വീണ്ടും : ഭാഗം 1

വീണ്ടും : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

മൂന്നാം വിവാഹം..! ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ കൗതുകമുള്ള ഒരു തമാശയാകും എന്നറിഞ്ഞു തന്നെയാണ് തീരുമാനം എടുത്തത്. ശരിയോ തെറ്റോ, എന്തും നേരിടാനുള്ള ധൈര്യമുണ്ട് ഇപ്പോൾ. ഇനിയാണ് അടുത്ത കടമ്പ: വിവാഹമോചനം..! മൂന്നാം വിവാഹത്തിന് വേണ്ടി രണ്ടാം വിവാഹം ഒഴിയുക..! ചോദ്യങ്ങളുമായി മുന്നിൽ വരുന്നവരെ ഓരോരുത്തരെയായി സങ്കൽപ്പിച്ചു നോക്കി. അച്ഛൻ, അമ്മ, ഏട്ടൻ, സുധീഷിന്റെ കുടുംബം, വകയിലും അല്ലാത്തതുമായ ബന്ധുക്കൾ, നാട്ടുകാർ… അവർക്കുള്ള മറുപടികളും തയ്യാറാണ്.

മൂന്ന് വർഷം മുൻപ് സുധീഷ് കഴുത്തിൽ അണിയിച്ചുതന്ന താലി ഇപ്പോൾ എവിടെ ഉണ്ടെന്ന് പോലുമറിയില്ല. പെട്ടിയിലെ ആഭരണങ്ങൾക്കിടയിൽ ഉണ്ടാകണം. കുറച്ചു കാലമായി ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് തുറന്ന് നോക്കാറുകൂടിയില്ല. അല്ലെങ്കിലും എനിക്കെന്തിനാണ് ആ താലി..! ഓർമകൾ കണ്ണുകളെ പെയ്യിക്കാൻ തുടങ്ങിയപ്പോൾ വാശിയോടെ സ്വയം വിഷയം മാറ്റി. ഇനിയും ഞാനെന്തിന് കരയണം? സുധീഷിനെ നേരിൽ കണ്ട് സംസാരിക്കണം. ഞാൻ തോറ്റ് പോയിട്ടില്ല എന്നു തെളിയിക്കണം.

അത്രയെങ്കിലും ചെയ്യണ്ടേ ഞാൻ..? ഫോണെടുത്തു വിളിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടെന്ന് തോന്നി. “ഗുഡ് മോണിംഗ് സാൻവെസ്റ്റ് ഹോസ്പിറ്റൽ” “ഗുഡ് മോണിംഗ്. പീഡിയാട്രീഷ്യൻ ഡോക്ടർ സുധീഷിന്റെ ഓപിയിലേക്ക് ഒന്ന് കണക്റ്റ് ചെയ്യൂ” പറയുമ്പോൾ ശബ്ദം ഇടറിയിരുന്നോ തന്റെ..? “ആരാണെന്ന് പറയണം?” മരുവശത്തെ സുന്ദര ശബ്ദം ചോദിക്കുന്നു. ആരാണെന്ന് പറയണം? ആവണി എന്നു പേരു പറഞ്ഞാൽ ഓർമ കാണുമോ? അല്ലെങ്കിൽ മൂന്ന് വർഷം മുൻപ് താലി കെട്ടി രണ്ടു വർഷം മുൻപ് ഉപേക്ഷിച്ചവൾ ആണെന്ന് പറഞ്ഞാലോ? “ഫ്രണ്ടാണ്.

ആവണി നമ്പ്യാർ എന്ന് പറഞ്ഞാൽ മതി” കണക്റ്റ് ആയെന്ന് മനസിലായത് സുധീഷിന്റെ ശബ്ദം കാതിൽ വന്നടിച്ചപ്പോഴാണ്. “ഹാലോ….” ആ ശബ്ദത്തിലും ഒരു വിറയൽ ഉണ്ടായിരുന്നു. അതോ എനിക്ക് തോന്നിയതാണോ..? “ഞാൻ ആവണിയാണ്.. ഒന്ന് കാണണം…” അത്രയും പറയാനേ കഴിഞ്ഞുള്ളൂ. “ആവണി ഞാൻ.. അത്.. ഇ…. ഇന്ന്… തിരക്കാണ്. വൈകുന്നേരം മതിയോ….?” ഓഹ്. അപ്പോൾ മറന്നിട്ടില്ല, ഈ പേര്.. നല്ലത്.. മാത്രമല്ല, ഇപ്പോൾ ആവണിക്ക് വേണ്ടി മാറ്റി വയ്ക്കാനും സമയമുണ്ട്. “മതി.. ഞാൻ അഞ്ചര മണിക്ക് പാരഗണിൽ വരും..” കൂടുതൽ പറയാൻ അനുവദിക്കാതെ ഫോൺ കട്ട് ചെയ്തു.

കുറച്ചു നേരമെടുത്തു, ഹൃദയം ഒന്ന് സാധാരണഗതിയിലാകാൻ. അംബികാമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സമയത്തിന് ഒച്ചിന്റെ വേഗത പോലുമില്ല എന്നു തോന്നി. നാലുമണി ആയപ്പോഴേക്കും പോയി കുളിച്ചു. ഏറെ പ്രിയപെട്ട കറുപ്പും ചുവപ്പും സാരി ഞൊറിഞ്ഞുടുത്തു. കണ്ണ് നന്നായി വരച്ചു. കുഞ്ഞു പൊട്ട് വച്ചു. മുടി ഭംഗിയായി അഴിച്ചിട്ടു. എത്ര ഒരുങ്ങിയിട്ടും സംതൃപ്തി വരാത്തത് പോലെ തോന്നി. അഞ്ചുമണിക്ക് അമ്പികാമ്മ വണ്ടിയുമായി എത്തുന്നത് വരെ കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്നു.

ഒരുങ്ങിയിറങ്ങിയ എന്നെ കണ്ട് അംബികാമ്മയുടെ കണ്ണുകൾ വിടരുന്നത് കണ്ടു. അത് മാത്രം മതിയായിരുന്നു, ആത്മവിശ്വാസം കൂടാൻ. അമ്മ എന്നത്തേയും പോലെ തന്നെ. ഒരു പല്ലാസോയും ടോപ്പും വേഷം. മുഖത്തു പതിവുള്ള നിറഞ്ഞ പുഞ്ചിരി. “അവസാനം തീരുമാനിച്ചു അല്ലെ..?” ഒരു പുഞ്ചിരി മാത്രമേ മറുപടി നൽകാൻ കഴിഞ്ഞുള്ളൂ. കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. കഴിഞ്ഞുപോയ വർഷങ്ങളിൽ കുടിച്ചുതീർത്ത കണ്ണീരുപ്പും, ഒറ്റപ്പെടലിന്റെ കയ്പ്പ്നീരും മാത്രം മതിയായിരുന്നു തളർന്ന് പോകാതെ പിടിച്ചുനിൽക്കാൻ.

എന്റെ സംഘർഷം മനസിലാക്കിയെന്നോണം അമ്മ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ത്രീകരിച്ചു. ബാഗുമെടുത്ത് പാരഗണിന്റെ മുൻപിൽ ഇറങ്ങുമ്പോൾ അമ്മയെന്റെ കയ്യിൽ മുറുകെ പിടിച്ചു. നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ നടന്നു. അകത്തേക്ക് കടന്നു സുധീഷിന്റെ മുൻപിൽ ഇരിക്കുമ്പോൾ, അത്ഭുതം കൊണ്ട് ആ മുഖം വികസിക്കുന്നത് ഞാൻ നിർവൃതിയോടെ നോക്കിനിന്നു. “ഞാൻ ലേറ്റ് ആയില്ലല്ലോ..?” ആ ചോദ്യം ആളെ ഉണർത്തിയതായി തോന്നി. “ഹേയ്.. ഇല്ല… ആവണി… ഒരുപാട് മാറിപ്പോയി…” സ്വയമറിയാതെ പുറത്തു വന്നവയാണ് ആ വാക്കുകൾ എന്നു വ്യക്തമായിരുന്നു. മറുപടിയായി ഞാൻ പുഞ്ചിരിച്ചതേയുള്ളൂ.

ആത്മവിശ്വാസമുള്ള എന്റെ പുഞ്ചിരിപോലും സുധീഷിന് പുതുമയാണ്. “ആവണി.. കഴിക്കാൻ എന്താ വേണ്ടത്?” “ഒരു കോഫി” വെയ്റ്റർ പോകുന്നത് വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. അയാൾ പോയതും ഞാൻ ഡിവോഴ്‌സ് പേപ്പർ എടുത്തു മേശപ്പുറത്ത് വച്ചു. “ഇതിൽ ഒരു സൈൻ വേണം. അതിനാ ഞാൻ കാണണം എന്നു പറഞ്ഞത്” സുധീഷ് വിശ്വസിക്കാൻ പറ്റാത്തപോലെ എന്നെയും മേശമേൽ ഇരിക്കുന്ന പേപ്പറിനെയും മാറിമാറി നോക്കി. “ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതുകൊണ്ട് എനിക്ക് ഡിവോഴ്‌സ് വേണം. എത്രയും വേഗം കിട്ടുന്നോ അത്രയും നല്ലത്..” ഇപ്പോഴും സുധീഷിന്റെ മുഖത്തെ അമ്പരപ്പ് മാറിയിട്ടില്ല.

“എന്ത് പറ്റി ഡോക്ടർ ഒന്നും മിണ്ടാത്തത്? ഈ ഡിവോഴ്‌സ് നിങ്ങളെ ബാധിക്കുന്ന കാര്യം അല്ലല്ലോ?” എന്റെ ഡോക്ടർ എന്ന വിളി സുധീഷിനെ വീണ്ടും അമ്പരപ്പിച്ചു എന്ന് മനസിലായി. “ആവണി ഞാൻ.. കാണണം എന്നു പറഞ്ഞപ്പോ ഞാൻ വിചാരിച്ചു…” “വീണ്ടും ഒരുമിച്ചു ജീവിക്കാനുള്ള അപേക്ഷയും കൊണ്ടാണ് ഞാൻ വരുന്നതെന്ന്. അല്ലെ..?” ഓരോ തവണ വാക്കുകൾ കൊണ്ട് സുധീഷിനെ മുറിവേല്പിക്കുമ്പോഴും, എന്നിൽ ക്രൂരമായ ഒരാനന്ദം വന്നു നിറയുന്നുണ്ടായിരുന്നു. ആരോടൊക്കെയോ ഉള്ള ഫ്രസ്ട്രേഷൻ, ദേഷ്യം, പക.. എന്തൊക്കെയോ എന്നിൽ നീറി ഒടുങ്ങി. “ആവണി ഞാൻ.. എനിക്ക്.. എനിക്കന്ന് നിന്നെ കെയർ ചെയ്യാൻ പറ്റിയില്ല..

അതെന്റെ മിസ്റ്റെക്ക് ആണ്. ഒരു ചാൻസ് എനിക്ക് തന്നൂടെ..? നമ്മുടെ മോൾക്ക് വേണ്ടി എങ്കിലും..?” “നമ്മുടെ മോളോ? അമ്മുമോളെ പ്രസവിച്ചത് ഞാനാണോ? എന്നെ അമ്മേയെന്ന് എങ്കിലും വിളിച്ചിട്ടുണ്ടോ അവൾ..? അതിന് അനുവദിച്ചിട്ടുണ്ടോ ഡോക്ടർ നിങ്ങൾ..?” എന്റെ ചോദ്യങ്ങൾക്കൊന്നും സുധീഷിന്റെ പക്കൽ വിശദീകരണം ഉണ്ടായിരുന്നില്ല. “ആവണി.. ഒക്കെ എന്റെ തെറ്റാണ്. എനിക്കറിയാം.. നീയുമായുള്ള വിവാഹത്തിന് ഞാൻ ഒട്ടും ഒരുക്കമായിരുന്നില്ല. പിന്നെ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് ഞാൻ….” ഇത്തവണ എന്റെ ദേഷ്യം അതിന്റെ സർവ സീമകളും ലംഘിക്കാൻ പോകുന്നുവെന്ന് ഞാൻ ഭയന്നു.

“വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി.. അല്ലേ.? എത്ര ഈസിയായി ഡോക്ടർ അത് പറഞ്ഞു? നിങ്ങളെ വിവാഹം കഴിക്കുമ്പോ ഇരുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ഒരു വിധവയായിരുന്നു ഞാൻ. സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഒന്നും അനുവദിച്ചു കിട്ടാത്തവൾ. നിങ്ങളോ? നഗരത്തിലെ അറിയപ്പെടുന്ന പീഡിയാട്രീഷ്യൻ. എന്നെക്കാൾ പത്തു ഓണം കൂടുതൽ ഉണ്ടയാൾ. എന്നിട്ടും..? എനിക്ക് മനസ്സിലാകാത്തത് നിങ്ങൾക്കൊക്കെ സ്വന്തം വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി മാത്രം, നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിക്കാൻ എങ്ങനെ മനസ് വരുന്നു എന്നാണ്…

എല്ലാം മറക്കാം, പക്ഷെ കഴിഞ്ഞ രണ്ട് വർഷം.. അത് മറക്കാൻ എനിക്കൊരിക്കലും പറ്റില്ല ഡോക്ടർ.” ഞാനിരുന്നു കിതച്ചു. എന്റെ ഇത്തരമൊരു ഭാവം ആദ്യമായി കാണുന്നതിന്റെ പകപ്പ് സുധീഷിലും ഉണ്ടായിരുന്നു. “ആവണി ഞാൻ പറഞ്ഞല്ലോ. എന്റെ തെറ്റാണ്. ഒരു അവസരം എനിക്ക് തന്നൂടെ..?” സുധീഷിന്റെ ഈ ഭാവം എനിക്ക് പുതിയതായിരുന്നു. “അമ്മ സ്റ്റെയറിൽ നിന്ന് വീണ് കിടപ്പിലാണല്ലേ..?” ഞാൻ ചോദിച്ചു. ആ മുഖത്ത് അമ്പരപ്പ് വിടരുന്നത് വ്യക്തമായി കണ്ടു. “അന്നത്തെ ഏഴു വയസുകാരിയ്ക്ക് ഇപ്പോ ഒൻപത് വയസായി. ഇനിയവൾക്ക് ഒരമ്മ കൂടിയേ തീരൂ. വീണ് കിടക്കുന്ന അമ്മയെ കൊണ്ട് ഇനിയൊന്നും പറ്റില്ല.

അല്ലെ ഡോക്ടർ?” മരുവശത്തെ മൗനം എന്റെ ആവേശം കൂട്ടി. “എന്നെ കൂടെ കൂട്ടിയാൽ കൂലി വേണ്ടാത്ത ഒരു ജോലിക്കാരിയെ കിട്ടും. അമ്മയ്ക്കും മകൾക്കും. അല്ലെ..?” “ആവണി ഞാൻ.. അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല ഞാൻ…” “വേണ്ട ഡോക്ടർ. ഇനിയും നിങ്ങളിങ്ങനെ സ്വയം ചെറുതാകരുത്.. പ്ലീസ്…” വാദപ്രതിവാദങ്ങൾക്കൊടുവിൽ സുധീഷിന്റെ കയ്യൊപ്പ് വാങ്ങിയ ഡിവോഴ്‌സ് പെറ്റിഷനുമായി ഞാൻ തിരികെയിറങ്ങി. “കേസില്ലാ വക്കീലെ.. അപ്പോ എങ്ങനാ..? എന്റെ ഡിവോഴ്‌സ് കേസ് ഏറ്റെടുക്കുവല്ലേ..?” അംബികാമ്മയുടെ മുഖത്തെ തിളക്കം ആയിരുന്നു എനിക്കുള്ള മറുപടി. “നീ വീട്ടിലേക്കല്ലേ..?” തിരികെ പോകുമ്പോൾ അമ്മ ചോദിച്ചു. വീടെന്ന് പറഞ്ഞാൽ അമ്മയുടെ വീട്. എന്റെ വീട്. “ഇല്ല.

അഭയത്തിൽ തന്നെ മതി” “അതെന്താ അങ്ങനെ? എല്ലാം നേരെയായാൽ എങ്കിലും രണ്ടു ദിവസം എന്റെയൊപ്പം വന്നൂടെ നിനക്ക്..?” അമ്മയുടെ മുഖം വാടി. ഞാൻ താടിയിൽ പിടിച്ചു കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചിച്ചപ്പോൾ ഒരു ചിരിയൊക്കെ വിടർന്നു വരുന്നുണ്ട്. എനിക്കും അത് കണ്ടൊരു സമാധാനം തോന്നി. ആ യാത്ര അവസാനിച്ചത് ഇന്ദീവരത്തിൽ ആണ്. ഒരു വർഷം അംബികാമ്മയുടെ മകന്റെ ഭാര്യയായും രണ്ടു വർഷം അയാളുടെ വിധവയായും ഞാൻ ജീവിച്ച വീട്. ഈ ലോകത്ത് എന്റേതെന്ന് പറഞ്ഞെനിക്ക് കയറി ചെല്ലാൻ കഴിയുന്ന ഒരെയൊരിടം..! “വേണി… ഇറങ്ങുന്നില്ലേ? എന്താ ആലോചിക്കുന്നത്?” “ഹേയ്.

അച്ഛന്റെ കോൾ ഇതുവരെ വന്നില്ലല്ലോ എന്നാലോചിച്ച് ഇരുന്നതാ..” സിദ്ധുവേട്ടനെക്കുറിച്ചാണ് ആലോചന എന്നു പറഞ്ഞാൽ അമ്മയിപ്പോൾ അണിഞ്ഞിരിക്കുന്ന മുഖമൂടി ഇളകി മാറുമെന്നറിയാം. “നീ പേടിക്കേണ്ട. അതുടനെ വരും. പെട്ടീഷൻ കൊടുക്കുന്നത് പോയിട്ട്, നീ ഡിവോഴ്സിനെ കുറിച്ചു ചിന്തിച്ചു എന്നെങ്കിലും കരപ്രമാണി അറിഞ്ഞാൽ മതി…” ഉള്ളം കത്തി എരിയുമ്പോഴും ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു. തുടരും….

Share this story