മഞ്ജീരധ്വനിപോലെ… : ഭാഗം 50

മഞ്ജീരധ്വനിപോലെ… : ഭാഗം 50

എഴുത്തുകാരി: ജീന ജാനകി

“ടാ രാജാ…. നീയിന്ന് ഒരു സ്ഥലം വരെ പോണം….” “എവിടെ….” “ഭാമയെ എത്തിച്ചിരിക്കുന്ന ആ പൊളിഞ്ഞ എസ്റ്റേറ്റിൽ….” “എന്തിനാ….” “അവന്മാരുടെ കാഷ് സെറ്റിൽ ചെയ്യാൻ…” “ആരേലും കാണൂലേ എന്നെ….” “ടാ മണ്ടാ…. എല്ലാവരും ഓട്ടപ്പാച്ചിലിൽ ആയിരിക്കും അവളെ തേടി… അത് മാത്രം അല്ല അവന്റെ കാർ വീടിന് പുറത്ത് പോയിട്ടില്ല… അവൻ കുട്ടന്റെ കൂടെ പോകാനേ ചാൻസുള്ളൂ…. അവന്റെ കാർ ഇപ്പോ റെയിൽവേ സ്റ്റേഷന്റെ ഭാഗത്താ…. അമ്പുവും അജുവും ബസ്റ്റാന്റിലും ഗോഡൗണിലുമൊക്കെയാ പോകുന്നേ… ആ കാട്ടിനുള്ളിൽ ആരും പോകില്ല… അവിടെ ഉള്ളിലേക്ക് നടന്നാൽ മാത്രമേ ആ കെട്ടിടത്തിന് അടുത്തേക്ക് എത്തുള്ളൂ… വണ്ടി അവിടേക്ക് പോകില്ല… അവിടെ ആകെ രണ്ട് പേരേ ഉള്ളൂ….

നീ അവിടെ പോയി ദേ ഈ പണം അവരെ ഏൽപ്പിക്കണം…” “എനിക്കെന്തോ പേടി പോലെ….” “മര്യാദയ്ക്ക് പോയില്ലെങ്കിൽ തല ഞാൻ തല്ലിപ്പൊളിക്കും… നാളെ രാവിലെ ഞാൻ അങ്ങെത്തും എന്ന് അവന്മാരോട് പറ…. അതുകൊണ്ട് ഇന്ന് രാത്രി അവൾക്ക് നല്ല പോലെ ആഹാരം കൊടുക്കാൻ പറയണം… പിന്നെ നാഗർകോവിലിലെ ചെട്ടിയാരോട് രാത്രി അവിടേക്ക് വണ്ടി അയയ്ക്കാൻ പറയണം… അവളേം കൊണ്ട് രാത്രി അവിടെ നിന്നും പോണം… അവളുടെ വ്യാജ പാസ്പോർട്ട് രണ്ട് ദിവസത്തിനകം കിട്ടും…. പിന്നീട് ഈ രാജ്യം വിടും ഞാൻ…. അവന് ഭാമയെ കണി കാണാൻ കൂടി കിട്ടില്ല….” “പിന്നെ നിനക്ക് നാളെ രാത്രി പോയാൽ പോരേ….”

“ഏയ്…. രാവിലെ തൊട്ട് രാത്രി വരെ അവളുടെ മുന്നിൽ ഉണ്ടാകും ഞാൻ… അവളെ ഒന്നും ചെയ്യില്ല ഞാൻ… പക്ഷേ അവൾ അത്രയും നേരം അവളുടെ മാനത്തിന് വേണ്ടി എന്റെ കാൽക്കീഴിൽ കിടക്കും…. അവളുടെ കണ്ണിൽ നിന്നും ചോരയൊഴുകണം…. അത് അവനോടുള്ള എന്റെ പകയാ…. എന്നെ ആശുപത്രിയിൽ കിടത്തിയതിന് പകരം അവളുടെ അവസ്ഥ ഒരു വീഡിയോയിൽ ആക്കി അയച്ചുകൊടുക്കും ഞാനാ## മോന്…..” “മ്… ശരി… ഞാൻ പോകാം….” “വൈകുന്നേരം ആകട്ടെ… അപ്പോ ആരും ശ്രദ്ധിക്കില്ല നിന്നെ….” “ആം….” രാജന്റെ മനസിൽ അപകടസൂചനകൾ കനലുപോലെ പൊള്ളി….

തടിയൻ വാതിൽ തുറന്ന് ഭാമയുടെ അടുത്ത് വന്നു…. ഭക്ഷണപ്പൊതി അതേ പോലെ ഇരിക്കുന്നത് കണ്ട് അയാൾ അവളെ കാല് കൊണ്ട് തട്ടി വിളിച്ചു… “ടീ….. എഴുന്നേൽക്കെടീ….” ഭാമ പെട്ടെന്ന് ഞെട്ടി ഉണർന്നു…. അയാളെ കണ്ടതും അവൾ വേഗം വയറിൽ താങ്ങിക്കൊണ്ട് ചുമരിനടുത്തേക്ക് നിരങ്ങി….. “എന്താടീ നിനക്ക് ആഹാരം കഴിച്ചാൽ…” “എന്നെ ഒന്ന് പുറത്തേക്ക് വിടൂ…. പ്ലീസ്…..” “നിന്നെ അങ്ങനെ അങ്ങ് വിടാൻ പറ്റോ… നിന്നെ ഒരാളെ ഏൽപ്പിക്കണം…. അതുവരെ നീ സഹിച്ചേ പറ്റൂ….” “ആരാ…. ആരാ…. എന്നെ പിടിച്ചു വച്ചേക്കുന്നത്…..” “അതൊക്കെ നീ വഴിയേ അറിയും… അതിന് മുമ്പ് ഇതെടുത്ത് കഴിക്കെടീ….” “എനിക്ക് വേണ്ട…. നീയൊക്കെ എന്നെയും കൊന്ന് തിന്ന്…. കണ്ണിൽ ചോര ഇല്ലാത്ത ദുഷ്ടാ….” “ഫ!….& മോളേ….

വയറ്റിലുള്ളതല്ലേ ആഹാരം കഴിച്ചോട്ടേ എന്ന് കരുതിയപ്പോൾ നിനക്ക് അഹങ്കാരം… ഇനി നീ ഈ കൈ കൊണ്ട് കുറച്ചു ദിവസം ആഹാരം കഴിക്കണ്ട…” അവൻ അവളുടെ വലത് കൈപ്പത്തിയിൽ ചവിട്ടി അരച്ചു…. “ആആആഹ്…….” ഭാമയുടെ വിളി കേട്ടാണ് മുടിയൻ അകത്തേക്ക് വന്നത്…. “അണ്ണാ…. നിങ്ങളിതെന്താ കാണിക്കുന്നേ… ആ പെണ്ണിന് ഒരു കേടും വരുത്തരുതെന്നല്ലേ പറഞ്ഞിരിക്കുന്നത്….” “അവളുടെ അഹങ്കാരത്തിന് ഒറ്റ ചവിട്ടിന് കൊല്ലണം….” “നിങ്ങളിങ്ങോട്ട് വന്നേ…..” “ഇവൾക്കിന്ന് പച്ചവെള്ളം കൊടുത്തു പോകരുത്….” അവൻ അയാളേം വലിച്ചു കൊണ്ട് പുറത്തേക്ക് പോയി….. ഭാമയുടെ കൈവിരലുകൾ ചുവന്ന് ചതഞ്ഞ് പോയിരുന്നു…

വിരലുകൾ മടക്കാൻ പോലും പറ്റാത്ത രീതിയിൽ വേദനിച്ചു…. അവൾ നിശബ്ദമായി കരഞ്ഞു…. കുഞ്ഞ് ഒന്ന് അനങ്ങി… അവൾ പതിയെ വയറിലേക്ക് കൈ ചേർത്തു…. “ഒന്നൂല്യ വാവേ…. അപ്പ വേഗം വന്ന് അമ്മേനേം വാവയേം കൊണ്ട് പോവൂട്ടോ…” അവിടെ കിടന്ന മിനറൽ വാട്ടർ അല്പം അവൾ കുടിച്ചു… ക്ഷീണം ശരീരത്തെ തളർത്തുന്നുണ്ടായിരുന്നു…. ************ മാധവ് ഹോസ്പിറ്റലിന് കുറച്ച് അകലെയായി വണ്ടിയിൽ ഇരിക്കുകയായിരുന്നു…. വിശപ്പും ദാഹവും അവനെ അലട്ടിയിരുന്നില്ല… അവന്റെ കണ്ണുകൾ ഇരയ്കായി പരതി നടന്നു… പെട്ടെന്നാണ് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ പുറത്തേക്ക് വന്ന രാജനെ അവൻ ശ്രദ്ധിക്കുന്നത്….

അവൻ രാജനെ സസൂക്ഷ്മം വീക്ഷിച്ചു… അയാൾ അവിടെ കിടന്ന ഒരു ടാക്സിയിൽ കയറി…. ആ ടാക്സി ചലിച്ച് തുടങ്ങിയതും അതുമായി ഒരു നിശ്ചിത അകലത്തിൽ മാധവും ഡ്രൈവ് ചെയ്തു… അവൻ വളരെ ശ്രദ്ധാലു ആയിരുന്നു…. കുറേയേറെ ദൂരം പിന്നിട്ടപ്പോൾ വണ്ടി നിന്നു… മാധവ് ഒരു ഓരം ചേർത്ത് വണ്ടി നിർത്തി…. രാജൻ അയാളോട് അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ചുറ്റിനും തിരിഞ്ഞ് ഒന്ന് നോക്കി… മാധവ് കുറച്ചകലെ വണ്ടി നിർത്തിയതിനാൽ അവൻ അത് ശ്രദ്ധിച്ചില്ല…. അവൻ കാടിനുള്ളിലേക്ക് നടന്നു…. മാധവ് കാറിൽ നിന്നും ഒരു കയറെടുത്ത് പോക്കറ്റിൽ തിരുകി…. ജാക്കറ്റിനുള്ളിൽ ഒരു പൊതിയും വച്ച ശേഷം സിബ് ഇട്ടു… പതിയെ മാധവ് അവനെ പിന്തുടർന്നു….

രാജൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…. മാധവ് ഫോൺ എടുത്ത് സൈലന്റാക്കി വച്ച ശേഷം പതിയെ നടക്കാൻ തുടങ്ങി…. കുറേയേറെ ദൂരം പിന്നിട്ടപ്പോൾ ഒരു പഴയ കെട്ടിടം അവൻ കണ്ടു…. മാധവിന്റെ നെഞ്ച് പിടയ്കാൻ തുടങ്ങി… അവന്റെ പ്രാണൻ തൊട്ടടുത്ത് എവിടെയോ ഉണ്ടെന്ന് അവന് മനസിലായി…. രാജൻ അവിടേക്ക് ചെന്നപ്പോൾ രണ്ട് പേർ അവനടുത്തേക്ക് വന്നു…. മാധവ് പതുങ്ങി അവിടെ നിന്നു…. രാജൻ – ഞാൻ അനിരുദ്ധൻ പറഞ്ഞിട്ട് വന്നതാ…. ദേ നിങ്ങടെ ക്യാഷ്…. തടിയൻ – മുഴുവനുണ്ടല്ലോ അല്ലേ…. രാജൻ – ആം…. ഭാമയ്ക് കുഴപ്പമൊന്നൂല്ലല്ലോ…. തടിയൻ – ഏയ്….. രാജൻ – അവൾക്ക് നന്നായി ആഹാരം കൊടുക്കണം…. തടിയൻ – ആം…. ഞങ്ങൾ ഇനി എന്തേലും ചെയ്യണോ… രാജൻ – നിങ്ങൾ നാളെ രാത്രി വരെ ഇവിടെ ഉണ്ടാകണം….

രാത്രി അവർക്ക് പോകാൻ ഒരു വണ്ടി വരും…. അതുവരെ നിങ്ങളിവിടെ ഉണ്ടാവണം…. ഞാനിപ്പോൾ പോവുകയാ….. തടിയൻ – ശരി….. ഇരുൾ വീണ് തുടങ്ങിയ വഴിയിലൂടെ അവൻ മൊബൈലിൽ ഫ്ലാഷ് ഓണാക്കി നടന്നു…. “അണ്ണാ… ഇനി ആഹാരം മേടിക്കണ്ടേ…” “എന്തിന് നമുക്കുള്ളത് ഇവിടെ ഉണ്ടല്ലോ….” “ആ പെണ്ണിനോ…..” “ആ അഹങ്കാരം പിടിച്ചവൾക്ക് പച്ചവെള്ളം കൊടുത്തു പോകരുത്…. അയാൾ ചോദിച്ചാൽ കഴിച്ചില്ലെന്ന് പറഞ്ഞാൽ മതി…. ചത്തൊന്നും പോവില്ല…. നാശം…. നീ പോയി കുപ്പി എടുത്ത് വാ…. നമുക്ക് നന്നായിട്ട് ഒന്ന് കൂടാം…. അവളെന്തായാലും ചാടിപ്പോകാനൊന്നും പോണില്ല….” വർത്താനം കേട്ട് മാധവിന്റെ കണ്ണുകൾ ചുവന്നു…. അവൻ മുഷ്ടി ചുരുട്ടി സ്വയം ദേഷ്യം നിയന്ത്രിച്ചു….

ഭൂമിയിൽ അന്ധകാരം നിറയാതിരിക്കാൻ ചന്ദ്രൻ പാലൊളി തൂകി നിന്നു…. മാധവ് മരക്കൊമ്പിൽ ഇണയെ കാണാതെ ശോകഗാനം നീട്ടി പാടുന്ന രാപ്പാടിയെ കണ്ടു…. അതവനെ വല്ലാതെ വേദനിപ്പിച്ചു… അവന് ഭാമയെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി… മാധവ് ഗുണ്ടകളെ നോക്കി… അവന്മാർ വെള്ളമടിച്ച് ബോധം മറഞ്ഞിരുന്നു… ഇന്നിനി ശല്യമുണ്ടാകില്ല…. അവിടെ അവർ രണ്ടും മാത്രമേ ഉള്ളെന്നവന് മനസിലായി…. മാധവ് ആ കെട്ടിടത്തിന് ചുറ്റും നടന്നു…. പക്ഷേ കേറാൻ മാർഗമൊന്നുമില്ല…. “താക്കോൽ അവന്മാരുടെ കൈയിൽ കാണും… പക്ഷേ അങ്ങനെ തുറന്നാൽ രാവിലെ അവർ അറിയും ആരോ കയറിയെന്ന്…. അങ്ങനെ വന്നാൽ അനിരുദ്ധനെ എനിക്ക് കിട്ടില്ല….”

പെട്ടെന്നാണ് കൈയിലുള്ള കയറിനെ കുറിച്ച് ഓർത്തത്…. മാധവിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… അവൻ കെട്ടിടത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന ഒരു മരത്തിലേക്ക് കയറി…. കൈ മുറിഞ്ഞത് കാരണം കുറച്ച് പ്രയാസപ്പെട്ടു…. ചാഞ്ഞ ചില്ലയിലൂടെ ശബ്ദമുണ്ടാക്കാതെ അവൻ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് കയറി…. ഓട് മേഞ്ഞതായിരുന്നതിനാൽ അവിടവിടെ പായൽ പറ്റിപ്പിടിച്ചിരുന്നു…. മാധവ് വീഴാതെ സാവധാനം നീങ്ങി…. താഴെ നിന്നും വീക്ഷിച്ച ഊഹം വെച്ച് അവൻ ഒരു സ്ഥലത്തെ ഓട് മാറ്റി നോക്കി…. അകത്തു സീറോ ബൾബ് കത്തുന്നുണ്ട്…. ഒരു സ്ത്രീ രൂപം ചുമരിനോട് ചേർന്ന് കിടക്കുന്നു…. മാധവിന്റെ ഹൃദയം അതിവേഗമിടിച്ചു…. ഭാമയെ കണ്ട് അവന്റെ നെഞ്ചിൽ കനലെരിഞ്ഞു….

ആ ഭാഗത്തെ കുറച്ചു ഓടും കൂടി മാറ്റിയ ശേഷം മേൽക്കൂര ഉറപ്പിച്ചിരിക്കുന്ന തടിയിൽ അവൻ കയറ് നന്നായി മുറിക്കിക്കെട്ടി…. തടിയുടെ ബലമൊന്ന് നോക്കിയ ശേഷം കയറ് താഴേക്ക് ഇട്ടു…. എന്നിട്ട് പതിയെ അതിലൂടെ പിടിച്ച് താഴേക്ക് ഇറങ്ങി…. ഭാമ അവൻ വന്നതൊന്നും അറിഞ്ഞില്ല…. അവളെ ക്ഷീണം വിഴുങ്ങിയിരുന്നു…. എന്നാൽ അച്ഛന്റെ സാന്നിധ്യമറിഞ്ഞ പോലെ കുഞ്ഞ് അനങ്ങാൻ തുടങ്ങി…. ഭാമയുടെ മുഖത്തേക്ക് കിടന്ന മുടിയിഴകൾ അവൻ വിരലുകൾ കൊണ്ട് ഒതുക്കി മാറ്റി…. മാധവിന്റെ വിരൽ സ്പർശിച്ചതും ഭാമയുടെ നെഞ്ചിടിപ്പ് കൂടി…. രോമകൂപങ്ങൾ ത്രസിച്ചു…. “കണ്ണേട്ടാ…..” ദുർബലമായി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…. “കണ്ണ് തുറക്ക് പൊന്നാ…..” “ഇല്ല…. കണ്ണ് തുറക്കുമ്പോൾ സ്വപ്നം പോലെ മാഞ്ഞ് പോകാനല്ലേ….

എനിക്ക് ഉണരണ്ട….” അവൾ ഒന്ന് തേങ്ങി…. അവളുടെ തേങ്ങൽ മാധവിന്റെ നെഞ്ചിൽ തറച്ചു…. ഈ നിമിഷമത്രയും അവളെന്തോരം വേദനിച്ചിട്ടുണ്ടെന്ന് അവളുടെ മുഖവും ശബ്ദവും നിശ്വാസവും അവനോടു പറഞ്ഞു…. മാധവിന്റെ നെഞ്ചിൽ അനിരുദ്ധനോടുള്ള പകയാളി…. അവൻ ഫോണെടുത്ത് ഒരു നമ്പറിലേക്ക് മെസേജ് അയച്ചു…. എന്നിട്ട് പതിയെ ഭാമയുടെ അടുത്തിരുന്ന ശേഷം അവളെ മടിയിലേക്ക് കയറ്റി കിടത്തി…. എന്നിട്ട് കവിളിൽ തട്ടി വിളിച്ചു…. “നിന്റെ കണ്ണേട്ടനാ പെണ്ണേ വിളിക്കുന്നത്… ഞാൻ പോകില്ല നിന്നെ വിട്ട്…. കണ്ണ് തുറക്ക്….” “സത്യായിട്ടും…..” “സത്യം….” “പിങ്കി പ്രോമിസ്….” “ചക്കീ പ്രോമിസ്…” അവൾ കണ്ണ് തുറന്നു…. മാധവിനെ കണ്ടതും അവളുടെ കണ്ണുകൾ വികസിച്ചു…

സന്തോഷത്താൽ അവളുടെ കണ്ണുകൾ രണ്ട് നീർമണിമുത്തുകളെ അടർത്തിട്ടു…. ഭാമ അവന്റെ മുഖം നിറയെ ചുംബനം കൊണ്ട് മൂടി… ഇരുവരുടെയും ചുംബനങ്ങളിൽ വിരഹത്തിന്റെ ഉപ്പ് ചുവച്ചു…. അപ്പോഴാണ് ഭാമ അവന്റെ മുറിവ് കണ്ടത്…. “അയ്യോ ഇതെന്താ….” “ഇത് കുപ്പിച്ചില്ല് കൊണ്ടതാ….. ഉണ്ടക്കണ്ണ് ഉരുട്ടണ്ട…. ഞാൻ മരുന്ന് വച്ചിട്ടുണ്ട്… ഇതിന്റെ വഴക്ക് വീട്ടിൽ എത്തീട്ട് കൂടാം…” അവളവന്റെ മുറുവിൽ ചുംബിച്ചു… “പേടിച്ച് പോയോ പെണ്ണേ….” “പേടിച്ചു…. എന്റെ ജീവനോർത്തല്ല…. നമ്മുടെ വാവയെ ഓർത്തിട്ട്… കണ്ണേട്ടൻ എന്നെ തിരക്കി വരും എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു….” “ഉമ്മ……” “അതേ….

നമ്മുടെ വാവ അനങ്ങി കണ്ണേട്ടാ….” “സത്യാണോടാ….” “ആന്നേ…” അവൻ കൈയും ചെവിയും അവളുടെ മിനുത്തുന്തിയ ഉദരത്തിൽ ചേർത്ത് വച്ചു…. കുഞ്ഞ് അനങ്ങിയെങ്കിലും അവന് അറിയാൻ പറ്റിയില്ല…. മാധവിന്റെ മുഖം മാറി…. “കണ്ണേട്ടാ… അനക്കം ഉള്ളിലാ അറിയുന്നത്…. കുറച്ചു കൂടി കഴിയുമ്പോൾ കണ്ണേട്ടന് അറിയാനും കാണാനും പറ്റും കേട്ടോ…. അതെ എനിക്ക് നല്ല വിശപ്പുണ്ട്…. എന്താ എനിക്ക് കൊണ്ട് വന്നത്….” “നിനക്കെന്ത് കൊണ്ടുവരാൻ….” ഭാമയുടെ മുഖം ഇരുണ്ടു…. മാധവ് ഊറിച്ചിരിച്ചുകൊണ്ട് ജാക്കറ്റ് തുറന്ന് ഒരു പൊതിയെടുത്തു…. “എനിക്കറിയാല്ലോ എന്റെ കണ്ണേട്ടൻ ഞാൻ വിശന്നിരുന്നാൽ അറിയുമെന്ന്….” “എന്തായാലും എന്റെ പൊണ്ടാട്ടി ഇത് കഴിക്ക്…..” അവൾ അവന്റെ മടിയിൽ നിന്നും മാറി താഴോട്ട് ഇറങ്ങി ഇരുന്നു….

എന്നിട്ട് പൊതി തുറന്നു നോക്കി…. വാഴയിലയിൽ പൊതിഞ്ഞ മസാലദോശ…. ചൂട് വിട്ടിരുന്നു…. ഭാമ മിനറൽ വാട്ടർ ഒഴിച്ചു കൈ കഴുകി…. വെള്ളം വീണതും അവൾക്ക് കൈ വിരലുകൾ നീറി… പക്ഷേ ആ വേദന അവൾ പുറത്ത് കാണിച്ചില്ല… കറിയുടെ എരിവ് കൈ നീറ്റിയിട്ടും അവളത് ഗൗനിക്കാതെ ആദ്യം എടുത്ത ദോശക്കഷണം മാധവിന്റെ നേരേ നീട്ടി…. “എടീ…. ഇത് നിനക്കാ മേടിച്ചത്….” “എന്നെ കണ്ടുകിട്ടിയ ഈ നിമിഷം വരെയും നിങ്ങൾ ജലപാനം ചെയ്തിട്ടുണ്ടാകില്ലെന്ന് എനിക്ക് അറിയാം…” മാധവിന്റെ കണ്ണ് നിറഞ്ഞു… അവൻ വാ തുറന്നു…. ചെറിയ കുസൃതിക്കായി അവളുടെ വിരലുകളിൽ പതിയെ ഒന്ന് കടിച്ചു…. മുറിഞ്ഞിരുന്നതിനാൽ ഭാമയ്ക് നന്നായി വേദനിച്ചു…. “സ്സ്…ആഹ്…” മാധവ് പെട്ടെന്ന് കൈ വിട്ടു…

അവളുടെ കൈ വിരലുകളെ പിടിച്ചു… ഭാമയുടെ നിലയ്ക്കാത്ത കണ്ണുനീർ അവനിൽ സംശയമുണ്ടാക്കി…. അവൻ മൊബൈലിൽ ഫ്ലാഷ് ഓണാക്കി കൈ വിരലുകൾ പരിശോധിച്ചു…. ചുവന്ന് തൊലിപോയ അവളുടെ വിരലുകൾ കണ്ടതും മാധവിന്റെ നെഞ്ചൊന്ന് പിടഞ്ഞു…. “എന്താടീ ഇത്…..” “അത്…. അത്….” “പറയെടീ….” അവൾ കാര്യം പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…. ഭാമയുടെ ഓരോ വാക്കും കുപ്പിച്ചില്ല് പോലെ അവന്റെ ഹൃദയത്തെ വരഞ്ഞു… മാധവ് ചാടി എഴുന്നേൽക്കാൻ നോക്കിയെങ്കിലും ഭാമ വിട്ടില്ല…. “എന്റെ അടുത്ത് നിന്ന് പോകല്ലേ കണ്ണേട്ടാ…..” “ഇല്ലെടാ…. പോവില്ല…. വാ തുറക്ക്….” അവൻ അവളെയൂട്ടി…. ഭാമയുടെ നിർബന്ധം കാരണം അവനും കഴിച്ചു….

എല്ലാം കഴിഞ്ഞ് ജാക്കറ്റൂരി അവളെ പുതപ്പിച്ച ശേഷം അവളെ നെഞ്ചോട് ചേർത്ത് കിടത്തി…. ഭാമയുടെ വിരൽത്തുമ്പുകളെ അവൻ മുത്തിക്കൊണ്ടിരുന്നു….. “അതേ…. ഇതെന്ത് വേഷമാ കെട്ട്യോനേ…” “ഇതോ…. ഇതാണ് നിന്റെ കെട്ട്യോന്റെ കാല വേഷം…. ഇപ്പോ എന്റെ ചുന്ദരിപ്പെണ്ണ് ഉറങ്ങ്….” “മ്….” ഭാമ അവന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങി…. മാധവിന്റെ വിരലുകൾ അവളുടെ തലമുടിയെ തഴുകിക്കൊണ്ടിരുന്നു…. അവന്റെ ഉള്ളിൽ ഒരു വിധിനിർണയം നടക്കുകയായിരുന്നു… കാലന്റെ വിധി നിർണയം…. ഭാമ ഇതൊന്നുമറിയാതെ ഏറ്റവും സുരക്ഷിതമായ കരവലയത്തിലായിരുന്നു……..തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 49

Share this story