മഴമുകിൽ: ഭാഗം 28

മഴമുകിൽ: ഭാഗം 28

എഴുത്തുകാരി: അമ്മു അമ്മൂസ്

“”സത്യായിട്ടും ഒന്നും ഇല്ലെടോ… ഇങ്ങനെ പേടിക്കാതെ…. “”കണ്ണ് രണ്ടും തുടച്ചുകൊടുത്തുകൊണ്ടവൻ പറഞ്ഞപ്പോൾ മറുപടി ഒന്നും പറയാതെ അവളാ നെഞ്ചിലേക്ക് പതിയെ തല ചായ്ച്ചു നിന്നു…. അപ്പോഴും നേരെയായിട്ടില്ലാത്ത നെഞ്ചിടിപ്പിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട്…. അവളുടെ പേടി മനസ്സിലാക്കി എന്ന പോലെ അവന്റെ കൈകളും അവളെ ചേർത്ത് പിടിച്ചിരുന്നു… കുറച്ചു സമയം കഴിഞ്ഞപ്പോളാണ് താൻ ചെയ്ത പ്രവൃത്തിയെക്കുറിച്ചു ബോധ്യം വന്നത്…. പെട്ടെന്ന് തന്നെ അവനിൽ നിന്നും പിടഞ്ഞു മാറി നിന്നു…. അവൾക്കവനെ നോക്കാൻ വല്ലാത്ത ചമ്മൽ തോന്നി… തല താഴ്ത്തി നിൽക്കുന്ന അവളുടെ ഭാവങ്ങൾ എല്ലാം കുസൃതി കലർന്ന ഒരു ചിരിയോടെ ആസ്വദിച്ചു നിൽക്കുകയായിരുന്നു ഋഷി…

അവൻ നോക്കുന്നത് അറിഞ്ഞ പോലെ അവൾ തല ഉയർത്തി നോക്കിയതേ ഇല്ല…. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോളേക്കും ഋഷി കൈയിൽ പിടിച്ചു തടഞ്ഞു നിർത്തിയിരുന്നു…. “”ഹാ… അതെന്തൊരു പോക്കാടോ… ഒന്നുമില്ലെങ്കിലും ഞാനും ആ മുറിയിലേക്ക് തന്നെ അല്ലേ…. “” കുസൃതി നിറഞ്ഞ വാക്കുകളിൽ അവൻ പറഞ്ഞപ്പോൾ എന്താ പറയേണ്ടത് എന്നറിയാതെ ഒരു വെപ്രാളം ഉള്ളിൽ നിറയും പോലെ തോന്നി ദേവക്ക്… “”മോ… മോള്‌ തനിച്ചാ മുറിയിൽ… “”പതർച്ചയോടെ അതും പറഞ്ഞു അവന്റെ കൈയിൽ നിന്നും കുതറി മാറി അകത്തേക്ക് നടന്നു… റൂമിൽ ചെന്നപ്പോഴും അല്ലുമോള് നല്ല ഉറക്കമായിരുന്നു… ഋഷി വരാൻ കാത്ത് നിൽക്കാതെ വേഗം തന്നെ മോളുടെ ഒരു വശത്തായി വന്നു കിടന്നു….

കണ്ണുകൾ അടച്ചു പിടിച്ചു…. കുറച്ചു സമയം കഴിഞ്ഞു കേട്ട കാൽപ്പേരുമാറ്റത്തിൽ നിന്നും ഋഷി മുറിയിലേക്ക് വന്നു എന്ന് മനസ്സിലായി… കണ്ണുകൾ തുറന്നു നോക്കിയില്ല.. കതകടക്കുന്ന ശബ്ദവും കുറച്ചു കഴിഞ്ഞപ്പോൾ കട്ടിലിന്റെ മറുവശത്തു കിടക്കുന്നതായും അറിഞ്ഞു… ഏറെ നേരം കഴിഞ്ഞിട്ടും വേറെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ പതിയെ കണ്ണ് തുറന്നു നോക്കി….. ഒരു കൈ ബെഡിൽ കുത്തി.. അതിലേക്ക് തല ചേർത്ത് അവളെ തന്നെ നോക്കി ചിരിച്ചോണ്ട് കിടക്കുന്ന ഋഷിയെയാണ് കണ്ടത്… പെട്ടെന്നവനെ അങ്ങനെ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ മിഴിഞ്ഞു പോയി… ഒറ്റ നിമിഷം കൊണ്ട് വീണ്ടും കണ്ണുകൾ ഇറുക്കെ അടക്കുമ്പോൾ ഋഷിയുടെ പൊട്ടിച്ചിരി മറുവശത്തു നിന്നും കേൾക്കാമായിരുന്നു….

അവന് മുഖം കൊടുക്കാനുള്ള മടിക്ക് തലയണയിലേക്ക് മുഖം അമർത്തിക്കിടക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്…. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പഞ്ഞി പോലെ എന്തോ രാവിലെ തന്റെ മുറിവുള്ള കൈയിൽ തൊടും പോലെ തോന്നിയപ്പോളാണ് ഋഷി കണ്ണ് തുറക്കുന്നത്…. മുറിവ് കെട്ടിയ bandage ന്റെ പുറത്ത് കൂടി അല്ലു മോള്‌ പതിയെ തൊട്ട് നോക്കുകയാണ്… തീരെ വേദനിപ്പിക്കാതെ തൊടുന്നത് അറിയുക പോലും ചെയ്യാത്ത അത്രയും മൃദുവായിട്ടാണ് തൊട്ട് നോക്കുന്നത്… ഇടക്കിടക്ക് കുനിഞ്ഞു മുറിവിലേക്ക് ഊതുന്നും ഉണ്ട്… “”ആഹാ… പോലീഷിന്റെ അല്ലൂസ്‌ ഡോക്ടർ ആയോ… ഹ്മ്മ്…. “” ആ കുഞ്ഞി കൈ പതിയെ ചുണ്ടോട് ചേർത്ത് പിടിച്ചപ്പോൾ അവളൊന്ന് കൊഞ്ചി ചിരിക്കുന്നത് കണ്ടു….

പക്ഷേ പെട്ടെന്ന് തന്നെ ആ മുഖത്ത് സങ്കടം നിറയുന്നത് കണ്ടു… “”പോലീസിന് ഉവ്വാവാണോ…… അല്ലൂനും ഉവ്വാവ…. “”ചെറുതായി ഉണങ്ങി തുടങ്ങിയ കാൽ മുട്ടിലെ മുറിവിലേക്ക് വിരൽ ചൂണ്ടി സങ്കടത്തോടെ പറഞ്ഞു…. “”പോലീഷിന് കുഞ്ഞ് മുറിവാട കണ്ണാ…. വേദന ഒന്നും ഇല്ലല്ലോ…. “”എഴുന്നേറ്റു ഇരുന്നു മുറിവില്ലാത്ത കൈ കൊണ്ട് മോളെ മടിയിലേക്ക് ഇരുത്തി പറഞ്ഞു…. .. എന്നിട്ടും വിശ്വാസം വരാത്തത് പോലെ ഋഷിയുടെ കൈയിലേക്ക് തന്നെ ഇടക്കിടക്ക് നോട്ടം പോകുന്നുണ്ട് … രണ്ടാളുടെയും ഈ കളി കണ്ടുകൊണ്ടാണ് ദേവ പാലും കൊണ്ട് മുറിയിലേക്ക് വരുന്നത്….. “”ഇന്നാടി കള്ളി പെണ്ണെ…. “”പാല് നീട്ടിയതും കള്ളച്ചിരിയോടെ അല്ലു മോള്‌ അത് വാങ്ങി കുടിക്കാൻ തുടങ്ങി… കാര്യം അറിയാതെ നോക്കി നിൽക്കുകയായിരുന്നു ഋഷി….””

ഇന്നെന്താ എന്റെ അല്ലൂസ്‌ മുറിയിൽ നിന്നും പാല് കുടിച്ചുന്നെ….. ഹ്മ്മ്…..”” ചോദിച്ചെങ്കിലും അല്ലു മോള്‌ ഒന്നും മിണ്ടിയില്ല…. “”കള്ളി പെണ്ണ് രാവിലെ മുതല് ബഹളം തുടങ്ങിയതാ…. ഈ മുറിയിൽ നിന്നും പുറത്തോട്ട് ഇറങ്ങില്ല…. പോലീഷിന് മുറി പറ്റി എന്നും പറഞ്ഞു ഒരിരുപ്പാ….”” ദേവ പരാതി പോലെ പറയുന്നത് കേട്ട് ഋഷി ചിരിയോടെ അല്ലു മോളെ നോക്കി… അവിടെ ഇതൊന്നും ശ്രദ്ധിക്കാതെ പാല് കുടിക്കുന്ന തിരക്കിൽ ആയിരുന്നു… പെട്ടെന്ന് എന്തോ ഓർത്തത് പോലെ പാല് കുടിക്കുന്നത് നിർത്തി….. “”പോലീഷിന് നോവുന്നുണ്ടോ…. “” വീണ്ടും അവന്റെ മുറിവിലേക്ക് പതുക്കെ തൊട്ട് ചോദിച്ചു… “”അല്ലൂനു നോവുമ്പോഴേ അമ്മ മുരിവിലുമ്മ തരൂല്ലോ….. അപ്പൊ മോളുടെ വേദന പോവൂല്ലോ…..

പോലീഷിനും ഉമ്മ വേണോ…..”” എന്തോ വലിയ മരുന്ന് കണ്ടു പിടിച്ചത് പോലെ ഋഷിയെ നോക്കി ഇരിപ്പുണ്ട്… ദേവയെ ഒളികണ്ണിട്ട് നോക്കിയപ്പോൾ വിളറി വെളുത്തത് പോലെ അല്ലു മോളെ നോക്കി ഇരിപ്പുണ്ട്… “”നോവുന്നുണ്ടോ പോലീഷേ…””നേരത്തെ ചോദിച്ചതിന് മറുപടി കിട്ടാതെ ആയപ്പോൾ അല്ലുമോള് ഒന്നൂടെ ചോദിച്ചു… പെട്ടെന്ന് തോന്നിയ കുസൃതിയിൽ ഋഷി കൈ നോവുന്നത് പോലെ പൊതിഞ്ഞു പിടിച്ചു…. “”അയ്യോ നോവുന്നല്ലോ പോലീഷിന്….”” ദേവയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പല്ലിറുമ്മി അവനെ നോക്കി ഇരിപ്പുണ്ട്…. അവൾക്ക് നേരെ ഒരു കണ്ണിറുക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് വീണ്ടും വേദന എടുക്കും പോലെ മുഖത്ത് ഭാവം വരുത്തി…. “”പോലീഷിന് നോവുന്നമ്മേ….

മോൾക്ക് തരുന്ന പോലെ പോലീഷിന്റെ മുറിവിലും ഉമ്മ കൊടുക്ക്…””. അല്ലുമോള് സങ്കടത്തോടെ പറഞ്ഞു… “”പോലീഷ് വലുതായില്ലേടാ കണ്ണാ…. കുഞ്ഞ് കുട്ടികൾക്ക അമ്മ ഉമ്മ വെച്ച വേദന മാറുക….. പോലീഷിന്റെ മാറില്ല കേട്ടോ….””മോളെ സമാധാനിപ്പിക്കാൻ വേണ്ടി വേഗം പറഞ്ഞു… ദേവ പറഞ്ഞത് ഇഷ്ടപ്പെടാതെ ഋഷിയുടെ കൈയിലേക്ക് നോക്കി സങ്കടത്തോടെ ചുണ്ട് പിളർത്തി ഇരിപ്പുണ്ട്…. ഇപ്പോൾ കരയും എന്നൊരു ഭാവം ആ മുഖത്ത് വന്നതും ഉറക്കെ കരയാൻ തുടങ്ങിയതും ഒന്നിച്ചായിരുന്നു…. കൈയിലെ മുറിവ് നോക്കാതെ തന്നെ ഋഷി വേഗം മോളെ മടിയിൽ നിന്നും പൊക്കി എടുത്തു പിടിച്ചു…. “”പോലീഷിന് വേദന ഇല്ലെടാ കണ്ണാ….”” വിശ്വാസം വരാത്തത് പോലെ അപ്പോഴും കണ്ണും നിറച്ചു ഋഷിയെ നോക്കുന്നുണ്ടായിരുന്നു…. “”അല്ലുമോള് ഉമ്മ തന്നാൽ പോലീഷിന്റെ വേദന പോവല്ലോ….

“”സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതും ആദ്യം വിശ്വാസം വരാത്തത് പോലെ ചിണുങ്ങിക്കൊണ്ട് അവന്റെ കൈയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടു… “”അല്ലൂസ്‌ ഉമ്മ തന്നെ….. “”പറഞ്ഞ ഉടനേ ആദ്യം കൈയിലും പിന്നെ മുഖത്തും എല്ലാമായി ഉമ്മകൾ കൊണ്ട് മൂടിയിരുന്നു….. “”ഹൈ… പോലീഷിന്റെ വേദന എല്ലാം പോയല്ലോ….”” ചിരിയോടെ പറഞ്ഞതും വാ പൊത്തി കുലുങ്ങി ചിരിക്കുന്നത് കണ്ടു… “”അമ്മേടെ പൊന്നിന് മാമുണ്ണണ്ടേ …. വായോ…”” ദേവ കൈ നീട്ടിയപ്പോൾ അത് തട്ടി മാറ്റി ഋഷിയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു…. “”അല്ലൂനു പോലീഷ് തന്നാൽ മതി…””. ദേവയെ നോക്കി പിണക്കത്തോടെ പറഞ്ഞു…. “”ഹും….ഒരു പോലീഷ്… “”മോളെ ഒന്ന് നോക്കി പിണക്കത്തോടെ ദേവ പുറത്തേക്ക് നടന്നു…. ഇതെല്ലാം കണ്ടു ഋഷി ചിരിയോടെ മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ശ്രീ രാവിലത്തെ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ് അഭി കയറി വരുന്നത്… കടന്നൽ കുത്തിയത് പോലെ മുഖം വീർത്തു ഇരിപ്പുണ്ട്… അവന്റെ അടുത്തുള്ള കസേര നല്ല ശബ്ദത്തിൽ വലിച്ചു നീക്കി അതിലേക്ക് ഇരുന്നു… അവളുടെ പ്രകടനങ്ങൾ ഒക്കെ കണ്ടിട്ടും ശ്രീ അതൊന്നും ശ്രദ്ധിക്കാതെ പ്ലേറ്റിലുള്ള ചപ്പാത്തി കറിയിൽ മുക്കി കഴിച്ചുകൊണ്ടിരുന്നു… അഭി അവനെ ദേഷ്യത്തോടെ നോക്കി… ഇതെന്താ ഇന്നുകൊണ്ട് ഈ ലോകത്തിലുള്ള ചപ്പാത്തി എല്ലാം ആവി ആയി പോകുമോ… അവൾ ദേഷ്യത്തോടെ ചോദിച്ചു എങ്കിലും അവനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല…. . “”ശ്രീയേട്ടാ….”” അവൾ ദേഷ്യത്തോടെ വിളിച്ചു… “”ഹാ…. എന്താടി…. മനുഷ്യനെ കഴിക്കാനും സമ്മതിക്കില്ലേ…””.

അവളെ ഒന്ന് നോക്കി വീണ്ടും കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്നു… “”ഓഹ്‌… നിങ്ങളിവിടെ ചപ്പാത്തിയുടെ എണ്ണം എടുത്തുകൊണ്ടിരുന്നോ…എന്റെ കല്യാണം ഉറപ്പിക്കാൻ പോവാ… “”അവൾ ദേഷ്യത്തോടെ പറഞ്ഞു… അവള് പറയുന്നതൊക്കെ കേട്ടിട്ടും അവനിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല… “”അതിന്….. “”ശാന്തമായ സ്വരത്തിൽ ശ്രീ ചോദിച്ചു… “”അല്ലേലും ശ്രീയേട്ടന് ഒന്നും ഇല്ലല്ലോ…. സ്നേഹിച്ചത് ഞാൻ മാത്രമല്ലേ… “”അവനെ നോക്കി പറയുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു….. എന്നിട്ടും ശ്രീയിൽ പ്രത്യേകിച്ച് ഭാവം ഒന്നും കണ്ടില്ല എന്ന് കണ്ടു അവള് ദേഷ്യത്തോടെ എഴുന്നേറ്റു… “”നോക്കിക്കോ… പെണ്ണ് കാണാൻ വരുന്ന ആ കോന്തനെ ഞാനങ്ങു കെട്ടാൻ പോവാ….

നിങ്ങളിവിടെ ഇങ്ങനെ മാനസമൈനെ പാടി നടക്ക്..””..ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു… അവൾ പോയി എന്ന് കണ്ടതും ശ്രീ പ്ളേറ്റിൽ നിന്ന് തല ഉയർത്തി നോക്കി… വാതിൽ കടന്നു ദേഷ്യത്തോടെ നടന്നു പോകുന്ന അവളെ ചുണ്ടിലൂറിയ ചിരിയോടെ നോക്കി നിന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “”എന്തായി….”” ശ്രീയുടെ കൂടെ ഓഫീസിന്റെ അകത്തേക്ക് കയറുന്നതിനിടയിൽ ഋഷി ചോദിച്ചു… “”പഴയ പല്ലവി തന്നെയാണ് സർ… ഇന്ന് രാവിലെ ചോദിച്ചപ്പോഴും അവർ കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്നു…..”” “”ഹ്മ്മ്….”” ഋഷി ഒന്ന് മൂളി… ചോദ്യം ചെയ്യാനുള്ള മുറിയിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു ഒരു കസേരയിൽ തല കുമ്പിട്ടു ഇരിക്കുന്ന ശാലിനിയെ…

ഇന്നലെ രാത്രിയിൽ നേരെ ഉറങ്ങാൻ കഴിയാതിരുന്നതിന്റെ ക്ഷീണം അവരുടെ മുഖത്ത് വ്യക്തമായിരുന്നു… ഋഷി വരുന്നത് കണ്ടു അവരൊന്നു തല പൊക്കി നോക്കി…. അവൻ അവരുടെ മുൻപിൽ ഇട്ടിരുന്ന മേശയിലേക്ക് ചാരി ഇരുന്നു…. “”എന്താണ് ശാലിനി…. സത്യം പറയില്ല എന്ന വാശി ആണോ…..”” അതിനവരൊന്നും പ്രതികരിച്ചില്ല… “”എന്തിന്…… എങ്ങനെ….. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടി മാത്രം എനിക്ക് കിട്ടിയാൽ മതി.””…ഋഷി ഗൗരവത്തോടെ പറഞ്ഞു.. “”എത്ര തവണ പറയണം ഞാൻ ആരെയും കൊന്നിട്ടില്ല എന്ന്….. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളെന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്…. ഫോണിൽ സംസാരിച്ചു എന്ന കുറ്റത്തിനോ….”” ശാലിനി ഈർഷ്യയോടെ ചോദിച്ചു….

“”ശെരി കൊന്നിട്ടില്ല…… പക്ഷേ…ആൾമാറാട്ടം ഒരു കുറ്റമാണ് എന്നറിയില്ലേ…… “”ഋഷി ചിരിയോടെ ചോദിച്ചു…. “”നിങ്ങളെന്താ പറയുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല സർ….”” “”ഇതിലിപ്പോ കൂടുതൽ മനസ്സിലാക്കാൻ ഒന്നുമില്ല….. ഭാമയെ പരിചയപ്പെടുമ്പോൾ ശാലിനി ആയിരുന്നവൾ ബീനയെ പരിചയപ്പെടുമ്പോൾ രാജി ആയിരുന്നു….. കൊല്ലപ്പെട്ട അഞ്ച് സ്ത്രീകളുമായും അഞ്ച് പേരുകളിൽ സൗഹൃദം…. അതിന്റെ കാരണം….”” പറഞ്ഞവസാനിപ്പിക്കുമ്പോൾ ഋഷിയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു… “”അതുകൊണ്ട്….'”. ശാലിനി പുച്ഛത്തോടെ ഒന്ന് ചിരിച്ചു….. “”അതുകൊണ്ട് ഞാനാണ് കൊന്നത് എന്നുണ്ടോ…..”” ശാലിനിയുടെ കൂസലില്ലാത്ത ഭാവം കണ്ടു ശ്രീക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നില്ല എന്ന് തോന്നി….

“”ഹ്മ്മ്..””. ഋഷി ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് നടന്നു.. “”സർ…. നാലെണ്ണം കൊടുക്കട്ടേ…. അവളെക്കൊണ്ട് എല്ലാ സത്യാവും നമുക്ക് പറയിപ്പിക്കാം…””. ശ്രീ ദേഷ്യം സഹിക്കാൻ കഴിയാതെ ഋഷിയോട് പറഞ്ഞു.. “”അവരെ കൊന്നാലും അവരത് പറയില്ലെടോ മനപ്പൂർവം….”” ഋഷി ശ്രീയുടെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു…. “”സർ…… “”ശ്രീ സംശയത്തോടെ നോക്കി… “”താൻ അവരുടെ മുഖം ശ്രദ്ധിച്ചിരുന്നോ…. ഓരോ നിമിഷവും ഒരു ഞൊടിയിടകൊണ്ട് അവരുടെ ഭാവം മാറും…. പക്ഷേ അതിനിടയിൽ ഒരു നിമിഷത്തേക്ക് അവരുടെ മുഖത്ത് വിടരുന്ന ഒരു ചിരിയിലുണ്ട് നമ്മൾ തേടുന്ന ഉത്തരം…. അതൊരിക്കലും തോറ്റവന്റെയോ…. വിജയിയുടെയോ ചിരിയല്ല…. അപ്പോൾ അവരുടെ കണ്ണുകളിൽ ലഹരിയാണ്…

ഒരു തരം ഉന്മാദ അവസ്ഥ….””” ഋഷി പറയുന്നത് ഒക്കെ കേട്ട് തരിച്ചു നിൽക്കുകയായിരുന്നു ശ്രീ….. “”എനിക്ക് എത്രയും പെട്ടെന്ന് കഴിയുന്ന അത്രയും white സ്ക്രീനുകളും കൊല്ലപ്പെട്ടവരുടെ ഫോട്ടോയും വേണം… എത്രയും പെട്ടെന്ന്…. “”ഋഷി ഗൗരവത്തോടെ പറഞ്ഞു.. നിമിഷങ്ങൾക്കകം ശ്രീ എല്ലാം ഏർപ്പാടാക്കിയിരുന്നു…. ഋഷിയുടെ നിർദ്ദേശം അനുസരിച്ചു ശാലിനി ഇരുന്ന മുറി മുഴുവൻ ആ സ്ക്രീനുകൾ കൊണ്ട് നിറച്ചു…. അതിലെല്ലാം കൊല്ലപ്പെട്ട സ്ത്രീകൾ ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മാറി മാറി തെളിയാൻ തുടങ്ങി…. മുൻപിലുള്ള ഗ്ലാസ്സിലൂടെ ശാലിനിയുടെ ഭാവങ്ങൾ ഓരോന്നും വീക്ഷിക്കുകയായിരുന്നു ഋഷി…

ആദ്യമാദ്യം ഇടക്കിടക്ക് ഒന്ന് സ്ക്രീനിലേക്ക് നോക്കുന്നതും വേഗം തല വെട്ടിച്ചു കുനിഞ്ഞു ഇരിക്കുന്നതും കണ്ടു…. പതിയെ പതിയെ സ്ക്രീനിലേക്ക് നോക്കുന്ന ഇടവേള കുറഞ്ഞിരുന്നു… ഓരോ സ്ത്രീയുടെ മുഖം കാണുമ്പോഴും ശാലിനി ഈർഷ്യയോടെ തല വെട്ടിച്ചു മറുവശത്തേക്ക് തിരിക്കും…. അവിടെയും കാണുമ്പോൾ നോട്ടം വീണ്ടും മാറ്റും…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അസ്വസ്ഥതയോടെ മുടിയിൽ പിടിച്ചു വലിച്ചു പിടിക്കുന്നതും പല്ലിറുമ്മി ഇരിക്കുന്നതും കണ്ടു… കൃഷ്ണമണി നിർത്താതെ ചലിച്ചുകൊണ്ടിരുന്നു….. ഒടുവിൽ തല ഉയർത്തുമ്പോൾ ഇന്നലെ ജീപ്പിലേക്ക് കയറ്റുമ്പോൾ ഒരു നിമിഷത്തേക്ക് മിന്നിമാഞ്ഞ അതേ ഉന്മാദം നിറഞ്ഞ ചിരി അവരുടെ ചുണ്ടുകളിൽ തെളിഞ്ഞിരുന്നു…..തുടരും

മഴമുകിൽ: ഭാഗം 27

Share this story