വീണ്ടും : ഭാഗം 2

വീണ്ടും : ഭാഗം 2

എഴുത്തുകാരി: ആഷ ബിനിൽ

വണ്ടിയുടെ ശബ്ദം കേട്ടതേ മീരയും സായുവും അകത്തുനിന്ന് ഓടി ഇറങ്ങിവന്നു. “ഈ വയറും വച്ചിങ്ങനെ ഓടാതെ പെണ്ണേ..” ഞാനവളുടെ ഉദരത്തിൽ മെല്ലെ തലോടി. “ഇന്നെങ്കിലും വന്നല്ലോ. അമ്മ പറഞ്ഞപ്പോഴും ഞാൻ വിചാരിച്ചു പറ്റിക്കൂന്ന്…” അവളുടെ പരിഭവത്തിന് മറുപടി കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ കയ്യിലിരുന്ന് ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ അച്ഛൻ ആണ്. എത്രയോ കാലങ്ങൾക്ക് ശേഷമാണ് അച്ഛനെന്നെ ഫോണിൽ വിളിക്കുന്നത്..! ഞാനവരെ ഫോൺ ഉയർത്തി കാണിച്ചു. അമ്മയും സായുവും മീരയും ചിരിയോടെ തലയാട്ടി. അപ്പുറത്ത് നിന്ന് വരാൻ പോകുന്നതെന്താണെന്ന് അവർക്ക് വ്യക്തമായി അറിയാം.

മുകളിലെ റൂമിലെത്തും വരെ മൂന്ന് തവണ ഫോൺ ബെല്ലടിച്ചു നിൽക്കുന്നത് ഞാൻ ഒരുതരം ആത്മനിർവൃതിയോടെ നോക്കിനിന്നു. ഒരു കാലത്ത് ഞാനെത്ര കൊതിച്ചതാണ് ഇങ്ങനൊരു വിളിക്ക്..! “നീയതെവിടെ പോയി കിടക്കുവാ വേണി..? എത്ര നേരമായി ഞാൻ വിളിക്കുന്നു?” ഫോണെടുത്തപാടെ അച്ഛൻ ചോദിച്ചു തുടങ്ങി. “ഞാൻ ഇന്ദീവരത്തിൽ വന്നതാണ് അച്ഛാ. ഫോൺ ബാഗിൽ ആയിരുന്നു. റിങ് ചെയ്യുന്നത് കേട്ടില്ല.” ശാന്തമായ എന്റെ സ്വരം അച്ഛനെ കൂടുതൽ പ്രകോപിപ്പിച്ചു എന്നു തോന്നി. “നീ എന്തിനാ അവിടെ പോയത്..? അഭയത്തിലേക്ക് പോയ്‌കൂടായിരുന്നോ നിനക്ക്..? അല്ലെങ്കിൽ സുധീഷിനൊപ്പം പോയ്‌കൂടെ? ഒരു ബന്ധവും ഇല്ലാത്തവരുടെ വീട്ടിൽ കടിച്ചു തൂങ്ങാൻ നാണമില്ലേ നിനക്ക്..?”

എന്നാലും ജനിപ്പിച്ച മകളെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കരുത്. കുറച്ചിലാകും. എനിക്ക് പുച്ഛം തോന്നി. “അച്ഛനെന്താ വിളിച്ചത്..?” അതോടെ അച്ഛൻ കൂടുതൽ പ്രകോപിതനായി. “ഞാൻ നിന്റെ അച്ഛൻ ആണ് വേണി. നിന്നെ വിളിക്കാൻ എനിക്ക് നേരവും കാലവും നോക്കേണ്ട ആവശ്യമില്ല.” “എന്നുവച്ചാൽ കഴിഞ്ഞ രണ്ടു വർഷം അച്ഛൻ എന്റെ ആരും അല്ലായിരുന്നു എന്നാണോ?” ഇത്തവണ ആളുടെ ദേഷ്യം പരിധി വിട്ടു. “നീയെന്നാ ഇങ്ങനെ സംസാരിക്കാൻ പഠിച്ചത്?” ആ പുച്ഛത്തോടെയുള്ള ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ല. “നീ സുധീഷിനോട് ഡിവോഴ്‌സ് ആവശ്യപ്പെട്ടു എന്നു കേട്ടല്ലോ..? ശരിയാണോ?” “അതേ..” എന്റെ തീരുമാനത്തെ സാധൂകരിക്കുന്ന ന്യായീകരണങ്ങൾ നിരത്തും എന്നാണ് അച്ഛൻ പ്രതീക്ഷിച്ചിട്ടുണ്ടാവുക.

“വേണി.. നീ എന്ത് ഉദ്ദേശത്തിലാ ഈ കളിക്കുന്നത്? ആ അംബികയെ കണ്ടിട്ടാണോ നിന്റെ ചാട്ടം? എടുത്തുചാടി ഓരോന്ന് തീരുമാനിച്ചാൽ അവസാനം ഒരാവശ്യം വരുമ്പോ ഈ പറയുന്ന ആരും കാണില്ല കൂടെ. ഓർത്തോ…” ആരാ ഈ പറയുന്നത്..! എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്. “ഒരാവശ്യം വരുമ്പോ ആരാ കൂടെ ഉണ്ടാവുക എന്നീ രണ്ടു വർഷം കൊണ്ട് ഞാൻ പഠിച്ചു അച്ഛാ… നിങ്ങളൊക്കെ പറയുന്നതനുസരിച്ചു മാത്രമാ വേണി ഇരുപത്തിയഞ്ചു വയസ്സുവരെ ജീവിച്ചത്. എന്നിട്ടും…” എന്റെ സ്വരം കരച്ചിലിൽ നേർത്തുപോയി. എത്ര വേണ്ടെന്ന് വച്ചാലും അറിയാതെ കണ്ണുകൾ പെയ്ത് തുടങ്ങും. “ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം. ഞാനായിട്ട് ജീവിക്കണം. അച്ഛൻ എതിര് പറയരുത്..”

“മോളെ.. വേണി.. ഒരു തീരുമാനം എടുക്കുമ്പോൾ ഒരുപാട് തവണ ആലോചിക്കണം. എനിക്കറിയാം, നിനക്ക് അവനെ കെട്ടാൻ അല്ലെ ഇപ്പോ ഈ ഡിവോഴ്‌സ് തീരുമാനം? അവനൊരു അന്യജാതിക്കാരൻ അല്ലെ മോളെ… അവരുടെ കൂട്ടര് മൂന്നും നാലും ഒക്കെ കെട്ടുന്നതാ…. വേറൊരു പെണ്ണിനെ കിട്ടുമ്പോ അവൻ നിന്നെ ഒഴിവാക്കിയാൽ എന്ത് ചെയ്യും മോളെ നീ..?” എനിക്ക് വീണ്ടും കരച്ചിൽ വന്നു. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെന്നെ മോളെ എന്നൊന്ന് വിളിച്ചത്..! എന്റെ കരച്ചിൽ ആളുടെ മനസിൽ തട്ടിയോ..? ഹേയ്. ഒരിക്കലുമില്ല. അങ്ങനെ ഉണ്ടാകാൻ ആണെങ്കിൽ എന്റെ ഇരവും പകലും കണ്ണീരിൽ കുതിർന്നതാകില്ലായിരുന്നു.

“എനിക്കവനെ വിശ്വാസമാണ് അച്ഛാ… ഇനി അഥവാ ഹാരിസ് ഇല്ലാത്ത ഒരവസ്ഥ വന്നാലും ഒറ്റയ്ക്ക് ജീവിതത്തെ ഫേസ് ചെയ്യാനുള്ള ധൈര്യം വേണിക്ക് ഇപ്പോ ഉണ്ട്… അച്ഛാ… പിന്നെ… ഉപേക്ഷിക്കുന്ന കാര്യം. നമ്മുടെ കൂട്ടര് ആയിട്ടും, അച്ഛന്റെ നിലയ്ക്കും വിലയ്ക്കും പറഞ്ഞയച്ചിട്ടും എനിക്കേറ്റവും ആവശ്യമുള്ള സമയത്ത് സുധീഷ് എന്നെ ഒന്ന് തിരിഞ്ഞു നോക്കിയോ..? ഈ രണ്ടു വര്ഷത്തിന് ശേഷം അയാൾ ഇപ്പോ അച്ഛനെ വിളിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് അച്ഛന് തോന്നുന്നുണ്ടോ? അയാൾക്ക് അയാളുടെ മോളെയും അമ്മയെയും നോക്കാൻ ഒരു ആയയെ വേണം. അതാ അച്ഛാ ഞാൻ… ഇനി അയാളെന്നെ ശരിക്കും സ്നേഹിച്ചാലും, പൊന്ന് കൊണ്ടു തുലാഭാരം നടത്തിയാലും, എന്റെ മനസിലെ മുറിവ് ഉണങ്ങില്ല.

അവിടെ നിൽക്കും തോറും അത് കൂടുതൽ വേദനയേ തരൂ എനിക്ക്. ഇനിയും വയ്യ അച്ഛാ.. ഈ പ്രായത്തിനുള്ളിൽ അനുഭവിക്കാൻ ഉള്ളതെല്ലാം ആയി. ജീവിക്കുന്നത് എന്തിനാണെന്നുപോലും തോന്നിയിട്ടുണ്ട് പലപ്പോഴും… ഹാരിസ് വന്നപ്പോഴാണ് ഈ ജീവിതത്തിനും ഒരു അർത്ഥം ഉണ്ടെന്ന് തോന്നി തുടങ്ങിയത്. ഇനിയെങ്കിലും എന്നെ എന്റെ വഴിക്ക് വിട്ടൂടെ…?” ഒന്നുരണ്ടു നിമിഷത്തെ മൗനത്തിന് ശേഷം മറുവശത്ത് ഫോൺ കട്ട് ആയി. ചിന്തിച്ചു കണ്ണീർ പൊഴിക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ മീര റൂമിലേക്ക് കയറിവന്നു. “എന്ത് പറയുന്നു പുളിക്കൽ ശ്രീധരൻ നമ്പ്യാർ..? പൊളിച്ചെടുക്കിയോ..?” “നീയെന്തിനാ കുഞ്ഞേ ഈ വയറും വച്ചു പടികയറി വന്നേ… ഞാനങ്ങു വരില്ലായിരുന്നോ?” ഞാനവളുടെ കുഞ്ഞു വയറിനെ തഴുകി. ഗർഭിണികളുടെ വയറിനോട് എനിക്കെന്നും വല്ലാത്ത കൊതിയാണ്.

ഒരുപാടിഷ്ടമാണ്, അങ്ങനെ കാണാൻ. ഒരിക്കൽ ഞാനും ഇതുപോലെ…. “ചേച്ചിയെന്താ ഈ ആലോചിക്കുന്നത്? താഴെ അച്ഛനും വന്നു. ചേച്ചി വന്നിട്ട് ചായ കുടിക്കാൻ വെയ്റ്റ് ചെയ്യുവാ എല്ലാവരും…” “നീ പൊയ്ക്കോ… ഞാൻ ചേഞ്ച്‌ ചെയ്തിട്ട് വരാം..” അവളൊന്ന് ചിരിച്ചു. “ഞാൻ പോയാൽ ചേച്ചി ഇവിടെ ഇരുന്ന് കിനാവ് കാണും… ഫ്രഷായി വാ. ഞാൻ ഇവിടെ ഇരുന്നോളം.” കട്ടിലിലേക്ക് ഇരിക്കുന്ന മീരയെ നോക്കി ഞാൻ ഫ്രഷാകാൻ പോയി. അവളുടെ ഭർത്താവിന്റെ മരിച്ചുപോയ ചേട്ടന്റെ ഭാര്യയാണ് ഞാൻ. മലയാള സീരിയൽ കഥകളിൽ ആണെങ്കിൽ എനിക്ക് പണി തരേണ്ട കക്ഷി ആണിത്. ഒരു കലഹത്തിനുള്ള സകല വകുപ്പുമുണ്ട്. പക്ഷെ അവളെന്നും എന്നെ സ്നേഹം കൊണ്ട് തോല്പിച്ചിട്ടേയുള്ളൂ.

അവൾ മാത്രമല്ല, ഈ വീടും. സ്വന്തം വീട്ടിൽ “മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടവ”ളും ഭർത്താവിന്റെ വീട്ടിൽ “വന്നു കയറിയവ”ളും ആയവൾക്ക് സ്വന്തമായി ഒരിടം ഉണ്ടാകുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. 🏵🏵🏵 “അപ്പോ അവസാനം തീരുമാനിച്ചു അല്ലെ..? അത്താഴം കഴിഞ്ഞു പതിവുള്ള ചർച്ചയ്ക്കിടെ അച്ഛൻ ചോദിച്ചു. ആദ്യമൊക്കെ സേതുവച്ചൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. ഇപ്പോ ജന്മം നൽകിയ അച്ഛനേക്കാളും എനിക്കടുപ്പം ഈ മനുഷ്യനോടാണ്. “മ്മം…” ഞാനൊന്ന് മൂളി. “കാര്യം എന്റെ ഭാര്യ ഒരു കേസില്ലാ വക്കീൽ ആണെങ്കിലും നിനക്കിവൾ ഡിവോഴ്സ് വാങ്ങി തരും. അതെനിക്ക് ഉറപ്പാ. എന്നിട്ട്.. എന്താ നിന്റെ ഫ്യൂച്ചർ പ്ലാൻ..?” എന്ത് പറയും ഞാൻ..?

ഹാരിസിനെ ഒരുപാട് ഇഷ്ടമാണെങ്കിലും, ഡിവോഴ്‌സ് നേടാൻ തീരുമാനിച്ചെങ്കിലും, അവനെ വിവാഹം കഴിക്കാൻ ഉറപ്പിച്ചു എങ്കിലും എന്തോ ഒന്ന് എന്നെ പുറകോട്ട് വലിക്കുന്നുണ്ട്. “അത്.. തീരുമാനിച്ചിട്ടില്ല അച്ഛാ..” “എന്നാൽ പിന്നെ ഹാരിസിനോട് ഞാൻ കാര്യം പറഞ്ഞേക്കാം. അവൻ വെറുതെ കാത്തിരുന്നിട്ട് കാര്യം ഇല്ലല്ലോ.” അത് കേട്ടതോടെ ഞാൻ ഞെട്ടി അച്ഛനെ നോക്കി. അവിടെ ഒരു കള്ളച്ചിരി ആണ്. അമ്മയുടെയും സായുവിന്റെയും മീറയുടെയും മുഖത്തുണ്ട്, അതേ ചിരി. “എന്തേ..? പറയണ്ടേ..?” “അച്ഛാ.. ഞാൻ.. അത്….” “അവൻ നല്ലവൻ ആണ് മോളെ.. ജാതിയും മതവും ഒന്നും നീ നോക്കേണ്ട. ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താൻ ഞങ്ങൾക്കും ഉണ്ട് ആഗ്രഹം. മോൾ ധൈര്യമായി ഇരിക്ക്. ഒക്കെ ശരിയാകും.

അമ്മ ഒരാശ്വാസത്തിന് എന്നവണ്ണം പറഞ്ഞു. രണ്ട് ദിവസങ്ങൾക്കുള്ളിൽ അഭയത്തിലേക്ക് തിരികെ പോണം എന്നോർത്താണ് ഉറങ്ങാൻ കിടന്നത്. പൂജ്യത്തിൽ തുടങ്ങുകയാണ് ഞാൻ. ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ ആദ്യം ചെയ്തത് പഠനം തുടരാൻ തീരുമാനിക്കുകയാണ്. നെറ്റും JRFഉം പാസായി. റിസർച്ചിന്റെ വർക്കുകൾ ഉടനെ തുടങ്ങണം. അതിനെക്കുറിച്ചു ആലോചിച്ചാണ് തുടങ്ങിയത് എങ്കിലും പിന്നെപ്പോഴോ ചിന്തകൾ വഴിതിരിഞ്ഞ് എന്നിലേക്ക് തന്നെയെത്തി. മനോഹരമായ ഒരു ബാല്യമോ കൗമാരമോ ഉണ്ടാകാതിരുന്നിട്ടും, യൗവ്വനത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട ഞാൻ.

ഇപ്പോ എവിടെത്തി നിൽക്കുന്നു. സിദ്ധുവേട്ടൻ, സുധീഷ്, ഹാരിസ്. ഞാനറിഞ്ഞ മൂന്ന് പുരുഷന്മാർ. അവർ മാറ്റി മറിച്ച എന്റെ ജീവിതം. ഒരു വിവാഹത്തോടെ ജീവിതം നഷ്ടപ്പെടുന്നവരെയും സ്വപ്നങ്ങൾ അവസാനിക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം മാത്രമാണ് ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞത്. അതിനും പക്ഷെ നീർക്കുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…തുടരും….

വീണ്ടും : ഭാഗം 1

Share this story