ഗോപികാ വസന്തം : ഭാഗം 13

ഗോപികാ വസന്തം : ഭാഗം 13

എഴുത്തുകാരി: മീര സരസ്വതി

റൂമിൽ നിന്നും സാധനങ്ങൾ വലിച്ചെറിയുന്ന ശബ്ദങ്ങൾ കേൾക്കാം.. ഭയത്തോടെയാണ് കയറിയത്.. മുറിയിലെ അലങ്കാര വസ്തുക്കളൊക്കെയും ഛിന്നഭിന്നമായി തറയിൽ കിടപ്പുണ്ട്. വാതിൽ പടിയിൽ എന്നെ കണ്ടതും അരികിലേക്ക് പാഞ്ഞടുത്തു. പിടിച്ചു വലിച്ച് ഭിത്തിയോട് ചേർത്തു.. “പറഞ്ഞതല്ലേ.. നമുക്കിടയിൽ നമ്മൾ മതിയെന്ന്.. എന്റെ സ്നേഹം പോരെന്നായൊ നിനക്ക് … നിർത്തിക്കോ.. ഇനി കോളേജിലൊന്നും പോകേണ്ട.. നീ പഠിച്ച് ജോലി സമ്പാദിച്ച് വേണ്ട നമുക്ക് ജീവിക്കാൻ..” കവിളിൽ മാറിമാറി അടിച്ചു…ചുമരിനോട് ചേർത്ത് കവിളിൽ കുത്തിപ്പിടിച്ച് ഭ്രാന്തനെപ്പോലെ അലറി…

കൈ വിടുവിക്കാൻ ആവതു ശ്രമിച്ചിട്ടും അവന്റെ കൈകരുത്തിനു മുന്നിൽ ശ്രമം വിഫലമായി.. നോവുന്നെന്ന് പറയാൻ ശ്രമിച്ചിട്ടും അവ്യക്തങ്ങളായ വാക്കുകൾ മാത്രമേ വന്നുള്ളൂ.. കണ്ണുനീർ ഒഴുകിയിറങ്ങി… കവിളിനോടൊപ്പം മനസ്സും വിങ്ങിത്തുടങ്ങി. അലറിക്കരയാൻ ശ്രമിച്ചിട്ടും നടന്നില്ല.. ഒടുവിൽ വാടിയ താമരത്തണ്ടുപോൽ ഊർന്നു വീണപ്പോൾ പ്രണവിന്റെ കൈകൾ താങ്ങിയിരുന്നു… കണ്ണുതുറക്കുമ്പോൾ ബെഡിൽ കിടപ്പാണ്. എന്നോട് ചേർന്നുകിടന്നു കൈകൾ വയറിനു മീതെ ചുറ്റിവരിഞ്ഞ് കിടപ്പാണ് ആള്… ആളുടെ കണ്ണുനീരിനാൽ എന്റെ കഴുത്ത് നനയുന്നുണ്ട്.. പ്രണവ് കരയുകയാണെന്ന ബോധ്യത്താൽ കുതറി എഴുന്നേൽക്കാൻ ശ്രമിച്ചതും ആളും കൂടെ എഴുന്നേറ്റിരുന്നു.

പിന്നെയവിടെ ദൈർഘ്യമേറിയ ക്ഷമാപണമാണ് അരങ്ങേറിയത്.. ഒന്നും കേട്ടില്ലെന്ന് പറയുന്നതാകും സത്യം.. മറ്റേതോ ലോകത്തായിരുന്നു അപ്പോൾ.. ആളുടെ ഏറ്റുപറച്ചിലൊക്കെ കഴിഞ്ഞപ്പോൾ നേർത്ത പുഞ്ചിരി സമ്മാനിച്ച് എഴുന്നേറ്റു. മാറാനുള്ള വസ്ത്രങ്ങളെടുത്ത് വാഷ്‌റൂമിലേക്ക് നടന്നു. കുളിച്ച് മുടി ചീവി സിന്ദൂരമണിഞ്ഞു. യാന്ത്രികമായി ഒക്കെയും ചെയ്തു. സോഫയിൽ ഇരുന്നു പ്രണവ് ഒക്കെയും വീക്ഷിക്കുന്നുണ്ട്.. ഗൗനിക്കാതെ താഴേക്ക് നടന്നു.. അന്ന് വരെ സന്തോഷം മാത്രം അലയടിച്ച വീട്ടിലിന്ന് ശ്മാശാന മൂകതയാണ്. പിള്ളേര് പോലും ഭയന്നിട്ടുണ്ട്. കാര്യമായ ജോലികളൊന്നും ഇല്ലാത്തതിനാൽ ഓരോരുത്തരും അവിടിവിടെയായി ഇരുന്നും കിടന്നുമൊക്കെ സമയം കളഞ്ഞു.

വൈകിട്ട് ചേട്ടന്മാർ ചേച്ചിമാരെ വിളിക്കാൻ വരും വരെയും പ്രണവ് എന്നെ അന്വേഷിച്ച് വന്നതേയില്ല. ഞാനും ആളെ അന്വേഷിച്ചു പോയതേയില്ല. ഇടയ്ക്ക് അമ്മ കഴിക്കാൻ വിളിച്ചെങ്കിലും വന്നില്ല. ചേട്ടന്മാർ വന്നതും ആള് താഴെ എത്തിയിരുന്നു. പിന്നെ എന്റെ അടുത്ത് നിന്നും മാറിയതെയില്ല.. പ്രീതേച്ചിയുടെ സന്തോഷേട്ടൻ ആളൊരു രസികനാണ്.. ആളിടക്ക് എന്നെയും പ്രണവിനെയും കളിയാക്കാൻ ശ്രമിക്കുന്നുണ്ട്.. പല്ലിറുമ്മുന്ന പ്രണവിനെ കണ്ടതും ചേച്ചി ആളെ തൊട്ട് വിളിച്ചു എന്തോ രഹസ്യം പറഞ്ഞു. പിന്നെ സന്തോഷേട്ടനും സൈലന്റ് ആയി. ചേച്ചിമാർ പോയതോടെ പിന്നെയവിടെ ഒച്ചയും അനക്കവും ഒന്നുമില്ലാതായി.

എന്റെ പഠിത്തവും മുടങ്ങി. അച്ഛന്റെ നിർബന്ധപ്രകരം പ്രണവ് ഓഫീസിൽ പോയിത്തുടങ്ങി. ഓഫീസലായാൽ ഓരോ അരമണിക്കൂറിലും എന്നെ വിളിച്ചു സംസാരിക്കും. ഒരിക്കൽ അമ്മയോടൊപ്പം അമ്മയുടെ ബന്ധുവിന്റെ മരണത്തിൽ പങ്കെടുത്തു. പെട്ടെന്നായതിനാൽ പ്രണവിനെ അറിയിക്കാൻ സാവകാശം ലഭിച്ചില്ല. എന്നെ വിളിച്ച് കിട്ടാതായതോടെ അന്വേഷിച്ചു വീട്ടിൽ വന്നു. ഞങ്ങളെ കാണാതായതോടെ ആളിലെ ഷമ്മി ഉണർന്നു. തിരിച്ചു വീട്ടിൽ വന്നതും കാണുന്നത് വീട്ടിനകത്തെ സാധനങ്ങളൊക്കെയും എറിഞ്ഞുടച്ചതാണ്‌.. ജോലിക്കാരൊക്കെയും ഭയന്ന് ഒരു റൂമിൽ അടച്ചിരിപ്പായിരുന്നു.

ഞങ്ങളെ കണ്ടതും എന്റെ മേലുള്ള ദേഹോപദ്രവം തുടങ്ങിയിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച അമ്മയെ തള്ളി താഴെയിട്ടു. വീഴ്ചയിൽ അമ്മയുടെ നെറ്റിപൊട്ടി ചോരവന്നതും ആളടങ്ങി. അതോടെ ഇനിയീ വീടിന്റെ പടി ഇറങ്ങിപ്പോകരുതെന്ന താക്കീതോടെ അകത്തേക്ക് കയറിപ്പോയി.. “ഇങ്ങനെ അവന്റുപദ്രവം സഹിക്കേണ്ട മോളെ.. ഞാൻ നാളെ വീട്ടിൽ കൊണ്ടുവിടാം..” രാത്രിയിൽ അച്ഛൻ വന്നതും കാര്യങ്ങളറിഞ്ഞപ്പോൾ പറഞ്ഞു. “വേണ്ടച്ഛ..വീട്ടിലും ഗോപുവിന്റെ അവസ്ഥയോർത്ത് എല്ലാരും ടെൻഷെനിലാ.. ഇനി ഇതൂടെ താങ്ങാൻ പറ്റില്ലവർക്ക്‌…” എന്റെയവസ്ഥയോർത്ത് നിസ്സഹായരായി നിൽക്കാനേ ആ പാവങ്ങൾക്ക് കഴിഞ്ഞുള്ളു..

“നമുക്കൊരു കൗൺസിലിംഗിന് പോയാലോ.. പ്രണവ്…” അവനു വിധേയപ്പെട്ട്‌ കിടന്നൊരു രാത്രിയിൽ വെറുതെ ചെറിയൊരു പ്രതീക്ഷയെന്നോണം ചോദിച്ചു. “എനിക്ക് ഭ്രാന്താണെന്നാണോ പറഞ്ഞുവരുന്നത്.. എന്റെ സ്നേഹം നിനക്ക് ഭ്രാന്തായാണോ തോന്നുന്നത് ദേവൂ..” കുഞ്ഞു പിള്ളേരെ പോലെ പരിഭവം പറയുന്ന ആളോട് പിന്നെ നിർബന്ധിക്കാൻ തോന്നിയില്ല. 🌺🌺🌺🌺🌺 ആളെന്റെ ഫോൺ ഹാക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായതും വീട്ടികാരോട് പോലും അതിൽ നിന്ന് യാതൊരു കോണ്ടാക്റ്റും ചെയ്തില്ല. ഇടയ്ക്ക് പ്രണവിന്റെ സാന്നിധ്യത്തിൽ അവന്റെ ഫോണിൽ നിന്നും അമ്മയെയും അച്ഛനെയും വിളിക്കും.

ഒക്കെയും ആരോടെങ്കിലും പറയണമെന്ന് തോന്നിയിട്ട് പോലും നടക്കത്തോരവസ്ഥ..ശെരിക്കും പറഞ്ഞാൽ പ്രണവിന് അടിമപ്പെട്ട് അവന്റെ കാല്കീഴിൽ കൂട്ടിലടച്ച കിളിപോലെയായി എന്റെ ജീവിതം.. അതോടെ ആളുടെ സ്നേഹം വല്ലാതങ്ങ് ഒഴുകിത്തുടങ്ങി. എനിക്ക് വേണ്ടതൊക്കെയും ആളെനിക്ക് ചെയ്തുതന്നു. ഒക്കെയൊരു പ്രഹസനം പോലെ തോന്നിത്തുടങ്ങിയതോടെ ഞാനും അഭിനയിച്ചു. പ്രണവിനെ സ്നേഹിക്കും പോലെ നന്നായി അഭിനയിച്ചു. സന്തോഷവതിയാണെന്ന് അവന്റെ മുന്നിൽ കാണിച്ചു. അവന്റെ ഉപദ്രവങ്ങളിൽ നിന്നെങ്കിലും മോചനം വേണമെന്ന് തോന്നിയത് കൊണ്ട് മാത്രം.

സ്നേഹമാണെന്ന് കാണിക്കാനുള്ള പ്രണവിന്റെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്നേഹ വാത്സല്യങ്ങൾ ഓർത്തുപോയി. ഗോപുനെ ഓർത്തുപോയി. സ്വന്തം സ്വാർത്ഥതയ്ക്കായി വിട്ടുകളഞ്ഞ വസന്തേട്ടനെ ഓർത്തുപോയി. അവരോടൊപ്പമുള്ള ആ നല്ല ജീവിതം ഓർത്തുപോയി. നിസ്സഹായയായി അവരോടൊക്കെയും ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തം പോലെ ഇങ്ങനെ തന്നെ ജീവിക്കാമെന്ന് ഉറപ്പിച്ചു. ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ വസന്തേട്ടനോട് ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന് തോന്നിപോയി. 🌺🌺🌺🌺🌺🌺

“ഒരു കുഞ്ഞു വന്നാൽ ഈ സ്വഭാവമൊക്കെ ശെരിയായിക്കോളും മോളെ..” അമ്മയുടെ സ്നേഹത്തോടെയുള്ള ഉപദേശം കേട്ടപ്പോൾ ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങി.. “എനിക്കും ഒരമ്മയാകണം പ്രണവ്..” അന്ന് രാത്രിയിൽ അവനോട് പ്രതീക്ഷയോടെ ആവശ്യപ്പെട്ടു. “നമ്മുടെ ഇടയിൽ ആരും വേണ്ടാന്ന് പറഞ്ഞതല്ലേ ദേവൂ.. കുഞ്ഞു വന്നാൽ നിനക്കെന്നോടുള്ള സ്നേഹം കുറയില്ലേ.. വേണ്ട…എനിക്കും നീയും നിനക്ക് ഞാനും മതി…” എന്ത് പറയണമെന്നറിയാതെ നിസ്സഹായായി നിന്നു.. ഒരു പെണ്ണിലെ ആഗ്രഹങ്ങളൊക്കെ തല്ലിക്കെടുത്തി അവളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള പേരാണോ സ്നേഹം..

കരയാൻ പോലും കഴിയാതെ തികച്ചും നിർവ്വികാരയായി നിന്ന് പോയി. ചേട്ടന്മാർ വീട്ടിൽ വരുന്നത് പോലും പ്രണവിന് ഇഷ്ടമല്ലാതായി. പ്രണവിന്റെ പെരുമാറ്റത്തിലൂടെ തന്നെ അവരത് മനസ്സിലാക്കി. പിന്നെ ചേച്ചിമാരും വീട്ടിൽ വരാതെയായി.. അമ്മയുടെ പരിഭവം ഏറി വന്നു.. ഒടുക്കം സഹികെട്ട് ഫ്ലാറ്റിലോട്ട് മാറാമെന്ന് പ്രണവിനോട് അപേക്ഷിച്ചു. അതാകുമ്പോൾ ഞാൻ മാത്രം സഹിച്ചാൽ മതിയല്ലോ.. “നിന്നെയവിടെ ഒറ്റയ്ക്കിരുത്തി ഓഫീസിൽ പോയാൽ എനിക്കൊരു സമാധാനവും ഉണ്ടാകില്ല പെണ്ണെ.. ഇവിടാകുമ്പോൾ കൂട്ടിനു അമ്മയുണ്ടല്ലോ..” അല്ലാതെ എന്നെ സംശയമുണ്ടായിട്ടല്ല..

നാക്കോളാം വന്നെങ്കിലും പിന്നെയുള്ള ഭവിഷ്യതോർത്തത് വിഴുങ്ങി.. പിന്നീടങ്ങോട്ട് എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്ത്‌ അവനു വിധേയപ്പെട്ട പുറം ലോകം കാണാതെ ജീവിച്ചു. (അവരുടെ പാസ്ററ് തീർന്നൂട്ടോ..) 🌺🌺🌺🌺🌺 ഇടറിയ ശബ്ദത്തോടെ ദേവു പറഞ്ഞവസാനിപ്പിച്ചതും കണ്ണീരോടെ ഗോപു അവളെ പുണർന്നു.. “നിങ്ങളൊക്കെ വരുന്നത് വരെയും ആ ജീവിതത്തിൽ നിന്നും ഒരു മോചനമില്ലെന്ന് ചിന്തിച്ചു തന്നെയാ ജീവിച്ചത്. പക്ഷെ ഇപ്പോൾ ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയൊക്കെയുണ്ട് ഗോപൂ.. നിന്നോടും വസന്തേട്ടനോടും ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തത്.. അതിനുള്ള ശിക്ഷയെ അനുഭവിച്ചതെന്നും അറിയാം..

വസന്തേട്ടന് ദേഷ്യമാകുമോ എന്നോട്..” “ഹേയ്.. ദേഷ്യമൊന്നും കാണത്തില്ല ദേവു..” “എനിക്ക് വേണ്ടി ഒരു സഹായം ചെയ്തു താരാൻ പറയാമോ ഗോപു..? എനിക്ക് തിരിച്ചു ബാംഗ്ലുർക്ക് പോകണം. ഞാൻ പോയാൽ പ്രണവ് തേടിപ്പിടിക്കുമെന്നുറപ്പാ.. അവന്റെ കൈയ്യിൽ പെടാതെ കോളേജിൽ പോയി വരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കി തരാൻ പറയാവോ..??” പറയാമെന്ന് സമ്മതിച്ച് അൽപനേരം കൂടി ദേവൂന്റെ കൂടെയിരുന്ന് അമ്മയുടെ അടുത്തേക്ക് നടന്നൂ ഗോപു… 🌺🌺🌺🌺🌺🌺 ഇന്നലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഫോൺ ഓഫ് ചെയ്തിട്ടതാണ്.. ഒന്ന് ഓൺ ചെയ്തപ്പോഴേക്കും മിസ്ഡ് കോൾ നോട്ടിഫിക്കേഷൻസിന്റെ പെരുമഴയാണ്..

ഒക്കെയും പ്രണവിന്റെത് തന്നെ.. ഓൺ ചെയ്ത്‌ രണ്ടു സെക്കന്റ് കഴിഞ്ഞയുടനെ കോൾ വന്നു. ഒരു നിമിഷമൊന്ന് ആലോചിച്ചു കോളെടുത്ത് ചെവിയോടടുപ്പിച്ചു.. “ദേവൂ.. ദേവൂ.. തിരികെ വാ മോളൂ.. നീയില്ലാതെ പറ്റുന്നില്ലെടി.. ഞാനെത്ര സ്നേഹിച്ചതാ…” പിന്നെയൊന്നും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു. സ്നേഹം.. എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കരിയറിനും മീതെ സ്നേഹത്തിന്റെ പേരും പറഞ്ഞ് ഒക്കെയും തടയിട്ടു.. എന്നിട്ടതിനു പേര് എന്നോടുള്ള സ്നേഹമെന്ന്.. പുരുഷന്മാരെ പോലെ ഓരോ പെൺകുട്ടികൾക്കും അവരവരുടെ ജീവിതത്തെ കുറിച്ച് നിറയെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാണും.

വിവാഹം കഴിഞ്ഞാൽ അവളോടുള്ള സ്നേഹക്കൂടുതൽ എന്ന പേരിൽ അവന്റെ ആഗ്രഹങ്ങൾക്ക് മാത്രമായി അതിനനുസരിച്ച് മാത്രമായി ജീവിക്കണമെന്ന് പറയുന്നത് എത്ര വിരോധാഭാസമാണ്. അവളുടെ സ്വപ്നങ്ങളൊക്കെയും ചവിട്ടിമെതിച്ച് അവളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് എത്ര നീചമാണ്.. അവന്റെ കാൽചുവട്ടിൽ അവൻ പറയുന്നത് പോലെ അനുസരിച്ച് ജീവിക്കുന്ന അടിമയാകാൻ വയ്യിനിയും..അവനു വേണ്ടി എന്റെ സ്വപ്നങ്ങളൊക്കെയും ബലികഴിക്കാൻ പറ്റില്ലിനി.. ഇനിയെന്ത് സ്നേഹ വാക്കുകൾ പറഞ്ഞാലും ഇനിയൊരു തിരിച്ചു പോക്ക് ആ ഒരു ജീവിതത്തിലേക്കില്ലെന്ന് ഉറപ്പിച്ചതാ..

എനിക്കും ജീവിക്കണം.. എന്റെ സ്വപ്‌നങ്ങൾ നേടിക്കൊണ്ട് തന്നെ.. ആളുടെ നമ്പർ ബ്ലോക്ക് ചെയ്തിട്ടു. വാട്സ്ആപ് ഡൗൺലോഡ് ചെയ്ത്‌ ആളുടെ നമ്പർ മാത്രം ബ്ലോക്ക് ചെയ്തിട്ടു.. പ്രണവിനോട് പ്രണയം മൂത്ത അവസരങ്ങളിൽ വസന്തേട്ടന്റെ നമ്പർ ഇതുപോലെ ബ്ലോക്ക് ചെയ്തതോർത്തു പോയി. തിരികെ റൂമിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വസന്തേട്ടന്റെ ബുള്ളറ്റ് വരുന്നത് കാണുന്നത്.. പണ്ട് ഈ ബുള്ളറ്റിന്റെ ശബ്ദത്തിനായി കാതോർത്ത് എത്ര നിന്നിട്ടുള്ളതാ.. ബുള്ളറ്റിനരികിലേക്ക് ഓടിച്ചെല്ലുന്ന ഗോപുവിനെ കൗതുകത്തോടെയാണ് നോക്കിയത്. ആളുടെ കൈയ്യിലുള്ള കവർ വാങ്ങി നോക്കി എന്തൊക്കെയോ പറയുന്നുണ്ട് ഗോപു.

ബുള്ളറ്റിൽ നിന്നിറങ്ങി അവളുടെ തലയ്ക്കൊരു കൊട്ട്‌ കൊടുത്ത് തോളിലൂടെ കൈയ്യിട്ട് കളിപറഞ്ഞു മുന്നോട്ട് നടക്കുന്നുണ്ട് വസന്തേട്ടൻ.. ഗോപുവാണേൽ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുമുണ്ട്..ഇമ വെട്ടാതെ ആ കാഴ്ച്ച നോക്കി നിന്ന് പോയി. ഞാനൊരു വലിയ തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട് വസന്തേട്ടാ.. വസന്തേട്ടൻ ഈ നാട് വിട്ട് എങ്ങും വരില്ലെന്ന് പറഞ്ഞ ഉറപ്പിന്മേലാണ് ആ പ്രണയം വേണ്ടെന്ന് വെച്ച് പ്രണവിന്റെ പ്രണയം സ്വീകരിച്ചത്..ഒക്കെയും എന്റെ സ്വപ്നങ്ങൾ..ഞാൻ ആഗ്രഹിച്ചത് പോലൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി മാത്രമായിരുന്നു.. എന്റെ സ്വാർത്ഥത..

നിങ്ങളുടെ രണ്ടാളുടെയും പ്രണയം കാണുമ്പോൾ ഇപ്പോൾ ഒരു ആശ്വാസമൊക്കെയുണ്ട്.. ഞാൻ ചെയ്ത തെറ്റിനു ഗോപു പരിഹാരം കണ്ടത് പോലെ.. ഇനിയെനിക്ക് പറക്കണം.. എന്റെ സ്വപ്നങ്ങൾക്ക് പിറകെ… ബന്ധങ്ങളുടെ ബന്ദനങ്ങളില്ലാതെ കാലുകൾ ചിറകുകളാക്കി പറക്കണം.. എനിക്കിപ്പോഴും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്നെയാണ് വലുതായി തോന്നുന്നത്. 🌺🌺🌺🌺🌺🌺🌺 ആഹാരം കഴിക്കാനിരുന്നപ്പോഴെല്ലാം ദേവുവിന്റെ നോട്ടം വസന്തേട്ടനിൽ തെന്നി വീഴുന്നത് ഗോപു കണ്ടിരുന്നു. വസന്താകട്ടെ അവളെന്നോരാൾ അവിടെയുള്ളതായി പോലും ഭാവിക്കുന്നില്ല. ഇടയ്ക്ക് ആരും കാണാതെ ഓരോ ഉരുളകൾ ഗോപുവിനായി നീക്കി വെക്കുന്നുണ്ട്..

ഗോപു ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ കണ്ണിറുക്കി ചിരിച്ചു കാണിക്കും.. മനഃപൂർവ്വം ദേവുവിനെ ഒഴിവാക്കും പോലെ.. ദേവുവിന്റെ മുഖം മങ്ങിയത് ഗോപു ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് കഴിച്ചെന്ന് വരുത്തി അവളെഴുന്നേറ്റതും ഗോപുവിലും വിഷമമുണ്ടാക്കി.. “ന്തിനാ വസന്തേട്ടാ അവളെയിങ്ങനെ അവഗണിക്കണേ.. അത്രത്തോളം അനുഭവിച്ചിട്ടുണ്ടവൾ.. ഇനിയെങ്കിലും ക്ഷമിച്ചൂടെ..?” അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ആ പെണ്ണ് ചോദിച്ചു. “നിനക്ക് ഹരിയോട് പൊറുക്കാൻ പറ്റിയോ ഗോപൂ.. ഇല്ലാലോ.. അതുപോലെയാ നിക്കും.. കാര്യം നിന്റെ സഹോദരി ന്റെയും സഹോദരിയാ… ന്ന് വെച്ച് ഞാനഭവിച്ചതൊക്കെയും ഇല്ലാതാകുമോ.. അങ്ങനെ എല്ലാം മറന്ന് ക്ഷമിക്കാൻ പറ്റുമോ.. പറ്റുമായിരിക്കും..

പക്ഷെ പെട്ടെന്നൊന്നും നിക്ക് പറ്റില്ലെടി.. പതിയെ പതിയെ ശെരിയാകുമായിരിക്കും..” പിന്നെ അതേ കുറിച്ചൊന്നും പറയാൻ തോന്നിയില്ല. അവളുടെ ജീവിതം വസന്തേട്ടന് മുന്നിൽ തുറന്നു വെച്ചു.. ഒക്കെ കേട്ടതും ആള് കരഞ്ഞു പോയി.. “ദേഷ്യായിരുന്നുടി.. എങ്കിലും എവിടെയാണേലും സന്തോഷത്തോടെ ജീവിക്കണമെന്നേ ആഗ്രഹിച്ചുള്ളൂ.. ഇതിപ്പോ അവളനുഭവിച്ചതോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഗോപൂസെ.. ” കുഞ്ഞുങ്ങളെപോലെ കരയുന്ന വസന്തേട്ടനെ കണ്ടപ്പോൾ വല്ലായ്മ തോന്നി.. ശെരിയാണ്.. ഫസ്റ്റ് ലവ് മിക്കവരും നെഞ്ചോടു ചേർത്ത് വെക്കാറുണ്ട്.. അവരെ പെട്ടെന്ന് മറക്കാനോ അവർക്കെന്തെലും പറ്റിയാൽ ചിലപ്പോൾ ക്ഷമിക്കാനോ പറ്റിയെന്ന് വരില്ല..

ഒക്കെയറിയാഞ്ഞിട്ടു കൂടി എന്നിലും കുശുമ്പ് മുളപൊട്ടിയിരുന്നു.. ആളെയൊന്ന് തോളിലേക്ക് ചായാൻ അനുവദിച്ച് പതിയെ തലമുടിയിലൂടെ വിരലുകളോടിച്ചു.. കരഞ്ഞു തോർന്നപ്പോൾ ഒരാശ്വാസം വന്നു കാണണം എന്നോട് സോറിയൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്.. “ചില നേരത്ത് കുഞ്ഞുങ്ങളുടെ സ്വഭാവമാ..” എന്നും പറഞ്ഞ് ആ കവിൾ പിടിച്ചു വലിച്ചൂ പെണ്ണ്…

(തുടരാം..🌺) ഭാര്യമാരെ കൈയ്യിലിട്ട് കളിപ്പാവകളെന്ന പോൽ അമ്മാനമാടുന്ന ഒരിത്തിരി പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഓർക്കുക അവരും മനുഷ്യ ജീവികളാണ് അവർക്കും സ്വപ്‌നങ്ങൾ കാണും.. ഒക്കെയും കണ്ണടച്ച് സഹിക്കുന്നത് ചിലപ്പോൾ അവരുടെ നിവൃത്തികേട്‌ കൊണ്ടാകാം.. അല്ലാതെ സ്നേഹമെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിലൊക്കെയും മയങ്ങിയാവണം എന്നില്ല. ദേവു ചെയ്ത തെറ്റിനു അവളൊത്തിരി അനുഭവിച്ചിട്ടുണ്ട്.. ഇനിയവളും സമാധാനത്തോടെ ജീവിക്കട്ടെ അല്ലെ.. നാളെ ഉണ്ടാവില്ലാട്ടോ.. ട്രിപ്പിന് പോണം..🙈കമന്റ്സൊക്കെ പയ്യെ നോക്കി മറുപടി തരാവെ.. ഇഷ്ടായാലും ഇല്ലേലും എനിക്കായി രണ്ടുവരി കുരിക്കണെ.. എല്ലാരോടും ഒത്തിരി സ്നേഹം ട്ടോ..❤❤

ഗോപികാ വസന്തം : ഭാഗം 11

Share this story