മൗനം : ഭാഗം 14

മൗനം : ഭാഗം 14

എഴുത്തുകാരി: ഷെർന സാറ

ചെറിയ മാനത്ത് കണ്ണിയും പരൽ കുഞ്ഞുങ്ങളും പള്ളത്തി കുഞ്ഞുങ്ങളും ഒക്കെ ഒഴുക്കിനോത്ത് മുറ്റം വരെ എത്തുന്നുണ്ട്… അതിനെയും നോക്കി വെള്ളത്തിൽ കാലും ഇട്ട ഇരുന്നതാണ് കക്ഷി… അവൻ ചെറു ചിരിയോടെ ഓർത്തു… അപ്പോഴും അവിടെ ചെറുതായി കാലവർഷം പെയ്യുന്നുണ്ടായിരുന്നു… #################### രണ്ടു മൂന്ന് ദിവസം പെട്ടെന്ന് തന്നെ കടന്ന് പോയി… രാവിലെ ഓട്ടത്തിന് പോകാൻ എണീറ്റ ചന്തു കാണുന്നത് പതിവില്ലാതെ ആ നേരം എണീറ്റവളെ ആണ്… അത് കാര്യമാക്കാതെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞു വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കട്ടൻ അവൾ അവന് മുന്നിലേക്ക് നീട്ടി…

ഉള്ളിൽ ഉണ്ടായ അതിയായ സന്തോഷം അത്ര തന്നെ മുഖത്തേക്കും പുഞ്ചിരിയായി സ്ഥാനം പിടിച്ചിരുന്നു… ഒരിളം ചിരിയോടെ അതും കുടിച്ചു കൊണ്ട് ഉമ്മറ പടിയിൽ ഇരിക്കുമ്പോൾ മുഴുവനും അവന്റെ ചിന്ത അവളെ കുറിച്ചായിരുന്നു… ഇന്നും ഇന്നലെയും അവളിൽ തീർത്ത മാറ്റങ്ങളെ കുറിച്ച് ആയിരുന്നു… അവൾ ഇന്ന് തനിക്ക് നൽകുന്ന പരിഗണനയെ കുറിച്ച് ആയിരുന്നു… ചെറുതല്ലെങ്കിലും തന്റെ സ്വപ്നങ്ങളിൽ ഒന്ന് സാധിച്ച്‌ കിട്ടിയ സംതൃപ്തിയിൽ ആയിരുന്നു… അത്രമേൽ ആ പെണ്ണ് അവനിൽ സ്ഥാനം കൊണ്ടിരുന്നു… സ്വാധീനം ചെലുത്തിയിരുന്നു… അന്നുച്ചയ്ക്ക് പതിവില്ലാതെ വന്നവനെ കണ്ടവൾ ഉമ്മറത്തേക്ക് വന്നു… ” ഡോ… രണ്ടു നാരങ്ങ എടുത്തു പിഴിഞ്ഞ് വെള്ളം എടുക്ക് കേട്ടോ..

ഒന്നിന് മധുരം വേണ്ട… ഉപ്പ് മതി… ” പറഞ്ഞു കൊണ്ടവൻ ഇട്ടിരുന്ന കാക്കി ഷർട്ട്‌ ഊരി മുറ്റത്തെ അയയിലോട്ട് ഇട്ടുകൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നു… അടുക്കളയുടെ ചായ്പ്പിൽ നിന്നും വെട്ടുകത്തിയെടുത്തവൻ പറമ്പിന്റെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന ഓലയും മടലും ഒക്കെ വെട്ടി മാറ്റാൻ തുടങ്ങി… ഓരോന്നായി അടുക്കി,, അടുക്കള ചായ്പ്പിന്റെ വാതിൽക്കൽ കൊണ്ടിടുന്നവനെ കണ്ടവൾ തെല്ല് അത്ഭുതത്തോടെ നോക്കി നിന്നു…. ഇയാൾക്ക് പെട്ടെന്ന് എന്താണ് പറ്റിയത്… രാവിലെ പതിവ് ഓട്ടത്തിന് പോയതാണ്.. ഇപ്പോൾ ഇവിടെ ഇത്രയും വെപ്രാളപ്പെട്ട് വന്നത് ഈ കണ്ട ഓലയും മടലും വെട്ടി കീറാൻ ആയിരുന്നോ.. തലയ്ക്ക് കൈ കൊടുത്തവൾ നിന്ന് പോയി…

മുറ്റത്ത് ഒരു വണ്ടി വന്ന് നിന്ന ശബ്ദം കേട്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി ഉമ്മറത്തേക്ക് ചെന്നപ്പോൾ തന്നെ അവനും അങ്ങോട്ട്‌ ചെന്നിരുന്നു… ” ഇതൊക്കെ പുറകിലോട്ട് കൊണ്ട് വെക്കാം ചേട്ടാ…ഞാൻ അവിടെ വൃത്തിയാക്കി ഇട്ടിട്ടുണ്ട്…വണ്ടി പോവും… ചേട്ടൻ അങ്ങോട്ട്‌ എടുത്തോ… ” വന്ന പെട്ടി ഓട്ടോയുടെ ഡ്രൈവർക്ക് നിർദേശം നൽകി കൊണ്ടവൻ വീണ്ടും പിന്നാമ്പുറത്തേക്ക് വന്നു.. കൊണ്ട് വന്ന സാധനങ്ങൾ അവിടെ ഇറക്കി നാരങ്ങ വെള്ളവും കുടിച്ചയാൾ പോയതും അവൾ അവനരികിലേക്ക് ചെന്നു… ” ഇതൊക്കെ എന്തിനാ… ” കൊണ്ട് വന്നിട്ട സ്റ്റീൽ കമ്പിയും ഒക്കെ ഒരറ്റത്തായി കൊണ്ടിടുന്നവനെ നോക്കിയവൾ ചോദിച്ചു… ” ഒരു ചെറിയ ഷെഡ്‌ അടിക്കാനാടോ… ”

പറഞ്ഞു കൊണ്ടവൻ പിന്നെയും തന്റെ ജോലിയിലേക്ക് തിരിഞ്ഞു.. ” എന്തിനെന്ന് ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും താൻ ചോദിക്കാതെ തന്നെ അവനും ഇങ്ങോട്ട് പറഞ്ഞ് കൂടെ എന്നവൾ സ്വയം ചോദിച്ചു… അതിൽ തോന്നിയ ചെറിയ പരിഭവത്തിൽ തുറന്ന് പറയാത്ത ഒരു പിണക്കവുമായിട്ടവൾ തിരികെ നടന്നു… പിറ്റേന്ന് തൊട്ടു മൂന്നാ നാലോ പണിക്കാർ വന്നിരുന്നു ഷെഡ് കെട്ടാനായിട്ട്… ചന്തുവും അവർക്കൊപ്പം നിന്നിരുന്നു… അവർക്ക് വേണ്ടി ഇടയ്ക്ക് നാരങ്ങ വെള്ളവും ചായയും പിന്നെ കഞ്ഞിയും ചോറും ഒക്കെ വെച്ച് തിരക്കിൽ ആയിരുന്നു ഗായത്രി…അത് കൊണ്ട് തന്നെ അവളിലെ പിണക്കത്തേ അവൾ തന്നെ മറന്നിരുന്നു… ഷെഡിന്റെ പണി തീർന്നതും ചന്തു വീണ്ടും ബസിൽ പോയി തുടങ്ങിയിരുന്നു… ########$$$$######## ”

എനിക്ക് ടൗണിൽ വരെ ഒന്ന് പോണം…” രാവിലെ പതിവ് പോലെ ഇറങ്ങാൻ നിൽക്കുന്നവന്റെയടുത്ത് വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ടവൾ പറഞ്ഞു.. എന്തിനെന്ന രീതിയിൽ നെറ്റി ചുളിച്ചവൻ അവളെയൊന്ന് നോക്കി… ” psc യുടെ ഒരു റാങ്ക് ഫയൽ വാങ്ങണം… ഇവിടെ വെറുതെ ഇരിക്കുവല്ലേ…. ” അവൾ മറുപടി ആയിട്ട് പറഞ്ഞു.. ” ടൗണിലെ book സ്ഥാളിൽ നിന്നല്ലേ… ഞാൻ വാങ്ങിയിട്ട് വന്നാൽ മതിയോ… ” അവൻ ചോദിച്ചു… ” മതിയായിരുന്നു… പക്ഷെ, മറ്റന്നാൾ മനയിലെ ശുഭ ചേച്ചീടെ മോൾടെ കല്യാണമാണ്… അന്ന് എനിക്ക് ഗിഫ്റ്റ് കൊണ്ട് വന്ന് തന്നതാ… അപ്പൊ എന്തേലും തിരികെ വാങ്ങി നൽകണ്ടെ… ” “ആഹ്… അപ്പൊ പിന്നെ താൻ തന്നെ പോ… എനിക്ക് അതൊന്നും സെലക്ട്‌ ചെയ്യാൻ അറിയില്ല…

ടൗൺ വരെ താൻ വെറുതെ വരണ്ടല്ലോന്ന് നിനച്ചു ചോദിച്ചതാ ഞാൻ… ” ” മ്മ്… ” അതിനവൾ ഒന്ന് മൂളുക മാത്രം ചെയ്തു…. ” താൻ എപ്പോഴാ ഇറങ്ങുന്നേ.. ഉച്ച ആവോ… ” അവൻ തിരക്കി… ” ഇല്ല… എട്ടു മണി കഴിയുമ്പോൾ…. ” ” ആഹ്.. അതാവുമ്പോൾ തിരക്കും കുറവായിരിക്കും…. എന്നാ ശെരിയെടോ..ഞാൻ ഇറങ്ങുവാ… ” യാത്ര പറഞ്ഞു പോകുന്നവനെ നോക്കി അവൾ അല്പനേരം നിന്നു… പിന്നീട് ജോലികൾ എല്ലാം തീർക്കാൻ അവളിൽ വല്ലാത്ത വ്യഗ്രത ആയിരുന്നു… ഉച്ചയ്ക്കത്തേക്കുള്ള ചോറും കൂട്ടാനും ഒരുക്കി,, കുളിച്ച് ഒരു കോട്ടൺ ചുരിദാറും എടുത്തിട്ടു… കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് മുടി വകഞ്ഞ് കെട്ടി… നോട്ടം മേശമേൽ ഇരിക്കുന്ന സിന്ദൂരചെപ്പിൽ എത്തിയപ്പോൾ മനസ് ഒന്ന് നിന്നു…

ഒരു നിമിഷത്തേക്ക്… എന്തിനോ വേണ്ടി… അതിൽ നിന്ന് ഒരു നുള്ള് എടുത്ത് സീമന്തരേഖയിൽ തൊട്ടിട്ട് കട്ടിൽ പടിയിൽ നിന്ന് ഷാളും എടുത്ത് തോൾ വഴി ഇട്ടിട്ട് ബാഗ് എടുക്കാനായി തിരിഞ്ഞു… പെട്ടെന്നെന്തോ ഓർത്തപോലെ അവൾ വീണ്ടും കണ്ണാടിക്ക് മുന്നിലേക്ക് വന്നു… പതിവ് പോലെ തന്നെയെ ഉള്ളു… ഒരു പൊട്ട് പോലെ.. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാം… ആ കുങ്കുമ ചോപ്പിൽ നോക്കി നിൽക്കേ ചന്തുവിന്റെ മുഖം അവളുടെ ഓർമയിൽ വന്നു… ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ ചെപ്പ് കയ്യിലെടുത്ത് ദീർഘമായി അവിടം ചുവപ്പിച്ചു.. ബസ് കാത്തു നിൽക്കുമ്പോൾ പതിവിലും അക്ഷമയായിരുന്നവൾ… ഇടയ്ക്ക് ഇടയ്ക്ക് വാച്ചിലേക്ക് സമയം നോക്കുന്നുണ്ടായിരുന്നു…

സ്ഥിരം വരുന്ന സമയം ആയിട്ടും കാണാതെ ആയപ്പോൾ തെല്ലൊരു വെപ്രാളം അവളിൽ ഉണ്ടായി… ഇന്നിനി ചിലപ്പോൾ ബസ് കാണില്ലെന്ന് സ്കൂൾ കുട്ടികൾ പരസ്പരം പറയുന്നത് കേട്ടപ്പോൾ പിന്നെയും എന്തോ ഒരു വെപ്രാളം അവളിൽ ഉരുണ്ട് കൂടിയിരുന്നു…. ഒടുവിൽ ഫോൺ എടുത്ത് അവനെ വിളിക്കാൻ ഒരുങ്ങുമ്പോൾ ഒരു ഹോൺ മുഴക്കി ബസ് വരുന്നത് കണ്ടതും അവളിൽ തെല്ലൊരാശ്വാസം നിറഞ്ഞു… പക്ഷെ ഡ്രൈവിംഗ് സീറ്റിൽ അവനെ കാണാതായപ്പോൾ പോയ വെപ്രാളം പതിന്മടങ്ങായി തന്നിലേക്ക് തിരികെയെത്തുന്നത് അവൾ അറിഞ്ഞു… ബസ് വന്ന് നിർത്തിയതും ആളുകൾ ഇറങ്ങിയതും ഒന്നും തന്നെ അവൾ അറിഞ്ഞില്ല… ആ കണ്ണുകൾ ആകമാനം അവനെ തിരയുകയായിരുന്നു…

അവനെ മാത്രം… ഒടുവിൽ വലത് കയ്യിൽ പ്ലാസ്റ്ററുമിട്ട് നെറ്റിയിൽ ഒരു ബാൻഡെജും ചുറ്റി വരുന്നവനെ കണ്ടവൾ നോക്കി നിന്ന് പോയി… ഒരു നിമിഷം ശ്വാസം വിലങ്ങിയ പോലെ… പെട്ടെന്നെന്തോ ഓർത്തപോലെ കാറ്റുപോലവൾ ഓടി അവനരികിലേക്ക് എത്തി.. അവന്റെ മുഖം രണ്ടുകൈ കുമ്പിളിലായി കോരിയെടുത്തും,, വലത് കൈ പിടിച്ചു നോക്കിയും,, അവന്റെ കവിളിൽ തലോടിയും,, ഇടം കയ്യിൽ കണ്ട പോറിയ വരകളിൽ കൂടി വിരലുകൾ ഓടിചും ഒക്കെ അവൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു… ഇടയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു… ശ്രെദ്ധയില്ലെന്നോ,, സൂക്ഷിച്ചു വണ്ടി ഓടിക്കില്ലെന്നോ,, അങ്ങനെ എന്തൊക്കെയോ…

എല്ലാം അവളുടെ പരിഭവവും പരാതിയും തന്നെയായിരുന്നു… അത് കണ്ടു കൊണ്ടാവാം ആ വേദനയ്ക്കിടയിലും അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിരുന്നു… അന്ന്,,, ഹാളിലെ വെറും നിലത്ത് നിന്ന് ഒറ്റമുറിയിലെ കട്ടിലിലേക്ക് സ്ഥാനമാറ്റം കിട്ടിയിരുന്നു… സമയാ സമയം കഞ്ഞിയും വെള്ളവും മരുന്നും എല്ലാം മുടങ്ങാതെ കൊടുക്കുന്നുണ്ടെങ്കിലും എന്ത് പറ്റിയതാണെന്ന് തിരക്കാൻ പോലും ഒരു വാക്ക് അവൾ ചോദിച്ചില്ല… പിന്നെയും നാല് ചുവരുകൾക്കുള്ളിൽ മൗനം തളം കെട്ടി തുടങ്ങിയപ്പോൾ അവന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി…അടുത്ത വന്ന രണ്ടു ധ്രുവങ്ങൾ തമ്മിൽ ഇനിയൊരിക്കലും അടുക്കാത്ത വിധം അകന്നു പോകുന്നത് പോലെ തോന്നി… രാത്രിയിൽ കഞ്ഞി കോരി തന്നു കൊണ്ടിരുന്നപ്പോളും അവൾ മൗനത്തിലായിരുന്നു… അവനറിയാം..

തന്നോടുള്ള പ്രതിഷേധം ആണ് ഇന്നീ മൗനം… എന്നും അങ്ങനെ തന്നെ ആണല്ലോ… അവളുടെ പ്രതിഷേധവും പരിഭവവും പരാതിയും എല്ലാം അവൾ മൗനത്തിലൂടെയാണ് തന്നിലേക്ക് പകരുന്നത്… തനിക്കുള്ള ശിക്ഷയും ഇതെ മൗനം തന്നെ ആയിട്ടാണ് അവൾ വിധിക്കുന്നത്… “ഗായത്രി… ” ഒടുവിൽ സഹിക്കാൻ കഴിയാതെ ആയപ്പോൾ അവൻ അവളെ വിളിച്ചു… അവൾ ഒന്ന് നോക്കുകപോലും ചെയ്യാതെ വീണ്ടും ചെയ്ത് കൊണ്ടിരുന്ന ജോലി തുടർന്നു… “എന്തേലും ഒന്ന് പറയെടോ… താനിങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… ” “എന്നെ ഒന്ന് നോക്കുകയെങ്കിലും ചെയ്തൂടെ ടോ… ” “എടൊ… എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടോ… താനിങ്ങനെ മിണ്ടാതെ ഇരുന്നിട്ട്… ” അവളിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ വന്നപ്പോൾ ഒന്നിന് പുറകെ ഒന്നായി എന്തൊക്കെയോ പറഞ്ഞ് കൊണ്ടവൻ അവളോട്‌ കെഞ്ചി പോയിരുന്നു… പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…….കാത്തിരിക്കുക.. ❤

മൗനം : ഭാഗം 13

Share this story