അനു : ഭാഗം 52

അനു : ഭാഗം 52

എഴുത്തുകാരി: അപർണ രാജൻ

വീട്ടിലേക്ക് ചെന്നു കയറിയതും അനു പറഞ്ഞ വാക്കുകളായിരുന്നു വിശ്വയുടെ മനസ്സിൽ മുഴുവനും . അത്രയും നേരം അനു പറഞ്ഞ കാര്യങ്ങളിൽ നിന്നവന് മനസ്സിലാക്കി എടുത്തത് , ഒന്ന് അവൾക്ക് ശേഖരനെ കണ്ണിന് നേരെ കണ്ടു കൂടാ എന്നതാണ് . അയാളെ പറ്റി പറയുമ്പോഴൊക്കെ അവളുടെ മുഖത്തൊരു പറയാൻ പറ്റാത്ത ഭാവമായിരുന്നു . വെറുപ്പാണോ , ദേഷ്യമാണോ , പുച്ഛമാണോ ???? ഒപ്പം ഒരുതവണ പോലും അവൾ ചെറ്യച്ഛനെന്നോ അച്ഛനെന്നോ വിളിച്ചു കേട്ടില്ല . പകരം മിസ്റ്റർ ശേഖർ , അല്ലെങ്കിൽ ബയോളജിക്കൽ ഫാദർ ……..

ആ വാക്കിൽ തന്നെ ഊഹിക്കാവുന്നതെയുള്ളൂ അവളുടെ അവളുടെ വികാരം . എന്നാൽ അതിനേക്കാലേറെ അവനെ ഞെട്ടിച്ചത് തന്റെ അമ്മയുടെ സമ്മതമില്ലാതെ അവൾ കെട്ടില്ല എന്നു പറഞ്ഞു ഒരൊറ്റ പോക്കങ്ങു പോയപ്പോഴാണ് . അനുവിന്റെ മറുപടി ഒന്നുകൂടി ഓർത്തതും വിശ്വ ചിരിച്ചുക്കൊണ്ട് സോഫയിലേക്കിരുന്നു . എന്റമ്മയുടെ സമ്മതം കിട്ടി ഇനി കെട്ടിയത് തന്നെ . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ “നീ കഴിക്കില്ലന്ന് പറഞ്ഞോ???? ” സൗപർണികയുടെ ചോദ്യം കേട്ടതും , അനു അതെയെന്ന് തലയാട്ടി കൊണ്ട് തന്റെ തീറ്റ തുടർന്നു . “എന്നിട്ട് പോലീസ് എന്ത് പറഞ്ഞു???? ”

അത്രയും സരൂവിന്റെയും അനുവിന്റെയും സംസാരം കേട്ടുക്കൊണ്ടിരുന്ന ഷാനയുടെ ചോദ്യം കേട്ടതും , അത്രയും നേരം കഴിച്ചു കൊണ്ടിരുന്ന അനു പെട്ടെന്ന് തന്റെ കഴിപ്പ് നിർത്തി . “ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു പെട്ടെന്ന് പോയി….. ” വാടിയ മുഖത്തോട് കൂടി അനു പറഞ്ഞതും , അങ്ങേര് ദേഷ്യത്തിൽ ഇറങ്ങി പോയതാ എന്ന രീതിയിൽ ഷാന ഒന്നമർത്തി തലയനക്കി . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ വിശ്വ വന്നു പോയിട്ട് രണ്ടു മൂന്ന് ദിവസം കഴിഞ്ഞുവെങ്കിലും അവന്റെ സംസാരത്തിലും മറ്റും എന്തോ ഒരു പന്തികേട് പ്പോലെ അനുവിന് തോന്നി തുടങ്ങി .

എന്തോ മറയ്ക്കാൻ ശ്രമിക്കുന്നപ്പോലെ . വിശ്വയോട് നേരിട്ട് ചോദിക്കാൻ പറ്റാത്തത് കൊണ്ട് അനു മഹിയെ വിളിക്കാൻ തീരുമാനിച്ചു . കൂട്ടുക്കാരല്ലേ , ഒന്നും അറിയാതെ പോവില്ലല്ലോ??? മഹിയുടെ കൈയിൽ ഒരുത്തരം ഉണ്ടാകുമെന്നു കരുതി വിളിച്ച , അനുവിന്റെ കാൾ , പക്ഷേ ശ്രിയയുടെ ഒപ്പം കറങ്ങി കൊണ്ട് നടന്ന മഹി തിരിഞ്ഞു പോലും നോക്കിയില്ല . ശബരിയുടെ നമ്പർ പിന്നെ കൈയിലില്ലാത്തത് കൊണ്ട് , അനു പിന്നെ അവനെ വിളിക്കാൻ നിന്നില്ല . എല്ലാം അറിയണമെങ്കിൽ , വിശ്വയെ നേരിട്ട് കാണാതെ വേറെ വഴിയില്ല . എന്നത്തേയും പോലെ പിറ്റേന്നും അനു ഷാനയുടെ ഒപ്പം ഹോസ്പിറ്റലിൽ പോകാനായി ഫ്ലാറ്റിൽ നിന്നുമിറങ്ങി . “ഇന്ന് ഞാൻ വണ്ടി ഓടിച്ചോളാം…… ”

തന്റെ തലയിലേക്ക് ഹെൽമെറ്റ്‌ വയ്ക്കാൻ തുടങ്ങിയതും , അത് തട്ടി പറിച്ചു വാങ്ങിക്കൊണ്ട് വണ്ടിയിലേക്ക് കയറിയിരിക്കുന്ന ഷാനയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു . എവിടെയോ എന്തോ തകരാറുപ്പോലെ????? അല്ലാത്തപ്പോൾ ചാവാൻ പോവാടി , ഒന്ന് വണ്ടി ഓടിക്കടി എന്നു പറഞ്ഞാൽ പോലും തിരിഞ്ഞു നോക്കാത്തവളാണ് . അനുവിന്റെ ചുഴിഞ്ഞുള്ള നോട്ടം കണ്ടപ്പോൾ തന്നെ ഷാനയ്ക്കും മനസ്സിലായി , അവളുടെ മനസ്സിലിപ്പോൾ എന്താണെന്നു . “വായേം പൊളിച്ചു നിൽക്കാതെ വേഗം കയറ് , ഹിമാറെ…… വൈകും……. ” അനുവിന്റെ സംശയങ്ങൾ കാട് കയറി പോകാൻ ഒരവസരം കൊടുക്കാൻ നിൽക്കാതെ , ഷാന വേഗം തന്നെ തന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു . . . . . . .

സാധാരണ ഒരു പത്തു മുപ്പതു മിനിറ്റ് കൊണ്ടെത്തുന്ന ഹോസ്പിറ്റൽ , ഇന്ന് നാപ്പത് മിനിറ്റ് കഴിഞ്ഞിട്ടും എത്തുന്നില്ലന്ന് കണ്ട അനു , അത്രയും നേരം ഫോണിലേക്ക് കമന്നു കിടന്നുക്കൊണ്ടിരുന്ന തന്റെ തല പതിയെ ഉയർത്തി . “നീ എങ്ങോട്ടാ പോകുന്നെ???? ” ചുറ്റിലേക്കും തല വെട്ടിച്ചു നോക്കി കൊണ്ടവൾ ചോദിച്ചതും , ഷാനയുടെ നെഞ്ചിടിപ്പ് കൂടി . പടച്ചോനെ ,,,,,,, ഹറാം പിറന്നതിന് സംശയമൊന്നും തോന്നി വണ്ടിയിൽ നിന്ന് എടുത്തു ചാടരുതേ……. മനസ്സിൽ പതിയെ പിറുപ്പിറുത്തുക്കൊണ്ട് ഷാന തന്റെ വണ്ടിയുടെ സ്പീഡ് കുറച്ചു കൂടി കൂട്ടി . തന്റെ ചോദ്യം കേട്ടിട്ടും , കേൾക്കാത്തപ്പോലെ വണ്ടി ഓടിക്കുന്ന ഷാനയെ കണ്ടതും , അനു തന്റെ പല്ലിറുമ്മി . “ഏത് ……. കാ………” “ഇക്ക ഇന്ന് വരാമെന്നു പറഞ്ഞു ……..

ഒരഞ്ചു മിനിറ്റ്……. ” അനുവിനെ കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ ഷാന ഇടയിൽ കയറി പറഞ്ഞതും , അത്രയും നേരം ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും , എന്ന ഭാവത്തിലിരുന്ന അനു ഒന്നയഞ്ഞു . “ഇതങ്ങു നേരത്തെ പറഞ്ഞാൽ പോരായിരുന്നോ???? ” തന്റെ ഫോണിലേക്ക് വീണ്ടും നൂഴ്ന്ന് കയറി പോകുന്നതിനിടയിൽ അവൾ പറഞ്ഞത് കേട്ടപ്പോഴാണ് ഷാനയുടെ ശ്വാസം നേരെ വീണത് . ഷാന പോകുന്നത് എങ്ങോട്ടേക്കാണെന്ന് അനുവിന് മനസ്സിലായില്ലെങ്കിലും , അഫ്‍സിയെ കാണാനാനെന്ന് പറഞ്ഞത് കൊണ്ട് അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . ഇടയ്ക്ക് ഇങ്ങനെയൊരു വരവ് പുള്ളിക്ക് ഉള്ളതാണ് , അന്നൊക്കെ പരീക്ഷയാണോ കോളേജിലാണോ എന്നൊന്നും നോക്കാതെ ഷാന ഇറങ്ങി പോകാറുമുണ്ട് .

ഇന്നും അതെ പോലെയാണെന്ന് കരുതിയാണ് അനുവും ഷാന വണ്ടി നിർത്തിയതിനൊപ്പം ഇറങ്ങി ചെന്നത് . ചെറുതായി നടന്നു കഴിഞ്ഞപ്പോഴെക്കും അനുവിന് എന്തോ പന്തികേട് തോന്നി തുടങ്ങി . ചുറ്റിലും കാമുകി കാമുകന്മാരാണ് … അതും കൂട്ടുക്കാരുടെയൊപ്പം , അല്ലാതെ , ചിലരുടെ മുഖത്ത് സന്തോഷം , ചിലരുടെ മുഖത്ത് സങ്കടം , ചിലരുടെ കഴുത്തിൽ പൂമാല …….. തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്നവൾക്ക് മനസ്സിലാകാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല . കുറച്ചു മാറി ഒരു മരത്തിന്റെ ചോട്ടിലായി നിൽക്കുന്ന മഹിയെയും ശബരിയെയും സരൂവിനെയും കണ്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു .

കാര്യം മനസ്സിലായതും അനുവിന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി . ഓടിക്കോ മോളെന്ന് മനസ്സിൽ വിചാരിച്ചു തിരിയുവല്ല , തന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വിശ്വയെ കണ്ടു അനു ഞെട്ടി . അനുവിന്റെ മുഖഭാവം കണ്ടു വിശ്വയുടെ കണ്ണുകൾ ചെറുതായി വിടർന്നു . പരിചയപ്പെട്ടു തുടങ്ങിയിട്ട് വർഷം ഒന്നാവാറായെങ്കിലും , ഇതുവരെ അവളുടെ മുഖത്ത് ഞെട്ടലെന്നൊരു ഭാവം അവനിതുവരെ കണ്ടിട്ടില്ല . ഇനിയൊന്നങ്ങനെ കാണാൻ തനിക്ക് ഭാഗ്യമുണ്ടെന്നും അവൻ വിചാരിച്ചിരുന്നില്ല . എന്നാൽ ഇന്ന് ……. തന്റെ നേരെ കണ്ണും തള്ളി നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു .

“ദെ വിശ്വ കളിക്കല്ലേ??? ” തന്നെ നോക്കി പുഞ്ചിരിക്കുന്ന വിശ്വയെ കണ്ടതും , അനുവിന്റെ രക്തം തിളച്ചു . “കളിയായിരുന്നെങ്കിൽ നീ ഇവിടെ ഇപ്പോൾ നിക്കുവോ???? ” അവളുടെ നേരെ തന്റെ പുരികം പൊക്കി കൊണ്ടവൻ ചോദിച്ചതും അനു , അനു തന്റെ കണ്ണുരുട്ടി കൊണ്ടവനെ നോക്കി . “വാ , അവിടെ എല്ലാവരും നിന്നെ കാത്തു നിക്കുവാ……. ” അനുവിന്റെ കൈയിൽ പിടിച്ചു കൊണ്ടവൻ മഹിയും ശബരിയും ഒക്കെ നിൽക്കുന്നിടത്തേക്ക് നടക്കാൻ തുടങ്ങിയതും , അനുവിന്റെ മനസ്സ് പല വഴി പാഞ്ഞു . എങ്ങനെ തലയൂരും???? അഹ് കിട്ടി ….. “എന്റെ അച്……. ” “അങ്കിൾ അച്ഛന്റെ ഒപ്പം ചായ കുടിക്കാൻ പോയേക്കുവാ…… ”

കുറച്ചപ്പുറമായി കിടക്കുന്ന ശങ്കറിന്റെ കാറിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടവൻ പറഞ്ഞതും , അനു തുറക്കാൻ തുടങ്ങിയ വായ അങ്ങനെ തന്നെ അടച്ചു . ഇനി എന്ത് പറയാനാണ്????? “അഹ് ,, പെങ്ങള് വന്നോ??? ഞാൻ വിചാരിച്ചു വരുന്ന വഴി ഓടി പോയിട്ടുണ്ടാകുമെന്നു…… ” വിശ്വയുടെ കൈയുടെ തുമ്പു പിടിച്ചു മുഖം വീർപ്പിച്ചുക്കൊണ്ട് വരുന്ന അനുവിനെ കണ്ടതും , ശബരി അവളെ മനഃപൂർവം തോണ്ടാനെന്ന രീതിയിൽ പറഞ്ഞു . “അവളുടെ കൈയിൽ നിന്ന് തല്ല് വാങ്ങി കൂട്ടണ്ടങ്കിൽ മിണ്ടാതെയിരിയടാ…… ” ശബരിയുടെ തലയ്ക്കിട്ടൊന്ന് കൊട്ടിക്കൊണ്ട് മഹി പറഞ്ഞതും അനുവിന്റെ നോട്ടം പോയത് തന്റെ രണ്ടു സുഹൃത്തുക്കളുടെ നേരെയാണ് . കൂട്ടുക്കാരികളാണ് പോലും…!!!! അഹ് …….

അല്ലേലും ഇവരെ പറഞ്ഞിട്ട് എന്താ കാര്യം???? സ്വന്തം തന്തപ്പോലും തന്റെ യീ രെജിസ്റ്റർ മാര്യേജിന് സാക്ഷിയായി ഒപ്പിടാൻ വന്നേക്കുവാ …… അപ്പോൾ പിന്നെ ഇവരെ എന്തോന്ന് പറയാനാ??? ഈശ്വറിന്റെ ഒപ്പം എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്ന ശങ്കറിനെ കണ്ടതും അനു മുറുമുറുത്തു . വരുന്നുണ്ട് പന്ന കിളവൻ !!!!! ഗേറ്റ് കടന്നു വന്നതും , ശങ്കർ കണ്ടു , തന്നെ തന്നെ നോക്കി നിൽക്കുന്ന അനുവിനെ . ഭദ്രകാളിയെ പോലെ തന്റെ മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടതും ശങ്കർ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ , വിശ്വയെ നോക്കി . എന്തായാലും വീട്ടിൽ ചെല്ലുമ്പോൾ അവളെന്നെ എടുത്തിട്ട് കുടയും , എങ്കിൽ പിന്നെ അപ്പോൾ മുഴുവനും കേട്ടാൽ പോരെ , ഇവിടെ നിന്നെ ഭരണി പാട്ട് കേട്ടുക്കൊണ്ട് പോകണോ???

എന്ന മുഖ ഭാവത്തിൽ തന്നെ മറി കടന്നു , വിശ്വയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിൽക്കുന്ന ശങ്കറിനെ കണ്ടതും അവൾക്ക് ചിരി വന്നു . ഒന്ന് രണ്ടു നിമിഷം കഴിഞ്ഞതും വിശ്വ അനുവിന്റെ കൈയും പിടിച്ചുക്കൊണ്ട് വിശ്വ അകത്തേക്ക് കയറി . കൊട്ടും കുരവയും ഒന്നുമില്ലാത്തത് കൊണ്ടാകണം , അവൾക്ക് വലിയ പേടിയൊന്നും തോന്നിയില്ല . അല്ലെങ്കിൽ തന്നെ സന്തോഷിക്കേണ്ട സമയത്തു ടെൻഷനായിട്ട് എന്താണ് കാര്യം???? കാര്യം തന്റെ കല്യാണം ഇങ്ങനെയൊന്നുമല്ല താൻ ആഗ്രഹിച്ചതെങ്കിലും , വിശ്വയുടെ കൂടി അവസ്ഥ നോക്കുമ്പോൾ ഇങ്ങനെ തന്നെയാണ് ഇത് നടക്കുകയുള്ളൂ ……

അതന്ന് വിശ്വയുടെ അമ്മയെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് തോന്നിയ കാര്യമാണ് . അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്ത് തന്നോടുള്ള അനിഷ്ടം …… തന്നെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ അത് കൂടി . ഇനി അത് മാറാൻ പോകുന്നില്ല …. മാറിയാലും , അത് എന്നാണെന്നു യാതൊരു വിധ അറിവുമില്ല . അപ്പോൾ പിന്നെ ഇങ്ങനെ ഒക്കെ നടന്നില്ലങ്കിലെ അത്ഭുതമുള്ളു . തന്റെ കളത്തിൽ ഒപ്പിട്ടു കഴിഞ്ഞതും അനു ചെറുതായി പുഞ്ചിരിച്ചുക്കൊണ്ട് വിശ്വയെ നോക്കി . ആദ്യത്തെ ദേഷ്യമൊന്നും അവളുടെ മുഖത്തില്ലന്ന് കണ്ടതും ഷാനയുടെയും സരൂവിന്റെയും ശങ്കറിന്റെയുമൊക്കെ ശ്വാസം നേരെ വീണു .

രജിസ്റ്റർ ഓഫീസിൽ നിന്നവർ നേരെ പോയത് അനുവിന്റെ തറവാട്ടിലേക്കാണ് . വീട്ടിൽ ചെന്നിറങ്ങിയതും അനു കണ്ടത് മുറ്റത്തുയർന്നു നിൽക്കുന്ന വലിയ പന്തലാണ് . അതുശരി…… !!!!!! അപ്പോൾ അതാണ് രണ്ടു ദിവസം മുൻപ് വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞപ്പോൾ കാർന്നോര് ഇങ്ങോട്ട് കാലു കുത്തരുതെന്ന് ഓർഡറിറക്കിയത് . അപ്പോൾ എല്ലാവരും കൂടി പ്ലാൻ ചെയ്ത പരിപാടിയാണ് . ഇങ്ങനെയൊരു കാര്യം ഇവിടെ നടക്കുന്നുണ്ടായിരുന്നു എന്നറിയാതെ പോയത് ഞാൻ മാത്രം …… കൊള്ളാം!!!!! ലോകത്ത് സ്വന്തം കല്യാണം ഇന്നാണെന്നറിയാതെ ഒരേയൊരു കല്യാണപ്പെണ്ണ് ഞാൻ മാത്രമാകും ……

അകത്തു കയറിയതെ മുഹൂർത്തം വൈകുന്നു , വേഗം പെണ്ണിനെ ഒരുക്കെന്ന് പറഞ്ഞു അലറി കൂവിയെത്തിയ രാഗയെ കണ്ടു അനുവിന്റെ നെറ്റി ചുളിഞ്ഞു . “എന്ത്യേ ഇങ്ങനെ നോക്കുന്നെ??? ചേച്ചിയുടെ കല്യാണത്തിനു അനിയത്തി വന്നില്ലങ്കിൽ ഭയങ്കര മോശമല്ലേ???? ” അനുവിന്റെ കവിളത്തു പതിയെ തട്ടി കൊണ്ടവൾ പറഞ്ഞതും അനു പുച്ഛത്തിൽ തന്റെ ചുണ്ടൊന്ന് കോട്ടി . “ഇവിടെ വായയും പൊളിച്ചു നിൽക്കാതെ വേഗം മുറിയിൽ പോയി ഒരുങ്ങി വാ…… ” കൈയിലിരുന്ന കവർ അനുവിന്റെ കൈയിലേക്കെറിഞ്ഞിട്ടുക്കൊണ്ടവൾ മുന്നിൽ കയറി നടന്നതും , അനു ഒന്നും മനസ്സിലാവാത്ത രീതിയിൽ ഷാനയെയും സരൂവിനെയും നോക്കി . “താലി കെട്ടണ്ടേ???? ” . . . . . .

നടന്നു വരുന്ന അനുവിലായിരുന്നു വിശ്വയുടെ നോട്ടം മുഴുവനും . നീല കരയിൽ സ്വർണ നിറത്തിലുള്ള മയിൽ പീലികൾ തുന്നിയ ഒരു സെറ്റ് സാരിയായിരുന്നു അനു ധരിച്ചിരുന്നത് . എപ്പോഴും മുനിയമ്മയെപ്പോലെ കെട്ടി വയ്ക്കുന്ന അവളുടെ നീളൻ മുടി ഇന്ന് , ചെറിയൊരു പിന്നലിൽ ഒതുങ്ങി നിൽക്കുന്നത് കണ്ടു വിശ്വ പതിയെ പുഞ്ചിരിച്ചു . ഇങ്ങനെയൊരു കാഴ്ച താൻ കാണുമെന്നു ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല . സ്വന്തം ഭാര്യയുടെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുന്ന വിശ്വയെ കണ്ടു , മഹിയും ശബരിയും ഇരുന്നു ചിരി തുടങ്ങി . “അടിപൊളിയായിട്ടുണ്ട്……. ”

തന്റെയടുത്തു വന്നവൾ നിന്നതും , വിശ്വ അവൾക്ക് മാത്രം കേൾക്കാനെന്ന വണ്ണം തന്റെ ചുണ്ടനക്കി . വിശ്വയുടെ കൈയിലേക്ക് താലി എടുത്തു കൊടുക്കുന്ന പൂജാരിയെ കണ്ടു അനുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി . തന്റെ അച്ഛന്റെയടുത്തേക്ക് എല്ലാം ഇട്ടെറിഞ്ഞു ഓടാൻ കാലുകൾ വെമ്പുന്നപ്പോലെ . തങ്ങളെ തന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ശങ്കറിനെ കണ്ടതും അനുവിന്റെ കണ്ണുകൾ ചെറുതായി നിറയാൻ തുടങ്ങി . തന്നെ തന്നെ വല്ലാത്തൊരു നീറ്റലോടെ നോക്കി കൊണ്ടിരിക്കുന്ന അനുവിനെ കണ്ടതും , ശങ്കർ അവളുടെ നേരെ കരയരുതെന്ന രീതിയിൽ കണ്ണ് ചിമ്മി കാണിച്ചു .

കരയരുതെന്ന രീതിയിൽ തന്നെ നോക്കി കണ്ണടച്ചു കാണിക്കുന്ന ശങ്കറിനെ കണ്ടതും അവൾ പതിയെ തന്റെ കണ്ണുകളടച്ചു , ഒരു ദീർഘനിശ്വാസമെടുത്തവൾ പതിയെ തന്റെ കണ്ണുകൾ തുറന്നതും , കണ്ടത് പുഞ്ചിരിച്ചു കൊണ്ട് തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വിശ്വയെയാണ് . “നീലി……. ” അവളുടെ മൂക്കിൽ തുമ്പിൽ ബാക്കിയുള്ള സിന്ദൂരം പതിയെ തൊട്ടുക്കൊണ്ടവൻ വിളിച്ചതും അനു പുഞ്ചിരിച്ചു . തുടരും

അനു : ഭാഗം 51

Share this story