മഴയേ : ഭാഗം 27

മഴയേ : ഭാഗം 27

എഴുത്തുകാരി: ശക്തി കല ജി

നിള കരച്ചിലോടെ കാര്യങ്ങൾ വിശദിക്കരിക്കുകയാണ്… കീറിയ ഷാളിൻ്റെ ഭാഗമൊക്കെ അവൾ ഉയർത്തി കാണിക്കുന്നുണ്ട്….മുത്തശ്ശനും ഹരിനാരായണദ്ദേഹവും ശ്രദ്ധയോടെ കേട്ടു നിൽക്കുന്നുണ്ട്….. ഉണ്ണിയെ കണ്ടതും നിളയുടെ കരച്ചിലിൻ്റെ ശക്തി കൂടി…. അപ്പോഴാണ് അവൻ വേറൊരു കാര്യം ശ്രദ്ധിച്ചത്….. നിളയുടെ വലത് കൈയ്യിലെ പൊള്ളൽ ഇല്ല…. മാഞ്ഞു പോയിരിക്കുന്നു… അതെങ്ങനെ… മുത്തശ്ശൻ്റെ നോട്ടം അവനിലേക്കാണ് …. മിഴികളിൽ ദേഷ്യഭാവം കണ്ട് ഉണ്ണി പതറിപ്പോയി….

എന്തായാലും ഇന്ന് തൻ്റെ കാര്യത്തിൽ ഒരു തീരുമാനമാവും…. കാരണം അവൾ കരച്ചിലിൻ്റെ ശബ്ദം കൂട്ടുന്നതല്ലാതെ കുറയ്ക്കണമെന്ന ഒരു ഭാവമില്ലായിരുന്നു…. എങ്കിലും ധൈര്യം സംഭരിച്ച് മുത്തശ്ശനരുകിലേക്ക് പോയി… ” ഉണ്ണി.. നിളയുടെ ഒരു ബാഗ് കാണുന്നില്ല… ആ ബാഗിലുള്ള മാന്ത്രിക ശക്തിയുള്ള പുഷ്പങ്ങൾ ആണ് ആരോ ഉത്തരയെ അപകടപ്പെടുത്താൻ ഉപയോഗിച്ചത്… അതിൽ നിളയ്ക്ക് യാതൊരു പങ്കുമില്ല…. പങ്കുണ്ടായിരുന്നെങ്കിൽ ഉണ്ണിയുടെ മന്ത്രത്തിൻ്റെ മുൻപിൽ അവൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലായിരുന്നു….

അതു കൊണ്ട് അവളെ ഇനി ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട….. പിന്നെ നഷ്ടപ്പെട്ട ബാഗിൽ ഹരിനാരായണൻ നിളയുടെ സ്വയരക്ഷയ്ക്കായി കൊടുത്ത കുറച്ച് മന്ത്രവിദ്യകളാണ്…. ഹരിനാരായണൻ ഇപ്പോൾ തന്നെ അതിൻ്റെ മന്ത്രശക്തികൾ ഇല്ലാതാക്കും…. പക്ഷേ മന്ത്രശക്തി ഇല്ലാതാക്കി എന്ന് നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല…. എന്നാലെ മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടു പിടിക്കാൻ കഴിയു… “…. പിന്നെ നിളയെ ശത്രുവായി കാണണ്ട…. ” മുത്തശ്ശൻ താക്കീതെന്ന പോലെ ഉണ്ണിയോട് പറഞ്ഞു… “ശരി മുത്തശ്ശാ ”

കുടുതൽ വിശദീകരിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഉണ്ണി തിരിച്ച് നടന്നു… എന്നാലും ഒരൽപം ആശ്വാസം തോന്നി… നിള മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടില്ല….. താൻ ഉപദ്രവിച്ചത് നിള പറഞ്ഞ് അറിഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ല മുത്തശ്ശൻ തന്നോട് പെരുമാറുക… നിള പറയുന്നതിൽ സത്യമുണ്ടെങ്കിൽ താനവളോട് ചെയ്തത് തെറ്റായിപ്പോയി…. പക്ഷേ അവളെ വിശ്വസിക്കാമോ എന്നറിയില്ല…. അവളുടെ നിറഞ്ഞ കണ്ണുകൾ അവൾ നിരപരാധിയാണ് എന്ന് മനസ്സിൽ തോന്നിപ്പിച്ചിട്ടുo ദേഷ്യപ്പെടാനാണ് തോന്നിയത്….

തൻ്റെ മനസ്സിൽ ഉത്തരേച്ചിയെ അപകടപ്പെടുത്തിയവരെ എങ്ങനെയും കണ്ടെത്തണം എന്ന ചിന്ത മാത്രമുണ്ടായിരുന്നുള്ളു….. ഒന്നും കണ്ണിന് കാണാതെ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്…. ഒരോന്നാലോചിച്ച് മുറിയിൽ എത്തിയപ്പോൾ അവിടെ നിവേദ നിൽക്കുന്നുണ്ട്… “എന്താ ചേച്ചിയുടെ അങ്കം കഴിഞ്ഞ് അനിയത്തി പോരിന് വന്നിരിക്കുകയാണോ ” ഉണ്ണി നീരസത്തോടെ ചോദിച്ചു… ” അത് ചെയ്തത് ചേച്ചിയല്ല…. ചേച്ചിയെ തെറ്റിദ്ധരിക്കല്ലേ…. ബാഗ് നഷ്ടമായത് സത്യമാണ് ” എന്ന് നിവേദ അപേക്ഷ സ്വരത്തിൽ പറഞ്ഞു….

“ബാഗ് നഷ്ട്ടപ്പെട്ടതാണ് എന്ന് നിനക്ക് എങ്ങനെയറിയാം…” ഉണ്ണി സംശയത്തോടെ പറഞ്ഞു…. ” അത് പിന്നെ… രാത്രിയിൽ മുറിയിൽ വേറെ ഒരാളുടെ സാന്നിദ്ധ്യം ഞാനറിഞ്ഞിരുന്നു…. അതും എനിക്ക് പരിചയമുള്ളയാളുടെ…. പക്ഷേ അതാരാണ് എന്ന് ഞാൻ നോക്കും മുന്നേ ഞാൻ മയങ്ങി പോയിരുന്നു…. ” നിവേദമുഖം കുനിച്ചു… “എന്നിട്ടത് ഇത് വരെ എന്നോട് എന്താ പറയാതിരുന്നത് നിവേദ” നിള കതകിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു…. ഉണ്ണി നിളയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… കീറിയ ഷാൾ മാറ്റി പകരം മറ്റൊന്ന് ധരിച്ചിട്ടാണ് വന്നിരിക്കുന്നത്… ഗൗരവത്തിലാണ് നിൽപ്പ്…. ”

ചേച്ചിയോട് രാവിലെ പറയാൻ തുടങ്ങുമ്പോഴാണ് കൈയ്യിൽ പൊള്ളലേറ്റത്…. ഞാൻ ഭയന്നു പോയി.. ഞാൻ വിചാരിച്ചു ആരോ മുറിയിൽ മറഞ്ഞിരുന്ന് ആക്രമിക്കുന്നു എന്നാ…” നിവേദ പറഞ്ഞു… “എനിക്ക് പറയാനുള്ളത് മുത്തശ്ശനോടും ഹരിനാരായണദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്…. അവർക്ക് എന്നെ വിശ്വാസമാണ്… എനിക്കവരെ മാത്രം ബോധിപ്പിച്ചാൽ മതി… ” വേറെ ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല”… എന്ന് നിള ദേഷ്യത്തോടെ പറയുമ്പോൾ ഉണ്ണി അവളെ നോക്കി നിന്നു… അവളുടെ അധരങ്ങൾ കോപം കൊണ്ട് വിറയ്ക്കുകയാണെങ്കിലുo മിഴികൾ നിറയുന്നുണ്ട്…. ” എന്നാൽ വാ ചേച്ചി പോകാം…

ഇനി ഇതിൻ്റെ പേരിൽ ചേച്ചിയെ ഉപദ്രവിക്കല്ലേ… കുറച്ച് ദേഷ്യമുണ്ടെന്നെയുള്ളു പാവമാ” നിവേദ അപേക്ഷ സ്വരത്തിൽ പറഞ്ഞു… ” പാവമാണ് എന്ന് എനിക്കിന്ന് മനസ്സിലായി… വേഗം പോയ്ക്കേ എനിക്ക് നിലവറയിലേക്ക് പോകാൻ സമയമായി…. കതക് നല്ലത് പോലെ പൂട്ടിയില്ലെൽ ആരേയും കയറിയിരിക്കും ” എന്ന് ഉണ്ണി കുസൃതി ചിരിയോടെ നിളയെ നോക്കി പറഞ്ഞു…. “വാ… നമ്മുക്ക് പോവാം…” എന്ന് പറഞ്ഞ് നിള നിവേദയുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് നടന്നു തുടങ്ങി.. നിവേദയുടെ കൈയ്യിൽ പിടിച്ച് മുമ്പോട്ടു നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ പിൻതിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു …

ആ കണ്ണുകളിൽ അപ്പോൾ ദേഷ്യഭാവം കണ്ടെത്താൻ കഴിഞ്ഞില്ല പകരം മറ്റൊരു കൗതുകം നിറഞ്ഞിരുന്നു.. ഉണ്ണി അവളെ തന്നെ നോക്കി നിന്നു…. അവർ രണ്ടുപേരും കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞിട്ടും അവൻ അതേ നിൽപ്പ് തുടർന്നു എന്തൊക്കെയാണ് നടക്കുന്നത്…. മനസ്സിരുത്തി ഒരു കാര്യങ്ങളും ചെയ്യാൻ കഴിയുന്നില്ല…. ചിലപ്പോൾ കുഴപ്പങ്ങൾ എല്ലാം നടത്തുന്നത് രുദ്രൻ തന്നെയാവണം… തറവാട്ടിൽ ഉള്ളവരുടെ കൂടുതൽ ശ്രദ്ധ തിരിച്ചിട്ട് രുദ്രന് വേറെന്തെങ്കിലും ഗൂഢമായ ലക്ഷ്യം സാധിക്കാൻ ഉണ്ടായിരിക്കും… അതുകൊണ്ട് ഇന്നുമുതൽ കൂടുതൽ ജാഗ്രതയോടെ ഇരിക്കണം…

വ്രതത്തിൻ്റെ മൂന്നാം ദിവസം ആയപ്പോഴേക്കും രുദ്രന് ഭയം തോന്നി തുടങ്ങിയിരിക്കണം… അവൻ വ്രതം മുടക്കാൻ വേണ്ടി പല വഴികളും നോക്കും… വേണമെങ്കിൽ ഒരു ജീവൻതന്നെ ഇല്ലാതാക്കാനും അവൻ മടിക്കില്ല.. അത് നേരിട്ട് കണ്ട് അറിഞ്ഞവൻ ആണ് അച്ഛൻ്റെ അവസാനത്തെ നിമിഷങ്ങൾ കൺമുന്നിൽ തെളിഞ്ഞു വന്നു… :രുദ്ര നിൻ്റെ പകയുടെ അവസാനം എൻ്റെ ജീവനിൽ തീരണം.. എൻ്റെ ജീവൻ മാത്രം എടുത്തുകൊള്ളുക… എൻ്റെ മക്കളെ ഉപദ്രവിക്കരുത് “ഇതാണ് അച്ഛൻ പറഞ്ഞ അവസാന വാചകം… പിന്നീട് ഒന്നും മിണ്ടാതെ നോക്കി കിടന്നു.. ഉത്തരേച്ചി വന്നപ്പോൾ പിന്നീട് ഒന്നും സംസാരിച്ചില്ല….

അത് മനസ്സിലങ്ങനെ മായാതെ കിടക്കുകയാണ്… അത് കഴിഞ്ഞാണ് രുദ്രനെ തേടി ഇറങ്ങിയത്.. അന്വേഷണം അവസാനം കാർത്തികദീപം തറവാട്ടിൽ എത്തി നിന്നു… അന്നുമുതൽ മനസ്സു കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുപ്പ് തയ്യാറെടുക്കുകയായിരുന്നു ഈ തറവാട്ടിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി … ദൈവം തന്നെ അതിനുള്ള വഴി കാണിച്ചു തന്നു.. അമ്മയും മുത്തശ്ശനും ഉത്തരേച്ചിയേയും എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും എന്ന് ആശങ്കയുണ്ടായിരുന്നു .. രുദ്രനും ആക്രമണത്തിൽ അച്ഛനും മുത്തച്ഛനും പരിക്കേറ്റപ്പോൾ ഗൗതമേട്ടൻ കൃത്യസമയത്ത് ഉത്തരേച്ചിയെ തറവാട്ടിലെത്തിച്ചത് കൊണ്ടുമാത്രമാണ് ചേച്ചിയുടെ ജീവൻ നഷ്ടമാകാതെ ഇരുന്നത് എന്ന് നന്നായിട്ട് അറിയാം ..

രുദ്രൻ ആക്രമിച്ച സമയത്ത് ഉത്തരേച്ചിയും താനും തറവാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ അയാൾ ഉറപ്പായും ഞങ്ങളുടെ മരണം ഉറപ്പുവരുത്തിയിട്ടേ മടങ്ങി പോകുകയുള്ളു… അതും ഒരു ദൈവനിയോഗം ആണ് ദേവി കാത്തു ജീവൻ രക്ഷിച്ച കിട്ടിയത് തന്നെ ഭാഗ്യം…. ഗൗതം മുറിയിലേക്ക് വന്നപ്പോൾ ഉണ്ണി എന്തോ ചിന്തിച്ചു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്… ഗൗതം അടുത്തെത്തിയത് പോലും ഉണ്ണി അറിഞ്ഞില്ല ” എന്തോ ചിന്തയിലാണല്ലോ….ഉണ്ണി ഇനി അടുത്ത മന്ത്ര പഠനത്തിനുള്ള സമയമായി …

ഉത്തര നിലവറയിലെ മുറിയിൽ നല്ല ഉറക്കമാണ് അതുകൊണ്ടാണ് വിളിക്കാതെ പോന്നത് “ഗൗതം ചിരിയോടെ പറഞ്ഞു “ഓരോന്ന് ആലോചിച്ചു നിന്ന് പോയതാണ് നിവേദയുടെ ഭാഗത്ത് തെറ്റില്ലെന്നാണ് മുത്തശ്ശൻൻ പറയുന്നത്… പക്ഷേ അവളുടെ കയ്യിലെ പാടും മാഞ്ഞുപോയ് …. അവളുടെ ബാഗ് നഷ്ടമായി എന്നുപറയുന്നു… ബാഗ് ആര് എടുത്തു കാണും എന്നൊക്കെ പല സംശയങ്ങൾ മനസ്സിലങ്ങനെ കറങ്ങി തിരിയുകയാണ്…. ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കും… അതുമല്ല ഇന്നലെ വേറെ ആരുടെയോ ഒരു സാന്നിധ്യം അവരുടെ മുറിയിൽ അറിഞ്ഞു എന്നും നിവേദ പറയുന്നുണ്ട് ഓരോ ചിന്തകൾ ഇങ്ങനെ മനസ്സിൽ കുമിഞ്ഞുകൂടി കിടക്കുകയാണ്..

ഒന്നിനും ഉത്തരം കിട്ടുന്നില്ല .. “ഉണ്ണി നിരാശയോടെ പറഞ്ഞു “അതൊക്കെ കിട്ടും നമ്മൾ അന്വേഷിച്ചാൽ തെളിവു കിട്ടുo പക്ഷേ നിവേദ പറയുന്നത് അതുപോലെ വിശ്വസിക്കാൻ പറ്റില്ല… അതുപോലെ ഉത്തരേയും നിളയേയും ശ്രദ്ധയോടെ നോക്കണം .. പ്രത്യേകിച്ച് നിളയുടെ കാര്യം . നിളയുടെ സുരക്ഷയ്ക്ക് വേണ്ടി അച്ഛൻ കൊടുത്തിരുന്നത് എല്ലാം നഷ്ടപ്പെട്ടു… അതുകൊണ്ട് നിളയുടെ കാര്യത്തിലും നമ്മൾ ശ്രദ്ധ കൊടുക്കണം…. അവൾക്ക് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്… കാരണം ഉത്തരയെ ഒന്നും ചെയ്യാൻ പറ്റാത്തിൻ്റെ ദേഷ്യം നിളയിലൂടെ നേടാനും ശ്രമിക്കും…..

ചിലപ്പോൾ അപകടപെടുത്താൻ ആവും ഇങ്ങനെയൊരു കാര്യം രുദ്രൻ സഹായികളെ കൊണ്ട് ചെയ്യിപ്പിച്ച് ആണെങ്കിലോ… അങ്ങനെയും നമുക്ക് ചിന്തിക്കേണ്ടതുണ്ട് .. എങ്ങനെയാണെങ്കിലും നമ്മൾക്ക് നിളയും ഉത്തരയും ഒരുപോലെയാണ് രണ്ടുപേരെയും സംരക്ഷിക്കേണ്ട ചുമതല ഇപ്പോൾ നമുക്ക് ഉണ്ട് : അതുകൊണ്ട് ഉണ്ണിയുടെ ശ്രദ്ധ എപ്പോഴും നിളയിൽ ഉണ്ടാവണം… കുറച്ച് ദേഷ്യം ഉണ്ടെന്നേ ഉള്ളൂ അവളെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല … ഞങ്ങൾക്ക് പിറക്കാതെ പോയ അനിയത്തിക്കുട്ടിയാണ്..സ്നേഹമാണ് മനസ്സുനിറയെ ..”.. എന്ന് പറഞ്ഞുകൊണ്ട് ഗൗതം ചിരിച്ചു “ശരിയാണ് ഇച്ചിരി ദേഷ്യം കൂടുതലാണ്..

കുറച്ചു വാശിയും “എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിയും ചിരിച്ചു ….അവർ രണ്ടുപേരും നിലവറയിലേക്ക് നടന്നു ഉത്തരയ്ക്ക് ക്ഷീണം ഉണ്ടെങ്കിൽ കിടന്നോട്ടെ എന്ന് വിചാരിച്ച് അവർ രണ്ടുപേരും മാത്രം പഠനം തുടർന്നു… മുത്തശ്ശനും ഹരിനാരായനദ്ദേഹവും ഹോമകുണ്ഡത്തിലെ പൂജയിൽ ശ്രദ്ധിച്ചു… ഇതേസമയം രുദ്രൻ്റെ താവളത്തിൽ അവൻ്റെ താവളത്തിൽ ഹോമകുണ്ഡത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നിട്ടും അയാളുടെ മുൻപിൽ തെളിയിച്ച് വച്ചിരിക്കുന്ന നിലവിളക്കുകളിലെ ദീപം ഓരോന്നായി അണഞ്ഞുപോകുന്നത് അയാൾ പകയോടെ നോക്കിയിരുന്നു …

ഇനി ഹോമകുണ്ഡപൂജ രക്ഷയില്ല .. മറ്റൊരു ഉപായം കണ്ടെത്തേണ്ടിയിരിക്കുന്നു… ഇനി നേരിട്ട് തന്നെ ഇറങ്ങണം എന്നാലേ കാര്യങ്ങൾ നടക്കുകയുള്ളൂ.. സഹായികളെ കൊണ്ട് ഒരു ഉപാകരവുമില്ല… ചെയ്യുന്നതെല്ലാം പരാജയപ്പെടുകയാണ്.. ആദ്യം കിരണിനെ തൻ്റെ വശത്താക്കിയെങ്കിലും കുഞ്ഞു ദേവി അവനെ അപകടപ്പെടുത്തി.. പിന്നെ നിവേദ അവൾ തന്നെ തേടി വന്നതാണ്… അവളുടെ ആഗ്രഹം സാധിക്കാൻ…. അവളെ വച്ച് കുറച്ച് ശ്രമിച്ചതാണ്.. ദീക്ഷയെ നിവേദയിൽ പ്രവേശിപ്പിച്ച് ഉത്തരയുടെ കഴുത്തിലെ മാല കൈക്കലാക്കാൻ ശ്രമിച്ചതാണ്..

പക്ഷേ ഗൗതം ദീക്ഷയെ വകവരുത്തി… എന്തായാലും ഉടനെ ഒരു ആക്രമണം പറ്റില്ല കാത്തിരിക്കേണ്ടിവരും… എങ്ങനെയെങ്കിലും വ്രതം മുടക്കാൻ ശ്രമിക്കണം.. നിവേദയെ താൻ കരുവാക്കി വെച്ചിരുന്നതാണ്… അവളും ഇപ്പോൾ അവരുടെ ചൊൽപ്പടിക്കാണ് എങ്കിലും ഒന്നുകൂടി ശ്രമിച്ചാൽ നിവേദയിലൂടെ തറവാട്ടിലേക്ക് പ്രവേശിക്കാനാകും… അതിനുള്ള വഴി നോക്കണം അയാൾ പകയോടെ പൊട്ടിചിരിച്ചു അപ്പോൾ ആ വാതിലിന് മറവിൽ നിന്ന് സ്ത്രീ അവൻ്റെ മുൻപിലേക്ക് വന്നു …അവൻ്റെ അമ്മയാണ് അവർ അവനെ ജന്മം കൊടുത്തത് ഓർത്ത് അവർ ഇപ്പോഴും നീറി വിഷമിക്കുന്നുണ്ട് “ആ കുടുംബം മൊത്തം ഇല്ലാതാക്കിയിട്ട് എന്തു നേടാനാണ്..

അത് നിൻ്റെ കുടുംബം തന്നെയല്ലേ …. ഇപ്പോഴും ഞാൻ പറയുകയാണ് ഈ ദുർമന്ത്രവാദം എല്ലാം വിട്ടു നമുക്ക് തിരിച്ചു തറവാട്ടിലേക്ക് പോയാൽ അവർ സന്തോഷത്തോടെ നമ്മളെ സ്വീകരിക്കും … എല്ലാം നിർത്തി നല്ല മനുഷ്യൻ ആകാൻ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും “എന്നാൽ സ്ത്രീ കരഞ്ഞുകൊണ്ടു പറഞ്ഞു “എങ്കിൽ അവർ എന്നോട് ചെയ്തത് എല്ലാം മറക്കണം അല്ലേ… മന്ത്രശക്തി മുഴുവൻ എൻ്റെ കയ്യിൽ തന്നാൽ ഞാൻ തിരിച്ച് തറവാട്ടിലേക്ക് മടങ്ങാം…. അത് സാധിക്കുമോ .. എന്നെ അപമാനിച്ചു ഇറക്കി വിട്ടപ്പോൾ അവിടെ തടഞ്ഞുനിർത്താൻ ആരും ഇല്ലായിരുന്നല്ലോ.’

അങ്ങനെയുള്ള തറവാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ എനിക്ക് അവിടുത്തെ അധിപൻ ആയിട്ട് വേണം തിരിച്ചുപോകാൻ.. .. അല്ലാതെ ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല അതോടൊപ്പം ഞാൻ നല്ലവനാകാൻ ആഗ്രഹിക്കുകയും അരുത് ..അത് ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് ” എന്ന് പറഞ്ഞു കൊണ്ട് രുദ്രൻ തിരിച്ച് ഹോമകുണ്ഡത്തിന് മുമ്പിൽ വന്നിരുന്നു മന്ത്രോച്ചാരണം തുടങ്ങി .: പുറത്തു ഭയാനകമായ ഇടി മുഴങ്ങുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തു… അവർ ദുഃഖത്തോടെ ഒരു മുറിയിൽ ഒതുങ്ങിക്കൂടുകയായിരുന്നു തൻ്റെ മകന് നല്ല ബുദ്ധി കൊടുക്കണേ ദേവീ എന്ന് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു…

ഇല്ലാത്ത പകയുണ്ടാക്കി ആ കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മകനെ ഓർത്ത് ആ സ്ത്രീയുടെ മനസ്സ് നീറി പുകഞ്ഞുകൊണ്ടിരുന്നു… അയാൾ വീണ്ടും കൊടുംങ്കാറ്റുവേഗത്തിൽ ആ സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞു വന്നു… ” അമ്മ പറഞ്ഞത് ശരിയാ… ഞാൻ വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കാൻ പോവാ.. അതിനുള്ള പെണ്ണിനെയും ഞാൻ കണ്ടു പിടിച്ചു… മകം നാളിൽ പിറന്ന മങ്കയുടെ രുപം ഇപ്പോൾ എൻ്റെ മാന്ത്രിക ശക്തിയിൽ കണ്ടതേയുള്ളു… അവൾ എൻ്റെ ഭാര്യയായാൽ ഈ ലോകം തന്നെ എൻ്റെ കാൽകീഴിലാവും… ” അയാൾ അട്ടഹാസത്തോടെ പറഞ്ഞു.. ” ഇത്രയും വർഷത്തിൽ ഇങ്ങനെയൊരു ബുദ്ധി തോന്നിയത് അതിശയം….

ഇത്രയും പ്രായം കഴിഞ്ഞു ഒരു വിവാഹമോ… അത് സാധ്യമാണോ… പാവം ആ പെണ്ണിൻ്റെ ദുർവിധി.. നീ ഒരിക്കലും നല്ലവനായി മാറില്ല എന്ന് ഈ പെറ്റ വയറിനറിയാം… ” അവർ പുച്ഛത്തോടെ പറഞ്ഞു… ” ഞാൻ ആ പെണ്ണിനെയും കൊണ്ടുവരുന്ന ദിവസം വിവാഹം…നിങ്ങൾ അത് വരെ എൻ്റെ തടവറയിൽ ആവും ” എന്ന് പറഞ്ഞു കൊണ്ട് അയാൾ വാതിൽ അടച്ചു പൂട്ടി.. “അതെ കെട്ടി ഭാര്യയായി വഴിക്കാനല്ല…. ബലി കൊടുക്കാൻ ഒരു പെണ്ണ് … മകം നാളിൽ പിറന്നവൾ” അയാളുടെ മിഴികൾ തിളങ്ങി… * * * * * * * * * * * * * * * * * * * * * * * * * * ഗൗതമവും ഉണ്ണിയും ശ്രദ്ധയോടെ മാത്രം പഠനം തുടർന്നു … “നിങ്ങൾ രണ്ടുപേരും ഉച്ചക്ക് ശേഷം അതീവശ്രദ്ധയോടെ വേണം ഇരിക്കാൻ…

മൂന്നാമത്തെ ദിവസം പകൽ കൂടെ ഉത്തര നിലവറയിൽ കഴിഞ്ഞാൽ മതി .. ..അത് കഴിഞ്ഞാൽ അവൾ കൂടുതൽ സുരക്ഷിതയാണ്… നാളെ പകൽ മുതൽ തറവാട്ട് മുറ്റത്തും ഒക്കെ ഇറങ്ങി നടക്കാം… രാത്രി നിലവറയിൽ തന്നെ താമസിക്കണം… തറവാടിനുള്ളിൽ എവിടെ പോകാനും ഉത്തരയ്ക്ക് അനുവാദമുണ്ട്.. പക്ഷേ പടിപ്പുരയ്ക്ക് പോകാനുള്ള അനുവാദം ഇല്ല അറിയിക്കണം…. എന്ന് മുത്തശ്ശൻ പറഞ്ഞു … “ശരി ഞാൻ ഉത്തരയോട് പറയാം.. ” ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ സമയമായി… ഞാൻ ഉത്തരയ്ക്കുള്ള ഭക്ഷണം എടുത്ത് കൊടുക്കണം” എന്ന് പറഞ്ഞ് ഗൗതം എഴുന്നേറ്റു.. ഉണ്ണിയും എഴുന്നേറ്റു…

പതിവ് പോലെ അടുക്കളയിൽ ഉത്സവം പോലെ തിരക്ക് തുടങ്ങി.. നിളയും നിവേദയും ഭക്ഷണം വിളമ്പാൻ സഹായിച്ചു… മാധവും മീരയും വിഷ്ണുവിനെ വിൽചെയറിൽ നിന്ന് പിടിച്ച് കസേരയിൽ ഇരുത്തി… എല്ലാവരുo സന്തോഷത്തോടെ ഊണ് കഴിക്കാനിരുന്നു… ഗൗതം ഉത്തരയ്ക്കും അവനുമുള്ള ഭക്ഷണവുമായി നിലവറയിലേക്ക് പോയി… നിലവറയിലെ മുറിയിൽ വന്നപ്പോൾ ഉത്തര ഉണർന്നിരുന്നു… മുഖത്തെ ക്ഷീണമൊക്കെ കുറഞ്ഞു എന്നവന് തോന്നി.. അവൻ ഒന്നും മിണ്ടാതെ ഭക്ഷണം അവളുടെ മുൻപിൽ വച്ചു…. തീർത്ഥം എടുത്ത് കൊണ്ട് വന്ന് മന്ത്രo ഉച്ചരിച്ചു കൊണ്ട് കുടഞ്ഞു… രണ്ടു പേരും പരസ്പരം ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു തീർത്തു…. ”

മൂന്നാം ദിവസത്തെ വ്രതം ഇന്ന് രാത്രി കൊണ്ട് പൂർത്തിയാകും…. നാളെ പകൽ ഉത്തരയ്ക്ക് നിലവറയിൽ നിന്ന് പുറത്തിറങ്ങാം… രാത്രി നിലവറയിൽ തന്നെ കഴിയണം എന്ന് മുത്തശ്ശൻ പറഞ്ഞു…. “എനിക്കിവിടെ തന്നെയിരുന്നാൽ മതി…. ആരേയും കാണണ്ട… ഇവിടെ ഉള്ളവർ എൻ്റെയാരുമല്ല ” ഉത്തര നിർവികാരതയോടെ പറഞ്ഞു….. അവളുടെ മിഴികൾ നിറഞ്ഞതും ഗൗതം അവളെ ചേർത്തു പിടിച്ചു…. ” അപ്പോൾ ഞാൻ ആരും അല്ലെ…. ” ഗൗതം അവളുടെ കാതോരം മൊഴിഞ്ഞു… ” നഷ്ട്ടപ്പെടാൻ പോകുന്നതിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന വിഡ്ഢിയാവാൻ ഞാനില്ല” എന്ന് പറയുമ്പോഴും അവൾ അവനിൽ നിന്ന് അകലാൻ ശ്രമിച്ചില്ല….

“കുഞ്ഞു ദേവി നമ്മുടെയൊപ്പം ഉണ്ടാവും” എന്ന് ഗൗതം പറയുമ്പോൾ കുഞ്ഞു ദേവിയുടെ മിഴികൾ ചിമ്മുന്നുണ്ടായിരുന്നു….. “എനിക്ക് അമ്മയെ കാണണം” എന്ന് പറയുമ്പോൾ ഉത്തരയുടെ മിഴികൾ നിറഞ്ഞു… “വിഷമിക്കല്ലേ .., ഇവിടെ ഉണ്ണിയുണ്ട്.., എൻ്റെ അമ്മയുണ്ട്… മുത്തശ്ശിയുണ്ട്… എല്ലാരും ഉണ്ട് ഉത്തരയുടെ കൂടെ… പിന്നെ ഞാനുണ്ട്… ” ഇപ്പോൾ ഒന്നും കാടുകയറി ചിന്തിക്കണ്ട… ചില രഹസ്യങ്ങൾ വ്രതം തീരുന്നത് വരെ ആരും അറിയാൻ പാടില്ല…. അത് കൊണ്ടുള്ള തെറ്റിദ്ധാരണകളാണ് എല്ലാം…. “..

നമ്മുടെ വഴക്കെല്ലാം മാറ്റി വച്ച് വേഗം വന്നേ രാവിലെ പഠിക്കാതെ ഉഴപ്പി… അത് ഉച്ചകഴിഞ്ഞ് പഠിച്ചേ പറ്റു… ഇന്നത്തേ മന്ത്രം ഉണ്ണി പഠിച്ചു…. ഉത്തര ഇന്നുതന്നെ പഠിക്കണം… അന്നന്നുള്ളത് അന്നന്ന് പഠിച്ചില്ലേൽ ചൂര വടിയെടുക്കുo കേട്ടോ ” എന്ന് പറഞ്ഞ് അവൻ അവളുടെ ചെവിയിൽ നുള്ളി….. ഉത്തര വേഗം എഴുന്നേറ്റു മന്ത്ര പഠനത്തിന് തയ്യാറയി… കർക്കശക്കാരനായ മാഷിന് മുൻപിൽ ഉത്തര മന്ത്ര പഠനം തുടങ്ങി… അന്നത്തെ ദിവസം രാത്രി എല്ലാവരും ശാന്തമായി ഉറങ്ങി….. ഉണ്ണി മാത്രം തറവാടിന് കാവലായ് ഉറങ്ങാതെയിരുന്നു… തുടരും

മഴയേ : ഭാഗം 26

Share this story