ഋതുസംക്രമം : ഭാഗം 13

ഋതുസംക്രമം : ഭാഗം 13

എഴുത്തുകാരി: അമൃത അജയൻ

” എക്സാമെങ്ങനെയുണ്ടായിരുന്നു … ” കുഴപ്പമില്ലെന്ന മറുപടിയാണ് എല്ലായ്പ്പോഴും നാവിൽ വരുന്നത് .. ആ മറുപടി കൊണ്ട് അമ്മ തൃപ്തിപ്പെടാറില്ല . തുടരെ തുടരെ ചോദ്യങ്ങളുണ്ടാകും . ഇത്തവണയെന്തോ അത് കേട്ടിട്ടും കൂടുതലൊന്നും പറയാതെ പോയി . രണ്ടു ദിവസമായി അമ്മ തന്നോട് ദേഷ്യപ്പെട്ടിട്ട് .. അവൾക്ക് കൗതുകം തോന്നി .. പപ്പിയാൻറിയുള്ളതുകൊണ്ടാണോ ..? ആകാൻ സാത്യതയില്ല . പപ്പിയാൻറി മുൻപും ഇവിടെ നിന്നിട്ടുണ്ട് .. ആൻ്റിയുള്ളത് വകവയ്ക്കാതെ തല്ലിയിട്ടും വഴക്കു പറഞ്ഞിട്ടുമൊക്കെയുണ്ട് ..

ഇപ്പോഴത്തെ മാറ്റം എന്തിനുള്ളതാണ് .. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയോ .. അതോ തിരകളടങ്ങിയ കടലോ .. അങ്ങനെയൊരു കടലുണ്ടോ ..? ഇല്ല കടലിലൊരിക്കലും തിരമാലകളടങ്ങുകയില്ല .. വൈകിട്ടത്തെ ചായയ്ക്കൊപ്പം പപ്പിയാൻറിയുടെ സ്പെഷ്യൽ കട്ലറ്റുണ്ടായിരുന്നു .. മൈത്രിക്കൊത്തിരിയിഷ്ടമാണ് പപ്പിയുണ്ടാക്കുന്നതെന്തും .. അതിനൊരു പ്രത്യേക രുചിയുണ്ട് .. ചിലപ്പോൾ അതാകും സ്നേഹത്തിൻ്റെ രുചിക്കൂട്ട് .. വരുമ്പോഴെല്ലാം മൈത്രിക്കു വേണ്ടി എന്തെങ്കിലുമൊക്കെ പാചകം ചെയ്തു കൊടുക്കുന്നത് പപ്പിയുടെ ശീലമാണ് .. അവൾ കഴിച്ചിട്ടുള്ളതെന്തിനേയും പപ്പിയാൻറിയുടെ കൈപ്പുണ്യത്തോടാണ് താരതമ്യം ചെയ്തിട്ടുള്ളത് ..

എല്ലായ്പ്പോഴും മറ്റുള്ളവയ്ക്ക് തോൽക്കാനാണ് വിധി .. ചായ കുടി കഴിഞ്ഞ് മൈത്രി മുറ്റത്തിറങ്ങി അരുളിച്ചോട്ടിൽ പോയി നിന്നു .. അതിൻ്റെയടുത്തായി വെളുത്ത പെയിൻ്റുള്ള രണ്ട് ചെയറും ഒരു ടീപ്പോയും ഇട്ടിട്ടുണ്ട് .. ചിലപ്പോഴൊക്കെ അഞ്ജനയും അവിടെ ചിലവഴിക്കാറുണ്ട് .. പടിഞ്ഞാറു നിന്ന് വീശിയെത്തുന്ന കാറ്റാണ് ആ കോർണറിൻ്റെ പ്രത്യേകത .. പേരറിയാ പൂക്കളുടെ ഗന്ധവും പേറി വരുന്ന നനുത്ത കാറ്റ് .. പുലർകാലങ്ങളിലും സായാഹ്നങ്ങളിലും ആ കാറ്റിന് ഗന്ധവും തണുപ്പും കൂടുതലായിരിക്കും .. നിരഞ്ജനെ കുറിച്ചായിരുന്നു അവൾ ചിന്തിച്ചത് .. കാണുവാനും സംസാരിക്കുവാനും മാത്രം മൈത്രി അയാൾക്ക് ആരോ ആയി തീർന്നിരിക്കുന്നുവോ ..

ഇന്നോളം താൻ അമ്മയുടെ ഒന്നിനും കൊള്ളാത്ത കഴുതയായിരുന്നു .. അച്ഛയും പപ്പിയാൻറിയുമല്ലാതെ മൈത്രിയെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ .. കാണാനാഗ്രഹിച്ചിട്ടുണ്ടോ .. എത്ര തിരഞ്ഞാലും ഇല്ല എന്നൊരുത്തരം മാത്രമേ കിട്ടുകയുള്ളു .. വിന്നിയും ഗാഥയും പറഞ്ഞതുപോലെ പ്രണയം പറയാനാ വരുന്നതെങ്കിൽ താനെന്തു മറുപടി പറയണം .. ഇഷ്ടമല്ലെന്നു പറഞ്ഞാൽ പിന്നീടൊരിക്കലും വരാതിരിക്കുമോ .. ചിലപ്പോൾ ഒന്നോ രണ്ടോ വട്ടം കൂടി ശ്രമിച്ചേക്കാം .. നിരഞ്ജനെയൊരിക്കലും മൈത്രിക്ക് പ്രണയിക്കാനാകില്ല എന്ന് പറഞ്ഞാലോ .. മൈത്രി മറ്റൊരാൾക്ക് വിലപേശിയുറപ്പിച്ചിരിക്കുന്ന മൂല്യ വസ്തുവാണ് എന്ന് പറഞ്ഞാലോ ..? അത് തന്നെയല്ലേ സത്യം ..

കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ലക്ഷ്യമുണ്ടാകുമ്പോൾ , ആ ലക്ഷ്യം ലാഭമെന്ന ഒറ്റ വാക്കിലേക്ക് ചുരുങ്ങുമ്പോൾ താനൊരു കച്ചവട വസ്തുവിനപ്പുറത്തേക്ക് ഒന്നുമാകുന്നില്ലല്ലോ .. തൻ്റെയിഷ്ടങ്ങൾക്കോ സ്വപ്നങ്ങൾക്കോ സ്നേഹത്തിനോ ഒന്നും അവിടെ പ്രസക്തിയില്ല .. മൈത്രിയെന്നും നിരഞ്ജനെക്കാൾ ഒരു പാട് ദൂരെയാണ് .. അരുളിച്ചെടിയുടെ മുകളിലെയിലയിൽ ചിത്രശലഭത്തിൻ്റെ സ്വർണ മുട്ടയുണ്ടായിരുന്നു . . താനും അതിനുള്ളിലെ പ്യൂപ്പയായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് .. ഒരു നാൾ വർണ ചിറകുകൾ വീശി പുലർകാലങ്ങളും പൂക്കളും പൂന്തേനും തേടിയലയുന്ന ചിത്രശലഭമാകാൻ…

അതിരുകളില്ലാത്ത സുഗന്ധങ്ങളും മധുരങ്ങളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ആ കുഞ്ഞു പുഴുക്കൾ അറിയുന്നുണ്ടാകുമോ .. പപ്പിയാൻറിയുടെയും അമ്മയുടെയും സംഭാഷണം കേട്ടുകൊണ്ടാണ് മൈത്രി മുറിയിലേക്ക് ചെന്നത് .. പഴയിടത്തെ സൂര്യേട്ടനാണ് സംസാരവിഷയമെന്ന് കേട്ടപ്പോൾ ശ്രദ്ധിക്കാൻ തോന്നി .. സൂര്യേട്ടന് നമ്മുടെ ഏതെങ്കിലും സ്ഥാപനത്തിൽ ഒരു ജോലി കൊടുക്കണമെന്ന് പപ്പിയാൻറി ആവശ്യപ്പെടുന്നു .. തത്ക്കാലം വേക്കൻസികളൊന്നുമില്ല. ഉണ്ടായാൽ കൊടുക്കാമെന്ന് അമ്മ പറയുന്നു .. അത് വെറുതേയാണ് .. അമ്മ വിചാരിച്ചാൽ എവിടെയെങ്കിലും ഒരു ജോലി കൊടുക്കാം ..

ഇല്ലെങ്കിൽ അമ്മയുടെ ബിസിനസ് പാർട്ണേർസിനോട് റെക്കമെൻ്റ് ചെയ്യാം .. അങ്ങനെ ചെയ്യണമെങ്കിൽ മറുവശത്ത് അമ്മയ്ക്ക് താത്പര്യമുള്ളവരാകണം .. പഴയിടത്തുള്ളവരെ അമ്മയ്ക്കിഷ്ടമല്ല.. അച്ഛയാണ് കുട്ടിക്കാലത്ത് നന്ദേമ്മയുടെ പക്കൽ നൃത്തം പഠിക്കാൻ കൊണ്ടു വിട്ടത് .. അച്ഛ കിടപ്പിലായപ്പോൾ അമ്മ നിർത്തിച്ചതിനെ വീണ്ടും തുടങ്ങിയത് പപ്പിയാൻ്റിയുടെ നിർബന്ധം കൊണ്ടാണ് .. ഫീസ് തരില്ലെന്ന് അമ്മ പറഞ്ഞപ്പോൾ , ഇല്ലെങ്കിലും നന്ദേമ്മ പഠിപ്പിച്ചോളാമെന്ന് പപ്പിയാൻറിക്ക് വാക്ക് കൊടുത്തു .. അതമ്മയ്ക്ക് കുറച്ചിലായതു കൊണ്ടാവും എൻ്റെ മകൾക്ക് ആരുടെയും സൗജന്യം വേണ്ടെന്ന് പറഞ്ഞു ഫീസ് തന്നു വിടുന്നത് .. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പപ്പിയാൻ്റിയാണ് വിളമ്പിയത് .

അവളുടെ ഫേവറേറ്റ് നെയ് പുരട്ടിച്ചുട്ട മുരിഞ്ഞ ദോശയും ഗ്രീൻപീസ് കറിയും .. പ്ലേറ്റിലേക്ക് കൈവച്ചപ്പോൾ പപ്പി തടഞ്ഞു .. അവൾക്കൊപ്പമിരുന്ന് കുറേശ്ശെ ദോശ നുള്ളിയെടുത്ത് കറിയിൽ മുക്കി വായിൽ വച്ചു കൊടുക്കുമ്പോൾ പപ്പിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു .. പപ്പൂട്ടനോ അഞ്ജനക്കോ ഉള്ളതിനെക്കാൾ സ്നേഹം തനിക്കവളോടുണ്ടെന്ന് സ്വയം പറയാറുണ്ട് .. അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കുമ്പോൾ താനാർദ്രയായി പോകും .. നോർത്തിലായിരിക്കുമ്പോൾ അവളെ കുറിച്ചുള്ളയോർമ്മകൾ ഉറക്കം കെടുത്തും .. ചിന്തകൾ അവളിലേക്ക് മാത്രം ചുരുങ്ങും . ഉറക്കമില്ലാത്ത രാത്രികൾ കണ്ണീരിൽ കുതിരും . കാണാതെ പിടിച്ചു നിൽക്കാനാകില്ലെന്നാകുമ്പോൾ നാട്ടിലേക്ക് വണ്ടി കയറും ..

അവഗണനയും പുച്ഛവുമൊന്നും കണ്ടില്ലെന്ന് നടിച്ച് കയറി വരുന്നത് അവളെ കാണാൻ മാത്രമാണ് .. പപ്പിയാൻ്റി നാളെ മടങ്ങിപ്പോവുകയാണെന്നറിഞ്ഞപ്പോൾ സങ്കടം വന്നു .. ഇത്തവണ ഒരു രാത്രി പോലും കെട്ടിപ്പിടിച്ചുറങ്ങാൻ കഴിഞ്ഞില്ല .. എണ്ണിയാലൊടുങ്ങാത്ത ഉമ്മകൾ കിട്ടിയില്ല .. മതിയാവോളം സംസാരിക്കാൻ കഴിഞ്ഞില്ല .. മടിയിൽ തലവച്ചുറങ്ങാൻ കഴിഞ്ഞില്ല .. തനിക്കന്യമായതെല്ലാം പതിന്മടങ്ങായി തരുന്ന പാലാഴിയാണത് .. ഇനിയൊന്നു കാണുന്നത് മാസങ്ങൾ കഴിഞ്ഞാകുമെന്നോർത്തപ്പോൾ സങ്കടം വന്ന് വീർപ്പുമുട്ടി .. എല്ലാ മാസവും വരണമെന്ന് പറഞ്ഞാണ് യാത്രയാക്കുന്നത് ..

വരാമെന്ന പതിവു വല്ലവി ആൻറി തെറ്റിക്കും .. ആൻറിക്കും തന്നെ വേണ്ടന്നോർത്തു കരയും . .ഇനി വന്നാലും മിണ്ടുകയില്ലെന്ന് തീരുമാനിക്കും . . പക്ഷെ വന്നു കഴിഞ്ഞാൽ പരിഭവമൊക്കെ മറക്കും .. ആ മാറിടത്തിൽ ഒട്ടി നിൽക്കുമ്പോൾ തന്നിലേക്ക് പകരുന്നത് എന്താണാവോ .. ആ മാന്ത്രികതയെന്തായാലും അമ്മയുടെ ദേഹത്തില്ല .. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല .. ശ്രദ്ധ മുഴുവൻ പുറത്തേക്കായിരുന്നു .. വെളുപ്പിന് പപ്പിയാൻറി പോകും .. ഒന്ന് യാത്രയാക്കാൻ അമ്മ എഴുന്നേൽക്കില്ല.. തന്നെയും സമ്മതിക്കില്ല .. പപ്പിയാൻറി പോകുന്നത് കാണുന്നത് സങ്കടമാണ് .. എന്നിരുന്നാലും കണ്ണിൽ നിന്ന് മറയുവോളം നോക്കി നിൽക്കണം ..

മറ്റൊരു വരവിനായി കാത്തിരിക്കുന്ന നാളുകളുടെ പ്രതീക്ഷയതാണ് .. കാറിലിരുന്ന് കൈവീശി യാത്ര പറഞ്ഞു പോകുന്ന പപ്പിയാൻറി … ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹത്തിൻ്റെ വാത്സല്യത്തിൻ്റെ കരുണയുടെ ബാഷ്പ സാഗരം കാണാം .. ആ മടക്കം നോക്കി ഇനിയും വരുമെന്ന് മന്ത്രം പേലെയുരുവിട്ട് നിൽക്കണം … തലേ രാത്രി അടുക്കളയിൽ വച്ച് ചേർത്തണച്ച് തുരുതുരേ തന്ന ഉമ്മയുടെ ചൂട് അപ്പോഴും കണ്ണിലും നെറ്റിയിലും കവിളിലുമെല്ലാം ബാക്കി നിന്നു .. പുലരുവാൻ നാഴികകൾ മാത്രം ബാക്കി നിൽക്കെ മുറിക്കപ്പുറത്ത് അകന്നകന്നു പോകുന്ന കാലൊച്ച കേട്ടു .. പോവുകയാണ് പപ്പിയാൻ്റി .. സങ്കടം വന്ന് അവൾക്ക് വീർപ്പുമുട്ടി .. ഇനിയെന്നു വരും പപ്പിയാൻറീ മൈത്രിയെ കാണാൻ ..

അവൾ നിശബ്ദം കരഞ്ഞു .. പിറ്റേന്ന് അഞ്ജനയവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു .. ആശ്വാസമായിരുന്നു തോന്നിയത് .. പപ്പിയാൻ്റിയുടെ ഗന്ധമപ്പോഴും അവിടെ ബാക്കി നിന്നു .. കോളേജിൽ പോകാൻ ഒരുങ്ങുന്നതിനിടയിലെപ്പോഴോ ആണ് പുതിയ ഫോണിലേക്ക് ശ്രദ്ധ പോയത് .. ആദ്യമായി അവളത് കൈയിലെടുത്തു നോക്കി .. ഓൺ ചെയ്തപ്പോൾ ഡിസ്പ്ലേയിൽ ഏതോ ഒരു നമ്പറിൽ നിന്ന് അഞ്ച് മിസ്ഡ് കോൾ കണ്ടു .. ഇന്നലെ രാത്രി വിളിച്ചിരിക്കുന്നതാണ് .. ജിതിനായിരിക്കും .. ഫോൺ തിരിച്ചു വച്ചിട്ട് അലമാര തുറന്ന് കറുത്ത ലോങ്ങ് സ്കർട്ടും നിറയെ ഫ്രിൽ വച്ച വൈറ്റ് കളർ ടോപ്പുമെടുത്തു വച്ചു .. ആദ്യത്തെ രണ്ട് പീരിയഡ് ബോട്ടണി ലാബിലായിരുന്നു ..

മാനുവൽ നോക്കി പ്രൊസീഡിയർ എഴുതി വച്ച് എക്സ്പിരിമെൻ്റ് ചെയ്യണം .. ക്ലാസിലിരിക്കുന്ന പോലത്തെ മുഷിപ്പ് ലാബിൽ നിൽക്കുമ്പോൾ തോന്നാറില്ല .. ലാബ് കഴിഞ്ഞുള്ള രണ്ട് പിരിഡ് ക്ലാസായിരുന്നു .. ഉച്ചയ്ക്ക് ശേഷം ക്ലാസില്ലെന്ന് ആരൊക്കെയോ പറയുന്നുണ്ടായിരുന്നു .. ആഡിറ്റോറിയത്തിൽ വച്ച് എന്തോ സെമിനാർ ഉണ്ട് .. എൻ എസ് എസ് വോളൻ്റിയേർസിനെയൊക്കെ നേരത്തെ വിളിച്ചു കൊണ്ട് പോയി .. ഉച്ചയ്ക്ക് ശേഷം സെമിനാർ വച്ചാൽ കുറേ പേരെങ്കിലും മുങ്ങിയിരിക്കും … ചിലർ വീട്ടിൽ പോകും , ചിലർ കറങ്ങാൻ പോകും .. അതൊക്കെ പതിവാണ് .. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് മൈത്രിയും ഗാഥയും വിന്നിയും കൂടി ആഡിറ്റോറിയത്തിലേക്ക് നടന്നു .. അതിനിടയ്ക്ക് ആസിഫിനെ കണ്ടു വിന്നി സംസാരിക്കാൻ പോയി .. മൈത്രിയും ഗാഥയും കൂടി , ആഡിറ്റോറിയത്തിൻ്റെ മുന്നിലെ വാകയുടെ ചോട്ടിൽ കാത്ത് നിന്നു ..

ഗാഥയോട് സംസാരിച്ചു നിൽക്കുമ്പോൾ കണ്ടു ദൂരെ നിന്ന് ഓടി വരുന്ന ഉണ്ണിമായയെ .. എന്തുകൊണ്ടോ അവളെ കണ്ടപ്പോൾ നെഞ്ചിനുള്ളിലൂടെ കൊള്ളിയാൻ പാഞ്ഞു .. ഉണ്ണിമായയെ കാണുമ്പോൾ പോലും തനിക്കിപ്പോൾ നിരഞ്ജനെയാണല്ലോ ഓർമ വരുന്നതെന്നോർത്തപ്പോൾ ചിരിയും വന്നു .. ഉണ്ണി മായ വന്നത് മൈത്രിയുടെ അടുത്തേക്കായിരുന്നു .. ” മൈത്രി വേഗം വന്നേ…. നിരഞ്ജൻ ചേട്ടൻ പുറത്തുണ്ട് … ” അവൾ മൈത്രിയുടെ കൈപിടിച്ച് വലിക്കുന്നുണ്ടായിരുന്നു … ഉള്ളം കിടുങ്ങി .. കൈകൾ തണുത്തുറഞ്ഞു .. നെഞ്ചിടിപ്പ് വർദ്ധിച്ചു .. ശരീരമൊന്നടങ്കം ഒരു വിറയൽ .. പൂവാകയുടെ ഏതോ ചില്ലയിൽ നിന്ന് ഒരു ചുവന്ന ദളമടർന്ന് അവളുടെ നെറ്റിയിലൂടെ ചുംബിച്ച് വെളുത്ത ടോപ്പിൽ വീണു മയങ്ങി ..

പ്രണയം …. ചിലപ്പോൾ ഇലയായി തളിർക്കും .. പൂവായി വിരിയും .. മണമായി പടരും .. മധുവായി കിനിയും ഇതളായി പൊഴിയും .. മഴയായി പാടും .. കാറ്റായി തഴുകും ശിലയായി മാറും … ( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 12

Share this story