മൗനം : ഭാഗം 13

മൗനം : ഭാഗം 13

എഴുത്തുകാരി: ഷെർന സാറ

” വരും … താൻ വല്ലതും കഴിച്ചായിരുന്നോ… “. അവൻ ചോദിച്ചു… ” ഇല്ല… ” ” അതെന്താ… ഒന്നും ഇല്ലേ… പുറത്ത് നിന്ന് വാങ്ങി വരണോ… ” ” വേണ്ട…ചടങ്ങിന്റെ ബാക്കി ഇവിടെ ഇരിപ്പുണ്ട്..”. ” എങ്കിൽ താൻ കഴിചോ… ” ” കുഴപ്പമില്ല… വന്നിട്ട് കഴിക്കാം…. ” “ഇല്ലെടോ… വിശക്കുന്നുണ്ടെങ്കിൽ താൻ കഴിച്ചോ… എന്നെ കാത്തിരിക്കണ്ട…” ” താമസിക്കുമോ… ” ” എന്ത്…” ” അല്ല… വരാൻ…. “അവൾക്ക് അത് ചോദിക്കാൻ മടിയുണ്ടെന്ന് അവന് തോന്നി… “ഇല്ലെടോ .. അവരൊക്കെ പോയൊ…. ” “മ്മ്…അപ്പോഴേ പോയിരുന്നു… ” ” മ്മ്ഹ്ഹ്… എന്നാ താൻ കഴിക്കാൻ നോക്ക്… ഞാൻ ഇപ്പൊ വരാം….ഫോൺ വെച്ചോ.. ”

കാൾ കട്ട്‌ ചെയ്ത ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ ബൈക്കിനടുത്തേക്ക് നടന്നു.. വീട്ടിൽ എത്തിയപ്പോൾ രണ്ടു പ്ലേറ്റിൽ ചോറ് വിളമ്പി ഗായത്രി അവനെ കാത്തിരിക്കുകയായിരുന്നു… അത് കണ്ടപ്പോൾ എന്തൊ അവന്റെ മനം അല്പം നിറഞ്ഞു… ” താൻ കഴിച്ചില്ലായിരുന്നൊ…?” എന്തോ അങ്ങനെ ചോദിക്കാൻ ആണ് അവന് തോന്നിയത്… അവൾ ആ നിമിഷം മറുപടി ഒന്നും പറഞ്ഞില്ല …അവൻ ഒട്ടു പ്രതീക്ഷിച്ചതും ഇല്ല… ഒപ്പം ഒന്നിച്ചിരുന്ന് വിവാഹത്തിന് ശേഷം ആദ്യമായി അത്താഴം കഴിക്കുമ്പോൾ അവൻ അത് ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു…

ഇടയിൽ അവളിലേക്ക് പാളി വീണു പോകുന്ന ചില നോട്ടങ്ങൾ… ശാസനയോടെ വിലക്കുമ്പോഴും പിന്നെയും തന്നെ അനുസരിക്കാതെ അവളിലേക്ക് എത്തി നോക്കുന്ന മിഴികൾ… അവളുടെ നിശ്വാസത്തിന് കാതോർക്കുന്ന കാതുകൾ… പ്രണയം തന്നിലിത്രയും മാറ്റങ്ങൾ കൊണ്ട് വന്നുവെന്ന് വിശ്വസിക്കുവാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല… ########## ” ഗായത്രി… ” അപ്പയുടെ കുഴിമാടത്തിലേക്ക് നോക്കിയിരുന്നവളെ അവൻ വിളിച്ചു… “മം… ” മറുപടിയായി അവൾ ഒന്ന് മൂളി…. “പതിനാറ് കഴിഞ്ഞില്ലേ… നമുക്ക് തിരികെ പോയാലോ.. ” അവൻ ചോദിച്ചു… “ഇപ്പൊ… ഇപ്പൊ എന്തെ പെട്ടെന്ന് അങ്ങനെ തോന്നാൻ… ” അവളിൽ നിന്നും ഒരു തേങ്ങലും തെല്ലിടനേരം കൊണ്ട് ഉയർന്നിരുന്നു… ”

പെട്ടെന്ന് അല്ലെടോ… ഞാൻ മൂന്നാല് ദിവസായി ചിന്തിക്കുന്നു… ” ” മം… ” ഒന്ന് മൂളിയതെ ഉള്ളു അവൾ… ” തനിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ടെടോ… ഞാൻ പറഞ്ഞെന്നെ ഉള്ളു… എനിക്കെന്തൊ ഇവിടെ വല്ലാത്ത് വീർപ്പുമുട്ടൽ… ” ” പോകാം …ഇടയ്ക്ക് വന്നൊന്ന് വൃത്തിയാക്കി ഇടാം… ” താല്പര്യമില്ലെങ്കിൽ കൂടി അവൾ പറഞ്ഞു… ” തനിക്ക് പൂർണ സമ്മതം ആണെങ്കിൽ മതിയെടോ… ” അവൻ ഒരിക്കൽ കൂടി ചോദിച്ചു… ” ഉവ്വ്… പോകാം… കുഴപ്പല്ല്യ…. ” “മം…. ” അവൾ അത്രയും പറഞ്ഞപ്പോൾ അവനൊന്ന് മൂളി… പിന്നെ ഇരുവരും ഒന്നും മിണ്ടിയില്ല… അല്പനേരത്തേക്ക് നേർത്ത മൗനം ആയിരുന്നു… പലതും പറയാതെ പറയാൻ കഴിയുന്ന,, ആത്മാവിനെ തൊട്ടുണർത്തുന്ന മൗനം…

ഈ മൗനത്തിൽ മനസുകൾ ഒരുപോലെ മിടിക്കുന്നത് നീ അറിഞ്ഞിട്ടുമെന്തെ പിന്നെയും മൗനം…? ഇരുഹൃദയവും ഒരു പോലെ പരസ്പരം ചോദിച്ചു… പക്ഷെ ശബ്ദമായത് പുറത്ത് വന്നില്ല… താളം മാത്രമായി മാറി… ” ഞാൻ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….” ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അല്പം മടിച്ചു കൊണ്ട് അവൾ ചോദിച്ചു… എന്താണെന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി… ” അമ്മ…. അമ്മ അന്ന് എന്നോട് പറഞ്ഞതൊക്കെ സത്യാണോ… ” അവൾ ചോദിച്ചത് മനസ്സിലാവാതെ തന്റെ നെറ്റി ചുളിച്ച്‌ അവൻ അവളെ നോക്കി… ” അപ്പ എന്താ പറഞ്ഞത് എന്ന് എനിക്കറിയില്ല… പക്ഷെ അപ്പ ഒരിക്കലും കള്ളം പറയില്ല…

അപ്പൊ തനിക്ക് അത് വിശ്വസിക്കാമെടോ… പിന്നെ,, ഞാൻ പറയാതെ തന്നെ തനിക്ക് തന്റമ്മയെ അറിയാല്ലോ… ” “മം… ” “ഡോ… ഞാൻ തന്റെ മടിയിൽ ഒന്ന് കിടന്നോട്ടെ… ” അവളെ നോക്കാതെ ആണ് അവൻ അത് ചോദിച്ചത്… ആദ്യം ഒന്ന് പകച്ചു പോയെങ്കിലും അവൾ അവനെ കൂർപ്പിച്ചു നോക്കി… അത് കണ്ടു ഒരു ചെറുചിരിയോടെ അവൻ അവളുടെ മടിയിലേക്ക് തല ചായ്ച്ചു… അവനെ തള്ളി മാറ്റാൻ ശ്രെമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ ഒടുവിൽ പരാജയം സമ്മതിച്ചു കൊണ്ട് അവൾ ആ ശ്രമം ഉപേക്ഷിച്ചു… തന്നെ നോക്കാതെ ദൂരേക്ക് നോക്കിയിരിക്കുന്നവളെ കണ്ട് അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു… #################

പതിവ് പോലെ ഓട്ടം കഴിഞു വരുമ്പോൾ ഗായത്രി ഉമ്മറത്തിരിപ്പുണ്ട്… ചെറിയ ചാറ്റൽ മഴ മുറ്റമാകേ തത്തി കളിക്കുന്നുണ്ടായിരുന്നു… അതിൽ തന്നെ നോക്കി മറ്റെല്ലാം മറന്നിരിക്കുന്നവളെ നോക്കികൊണ്ട് അവൻ ഉമ്മറപ്പടിയിലേക്ക് ഇരുന്നു… “ഞാൻ ചായ എടുക്കാം… ” അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞു കൊണ്ട് നോക്കിയപ്പോൾ ചന്തുവിനെ കണ്ടപ്പോൾ അവൾ അവനോട് പറഞ്ഞു… “മം… ” ഒന്ന് മൂളി കൊണ്ട് അവൻ അകത്തേക്ക് പോകുന്നവളെ നോക്കി….. തെല്ലു നേരം കൊണ്ട് തന്നെ ഒരുഗ്ലാസിൽ ചായയും ഒരുപാത്രത്തിൽ അരിമുറുക്കുമായി വന്നു… ആ നേരം കൊണ്ട് തന്നെ അവനും കുളിക്കാൻ പോയിരുന്നു… ”

ഇതെവിടുന്നാടോ…നല്ല രുചിയുണ്ട്… വാങ്ങിയതാണോ… ” ഒരു മുറുക്ക് എടുത്തു കടിച്ചു കൊണ്ടവൻ അവളെ നോക്കി ചോദിച്ചു…. ചോദ്യം ഇഷ്ടമാവാത്തപോലെ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ.. ” താൻ ഉണ്ടാക്കിയതാണോ… ” അത് കണ്ടവൻ ആശ്ചര്യത്തോടെ ചോദിച്ചു.. ” എങ്ങനെ ഉണ്ടാക്കിയെടോ… അച്ചുണ്ടായിരുന്നൊ ഇവിടെ… ” ” തനിക്ക് അപ്പയുടെ കൈപുണ്യം അതേ പടി കിട്ടിയിട്ടുണ്ട്… അതാണ്‌ ഇത്രയും രുചി… ” നിർത്താതെ ഒന്നിന് പുറകെ ഒന്ന് പറയുന്നവനെ അവൾ കണ്ണ് എടുക്കാതെ നോക്കി… ഇയാളിത്രയും പാവമായിരുന്നോ…? ഒരു ചോദ്യവും ഒപ്പം അവളിൽ ഉയർന്നു… ” എന്താടോ… ”

തന്നെ തന്നെ നോക്കി കണ്ണെടുക്കാതിരിക്കുന്നവളെ നോക്കി അവൻ ചോദിച്ചു… “മ്ചും… ” പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അവനെ നോക്കിയവൾ ഇല്ലെന്ന് ചുമൽ കൂചി… അത് കണ്ടൊന്ന് പുഞ്ചിരിച്ചു കൊണ്ടവൻ തോട്ട് വക്കിലേക്ക് നടന്നു… അവൻ കുടിച്ച ചായയുടെ ഗ്ലാസും പാത്രവും കഴുകി പിന്നാമ്പുറത്ത് നിന്ന് ചൂലും എടുത്തവൾ മുറ്റമടിക്കാനായി മുന്നിലേക്ക് വന്നു… ആ നേരം അവൻ പൊടിവല കുടഞ്ഞു വൃത്തിയാക്കുകയായിരുന്നു… “കൊഞ്ചു പൊങ്ങിയെടോ … ഒന്നെറിഞ്ഞു നോക്കട്ടെ… കിട്ടിയാൽ വൈകിട്ടത്തേക്ക് ഒരു കൂട്ടാൻ ആയി…താൻ ഇച്ചിരി ചോറിങ്ങിടുത്തേ… ഞാൻ ഇച്ചിരി തേങ്ങ പിണ്ണാക്ക് ഇട്ട അതൊന്ന് ഇടിച്ചെടുക്കട്ടെ… ” അതും പറഞ്ഞു നടക്കുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി..

ഇല്ലത്തുള്ള ആരും മത്സ്യമോ മാംസമോ ഒന്നും കൂട്ടാറില്ല… ചന്തുവേട്ടനും അങ്ങനെ തന്നെയായിരുന്നു. അമ്മയും… പക്ഷെ ഞാനും അച്ഛനും മീനും ഇറച്ചിയും ഒക്കെ തിന്നുമായിരുന്നു…പക്ഷെ അച്ഛൻ ആയിരുന്നു പാചകം… അമ്മ അടുത്തേക്ക് വരാറില്ല.. ” ഡോ.. താൻ ഞാൻ ചോദിച്ചത് കേട്ടില്ലേ… താൻ ഇതൊക്കെ കൂട്ടില്ലേ… ” അവൻ ചോദിച്ചത് കേട്ടപ്പോൾ അവൾ ഒന്ന് തലയാട്ടി… ഉവ്വ് എന്ന അർത്ഥത്തിൽ… ” എന്ത് പറ്റിയെടോ… ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കുന്നത്… ” അവൻ അവളെ നോക്കി ചോദിച്ചു… ” ചന്തുവേട്ടൻ മീൻ കൂട്ടുവോ…” ” അതെന്താടോ താൻ അങ്ങനെ ചോദിച്ചത്…” ” ഇല്ലത്ത്… ”

അത്രമാത്രം പറഞ്ഞവൾ നിർത്തി… ഇല്ലത്തെ കുറിച്ച് പറഞ്ഞാൽ അവനത് ഇഷ്ടാവോ എന്ന് ഭയന്നു… ” ഓഹ്… അതോ… എടൊ.. ജയിലിൽ പച്ചക്കറി കഴിക്കുന്നവർ മാത്രമല്ലെടോ…ഇറച്ചിയും മീനും ഒക്കെ കാണും ചില ദിവസങ്ങളിൽ.. ആദ്യമൊക്കെ കഴിക്കില്ലായിരുന്നു… പിന്നെ പിന്നെ വിശപ്പ് കെട്ടടങ്ങാൻ നിവർത്തി ഇല്ലാതെ കഴിച്ചു… എപ്പോഴോ ഒരിക്കൽ രുചി പിടിച്ചപ്പോൾ ശീലമായി…” അതും പറഞ്ഞൊരു മറുപടിയ്ക്ക് കാത്തു നിൽക്കാതെ മുന്നോട്ട് നടന്നുപോകുന്നവനെ അവൾ നോക്കി… താൻ ഒന്ന് മയത്തിൽ പെരുമാറിയപ്പോൾ എന്ത് സന്തോഷം ആണയാൾക്ക്…

ഒരുപാട് സംസാരിക്കാൻ കൊതിക്കുന്നൊരു പ്രകൃതം… ഇത്രയും നാൾ എങ്ങനെയായിരിക്കും മൗനത്തിന്റെ തടവറയിൽ വാക്കുകളെ ബന്ധനത്തിലാക്കിയത്….!! തനിക്ക് അയാളോട് വെറുപ്പായിരുന്നില്ലേ….. അതിനപ്പുറം ഭയമായിരുന്നില്ലേ… ആ ഭയത്തിന്റെ നിഴലിൽ അനേകം രാത്രികൾ താൻ ഉറക്കം ഞെട്ടിയുണർന്നിട്ടില്ലേ… എന്നാൽ ഇന്ന് അതേ ആളുടെ കാവലിന്റെ ബലത്തിൽ അല്ലെ ഓരോ രാവും താൻ നിദ്രയെ പുൽകുന്നത്…. ചിന്തകൾ ഓരോന്നായി അവളിൽ നിറഞ്ഞു വന്നു…. ദിവസങ്ങൾ ആരോടും ചോദിക്കാതെ മുന്നോട്ട് പോയപ്പോൾ,, ഗായത്രിയും ചന്തുവും തമ്മിൽ മൗനം ചെറുതായി വെടിഞ്ഞു തുടങ്ങിയിരുന്നു…

എങ്കിലും പൂർണ്ണമായി അവരിൽ നിന്നും അകന്നു പോകാൻ ഇപ്പോഴും എന്തൊ മൗനമായി കിടപ്പുണ്ട് താനും.. ” ടോ… താനാ കതകങ്ങടച്ചോ….. ഏറ്റം കൊള്ളുന്നുണ്ട് നല്ലോണം… വൈകിട്ട് തൊട്ടേ തണുത്ത കാറ്റ് വീശുന്നുണ്ട്… ഞാൻ വെള്ളം എത്രെടം വരെ കേറിയെന്ന് നോക്കട്ടെ… ” പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയതും അവൾ പുറകിൽ നിന്നും വിളിച്ചു… “ഇരുട്ടത്ത് വെട്ടം ഇല്ലാണ്ട് പോവണ്ട…നിക്ക്… ഞാൻ ടോർച് എടുത്തിട്ട് വരാം…ഇഴ ജന്തുക്കൾ കാണും… ” അതും പറഞ്ഞവൾ വെപ്രാളപ്പെട്ടുകൊണ്ട് അകത്തേക്ക് ഓടി… തിരികെ വരുമ്പോൾ കയ്യിലൊരു ടോർച് ഉണ്ടായിരുന്നു…

കതക് ചാരി അടച്ചു കൊണ്ട് അവനൊപ്പം അവളും ഇറങ്ങി… “താൻ ഇതെങ്ങോട്ടാ… ” തെല്ലൊരു അത്ഭുതത്തോടെ അവൻ ചോദിച്ചു… “ഒറ്റയ്ക്ക് പോവണ്ട… ഞാനും വരാം…” പറഞ്ഞു കൊണ്ട് മുന്നേ നടക്കുന്നവളെ നോക്കി അവൻ തെല്ല് നേരം നിന്നിട്ട് അവൾക്കൊപ്പം നടന്നു… തനിക്ക് ഇപ്പോൾ ആകെ പറയാനുള്ളോരു ബന്ധം ആണ് ചന്തുവേട്ടൻ… തന്റെതെന്ന് പറഞ്ഞു ചൂണ്ടി കാണിക്കാൻ ഒരാൾ… ഇനിയും വയ്യ… ആരോരുമില്ലാത്തവളായി കഴിയാൻ… പണ്ട് അച്ഛനും അമ്മയും ഉണ്ടായിരുന്നു… ഇന്നോ… ചന്തുവേട്ടൻ കൂടി പോയാൽ.. താൻ,,, താൻ ഒറ്റയ്ക്ക് ആവില്ലേ… തനിക്ക് പിടിച്ചു നില്കാൻ കഴിയുമോ… ഇല്ല… ഒരിക്കലും ആ വേദന ഒറ്റയ്ക്ക് താങ്ങാൻ തനിക്ക് കഴിഞ്ഞ് എന്ന് വരില്ല…. അവൾ അവന്റെ അടുത്തേക്ക് അല്പം കൂടി ചേർന്ന് കൊണ്ട് നടന്നു… ###################

“ഡി…. ” ചന്തുവിന്റെ ഒറ്റവിളിയിൽ ഞെട്ടി കൊണ്ടവൾ ചാടിയെണീറ്റു… എന്നിട്ട് എന്തൊ കുറ്റം ചെയ്ത കുട്ടിയെ പോലെ അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു… ” നിന്നോട് ഞാൻ എന്തേലും പറഞ്ഞായിരുന്നോ ഗായത്രി… ” അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു… അപ്പോഴും മറുപടി ഒന്നും പറയാതെ തല താഴ്ത്തി നിൽക്കുന്നവളെ കണ്ടവന്റെ ദേഷ്യം അല്പം കൂടി ഉയർന്നു… ” അതെങ്ങനാ… അനുസരണ വേണ്ടേ…ഒഴുക്കുണ്ടെങ്കിലും വെള്ളത്തിൽ ഇറങ്ങാൻ പാടില്ല… എവിടോന്നൊക്കെ വരുന്ന വെള്ളം ആണെന്ന് ആർക്കറിയാം… വല്ലോം വന്ന് കഴിഞ്ഞാൽ പൊക്കിയെടുത്തോണ്ട് പോകാനും ഞാൻ മാത്രേ ഉള്ളു ഇവിടെ…” “ഓഹ്.. പിന്നെ…പറയുന്ന കേട്ടാൽ തോന്നും ഞാൻ മാത്രമാണ് വെള്ളത്തിൽ ഇറങ്ങിയതെന്ന്…

രാ പകലില്ലാതെ മീനെന്നും പറഞ്ഞ് വലയും എടുത്തോണ്ട് പോകുന്നത് പിന്നെ മലയിലോട്ട് ആണല്ലോ… ” ദേഷ്യം കൊണ്ടവൾ പിറു പിറുത്തതാണെങ്കിലും അവൾ പറഞ്ഞത് അവൻ കേട്ടു… ” നീയെന്തേലും പറഞ്ഞോ… ” എങ്കിലും ഒന്നും കേട്ടതായി ഭാവിക്കാതെ അവൻ ചോദിച്ചു… “മ്ചും… ചൂട് വെള്ളത്തിൽ detol ഒഴിച്ച് കാല് കഴുകാൻ പോവാ ന്ന് പറഞ്ഞതാ… ” അവനെ നോക്കി അത്രയും പറഞ്ഞ് അകത്തേക്ക് ഓടി പോകുന്നവളെ നോക്കി അവൻ ചിരിച്ചു… എന്നിട്ട് ഉമ്മറപ്പടിയിലേക്ക് ഇരുന്നു… വീടിന്റെ മുറ്റം വരെ വെള്ളം കേറിയിട്ടുണ്ട് …പക്ഷെ നല്ല തെളിഞ്ഞ വെള്ളമാണ്.. ഒഴുക്കും ഉണ്ട്…

സാധാരണ വെള്ളം പൊങ്ങുമ്പോൾ ഉമ്മറം വരെ വെള്ളം കേറുന്നതാണ്… ഇപ്പോൾ മഴ കുറവാണ്… ഒപ്പം വേനലിന്റെ കാഠിന്യം കാരണം പുഴകളിലും വെള്ളം കുറവാണ്… അത് കൊണ്ടാണ് ഇപ്രാവശ്യം മുറ്റം വരെ ആയത്… ചെറിയ മാനത്ത് കണ്ണിയും പരൽ കുഞ്ഞുങ്ങളും പള്ളത്തി കുഞ്ഞുങ്ങളും ഒക്കെ ഒഴുക്കിനോത്ത് മുറ്റം വരെ എത്തുന്നുണ്ട്… അതിനെയും നോക്കി വെള്ളത്തിൽ കാലും ഇട്ട ഇരുന്നതാണ് കക്ഷി… അവൻ ചെറു ചിരിയോടെ ഓർത്തു… അപ്പോഴും അവിടെ ചെറുതായി കാലവർഷം പെയ്യുന്നുണ്ടായിരുന്നു……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 12

Share this story