഴും പുതിയ ഭാവങ്ങളാണ്…. എനിക്ക് ചുറ്റും ഒരു ലോകമേയുള്ളൂ…. ആ ലോകത്തിൽ കലരാൻ മാത്രമാണ് ജീവിക്കുന്നത് പോലും… എനിക്ക് പുറത്തും എന്റെ ഉള്ളിലും കണ്ണേട്ടൻ മാത്രമേ ഉള്ളൂ…. പണ്ട് കബീർദാസിന്റെ ദോഹയിൽ പറയുന്ന പോലെ… ഒരു കുളം…. അതിലൊരു മൺകുടം…. ആ കുടത്തിനകത്തുള്ള വെള്ളവും കുടത്തിന് പുറത്തുള്ള വെള്ളവും ഒന്നാണ്…

മൺകുടത്തിനകത്തെ വെള്ളം ജീവാത്മാവും പുറത്തേത് പരമാത്മാവും… രണ്ടും ഒന്ന് തന്നെയാണ്… ഏറക്കുറെ അതേ പോലെയാണ് ഞാനും എന്നെനിക്ക് തോന്നുന്നുണ്ട്… അത് പരമാർത്ഥവുമാണ്… ഞാൻ വീണ്ടും ആഹാരം കഴിക്കുന്ന തിരക്കിലേക്ക് കടന്നു…. ************ അമ്പുവും അജുവും അച്ചുവും കുട്ടനും ടെറസ്സിൽ ഇരിക്കുകയായിരുന്നു… പെട്ടെന്നാണ് അവിടേക്ക് രുക്കമ്മ കയറി വന്നത്…. രുക്കമ്മ – എല്ലാവരും നക്ഷത്രമെണ്ണുവാണോ…. അമ്പു – ഏയ്…. ഓരോന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു അമ്മായി…. രുക്കമ്മ – ആ കുതിരയെ എങ്ങനെ പുറത്ത് ചാടിക്കാം എന്നല്ലേ….

എല്ലാവരും ഞെട്ടി….. അജു – അതുപിന്നെ… ഞങ്ങളങ്ങനൊന്നും…. രുക്കമ്മ – എനിക്കറിയാടാ പിള്ളേരേ…. കിച്ചുവിന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി… പക്ഷേ സ്റ്റേറ്റിൽ പോയ കുതിര കുതിച്ച് പാഞ്ഞ് നാട്ടിലേക്കോടി വന്നപ്പോഴേ പണി ഞാൻ മണത്തതാ… അവളെ നല്ല ഒന്നാന്തരം അഭിനയ കുലപതിയാ…. പക്ഷേ അവൾടെ തന്തേന വിറ്റ കാശെന്റേലുണ്ടന്ന് അവൾ ഓർത്തില്ല…. അവളെല്ലാരെയും കൈയിലെടുത്തു…. അവളെത്തിയെന്ന് ഞാനറിഞ്ഞപ്പോഴേ കിച്ചുവിനെ ഞാൻ വിളിച്ചന്വേഷിച്ചു….

ഭാമയ്ക് നേരേയുള്ള ഓരോ അപകടവും ആര് ചെയ്തു എന്ന് മനസിലാക്കാൻ എനിക്ക് അധികം ബുദ്ധിമുട്ടൊന്നും വന്നില്ല…. കിച്ചു അവളെ പറഞ്ഞ് മനസിലാക്കിയ ശേഷം അവൾ അവിടേക്ക് പോയത് ആത്മാർത്ഥമായി തന്നെയാ… പക്ഷേ ഒരു വെക്കേഷന് തറവാട്ടിലേക്ക് പോയി വന്ന ഋതുവിൽ നല്ല വ്യത്യാസം വന്നു…. അതവിടുത്തെ തള്ള കുത്തിവച്ച വിഷമായിരിക്കും…. അത് കൂടാതെ വല്ലാത്തൊരു മാറ്റം അവൾക്ക് വന്നിട്ടുണ്ട്… അതെന്ത് തന്നെ ആയാലും ഭാമയ്ക് ഗുണകരമല്ല…. ഇനി എനിക്കറിയേണ്ട കാര്യങ്ങൾ പറഞ്ഞു തരേണ്ടത് നിങ്ങളാണ്……തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 42

Share this story