വീണ്ടും : ഭാഗം 3

വീണ്ടും : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

പത്തൊമ്പതാമത്തെ വയസിലായിരുന്നു സിദ്ധുവേട്ടനുമായുള്ള എന്റെ വിവാഹം. ഞാനന്ന് ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുകയാണ്. BA മലയാളം. പെണ്കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചയക്കുന്ന എല്ലാവരും പറയുന്നൊരു പതിവ് പലവിയുണ്ട്: അവർക്ക് സമ്മതമായിരുന്നു എന്ന്. ശരിയാണ്, സമ്മതമായിരുന്നു. കുട്ടിക്കാലം മുതലേ നന്നായി പഠിക്കണം എന്നോ കരിയർ ഉണ്ടാക്കി എടുക്കണമെന്നോ സ്വന്തം കാലിൽ നിൽക്കണം എന്നോ എന്നോടാരും പറഞ്ഞിട്ടില്ല. പകരം മറ്റൊരു വീട്ടിൽ കയറി ചെല്ലേണ്ട പെണ്ണാണ് എന്ന വാക്ക് ദിവസവും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ട്.

പത്തോ പന്ത്രണ്ടോ വയസു മുതൽ, ചിലപ്പോ അതിലും നേരത്തെ മുതൽ വർഷങ്ങൾക്ക് ശേഷം നടക്കേണ്ട അവളുടെ വിവാഹത്തിന് വേണ്ടി ഒരുക്കാൻ, ഒരു കുഞ്ഞിന്റെ ഏറ്റവും സുന്ദരമായ ബാല്യവും കൗമാരവും അരുതുകളുടെ താഴിനുള്ളിൽ പൂട്ടിയിടുന്ന മാതാപിതാക്കൾ എത്രയാണ്..! എന്റെ അവസ്ഥയും അതുപോലായിരുന്നു. മറ്റുള്ളവരുടെ കണ്ണിൽ എല്ലാം തികഞ്ഞ കുട്ടിക്കാലം ആയിരുന്നു എന്റേത്. വലിയ വീട്, കാർ, ഇഷ്ടം പോലെ ജോലിക്കാർ, നല്ല വസ്ത്രങ്ങൾ… എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഒന്നുറക്കെ ചിരിക്കാനോ ഒരു മൂളിപ്പാട്ട് പാടാനോ പോലും സ്വാതന്ത്രം ഇല്ലാതെയാണ് ഞാൻ വളർന്നത്. പെണ്കുട്ടികളെ ഒരുപാട് കൊഞ്ചിച്ചാൽ വഷളായി പോകും എന്നായിരുന്നു അച്ഛന്റെ വിശ്വാസം.

അച്ഛന്റെ സ്വരത്തിനൊപ്പം ചലിക്കുന്ന പാവ മാത്രമാണ് അമ്മ, അന്നും ഇന്നും. അച്ഛൻ ചക്ക ചൂണ്ടി കാണിച്ചു തേങ്ങയാണെന്ന് പറഞ്ഞാലും അമ്മ തലയാട്ടും. ഏട്ടൻ ആകാശിന് കുട്ടിക്കാലത്ത് എന്നെ വലിയ ഇഷ്ടമായിരുന്നെങ്കിലും പതിയെ ഏട്ടനും അച്ഛന്റെ നിഴലായി ചുരുങ്ങി. ഞങ്ങളുടെ കുടുംബത്തിലെ പെണ്കുട്ടികളെ ഏറ്റവും ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധനം കൊടുത്തു മുന്തിയ തറവാട്ടിലേക്ക് “അയക്കുന്ന” കാര്യത്തിൽ ഒരു അലിഖിത മത്സരം തന്നെ നടന്നിരുന്നു. ആണ്കുട്ടികൾക്ക് ഏറ്റവും കൂടുതൽ സ്ത്രീനം വാങ്ങി വലിയ തറവാടുകളിൽ നിന്ന് പെണ്ണ് കെട്ടിക്കുന്ന കാര്യത്തിലും. ഇതിനിടയിൽ പെണ്ണിന്റെയും ചെക്കന്റെയും ഇഷ്ടം, അഭിപ്രായങ്ങൾ ഇവയൊന്നും ആരും ചോദിച്ചിരുന്നില്ല.

അന്നൊന്നും പഠിക്കണം എന്നോ ജീവിക്കണം എന്നോ എനിക്ക് തോന്നിയിട്ടില്ല. ഒഴുക്കിനൊപ്പം നീന്താൻ എന്റെ വീട്ടുകാർ അത്രയും കാലത്തെ എന്റെ ജീവിതം കൊണ്ടെന്നെ പ്രാപ്തരാക്കിയിരുന്നു. ആരും ചോദിച്ചില്ലെങ്കിൽ കൂടി, എനിക്ക് വിവാഹത്തിന് സമ്മതമായിരുന്നു. മുന്നിൽ ഒരേയൊരു വഴി മാത്രമുള്ളപ്പോൾ അതിലേ നടക്കാൻ തീരുമാനിക്കുന്നത് ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ലല്ലോ. മിക്ക ഞായറാഴ്ചകളിലും വന്നുപോകുന്ന പെണ്ണുകാണൽ പ്രഹസനങ്ങളിൽ ഒന്നായിരുന്നു സിദ്ധുവേട്ടന്റേതും. ആകെയുള്ള ഒരു വ്യത്യാസം അച്ഛന്റെ കനത്ത മുഖത്തോടെയുള്ള നോട്ടം കണ്ടിട്ടും ആളെന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ വന്നു എന്നതാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് വിവാഹം ഉറപ്പിച്ച കാര്യം അച്ഛൻ വീട്ടിൽ പറയുന്നത്.

“ഈ ചിങ്ങത്തിൽ പത്തൊൻപത് തികയുവാ വേണിക്ക്. അതോണ്ട് മേടത്തിൽ തന്നെ അങ്ങു നടത്താൻ വാക്ക് കൊടുത്തു ഞാൻ..” “അതിപ്പോ.. പട്ടാളക്കാരൻ അല്ലെ…” അന്നാദ്യമായി അമ്മയുടെ ശബ്ദം എനിക്കുവേണ്ടി ഉയർന്നു. “അതിനിപ്പോ എന്താ.? അതിർത്തിയിൽ യുദ്ധത്തിന് പോകുന്ന ചുമ്മാ പട്ടാളക്കാരൻ അല്ല അവൻ, ഒന്നാന്തരം ഓഫീസർ ആണ്. പിന്നെ നല്ല തറവാട്ടുകാരും.” “എന്നാലും… പത്ത് വയസ് വ്യത്യാസം എന്നൊക്കെ പറയുമ്പോ…” അച്ഛന്റെ ഒറ്റ നോട്ടത്തിൽ അമ്മ പറയാൻ വന്നതിന്റെ ബാക്കി വിഴുങ്ങി. സിദ്ധുവേട്ടൻ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞതുകൊണ്ട് ഇരുനൂറ് പവൻ സ്വർണവും വിലകൂടിയ കാറും നാടടക്കം വിളിച്ചു ഗംഭീര സദ്യയും എല്ലാം ഒരുക്കി അച്ഛൻ.

ചലിക്കുന്ന ഒരു മരപ്പാവ പോലെ ഞാനും. ആദ്യരാത്രി സിദ്ധുവേട്ടന്റെ മുറിയിൽ ഇരിക്കുമ്പോ മനസ് ഒട്ടും ശാന്തമായിരുന്നില്ല. പരിചയം ഇല്ലാത്ത വീട്, വീട്ടുകാർ. എല്ലാത്തിലും ഉപരി തീർത്തും അപരിചിതനായ ഒരു പുരുഷനോടൊപ്പം ഉറങ്ങാൻ പോകുന്നുവെന്ന തോന്നൽ പോലും എന്റെ ഭയം കൂട്ടി. കൂട്ടുകാർ പറഞ്ഞുകേട്ട കഥകളിലെ രക്തവും വേദനയും നിറഞ്ഞ ആദ്യരാത്രികൾ ഓർമ്മവന്നു. ഏട്ടൻ അതുവരെ എന്നോടധികം സംസാരിച്ചിരുന്നില്ല എന്നതും ഒരു കാരണമായിരുന്നു. “താൻ കാത്തിരുന്ന് ക്ഷീണിച്ചോ? സോറിട്ടോ.. ഫ്രണ്ട്സ് കുറച്ചു പേര് ഉണ്ടായിരുന്നു. അവരെയൊന്ന് പറഞ്ഞുവിടാൻ നിന്നതാ..” സിദ്ധുവേട്ടന്റെ ശബ്ദം കേട്ട് ഞാൻ വേഗം ചാടി എഴുന്നേറ്റു.

ആൾ അടുത്തേക്ക് വരും തോറും ഭയം കൊണ്ടെന്നെ വിറയ്ക്കാൻ തുടങ്ങി. “വേണി.. എന്ത് പറ്റി? മുഖമൊക്കെ വല്ലാതെ..?” “ഹേയ്.. ഒന്നുവില്ല..” ഞാൻ ചിരിക്കാൻ ശ്രമിച്ചു. ഏട്ടൻ കട്ടിലിലേക്ക് ഇരിക്കുന്നതിനൊപ്പം എന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തുകയും ചെയ്തു. “ഇതെന്താ കൈയൊക്കെ തണുത്തു വിറച്ചിരിക്കുന്നത്?” “അത്.. ഒന്നുവില്ല..” “വേണി.. ഇങ്ങോട്ട് നോക്ക് നീ.. പേടിയാണോ എന്നെ?” ഞാൻ അതെയെന്ന അർഥത്തിൽ തലയാട്ടി. പെട്ടെന്ന് ഏട്ടൻ നോക്കുന്നത് കണ്ടപ്പോൾ അല്ലെന്നും. അതുകണ്ട് ഏട്ടൻ ഉറക്കെ ചിരിച്ചു. സത്യത്തിൽ അപ്പോഴാണ് ഞാൻ മര്യാദയ്ക്ക് ശ്വാസം വിട്ടത്.

പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഒരുകണക്കിന്, ഉറങ്ങാനുള്ള ഭയം കാരണം ക്ഷീണം ഉണ്ടായിട്ടും ഒന്നിന് പുറകെ മറ്റൊന്നായി വിഷയങ്ങൾ ഉണ്ടാക്കുകയായിരുന്നു ഞാൻ. ഇതിനിടയിൽ പലതവണ കോട്ടുവാ വന്നെങ്കിലും സമർഥമായി ഞാനത് മറച്ചു. “ഇങ്ങനെ ഇരുന്ന് ഉറക്കം തൂങ്ങേണ്ട. നമുക്ക് കിടക്കാം. ബാക്കി നാളെ സംസാരിക്കാം..” അതോടെ വീണ്ടും എന്നിൽ ഭയം പിരിമുറുക്കി തുടങ്ങി. ഏട്ടൻ എന്നെ കട്ടിലിന്റെ ഓരത്തേക്ക് കിടത്തി ലൈറ്റ് ഓഫ് ചെയ്തു. രണ്ടു കയ്യും കൊണ്ടെന്നെ നെഞ്ചിലേക്ക് ചേർത്തു കിടത്തി. ഉടനെ തന്നെ ഏട്ടന്റെ കൈകൾ എന്നിൽ അരിച്ചിറങ്ങും എന്നും എന്നെ വേദനിപ്പിക്കും എന്നും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മെല്ലെ ഏട്ടന്റെ ശ്വാസഗതി ഒരേപോലെവന്നു. അറിയാതെ ഞാനും ഉറക്കത്തിലേക്ക് വീണുപോയി. പിറ്റേന്ന് ഏട്ടൻ ജോഗിംഗിന് പോകാൻ വിളിക്കുമ്പോഴാണ് പിന്നെ ബോധം വീണത്. “ഗുഡ് മോണിംഗ്” തിരിച്ചു വിഷ് ചെയ്യാൻ പോയപ്പോഴാണ് സിദ്ധുവേട്ടന്റെ വീട്ടിലാണല്ലോ ഞാനെന്ന കാര്യം ഓർമ വന്നത്. ചാടി എഴുന്നേറ്റ് പോയി. ചെ..! ആദ്യ ദിവസം തന്നെ വൈകി എണീറ്റല്ലോ… “വേണി.. സമയം അഞ്ചര കഴിഞ്ഞിട്ടേയുള്ളൂ. ഞാൻ ജോഗിംഗിന് പോകുവാ. എണീക്കുമ്പോ നീ എന്നെ കാണാതെ പേടിച്ചാലോ എന്നു കരുതിയാ വിളിച്ചേ. കുറച്ചു കഴിഞ്ഞ് എണീറ്റാ മതീട്ടോ..” കവിളിൽ ഒരു തട്ടും തന്ന് ഏട്ടൻ പോയി. എനിക്കാണെങ്കിൽ കിടക്കാൻ തോന്നിയില്ല. വേഗം കുളിച്ചു.

ഒരു സാരി എടുത്തുടുത്തു. അടുക്കളയിൽ ചെന്നപ്പോ അമ്മയൊരു പാവാടയും ടോപ്പും ഒക്കെയിട്ട് ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുന്നു. ആദ്യമായിട്ടാണ് ആ പ്രായത്തിൽ ഒരു സ്ത്രീ ഇത്തരം വസ്ത്രം ധരിച്ചു കാണുന്നത്. അമ്മയും അമ്മയിമാരും ചെറിയമ്മമാരും ഒക്കെ വീട്ടിലും പുറത്തും സാരിയാണ്. “ആഹാ. എണീറ്റോ..? ഇതെന്താ ഈ വേഷത്തിൽ?” അമ്മയുടെ ചോദ്യം കേട്ട് എനിക്കാകെ ചമ്മൽ തോന്നി. എന്റെ നിൽപ് കണ്ടിട്ടാക്കണം, ചിരിച്ചുകൊണ്ട് ഒരു ഗ്ലാസ് ചായ എടുത്തുതന്നു. “വേണിക്ക് ഫുഡ് എന്തൊക്കെയാ ഇഷ്ടം..?” “എനിക്കങ്ങനെ ഒന്നും ഇല്ലമ്മേ. എന്തായാലും മതി” ആളെന്നെ ഒന്ന് ചുഴിഞ്ഞു നോക്കി. “ഇത് നിന്റെ വീടാണ് കുഞ്ഞേ. നിന്റെ ഇഷ്ടം പറഞ്ഞാൽ ഇടയ്ക്ക് അതിനനുസരിച്ചു ഉണ്ടാക്കാം.

അതിനാ ചോദിക്കുന്നെ” എന്റെ വീട്ടിൽ എനിക്ക് ഇഷ്ടങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ. ഞങ്ങൾ പിന്നെ കുറേനേരം സംസാരിച്ചു. “സിദ്ധു ഇത്ര ചെറിയൊരു കുട്ടിയെ വിവാഹം കഴിക്കുന്നതിൽ എനിക്കത്ര താൽപ്പര്യം ഇല്ലായിരുന്നു. പിന്നെ അവന്റെ ഇഷ്ടമാണല്ലോ പ്രധാനം..” ഇടയ്ക്കെപ്പോഴോ അമ്മ പറഞ്ഞു. എന്റെ മുഖത്തെ ചിരി അതോടെ മാഞ്ഞു. “കുഞ്ഞേ നിനക്ക് വിഷമം ആകാൻ പറഞ്ഞതല്ല. മരുമകൾക്ക് പ്രായം പതിനനെട്ടായാലും ഇരുപത്തി ഏട്ടായാലും വന്നു കയറുന്ന ദിവസം മുതൽ പക്വതയുള്ള കുടുംബിനിയെ ആണ് വീട്ടുകാർ പ്രതീക്ഷിക്കുക. നിന്റെ അറിവില്ലായ്മ കൊണ്ട് നീയെന്തെങ്കിലും തെറ്റ് ചെയ്താൽ ഞാൻ അമ്മയിയമ്മപ്പോര് കാണിക്കുമോ എന്നൊരു പേടിയുണ്ടേ.

അതാ” അമ്മയുടെ തുറന്ന സംസാരം എനിക്കിഷ്ടമായി. ജോലികൾ ചെയ്യുന്നതൊക്കെ എത്ര അനായാസമാണ്..! എല്ലാത്തിനും ഉപകരണങ്ങൾ ആണ്. വീട്ടിൽ അച്ഛൻ മിക്സി പോലും ഉപയോഗിക്കാൻ സമ്മതിക്കില്ല. കറിയുടെ രുചി പോകുമത്രേ..! കുറച്ചു കഴിഞ്ഞപ്പോഴേക്കും ജോഗിംഗിന് പോയവർ തിരിച്ചു വന്നു. അച്ഛനും അനിയൻ സായു എന്നു വിളിക്കുന്ന സായൂജും ഫെഡറൽ ബാങ്കിലാണ്. അനിയത്തി സാരംഗി എന്ന സച്ചു എം ടെക് ഫൈസ്റ്റിയർ. അമ്മ അഡ്വക്കേറ്റ് ആണ്. പെണ്ണുങ്ങൾ ജോലിക്കു പോകുന്ന കുടുംബത്തിലേക്ക് എന്നെ വിടാൻ അച്ഛനാദ്യം ഇഷ്ടമല്ലായിരുന്നു. പിന്നെ മറ്റെല്ലാം ഒത്തു വന്നതുകൊണ്ട് നടത്തിയതാണ്. ആ വീട്ടിൽ ഏറ്റവും പ്രായക്കുറവ് എനിക്കായിരുന്നു.

വന്നപാടെ എല്ലാവരും എന്റെ സാരിയെ കളിയാക്കാൻ തുടങ്ങി. ഒരുമിച്ചു വിളമ്പി ഭക്ഷണം കഴിക്കുന്നതും അവനവൻ കഴിച്ച പാത്രം കഴുകുന്നതും ആണുങ്ങൾ വീട്ടുജോലി ചെയ്യുന്നതുമൊക്കെ എനിക്ക് കൗതുകം ആയിരുന്നു. മെല്ലെ ഞാൻ സിദ്ധുവേട്ടനുമായി അടുത്തു. പുതിയൊരാൾ വന്നപ്പോൾ മറ്റുള്ളവരെ ഒഴിവാക്കി എന്ന തോന്നൽ അവർക്ക് ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പുറത്തു പോയപ്പോഴൊക്കെ അനിയനും അനിയത്തിയും ഒപ്പം ഉണ്ടായിരുന്നു. ആദ്യമായി ഇതെല്ലാം ആസ്വദിക്കുന്ന എനിക്കതിൽ പരാതിയും തോന്നിയില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും സായുവും ജോലിക്ക് പോയി തുടങ്ങി. സച്ചു ഹോസ്റ്റലിലേക്ക് മടങ്ങി.

വിവാഹശേഷം പഠിക്കാൻ പോകുന്നത് എന്റെ വീട്ടുകാർ എതിർത്തിട്ടും ഏട്ടൻ എന്നെ നിർബന്ധപൂർവം കോളേജിൽ അയച്ചു. രണ്ടുമാസത്തെ അവധി മുതലാക്കാൻ ഏട്ടനൊരിക്കലും ശ്രമിച്ചില്ല. പകരം ജീവിതകാലം മുഴുവൻ പാതിയാകേണ്ടവളെ മനസിലാക്കാൻ സമയം കണ്ടെത്തി. മെല്ലെ ഞങ്ങൾ എല്ലാ അർഥത്തിലും ഒന്നായി. ഞങ്ങളുടെ പ്രണയ നിമിഷങ്ങൾക്കെല്ലാം ആ മുറിയുടെ നാലു ചുവരുകൾ മാത്രം സാക്ഷിയായി. ഞാനൊരിക്കലും മുറിഞ്ഞ ശരീരമോ പൊട്ടിയ ചുണ്ടുകളോ ആയി പുറത്തേക്ക് വന്നില്ല. ഇന്നാലോചിക്കുമ്പോൾ, ശരീരം മുറിപ്പെടുത്തിയുള്ള പ്രണയം പ്രണയമല്ല എന്നു തിരിച്ചറിയാൻ കഴിയുന്നുമുണ്ട്. “വേണി… ഇനി ഒരു ഒന്നര മാസം കൂടിയേ ഉള്ളൂ ഞാൻ നാട്ടിൽ.

പിന്നെ ഒരു വർഷമെടുക്കും വരാൻ. അതിനു മുൻപ് എന്തൊക്കെയാ നിന്റെ ആഗ്രഹങ്ങൾ?” ഒരുമിച്ചു കിതപ്പടക്കി ചേർന്നു കിടന്ന ഒരു രാത്രി എട്ടനെന്നോട് ചോദിച്ചു. “അത്.. എനിക്ക്…” “മ്മം.. പോരട്ടെ..” “എനിക്ക്.. എനിക്ക് ബസിൽ കയറണം, ട്രെയിനിൽ കയറണം, കടൽ കാണണം, രാത്രി ബൈക്കിൽ പോണം, കൊറേ സിനിമ കാണണം, മഞ്ഞും മലയും ഒക്കെ ഉള്ള സ്ഥലത്തൂടെ ട്രാവൽ ചെയ്യണം” കേൾക്കുമ്പോൾ ബലിശമെന്ന് തോന്നുമെങ്കിലും ഇതെല്ലാം അന്നത്തെ എന്റെ വലിയ ആഗ്രഹങ്ങൾ ആയിരുന്നു. “അത്രേയുള്ളൂ? പിന്നെ ഒന്നൂല..??” ഞാനൊന്ന് ആലോചിച്ചു. “പറയാം. പക്ഷെ കളിയാക്കരുത്.”

“ഇല്ലെടി..” എട്ടനെന്നെ ഒന്നൂടെ മുറുകെ പുണർന്നു. “ബൈക്കിൽ ഹിമാലയൻ ട്രിപ്പ് പോണം..” “ആഹാ. കൊള്ളാലോ എന്റെ തീപ്പെട്ടിക്കൊള്ളീടെ ആഗ്രഹങ്ങൾ.” ഞാൻ ചിരിച്ചു. ശ്വാസമെടുക്കാൻ പോലും പേടിച്ച വേണിയിൽ നിന്ന് പറക്കാൻ കൊതിക്കുന്ന വേണിയിലേക്ക് എന്നെ സിദ്ധുവേട്ടൻ മാറ്റിയെടുത്തു. ഇപ്പോൾ കിട്ടുന്ന സ്വാതന്ത്രം നഷ്ടപ്പെടുന്ന കാര്യം ആലോചിക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് പോകാൻ പോലും എനിക്കിഷ്ടമില്ലാതായി…തുടരും….

വീണ്ടും : ഭാഗം 2

Share this story