വിവാഹ മോചനം: ഭാഗം 3

വിവാഹ മോചനം:  ഭാഗം 3

എഴുത്തുകാരി: ശിവ എസ് നായർ

രാവിലെ ഉറക്കമുണർന്നയുടനെ അപർണ്ണ ശ്രീജിത്തിനെ വിളിക്കാനായി ഫോൺ എടുത്തു. എന്നും രാവിലെ എഴുന്നേറ്റയുടനെ ആ വിളി പതിവുള്ളതാണ്. അപ്പോഴാണ് അവളുടെ വാട്സാപ്പിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു വീഡിയോ ക്ലിപ്പ് വന്നു കിടക്കുന്നത് കണ്ടത്. തലേ ദിവസം രാത്രിയാണ് ആ മെസ്സേജ് വന്നിരിക്കുന്നത്. ഉദ്വേഗത്തോടെ അവൾ വീഡിയോ ഓപ്പൺ ചെയ്തു നോക്കി. വീഡിയോ പ്ലേ ആയി തുടങ്ങിയതും അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. കണ്ണുകൾ നിറഞ്ഞു. വീഡിയോ മുഴുവനും കാണാനുള്ള ത്രാണിയില്ലാതെ കോപത്തോടെ അവൾ കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു.

ബെഡിന്റെ ഒരു വശത്തേക്ക് ഫോൺ ചെന്നു വീണു. ശ്വാസം വലിച്ചു വിട്ടുകൊണ്ട് അപർണ്ണ കട്ടിലിൽ തളർന്നിരുന്നു. താൻ സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നു പോകുന്നതവളറിഞ്ഞു. “ഈശ്വരാ… ഇത്രയും വർഷത്തിന് ശേഷം ഈ വീഡിയോ ആരാ എനിക്കിപ്പോ അയച്ചിരിക്കുന്നത്… ” അവളുടെ നോട്ടം മൈബൈലിനു നേർക്ക് നീണ്ടു ചെന്നു. വിറയലോടെ അപർണ്ണ ഫോൺ എടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി. വീഡിയോ അയച്ചിരിക്കുന്ന നമ്പറിലെ വാട്സാപ്പ് പ്രൊഫൈൽ പിക്ചർ സൂം ചെയ്തു നോക്കിയതും അവളുടെ കണ്ണിൽ ദേഷ്യം ഇരച്ചു കയറി. രാഹുലിന്റെ നമ്പറിൽ നിന്നായിരുന്നു ആ വീഡിയോ സന്ദേശം അവളെ തേടിയെത്തിയത്. ഒരു നിമിഷത്തേക്ക് നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞു.

അപ്പോഴാണ് അവളുടെ ഫോണിലേക്ക് ശ്രീജിത്തിന്റെ കാൾ വന്നത്. അപർണ്ണ കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു. “ഗുഡ് മോർണിംഗ് അപ്പൂസേ..” “ശ്രീയേട്ടാ…” ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു. “എന്താടാ നിന്റെ സൗണ്ട് വല്ലാതിരിക്കുന്നത്..” അപർണ്ണ ഒന്നും മിണ്ടിയില്ല. അവൾ കരച്ചിലടക്കാൻ നന്നേ പാടുപെട്ടു. “അപ്പു…, മോളെ നീ കരയുവാണോ…” അതുകൂടി കേട്ടതോടെ മനസിലടക്കിപ്പിടിച്ച സങ്കടം മുഴുവനും അണപൊട്ടിയൊഴുകി. അവളുടെ ഏങ്ങലടികൾ കേട്ട് ശ്രീജിത്തിന്റെ മനസ്സ് അസ്വസ്ഥമായി. “ഇങ്ങനെ കിടന്നു കരയാതെ കാര്യമെന്താണെന്ന് പറയ്യ്… എന്താ അവിടെ ഉണ്ടായേ…”

ശ്രീജിത്ത്‌ ആശങ്കയോടെ ചോദിച്ചു. അപർണ്ണ ഒന്നും പറയുന്നില്ലെന്ന് കണ്ടതും ശ്രീജിത്ത്‌ കാൾ കട്ട്‌ ചെയ്തിട്ട് അവളെ വീഡിയോ കാൾ ചെയ്തു. അപർണ്ണ വേഗം ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു, പിന്നെ ഹെഡ്സെറ്റ് എടുത്തു കണക്ട് ചെയ്ത ശേഷം കാൾ എടുത്തു. ശ്രീയുടെ മുഖം കണ്ടപ്പോൾ അപർണ്ണയ്ക്ക് ഒരാശ്വാസം തോന്നി. അവന്റെ മുഖത്തു നിറഞ്ഞു നിന്നത് ആശങ്ക മാത്രമായിരുന്നു. കരഞ്ഞു കലങ്ങിയ അവളുടെ മുഖം കണ്ടിട്ട് അവന് സഹിക്കാൻ കഴിഞ്ഞില്ല. “രാവിലെ തന്നെ കരയാൻ മാത്രം അവിടെ എന്ത് പ്രശ്നമാ മോളെ ഉണ്ടായത്.. എന്താണെങ്കിലും എന്നോട് പറയ്യ്.. നമുക്ക് പരിഹാരം കണ്ടെത്താം..” അലിവോടെ അവൻ പറഞ്ഞു. “രാഹുൽ ഒരു വീഡിയോ അയച്ചിട്ടുണ്ട് എന്റെ വാട്സാപ്പിൽ …”

“എന്ത് വീഡിയോ..??” “പണ്ട് കോളേജിൽ വച്ച് എനിക്ക് നേരെയുണ്ടായ ആ ആക്രമണം ക്യാമറയിൽ പകർത്തിയ വിഷ്വൽസ്.” “അതെങ്ങനെ അവന് കിട്ടി. നിന്റെ അച്ഛന്റെ സുഹൃത്തിന്റെ മകനല്ലേ അവൻ. അവനെവിടുന്നാ ഇത് കിട്ടിയേ..” ഞെട്ടലോടെ ശ്രീജിത്ത്‌ ചോദിച്ചു. “അന്നെന്നെ ആക്രമിച്ച രാഹുലും ഈ രാഹുലും ഒരേയാൾ തന്നെയാ…” ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. “വാട്ട്‌… എന്നിട്ട് നീയെന്താ അത് എന്നോട് ഇന്നലെ തന്നെ പറയാതിരുന്നത്…” കോപത്തോടെ അവൻ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു. അപ്രതീക്ഷിതമായിട്ടുള്ള അവന്റെ ദേഷ്യം കണ്ട് അപർണ്ണ ഞെട്ടി.

“അച്ഛന്റെ സുഹൃത്ത് സുധാകരൻ മാഷിന്റെ മകനാണ് രാഹുലെന്ന് ഇന്നലെയാണ് ഞാൻ അറിഞ്ഞത്, അവൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ… പിന്നെ അന്ന് എന്നെ ഉപദ്രവിച്ച രാഹുൽ തന്നെയാണ് ഇതെന്ന് പറയാതിരുന്നത് വീണ്ടും പഴയതൊക്കെ ഓർത്തെടുക്കണ്ടെന്ന് കരുതിയായിരുന്നു. ശ്രീയേട്ടൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന് പേടിച്ചു. വീണ്ടും പഴയ പ്രശ്നം കുത്തിപൊക്കണ്ട എന്ന് കരുതി ഞാൻ. അതൊന്നും ഓർക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നില്ല… അതുകൊണ്ടാണ് ഈ കാര്യം മാത്രം ഞാൻ ഇന്നലെ പറയാതിരുന്നത്…” “നീയെന്താ അപ്പു ഇങ്ങനെ ഒക്കെ പറയുന്നത്. നിനക്കിഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ലെന്ന് നിനക്കറിയില്ലേ…

ഇതൊക്കെ മറച്ചു വയ്ക്കേണ്ട വിഷയം ആണോ… ഇന്നലെ നീ രാഹുലെന്ന പേര് പറഞ്ഞപ്പോൾ തന്നെ ആദ്യം എന്റെ മനസിലേക്ക് വന്നത് നീ പണ്ട് പറഞ്ഞ കോളേജിലെ കാര്യങ്ങളായിരുന്നു. പിന്നെ വിചാരിച്ചു ആ രാഹുലാണ് ഇവനെങ്കിൽ നീയത് എന്നോട് പറയുമായിരുന്നല്ലോ എന്നാണ്…” “അത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല ആദ്യം. അതാ മറച്ചു വച്ചത്… ശ്രീയേട്ടൻ അതിന്റെ പേരിൽ എന്നോട് ദേഷ്യപ്പെടരുത്..” യാചനയോടെ അവൾ അവനെ നോക്കി. “അവന്റെ ഉദ്ദേശമെന്താണെന്ന് മനസിലാവുന്നില്ലല്ലോ… രാഹുലെന്തിനാ നിനക്കാ വീഡിയോ അയച്ചത്. അതിലെന്താ കാണിക്കുന്നത്…” “ഇങ്ങനെയൊന്നും എന്നോട് ചോദിക്കല്ലേ ശ്രീയേട്ടാ…” അപർണ്ണ തേങ്ങി. “നീ ഇങ്ങനെ കരയാൻ മാത്രം എന്താ അതിൽ ഉള്ളത്…”

“എനിക്കത് മുഴുവനും കാണാനുള്ള ത്രാണി ഇല്ലായിരുന്നു ഏട്ടാ… എന്നെയാ വൻ പിച്ചിച്ചീന്താൻ ശ്രമിക്കുന്നത് കണ്ടോണ്ടിരിക്കാൻ എനിക്കെങ്ങനെ കഴിയും. അല്ലെങ്കി തന്നെ എല്ലാം മറക്കാൻ ശ്രമിക്കുവായിരുന്നു ഞാൻ. പുതിയൊരു ജീവിതത്തിനെ പറ്റി ചിന്തിച്ചു തുടങ്ങിയതല്ലേ ഞാൻ. ഇനിയും അതൊക്കെ കണ്ട് തളർന്നു പഴയ അപർണ്ണയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല….” “നീയാ വീഡിയോ എനിക്ക് വാട്സാപ്പ് ചെയ്തേക്ക്. രാഹുൽ നിനക്കൊരു ശല്യമാവാതെ ഞാൻ നോക്കിക്കൊള്ളാം. നിന്നോടവന്റെ നമ്പർ ഞാൻ അയക്കാൻ പറഞ്ഞതല്ലേ.. എന്നിട്ട് നീയത് തന്നില്ലല്ലോ..”

“അവനോടു ഒരു വഴക്കിനു പോണ്ട ശ്രീയേട്ടാ.. ദേഷ്യം കയറി അവനത് എവിടെയെങ്കിലും അപ്‌ലോഡ് ചെയ്താലോ. ഇങ്ങനെ ഒരു വീഡിയോ ഉണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വർഷം അവൻ ഈ ഒരു വീഡിയോ സൂക്ഷിച്ചു വയ്ക്കണമെങ്കിൽ അവന്റെ മനസിലെന്തോ ലക്ഷ്യമുണ്ട്. തല്ക്കാലം ശ്രീയേട്ടൻ അവനോടു വഴക്കിനൊന്നും ചെല്ലരുത്. ഞാൻ നമ്പർ അയച്ചു തരാം. ഇന്നലെ തരാൻ എന്റെ കയ്യിൽ നമ്പർ ഉണ്ടായിരുന്നില്ല…” “ഉം ശരി… നീയാ വീഡിയോ ആദ്യം അയക്ക്… എന്നിട്ട് എന്ത് വേണോന്ന് നമുക്ക് തീരുമാനിക്കാം…” “ഇപ്പൊ അയക്കാം ഞാൻ..”

അപർണ്ണ ഫോൺ കട്ട്‌ ചെയ്ത ശേഷം രാഹുൽ അയച്ച വീഡിയോ ശ്രീജിത്തിന് ഫോർവേഡ് ചെയ്തു കൊടുത്തു. ശ്രീജിത്ത്‌ വീഡിയോ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്യാൻ തുടങ്ങി. മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു വന്ന ദൃശ്യങ്ങൾ കണ്ട് ശ്രീജിത്ത്‌ നടുങ്ങി. അടച്ചിട്ട ക്ലാസ്സ്‌ മുറിയിൽ നിലത്ത് വീണു കിടന്ന് പിടയുന്ന അപർണ്ണ. അവളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ. അപർണ്ണയുടെ മുഖമായിരുന്നു ക്യാമറയ്ക്ക് നേരെ. ഷാൾ കൊണ്ട് അവളുടെ വായും മുഖവുമുൾപ്പെടെ മറച്ചു കെട്ടിയിട്ടുണ്ട്. പ്രതിരോധിക്കാൻ ശ്രമിക്കുന്ന അപർണ്ണയെ അവൻ ബലമായി തറയിലേക്ക് അമർത്തി അവളുടെ ചുരിദാർ വലിച്ചൂരി. പോകപോകേയുള്ള ദൃശ്യങ്ങൾ കണ്ട് ശ്രീജിത്ത്‌ നടുത്തരിച്ചിരുന്നു.

വീഡിയോ കണ്ടു കഴിഞ്ഞ ശേഷം അവൻ വേഗം അപർണ്ണയെ വിളിച്ചു. ഫസ്റ്റ് റിങ്ങിൽ തന്നെ അപർണ്ണ കാൾ എടുത്തു. “ശ്രീയേട്ടാ…” “ഞാൻ ആ വീഡിയോ കണ്ടു. നീ വേഗം നിന്റെ ഫോണിൽ നിന്നത് ഡിലീറ്റ് ചെയ്തു കളഞ്ഞേക്ക്. രാഹുലിന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായാൽ അതും അപ്പൊ തന്നെ എന്നെ വിളിച്ചു നീ അറിയിക്കണം… നിന്റെ ഫോണിൽ നിന്ന് ആരെങ്കിലും ഈ വീഡിയോ കണ്ടാലും മോശമാ…നാണക്കേടാവാൻ ഈ ഒരൊറ്റ വീഡിയോ മതി. എല്ലാവരും മറന്ന കാര്യമല്ലേ ഇത്. വീണ്ടും ഇത് കുത്തിപ്പൊക്കി കൊണ്ട് വന്നതിന്റെ ഉദ്ദേശം എന്തായാലും നമുക്കറിയില്ല. എനിക്ക് തോന്നുന്നത് നീ വിവാഹത്തിന് സമ്മതിക്കാതിരുന്നാൽ ഇത് കാണിച്ചു ഭീഷണിപ്പെടുത്താനായിരിക്കും അവന്റെ മനസിലിരിപ്പ്.

ഞാൻ വരുന്നത് വരെ നീ തല്ക്കാലം ക്ഷമിക്ക്. ഞാൻ നാട്ടിൽ വന്നിട്ട് കാര്യങ്ങൾക്കൊരു തീർപ്പുണ്ടാക്കാം.” “പക്ഷെ ശ്രീയേട്ടാ വിവാഹം നടക്കില്ലെന്ന് കണ്ട് അവൻ ഇത് നെറ്റിൽ എങ്ങാനും അപ്‌ലോഡ് ചെയ്താലോ…??” അപർണ്ണ പേടിയോടെ ചോദിച്ചു. “ഏയ്‌ അവൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. നിന്നെ പേടിപ്പിക്ക മാത്രമാണ് അവന്റെ ഉദ്ദേശം. വീഡിയോ പുറത്തായാൽ അവനും കുടുംബത്തിനും കൂടിയല്ലേ നാണക്കേട്.” “എനിക്കെന്തോ ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല…” “നീ വെറുതെ ഓരോന്നോർത്തു ടെൻഷൻ ആവണ്ട. ഞാൻ ഉണ്ട് നിന്റൊപ്പം…” ശ്രീജിത്ത്‌ അവളെ സമാധാനപ്പിച്ചു. “ശ്രീയേട്ടനെ ഞാൻ പിന്നെ വിളിക്കാം… ”

“എന്നാ ശരി പോയി കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റ് കഴിക്ക്…” സംഭാഷണം അവസാനിപ്പിച്ചു ഫോൺ കട്ട്‌ ചെയ്ത ഉടനെ തന്നെ അപർണ്ണ വാട്സാപ്പിൽ കയറി രാഹുലിന്റെ നമ്പർ ബ്ലോക്ക്‌ ചെയ്ത ശേഷം വീഡിയോ ഗാലറിയിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞു. ************** ബാത്‌റൂമിൽ നിന്നും കുളിച്ചിറങ്ങുമ്പോഴാണ് അപർണ്ണ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്. അവൾ വന്നു നോക്കുമ്പോൾ അത് രാഹുലിന്റെ നമ്പറായിരുന്നു. ഒന്ന് മടിച്ച ശേഷം അവൾ ഫോൺ എടുത്തു. “ഹലോ…” “ഹലോ അപർണ്ണ… നീ ഫോൺ എടുക്കുമെന്ന് ഞാൻ വിചാരിച്ചില്ല. വിളിക്കണമെന്ന് വിചാരിച്ചതല്ല ഞാൻ. വാട്സാപ്പിൽ നീ എന്നെ ബ്ലോക്ക് ചെയ്‌തെന്ന് മനസിലായി അതുകൊണ്ടാ കാൾ ചെയ്തത്…”

രാഹുലിന്റെ ശാന്തമായ സ്വരം കേട്ടതും അവൾ അടിമുടി വിറച്ചു. “നിങ്ങൾക്ക് എന്താ വേണ്ടത് എന്റെ ശരീരമാണോ… എന്നെ ദ്രോഹിച്ചു മതിയായില്ലേ നിനക്ക്. എന്റെ പിന്നാലെ നടന്നു ശല്യം ചെയ്യരുത് പ്ലീസ്. എനിക്ക് കുറച്ചു മനസമാധാനം തന്നൂടെ. പഴയ വീഡിയോ കാണിച്ചു അപമാനിക്കാനാണോ ബ്ലാക്ക്മെയിൽ ചെയ്യാനാണോ നിങ്ങളുടെ ഉദ്ദേശം. എനിക്ക് മനസിലാവുന്നില്ല…” അപർണ്ണ അവനോടു പൊട്ടിത്തെറിച്ചു. “എനിക്ക് പറയാനുള്ളതൊന്ന് കേട്ടൂടെ നിനക്ക്… ” യാചനയോടെ അവൻ ചോദിച്ചു. “ഇനി മേലിൽ എന്നെ വിളിക്കരുത്. ഈ ശബ്ദം കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പാണ്.

എന്നെ ഇങ്ങനെ വേദനിപ്പിക്കരുത് രാഹുൽ. പ്ലീസ്. നീ മനസ്സിൽ ചിന്തിക്കുന്നതൊന്നും നടക്കാൻ പോണില്ല… അടിച്ചു ബോധം കെടുത്തി വേണ്ടാതീനം കാണിച്ചിട്ട് ഇപ്പൊ ഇനി എന്ത് പറയാനാ വിളിക്കുന്നത്. എനിക്ക് നിന്റെ കുമ്പസാരം ഒന്നും കേൾക്കണ്ട..” അവൾ വേഗം ഫോൺ കട്ട്‌ ചെയ്തു. അവനോടു അത്രയും പറഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരു വേള കോളേജിലെ മടുപ്പിക്കുന്ന രംഗങ്ങൾ മനസിലേക്ക് ഓടിയെത്തിയതും അവൾ വേഗം കിച്ചണിലേക്ക് നടന്നു. അമ്മയോടൊപ്പം പാചകത്തിൽ സഹായിക്കാനും മറ്റും അവളും കൂടി. മനസ്സിൽ മറ്റു ചിന്തകൾ വന്നു നിറയാതിരിക്കാനായി അവൾ ശ്രദ്ധിച്ചു.

വീട്ടിലെ പണികളിൽ അമ്മയെ സഹായിച്ചും അച്ഛന്റൊപ്പം വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങിയും രാത്രി കിടന്നാൽ ഉറങ്ങും വരെ ശ്രീജിത്തിനോട് സംസാരിച്ചും അപർണ്ണ ദിവസങ്ങൾ തള്ളിനീക്കി. വെറുതെ ഒറ്റയ്ക്കിരുന്ന് മനസ്സിൽ ടെൻഷൻ നിറയ്ക്കാൻ അവസരം നൽക്കാതെ അവൾ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ശ്രീജിത്തിന്റെ സാമീപ്യം അവൾക്ക് ആശ്വാസമേകി. ഒടുവിൽ കാത്തിരുന്നു കാത്തിരുന്നു അപർണ്ണയുടെയും രാഹുലിന്റെയും മോതിരം മാറൽ ദിവസം വന്നെത്തി. ഞായറാഴ്ചയാണ് ചടങ്ങ് നടത്താൻ എല്ലാവരും തീരുമാനിച്ചിരുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളുടെ സാമീപ്യത്തിൽ മോതിരം മാറൽ ചടങ്ങ് ഭംഗിയായി നടന്നു.

വിവാഹത്തീയതി അരവിന്ദൻ മാഷിനോട് തന്നെ നിശ്ചയിക്കാൻ സുധാകരൻ മാഷ് പറഞ്ഞു. നല്ലൊരു തീയതിയും മുഹൂർത്തവും നോക്കി അറിയിക്കാമെന്ന് അരവിന്ദൻ മാഷ് സമ്മതിച്ചു. ചടങ്ങ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോൾ മാഷ് അപർണ്ണയെ അടുത്തേക്ക് വിളിച്ചു. “മോളെ എത്രയും പെട്ടെന്ന് തന്നെ നിന്റെ വിവാഹം നടത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇന്ന് തീയതി ഏഴായി. ഈ മാസം പതിനഞ്ചാം തീയതിക്ക് മുന്നേ ശ്രീജിത്ത്‌ വന്നാൽ ഈ ആലോചന അച്ഛൻ മുന്നോട്ടു കൊണ്ട് പോവില്ല. മറിച്ചു അവൻ വന്നില്ലെങ്കിൽ അടുത്ത മാസം ഇരുപതാം തീയതി അതായത് ഡിസംബർ 20 നു നിന്റെ വിവാഹം രാഹുലുമായി നടക്കും.

പതിനഞ്ചു വരെ ഞാൻ അവനെ വെയിറ്റ് ചെയ്യും ശ്രീജിത്ത്‌ വന്നില്ലെങ്കിൽ അവരെ വിളിച്ചു ഞാൻ ഡേറ്റ് ഫിക്സ് ചെയ്യും അടുത്ത മാസം തന്നെ നിന്റെ വിവാഹം ഉറപ്പിക്കേം ചെയ്യും… മോൾക്ക് സമ്മതമല്ലേ…” “സമ്മതമാണ്. ശ്രീയേട്ടൻ ലീവ് ശരിയായാൽ അപ്പൊ തന്നെ കേറി വരും. ശ്രീയേട്ടന് സമയത്തു എത്താൻ പറ്റിയില്ലെങ്കിൽ ഞാൻ സുധാകരൻ മാഷിന്റെ മകനെ വിവാഹം ചെയ്തോളാം..” അച്ഛന് അവൾ വാക്ക് കൊടുത്തു. അരവിന്ദൻ മാഷ് പറഞ്ഞ കാര്യങ്ങളെല്ലാം അപർണ്ണ ശ്രീജിത്തിനെ വിളിച്ചറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശ്രീജിത്ത്‌ ആകെ ആശയകുഴപ്പത്തിലായി. “വളരെ കുറച്ചു ദിവസമല്ലേ അപ്പു നമുക്ക് മുന്നിലുള്ളൂ.

ഒരു മാസം സമയം അനുവദിക്കാൻ നിന്റെ അച്ഛനോട് പറയ്യ്. ടിക്കറ്റ് കിട്ടുന്ന കാര്യം സംശയമാണ്.” “അടുത്ത മാസം മുപ്പത്തിന് അച്ഛനൊരു ഓപ്പറേഷൻ ഉണ്ട്. ഫിഫ്റ്റി ഫിഫ്റ്റി ചാൻസാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് അച്ഛൻ ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത്. എങ്ങനെയെങ്കിലും ശ്രീയേട്ടൻ വന്നേ പറ്റു..” “അപ്പു എനിക്ക് കമ്പനി ലീവ് തന്നിരിക്കുന്നത് അടുത്ത മാസത്തേക്കാണ്. അച്ഛൻ നിന്റെ വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന ഡിസംബർ ഇരുപതിനാണ് എനിക്ക് നാട്ടിലെത്താൻ പറ്റുക..” അവന്റെ വാക്കുകൾ കേട്ട് അപർണ്ണ ഞെട്ടി. “ഇനിയിപ്പോ നമ്മളെന്തു ചെയ്യും ശ്രീ… അച്ഛന് കൊടുത്ത വാക്കിൽ നിന്നും എനിക്ക് പിന്മാറാൻ പറ്റില്ല. ശ്രീയേട്ടനെ വിശ്വസിച്ചല്ലേ ഞാൻ ഇതെല്ലാം ചെയ്തത്.. ”

“ഒരു വഴിയുണ്ട്. അച്ഛന്റെ ഇഷ്ടം പോലെ കാര്യങ്ങൾ നടക്കട്ടെ.. ഇരുപതാം തീയതി വെളുപ്പിന് ഞാൻ നാട്ടിലെത്തും. എത്തിയ ഉടനെ ഞാൻ മണ്ഡപത്തിലേക്ക് വന്നോളാം. രാഹുലൊരു ചതിയാനാണെന്ന കാര്യം നിന്റെ അച്ഛനെ ബോധ്യപ്പെടുത്തി കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായില്ലേ. പിന്നെ നിന്റെ അച്ഛൻ തന്നെ നിന്നെ എനിക്ക് നൽകും. അവനയച്ച ഈ വീഡിയോ വച്ചു തന്നെ അവനുമായുള്ള നിന്റെ വിവാഹം നിന്റെ അച്ഛനെ കൊണ്ട് ഞാൻ മുടക്കിപ്പിക്കും. അപ്പു നീ എന്റെ മാത്രം ആണ്… ശ്രീജിത്തിന്റെ സ്വന്തം…” “ശ്രീയേട്ടാ….” അപർണ്ണ വിതുമ്പി കരഞ്ഞു. അവനവളെ സമാധാനിപ്പിച്ചു. ************** ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി.

അരവിന്ദൻ മാഷ് പറഞ്ഞ ദിവസം ശ്രീജിത്ത്‌ എത്താത്തതിനെ തുടർന്ന് മാഷ് രാഹുലുമായുള്ള വിവാഹത്തിനുള്ള ഏർപ്പാടുകൾ തുടങ്ങി വച്ചു. അപർണ്ണ എല്ലാം സമ്മതിച്ചു കൊടുത്തു. വിവാഹ ദിവസം സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ അച്ഛനൊന്നും സംഭവിക്കരുതേയെന്ന് മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. നാളെയാണ് രാഹുലിന്റെയും അപർണ്ണയുടെയും വിവാഹം. രാത്രി അവൾക്ക് സമാധാനത്തോടെ ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. ശ്രീജിത്ത്‌ ദുബായിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. രാവിലെ വിവാഹമണ്ഡപത്തിൽ എന്ത് സംഭവിക്കുമെന്നറിയാതെ ഉള്ളുരുകി അപർണ്ണ രാത്രി കഴിച്ചു കൂട്ടി…..തുടരും

വിവാഹ മോചനം: ഭാഗം 2

Share this story