നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 25

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 25

സൂര്യകാന്തി

അവർ പൂമുഖത്തേക്ക് എത്തിയതും നിലവിളക്കുമായി ദേവിയമ്മ നിൽപ്പുണ്ടായിരുന്നു.. ഭദ്രയുടെ മിഴികൾ വിടർന്നു.. അറിയാതെ കണ്ണുകൾ ആദിത്യനിലെത്തി.. കുസൃതി നിറഞ്ഞൊരു നോട്ടം തിരികെ കിട്ടിയതും ഭദ്ര തെല്ലു കുറുമ്പൊടെ മുഖം തിരിച്ചു.. “വലത് കാൽ വെച്ചു കയറൂ മോളെ..” ദേവിയമ്മ പറഞ്ഞത് കേട്ട് ഭദ്ര വലത് കാൽ ഉയർത്താൻ തുടങ്ങിയതും പൂമുഖപ്പടിയിൽ തെളിഞ്ഞ ചോരചുവപ്പാർന്ന ത്രിശൂലചിഹ്നം കണ്ടപ്പോൾ അവളൊന്ന് ഞെട്ടി.. വേറെയാർക്കും അത് ദൃശ്യമായിട്ടില്ലെന്നും ഭദ്രയ്ക്ക് മനസ്സിലായി.. അവളുടെ വലത് കൈ കഴുത്തിലെ നാഗരൂപത്തിൽ അമർന്നു.. അടഞ്ഞ മിഴികളിൽ തെളിഞ്ഞത് കാവിലെ നാഗശിലകളായിരുന്നു..

“നാഗത്താന്മാരെ തുണയുണ്ടാവണെ.. മനസ്സറിയെ ഒരു തെറ്റും ചെയ്തിട്ടില്ല…” “ഭദ്ര.. എന്ത് പറ്റി.. മോളെ?” അനന്തന്റെ ശബ്ദം കേട്ട് ഭദ്ര മിഴികൾ തുറന്നതും നോട്ടം എത്തിയത് പടിയിലേക്കാണ്.. ത്രിശൂലചിഹ്നം മാഞ്ഞിരുന്നു.. പകരം അവ്യക്തമായി മിന്നി മാഞ്ഞത് ഒരു നാഗരൂപം ആയിരുന്നു.. ആകുലതയോടെ നോക്കുന്നവർക്ക് ഒരു ചിരി നൽകി വലത് കാൽ വെച്ചു തന്നെ ഭദ്ര അകത്തേക്ക് കയറി.. അതെ സമയം താഴെ നാഗത്താൻ കാവിലെ കാഞ്ഞിരമരം രണ്ടായി പിളർന്നിരുന്നു.. പത്മ തെല്ലു സംശയത്തോടെ നോക്കിയെങ്കിലും ഭദ്ര ഭാവഭേദമേതുമില്ലാതെ നിന്നു.. ദേവിയമ്മ പറഞ്ഞതനുസരിച്ച് ഭദ്ര നിലവിളക്കുമായി പൂജാമുറിയിലേക്ക് നടന്നു.. പിറകെ ആദിത്യനുമുണ്ടായിരുന്നു..

വിളക്കവിടെ വെച്ചു തൊഴുതു രണ്ടുപേരും തിരികെ വരുമ്പോൾ പത്മയും അനന്തനും അവരെ കാത്ത് നിന്നിരുന്നു.. “തല്ക്കാലത്തെ നിങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തത്.. ഭദ്ര ഇപ്പോൾ ഇവിടെ വേളി കഴിച്ചു കൊണ്ടു വന്ന പെൺകുട്ടിയാണ്.. മഠത്തിലേക്ക് വന്നു കയറുന്ന പെൺകുട്ടികൾക്ക് തുണയാവേണ്ടേത് ഇവിടുത്തെ കാവിലെ നാഗത്താന്മാരാണെന്നൊരു വിശ്വാസമുണ്ട്..” അടുത്തനിമിഷം അനന്തൻ ഭദ്രയെ ചേർത്ത് പിടിച്ചു.. “അച്ഛന് നിങ്ങളുടെ വിവാഹത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.. സാരമില്ല.. ഇത് വെറുമൊരു ചടങ്ങ് മാത്രമാണ്.. പ്രെശ്നങ്ങളൊക്കെ തീർന്നിട്ട് നമ്മൾ ആഘോഷപൂർവ്വം വിവാഹം നടത്തും…” “ഉം..” ഭദ്ര മൂളിയതേയുള്ളൂ..

“അമ്മൂട്ടിയുടെ മനസ്സ് അച്ഛനറിയാം.. നിന്റെ സങ്കടം രുദ്രയാണെന്നും..പതിയെ അവളെ അച്ഛൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. നിനക്കെന്തെങ്കിലും ആപത്ത് ഉണ്ടെന്നൊരു സൂചന കിട്ടിയാൽ അവൾ അവിടെ ഉരുകിത്തീരും.അറിയാലോ..” ഭദ്രയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.. പത്മ അവളെ ചേർത്ത് പിടിക്കാൻ നോക്കിയതും ഭദ്ര പത്മയെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.. ചുമലിൽ ഒരു നനവറിഞ്ഞതും പത്മ ഭദ്രയെ ഇറുകെ പിടിച്ചു.. മുടിയിൽ തഴുകി.. “എനിക്ക് ഒരു പൂച്ചക്കുട്ടി മതി.. അത് നാഗകളിമഠത്തിൽ ഇരിപ്പുണ്ട്.. കേട്ടല്ലോ..” ചെറുചിരിയോടെ പത്മ പറഞ്ഞതും ചമ്മിയ ചിരിയോടെ ഭദ്ര മുഖമുയർത്തി..

“ഇനി വൈകുന്നില്ല.. ഞങ്ങൾ ഇറങ്ങുകയാണ്.. പറഞ്ഞതൊന്നും മറക്കരുത്.. ഇവിടെ ഇല്ലത്തിനുള്ളിൽ ഭദ്രയ്ക്ക് ആപത്തൊന്നും സംഭവിക്കില്ല…” അനന്തൻ പറഞ്ഞു.. “ആദി ഇവളെ ഒന്ന് ശ്രെദ്ധിച്ചോണെ.. പോവരുതെന്ന് പറയുന്നിടത്തെ പോവൂ.. ചെയ്യരുതെന്ന് പറയുന്നതേ ചെയ്യൂ..” പത്മ ആദിത്യനെ നോക്കി പറഞ്ഞു… അനന്തന്റെ മുഖത്തെ ആക്കിച്ചിരി അവൾ കണ്ടിരുന്നു..ആദിത്യൻ ചിരിയോടെ പറഞ്ഞ.. “എല്ലാം ഞാൻ നോക്കിക്കോളാം ആന്റി.. നിങ്ങൾ സമാധാനമായി പോയി വരൂ..” പൂമുഖപ്പടിയിറങ്ങുമ്പോൾ അനന്തൻ പറഞ്ഞു.. “നാഗവിധിയനുസരിച്ചുള്ള ചടങ്ങേ നടന്നിട്ടുള്ളൂ..

വേളി കഴിഞ്ഞിട്ടില്ല.. അതോർമ്മ വേണം.. രണ്ടുപേർക്കും..” രണ്ടുപേരെയും ഇരുത്തിയൊന്ന് നോക്കികൊണ്ട് അനന്തൻ മുറ്റത്തേക്കിറങ്ങി.. ആദിത്യന്റെ മുഖത്ത് ജാള്യതയോടെ ഒരു ചിരി തെളിഞ്ഞിരുന്നു.. ഭദ്ര ഒന്നും അറിയാത്തത് പോലെ നിന്നതേയുള്ളൂ… അനന്തന്റെ കാർ മഠത്തിന്റെ മതിൽക്കെട്ട് കടന്നതും നാഗത്താൻകാവിലെ ഏഴിലംപാലച്ചുവട്ടിൽ നിന്ന് നേർത്തൊരു ചിരി ഉയർന്നു… “നിങ്ങൾ എന്തൊക്കെ ചെയ്തു വെച്ചിട്ടും കാര്യമില്ലാ.. കാലങ്ങളായി ദാരിക കാത്ത് വെച്ചിരുന്ന വിധി..അത് നടത്തുക തന്നെ ചെയ്യും.. എന്റെ പ്രതികാരാഗ്നിയിൽ അവൾ ഉരുകിത്തീരുക തന്നെ ചെയ്യും..”

അശരീരി പോലൊരു ശബ്ദം ഉയർന്നടങ്ങി..ആരുമത് കേട്ടിരുന്നില്ല.. “വാ മക്കളെ.. എന്തേലും കഴിക്കണ്ടേ..” ദേവിയമ്മയുടെ പിറകെ വെച്ചടിക്കുന്ന ഭദ്രയുടെ കൈയിൽ ആദിത്യൻ പിടിച്ചു വലിച്ചു.. “അവിടെ നിക്കെടി.. എങ്ങോട്ടാ ഈ ഓടുന്നെ..?” ആദിത്യനെ പുച്ഛത്തിൽ ഒന്ന് നോക്കി അവൾ കൈ കുടഞ്ഞു.. “സോറി ഭർത്താവെ.. ഇപ്പോ കുറുകാൻ ഒട്ടും സമയമില്ല.. എനിക്കെ നല്ല വിശപ്പുണ്ട്..” തിരിഞ്ഞു പോലും നോക്കാതെ ഡൈനിങ് റൂമിലേക്ക് നടക്കുന്ന ഭദ്രയെ ഒരു നിമിഷം ആദിത്യൻ പകച്ചു നോക്കി നിന്നു.. എല്ലാർക്കും ടെൻഷൻ വരുമ്പോൾ ഭക്ഷണം വേണ്ടാന്നാണെങ്കിൽ ഈ കുരിപ്പിന് നേരെ തിരിച്ചാ..

അന്നേരം ആക്രാന്തത്തിന് കൈയും കാലും വെച്ചത് പോലാ.. പിറുപിറുത്തു കൊണ്ടു ആദിത്യനും കഴിക്കാനായി എത്തി.. അമ്മയും ഉള്ളത് കൊണ്ടാവാം അവൾ ആദിത്യനും കൂടെ വിളമ്പി കൊടുത്താണ് കഴിക്കാൻ തുടങ്ങിയത്.. കുറച്ചു കഴിഞ്ഞതും ആദിത്യൻ മേശയ്ക്കടിയിലൂടെ ഭദ്രയുടെ ഇടം കൈയിൽ പിടിത്തമിട്ടു…പ്രതീക്ഷിക്കാതെയാണ് അടുത്ത നിമിഷം അവളുടെ നീട്ടിവളർത്തിയ നഖങ്ങളുടെ ഭംഗിയറിഞ്ഞത്.. “ഹൂ..” വേദനയോടെ തെല്ലുച്ചതിൽ ആദിത്യൻ ശബ്ദമുണ്ടാക്കിയതും ദേവിയമ്മ ഞെട്ടി.. ഭദ്ര വേഗം കൈ പിൻവലിച്ചു ഒനുമറിയാത്തത് പോലെ കഴിപ്പാണ്.. “ന്താ.. എന്തു പറ്റി ആദീ..?” “അത്.. അതൊന്നുമില്ലമ്മേ..

ഈ മേശയുടെ അറ്റത്തു കാലൊന്ന് തട്ടി..” ആദിത്യൻ പറഞ്ഞൊപ്പിച്ചു.. “എന്താ ആദിയേട്ടാ.. ഒട്ടും ശ്രെദ്ധയില്ല..കൈയും കാലുമൊക്കെയൊന്നു ശ്രെദ്ധിക്കണ്ടേ..” അവനെ നോക്കി നെറ്റി ചുളിച്ചു കൊണ്ടു പറയുന്ന ഭദ്രയെ നോക്കി ആദിത്യൻ പല്ലു ഞെരിച്ചു..ശബ്ദമില്ലാതെ പറഞ്ഞു.. “വെച്ചിട്ടുണ്ടെടി നിനക്ക്.. ഭദ്രകാളി…” “വൊ വേണ്ടാ.. വേണ്ടാഞ്ഞിട്ടാ..” കള്ളച്ചിരിയോടെ പ്രത്യേക ഈണത്തിൽ ഭദ്ര പറഞ്ഞു.. ഇതെന്തിന്റെ കുഞ്ഞാണോയെന്തോ..? ആദിത്യൻ അവളെയൊന്ന് തുറിച്ചു നോക്കിയിട്ട് ധൃതിയിൽ കഴിക്കാൻ തുടങ്ങി.. ഭദ്ര ചിരിയടക്കി.. മനസ്സൊന്നു അയഞ്ഞത് പോലെ അവൾക്ക് തോന്നിതുടങ്ങിയിരുന്നു.. ############# ########## ##########

സന്ധ്യയാവാൻ തുടങ്ങിയപ്പോൾ രുദ്ര നാഗക്കാവിലേക്കിറങ്ങി.. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. കഴിഞ്ഞ ദിവസങ്ങളിൽ സൂര്യനിൽ നിന്നും കഴിവതും ഒഴിഞ്ഞു മാറിയാണ് രുദ്ര നടന്നത്.. മിക്കപ്പോഴും അവൾ തന്റെ റൂമിൽ തന്നെ കഴിഞ്ഞു കൂടി.. അമാലികയുടെയും നന്ദനയുടെയും സാന്നിധ്യവും അവളെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു.. ഭദ്രയുടെ കാര്യത്തിൽ ചില സംശയങ്ങളും അവളിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു.. ഭദ്രയോട് സംസാരിച്ചെങ്കിലും അവൾ ഒന്നും വിട്ടു പറയുന്നില്ല എന്നാലും എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ രുദ്രയ്ക്ക് തോന്നി.. ആകെ ഒറ്റപ്പെട്ടത് പോലെ..

എത്രയൊക്കെ ഒഴിഞ്ഞു മാറിയാലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ സൂര്യനെ കാണാതെ ഒഴിഞ്ഞു മാറാൻ രുദ്രയ്ക്ക് കഴിഞ്ഞിരുന്നില്ല.. കഴിക്കാതിരുന്നാൽ മുത്തശ്ശിയുടെ നോട്ടം അവളിലെത്തും.. സൂര്യന് മുഖം കൊടുത്തില്ലെങ്കിലും ഇടയ്ക്കിടെ തന്നിലെത്തുന്ന കണ്ണുകളെ അവൾ അറിയുന്നുണ്ടായിരുന്നു.. സൂര്യനെ വിളിച്ചിരുന്ന സിം കാർഡ് അവൾ ഫോണിൽ നിന്നും എടുത്തു മാറ്റിയിരുന്നു.. ഉറങ്ങാൻ കിടക്കുമ്പോൾ രണ്ടും മൂന്നും തവണ വാതിലിന്റെ ലോക്ക് ചെക്ക് ചെയ്യാനും അവൾ മറന്നിരുന്നില്ല.. നന്ദനയും സൂര്യനും തമ്മിലുള്ള ചിരിയും കളികളും അവളുടെ ശ്രെദ്ധയിൽ പെടാതിരുന്നില്ല..

ഇതുവരെ ആരോടും തോന്നാതിരുന്ന കുശുമ്പ് ഉള്ളിൽ തല പൊക്കിയത് വേവലാതിയോടെ രുദ്ര തിരിച്ചറിയുന്നുണ്ടായിരുന്നു.. കാവിൽ വിളക്ക് വെച്ചിട്ട് താഴെ വീട്ടിലും പോവണം.. അവിടത്തെ അസ്ഥിത്തറയിൽ തിരി വെയ്ക്കാനുണ്ട്.. ഓർത്തപ്പോൾ തന്നെ രുദ്രയുടെ കാലുകൾ മുന്പോട്ട് ചലിക്കാൻ മടിച്ചു നിന്നു.. രാവിലെ കാവിൽ തിരി വെച്ചിറങ്ങുമ്പോൾ ജോഗിങ്ങിനെന്നും പറഞ്ഞു ഇറങ്ങിയ നന്ദനയെ സൂര്യനോടൊപ്പം അവൾ കണ്ടിരുന്നു.. എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവരിൽ നിന്നും ധൃതിയിൽ മിഴികൾ പിൻവലിക്കുന്നതിനിടെയും തന്നെ നോക്കുന്ന കണ്ണുകളെ അവൾ കണ്ടിരുന്നു..

കാവിൽ തൊഴുതു നിൽക്കുമ്പോൾ ദിവസങ്ങൾക്കു മുൻപേ പൂർണ്ണമായും നഷ്ടപ്പെട്ട മനസമാധാനം മാത്രമേ രുദ്ര ആഗ്രഹിച്ചിരുന്നുള്ളൂ.. ചാരിയിട്ട പൂമുഖ വാതിൽ കണ്ടതും അവൾ ധൃതിയിൽ അസ്ഥി തറയിൽ തിരി വെച്ചു.. വേഗത്തിൽ തൊഴുതു തിരിയുമ്പോൾ കണ്ടു തൊട്ടപ്പുറത്തെ പേരമരത്തിൽ ചാരി കൈകൾ മാറിൽ പിണച്ചു വെച്ചു തന്നെ നോക്കി നിൽക്കുന്ന സൂര്യനാരായണനെ.. മുഖത്ത് പതിവ് ചിരി ഉണ്ടായിരുന്നില്ല..രുദ്ര വേഗം തല താഴ്ത്തി നടന്നു.. “തന്റെ ഫോണിനെന്തു പറ്റി..?” തൊട്ടരികെ എത്തിയപ്പോൾ ആ ശബ്ദം കേട്ടു.. ഗൗരവത്തിലാണ്.. കാലുകൾ പിടിച്ചു നിർത്തുന്നതറിഞ്ഞെങ്കിലും രുദ്ര ഒന്നും പറയാതെ നടക്കാൻ തുടങ്ങി..

പൊടുന്നനെ ആള് തൊട്ട് മുൻപിൽ വന്നു നിന്നു.. “തനിക്ക് ചെവി കേൾക്കാൻ വയ്യേ..?” അപ്പോഴും രുദ്ര മിണ്ടിയില്ല.. “രുദ്രാ.. ഇയാളോടാണ് ഞാൻ ചോദിച്ചത്..?” “ഫോൺ.. ഫോൺ.. ഞാൻ ഓഫ്‌ ചെയ്തു വെച്ചു..” നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.. “കാരണം..?” ഒട്ടും മയമില്ല… “എനിക്ക്… എനിക്കൊന്നും പറയാനില്ല..” “ഓ..അങ്ങിനെ..” രുദ്ര മുഖം ഉയർത്തിയില്ല.. സൂര്യൻ അവളെ തന്നെ നോക്കി നിന്നു.. “മാറി നിൽക്ക്.. എനിക്ക് പോണം…” “മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെ മനസ്സിലടക്കി വെയ്ക്കാൻ ശീലിച്ചതാണ്.. ബാല്യത്തിലെ തന്നെ.. മോഹിച്ചു പോയാൽ അത് നേടാൻ ഞാൻ എന്തും ചെയ്യും.. അത് തന്നെ കാരണം..

രുദ്രാ തന്നോളം ഞാനൊന്നും ഇതു വരെ മോഹിച്ചിട്ടില്ല.. ആരുമെന്നെ മോഹിപ്പിച്ചിട്ടുമില്ല..” “സാർ.. പ്ലീസ്…” “തന്നോട് ഞാൻ പറഞ്ഞതാണ് എന്നെ സാർ എന്ന് വിളിക്കരുതെന്ന്..” ശബ്ദം കനത്തിരുന്നു.. “ഞാൻ പറഞ്ഞതല്ലേ.. ഞാൻ നിങ്ങൾ വിചാരിക്കുന്നത് പോലൊരു പെണ്ണല്ല.. എനിക്കൊരു തെറ്റ് പറ്റിപ്പോയി.. പക്ഷെ.. അത്.. അതിനപ്പുറം മറ്റൊന്നുമില്ല..” “ശരി സമ്മതിച്ചു.. ഇയാൾക്ക് എന്നോട് മറ്റൊന്നും ഇല്ലെന്ന് ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി പറയാമോ..?” ഒരു നിമിഷം രുദ്ര തളർന്നു നിന്നു.. പൊടുന്നനെ അവൾ സൂര്യന്റെ ഇടതു വശത്ത് കൂടെ അവനെ കടന്നു നടക്കാൻ ശ്രെമിച്ചു..

പിറകിൽ നിന്നാണ് വലത് കൈത്തണ്ടയിൽ പിടുത്തം വീണത്.. അയാളെ നോക്കാതെ അവൾ കൈ വലിക്കാൻ ശ്രെമിച്ചെങ്കിലും അനങ്ങിയില്ല.. സൂര്യനാരായണൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. പതിയെ ആ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടതും തീപ്പൊള്ളലേറ്റത് പോലെ സൂര്യൻ അവളുടെ കൈയിലെ പിടുത്തം വിട്ടു.. രുദ്ര ധൃതിയിൽ നടന്നിട്ടും സൂര്യൻ അങ്ങനെ തന്നെ നിന്നു.. “നിന്റെ കണ്ണുകളിൽ നിന്നുതിരുന്ന നീർമണികൾക്ക് എന്നെ പൊള്ളിക്കാനുള്ള ശക്തിയുണ്ട് പെണ്ണേ.. ഇന്നോളം ആരെയും ഞാനിങ്ങനെ സ്നേഹിച്ചിട്ടില്ല.. എന്നെ പോലും.. ആരെയും അറിയാൻ ആഗ്രഹിച്ചിട്ടല്ല..

സ്വന്തമാക്കാനും..” മനസ്സ് മന്ത്രിക്കുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.. വാഴൂരില്ലം വാങ്ങിയത് സൂര്യനാരായണനാണെന്ന് അനന്തപത്മനാഭൻ ഇപ്പോൾ അറിഞ്ഞു കാണും.. നാഗകാളി മഠത്തിലേക്കുള്ള സൂര്യനാരായണൻറെ വരവ് വെറുതെയാവില്ലെയെന്നും.. സൂര്യൻ മനസ്സിലോർത്തു.. എന്ത് തന്നെ സംഭവിച്ചാലും രുദ്രയെ നഷ്ടപ്പെടുത്താനാവില്ല.. ഇപ്പോൾ തന്റെ ജീവന്റെ പാതിയാണവൾ.. താമരക്കുളത്തിനരികെ എത്തിയപ്പോഴേക്കും തനിക്കൊപ്പം എത്തിയ കാലടികളെ രുദ്ര തിരിച്ചറിഞ്ഞിരുന്നു.. ചാരെ നടക്കുമ്പോഴും തന്നിൽ തിരയുന്ന മിഴികളെ അവഗണിച്ച് അവൾ നടന്നു.. “യൂ ലുക്ക് സോ ബ്യൂട്ടിഫുൾ രുദ്രാ..”

പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് പറഞ്ഞത്.. അറിയാതെ തന്നെ രുദ്രയുടെ മുഖം ചുവന്നു പോയിരുന്നു.. തൊട്ടരികെ ആ പതിഞ്ഞ ചിരി കേൾക്കാമായിരുന്നു… .നേര്യേതിന്റെ തുമ്പ് കൂട്ടി അമർത്തി പിടിച്ചു നടക്കുന്നതിനിടെയാണ് രുദ്രയിൽ നിന്നും ആ വാക്കുകൾ വീണുപോയതും.. “സാർ എല്ലാവരോടും ഇങ്ങനെ തന്നെയാണോ പറയാറ്.. നന്ദനയോടും…” “രുദ്രാ.. ” അതൊരു അലർച്ചയായിരുന്നു.. ആ മുഖഭാവം കണ്ടതും അവളുടെ ഉള്ളൊന്ന് കിടുങ്ങി.. ആ കണ്ണുകൾ ഇറുകെ അടച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രെമിക്കുന്നത്‌ രുദ്ര കണ്ടു.. പൂമുഖത്തു ആരൊക്കെയോ ഇരിപ്പുണ്ട്.. രുദ്ര പതിയെ നടക്കാൻ തുടങ്ങി..

നേരത്തെ പറഞ്ഞ വാക്കുകൾ അപ്പോഴും സൂര്യനിൽ അലയടിക്കുന്നുണ്ടെന്ന് രുദ്രയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.. മുറ്റത്തേക്ക് കയറുമ്പോൾ അമർത്തിയ ശബ്ദത്തിൽ പറഞ്ഞ വാക്കുകളിലും ദേഷ്യമായിരുന്നു നിറഞ്ഞു നിന്നത്.. “ഫോൺ ഓൺ ചെയ്തു വെക്കണം.. എല്ലാവരും ഉറങ്ങിയതിനു ശേഷം മുകളിലെ ബാൽക്കണിയിൽ എത്തിയിരിക്കണം.. അല്ലെങ്കിൽ ഈ സൂര്യന്റെ മറ്റൊരു ഭാവം എന്റെ പെണ്ണറിയും…” രുദ്രയുടെ ദേഹമൊന്ന് വിറച്ചു..പൂമുഖത്ത് എല്ലാവരും ഉണ്ടായിരുന്നു.. നന്ദനയുടെ കൂർത്ത നോട്ടം തന്നിലെത്തുന്നതറിഞ്ഞിട്ടും ആരുടേയും മുഖത്ത് നോക്കാതെ എല്ലാവർക്കുമായി നേർത്ത ഒരു പുഞ്ചിരി നൽകിയിട്ട് രുദ്ര വേഗം തന്റെ മുറിയിലേക്ക് നടന്നു…

സൂര്യന്റെ വാക്കുകൾ അപ്പോഴും അവൾക്ക് കേൾക്കാമായിരുന്നു.. അത് വെറും വാക്കുകൾ അല്ലെന്നും.. പക്ഷെ.. കഴിക്കാൻ പോവാൻ അവൾക്ക് തോന്നിയില്ല അയാളെ നേരിടാനും.. പക്ഷെ പോയില്ലെങ്കിൽ മുത്തശ്ശി തിരക്കി വരും.. പിന്നെ പ്രെശ്നമാവും.. സീറ്റ്‌ ഒഴിവുണ്ടായിരുന്നിട്ടും സൂര്യൻ രുദ്രയ്ക്കരികെ ഇരിക്കാൻ ശ്രെമിച്ചില്ല.. ആള് അപ്പോഴും ഗൗരവത്തിലായിരുന്നു.. പതിവ് പോലെ നന്ദനയുടെ കൊഞ്ചലുകൾക്ക് പ്രതികരിക്കുന്നില്ല.. ആകെയൊരു തണുപ്പൻ മട്ട്… ഇടയ്ക്കെപ്പോഴോ തലയുയർത്തിയപ്പോൾ തീ പാറുന്നത് പോലൊരു നോട്ടം രുദ്ര കണ്ടു.. മനപ്പൂർവം അടുക്കളയിൽ തിരിഞ്ഞു കളിച്ചു ഏറെ വൈകിയാണ് രുദ്ര അവളുടെ റൂമിലേക്ക് നടന്നത്..

ഹാളിൽ അപ്പോഴും എല്ലാവരും സംസാരിച്ചിരിപ്പുണ്ടായിരുന്നു.. രുദ്ര എപ്പോഴും അവളുടേതായ ലോകത്തിൽ, പുസ്തകങ്ങൾക്കിടയിലാണെന്ന് അറിയാവുന്നത് കൊണ്ടു ആരും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.. ഫോണും പിടിച്ചിരിക്കുകയാണെങ്കിലും ഹാളിൽ നിന്നും ഇടനാഴിയിലേക്ക് നടക്കുമ്പോഴും തന്നെ പിന്തുടരുന്ന കണ്ണുകളെ രുദ്ര അറിയുന്നുണ്ടായിരുന്നു.. എന്ത് ചെയ്യണമെന്ന് ആലോചിച്ചു കുറേ സമയം അവൾ കിടക്കയിൽ ഇരുന്നു.. പിന്നെയും ഒത്തിരി കഴിഞ്ഞാണ് അവൾ മൊബൈലിൽ വീണ്ടും ആ സിം എടുത്തിട്ടത്.. നാഗകാളിമഠത്തിലെ വെളിച്ചം ഒന്നൊന്നായി അണയുന്നത് അറിയും തോറും രുദ്രയുടെ ഹൃദയമിടിപ്പും കൂടി വന്നു..

മൊബൈലിൽ റിങ്ങിനോടൊപ്പം സേവ് ചെയ്തു വെച്ചിരുന്ന ആ മുഖവും തെളിഞ്ഞു വന്നപ്പോൾ അവൾ അറിയാതെ ഞെട്ടി.. കോൾ അറ്റൻഡ് ചെയ്തു വിറയാർന്ന കൈയോടെ അവൾ ചെവിയിലേക്ക് ചേർത്തു വെച്ചു.. “മുകളിലെ ബാൽക്കണിയിലേക്ക് വാ..ഞാൻ ഇവിടെയുണ്ട്.. ” ശബ്ദത്തിന് അപ്പോഴും മയമില്ലായിരുന്നു… “സാർ… അത്.. ഫോണിൽ സംസാരിച്ചാൽ പോരേ..?” “രുദ്രാ.. ഇനിയും എന്നെ ദേഷ്യം പിടിപ്പിച്ചാൽ അത് നല്ലതിനാവില്ല.. തന്നെ തിരക്കി ആ റൂമിലേക്ക് വരാൻ എനിക്കൊരു മടിയുമില്ല..

പക്ഷെ പിന്നെന്താ നടക്കുകയെന്ന് എനിക്ക് തന്നെ അറിയില്ല.. സോ തനിക്ക് തീരുമാനിക്കാം.. എവിടെ വെച്ചു കാണണമെന്ന്.. എനിക്ക് കാണണം.. കണ്ടേ പറ്റൂ..” പറഞ്ഞത് പോലെ തന്നെ പ്രവൃത്തിയ്ക്കുമെന്നതിൽ രുദ്രയ്ക്ക് തെല്ലും സംശയമില്ലായിരുന്നു.. ആ വാക്കുകൾ വായിൽ നിന്നും വീണുപോയ നിമിഷത്തെ അവൾ ശപിച്ചു.. നന്ദനമായുള്ള ചിരികളികൾ കണ്ടതുകൊണ്ടുള്ള കുശുമ്പാണ് അപ്പോൾ ആ വാക്കുകളിലൂടെ പുറത്ത് വന്നതെന്ന് തിരിച്ചറിയാൻ വൈകി…പക്ഷെ.. രുദ്ര വാതിൽ തുറന്നു പതിയെ ഇടനാഴിയിലേക്കിറങ്ങി…. .തുടരും 💕

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 24

Share this story