വിവാഹ മോചനം: ഭാഗം 1

വിവാഹ മോചനം:  ഭാഗം 1

എഴുത്തുകാരി: ശിവ എസ് നായർ

“അമ്മ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല… പഴയതൊന്നും അത്ര വേഗം മറക്കാൻ എനിക്ക് പറ്റില്ല… എല്ലാം അറിഞ്ഞു വരുന്ന ഒരാൾ മതി എനിക്ക്.” “അച്ഛനെ ഓർത്ത് മോള് എതിർപ്പൊന്നും പറയരുത്. തല്ക്കാലം ഈ ചായ അവർക്ക് കൊണ്ട് കൊടുക്ക്. ബാക്കിയൊക്കെ വരുന്ന പോലെ വരട്ടെ മോളെ.” “ഇതിന് വേണ്ടിയാണല്ലേ അച്ഛന് സുഖമില്ല എന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്. എന്നോട് ഒരു വാക്ക് ചോദിക്കാതെ എന്റെ വിവാഹം തീരുമാനിക്കാൻ എങ്ങനെ തോന്നിയമ്മേ…” “ഇപ്പൊ തർക്കിക്കാനുള്ള സമയമില്ല അപ്പു. നീ ഈ ചായ എല്ലാവർക്കും കൊണ്ട് കൊടുക്ക്.

അച്ഛന് വേണ്ടിയല്ലേ…” ഏട്ടത്തിയാണ് അത് പറഞ്ഞത്. അമ്മയെ രൂക്ഷമായൊന്ന് നോക്കിയ ശേഷം അവരുടെ കയ്യിലിരുന്ന ട്രേയും വാങ്ങി അപർണ പൂമുഖത്തേക്ക് നടന്നു. പിന്നാലെ സ്വീറ്റ്‌സുമായി ഏട്ടത്തിയും. അപർണയുടെ അച്ഛൻ അരവിന്ദൻ മാഷ് അഥിതികളോട് സംസാരിച്ചു കൊണ്ട് പൂമുഖത്തിരിപ്പുണ്ടായിരുന്നു. അരവിന്ദൻ മാഷിന്റെ സുഹൃത്തായ സുധാകരന്റെ മകനുമായിട്ടാണ് അപർണയ്ക്ക് വിവാഹം ആലോചിച്ചിരിക്കുന്നത്. കൈയ്യിൽ ട്രെയുമായി അവർക്കിടയിലേക്ക് ചെന്ന അവളെ എല്ലാവരും കണ്ണിമ വെട്ടാതെ നോക്കി നിന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാറാണ് അവളുടെ വേഷം.

നീണ്ട മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി കെട്ടിയിരുന്നു. നെറ്റിയിൽ ചെറിയൊരു ചുവന്ന പൊട്ടും നേർത്ത ചന്ദനകുറിയും. ഒറ്റ നോട്ടത്തിൽ തന്നെ അപർണയെ സുധാകരനും ഭാര്യ നിർമ്മലയ്ക്കും ഇഷ്ടമായി. സുധാകരനും ഭാര്യ നിർമ്മലയും നിർമ്മലയുടെ സഹോദരനും ഭാര്യയും സുധാകരന്റെ സഹോദരിയും ഭർത്താവും മാത്രമേ അഥിതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളു. ചുണ്ടിൽ കൃത്രിമമായൊരു പുഞ്ചിരി വരുത്തി അവൾ എല്ലാവർക്കും ചായ നൽകി. അവളുടെ കണ്ണുകൾ തന്നെ പെണ്ണുകാണാൻ വന്ന പയ്യനെ തിരഞ്ഞു. ട്രെയിൽ ഒരു ചായക്കപ്പ് മാത്രം ബാക്കിയായി. “അല്ല സുധാകരാ മോനെവിടെപ്പോയി…” അരവിന്ദൻ മാഷ് സുധാകരനോട് ചോദിച്ചു.

“അവനെന്തോ അർജെന്റ് കാൾ വന്നു. കാറിന്റെ അടുത്തുണ്ട്. ഫോണിൽ സംസാരിക്കുവാ. അത് കഴിഞ്ഞു ഇങ്ങോട്ട് വരും.” സുധാകരൻ പറഞ്ഞു. തെല്ലു മുഷിച്ചിലോടെ അപർണ്ണ പുറത്തേക്ക് നോട്ടമെറിഞ്ഞു. അപ്പോഴാണ് ഫോണിൽ സംസാരിച്ചു കൊണ്ട് സുമുഖനായ ഒരു യുവാവ് പടികയറി അങ്ങോട്ടേക്ക് വന്നത്. “ആ നീ വന്നോ…” നിർമ്മല മകനെ നോക്കി. “മോളെ ഇതാണ് പയ്യൻ. സുധാകരന്റെ ഒരേയൊരു മകൻ രാഹുൽ..” അച്ഛന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് അവളുടെ കാതിൽ പതിഞ്ഞത്. അപർണ്ണ ഞെട്ടിതിരിഞ്ഞു രാഹുലിനെ നോക്കി. അപ്രതീക്ഷിതമായി അപർണ്ണയെ മുന്നിൽ കണ്ട് രാഹുലും നടുങ്ങി.

പെരുവിരലിൽ നിന്നൊരു പെരുപ്പ് തലച്ചോറിൽ എത്തി സ്ഫോടനം സൃഷ്ടിക്കുന്നത് അവളറിഞ്ഞു. ജീവിതത്തിൽ താനൊരിക്കലും കാണരുതെന്ന് ആഗ്രഹിച്ച വ്യക്തിയാണ് തൊട്ടു മുന്നിലിരിക്കുന്നതെന്ന് അവളോർത്തു. രാഹുലിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഭൂതകാലത്തിലെ താൻ മറക്കാൻ ആഗ്രഹിക്കുന്ന വെറുക്കുന്ന കുറെയേറെ നിമിഷങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി. കുട്ടികളുടെ പരിഹാസവും ആർപ്പുവിളിയും, സഹതാപത്തോടെയുള്ള മറ്റുള്ളവരുടെ നോട്ടങ്ങളും അടക്കിപ്പിടിച്ച വർത്തമാനങ്ങളും… അടഞ്ഞു കിടന്ന ക്ലാസ്സ്‌ മുറിക്കുള്ളിൽ നിന്നും കോളേജ് വിദ്യാർത്ഥികളുടെ ഇടയിലൂടെ കീറിപ്പറിഞ്ഞ ചുരിദാർ ഷാൾ കൊണ്ട് മറച്ചു കുനിഞ്ഞ ശിരസ്സുമായി ക്യാമ്പസിൽ നിന്നിറങ്ങിയ ദിവസം അവളുടെ ഓർമയിൽ തെളിഞ്ഞു.

പിന്നിൽ കുറ്റവാളിയെ പോലെ നിൽക്കുന്ന രാഹുലിനെ പകയോടെ തിരിഞ്ഞു നോക്കി ആ മുഖം ഒരിക്കലും മറക്കാനാവാത്ത വിധം മനസ്സിൽ കുറിച്ചിട്ടു കൊണ്ട് പോന്നതായിരുന്നു അന്ന്. അപമാനവും നാണക്കേടും കാരണം പിന്നീടവൾ ആ കോളേജിലേക്ക് പോയതേയില്ല. പക്ഷെ രാഹുലിന്റെ മുഖം വെറുപ്പോടെ അവൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം ആ മുഖം വീണ്ടും കണ്ടപ്പോൾ അവളുടെ ഉള്ള് പകയാൽ കത്തിയെരിഞ്ഞു. “രാഹുലിന് ചായ കൊടുക്ക് മോളെ..” അമ്മയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. അപർണ്ണ മുഖമുയർത്തി രാഹുലിനെ ഒന്ന് നോക്കി. അവളെ അഭിമുഖീകരിക്കാൻ കഴിയാതെ അവൻ ശിരസ്സ് വെട്ടിച്ചു.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അസ്വസ്ഥത മുഖത്തു പ്രകടിപ്പിക്കാതെ ഇടറുന്ന ചുവടുകളോടെ അപർണ്ണ ട്രേയുമായി അവന്റെ നേർക്ക് ചെന്നു. അവളുടെ മുഖത്തേക്ക് നോക്കാതെ രാഹുൽ ചായക്കപ്പ് കയ്യിലെടുത്തു. “ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെയാവട്ടെ അല്ലേ..” സുധാകരൻ മാഷ് അരവിന്ദനെ നോക്കി ചോദിച്ചു. “അത് ശരിയാ മാഷേ… നമ്മൾ തമ്മിലല്ലേ പരിചയമുള്ളൂ… അവർക്ക് പരസ്പരം പരിചയമുണ്ടാവില്ലല്ലോ…” സുധാകരന്റെ അഭിപ്രായം അരവിന്ദൻ മാഷ് ശരി വച്ചു. അതുകേട്ട് അപർണ്ണ തന്റെ മുറിയിലേക്ക് പോയി. പിന്നാലെ രാഹുലിനും ചെല്ലേണ്ടി വന്നു.

പൂമുഖത്തു എല്ലാവരും അവരുടേതായ ചർച്ചയിൽ ഏർപ്പെട്ടു. റിട്ടയർട് സ്കൂൾ മാഷാണ് അരവിന്ദൻ. ഭാര്യ ലക്ഷ്മി. അവർക്ക് രണ്ടു മക്കൾ. മൂത്തവൻ അനൂപ്, ഇളയവൾ അപർണ്ണ. അനൂപിന്റെ വിവാഹം കഴിഞ്ഞതാണ് ഭാര്യ ലേഖ. നാലു വർഷക്കാലം അപർണ്ണ ദുബായിലായിരുന്നു. അച്ഛന് സീരിയസാണെന്ന് അറിഞ്ഞാണ് ദുബായിലെ ജോലി റിസൈൻ ചെയ്തു അപർണ്ണ നാട്ടിലെത്തിയത്. തന്റെ വിവാഹകാര്യവും വീട്ടുകാർ ഇതിനോടകം ഉറപ്പിക്കുമെന്ന് അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സുധാകരൻ മാഷും അരവിന്ദൻ മാഷും ഒരേ സ്കൂളിൽ ഒരുപാട് വർഷം ഒരുമിച്ചുണ്ടായിരുന്നവരാണ്.

പിന്നെ ട്രാൻസ്ഫർ കിട്ടി രണ്ടാളും രണ്ടു വഴിക്കായെങ്കിലും സൗഹൃദം പഴയത് പോലെ നിലനിന്നിരുന്നു. സുധാകരൻ മാഷിന്റെ ആഗ്രഹമായിരുന്നു അരവിന്ദൻ മാഷിന്റെ മകൾ തന്റെ മകന്റെ ഭാര്യയായി വരണമെന്നത്. അരവിന്ദൻ മാഷിന്റെ ആഗ്രഹവും അത് തന്നെയായിരുന്നു. അവരുടെ ആഗ്രഹമാണ് ഇന്ന് ഈ വിവാഹാലോചനയിൽ എത്തിപ്പെട്ടത്. മുറിയിൽ അപർണ്ണയും രാഹുലും മാത്രമായിരുന്നു. രാഹുലിന് അവളോട്‌ എന്ത് പറയണമെന്നറിയില്ലായിരുന്നു. നിമിഷങ്ങളോളം ഇരുവരും ഒന്നും ശബ്ദിച്ചതേയില്ല. ഒടുവിൽ അവർക്കിടയിലെ മൗനത്തിനു വിരാമമിട്ടു കൊണ്ട് അപർണ്ണ തന്നെ സംസാരിച്ചു തുടങ്ങി.

“അച്ഛൻ പറഞ്ഞു സുധാകരൻ മാഷിനെ പറ്റി ഞാനൊരുപാട് കേട്ടിട്ടുണ്ട്. പക്ഷെ മാഷിന് ഇങ്ങനെയൊരു തല തെറിച്ച സന്തതിയെ ആണല്ലോ ദൈവം കൊടുത്തത്. എന്റെ ജീവിതം തന്നെ തകർത്തത് നിങ്ങളല്ലേ. എന്നിട്ട് ഒരു നാണവുമില്ലാതെ ഇങ്ങോട്ട് തന്നെ വിവാഹം ആലോചിച്ചു വരാൻ എങ്ങനെ തോന്നി. ഞാൻ ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചതും വെറുത്തതുമായ ഒരേയൊരു മുഖം അത് നിന്റേത് മാത്രമാണ്. ദയവ് ചെയ്തു ഇനിയും എന്നെ ഉപദ്രവിക്കാൻ വരരുത്. പെണ്ണെന്നാൽ നിനക്കൊക്കെ ഒരു ഭോഗ വസ്തു മാത്രമല്ലെ… ഛെ…” വെറുപ്പോടെ അപർണ്ണ മുഖം വെട്ടിച്ചു.

“നീ ഇപ്പൊ പറഞ്ഞത് പോലെ ഞാൻ കരുതികൂട്ടി വിവാഹം ആലോചിക്കാൻ കയറി വന്നതൊന്നുമല്ല ഇങ്ങോട്ട്. ഇവിടെ വരുന്നത് വരെ നീയാണ് പെണ്ണെന്നു എനിക്കറിയില്ലാരുന്നു… അന്നും എനിക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ നീ പോയി. ഇന്നെങ്കിലും എനിക്ക് പറയാനുള്ളത് നീ കേട്ടെ പറ്റു. സത്യത്തിൽ അന്ന് കോളേജിൽ ഉണ്ടായത് ഞാൻ പറയാം…” “വേണ്ട… കൂടുതൽ സംസാരിക്കാൻ നിക്കണ്ട. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതിൽ കൂടുതലൊന്നുമാവില്ലല്ലോ നിനക്ക് പറയാനുള്ളത്. ഇനിയും കള്ളങ്ങൾ പറഞ്ഞു സ്വയം ന്യായീകരിക്കാൻ നോക്കണ്ട.

എന്റെ ഓർമ്മ മറയുമ്പോൾ ഈ മുഖം ഞാൻ വ്യക്തമായി കണ്ടതാ…” പഴയ കാര്യങ്ങൾ മനസിലേക്ക് തികട്ടി വന്നതും അപർണ്ണ മുഖം തിരിച്ചു. അവളുടെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ കവിളിനെ പൊള്ളിച്ചു കൊണ്ട് നിലത്തേക്ക് വീണു. രാഹുൽ എന്തോ പറയാനായി തുടങ്ങിയതും ലേഖ അങ്ങോട്ടേക്ക് വന്നു. “നിങ്ങളെ അങ്ങോട്ട്‌ വിളിക്കുന്നു. ഇനിയിപ്പോ വിശേഷങ്ങൾ രണ്ടാൾക്കും വിവാഹശേഷം ധാരാളം പറയാലോ…” “ഏട്ടത്തീ…” പതർച്ചയോടെ അപർണ്ണ വിളിച്ചു. “അടുത്ത ശുഭ മുഹൂർത്തത്തിൽ തന്നെ നിങ്ങളെ പിടിച്ചു കെട്ടിക്കാനാ അവരെ തീരുമാനം…” അത്രയും പറഞ്ഞു കൊണ്ട് ലേഖ തിരികെ പോയി.

രാഹുലും അപർണ്ണയും ഹാളിലേക്ക് ചെന്നു. ഇരുവരെയും കണ്ടപ്പോൾ അരവിന്ദൻ സന്തോഷത്തോടെ എഴുന്നേറ്റു വന്ന് മകളുടെ കരം കവർന്നു. “മോളെ എന്റെ കണ്ണടയുന്നതിനു മുൻപ് നിന്നെ ഇവനെ ഏൽപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. മോള് എതിരൊന്നും പറയരുത്. നിനക്കിപ്പോ തന്നെ വയസ്സ് ഇരുപത്തിയഞ്ചായി. ഞാൻ ഇനി എത്ര നാൾ ഉണ്ടാകുമെന്ന് അറിയില്ല. രണ്ട് ഹാർട്അറ്റാക്ക് കഴിഞ്ഞിട്ടിരിക്കാ ഞാൻ. നിന്റെ വിവാഹം കൂടി കണ്ടിട്ട് സന്തോഷത്തോടെ മരിക്കണമെന്നാണ് എന്റെ ആഗ്രഹം. മോളിനി ദുബായിലേക്ക് തിരിച്ചു പോണ്ട. നാട്ടിൽ തന്നെ ഏതെങ്കിലും ജോലി നോക്കിക്കോളൂ.

നീ കുടുംബവും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയണം.പണ്ട് കോളേജിൽ ഉണ്ടായ പ്രശ്നം ആലോചിച്ചു മോള് വെറുതെ ടെൻഷൻ ആവണ്ട. അച്ഛൻ എല്ലാം സുധാകരൻ മാഷിനോട് പറഞ്ഞിട്ടുണ്ട്. രാഹുൽ നല്ല പയ്യനാ നിന്നെ പൊന്നുപോലെ നോക്കും… എന്റെ മോള് ഈ വിവാഹത്തിന് സമ്മതിക്കണം…” “അച്ഛാ ഞാൻ…” വിതുമ്പലോടെ അപർണ്ണ അരവിന്ദനെ നോക്കി. തന്നെ യാചനാപൂർവം നോക്കി നിൽക്കുന്ന അച്ഛന്റെ മുഖം കണ്ടപ്പോൾ എതിർത്തൊന്നും പറയാൻ അപർണ്ണയ്ക്ക് കഴിഞ്ഞില്ല. പൊട്ടികരച്ചിലോടെ അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

വരുന്ന ഞായറാഴ്ച മോതിരം മാറൽ ചടങ്ങും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താമെന്ന് തീരുമാനിച്ചുറപ്പിച്ചു സുധാകരനും കുടുംബവും മടങ്ങി. ************** തലയിണയിൽ മുഖം പൂഴ്ത്തി വച്ചു കിടക്കുകയായിരുന്നു അപർണ്ണ. അച്ഛനെ ഈ വിവാഹത്തിൽ നിന്നും എങ്ങനെ പിന്തിരിപ്പിക്കുമെന്നറിയാതെ അപർണ്ണ മനസ്സ് കൊണ്ട് വെന്തുരുകി. രാഹുലിനെ പറ്റിയുള്ള സത്യങ്ങൾ തുറന്നു പറഞ്ഞു അച്ഛന്റെ ഹൃദയത്തെ വേദനിപ്പിക്കാനും അവൾക്ക് ശക്തിയില്ലായിരുന്നു. ഓരോന്നോർത്തു കൊണ്ട് കിടക്കവേയാണ് അവളുടെ ഫോണിലേക്ക് ശ്രീജിത്തിന്റെ കാൾ വന്നത്.

അവന്റെ നമ്പർ ഫോണിൽ തെളിഞ്ഞു കണ്ടതും നേരിയ ആശ്വാസം അവളുടെ മുഖത്തു വിരിഞ്ഞു. ദുബായിൽ അപർണ്ണ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജറാണ് ശ്രീജിത്ത്‌. രണ്ടു വർഷം മുൻപാണ് ഇരുവരും പരസ്പരം കണ്ടിഷ്ടപ്പെടുന്നത്. അവളുടെ കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീജിത്ത്‌ അപർണ്ണയെ സ്നേഹിച്ചതും. “ഏതായാലും ശ്രീയേട്ടനോട് കാര്യം പറയാം… ശ്രീയേട്ടൻ ഇതിനൊരു ഒരു സൊല്യൂഷൻ കണ്ടെത്താതിരിക്കില്ല…” അപർണ്ണ കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു. “ഹലോ ശ്രീയേട്ടാ…” “അപ്പൂ…” അവന്റെ സ്നേഹാർദ്രമായ സ്വരം മറുതലയ്ക്കൽ നിന്നും ഒഴുകിയെത്തി.

അത് കേട്ടതും സർവ്വ നിയന്ത്രണങ്ങളും വിട്ട് അപർണ്ണ പൊട്ടിക്കരഞ്ഞു. ഫോണിലൂടെ അപ്പുവിന്റെ ഏങ്ങലടി കേട്ട് ശ്രീജിത്ത്‌ ഞെട്ടിത്തരിച്ചു. “അപ്പു മോളെ നിനക്കെന്താടാ പറ്റിയെ… ” “ശ്രീയേട്ടാ… അച്ഛൻ… അച്ഛൻ ന്റെ വിവാഹം ഉറപ്പിച്ചു…” കരച്ചിലിനിടയിൽ അവൾ ഒരുവിധം അവനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശ്രീജിത്ത്‌ അവളെ സമാധാനിപ്പിച്ചു. “നീയൊന്നുകൊണ്ടും വിഷമിക്കണ്ട. നിശ്ചയിച്ച മുഹൂർത്തിൽ നിന്റെ കഴുത്തിൽ താലി കെട്ടുന്നത് ഞാനായിരിക്കും. നിന്റെ അച്ഛനെ വന്നു കണ്ടു ഞാൻ സംസാരിച്ചോളാം.

പിന്നെ നിന്നെ പെണ്ണുകാണാൻ വന്ന അവന്റെ നമ്പർ കിട്ടുമെങ്കിൽ അത് കൂടി എനിക്ക് അയച്ചേക്ക്. ബാക്കി ഞാൻ കൈകാര്യം ചെയ്തോളാം…” “ശ്രീയേട്ടാ അബദ്ധം ഒന്നും കാണിക്കരുത്. എനിക്ക് എന്റെ അച്ഛനെ ഇതുപോലെ തന്നെ എന്നും കാണണം..” “നിന്റെ അച്ഛന്റെ കാര്യമോർത്ത് നീ ടെൻഷൻ ആവണ്ട. അച്ഛനൊന്നും വരില്ല. തല്ക്കാലം ആ മോതിരം മാറൽ നടക്കട്ടെ…” “ഉം ശരി…” ആശ്വാസത്തോടെ ഫോൺ കട്ട്‌ ചെയ്തു മുഖമുയർത്തിയതും അവരുടെ സംഭാഷണമെല്ലാം കേട്ടുകൊണ്ട് വാതിലിനരികിൽ നിൽക്കുന്ന അമ്മയെ കണ്ട് അവൾ ഞെട്ടി.

തുടരും (അടുത്തൊരു കഥ തുടങ്ങുവാണ്. അടുത്ത ഭാഗം നാളെ ഈ സമയം. നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു വരിയെങ്കിലും കുറിക്കുക. സ്നേഹപൂർവ്വം ശിവ

Share this story