ഗോപികാ വസന്തം : ഭാഗം 14- അവസാനിച്ചു

ഗോപികാ വസന്തം : ഭാഗം 14- അവസാനിച്ചു

എഴുത്തുകാരി: മീര സരസ്വതി

കരഞ്ഞു തോർന്നപ്പോൾ ഒരാശ്വാസം വന്നു കാണണം എന്നോട് സോറിയൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്.. “ചില നേരത്ത് കുഞ്ഞുങ്ങളുടെ സ്വഭാവമാ..” എന്നും പറഞ്ഞ് ആ കവിൾ പിടിച്ചു വലിച്ചൂ പെണ്ണ്… “ഒരു നോവായി പോലും ഈ നെഞ്ചിൽ ദേവു ഇല്ലെന്ന് പറഞ്ഞിട്ട്…” കേറുവോടെയവൾ ചോദിച്ചു.. “ഒട്ടും കുശുമ്പില്ല.. അല്ലയോ..??” ചേർത്തണച്ചു പറഞ്ഞതും ഇളിച്ചു കാട്ടി നെഞ്ചോടു ചേർന്ന് കിടന്നൂ പെണ്ണ്.. “വസന്തേട്ടാ…” “മ്മ്….” “വസന്തേട്ടാ….” “കൊഞ്ചാതെ കാര്യം പറ പെണ്ണേ….” “നിക്കെയ്‌… നിക്ക് അമ്മയാകണം…” ആ നെഞ്ചിൽ മുഖം പൂഴ്ത്തി നാണത്തോടെ പറഞ്ഞതും ആള് പൊട്ടിച്ചിരിച്ചു.. “ആദ്യമെന്റെ കുട്ടീടെ കുട്ടിക്കളി മാറട്ടെ.. എന്നിട്ട് മതി നമുക്കൊരു കുട്ടി..”

മറുപടി കേട്ടതും പിണക്കത്തോടെ മറുവശം തിരിഞ്ഞു കിടന്നു ഗോപു.. “ആൾക്കാരുടെ ചോദ്യം കൊണ്ട് അമ്പലത്തിൽ പോലും പോകാൻ പറ്റണില്ലെന്നായി.. ആ നാണിത്തള്ള എപ്പോ കണ്ടാലും വിശേഷായില്ലേ വിശേഷായില്ലെന്നും ചോദിച്ചും വരും.. നിക്ക് മറുപടി പറഞ്ഞ് മടുത്ത്..” “ആഹാ.. അപ്പൊ അതാ കാര്യം.. അല്ലാതെ ന്റെ ഗൊപൂട്ടനു തോന്നിയിട്ടല്ല..” മറുപടിയൊന്നും ഇല്ലാതായപ്പോൾ പെണ്ണിനെ തനിക്ക് അഭിമുഖമായി തിരിച്ച് പിന്നെയും തുടർന്നു.. “നിനക്കിപ്പോ എത്ര്യാ വയസ്സ് ഗൊപൂ..?? ഇരുപത് തികഞ്ഞോ..?? ഇല്ലാലോ..?? ഇപ്പോ പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ടുന്ന പ്രായമാ.. നീയിപ്പോ പഠിക്കു ഗോപൂട്ടാ.. കുഞ്ഞൊക്കെ സമയമാകുമ്പോൾ ആയിക്കോളും.. ഞാനില്ലാതായാലും നിനക്ക് ജീവിക്കണ്ടേ.. എല്ലാ കാര്യത്തിനും എന്നെ ആശ്രയിക്കുന്നതാണോ നിനക്കും ഇഷ്ടമുള്ള കാര്യം..?

പിന്നെ ആൾക്കാരുടെ ചോദ്യങ്ങൾ.. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാൽ ഏതൊരു പെൺകുട്ടിയും നേരിടേണ്ടി വരുന്ന ചോദ്യമാ അത്… ഇനി ഒരു കുട്ടി ഉണ്ടെന്ന് വെച്ചോ കുഞ്ഞിന് ഒരു മൂന്ന് വയസ്സ് തികയാൻ കാത്തു നിൽക്കും.. കുഞ്ഞിന് ഒരു കൂട്ട് വേണ്ടേ.. അടുത്തതു നോക്കണില്ലേന്ന് ചോദിക്കാൻ.. അഭിപ്രായങ്ങൾ പലതും പലയിടത്തു നിന്നും വരും ഗോപൂ.. എന്നുവെച്ച് എപ്പൊഴും നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിയന്ത്രിക്കാൻ അവരെ അനുവദിക്കരുത് .. നിക്കും ആഗ്രഹമുണ്ട് ഒരു ജൂനിയർ വസന്തോ ജൂനിയർ ഗോപുവോ വേണമെന്ന്..ആദ്യം നിന്റെ ഡിഗ്രിയെങ്കിലും കമ്പ്ലീറ്റ് ആകട്ടെ.. എന്നിട്ട് നമുക്ക് ചിന്തിക്കാം.. പോരെ…” ചിരിയോടെ തലയാട്ടി ആളോട് ചേർന്ന് കിടന്നു..

🎶 നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനി എന്റെ സുന്ദരിയേ.. നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയേ…🎶 അവന്റെ പാട്ടിൽ ലയിച്ചെപ്പോഴോ ഉറക്കത്തിലേക്ക് വീണു.. 🌺🌺🌺🌺🌺🌺🌺 കോളേജിൽ പോകാൻ റെഡി ആയി ഗോപുവിനെയും കൂട്ടി ഇറങ്ങിയപ്പോഴാണ് മുറ്റത്ത് ശങ്കരച്ഛനോട് സംസാരിച്ചു നിൽക്കുന്ന ദേവുവിനെ കണ്ടത്.. ശങ്കരച്ഛന് തെങ്ങിന് തടയിടുന്ന തിരക്കിലാണ്.. വെയിറ്റ് ചെയ്യാൻ ഗോപുവിനോടാവശ്യപ്പെട്ട് പതിയെ അവരുടെ അടുത്തേക്ക് നടന്നു.. ഇന്നലെ ദേവുവിന് തിരിച്ച് ബാംഗ്ളൂരിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ഗോപു പറഞ്ഞിരുന്നു.. ശങ്കരച്ഛനോട് അതിനെ കുറിച്ച് സംസാരിച്ചു.. “ഞാനൊന്ന് മനുവിനോട് കാര്യങ്ങൾ സംസാരിക്കട്ടെ.. സുരക്ഷിതമായി താങ്ങാനുള്ളയിടം അവൻ റെഡി ആക്കിക്കോളും..”

“മോനെന്താണെന്ന് വെച്ചാൽ നോക്കി ചെയ്യ്… അവളത്ര ആഗ്രഹിച്ചു നേടിയതല്ലേ..” ആള് പിന്നെ തടയിടുന്നതിലേക്ക് ശ്രദ്ധ തിരിച്ചെതും ഗോപുവിനടുത്തേക്ക് ചുവടു വെച്ചു.. പിന്നിൽ നിന്നും ദേവു വിളിച്ചതും ഒന്ന് നിന്നു.. ” നിക്കറിയാം മാപ്പു പറയാൻ പോലും അർഹതിയില്ലെനിക്കെന്ന്.. ങ്കിലും എല്ലാറ്റിനും സോറി..” സാരമില്ലെന്നും പറഞ്ഞ് അവളെ നോക്കി വിടർന്നൊരു പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടന്നു.. “ഡി പെണ്ണേ.. കെട്ട്യോളെ ക്ലാസ്സിന്ന് പുറത്താക്കിയ സാറെന്ന് പിള്ളേരെ കൊണ്ട് വിളിപ്പിക്കരുത്…” കോളേജെത്തിയപ്പോൾ വണ്ടിയിൽ നിന്നിറങ്ങിയതും താക്കീതെന്നപോൽ പറഞ്ഞു.. ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ നില്പുണ്ട്.. ചിരിപൊട്ടിയെങ്കിലും ഗൗരവം വരുത്തി നിന്നു… “ന്റെ ക്ലാസിലിരുന്ന് സ്വപ്നം കാണൽ നിനക്കിച്ചിരി കൂടുതലാ..

ഇനിയും ബോധം കെട്ട്‌ ഇരിക്കാനാ ഭാവമെങ്കിൽ പിടിച്ച് വെളിയേ തള്ളുമെന്ന്..” കണ്ണുരുട്ടി പറഞ്ഞതും പുഛിച്ച്‌ ചിരിച്ച് കൊണ്ട് മുന്നോട്ട് നടന്നൂ പെണ്ണ്… പിന്നെയെന്റെ ക്ലാസ് കട്ട് ചെയ്താണ് വഴക്കു പറഞ്ഞതിന്റെ വാശിയവൾ തീർത്തത്.. എന്റെ കുറുമ്പിപെണ്ണ്… “ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നോട്ടെ.. നാട്ടീന്ന് വരുമ്പോ അമ്മയെ കൂടെ കൂട്ടിയിരുന്നു… തനിച്ച് ഞങ്ങൾക്ക് രണ്ടാൾക്കും ബോറടിച്ചു.. ഇവിടാകുമ്പോൾ അമ്മയ്ക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ആളായില്ലേ.. അവളെ സുരക്ഷിതയായി കോളേജിൽ കൊണ്ടുപോകുന്ന കാര്യവും തിരിച്ച് കൊണ്ടുവരുന്ന കാര്യവും ഞാനേറ്റു..” മനുവേ വിളിച്ചപ്പോൾ ദേവുവിനെ അവിടെ താമസിപ്പിക്കാമെന്ന് അവനേറ്റു.. അതോടെ ആ കാര്യത്തിലും തീരുമാനമായി.. വൈകാതെ തന്നെ അവളുടെ സ്വപനങ്ങൾ തേടിയവൾ യാത്ര തിരിച്ചു. 🌺🌺🌺🌺🌺🌺🌺🌺

” മാറിക്കിടക്ക് വസന്തേട്ടാ.. പകരും..” പനിച്ചൂടിൽ വിറങ്ങലിച്ച് കിടക്കുമ്പോൾ പുതപ്പിൻ കീഴിൽ ചേർന്ന് കിടന്നവനോട് അപേക്ഷിച്ചു.. “അങ്ങനെയൊന്നും പകരില്ല പെണ്ണേ.. നീയുറങ്ങാൻ നോക്ക്..” ആജ്ഞാ സ്വരത്തിൽ പറഞ്ഞതും ആ ശ്വാസഗതിയും ശ്രവിച്ചങ്ങനെ കിടന്നു.. സത്യത്തിൽ ഞാനുമാ ചേർന്ന് കിടപ്പ് ആഗ്രഹിച്ചതാ.. എന്റെ മനസ്സ് വായിച്ചെടുക്കാൻ ആൾക്ക് പ്രതേക കഴിവാണ്.. വസന്തേട്ടനെ കിട്ടാൻ ഞാനെന്ത്‌ പുണ്ണ്യമാണാവോ ചെയ്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. എന്റെ ആഗ്രഹം പോലെ ഡിഗ്രിയും പിജിയും ചെയ്തു. പിജി ലാസ്റ്റ്‌ ഇയർ എക്സാം അടുത്തപ്പോഴാണ് കുട്ടപ്പായിയുടെ വരവറിയിച്ചത്..പിന്നെയൊരു വർഷം എന്റെ തക്കുടു കുട്ടപ്പായിക്കായി ഒരു കുഞ്ഞു ബ്രേക്കെടുത്തു..

അതുകഴിഞ്ഞ് പിന്നെ ബി.എഡും ചെയ്ത് ആഗ്രഹിച്ചത് പൊലെ പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായി കയറാനും പറ്റി.. തികച്ചും സമാധാന പരമായി സന്തോഷത്തോടെ തന്നെ വസന്തേട്ടന്റെ പാതിയായി കുട്ടപ്പായിയുടെ അമ്മയായി എന്റെ പിള്ളേരുടെ നല്ലൊരു ടീച്ചറായി ജീവിക്കുന്നു. “കുട്ടപ്പായി എന്തിയെ വസന്തേട്ടാ.. ??അച്ഛയില്ലാതെ ഉറങ്ങാത്തയാളാണല്ലോ..” “വൈഷു കഥയൊക്കെ പറഞ്ഞു കൊടുത്ത് സോപ്പിട്ട്‌ കൂടെ കിടത്തിയിട്ടുണ്ട്…” “നാളെ വീട്ടിൽ പോകാമെന്ന് വിചാരിച്ചതാ വസന്തേട്ടാ.. ദേവൂം മനുവും വന്നിട്ട് ഒന്ന് കാണാൻ പോലും പറ്റിയോ.. അവൾക്ക് വയറൊക്കെയുണ്ടോ വസന്തേട്ടാ…??” “നിക്കറിയില്ല.. ഞാൻ വയറൊന്നും നോക്കിയില്ല.. പനി മാറിയിട്ട് പോകാലോ.. അവളെന്തായാലും ഡെലിവറി കഴിഞ്ഞല്ലെ പോകൂ..

” അത്ര താല്പര്യമില്ലാതെ പറയുന്നത് കേട്ടതും ചിരിച്ചു പോയി.. “ന്നിട്ടാണോ അവളു വന്നതറിഞ്ഞയുടനെ കാണാൻ പോയത്…?” “ന്റെ പൊന്നോ.. എത്ര കാലം കഴിഞ്ഞാലും കുശുമ്പിനൊരു കുറവും വരാൻ പോണില്ലാല്ലേ.. ഞാനെയ് ന്റെ മനുവിനെ കാണാൻ പോയതാ..” ആളും ചിരിയോടെ പറഞ്ഞു.. അന്ന് ദേവുവിന്റെ ആ യാത്ര ഒടുക്കം ചെന്നെത്തിയത് മനുവിന്റെ ജീവിതത്തിലേക്ക് കൂടിയായിരുന്നു… പ്രണവ് ആദ്യമാദ്യം അവളുടെ പിന്നാലെ നടന്നു ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. അപ്പോഴൊക്കെയും രക്ഷകനായി മനു കൂടെയുണ്ടാകും.. ഒടുക്കം സഹികെട്ട് ദേവു തന്നെ പ്രണവിന്റെ അച്ഛനെ അറിയിച്ചു. കൗൺസിലിങിനൊക്കെ വീട്ടുകാർ നിർബന്ധിച്ചയച്ചു..

ആളൊന്ന് ശെരിയായതും തിരികെ പ്രണവിലേക്ക് തന്നെ മടങ്ങാൻ പ്രണവും അച്ഛനുമമ്മയും നിർബന്ധിച്ചു.. ഇനിയൊരു പരീക്ഷണത്തിനില്ലെന്ന് പറഞ്ഞ് ദേവു പഠനത്തിൽ മാത്രമായി ശ്രദ്ധ തിരിച്ചു.. മനു ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം ദേവു ആ ഇഷ്ടം നിരസിച്ചു.. പിന്നീടെപ്പോഴോ മനുവിന്റെ പ്രണയത്തിനു മുന്നിൽ അവൾ മുട്ടുമടക്കി.. അവൾക്കിത് ഏഴാം മാസമാണ്.. ഒത്തിരി നാളായി കണ്ടിട്ട്.. പനി മാറിയയുടനെ പോയി കാണണം.. 🌺🌺🌺🌺🌺🌺🌺🌺 “മൊത്തം നീരാണ്.. പെണ്ണാണെന്ന് തോന്നണു…” സീതമ്മ ദേവൂന്റെ മൂടിയിൽ തലോടി സ്നേഹത്തോടെ പറയുന്നുണ്ട്.. “കുഞ്ഞേതായാലും ആരോഗ്യമുള്ള കുഞ്ഞായാൽ മതി..” ഭാസ്കരച്ഛനാണെ.. എല്ലാവരുടേം സ്നേഹപ്രകടനം കണ്ട് കൗതുകത്തോടെ ഇരിപ്പാണ് മനു..

കൂടെ വസന്തേട്ടനുമുണ്ട്.. വൈഷുവിനോടൊപ്പം ബോൾ ചവിട്ടി കളിപ്പാണ് കുട്ടപ്പായി.. കളിച്ച് തളർന്നതും ബോളുമായി കയറി വന്നു കുട്ടൂസ്.. “നിച്ചും ദേവുമ്മയെ പോലെ വാവിന്ദല്ലൊ ..” ബനിയനകത്ത് ബോൾ തുരുകി വെച്ച് കുട്ടപ്പായി പറഞ്ഞതും എല്ലാവരും ആർത്തു ചിരിച്ചു.. 🌺🌺🌺🌺🌺🌺🌺🌺🌺 “മാരിക്കെ.. ന്റച്ഛയാ..” ആഹാ വന്നല്ലോ കട്ടുറുമ്പ്.. “ആര് പറഞ്ഞു.. ഇതെന്റെ ഏട്ടനാ…” പിന്നെ കുട്ടപ്പായിയുടെ വക ഒരു കൈ പ്രയോഗം തന്നെ അരങ്ങേറി.. സഹികെട്ട് പടവിൽ നിന്നും എഴുന്നേറ്റ്‌ മാറിയിരുന്നതും അച്ഛയുടെ മടിയിൽ കയറിയിരുന്നൂ കക്ഷി.. നിമിഷങ്ങൾ കഴിഞ്ഞ് പതിയെ അരികിൽ ചെന്ന് ഇരുന്നതും ന്റച്ഛയാന്നും പറഞ്ഞ് കരഞ്ഞു തുടങ്ങി തക്കുടു.. ഒരു രക്ഷയുമില്ല..

വൈഷു ഞങ്ങളുടെ രണ്ടാളുടെയും വഴക്ക് കണ്ടു ചിരിച്ചു മറിയുന്നുണ്ട്.. “നേരാ വണ്ണം പ്രേമിക്കാൻ സമ്മതിക്കില്ല കുരുട്ട്… കുറച്ചൂടെ കഴിഞ്ഞ് കൊണ്ട് വന്നൂടായിരുന്നോടി…” “ഇനിയെങ്കിലും ന്നെയൊന്ന് കെട്ടിച്ചു വിടാൻ ചേട്ടായിയോട് പറയെന്റെ ഏടത്തീ..” അടുത്തായി വന്നിരുന്ന് കേറുവോടെ വൈഷു പറഞ്ഞതും പൊട്ടിച്ചിരിച്ചു വസന്തേട്ടൻ.. “ആദ്യം നീയൊന്ന് മര്യാദയ്ക്ക് പഠിച്ച് പാസാവാൻ നോക്ക്.. ന്നിട്ട് ആലോചിക്കാം…” “ഉവ്വ്.. അപ്പോഴേക്കും മൂക്കിൽ പല്ലു വരും..” ഞാനാണേ.. ചേട്ടായിയുടെ സ്വപ്നമാണീ ഇരിക്കണത്.. പക്ഷെ പറഞ്ഞിട്ടെന്താ.. ആൾക്കീ വക പഠനത്തോടൊന്നും താല്പര്യമേയില്ലാ.. “പാവല്ലേ അമ്മാ.. നമ്മക്ക് അമ്മയെ കൂടെ കൂട്ടിയാലോ..??” ഒന്നാലോചിച്ചു കുട്ടപ്പായി സമ്മതം മൂളിയതും വസന്തേട്ടന് അരികിലെക്ക്‌ മാറിയിരുന്നു.. മറുവശത്തായി വൈഷുവും ചെന്നിരുന്നു.. കളി ചിരിയുമായി സന്ധ്യ മയങ്ങും വരെയും ആ കുളപ്പടവിലിരുന്നു…. അവരുടെ കളിചിരികൾ എന്നുമാ കുളപ്പടവിൽ മുഴങ്ങി കേൾക്കട്ടെ.. (അവസാനിച്ചു..🌺)

ശെരിയായൊന്ന് അറിയില്ല.. ഇനിയും നീട്ടി വലിച്ചാൽ ചിലപ്പോൾ മൊത്തത്തിൽ കുളമാക്കി കൈയ്യിൽ തരുമെന്ന് ഉറപ്പുള്ളതിനാൽ നിർത്തുന്നു.. എന്റെ ഗോപികയെയും അവളുടെ വസന്തേട്ടനെയും സ്വീകരിച്ച ഓരോരുത്തർക്കും സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ.. നിങ്ങളുടെ സപ്പോർട്ട് ഒന്നുമാത്രമാണ് എഴുതാനുള്ള ഊർജ്ജം.. പതിവുപോലെ എനിക്കായി രണ്ടു വാക്കു കുറിക്കാൻ മറക്കല്ലേ.. ഗോപികാ വസന്തം ഇവിടെ ഫുൾസ്റ്റോപ്പിടുവാണേ.. ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ മീര സരസ്വതി..🌺❤🌺❤🌺🥰🌺🥰🌺

ഗോപികാ വസന്തം : ഭാഗം 13

Share this story